Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightമെച്ചപ്പെട്ട ജീവിതം;...

മെച്ചപ്പെട്ട ജീവിതം; എല്ലാവര്‍ക്കും

text_fields
bookmark_border
മെച്ചപ്പെട്ട ജീവിതം; എല്ലാവര്‍ക്കും
cancel

പ്രകൃതിവിഭവങ്ങളും സമ്പത്തും എല്ലാ ജനങ്ങളിലേക്കും വിതരണം ചെയ്യപ്പെടാനുള്ള അവസരങ്ങളുണ്ടാവുകയെന്നതും ജീവിതസാഹചര്യങ്ങളില്‍ വിവിധ വിഭാഗങ്ങള്‍ തമ്മിലുള്ള അന്തരം കുറച്ചുകൊണ്ടുവരുകയെന്നതും സാമൂഹിക വികസനത്തിന്‍െറ പ്രഖ്യാപിത ലക്ഷ്യങ്ങളാണ്. പക്ഷേ, ചൂഷണബന്ധിതമായ ഇക്കാലത്ത് ഇതെത്രമാത്രം സാധ്യമാണെന്നതാണ് കാതലായ പ്രശ്നം. സാമൂഹിക വികസനം ലക്ഷ്യമാക്കി ഐക്യരാഷ്ട്രസഭ പോലുള്ള വേദികളും മറ്റു സര്‍ക്കാര്‍/സര്‍ക്കാറിതര ഏജന്‍സികളും വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്യുമ്പോള്‍ ഈ വിഷയം ചര്‍ച്ച ചെയ്യപ്പെടാറുണ്ട്. ദാരിദ്ര്യത്തില്‍നിന്നും ചൂഷണത്തില്‍നിന്നും ദുര്‍ബലവിഭാഗങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള യു.എന്‍.ഡി.പി പദ്ധതി, മില്ളേനിയം ഡെവലപ്മെന്‍റ് ഗോള്‍ തുടങ്ങിയവ നടപ്പാക്കുമ്പോള്‍ അവസരസമത്വം മുഖ്യചര്‍ച്ചയാണ്. ഇത്തരം പരിപാടികളുടെ രൂപകല്‍പനയില്‍ ഏറ്റവും പ്രയാസംനേരിടുന്ന കാര്യം, കാര്യക്ഷമമായ വിവരശേഖരണത്തിന്‍െറ അപര്യാപ്തതയും ഈ രംഗത്ത് വിവിധ രാജ്യങ്ങള്‍ ഏകമാന സ്വഭാവത്തിലല്ല കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് എന്നതുമാണ്. ഇത് വിവിധ രാജ്യങ്ങളെ, വികസനത്തിന്‍െറ വിഷയത്തില്‍ പരസ്പരം താരതമ്യം ചെയ്യുന്നതിന് തടസ്സമാവുകയും ചെയ്യുന്നു.
വിവിധ രാജ്യങ്ങളിലെ ഒൗദ്യോഗികവും അനൗദ്യോഗികവുമായ ‘സ്റ്റാറ്റിസ്റ്റിക്സ്’ സംവിധാനങ്ങളെ ഏകോപിപ്പിക്കുന്നതിനും കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുംവേണ്ടി ഐക്യരാഷ്ട്രസഭ 2010 ഒക്ടോബര്‍ 20ന് പ്രഥമ ‘ലോക സ്റ്റാറ്റിസ്റ്റിക്സ് ദിന’മായി ആചരിക്കുകയുണ്ടായി. ഇന്ത്യയുള്‍പ്പെടെയുള്ള ലോകരാജ്യങ്ങള്‍ പ്രസ്തുത ദിനാചരണത്തിന്‍െറ ഭാഗമായി വ്യത്യസ്ത പരിപാടികള്‍ സംഘടിപ്പിച്ചു. അഞ്ചുവര്‍ഷത്തിലൊരിക്കല്‍ ഒക്ടോബര്‍ 20, ഇങ്ങനെ ആചരിക്കുന്നതിന്‍െറ ഭാഗമായി ചൊവ്വാഴ്ച ‘വേള്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് ഡേ’ ആയി വിവിധ രാജ്യങ്ങള്‍ കൊണ്ടാടുന്നു. ലോകം മുഴുവന്‍തന്നെ ‘ഡെമോക്രസി’യില്‍നിന്ന് ‘ഡാറ്റാക്രസി’യിലേക്ക് മാറിക്കൊണ്ടിരിക്കുമ്പോള്‍ ഈ ദിനാചരണത്തിന് പ്രസക്തി വര്‍ധിക്കുന്നു. ‘മികച്ച ഡാറ്റ, മികവുറ്റ ജീവിതം (ബെറ്റര്‍ ഡാറ്റ, ബെറ്റര്‍ ലിവ്സ്) എന്ന മുദ്രാവാക്യമാണ് ചൊവ്വാഴ്ചത്തെ ദിനം മുന്നോട്ടുവെക്കുന്നത്.
സ്ഥിതിവിവരങ്ങള്‍ക്ക് എന്നത്തേക്കാളേറെ പ്രാധാന്യമുള്ള ഇക്കാലത്ത് ഏറ്റവുംമികച്ച വസ്തുതകള്‍ ലഭ്യമാക്കാന്‍ നമ്മുടെ രാഷ്ട്രത്തെ പര്യാപ്തമാക്കേണ്ടത് അനിവാര്യമാണ്. കേന്ദ്ര/സംസ്ഥാന സര്‍ക്കാറുകളുടെ പദ്ധതി രൂപവത്കരണ പ്രക്രിയയില്‍ സ്ഥിതിവിവര ശാസ്ത്രത്തിന്‍െറ ഗുണവശങ്ങളെ ഉപയോഗപ്പെടുത്താനും ഇതുമുഖേന എല്ലാവര്‍ക്കും മെച്ചപ്പെട്ട ജീവിതനിലവാരം ഉറപ്പുവരുത്താനും സാധ്യമാവേണ്ടതുണ്ട്. സമ്പത്ത് ചുരുക്കം ചിലരില്‍ കുമിഞ്ഞുകൂടാതെ സമൂഹത്തിന്‍െറ താഴെതട്ടിലുള്ളവര്‍ക്കുകൂടി ഗുണപ്രദമാകുംവിധം ഉപയോഗപ്പെടുത്താനുള്ള ആസൂത്രണമാണ് ശരിയായ വികസന സങ്കല്‍പം. ഇതിലേക്ക് സര്‍ക്കാര്‍ ഏജന്‍സികളെ ആകര്‍ഷിക്കുകയെന്നത് ഈ ദിനാചരണത്തിന്‍െറ മുഖ്യലക്ഷ്യമാണ്.
ലോകത്തിലെ മറ്റേത് വികസിത രാജ്യങ്ങളോടും കിടപിടിക്കാവുന്ന തരത്തിലുള്ള ഒരു സ്റ്റാറ്റിസ്റ്റിക്കല്‍ സംവിധാനം പ്രഫ. പി.പി. മഹാല നോബിസിന്‍െറ ശ്രമഫലമായി നമ്മുടെ രാജ്യത്ത് ഉണ്ടായിവന്നിട്ടുണ്ടെങ്കിലും ഇതുപയോഗിച്ച് രാജ്യത്തെ ദുര്‍ബലവിഭാഗങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ രാഷ്ട്രീയ നേതൃത്വത്തിന് സാധിച്ചിട്ടില്ല. സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന്‍, നാഷനല്‍ സാമ്പ്ള്‍ സര്‍വേ ഓര്‍ഗനൈസേഷന്‍, ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയ ഒൗദ്യോഗിക സംവിധാനങ്ങള്‍ ഏറെ മെച്ചപ്പെട്ടതാണെങ്കിലും ഇതിന്‍െറ ഗുണഫലങ്ങള്‍ സാധാരണ ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ നാം പരാജയപ്പെട്ടിരിക്കുന്നു.
ഇത്തരം ദിനാചരണത്തിന്‍െറ മറ്റൊരു ലക്ഷ്യം, ജനങ്ങളില്‍ സ്റ്റാറ്റിസ്റ്റിക്കല്‍ തിങ്കിങ് വളര്‍ത്തിയെടുക്കുക എന്നതാണ്. കേവലമൊരു അക്കാദമിക് പഠനവിഷയം എന്നതില്‍നിന്ന് സ്റ്റാറ്റിസ്റ്റിക്സില്‍ എല്ലാവര്‍ക്കും ഒരു മിനിമം സാക്ഷരതയുണ്ടാക്കിയെടുക്കുക എന്നതും ഇതിന്‍െറ ലക്ഷ്യമാണ്. പത്ര-ദൃശ്യ മാധ്യമങ്ങള്‍ ഇത് ചര്‍ച്ചചെയ്യുമ്പോള്‍ മാത്രമേ  ഈ ലക്ഷ്യം നേടാന്‍ സാധ്യമാവുകയുള്ളൂ. ഇന്ത്യ പോലുള്ള വൈവിധ്യങ്ങളുടെ രാജ്യത്ത് വിവിധ ജനവിഭാഗങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളെ ശരിയായ വസ്തുതകളുടെ വെളിച്ചത്തില്‍ വിശകലനം ചെയ്യാനും ശരിയായ നിലപാട് സ്വീകരിക്കാനും വേണ്ടുന്ന സാമാന്യ ശാസ്ത്രബോധം ജനങ്ങളിലേക്കത്തെിക്കാന്‍ ഇതിലൂടെ സാധ്യമാവും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story