ഒരുദിവസം
ഏറ്റവും ദരിദ്രരായ ജനങ്ങളാല്‍
എന്‍െറ രാജ്യത്തിലെ അരാഷ്ട്രീയ ബുദ്ധിജീവികള്‍
ചോദ്യം ചെയ്യപ്പെടും.
ഏകാന്തവും ചെറുതുമായ ഒരു ജ്വാലപോലെ
രാജ്യം ക്രമേണ മരിച്ചുകൊണ്ടിരുന്നപ്പോള്‍
എന്തുചെയ്തു എന്നവര്‍ ചോദ്യം ചെയ്യപ്പെടും
......
.....
അന്ന്
ദരിദ്രരായ മനുഷ്യര്‍ വരും
ഈ അരാഷ്ട്രീയ ബുദ്ധിജീവികളുടെ
കവിതകളിലും കഥകളിലും
ഒരിക്കലും ഇടംകിട്ടിയിട്ടില്ലാത്തവര്‍
എന്നാല്‍, ദിവസവും അവര്‍ക്ക്
അപ്പവും പാലും കൊടുത്തവര്‍
അവരുടെ വസ്ത്രങ്ങളലക്കിക്കൊടുത്തവര്‍
അവരുടെ കാറോടിച്ചവര്‍
അവരുടെ പട്ടികളെ വളര്‍ത്തിയവര്‍
അവരുടെ ഉദ്യാനങ്ങള്‍ കാത്തുസൂക്ഷിച്ചവര്‍
അവര്‍ വരും
വന്നുചോദിക്കും
യാതനകളില്‍ ദരിദ്രന്‍െറ ജീവിതവും സ്വപ്നവും
കത്തിയെരിയുകയായിരുന്നപ്പോള്‍
എന്തു ചെയ്യുകയായിരുന്നു നിങ്ങള്‍?
(കെ.ജി.എസ് മൊഴിമാറ്റം നടത്തിയ
ഓട്ടോ റെനേ കാസ്റ്റിലോയുടെ ഒരു കവിത)
രാജ്യംമരിച്ചുകൊണ്ടിരിക്കുകയാണെന്ന് പറഞ്ഞാല്‍ പൂര്‍ണമായ അര്‍ഥത്തില്‍ ശരിയല്ല. രാജ്യത്തെ കൊന്നുകൊണ്ടിരിക്കുകയാണ്. ഇത് കണ്ടിട്ടും മിണ്ടാതനങ്ങാതിരിക്കുന്നു സകലരും. ‘അസഹിഷ്ണുതയുടെ വിദ്വേഷപ്രകടനങ്ങള്‍ വര്‍ധിക്കുകയാണ്. ഇത് ജനാധിപത്യത്തിനെതിരാണ്’. ‘കുറച്ചുദിവസങ്ങള്‍ക്കുമുമ്പ് ഇങ്ങനെ പറഞ്ഞത് ന്യൂനപക്ഷ പ്രീണനത്തിനുവേണ്ടി സംസാരിക്കുന്ന ഒരാളല്ല. സാക്ഷാല്‍ എല്‍.കെ. അദ്വാനിയാണ്. ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ്. സുധീന്ദ്ര കുല്‍കര്‍ണിക്കുനേരെ ശിവസേന കരിമഷിപ്രയോഗം നടത്തിയപ്പോഴായിരുന്നു അത്.
ഏത് പുസ്തകം പ്രകാശിപ്പിക്കണം, ആര് പാടണം, ഏത് സിനിമ കാണണം എന്നൊക്കെ തീരുമാനിക്കുന്നത് ശിവസേന. ദിവസേന ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കുന്നവര്‍ ശിവസേനയെ കാണുന്നില്ല. ഇന്ത്യ-പാക് ക്രിക്കറ്റ് കളി പാടില്ളെന്ന് ശിവസേന. ശ്രീഗനറില്‍ ബീഫ് പാര്‍ട്ടി നടത്തിയതിന്‍െറ പേരില്‍ ജമ്മു-കശ്മീര്‍ നിയമസഭയില്‍ ബി.ജെ.പിക്കാര്‍ മര്‍ദിച്ച സ്വതന്ത്ര എം.എല്‍.എ ശൈഖ് അബ്ദുല്‍ റാഷിദിന് ഇന്ദ്രപ്രസ്ഥത്തിലും കരിമഷി പ്രയോഗം. ജനാധിപത്യത്തിന്‍െറ മുഖത്ത് കരിമഷിപ്രയോഗം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. അസഹിഷ്ണുതയുടെ സര്‍പ്പങ്ങള്‍ പത്തിവിടര്‍ത്തുന്നു. മഹാത്മാഗാന്ധിയെ വധിച്ച ഹിന്ദുത്വ തീവ്രവാദി നാഥുറാം ഗോദ്സെയെ തൂക്കിലേറ്റിയദിനം ഹിന്ദുമഹാസഭ ബലിദാന്‍ ദിവസ് ആയി ആചരിക്കുന്നു. ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ ഗോമാംസം കഴിച്ചെന്നാരോപിച്ച് മുഹമ്മദ് അഖ്ലാഖിനെ അടിച്ചുകൊല്ലുന്നു. രാജ്യം കാക്കുന്ന ഒരു സൈനികന്‍െറ പിതാവാണ് മുഹമ്മദ് അഖ്ലാഖ്. 10 ദിവസം കഴിഞ്ഞാണ് സെല്‍ഫി എടുത്തുനടക്കുകയും ട്വിറ്ററില്‍ അപ്പപ്പോള്‍ പ്രതികരിക്കുകയും ചെയ്യുന്ന പ്രധാനമന്ത്രി വാ തുറക്കുന്നത്. 90 വയസ്സുള്ള ഒരു ദലിതനെ ക്ഷേത്രത്തില്‍ കയറിയ കുറ്റത്തിന് ജീവനോടെ തീയിടുന്നു.
അന്ധവിശ്വാസത്തിനെതിരെ പ്രതികരിച്ചതിന് കര്‍ണാടകയിലെ എഴുത്തുകാരന്‍ കല്‍ബുര്‍ഗിയെ വെടിവെച്ചുകൊല്ലുന്നു. അതിനുമുമ്പ് പന്‍സാരെ പ്രഭാതസവാരിക്കിടെ കൊല്ലപ്പെട്ടു. ഗുലാം അലി പാടരുത്. ബഷീര്‍ രാമായണത്തെക്കുറിച്ചെഴുതരുത്. സൂക്ഷിച്ചുനോക്കൂ, അദൃശ്യമായ, അപ്രഖ്യാപിതമായ ഒരടിയന്തരാവസ്ഥ ഇവിടെ നിലനില്‍ക്കുകയാണ്. വിദേശരാജ്യങ്ങളില്‍ ഇന്ത്യയുടെ പ്രതിച്ഛായ തകര്‍ന്നുകൊണ്ടേയിരിക്കുകയാണ്.
കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം നേടിയ വ്യക്തിയായിട്ടും കല്‍ബുര്‍ഗിയുടെ വധത്തില്‍ അക്കാദമി മൗനം പാലിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് സച്ചിദാനന്ദന്‍ അക്കാദമിയുമായുള്ള എല്ലാ ബന്ധവും വിച്ഛേദിക്കുന്നത്; കേരളത്തില്‍നിന്നുള്ള കേന്ദ്രസാഹിത്യ അക്കാദമി അംഗങ്ങളില്‍ മൂന്നില്‍ രണ്ടുപേരും രാജിവെക്കുന്നത്. സാറാജോസഫടക്കം അക്കാദമി പുരസ്കാരങ്ങള്‍ തിരിച്ചുനല്‍കുന്നത്. ഇതിന് വന്‍ പ്രതികരണമുണ്ടായി. പഞ്ചാബില്‍നിന്നും കര്‍ണാടകയില്‍നിന്നും ഗോവയില്‍നിന്നും എഴുത്തുകാര്‍ പ്രതികരിച്ചു. ടി. പത്മനാഭനും എം.ടിയും ആനന്ദും സക്കറിയയും ഈ പ്രതിഷേധത്തോടൊപ്പം നിന്നു. പട്ടും വളയും സ്വപ്നംകാണുന്ന രണ്ടോമൂന്നോ എഴുത്തുകാര്‍ മാത്രമേ എസ്റ്റാബ്ളിഷ്മെന്‍റിന്‍െറ കൂടെനിന്നുള്ളൂ. വാഴുന്നവരാരായാലും അവരുടെ കൈകളില്‍ വളകളണിയിക്കാന്‍ കാത്തുനില്‍ക്കുന്നവര്‍ അവര്‍. ഇതുവരെയായി 42 ഇന്ത്യന്‍ എഴുത്തുകാര്‍ അവര്‍ക്കുലഭിച്ച പുരസ്കാരങ്ങള്‍ തിരിച്ചുനല്‍കി. ഏറ്റവും ഒടുവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയില്‍നിന്ന് സാഹിത്യകാരനായ കാശിനാഥ് സിങ്ങാണ് പുരസ്കാരം തിരിച്ചുനല്‍കിയത്.
കാര്യങ്ങള്‍ ഇന്ത്യയില്‍ ഇതിന് മുമ്പൊരിക്കലും ഇതിനെക്കാള്‍ വഷളായിട്ടില്ല. ഇന്ത്യയില്‍ ജീവിക്കാന്‍ മുസ്ലിംകള്‍ ബീഫ് ഉപേക്ഷിക്കണമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍. ‘മുസ്ലിംകള്‍ക്ക് ഇന്ത്യയില്‍ കഴിയാം. പക്ഷേ, മാട്ടിറച്ചി തിന്നുന്നത് നിര്‍ത്തണം ’-ഖട്ടര്‍ പറഞ്ഞതിങ്ങനെ. ഇന്ത്യയില്‍ ബ്രാഹ്മണര്‍ ഗോമാംസം ഭക്ഷിച്ചിരുന്നുവെന്ന് ചരിത്രകാരനായ എം.ജി.എസ്. അവരും ഇന്ത്യയില്‍ കഴിയേണ്ട എന്നാണോ? ഇതേ ബി.ജെ.പി മുഖ്യമന്ത്രി ഭരിക്കുന്ന ഹരിയാനയിലാണ് രണ്ടു പിഞ്ചുകുട്ടികളടക്കം ഒരു ദലിത് കുടുംബത്തെ തീവെച്ചുകൊല്ലുന്നത്.
ഫാഷിസം നമ്മുടെ അടുക്കളയില്‍വരെ എത്തിനില്‍ക്കുമ്പോള്‍ എന്തുകൊണ്ടാണ് എഴുത്തുകാരൊഴികെ മറ്റുള്ളവരെല്ലാം നിശ്ശബ്ദരാകുന്നത്? ചാനലുകളില്‍ ഉണ്ടും ഉറങ്ങിയും കഴിച്ചുകൂട്ടിയ സ്ഥിരം ചാനല്‍ക്കിളികളെ കാണാനേയില്ല. മതസംഘടനകള്‍ അവരുടെ സ്ഥിരം കളികളില്‍ മുഴുകിയിരിക്കുന്നു. രാഷ്ട്രീയക്കാര്‍ അടുത്തുവരുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന്‍െറ തിരക്കിലാണ്. രാജ്യവും ജനാധിപത്യവും മതേതരത്വവും ഐ.സി.യുവിലായാലെന്ത്? പാലവും റോഡും വികസനവും വരട്ടെ (ആര്‍ക്കുവേണ്ടി?). ഒൗട്ട്ലുക് എഴുതിയതുപോലെ വെളിച്ചം മരിക്കുന്നതിനെതിരെ അമര്‍ഷവുമായി ഇന്ത്യന്‍ എഴുത്തുകാര്‍ അണിനിരക്കുന്നുണ്ട് എന്നുള്ളതാണ് ഏക ആശ്വാസം.
നാം, മനുഷ്യര്‍
നാമാണ് കഴുകന്മാരുടെ ഇരകള്‍
കഴുകന്മാര്‍ പങ്കിടേണ്ട കന്നുകാലികള്‍
പുല്‍മേടുകളിലിട്ട്
മലങ്കാക്കകള്‍ കൊത്തിപ്പറിക്കേണ്ടവര്‍
-ഒരു ആഫ്രിക്കന്‍ നാടോടിക്കവിത
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Oct 2015 7:47 AM GMT Updated On
date_range 2015-10-23T13:17:37+05:30രാജ്യം മരിച്ചുകൊണ്ടിരുന്നപ്പോള്‍ നിങ്ങള്‍ എന്തു ചെയ്യുകയായിരുന്നു?
text_fieldsNext Story