ശമ്പള/ പെന്ഷന് വര്‍ധന സംബന്ധിച്ച ജസ്റ്റിസ് രാമചന്ദ്രന് കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിച്ചിരിക്കുന്നു. ഇതുവഴി അഞ്ചു ലക്ഷത്തിലധികം വരുന്ന ഉദ്യോഗസ്ഥ ^അധ്യാപകരുടെയും 4.39 ലക്ഷം സര്‍വിസ് പെന്‍ഷന്‍കാരുടെയും ശമ്പളവും പെന്‍ഷനും വിവിധ നിരക്കില്‍ ഉയരും. അതായത്, ജീവനക്കാരുടെ ശമ്പളം പ്രതിമാസം 2000 മുതല്‍ 12,000 രൂപവരെ ഉയരും. ശമ്പള പരിഷ്കരണം വഴി ഖജനാവിന് 5200 കോടിയുടെ അധിക വാര്‍ഷിക ബാധ്യതയും കണക്കാക്കപ്പെടുന്നു. ശമ്പള പരിഷ്കരണം 10 വര്‍ഷത്തില്‍ ഒരിക്കല്‍ മതിയെന്നും വിരമിക്കല്‍ പ്രായം 58 ആയി ഉയര്‍ത്തണമെന്നും കമീഷന് നിര്‍ദേശിച്ചിട്ടുണ്ട്. ഭരണ പരിഷ്കരണവും സമഗ്ര ആരോഗ്യ പദ്ധതിയും സംബന്ധിച്ച വിഷയങ്ങള്‍ രണ്ടാംഘട്ട റിപ്പോര്‍ട്ടില്‍ നല്‍കുമെന്നും കമീഷന് നിര്‍ദേശിക്കുന്നു. ജീവനക്കാരും പെന്‍ഷന്‍കാരും വേതനക്കാര്യത്തില് വലിയ സന്തുഷ്ടരും വിരമിക്കല്‍ പ്രായത്തില്‍ അതൃപ്തരുമാണ്. ഒരു വര്‍ഷത്തെ മുന്‍കാല പ്രാബല്യവും നിര്‍ദേശിച്ചിട്ടുണ്ട്. ഇതെല്ലാംകൊണ്ട് സന്തോഷിക്കുന്ന ഒമ്പതു ലക്ഷത്തിനു മുകളിലുള്ള ജീവനക്കാരും പെന്‍ഷന്‍കാരും കൃത്യനിര്‍വഹണത്തിലെ സാമൂഹിക പ്രതിബദ്ധത എന്ന ധാര്‍മിക മൂല്യത്തിനു എന്തു സംഭാവന ചെയ്യും? ഇതാണ് പൊതുസമൂഹം വീക്ഷിക്കുന്നത്.
സാമൂഹിക പുരോഗതിയും സാമ്പത്തിക വളര്‍ച്ചയും ലക്ഷ്യമിട്ട് ഭരണനിര്‍വഹണം നടത്തുന്ന ഗവണ്മെന്റ് പൊതുജനങ്ങളില്‍നിന്ന് വിഭവസമാഹരണം നടത്തി ജീവനക്കാര്‍ക്ക് വേതനം നല്‍കിയാണ് കൃത്യം നിര്‍വഹിക്കുന്നത്. ഇത്തരം കൃത്യനിര്‍വഹണം നടത്തുമ്പോള്‍ ധനവിഭവം സമാഹരിച്ചു ജീവനക്കാര്‍ക്ക് ശമ്പളമായി നല്‍കുകയെന്ന ചുമതല മാത്രമല്ല ഭരണനിര്‍വഹണത്തിന് നേതൃത്വം നല്കുന്ന മന്ത്രിസഭ ചെയ്യുന്നത്. ജനസംഖ്യയുടെ മൂന്നു ശതമാനം മാത്രം വരുന്ന സംഘടിത ശക്തിയായ ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകള്‍ ഖജനാവിന്‍െറ ശേഷി നോക്കി പരിഷ്കരിക്കണം. ഖജനാവിന്‍െറ ശേഷി വിലയിരുത്താതെയുള്ള വേതന നിര്‍ണയവും വിതരണവും പരിഷ്കരണവും സാമ്പത്തിക തളര്‍ച്ചക്ക് വഴിതെളിക്കും. കേരളത്തിന്‍െറ ആര്‍ജിത പൊതുകടം 2014^15ല്‍ 1,35,000 കോടി രൂപയില്‍ എത്തിനില്ക്കുമ്പോള് ഭാവിയിലെ വികസന പ്രവര്‍ത്തനങ്ങള്‍ എങ്ങനെ എന്ന അടിസ്ഥാന ചോദ്യം രൂപംകൊള്ളും. അതായത് 2014^15ല്‍ മാത്രം കേരളം 16,449 കോടി രൂപ പൊതു കടമായി സമാഹരിച്ചു. കഴിഞ്ഞ നാലു വര്‍ഷം 58 തവണകളായി 50,163 കോടി രൂപയുടെ പൊതുകടമെടുത്തിട്ടുണ്ട്.
2014^15ല്‍ തനതു വരുമാനത്തിന്‍െറ 90 ശതമാനവും ജീവനക്കാരുടെ ശമ്പളത്തിനും പെന്‍ഷനും പലിശ നല്‍കാനുമാണ് ചെലവഴിച്ചത്. ഇതില്‍ ശമ്പളം, പെന്ഷന് വകയില്‍ ചെലവായത് 70 ശതമാനമാണ്. കേന്ദ്രവിഹിതമായി കിട്ടുന്ന നികുതിയും ഗ്രാന്റും തനതു വരുമാനത്തില്‍നിന്ന് കിട്ടുന്ന മിച്ചവും കൊണ്ടുവേണം സാമൂഹിക സുരക്ഷാ പെന്‍ഷനുകള്‍ക്കും വിവിധതരം സബ്സിഡികള്‍ക്കും പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കും തുക വിനിയോഗിക്കേണ്ടത്. കഴിഞ്ഞ ഏതാനും വര്‍ഷത്തെ കണക്കെടുത്താല്‍, കേന്ദ്രവിഹിതമുള്‍പ്പെടെ സംസ്ഥാനത്തിന്‍െറ മൊത്തം വാര്‍ഷിക റവന്യൂ വരുമാനത്തിന്‍െറ 70^75 ശതമാനം ശമ്പളം, പെന്ഷന്, പലിശ എന്നിവക്കാണ് ചെലവഴിക്കുന്നത്. ബാക്കിവരുന്ന 25^30 ശതമാനംകൊണ്ട് എങ്ങനെ മറ്റു സാമൂഹിക സുരക്ഷാ പരിപാടികളും വികസന പ്രവര്‍ത്തനങ്ങളും നടപ്പാക്കും. ഇത്തരം സ്ഥിതിവിശേഷമാണ് കേരളത്തിന്‍െറ പ്രതിസന്ധിയുടെ മുഖ്യകാരണം.
ശമ്പള പരിഷ്കരണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു കഴിഞ്ഞാല്‍ വിവിധ സംഘടനകള്‍ എതിര്‍പ്പും പ്രതിഷേധവുമായി രംഗത്തു വരാറുണ്ട്. എന്നാല്‍, ഇപ്രാവശ്യം കാറ്റഗറി സംഘടനകളുടെ പ്രതിഷേധവും വളരെ കുറവാണ്. ഇതില്‍നിന്ന് വ്യക്തമാകുന്നത് പ്രതീക്ഷിച്ചതിലും വലിയ വര്‍ധന പരിഷ്കരണത്തില്‍ വന്നിട്ടുണ്ടെന്നാണ്. അതുപോലെ ഗൗരവത്തോടെ വിശകലനം ചെയ്യേണ്ട വസ്തുതയാണ് വിദ്യാഭ്യാസയോഗ്യതയും ശമ്പളനിര്ണയവും. നിയമങ്ങളും ചട്ടങ്ങളും ഭേദഗതി ചെയ്യുന്നത് അനിവാര്യമാണെങ്കിലും ഇവിടെയും കമീഷന് മൗനംപാലിക്കുകയാണ്. ഒരേ വിദ്യാഭ്യാസ യോഗ്യതയുള്ള തസ്തികകള്‍ക്ക് വിവിധ സ്കെയിലുകള്‍ നിര്‍ദേശിച്ചിട്ടുണ്ട്. കാര്യക്ഷമതയുമായി ബന്ധപ്പെട്ട ശമ്പള നിര്‍ണയ രീതി ഗുണംചെയ്യുമെങ്കിലും കമീഷന് വേണ്ടത്ര ശ്രദ്ധിക്കാറില്ല. ഭരണനിര്‍വഹണ സംവിധാനത്തെ പ്രോത്സാഹിപ്പിക്കപ്പെടേണ്ട ഇത്തരം പുതിയ മാനദണ്ഡങ്ങള്‍ കമീഷന്‍െറ രണ്ടാം റിപ്പോര്‍ട്ടില്‍ പ്രതീക്ഷിക്കാം.
വാര്‍ഷിക ഇന്‍ക്രിമെന്റ്, വീട്ടുവാടകബത്ത, സമയബന്ധിത ഹയര്‍ ഗ്രേഡ്, സര്‍വിസ് വെയ്റ്റേജ്, 25 വര്‍ഷത്തെ സര്‍വിസിന് ഫുള്‍ പെന്ഷന്, കുറഞ്ഞ പെന്‍ഷനും കൂടിയ പെന്‍ഷനും വര്‍ധിപ്പിച്ചത് മുതലായ നിര്‍ദേശങ്ങള്‍ ജീവനക്കാര്‍ക്ക് വളരെ ഗുണംചെയ്യും. ഓരോ വിഭാഗത്തിനും ഇതുവഴി വേണ്ടിവരുന്ന അധിക സാമ്പത്തിക ബാധ്യത എത്രയെന്ന് കണക്കാക്കുമ്പോഴാണ് മൊത്തം ബാധ്യതയുടെ വ്യാപ്തി മനസ്സിലാകുന്നത്. ഇത്തരം വസ്തുതകള്‍ ഒരുപക്ഷേ, മന്ത്രിസഭ ഉപസമിതി വിലയിരുത്തുമെന്ന് പ്രതീക്ഷിക്കാം. വേതന ബാധ്യത വര്‍ധിപ്പിക്കുന്ന ഒരു ഘടകം വാര്‍ഷിക ഇന്‍ക്രിമെന്റാണ്. നിലവിലുള്ള കുറഞ്ഞ ഇന്‍ക്രിമെന്റ് 230 രൂപയും കൂടിയത് 1200 രൂപയും ആയിരുന്നത് യഥാക്രമം 450 രൂപയും 2000 രൂപയുമായി വര്‍ധിപ്പിക്കും. വീട്ടുവാടക ബത്തയിലും ശരാശരി ഇരട്ടി വര്‍ധന നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനു ആനുപാതികമായ വര്‍ധന യാത്രാബത്തയിലും സറണ്ടര്‍ ലീവ് വേതനത്തിലും ദിവസവേതനക്കാര്‍ക്കും ബാധകമാകും. അതായത് വേതന വര്‍ധന മാത്രമല്ല, അതുമായി ബന്ധപ്പെട്ട എല്ലാ പരോക്ഷ ചെലവുകള്‍ക്കും ഇതു കാരണമാവുകയും വേതന ബാധ്യത മൊത്തത്തില്‍ ഉയരുകയും ചെയ്യും.
കേരളത്തിലെ ഭരണസംവിധാനം രണ്ടു തലങ്ങളിലാണ്. ഒന്ന് മന്ത്രിസഭയും സെക്രട്ടേറിയറ്റും ഉള്‍പ്പെട്ട സര്‍വിസ് ഭരണസംവിധാനം. രണ്ട് സെക്രട്ടേറിയറ്റിനു കീഴിലുള്ള ഭരണനിര്‍വഹണ വികസന കാര്യാലയങ്ങള്‍ ഉള്‍പ്പെട്ട സബോര്‍ഡിനേറ്റ് സര്‍വിസ്. ഭരണസംവിധാനത്തില്‍ സെക്രട്ടേറിയറ്റ് സര്‍വിസിനാണ് മേല്‍ക്കോയ്മ. നിയമങ്ങളും ചട്ടങ്ങളും നിര്‍മിക്കുകയും നടപ്പാക്കുകയും ചെയ്യുന്ന സെക്രട്ടേറിയറ്റ് സര്‍വിസ്, നിര്‍വഹണ കാര്യാലയ സബോര്‍ഡിനേറ്റ് സര്‍വിസിനെ എന്നും പുച്ഛത്തോടെ മാത്രമേ കണ്ടിട്ടുള്ളൂ. ശമ്പള കമീഷനിലെ തസ്തികകളെല്ലാം സെക്രട്ടേറിയറ്റ് സര്‍വിസ് സ്വന്തമാക്കും. അതുകൊണ്ടുതന്നെ ഏറ്റവും ഉയര്‍ന്ന ശമ്പള സ്കെയിലും അവര്‍ക്ക് സ്വന്തമാകും. സെക്രട്ടേറിയറ്റിലെ പ്രവേശ തസ്തികയായ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് (29200^59400) ശാസ്ത്രീയ മാനദണ്ഡമോ കാര്യക്ഷമതയോ ഇല്ലാതെ 97,000^ 1,20,000 സ്കെയിലുള്ള സ്പെഷല്‍ സെക്രട്ടറി പദവിയിലത്തെും. സെക്രട്ടേറിയറ്റ് അസിസ്റ്റന്റിന്‍െറ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത ബിരുദമാണ്. ടെസ്റ്റ് എഴുതി സെക്രട്ടേറിയറ്റ് അസിസ്റ്റന്റായി ജോലിയില്‍ പ്രവേശിക്കുന്ന വ്യക്തി ഉദ്യോഗക്കയറ്റംവഴി സ്പെഷല്‍ സെക്രട്ടറി പദവിവരെ എത്തുകയും സംസ്ഥാന സര്‍വിസിലെ ഏറ്റവും ഉയര്‍ന്ന ശമ്പളത്തിനൊപ്പം പ്രത്യേക ശമ്പളവും (സ്പെഷല്‍ പേ) സ്വന്തമാക്കിയിരുന്നു. ഏതായാലും പത്താം കമീഷന് പ്രത്യേക ശമ്പളം ഒഴിവാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. സെക്രട്ടേറിയറ്റുകാര് ഇങ്ങനെ സൃഷ്ടിക്കുന്ന അധികവേതന ബാധ്യതയുടെ ആഴം ആരും അളക്കാറില്ല. എല്ലാ കാര്യാലയങ്ങളിലേക്കും സെക്രട്ടേറിയറ്റില്‍നിന്നുള്ള അധിനിവേശവുമുണ്ട്. ഇതിനും പുറമെ പുതിയ വകുപ്പുകളും കമീഷനുകളും ആരംഭിക്കുമ്പോഴും അവിടെയെല്ലാം സെക്രട്ടേറിയറ്റ് ജീവനക്കാര്‍ അധിനിവേശം നടത്തും.
കേരളം പഞ്ചായത്തീരാജ്/നഗരപാലിക നിയമം നടപ്പാക്കി സംസ്ഥാന പദ്ധതിയുടെ 25^30 ശതമാനം തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്നുണ്ട്. മൂന്നിലൊന്നു പദ്ധതിവിഹിതം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്കുമ്പോള് ഇതുമായി ബന്ധപ്പെട്ട ജോലികളെല്ലാം തദ്ദേശ സ്ഥാപനങ്ങള്‍ ചെയ്യണം. അധികാരവും വിഭവവും വികേന്ദ്രീകരിക്കുമ്പോള്‍ സെക്രട്ടേറിയറ്റിലെ ജോലിഭാരം കുറയുകയും തദ്ദേശ സ്ഥാപനങ്ങളുടെ ജോലിഭാരം വര്‍ധിക്കുകയും ചെയ്യും. ഇതനുസരിച്ച് ജീവനക്കാരെ പുനര്‍വിന്യസിക്കണമെന്ന് ഭരണപരിഷ്കാര കമീഷന് നിര്‍ദേശിച്ചെങ്കിലും ഇതുവരെ നടപ്പായിട്ടില്ല. എന്നാല്‍, ഇതിനു വിരുദ്ധമായി അധിക തസ്തികകള്‍ സൃഷ്ടിക്കുകയും അധിക ബാധ്യത സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തിലെ സര്‍വകലാശാലകളിലെ ശമ്പള സ്കെയില്‍ സെക്രട്ടേറിയറ്റ് ശമ്പളത്തിന് സമാനമാണ്. കേരളത്തിലെ സര്‍വകലാശാല ഉദ്യോഗസ്ഥര്‍ നിലവില്‍ ക്ളറിക്കല്‍ ജോലികളാണ് ചെയ്യുന്നത്. ക്ളറിക്കല്‍ ജോലികള്‍ മാത്രം ചെയ്യുന്ന യൂനിവേഴ്സിറ്റി ഉദ്യോഗസ്ഥരുടെ ശമ്പളം പരിഷ്കരിച്ച് സെക്രട്ടേറിയറ്റിന് തുല്യമാക്കണോ എന്ന് ഗവണ്മെന്റും സര്‍വകലാശാലകളും ഗൗരവമായി ആലോചിക്കണം. അതുപോലെ പബ്ളിക് സര്‍വിസ് കമീഷന്, ഏ.ജി ഓഫിസ്, ലോക്കല്‍ ഫണ്ട് ഓഡിറ്റ് എന്നിവയിലെ ശമ്പളവും സെക്രട്ടേറിയറ്റിന് സമാനമാണ്. ഇതിനൊക്കെയുള്ള സാമ്പത്തികശേഷി കേരളത്തിന്‍െറ ഖജനാവിനുണ്ടോ?
ശമ്പളപരിഷ്കരണ കമീഷന് വേതനം മാത്രമല്ല പരിഷ്കരിക്കേണ്ടത്. ജീവനക്കാരുടെ നിലവിലുള്ള സേവന സംവിധാനവും ജീവനക്കാര്‍ സ്വന്തം താല്പര്യങ്ങള്ക്കുവേണ്ടി സൃഷ്ടിക്കുന്ന അധികച്ചെലവുകളും ഇത്തരം ചെലവുകളുടെ നിയന്ത്രണ ആവശ്യവും ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തന കാര്യക്ഷമതയും എല്ലാം വിശദമായി വിലയിരുത്തി വിശകലനം ചെയ്യണം. ഉദ്യോഗസ്ഥരുടെ ഡെപ്യൂട്ടേഷന്, മറ്റു ഡ്യൂട്ടികള്‍, പുനര്‍വിന്യാസം മുതലായ കാര്യങ്ങള്‍ വിശദമായി വിശകലനം ചെയ്യേണ്ടതുണ്ട്. സര്‍ക്കാര്‍ വേതനം വാങ്ങുന്ന ജീവനക്കാരുടെ രാഷ്ട്രീയ പ്രവര്‍ത്തനം, തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള മത്സരം, അംഗത്വം, സര്‍വിസ് സംഘടനകളുടെ രാഷ്ട്രീയ പ്രവര്‍ത്തനം മുതലായ കാര്യങ്ങളും വിലയിരുത്തണം.
മന്ത്രിമാരുടെ പേഴ്സനല്‍ സ്റ്റാഫ്, വിവിധ വകുപ്പുകളിലേക്കുള്ള ഡെപ്യൂട്ടേഷന് എന്നിവയിലൂടെ സെക്രട്ടേറിയറ്റില്‍ സൃഷ്ടിക്കപ്പെടുന്ന അധിക പോസ്റ്റുകളെപ്പറ്റിയും ഉദ്യോഗക്കയറ്റത്തെപ്പറ്റിയും ഇത് സൃഷ്ടിക്കുന്ന അധിക സാമ്പത്തിക ബാധ്യതയെപ്പറ്റിയും ഗൗരവമായ പഠനം ഇനിയെങ്കിലും നടത്തണം. സെക്രട്ടേറിയറ്റുകാരുടെ അധിനിവേശം വഴി ഉദ്യോഗക്കയറ്റം നഷ്ടപ്പെടുന്ന സബോര്‍ഡിനേറ്റ് സര്‍വിസ് ജീവനക്കാരുടെ നഷ്ടത്തെപ്പറ്റിയും പഠിക്കണം.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Oct 2015 7:37 AM GMT Updated On
date_range 2015-10-20T13:07:27+05:30ശമ്പള പരിഷ്കരണവും സേവന-വേതന വ്യവസ്ഥകളും
text_fieldsNext Story