ഒരിക്കലും നടപ്പാക്കപ്പെടാത്ത ശിക്ഷാവിധികള്‍
text_fieldsഇന്ത്യയിലെ പാരിസ്ഥിതിക നിയമങ്ങളെല്ലാം കോര്‍പറേറ്റ് ശക്തികള്‍ക്കുവേണ്ടി, വികസനത്തിനും മൂലധന വരവിനുംവേണ്ടി മാറ്റാന്‍ തീരുമാനിച്ചതിന്‍െറ ഭാഗമായണല്ളോ കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷാവസാനത്തില്‍ ടി.ആര്‍. സുബ്രഹ്മണ്യത്തിന്‍െറ അധ്യക്ഷതയിലുള്ള ഒരു പരിശോധനാ സമിതി രൂപവത്കരിച്ചത്. അവര്‍ പരിശോധിച്ച ആറു നിയമങ്ങള്‍ (വായു, ജലം, വന്യജീവികള്‍, തീരദേശം, പരിസ്ഥിതി സംരക്ഷണം) സമഗ്രമായി മാറ്റാനാണ് പരിപാടി. ദുര്‍ബലമായിട്ടാണെങ്കിലും പരിസ്ഥിതി നിയമലംഘനങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ ഈ നിയമങ്ങള്‍ ഏറെ പ്രയോജനപ്പെട്ടിട്ടുണ്ട്. ഈ നിയമങ്ങള്‍ മാറ്റുകയെന്നതിനെ (പൊതുവെ, കാലാനുസൃതമായി നിയമമാറ്റം വരുത്തുന്നതുപോലെയല്ല) സംശയത്തോടെ കണ്ടുകൊണ്ടിരുന്നപ്പോഴാണ് 2015 ഒക്ടോബര്‍ ഏഴാം തീയതി കേന്ദ്ര സര്‍ക്കാറിന്‍െറ കീഴിലുള്ള വനം-പരിസ്ഥിതി മന്ത്രാലയത്തിന്‍െറ ഒരു വിജ്ഞാപനം അവരുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നത്. 1986ലെ പരിസ്ഥിതി സംരക്ഷണനിയമം എന്ന കേന്ദ്രസ്ഥാനത്തുള്ള നിയമത്തില്‍ ഭേദഗതി വരുത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ അക്കമിട്ടുനിരത്തുകയാണ്. ഒപ്പം, 2010 ലെ ദേശീയ ഹരിത ട്രൈബ്യൂണല്‍ നിയമത്തിലും അനുബന്ധമായ ചില ഭേദഗതികള്‍ വരുത്തുന്നുണ്ട്. ഒക്ടോബര്‍ 22നകം ഇതുസംബന്ധിച്ച അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറിയിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
ആദ്യമായി നമുക്ക് പ്രധാന ഭേദഗതി നിര്‍ദേശങ്ങള്‍ പരിശോധിക്കാം. പരിസ്ഥിതി നിയമലംഘനം എന്നാല്‍ എന്ത് എന്ന നിര്‍വചനത്തില്‍ തന്നെ തുടങ്ങുന്നു. പരിസ്ഥിതി നിയമലംഘനങ്ങളെ വളരെ നിസ്സാരം (മൈനര്‍), അത്ര ഗൗരവകരമല്ലാത്തത് (നോണ്‍ സിഗ്നിഫിക്കന്‍റ്) , ഗുരുതരമായവ (സിഗ്നിഫിക്കന്‍റ്) എന്നാണ് തിരിച്ചിരിക്കുന്നത്. അടുത്ത പ്രധാന മാറ്റം വരുത്തുന്നത് ഇതിനുള്ള ശിക്ഷാവിധികള്‍ പ്രഖ്യാപിക്കുന്നിടത്താണ്. 15ാം വകുപ്പിലാണ് മുമ്പ് ശിക്ഷയുടെ രീതി പറഞ്ഞിരുന്നത്. ഇപ്പോള്‍ 14ാം വകുപ്പിലും 15ലുമായി ശിക്ഷ വ്യാപിപ്പിച്ചിരിക്കുന്നു. നിലവിലുള്ള നിയമമനുസരിച്ച് പരിസ്ഥിതി നിയമലംഘനം ഉണ്ടായാല്‍ ഒരാള്‍ക്ക് പരമാവധി അഞ്ചുവര്‍ഷം വരെ കഠിനതടവും ഒരു ലക്ഷം രൂപവരെ പിഴയും (ഇവ രണ്ടും ചേര്‍ത്തും അല്ലാതെയും) ആയിരുന്നു ശിക്ഷ. 14 എ, ബി,സി എന്നീ വകുപ്പുകളില്‍ യഥാക്രമം ഗുരുതരം, അത്ര ഗുരുതരമല്ലാത്തത്, തീര്‍ത്തും നിസ്സാരം എന്നീ കുറ്റങ്ങള്‍ക്കുള്ള ശിക്ഷകള്‍ വിവരിച്ചിരിക്കുന്നു. 14 (എ) വകുപ്പിലെ ഒന്നാം ഉപവകുപ്പിനനുസരിച്ച് ഒരു നിയമ ലംഘനം നടത്തി അതിന്‍െറ ഗുരുതരമായ നാശങ്ങള്‍ ആ പദ്ധതി പ്രദേശത്തിന്‍െറ അഞ്ച് കിലോമീറ്റര്‍ ചുറ്റളവിനകത്താണെങ്കില്‍ ഏറ്റവും കുറഞ്ഞ പിഴ അഞ്ച് കോടി രൂപയാണ്. ഇത് പരമാവധി 10 കോടിവരെ ഉയരാം. രണ്ടാം ഉപവകുപ്പനുസരിച്ച് നാശം അഞ്ചു മുതല്‍ പത്തുവരെ കിലോമീറ്റര്‍ ചുറ്റളവിലാണെങ്കില്‍ പിഴ പത്തു കോടി മുതല്‍ 15 കോടി വരെയാകും. നാശം പത്തു കിലോമീറ്ററിനും പുറത്തേക്കുപോകുകയാണെങ്കില്‍ പിഴ 15 കോടി മുതുല്‍ 20 കോടിവരേയോ ആകാം. നിയമലംഘനം കണ്ടത്തെിയിട്ടും അതു തുടര്‍ന്നാല്‍ പിഴ പിന്നെയും കോടിക്കണക്കിനായിരിക്കും.
14 (സി) വകുപ്പ് സാധാരണ ശിക്ഷാനിയമത്തിലെ പെറ്റികേസ് വിഭാഗത്തില്‍പ്പെടുന്നവയാണ്. ആയിരം മുതല്‍ 5000 രൂപവരെ പിഴയടക്കണം. കുറ്റം തുടര്‍ന്നാല്‍ 5000 വരെ അധിക പിഴയും അടക്കണം. 14 (സി) ഉപവകുപ്പനുസരിച്ച് ‘അത്ര ഗുരുതരമല്ലാത്ത’ കുറ്റങ്ങള്‍ക്ക് ഒരു ലക്ഷം മുതല്‍ ഒരു കോടി രൂപ വരെയാകും പിഴ.
15ാം വകുപ്പിലാണ് തടവു ശിക്ഷയെക്കുറിച്ച് പറയുന്നത്. 14 (എ) അനുസരിച്ച് ‘ഗുരുതരമായ’ കുറ്റം ചെയ്യുന്നവര്‍ക്ക് മാത്രമാണ് തടവുശിക്ഷയുള്ളത്. ഏറ്റവും കുറഞ്ഞ തടവുശിക്ഷ ഏഴു വര്‍ഷമാണ്. പരമാവധി ജീവപര്യന്തംവരെയായി അതു കൂടാം, ഇത് പിഴക്കുപുറമെയുള്ളതാണ്. ഇതുകൂടാതെ, ഈ ശിക്ഷാവിധികള്‍ നടപ്പാക്കാനായി അധികാര സംവിധാനങ്ങളെക്കുറിച്ചും വിവിധ ഭേദഗതികള്‍ വിവരിക്കുന്നുണ്ട്. ഈ അധികാരികള്‍ വിധിക്കുന്ന ശിക്ഷക്കെതിരെ അപ്പീല്‍ പോകാനുള്ളത് ദേശീയ ഹരിത ട്രൈബ്യൂണലിലാണ്. ഈ ശിക്ഷാവിധി നടപ്പാക്കുന്ന ഭരണാധികാരികളെ നിശ്ചയിക്കുന്നതും നിയമിക്കുന്നതും കേന്ദ്ര സര്‍ക്കാറാണ്.
നിയമഭേദഗതി കൊണ്ടുവരുന്നത് മോദി സര്‍ക്കാര്‍ ആണ് എന്നുകൊണ്ടുമാത്രം അതു തെറ്റാണെന്ന് പറയാനാവില്ലല്ളോ. പാരിസ്ഥിതിക നാശങ്ങള്‍ അതിവേഗം വര്‍ധിച്ചുകൊണ്ടിരിക്കുന്ന കാലമാണിത്. ഖനനമായാലും മലിനീകരണമായാലും വനനാശമായാലും കൂടുകതന്നെയാണ്. അതിന്‍െറ ദുരിതങ്ങള്‍ ഏറ്റുവാങ്ങേണ്ടിവരുന്നത് ലക്ഷക്കണക്കിനു മനുഷ്യരടക്കമുള്ള ജീവി-സസ്യവംശങ്ങള്‍ക്കും അവയുടെ തലമുറകള്‍ക്കുമാണെന്നതിനാല്‍ അതിനുള്ള ശിക്ഷാ നിരക്കുകള്‍ വര്‍ധിപ്പിക്കുന്നതില്‍ എന്തെങ്കിലും തെറ്റുണ്ടെന്നും പറയാനാവില്ല. പിഴശിക്ഷ കോടിക്കണക്കിനു രൂപയാക്കുക വഴി ഇത്തരം നിയമലംഘനങ്ങള്‍ തടയാനാകുമെന്ന ‘ശിക്ഷാശാസ്ത്ര’തത്ത്വങ്ങള്‍ നടപ്പില്‍വരുത്താനാണ് ശ്രമം. അവര്‍ സൃഷ്ടിക്കുന്ന നാശവും അതില്‍ നിന്നും അവര്‍ക്കുണ്ടാകുന്ന ലാഭവും മറ്റും കണക്കിലെടുത്താകും ഓരോ കുറ്റത്തിനുമുള്ള പിഴ നിശ്ചയിക്കുകയെന്നും പറയുന്നുണ്ട്.
എന്നാല്‍, ഇവിടെ ഉയരുന്ന സംശയങ്ങള്‍ മറ്റു ചിലവയാണ്. ‘ഏറ്റവും ഗുരുതരം’ എന്നു പറയപ്പെടുന്ന വിഭാഗത്തിലെ കുറ്റങ്ങള്‍ക്കു മാത്രമേ തടവുശിക്ഷയുള്ളൂ എന്നതാണ് ഒന്നാമത്തെ പ്രശ്നം. ഇന്നു നടക്കുന്ന നിയമലംഘനങ്ങളില്‍ മഹാഭൂരിപക്ഷത്തേയും ‘അത്ര ഗുരുതരമല്ലാത്തവ’ എന്ന നിലയില്‍ രണ്ടാം വിഭാഗത്തിലേക്കു മാറ്റാന്‍ ഉദ്യോഗസ്ഥര്‍ക്കു കഴിയും. അതിനുവേണ്ടി വന്‍ തുകകള്‍ തന്നെ വാരിയെറിയാന്‍ ലംഘകര്‍ക്കു കഴിയും. ഇതിന്‍െറ ഫലമായി ശിക്ഷ പരമാവധി ഒരു കോടിയെന്നതില്‍ ഒതുങ്ങും. ചുരുക്കത്തില്‍, ഒരുമാതിരി നിയമലംഘനങ്ങള്‍ക്കെല്ലാം ഒരു കോടിയില്‍ താഴെ പിഴ ഒടുക്കിയാല്‍ ഒരു തടസ്സവുമില്ലാതെ രക്ഷപ്പെടാം. പാറമടകളടക്കമുള്ള ഏതു നിയമലംഘകനും ഒരു കോടി മുടക്കാന്‍ ഒരു മടിയുമുണ്ടാകില്ല. അതില്‍നിന്നും പലമടങ്ങ് പണം ലഭിച്ചിരിക്കും. ഫലത്തില്‍, ലാഭത്തിന്‍െറ ചെറിയൊരു പങ്ക് മുടക്കിയാല്‍ എല്ലാ കുറ്റങ്ങളും ഇല്ലാതാക്കപ്പെടും. ഇതാണ് ഈ നിയമത്തിന്‍െറയും പ്രധാന പ്രശ്നം. തീരുമാനമെടുക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് അങ്ങേയറ്റത്തെ ‘വിവേചനാധികാരം’ ഇക്കാര്യത്തില്‍ നല്‍കുന്നു. അഞ്ചു കിലോമീറ്റര്‍വരെയൊക്കെ ദൂരെ നാശം ഉണ്ടാക്കുന്ന നിയമലംഘനങ്ങള്‍ കണ്ടത്തെുക പ്രയാസമാണെന്നതിനാല്‍ ഒരു കോടി പിഴയെന്നതിനപ്പുറം ഒരു ശിക്ഷ ഈ ഭേദഗതി നടപ്പായാല്‍ ഉണ്ടാകില്ല. ഏതെങ്കിലും വിധത്തില്‍ ‘ഗുരുതരമായ’ കുറ്റം ആരോപിക്കപ്പെട്ടാല്‍തന്നെ വന്‍തുക മുടക്കി തടവുശിക്ഷയില്‍നിന്നു രക്ഷപ്പെടാന്‍ നിയമലംഘകര്‍ക്കു കഴിയും.
ഈ ചിന്തയിലേക്ക് നയിച്ചത് മുന്‍കാല അനുഭവങ്ങള്‍കൂടിയാണ്. നിലവിലുള്ള നിയമമനുസരിച്ച് ഒരു വര്‍ഷം മുതല്‍ അഞ്ചു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളുണ്ട്. കേരളത്തിന്‍െറ മാത്രം കാര്യമെടുക്കാം. ഇവിടെ നിരവധി പാരിസ്ഥിതിക നാശങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നു നമുക്കറിയാം. ഖനനമാണെങ്കിലും പാടം നികത്തലും കുന്നിടിക്കലും വായുമലിനീകരണവും മറ്റുമാണെങ്കിലും നാശം വ്യാപകമായിട്ടുണ്ട്. 1986 മുതല്‍ ഈ നിയമം പ്രാബല്യത്തിലുണ്ട്. ചാലിയാര്‍ (ഗ്വാളിയോര്‍), പെരിയാര്‍, ചാലക്കുടിപ്പുഴ (കാതിക്കുടം നിറ്റാജലാറ്റിന്‍) തുടങ്ങിയവയുടെ നാശം ആര്‍ക്കും അവഗണിക്കാനാവില്ലതാനും. നാളിതുവരെ ഒരൊറ്റ കമ്പനിക്കെതിരെയും ഒരു ശിക്ഷാ നടപടിപോലും (പിഴപോലും) സ്വീകരിക്കാന്‍ നമ്മുടെ സംവിധാനങ്ങള്‍ക്കായിട്ടില്ളെന്നതുതന്നെ ഇതിന്‍െറ പൊള്ളത്തരം വ്യക്തമാക്കുന്നു. ഇത്ര ചെറിയ പിഴകൊണ്ടുപോലും നടപ്പാക്കാന്‍ കഴിയാത്തിടത്ത് ഉയര്‍ന്ന പിഴയും തടവും കൊണ്ടുവന്നതുകൊണ്ടെന്തു പ്രയോജനം? തന്നെയുമല്ല ഏതു കുറ്റത്തെയും ‘ഗുരുതരമല്ലാത്തത്’ എന്ന വിഭാഗത്തില്‍പ്പെടുത്താന്‍ ഒരവസരംകൂടി നല്‍കുകവഴി അവര്‍ക്കു സമ്പൂര്‍ണ സംരക്ഷണം നല്‍കുന്നതാണ് ഈ നിയമഭേദഗതി.
ഇതിലൂടെ അക്ഷരാര്‍ഥത്തില്‍ ‘കണ്ണില്‍ പൊടിയിടല്‍’ മാത്രമാണ് നടക്കുന്നത്. തങ്ങള്‍ വലിയ പരിസ്ഥിതി സംരക്ഷകരാണെന്നു ബോധ്യപ്പെടുത്തല്‍ മാത്രം. ഇതിനോടൊപ്പം പ്രധാന പാരിസ്ഥിതിക നിയമങ്ങളില്‍ (ജലം, വായു, വനം, വന്യജീവി മുതലായ നിയമങ്ങളില്‍) ഒട്ടനവധി ഇളവുകള്‍ നല്‍കുന്ന സുബ്രഹ്മണ്യ കമ്മിറ്റി റിപ്പോര്‍ട്ടുകൂടി നടപ്പാക്കിയാല്‍ പിന്നെ പ്രകൃതിവിഭവം കൊള്ളയടിക്കാന്‍ വരുന്നവര്‍ക്ക് ചുവപ്പ് പരവതാനി വിരിക്കുകയാകും ഫലം. പൊതുജനത്തിനു മുന്നില്‍ ‘പരിസ്ഥിതി നിയമലംഘകര്‍ക്ക്’ കടുത്ത ശിക്ഷ നല്‍കുന്ന ഭരണകൂടം എന്ന പ്രതിച്ഛായയും നിലനിര്‍ത്താം. പണംകൊണ്ട് ഏതു നിയമലംഘനവും മറികടക്കാമെന്ന ധൈര്യം നല്‍കുകവഴി ‘നിക്ഷേപക സൗഹൃദ’രാഷ്ട്രമായി ഇന്ത്യയെ മാറ്റുകയുമാകാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
