Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightപ്രതിഷേധത്തിന്‍െറ...

പ്രതിഷേധത്തിന്‍െറ രാഷ്ട്രീയം

text_fields
bookmark_border
പ്രതിഷേധത്തിന്‍െറ രാഷ്ട്രീയം
cancel

പ്രശസ്ത ദലിത് എഴുത്തുകാരനായ ശരണ്‍കുമാര്‍ ലിംബാലെ ഫേസ്ബുക്കില്‍  ഇങ്ങനെ എഴുതി: 1950 മുതല്‍ 2010 വരെയുള്ള മറാത്തി കവിതയെക്കുറിച്ചുള്ള ഒരു സമാഹാരം തയാറാക്കാന്‍ എന്നോട് സാഹിത്യ അക്കാദമി ആവശ്യപ്പെട്ടു. ഞാന്‍ കൊടുത്ത ഡ്രാഫ്റ്റ് അവര്‍ മൂന്നു വര്‍ഷം മുമ്പ് സ്വീകരിച്ചു. പക്ഷേ, അക്കാദമി ആ പുസ്തകം പ്രസിദ്ധീകരിച്ചില്ല. ഞാന്‍ റാവുവിനോടും കിമ്പാനെയോടും  ഇതിനെപ്പറ്റി  ചോദിച്ചു. കിമ്പാനെ പറയുന്നത് ചില മറാത്തി കവികള്‍ എന്‍െറ പേര്‍ എഡിറ്ററായി വരുന്നത് ഇഷ്ടപ്പെടുന്നില്ളെന്നാണ്. അതുകൊണ്ട് ഞാന്‍ എഡിറ്ററായി വരാന്‍ ഇഷ്ടപ്പെടാത്തവരുടെ പേര്‍ ഒഴിവാക്കി പുസ്തകം പ്രസിദ്ധീകരിക്കാന്‍ ആവശ്യപ്പെട്ടു. പക്ഷേ, സാഹിത്യ അക്കാദമി പിന്നെ എന്‍െറ പുസ്തകത്തിന്‍െറ കാര്യത്തില്‍ വലിയ  താല്‍പര്യവും കാണിച്ചില്ല.  

ദാദ്രിയില്‍ ബീഫ്  സൂക്ഷിച്ചുവെന്നാരോപിച്ച് ഒരു  മുസ്ലിമിനെ കൊന്നതിന്‍െറ പേരിലും കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവായിരുന്ന പ്രഫസര്‍ കുല്‍ബര്‍ഗിയുടെ വധത്തില്‍ പ്രതിഷേധിച്ചും ധാരാളം എഴുത്തുകാര്‍, കേന്ദ്ര സാഹിത്യ അക്കാദമി അംഗത്വവും പുരസ്കാരങ്ങളും പദവികളും  ഉപേക്ഷിച്ചുകൊണ്ട്,  സംഘ്പരിവാര്‍ രാഷ്ട്രീയത്തിനെതിരെ പ്രതിഷേധിക്കുന്ന സന്ദര്‍ഭത്തിലാണ് ലിംബാലെയുടെ ഫേസ്ബുക് പോസ്റ്റ്. ദലിത് എഴുത്തിന്‍െറ മേഖലയിലെ പ്രധാന ശബ്ദങ്ങളില്‍ ഒന്നായ ലിംബാലെയുടെ കുറിപ്പ് അടിയന്തരശ്രദ്ധ ആവശ്യമുള്ള മറ്റു ചില രാഷ്ട്രീയ പ്രശ്നങ്ങളെക്കൂടി വെളിച്ചത്തുകൊണ്ടുവരുന്നു.  

അപൂര്‍വം  ചില അപവാദങ്ങള്‍ ഒഴിച്ചാല്‍ വലിയതോതില്‍  ഇടതുപക്ഷ  ലിബറല്‍ മേലങ്കിയണിഞ്ഞ സ്ഥാപനമാണ് കേന്ദ്ര സാഹിത്യ അക്കാദമി. എന്നാല്‍, എന്താണ് ഈ സ്ഥാപനങ്ങളിലെ ദലിത് ബഹുജന്‍ ന്യൂനപക്ഷ പ്രാതിനിധ്യം? എന്തുകൊണ്ട് രാജ്യത്ത്  സംഘ്പരിവാര്‍ / മേല്‍ജാതി  അക്രമത്തിനു നേരിട്ട്  വിധേയമാകുന്ന സാമൂഹിക വിഭാഗങ്ങള്‍ക്ക് ഇത്തരം വേദികളില്‍ വലിയ പ്രാതിനിധ്യം കിട്ടിയിരുന്നില്ല? ഈ ചോദ്യങ്ങളൊക്കെ  ഇപ്പോള്‍ തല്‍ക്കാലം നീട്ടിവെക്കാം, പകരം നമുക്ക് കൂടുതല്‍ എഴുത്തുകാരെ  സംഘ്പരിവാര്‍ വിരുദ്ധ പ്രതിഷേധത്തിന്‍െറ ഭാഗമായി കൊണ്ടുവരാം എന്നാണ് ചില സുഹൃത്തുക്കള്‍ പറയുന്നത്. പക്ഷേ, ഈ ചോദ്യങ്ങള്‍ അധികം നീട്ടിവെക്കേണ്ടതില്ല എന്നാണു തോന്നുന്നത്. കാരണം, സംഘ്പരിവാറിന്‍െറ നിയന്ത്രണത്തിലുള്ള മോദി ഭരണകൂടത്തെക്കുറിച്ചുള്ള വിമര്‍ശത്തിന് പ്രാധാന്യം ഉള്ളതോടൊപ്പംതന്നെ സംഘ്പരിവാര്‍ ഉന്നയിക്കുന്ന മേല്‍ജാതി  രാഷ്ട്രീയത്തിന്‍െറ മറ്റുകൈവഴികളും തുറന്നുകാട്ടപ്പെടണം. സംഘ്പരിവാര യുക്തിയില്‍ പ്രവര്‍ത്തിക്കുന്നതും പരോക്ഷമായി മേല്‍ജാതി ഉള്ളടക്കവുമുള്ള എല്ലാ രാഷ്ട്രീയവും വിമര്‍ശിക്കപ്പെടുന്നതിലൂടെ മാത്രമേ സമഗ്രമായ ഒരു വിമര്‍ശ മണ്ഡലം സംഘ്പരിവാരത്തിനെതിരെ വികസിച്ചുവരൂ. ലിംബാലെയുടെ ഇടപെടലിനെ നാം അങ്ങനെയാണ് വായിക്കേണ്ടത്.

എഴുത്തുകാരും സമൂഹവും തമ്മിലെ ബന്ധത്തെക്കുറിച്ചുകൂടി ഈ സന്ദര്‍ഭത്തില്‍ ആലോചിക്കേണ്ടതുണ്ട്. അക്രമങ്ങള്‍ക്കും അനീതിക്കും വിധേയരാകുന്ന സമൂഹങ്ങളില്‍നിന്ന് ഉയര്‍ന്നുവരുന്ന എഴുത്തുകാര്‍ക്ക് തങ്ങള്‍ അനുഭവിക്കുന്ന അനീതിയെക്കുറിച്ച് സ്വന്തം വ്യാകരണത്തില്‍തന്നെ സംസാരിക്കാന്‍ കഴിയേണ്ടതുണ്ട്. അത് സാമൂഹിക ആനുകൂല്യങ്ങള്‍ ധാരാളമുള്ള എഴുത്തുകാരുടെ പ്രക്ഷോഭരീതിയില്‍നിന്ന് വ്യത്യസ്തമാണ്. അതുകേള്‍ക്കാനും അവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനും ജന്മംകൊണ്ടും കര്‍മംകൊണ്ടും ധാരാളം സാമൂഹിക ആനുകൂല്യങ്ങള്‍ പറ്റുന്ന, അധികാരമുള്ള സമൂഹങ്ങളില്‍നിന്നുള്ള എഴുത്തുകാര്‍ ബാധ്യസ്ഥരാണ്.

മറ്റൊരു പ്രധാനകാര്യം, പ്രതിഷേധത്തിന്‍െറ മണ്ഡലത്തെ കൂടുതല്‍ വിപുലീകരിക്കുന്നതുസംബന്ധിച്ചാണ്. ഇതിന് പുതിയ കാലത്ത് ഏറെ പ്രാധാന്യമുണ്ട്. കാരണം, പഴയപോലെ ജനാധിപത്യ രാഷ്ട്രീയത്തിന്‍െറ പ്രശ്നങ്ങള്‍ ചില പാര്‍ട്ടിക്കാര്‍ നോക്കിക്കൊള്ളും, അല്ളെങ്കില്‍ ഗ്ളാമര്‍ ഉള്ള എഴുത്തുകാര്‍ നോക്കും എന്ന് കരുതേണ്ടതില്ല. മറ്റൊരര്‍ഥത്തില്‍, ‘വിപ്ളവമുന്നണി പോരാളികള്‍’ എന്ന ഗണം അസ്തമിച്ചിരിക്കുന്നു. ജനാധിപത്യ ബഹുസ്വരതയുടെ കാലമാണിത്. അതുകൊണ്ട് ആധികാരികതയുള്ള പ്രത്യേക ശബ്ദങ്ങള്‍ മാത്രം എന്താണ് പ്രതിഷേധം എന്നു തീരുമാനിക്കും എന്ന്  കരുതേണ്ടതില്ല. എന്തിനെതിരെ പ്രതിഷേധിക്കുന്നു എന്നപോലത്തെന്നെ പ്രധാനമാണ് പ്രതിഷേധത്തിന്‍െറ ഭാഷയും വ്യാകരണവും.

ജനാധിപത്യ സമരങ്ങളുടെ ഭാഗമായി ബോധ്യപ്പെട്ട ഒരു കാര്യം, എല്ലാ ഇടങ്ങളും അധികാരത്തിന്‍െറ നിര്‍മാണം നടക്കുന്നവയാണ് എന്നാണ്. അതുകൊണ്ട്സ്വന്തം അധികാരത്തെക്കുറിച്ച്, സ്വന്തം സാമൂഹിക സ്ഥാനത്തിനു കിട്ടുന്ന ആനുകൂല്യത്തെക്കുറിച്ച് സംസാരിച്ചുകൊണ്ടുകൂടിയല്ലാതെ എഴുത്തുകാര്‍ക്ക് ആ രാഷ്ട്രീയം പറയാന്‍ സാധിക്കാതെവരുന്നു. ലോകവ്യാപകമായി ന്യൂനപക്ഷ  സാഹിത്യങ്ങള്‍ ഉണ്ടായതിന്‍െറ രാഷ്ട്രീയവും ഇതുതന്നെയാണ്.    

ഇക്കാരണങ്ങള്‍കൊണ്ടെല്ലാം, സാഹിത്യ അക്കാദമിയെക്കുറിച്ച് പറയുമ്പോള്‍ പുരോഗമന ഇടത്തിലെ പുറന്തള്ളല്‍ എന്ന പ്രശ്നത്തെക്കുറിച്ചുകൂടി സംസാരിച്ചുകൊണ്ടല്ലാതെ ഒരുരാഷ്ട്രീയ വിശകലനം നടത്താന്‍ ലിംബാലെക്ക് സാധിക്കുന്നില്ല. കാരണം, സാമൂഹികമായും  സാംസ്കാരികമായുമുള്ള പുറന്തള്ളല്‍ അശോക് വാജ്പേയിയെപ്പോലെയോ സച്ചിദാനന്ദനെപ്പോലെയോ ആനന്ദിനെപ്പോലെയോ അല്ലല്ളോ ദലിത് എഴുത്തുകാരനായ ലിംബാലെ അനുഭവിച്ചിട്ടുണ്ടാകുക. അദ്ദേഹത്തിന്‍െറ അനുഭവങ്ങള്‍ വ്യത്യസ്തമാണ്. ആ അനുഭവത്തിന്‍െറ അപൂര്‍വതയെപ്പറ്റി പറയാനും കേള്‍ക്കാനും അങ്ങനെ ജനാധിപത്യ രാഷ്ട്രീയത്തെ വിപുലീകരിക്കാനുമാണ് നാം തയാറാവേണ്ടത്.

അവാര്‍ഡ് നിരാസത്തിന്‍െറ രാഷ്ട്രീയമല്ല, അദ്ദേഹം മറ്റൊരു നിരാസത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. എന്തുകൊണ്ട് തന്നെപ്പോലുള്ളവരുടെ സൃഷ്ടികള്‍ ധാരാളം പുരോഗമനകാരികള്‍ പ്രവര്‍ത്തിച്ച ഇടമായ സാഹിത്യ അക്കാദമിയില്‍ തമസ്കരിക്കപ്പെട്ടു എന്നാണ് അദ്ദേഹം ചോദിക്കുന്നത്. എഴുത്തുകാരന്‍ എന്ന നിലയില്‍ അനുഭവിച്ച വിവേചനത്തെക്കുറിച്ച് സംസാരിച്ചാണ് അദ്ദേഹം അക്കാദമിയെക്കുറിച്ച് സംസാരിക്കുന്നത്. ഈ സംസാരം അനാവശ്യമാണ് എന്ന് തോന്നുന്നില്ല. ഇത് പ്രതിഷേധത്തിനുള്ളിലെ പ്രതിഷേധം എന്ന നിലയില്‍ കാണാന്‍ നാം തയാറാവണം.
പുരോഗമന രാഷ്ട്രീയത്തിന്‍െറ വ്യാകരണത്തിനു പുറത്തുള്ള  രാഷ്ട്രീയവിഷയങ്ങള്‍ സംസാരിക്കുന്ന, എന്നാല്‍ സംഘ്പരിവാര രാഷ്ട്രീയത്തെ എതിര്‍ക്കുന്ന, ലിബറല്‍ എഴുത്തുകാരുടെ പരികല്‍പനകളെ ലംഘിക്കുന്ന,  ലിംബാലെയുടെ ഇടപെടല്‍ രാഷ്ട്രീയ പ്രതിഷേധത്തിന്‍െറ മണ്ഡലത്തെ കൂടുതല്‍ ജനാധിപത്യവത്കരിക്കുകയും ബഹുസ്വരമാക്കുകയുമാണ് ചെയ്യുന്നത്. ഒപ്പം, അക്കാദമിക്കെതിരായ  പ്രതിഷേധത്തിന്‍െറ രാഷ്ട്രീയവും ചര്‍ച്ചയാവുന്നതോടെ സമഗ്രാധിപത്യത്തിനെതിരായ പുതിയ ജനാധിപത്യ അന്വേഷണങ്ങള്‍ സൂക്ഷ്മതലത്തിലേക്ക് വികസിക്കുകയാണ് ചെയ്യുന്നത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story