Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഭരണകൂട...

ഭരണകൂട ഭീകരതകള്‍ക്കെതിരെ ആത്മീയ പ്രതിരോധം

text_fields
bookmark_border

മാനവസമൂഹത്തിന്‍െറ ഭൗതികക്ഷേമവും പാരത്രിക മോക്ഷവും ഉറപ്പുവരുത്താനായി പലകാലങ്ങളില്‍, വിവിധ രാജ്യങ്ങളിലായി ഒരു ലക്ഷത്തി ഇരുപത്തിനാലായിരം പ്രവാചകരെ ദൈവം നിയോഗിച്ചിട്ടുണ്ടെന്നാണ് ഇസ്ലാമിക ചരിത്രഭാഷ്യം. ഇവരെല്ലാവരും ഒന്നൊഴിയാതെ, അതത് കാലത്തെ കൊടുംകുറ്റവാളികളായ ഭരണവര്‍ഗത്തിന്‍െറ കടുത്ത പീഡനങ്ങള്‍ക്ക് വിധേയരായതായി ഖുര്‍ആന്‍ പറയുന്നു(6:112, 123). ഭൗതിക താല്‍പര്യങ്ങള്‍മാത്രം മുന്‍നിര്‍ത്തി രൂപംകൊണ്ട ബഹുദൈവത്വപരമായ ആശയങ്ങളിലൂന്നി ഭരണകേന്ദ്രങ്ങളും പുരോഹിതന്മാരും ചേര്‍ന്നുണ്ടാക്കിയ അവിശുദ്ധകൂട്ടുകെട്ടുകള്‍ പ്രവാചകന്മാരെ  പലവിധത്തില്‍ പീഡിപ്പിച്ചു (29:25).
ഖുര്‍ആന്‍ മുന്നോട്ടുവെക്കുന്ന മനുഷ്യചരിത്രം പ്രവാചകന്മാരും അതത് സമൂഹങ്ങളും തമ്മില്‍ നടന്ന ആദര്‍ശസംഘട്ടനങ്ങളുടേതാണ്. ക്രൈസ്തവ പണ്ഡിതനും വയോവൃദ്ധനുമായ വറഖത്തുബ്നു നൗഫല്‍, പ്രവാചകത്വം ലഭിച്ചയുടനെ മുഹമ്മദ് നബിയോട് പറഞ്ഞത് ‘താങ്കള്‍ കൊണ്ടുവന്ന ദൈവികസന്ദേശവുമായി മുന്‍കാലങ്ങളില്‍വന്ന എല്ലാ പ്രവാചകന്മാരും പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്’ എന്നായിരുന്നു. ഈജിപ്ഷ്യന്‍ ഭരണകൂടം 1966ല്‍ തൂക്കിലേറ്റിയ സയ്യിദ് ഖുതുബ് ഈ പ്രതിഭാസത്തെ വിശകലനംചെയ്ത് എഴുതുന്നു. ‘ഏതൊരു സമൂഹത്തിലും നിലനില്‍ക്കുന്ന തരാതരം അധാര്‍മികതകളാണ് ദുര്‍ഭരണാധികാരികളെ നിലനിര്‍ത്തുന്നത്. അതുകൊണ്ടുതന്നെ രംഗം ശുദ്ധിയാക്കാന്‍ കച്ചകെട്ടിയിറങ്ങിയ പ്രവാചകന്മാരെ ശത്രുക്കള്‍ അമര്‍ച്ചചെയ്തു. പീഡനങ്ങള്‍ പക്ഷേ, പ്രവാചകന്മാര്‍ക്ക് മുന്നോട്ടുകുതിക്കാനുള്ള ഇന്ധനമായി മാറുകയായിരുന്നു. വിശ്വാസസ്വാതന്ത്ര്യം നിഷേധിക്കുകയും ജനങ്ങളെ അടിമകളാക്കുകയും ചെയ്യുന്ന ഭരണവര്‍ഗത്തെ സ്ഥാനത്തുനിന്ന് പിഴുതെറിയുകയെന്നത് അതുകൊണ്ടുതന്നെ അവരുടെ അജണ്ടയായി’. എക്കാലത്തെയും ഭരണാധികാരികളുടെ പൊതുസ്വഭാവം ജനവിരുദ്ധനയങ്ങളാണ്. അധികാരമുപയോഗിച്ച് നാട്ടില്‍ കുഴപ്പങ്ങളുണ്ടാക്കുക, പ്രതാപികളായ ജനങ്ങളെ നിന്ദ്യരാക്കുകയെന്നത് ചക്രവര്‍ത്തിമാരുടെ പൊതുസ്വഭാവമാണെന്ന് ഖുര്‍ആന്‍ സാമാന്യവത്കരിച്ച് പറയുന്നുണ്ട്. പാവപ്പെട്ട കടല്‍തൊഴിലാളികള്‍ ജീവിത സന്ധാരണത്തിനായി ഉപയോഗിച്ചിരുന്ന കപ്പല്‍, കവര്‍ച്ചക്കാരനായ ചക്രവര്‍ത്തിയുടെ കണ്ണില്‍പെടാതിരിക്കാനായി ഒരു ദൈവദാസന്‍ കടലില്‍ താഴ്ത്തിക്കളഞ്ഞതായി ഖുര്‍ആന്‍ പറയുന്നു. ഏകദൈവ വിശ്വാസികളായ ജനങ്ങളെ നിര്‍ബന്ധിച്ച് ബഹുദൈവവിശ്വാസികളാക്കാന്‍ ശ്രമിച്ച ദഖ്യാനൂസ് ചക്രവര്‍ത്തിയെയും തീക്കളങ്ങളൊരുക്കി ചുട്ടുകരിച്ച ഭരണാധികാരികളെയുംകുറിച്ച് ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്.
ഈ ഗണത്തില്‍ ഏറെ കുപ്രസിദ്ധനാണ് പ്രവാചകന്‍ മൂസയുടെ പ്രതിയോഗിയായിരുന്ന ഫറോവ ചക്രവര്‍ത്തി (ബി.സി 1292-1225). മൊത്തം പ്രവാചക ശത്രുക്കളെക്കുറിച്ച് സാമാന്യമായിമാത്രം പരാമര്‍ശിച്ച ഖുര്‍ആന്‍ ഒട്ടേറെ അധ്യായങ്ങളില്‍, കൂടുതല്‍ സൂക്തങ്ങളിലായി ഫറോവയുടെ ക്രൂരവ്യക്തിത്വത്തെ അനാവരണം ചെയ്തിട്ടുണ്ട്. താനാണ് സര്‍വലോക നാഥനെന്ന കള്ളവാദമുന്നയിച്ച് അഹങ്കാരം നടിച്ച്, ഇസ്രായേല്‍ സന്തതികളെ ഒന്നിനുംകൊള്ളാത്ത നിന്ദ്യരാക്കി, തന്‍െറയും തന്‍െറ വര്‍ഗമായ കോപ്റ്റിക്കുകളുടെയും താല്‍പര്യങ്ങള്‍ക്കുവേണ്ടി അവരെ ക്രൂരമായി പീഡിപ്പിച്ചു. പുരുഷ പ്രജകള്‍ ജനിക്കുന്നത് തന്‍െറ അധികാരത്തിന് ഭീഷണിയാവുമെന്ന് ഭയന്നതിനാല്‍ അവര്‍ ജനിക്കുന്നത് വിവിധ മാര്‍ഗേണ തടഞ്ഞു. പാരമ്പര്യമൂല്യങ്ങളെ തള്ളിപ്പറയുന്ന മൂസ നാട്ടില്‍ കുഴപ്പങ്ങളുണ്ടാക്കുകയാണെന്ന് ആരോപിച്ച് ജനങ്ങളെ ഇളക്കിവിട്ടു.
ഇസ്രായേല്‍ സന്തതികളുടെ മോചനത്തിനായി നിയോഗിക്കപ്പെട്ട മൂസ, ഉദ്ബോധനം, പ്രബോധനം, അമാനുഷ ദൃഷ്ടാന്തങ്ങളിലൂടെയുള്ള സത്യസാക്ഷ്യനിര്‍വഹണം, ഭൗതികവും പാരത്രികവുമായ പരീക്ഷണങ്ങളെയും ശിക്ഷകളെയും സംബന്ധിച്ച താക്കീതുകള്‍ മുതലായവവഴി ഫറോവയെയും പ്രഭൃതികളെയും തിരുത്താന്‍ നിരന്തരം ശ്രമിച്ചുവെങ്കിലും ഫലംകണ്ടില്ല. ഗത്യന്തരമില്ലാതെ പ്രവാചകന്‍ മൂസ ഇസ്രായേലികളുമായി അദ്ഭുതകരമായി കടല്‍കടന്നു രക്ഷപ്പെട്ടപ്പോള്‍ പിറകെച്ചെന്ന ഫറോവയും പ്രഭൃതികളും കടലില്‍ മുങ്ങിച്ചാവുകയായിരുന്നു. ലോകാവസാനംവരെയുള്ള ജനതകള്‍ക്ക് പാഠമാവാന്‍ വേണ്ടി ഫറോവയുടെ ജഡം ദൈവം കാത്തുവെച്ചു. ഈജിപ്തിലെ മ്യൂസിയത്തില്‍ അതിപ്പോഴും കാണാം.
ഭൂമിയില്‍ പീഡിതരായിക്കഴിയുന്ന ജനതക്ക് നാം അനുഗ്രഹംനല്‍കുമെന്ന ദൈവിക വാഗ്ദാനത്തിന്‍െറ പ്രയോഗവത്കരണമെന്ന നിലയില്‍, ഫറോവയെയും സില്‍ബന്തികളെയും ചരിത്രത്തിന്‍െറ ചവറ്റുകുട്ടയിലേക്കെറിഞ്ഞ് ഇസ്രായേല്‍ സന്തതികളെ രക്ഷിച്ചു. ‘പീഡിപ്പിക്കപ്പെട്ടിരുന്ന ആ ജനതക്ക്, നാം അനുഗ്രഹിച്ച, കിഴക്കും പടിഞ്ഞാറുമുള്ള ആ ഭൂപ്രദേശങ്ങള്‍ നാം അവകാശപ്പെടുത്തിക്കൊടുക്കുകയും ചെയ്തു. ഇസ്രായേല്‍ സന്തതികള്‍ ക്ഷമിച്ചതിന്‍െറ ഫലമായി അവരില്‍ നിന്‍െറ രക്ഷിതാവിന്‍െറ ഉത്തമമായ വചനം നിറവേറി ഫിര്‍ഒൗനും അവന്‍െറ ജനതയും നിര്‍മിച്ചുകൊണ്ടിരുന്നതും അവര്‍ കെട്ടിയുയര്‍ത്തിയിരുന്നതും നാം തകര്‍ക്കുകയും ചെയ്തു’ (7:137).
ഫറോവയെ നശിപ്പിച്ച് പ്രവാചകന്‍ മൂസയെയും ഇസ്രായേല്‍ ജനതയെയും രക്ഷപ്പെടുത്തിയ ദൈവത്തിനുള്ള നന്ദിസൂചകമായാണ്, മുഹമ്മദ് നബിയുടെ മാതൃക പിന്‍പറ്റി ലോക മുസ്ലിംകള്‍ മുഹര്‍റം ഒമ്പത്, പത്ത് തീയതികളില്‍ വ്രതമനുഷ്ഠിക്കുന്നത്. കഴിഞ്ഞുപോയ ചരിത്രത്തിന്‍െറ അനുസ്മരണം എന്നനിലയില്‍ മാത്രമല്ല, ലോകത്തെങ്ങുമുള്ള മര്‍ദക ഭരണാധികാരികള്‍ക്കെതിരെ, പീഡിതജനതകളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ടുള്ള ആത്മീയ പ്രതിരോധം എന്നനിലയിലും ഇതിന്‍െറ കാലികപ്രസക്തി ശ്രദ്ധേയമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story