Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightടാഗോറിനെ...

ടാഗോറിനെ ഓര്‍മയുണ്ടോ, ഇവര്‍ക്ക്?

text_fields
bookmark_border
ടാഗോറിനെ ഓര്‍മയുണ്ടോ, ഇവര്‍ക്ക്?
cancel

മഹത്തായ നമ്മുടെ സാഹിത്യ-സാംസ്കാരിക സ്ഥാപനങ്ങളുടെ ഉള്ളറകളിലേക്ക് കടന്നുചെന്നാല്‍ ഭാഷയുടെ മുഖമുദ്രകള്‍ കാലത്തിന്‍െറ മടിത്തട്ടില്‍ മുഖംമൂടിയണിഞ്ഞ് കിടക്കുന്നതായി തോന്നും. ഇന്ത്യയുടെ പല ഭാഗങ്ങളിലും വേട്ടയാടപ്പെട്ട മൃഗങ്ങളെപ്പോലെ സാഹിത്യകാരന്മാര്‍, കവികള്‍, എഴുത്തുകാര്‍ വെടിയേറ്റും, വെട്ടേറ്റും പിടഞ്ഞുമരിക്കുന്നു.  അവര്‍ക്ക് എഴുതാന്‍പോലും സ്വാതന്ത്ര്യമില്ലാത്ത ഒരു ഫ്യൂഡല്‍ വ്യവസ്ഥിതി നിലവില്‍വരുന്നു. എന്തുകൊണ്ടാണ് കേന്ദ്ര സാഹിത്യ അക്കാദമി ചെയര്‍മാന്‍ ഈ കാട്ടാളന്മാര്‍ക്കെതിരെ രംഗത്തുവരാത്തത്?  
ഒരു രാഷ്ട്രീയ പാര്‍ട്ടിയിലുള്ളവര്‍ കൊല്ലപ്പെട്ടാല്‍ ചോദ്യങ്ങള്‍, ബന്ദുകള്‍, ബഹുജനറാലി മുതലായവ കേരളത്തില്‍ കാണാറുണ്ട്.  ഒരു ഭാഷയുടെ കരുത്തും അഭിമാനവുമായ സര്‍ഗധനരായ എഴുത്തുകാരെ കൊല്ലുമ്പോള്‍ നമ്മുടെ കേന്ദ്ര സാഹിത്യ അക്കാദമി അധ്യക്ഷ്യന്‍ അവിടെ അധികാരത്തിന്‍െറ അപ്പക്കഷണവും ഭക്ഷിച്ച്  കഴിയുകയാണ്.   ഇവിടെയാണ് ചിലരൊക്കെ ആവാഹിച്ചെടുക്കുന്ന അവാര്‍ഡുകളും പദവികളും ചോദ്യംചെയ്യപ്പെടുന്നത്.  ജാതിമത-അധികാര ജന്മിമാരിലൂടെ കടന്നുവന്നവര്‍ക്ക് മേലാളന്മാര്‍ക്കെതിരെ ശബ്ദിക്കാന്‍ നാവുയരില്ല.  അവിടെയും ആസൂത്രിതമായ ഒരു ഗൂഢാലോചനയുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.  ഈ പ്രസ്ഥാനത്തിന്‍െറ പുരോഗതി ആഗ്രഹിച്ചിരുന്നുവെങ്കില്‍ എഴുത്തുകാരെ കൊന്നൊടുക്കുന്നതിന്‍െറ പേരില്‍  ധാര്‍മികമായ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെച്ച് പുറത്തുപോകുമായിരുന്നു.
തകഴിക്ക് ജ്ഞാനപീഠം കിട്ടുമ്പോള്‍ മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്‍  ഡല്‍ഹി കേരള ഹൗസില്‍ ഒരു അനുമോദന യോഗം സംഘടിപ്പിച്ചു.  അധ്യക്ഷനായി വന്നത് ഗവര്‍ണറായിരുന്ന വക്കം പുരുഷോത്തമനാണ്.  കേരളത്തില്‍ നിന്നുള്ള എം.പിമാര്‍, സാഹിത്യസാംസ്കാരിക പ്രവര്‍ത്തകരെല്ലാമുണ്ടായിരുന്നു. ഡോ. കെ.എം. ജോര്‍ജായിരുന്നു കേരളത്തില്‍ നിന്നുള്ള അക്കാദമി സെക്രട്ടറി.  തകഴിയും, കെ.എം. ജോര്‍ജും എനിക്ക് ഗുരുതുല്യരാണ്.  മണ്ടിഹൗസില്‍ നടക്കുന്ന മിക്ക പരിപാടികളിലും അദ്ദേഹം എന്നെ ക്ഷണിക്കുമായിരുന്നു. അങ്ങനെ ഇതിലും പങ്കെടുത്തു. തകഴിയെ വേദിയിലിരുത്തി കരുണാകരന്‍ വാനോളം പുകഴ്ത്തി.  ആ കൂട്ടത്തില്‍ പറഞ്ഞ ഒരു കാര്യം: ‘തകഴിച്ചേട്ടനെ ഒരുതരത്തിലും എനിക്ക് സഹായിക്കാന്‍ കഴിഞ്ഞിട്ടില്ല’. പുഞ്ചിരിയുടെ നിറകുടമായ കരുണാകരന് പുഞ്ചിരിക്കാത്ത തകഴി കൊടുത്ത മറുപടി : ‘ഞാനാരോടും സഹായം എഴുത്തുകാര്യത്തില്‍ ചോദിക്കാറില്ല.  ഇതല്ലാതെ എത്രയോ നീറുന്ന പ്രശ്നങ്ങള്‍ സമൂഹത്തിലുണ്ട്’. അധികാരികളോടും ജന്മി പൗരോഹിത്യ മുതലാളിവര്‍ഗത്തോടും ഒരു നിര്‍ണായക ശക്തിയായിനിന്ന് പോരടിക്കുന്ന എഴുത്തുകാരന്‍ ഈ കൂട്ടരുടെ പടുകുഴിയില്‍ വീഴില്ളെന്ന് അത് കേട്ടിരുന്നവര്‍ക്ക് മനസ്സിലായിക്കാണും. ഇന്നത്തെ എഴുത്തുകാരന്‍ ആരുടെ ഭാഗത്താണ്?
ഇന്ന് ഇന്ത്യയിലെ സാഹിത്യ-സാംസ്കാരിക-കലാരംഗങ്ങളില്‍ ഇന്ത്യയിലെ കുത്തഴിഞ്ഞ രാഷ്ട്രീയ-മതശക്തികള്‍  ആധിപത്യം ഉറപ്പിച്ചുകൊണ്ടിരിക്കുന്നു.  ഈ സ്വാധീന അധികാരവലയത്തിലൂടെയാണ് പല രാഷ്ട്രീയമത പ്രമാണിമാരെയും ഈ പവിത്ര സ്ഥാപനങ്ങളില്‍ കുടിയിരുത്തുന്നത്. പേരിനുവേണ്ടി ചില സര്‍ഗപ്രതിഭകളുള്ള എഴുത്തുകാരും ആ കൂട്ടത്തിലുണ്ട്. ഇന്ന് ഇവിടെയെല്ലാം വിറ്റഴിക്കുന്നത് കമ്പോള സാഹിത്യമാണ്. ഈ കമ്പോള സംസ്കാരത്തിന്‍െറ ഏറിയ ഗുണവും ലഭിക്കുന്നത് ഇതിലുള്ളവര്‍ക്കും അവരെ ചുറ്റിപ്പറ്റി നില്‍ക്കുന്ന സ്തുതിപാഠകര്‍ക്കുമാണ്.  ഇതിലേക്ക് നുഴഞ്ഞുകയറിവന്നവരുടെ സാഹിത്യ സംഭാവനകള്‍ ഒരിക്കലും വിലയിരുത്തപ്പെടാറില്ല. മറ്റൊരു സാഹിത്യകാരന്‍ അല്ളെങ്കില്‍ കവി അത് നിശബ്ദം കണ്ട് വായ് മൂടിയിരിക്കും. അതിന്‍െറ കാരണം കിട്ടാനിരിക്കുന്ന അവാര്‍ഡും പദവിയും നഷ്ടപ്പെടുമെന്നുള്ള ഭയമാണ്. ഒരു അവാര്‍ഡാണോ ഒരു ഭാഷയുടെ ഏറ്റവും വലിയ സമ്പത്ത്. യോഗ്യതയുള്ള  എഴുത്തുകാരെ  പുറത്തുനിര്‍ത്തി  അയോഗ്യരായവരെ വാഴ്ത്തിപ്പാടുന്ന ഈ സ്വജനപക്ഷപാത സങ്കുചിത ചിന്ത ഇവിടെ നിലനില്‍ക്കുന്നുണ്ട്.  ജ്ഞാനപീഠം മുതല്‍ ഈ പ്രവണത കാണുന്നുണ്ട്.
ഇത് ഒരുപറ്റം ആള്‍ക്കാരുടെ കൈകളിലാണ്.  ആരും ശബ്ദിക്കില്ല.  ശബ്ദിച്ചാല്‍ നോട്ടപ്പുള്ളിയാണ്.  സാഹിത്യത്തെ ഭാഷയെ സജീവമായി സ്വദേശത്തും വിദേശത്തും നിലനിര്‍ത്തുന്നവരെ കറിവേപ്പിലപോലെയാണ് വലിച്ചെറിയുന്നത്. ഇവര്‍ക്ക് എങ്ങനെയാണ് ഇന്ത്യയിലുടനീളം ഭ്രാന്തമായി അലഞ്ഞുനടക്കുന്ന വര്‍ഗീയ നായ്ക്കളെ പ്രതിരോധിക്കാന്‍ കഴിയുക?  ഇങ്ങനെയുള്ള സാഹിത്യ ദത്തുപുത്രന്മാര്‍ക്ക് ഒരു അവാര്‍ഡുകൂടി കൊടുത്താല്‍ മാധ്യമങ്ങള്‍ അത് പാടിപ്പുകഴ്ത്തിക്കൊള്ളും. ശ്രേഷ്ഠമായ കൃതികള്‍ ധാരാളമുണ്ടെങ്കിലും ഇതിലുള്ളവരുടെ കൃതികളാണ് ഇതര ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുന്നത്. വിപണനതന്ത്രമറിയാവുന്ന പ്രസാധകര്‍ അതുപയോഗിക്കുന്നു.  പുറത്തുനില്‍ക്കുന്ന എഴുത്തുകാരന്‍ എല്ലാം മൗനനൊമ്പരങ്ങളോടെ കണ്ടുനില്‍ക്കുന്നു.  ഇതും സാഹിത്യലോകത്ത് നടക്കുന്ന ഒരു പീഡനമാണ്.  ഇനിയെങ്കിലും ഈ സ്ഥാപനങ്ങളില്‍ ഒരു പൊളിച്ചെഴുത്ത് ആവശ്യമല്ളേ?
ഭരണത്തിലുള്ളവര്‍ എപ്പോഴും പറയാറുണ്ടല്ളോ സമുദായ-മത സംഘടനകള്‍ രാഷ്ട്രീയത്തില്‍ എന്തിനാണ് ഇടപെടുന്നത്?  രാഷ്ട്രീയത്തിലുള്ള ഒരാള്‍ക്ക് ഒരു പുരോഹിതനാകാനോ രാഷ്ട്രീയ തന്ത്ര-കുതന്ത്രങ്ങള്‍-അഴിമതി നടത്താനുള്ള സാമര്‍ഥ്യം പുരോഹിതനോ അറിയില്ല.  അങ്ങനെയെങ്കില്‍ ഇത് എല്ലാരംഗത്തും ബാധകമല്ളേ?  ഈ സ്ഥാപനങ്ങളുടെ തലതൊട്ടപ്പന്മാരായി നിങ്ങള്‍ എന്തിനാണിരിക്കുന്നത്?  എന്താണ് നിങ്ങളുടെ സാഹിത്യസംഭാവനകള്‍?  ഇത് എഴുത്തുകാര്‍ക്ക് വിട്ടുകൊടുത്താല്‍ അവരൊക്കെ സ്വതന്ത്രരാകും ഈ സ്ഥാപനങ്ങള്‍ക്ക് ശാപമോക്ഷമുണ്ടാവും.  അവര്‍ യോഗ്യതയുള്ളവരെ തെരഞ്ഞെടുത്ത് അധികാരസ്ഥാനങ്ങളില്‍ ഇരുത്തട്ടെ. ഇവിടെയും കാണുന്നത് ഈ ജീര്‍ണിച്ച വ്യവസ്ഥിതിയുടെ ഇരട്ടമുഖമാണ്.  കൊടിയുടെ നിറത്തില്‍, മതത്തിന്‍െറ മറവില്‍ എഴുത്തുകാരെ തരംതിരിച്ച് തമ്മിലടിപ്പിക്കുക, അവര്‍ ഒരു കുടക്കീഴില്‍ അണിനിരക്കാന്‍ ഈ കൂട്ടര്‍ ആഗ്രഹിക്കുന്നില്ല.  ഈ ആപത്ത് മുന്നില്‍കണ്ടുകൊണ്ടാണ് ഇന്നത്തെ ഭരണാധികാരികള്‍ ഇവരെ വിലക്കെടുക്കുന്നത്.  സര്‍ക്കാറും മാധ്യമങ്ങളും വളര്‍ത്തിക്കൊണ്ടിരിക്കുന്ന ഈ കൂട്ടര്‍ സര്‍ പദവി വലിച്ചെറിഞ്ഞ മഹാനായ രവീന്ദ്രനാഥ ടാഗോറിനെ ഒരുനിമിഷം ഓര്‍ക്കുന്നത് നന്ന്.

Show Full Article
TAGS:
Next Story