Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഉപഭോക്തൃ...

ഉപഭോക്തൃ സംരക്ഷണത്തിന് പുതിയ നിയമം

text_fields
bookmark_border
ഉപഭോക്തൃ സംരക്ഷണത്തിന് പുതിയ നിയമം
cancel

ഇന്ത്യയിലെ ഉപഭോക്താക്കളുടെ  ‘മാഗ്നാ കാര്‍ട്ട’ എന്നു വിശേഷിപ്പിക്കാവുന്ന 1986ലെ ഉപഭോക്തൃ സംരക്ഷണനിയമം റദ്ദാക്കിക്കൊണ്ട് പുതിയ നിയമം കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചിരിക്കുന്നു. ഉപഭോക്തൃ സംരക്ഷണത്തിനായി ഏര്‍പ്പെടുത്തിയ വിവിധ ഏജന്‍സികളുടെ അലകുംപിടിയും മാറ്റിക്കൊണ്ടുള്ള സമഗ്ര നിയമപരിഷ്കരണമാണ് കേന്ദ്ര ഉപഭോക്തൃകാര്യമന്ത്രി രാം വിലാസ് പാസ്വാന്‍ ആഗസ്റ്റ് 10ന് ലോക്സഭയില്‍ അവതരിപ്പിച്ച ബില്‍ ലക്ഷ്യമിടുന്നത്. ബില്ലിലെ വ്യവസ്ഥകളെക്കുറിച്ച് പരാമര്‍ശിക്കുന്നതിനു മുമ്പ് 1986ലെ ഉപഭോക്തൃ സംരക്ഷണനിയമത്തെക്കുറിച്ച് ചെറുതായൊന്ന് വിശദീകരിക്കാം.
ഉപഭോക്തൃസംരക്ഷണം ഇന്ത്യയില്‍
ഉപഭോക്തൃസംരക്ഷണം ബി.സി 3200ന് മുമ്പുതന്നെ നാഗരികതയുടെ ഭാഗമായിരുന്നു ഇന്ത്യയില്‍. പൂഴ്ത്തിവെപ്പും കരിഞ്ചന്തയും അനുചിത വ്യാപാരതന്ത്രങ്ങളും കൗടില്യന്‍െറ കാലം മുതല്‍തന്നെ നിയമവിരുദ്ധമായിരുന്നു. അതിന്് കഠിനശിക്ഷയും നല്‍കിയിരുന്നു.
ബ്രിട്ടീഷ് ഭരണത്തോടെ പഴയ നിയമവ്യവസ്ഥകള്‍ മാറി. ഐകരൂപ്യവും ആധുനികവുമായ ബ്രിട്ടീഷ് നിയമവ്യവസ്ഥ ഇന്ത്യയില്‍ കൊണ്ടുവന്നു. 1872ലെ ‘കരാര്‍ നിയമം’, 1930ലെ ‘Sale of Goods Act’, 1860ലെ ‘ഇന്ത്യന്‍ ശിക്ഷാനിയമം’, 1940ലെ ‘ഡ്രഗ്സ് ആന്‍ഡ്് കോസ്മെറ്റിക്സ് ആക്ട്’ എന്നിവയെല്ലാം ഇന്ത്യയിലെ ഉപഭോക്തൃ സംരക്ഷണത്തിന് അടിസ്ഥാനമിട്ട സുപ്രധാന നിയമങ്ങള്‍ ആയിരുന്നു. ഇതില്‍ ‘Sale of Goods Act’, പിന്നീടുണ്ടായ ഉപഭോക്തൃസംരക്ഷണ നിയമങ്ങളുടെ സുപ്രധാന ഉറവിടമായിരുന്നു. 1986ലെ ഉപഭോക്തൃസംരക്ഷണ നിയമം പാസാക്കുന്നതുവരെ ഉപഭോക്താക്കളുടെ അവകാശ പ്രമാണമായിരുന്നു ഈ നിയമം. 1955ലെ ‘അവശ്യ സാധന നിയമം’, 1954ലെ ‘ഭക്ഷ്യവസ്തുക്കളില്‍ മായംചേര്‍ക്കല്‍ നിരോധ നിയമം’, 1976ലെ ‘അളവുതൂക്ക നിയമം’ എന്നീ സ്വാതന്ത്ര്യാനന്തരനിയമ നിര്‍മാണങ്ങളെല്ലാം ഉപഭോക്താക്കളുടെ അവകാശസംരക്ഷണമാണ് ലക്ഷ്യമിട്ടത്.
‘കരാര്‍ നിയമ’വും ‘ക്രിമിനല്‍ നിയമ’വും കൂടാതെ  ‘ടോര്‍ട്ട് നിയമം’ അനുസരിച്ചുള്ള അവകാശങ്ങളും ഉപഭോക്താക്കള്‍ക്ക് അന്നും ഇന്ത്യയിലുണ്ടായിരുന്നു. എന്നാല്‍, ഉല്‍പാദകന്‍െറയും വ്യാപാരിയുടെയും അശ്രദ്ധ ഉപഭോക്താവ് തെളിയിക്കണമെന്ന പരമ്പരാഗതമായ നിയമതത്ത്വം വലിയ തെളിവു ബാധ്യതയാണ് പരാതിക്കാരനായ ഉപഭോക്താവില്‍ ചുമത്തിയത്. അതുകൊണ്ടുതന്നെ ഈ മേഖലയില്‍ പരാതികളും അധികം ഉണ്ടായില്ല. 1914 മുതല്‍ 1965 വരെയുള്ള അരനൂറ്റാണ്ടുകാലം 613 ടോര്‍ട്ട് കേസുകള്‍ മാത്രമേ ഇന്ത്യയിലെ അപ്പീല്‍ കോടതികളുടെ തീര്‍പ്പിനായി എത്തിയുള്ളൂ! യാഥാസ്ഥിതികമായ ഈ നിയമപരികല്‍പനകളാണ്, ലളിതവും ചെലവു കുറഞ്ഞതും സത്വരവുമായ നീതി ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കേണ്ടതിന്‍െറ ആവശ്യകത ഭരണാധികാരികളെ ബോധ്യപ്പെടുത്തിയത്.

പാവപ്പെട്ടവന്‍െറ നിയമം


ചെലവില്ലാതെ ഉപഭോക്താവിനു നീതി ലഭിക്കുന്നു എന്നതുകൊണ്ടുതന്നെയാണ് ‘ഉപഭോക്തൃസംരക്ഷണ നിയമം’ ജനപ്രിയമായത്. രാജ്യത്ത് രൂപംകൊണ്ട ഉപഭോക്തൃ പ്രസ്ഥാനങ്ങള്‍ ഈ ആക്ടിനെ പാവപ്പെട്ടവന്‍െറ നിയമമാക്കി. കള്ളപ്പണവും ചെറുനാഴിയും, കള്ളത്തരങ്ങളൊന്നുമില്ലാത്ത ഒരു മാവേലിനാടിനെ ജനങ്ങള്‍ സ്വപ്നംകണ്ടു. നിയമത്തിലുള്ള ഉപഭോക്താക്കളുടെ ഈ വിശ്വാസമാണ് പരാതികളുടെ മലവെള്ളപ്പാച്ചില്‍തന്നെ ഉപഭോക്തൃഫോറങ്ങളില്‍ അക്കാലത്തുണ്ടായതിന് കാരണമായത്.
ടോര്‍ട്ട് നിയമവ്യവസ്ഥയുടെയും കരാര്‍ നിയമത്തിന്‍െറയും സമന്വയം ഇന്ത്യയുടെ ഉപഭോക്തൃ സംരക്ഷണനിയമത്തില്‍ നമുക്ക് കാണാന്‍ കഴിയും. സര്‍ക്കാര്‍ സ്ഥാപനമെന്നോ സ്വകാര്യ സ്ഥാപനമെന്നോ വ്യത്യാസമില്ലാതെ സേവനത്തിലെ ന്യൂനതക്ക് നഷ്ടപരിഹാരത്തിനായി ഫോറത്തെ സമീപിക്കാന്‍ കഴിയുന്ന അവസ്ഥ ‘ഉപഭോക്തൃ നീതി’ എന്ന ആശയം രാജ്യത്ത് ശക്തിപ്പെടുന്നതിനു കാരണമായി. ഉപഭോക്തൃ ഫോറത്തിനു നല്‍കുന്ന കത്ത് പരാതിയായി സ്വീകരിച്ച് നടപടിയെടുക്കുന്ന അവസ്ഥ രാജ്യത്തുണ്ടായി. അഭിഭാഷകന്‍െറ സഹായമില്ലാതെ, നിയമത്തിന്‍െറ സന്തതസഹചാരിയായ സാങ്കേതിക സ്വഭാവത്തിന്‍െറ നൂലാമാലകള്‍ ഇല്ലാതെ, പരാതിക്കാരനുതന്നെ കേസ് നടത്താം എന്ന നിലയില്‍  സാധാരണക്കാരുടെ ആശ്രയമായി മാറാന്‍ രാജ്യത്തെ ഫോറങ്ങള്‍ക്കു കഴിഞ്ഞു. ‘ഉപഭോക്തൃസംരക്ഷണ നിയമം’ കൊളുത്തിവിട്ട നിയമ വിപ്ളവം രാജ്യത്ത്, ഉപഭോക്തൃ സംസ്കാരത്തിന്‍െറ പുതിയ യുഗത്തിനുതന്നെ നാന്ദികുറിച്ചു.
ഉപഭോക്തൃ സാക്ഷരതക്കും ഉപഭോക്തൃ നിയമത്തിന്‍െറ നടപ്പാക്കലിനും കേന്ദ്ര സര്‍ക്കാര്‍ മുന്‍ഗണന നല്‍കി കര്‍മപദ്ധതിക്ക് രൂപംനല്‍കാന്‍ 2003ലെ ആസൂത്രണ കമീഷന്‍ നിര്‍ദേശിച്ചു. ജനവിശ്വാസം ആര്‍ജിച്ച ഉപഭോക്തൃ വേദികളിലേക്ക് പതിനായിരക്കണക്കിന് ഉപഭോക്തൃപരാതികള്‍ ഒഴുകിയത്തെി. 2004 ജൂണില്‍ മാത്രം 3,59,469 കേസുകളാണ് രാജ്യത്തെ വിവിധ ഫോറങ്ങളിലായി പരിഗണനയിലിരുന്നത്. നിലവില്‍ 3,72,378 കേസുകള്‍ തീര്‍പ്പിനായി  കാത്തുകിടക്കുന്ന ദുരവസ്ഥ പുതിയ സംവിധാനങ്ങളെക്കുറിച്ച് ആലോചിക്കുന്നതിന് കാരണമായി.
1986ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിന്‍െറ അനന്തര ഫലങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം:

 •  കുറഞ്ഞ ചെലവില്‍, ലളിതമായ നടപടിക്രമങ്ങളിലൂടെ അതിവേഗം നീതി ഉറപ്പുവരുത്തി.
 •  ഉപഭോക്താവിന്‍െറ അവകാശങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഉപദേശം നല്‍കുന്നതിനായി ഉപഭോക്തൃ സംരക്ഷണ കൗണ്‍സിലുകള്‍ രൂപവത്കരിച്ചു.
 •  ജില്ലാ-സംസ്ഥാന-ദേശീയ തലത്തില്‍ ഉപഭോക്തൃ കോടതികള്‍ രാജ്യത്ത് സ്ഥാപിച്ചു.
 •  കാലവിളംബം ഒഴിവാക്കാനായി പരാതിയുടെ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഓരോ ഘട്ടത്തിലും സമയക്രമം വ്യവസ്ഥചെയ്തു.
 •  കുറഞ്ഞ വ്യവഹാര ചെലവ്; അഭിഭാഷകന്‍ വേണമെന്ന് നിര്‍ബന്ധമില്ല.
 •  അടിയന്തര സാഹചര്യങ്ങളില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാം.
 •  സംസ്ഥാന കമീഷനും ദേശീയ കമീഷനും വിചാരണ കോടതികളാണ്. അതോടൊപ്പം അപ്പീല്‍, റിവിഷന്‍ അധികാരങ്ങളുമുണ്ട്.
 •  നഷ്ടപരിഹാരമായി ആവശ്യപ്പെടുന്ന തുക ഒരു ലക്ഷംവരെയെങ്കില്‍ 100 രൂപയും ഒരു കോടിക്ക് മുകളിലാണെങ്കില്‍ 5000 രൂപയുമാണ് കോര്‍ട്ട് ഫീസ് ഒടുക്കേണ്ടത്.
 •  സാധനങ്ങളുടെയും സേവനങ്ങളുടെയും ന്യൂനതയുമായി ബന്ധപ്പെട്ട പരാതികള്‍ ഉപഭോക്തൃ കോടതികളില്‍ സമര്‍പ്പിക്കാം.
 •  സേവനത്തിലെ മേന്മ, സ്വഭാവം എന്നിവയില്‍ നിശ്ചിത നിലവാരമില്ലാതെവന്നാലും ഫോറങ്ങളെ സമീപിക്കാം.
 •  ഉല്‍പന്നത്തെക്കുറിച്ച് തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ പരസ്യം ചെയ്താല്‍ പരാതി നല്‍കാം.

കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി
പുതിയ ബില്ലിലെ ഏറ്റവും സുപ്രധാനമായ സവിശേഷത കേന്ദ്ര ഉപഭോക്തൃസംരക്ഷണ അതോറിറ്റി രൂപവത്കരിക്കുന്നുവെന്നതാണ്. ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയും അത് നടപ്പാക്കുകയും ചെയ്യുന്നതിനുള്ള എക്സിക്യൂട്ടിവ് എജന്‍സി എന്ന നിലയിലാണ് ബില്ല് അതോറിറ്റിയെ വിഭാവനം ചെയ്യുന്നത്. സുരക്ഷിതമല്ലാത്തതും ജീവനും സ്വത്തിനും അപായകരവുമായ ഉല്‍പന്നങ്ങളും സേവനങ്ങളും വിപണിയിലത്തെുന്നതിനെ തടഞ്ഞുകൊണ്ട് ഉപഭോക്താക്കളുടെ അവകാശം സംരക്ഷിക്കാനും അതോറിറ്റിക്ക് ചുമതലയുണ്ട്. അനുചിതമായ കച്ചവടതന്ത്രം, തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ പരസ്യങ്ങള്‍ എന്നിവക്കെതിരെ പരാതിയുടെ അടിസ്ഥാനത്തിലും സ്വമേധയായും അന്വേഷണം നടത്താനും നടപടി സ്വീകരിക്കാനും അതോറിറ്റിക്ക് അധികാരമുണ്ട്. രേഖാമൂലമോ ഇലക്ട്രോണിക് മാധ്യമം വഴിയോ ഉപഭോക്താവിന് പരാതി നല്‍കാം. അതത് ജില്ലാ കലക്ടര്‍ക്കോ റീജനല്‍ ഓഫിസിലെ ഡെപ്യൂട്ടി കമീഷണര്‍ക്കോ കേന്ദ്ര അതോറിറ്റിക്കോ പരാതി നല്‍കാം. 30 ദിവസത്തിനകം പരാതിയില്‍ തീര്‍പ്പുകല്‍പിക്കണം. ഉത്തരവ് നടപ്പാക്കാത്തവര്‍ക്കെതിരെ 25,000 മുതല്‍ ഒരു ലക്ഷം രൂപ വരെ പിഴ ചുമത്താന്‍ അതോറിറ്റിക്ക് അധികാരമുണ്ട്.
പരാതി സമര്‍പ്പിക്കാന്‍
ഉപഭോക്താക്കള്‍ക്ക് ഏറെ ഗുണകരമായ ഒരു മാറ്റം ഈ ബില്ലിലുള്ളത്, ഉപഭോക്താവിന്‍െറ താമസസ്ഥലത്തോ തൊഴിലെടുക്കുന്നിടത്തോ ഉള്ള ജില്ലാ ഉപഭോക്തൃ കമീഷനില്‍ കേസ് ഫയല്‍ ചെയ്യാം എന്നതാണ്. മോട്ടോര്‍ വാഹന അപകട ട്രൈബ്യൂണലില്‍ കേസ് ഫയല്‍ ചെയ്യുന്നതുപോലെ ഈ വ്യവസ്ഥ ഏറെ  ഉദാരമാക്കിയിരിക്കുന്നു. ഉദാഹരണത്തിന്, ഡല്‍ഹി ആസ്ഥാനമായ കമ്പനിയില്‍നിന്ന് വാങ്ങിയ സാധനത്തിലെ ന്യൂനതയെ  സംബന്ധിച്ച് കേസ് കൊടുക്കാന്‍ ഉപഭോക്താവ് താമസിക്കുന്ന ജില്ലയില്‍ കമ്പനിയുടെ പ്രവര്‍ത്തിക്കുന്ന ഒരു ബ്രാഞ്ച് ഉണ്ടാവണം. അങ്ങനെയില്ളെങ്കില്‍ ഡല്‍ഹിയില്‍ പോയി കേസ് ഫയല്‍ ചെയ്യേണ്ടിവരും. ഉപഭോക്താക്കള്‍ നേരിടുന്ന ഈ ബുദ്ധിമുട്ട് ഒഴിവാക്കി ഉപഭോക്താവ് താമസിക്കുന്ന, പ്രവര്‍ത്തിക്കുന്ന സ്ഥലത്ത് കേസ് ഫയല്‍ ചെയ്യാനുള്ള അവകാശം ഈ ബില്ല് വ്യവസ്ഥ ചെയ്യുന്നു. കമീഷനുകളില്‍ നേരിട്ടു ചെല്ലാതെതന്നെ ഓണ്‍ലൈനായി പരാതികള്‍ സമര്‍പ്പിക്കാന്‍ കഴിയുന്നുവെന്നത് പുതിയ ബില്ലിന്‍െറ സവിശേഷതയാണ്.
ന്യൂനത
എതിര്‍കക്ഷിയുടെ ഏതെങ്കിലും തരത്തിലുള്ള പ്രവൃത്തിമൂലം ഉപഭോക്താവിന് നഷ്ടം സംഭവിച്ചാല്‍ അത് സേവനത്തിലെ ന്യൂനതയായി കണക്കാക്കാം. നിലവിലുള്ള നിയമത്തിലെ 2 (1) (ജി) വകുപ്പ് നിലനിര്‍ത്തിക്കൊണ്ടുതന്നെ ന്യൂനത എന്താണെന്ന് വിശദീകരിച്ചിരിക്കുന്നു. പ്രസക്തമായ വസ്തുതകള്‍ ബോധപൂര്‍വം ഉപഭോക്താവില്‍നിന്ന് മറച്ചുവെക്കുന്നത് സേവനത്തിലെ ന്യൂനതയാണ്. ഉദാഹരണത്തിന,് ഭക്ഷ്യവസ്തുവില്‍ മാംസം ഉള്‍ക്കൊള്ളുന്നുവെന്ന വിവരം ഉല്‍പാദകന്‍ മറച്ചുവെച്ചാല്‍ അത് സേവനത്തിലെ ന്യൂനതയായി കണക്കാക്കാം. ശസ്ത്രക്രിയ നടത്തുന്നതിനുമുമ്പ് ഡോക്ടര്‍ പ്രസക്തമായ വസ്തുതകള്‍ രോഗിയോട് വെളിപ്പെടുത്താതിരിക്കുന്നതും സേവനത്തിലെ ന്യൂനതയാണ്.

Show Full Article
TAGS:
Next Story