Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഅഭിഷിക്തന്‍

അഭിഷിക്തന്‍

text_fields
bookmark_border
അഭിഷിക്തന്‍
cancel


വെള്ളമോ മറ്റു ദ്രവപദാര്‍ഥങ്ങളോ ഉപയോഗിച്ച് നനക്കുന്നതിനാണ് അഭിഷേകം എന്നു പറയുക. പൂജയുടെ ഭാഗമായി ഹിന്ദുമതവിശ്വാസികള്‍ ദേവവിഗ്രഹങ്ങളെ വിധിപ്രകാരം കുളിപ്പിച്ച് അഭിഷേകംചെയ്യാറുണ്ട്. കളഭം, പഞ്ചാമൃതം, പുഷ്പം, നെയ്യ്, പാല്‍ എന്നിവയൊക്കെയാണ് പതിവായി അഭിഷേകത്തിന് ഉപയോഗിക്കാറ്. എന്നാല്‍, കറകളഞ്ഞ വിശ്വാസികളായ ശിവസേനക്കാര്‍ ഇക്കൂട്ടത്തില്‍ കരിഓയില്‍കൂടി ഉപയോഗിക്കാറുണ്ട്. രാജാവായും മഠാധിപതിയായുമൊക്കെ സ്ഥാനമേല്‍ക്കുന്ന അഭിഷേകച്ചടങ്ങില്‍ ശിരസ്സില്‍ വിശുദ്ധജലമൊഴിക്കുന്ന ഏര്‍പ്പാടുണ്ടല്ളോ. സംഘ്പരിവാര്‍ എന്ന സ്വന്തം കുടുംബത്തില്‍പെട്ട സുധീന്ദ്ര കുല്‍കര്‍ണിയെ പാക് ഏജന്‍റായി വാഴിക്കുന്ന ചടങ്ങില്‍ ശിവസേന ഉപയോഗിച്ചത് കരിഓയില്‍ ആണ്. അങ്ങനെ കരിഓയിലിനാല്‍ അഭിഷിക്തനായി നില്‍ക്കുന്ന സുധീന്ദ്ര കുല്‍കര്‍ണിയുടെ പടം സുന്ദരസുരഭില ജനാധിപത്യഭാരതത്തിലെ അഭിപ്രായസ്വാതന്ത്ര്യത്തിന്‍െറ പ്രോജ്ജ്വലപ്രതീകങ്ങളിലൊന്നായി മാറിയിരിക്കുകയാണ്. ശിവസേനക്ക് സ്തുതി പറയണം; സഹിഷ്ണുതയുടെ ഇന്ത്യന്‍ചരിത്രത്തില്‍ മുഴുപ്പേജില്‍ പ്രസിദ്ധീകരിക്കാവുന്ന പടം സമ്മാനിച്ചതിന്. സുധീന്ദ്ര കുല്‍കര്‍ണിയെ സമ്മതിക്കണം; അസഹിഷ്ണുതയുടെ ആഴം കാട്ടാന്‍ കറുത്തിരുണ്ട മുഖവുമായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടതിന്.
പൂര്‍വാശ്രമത്തില്‍ കമ്യൂണിസ്റ്റുകാരനായിരുന്നു. പിന്നീടാണ് മാനസാന്തരം വന്ന് ഹിന്ദുത്വവാദിയായത്. പക്ഷേ, ഹിന്ദുത്വവാദികള്‍ക്കുപോലും ഇന്ത്യയില്‍ രക്ഷയില്ലാത്ത സ്ഥിതിയായി മാറിക്കഴിഞ്ഞുവെന്ന് കുല്‍കര്‍ണിക്ക് അറിയില്ലായിരുന്നു. ബി.ജെ.പിയുടെ തിങ്ക് ടാങ്കാണ്. ചിന്താസംഭരണിയായ തലനിറച്ച് സുന്ദരഭാരതത്തെക്കുറിച്ചുള്ള ചിന്തകളാണ്. വാജ്പേയിക്ക് പ്രസംഗം എഴുതിക്കൊടുക്കലായിരുന്നു ഒരുകാലത്ത് പണി. ലേശം വകതിരിവും വിവേകവുമുള്ള ബി.ജെ.പി ബുദ്ധിജീവിയാണ്. അതുകൊണ്ടുതന്നെ അല്‍പസ്വല്‍പം ശുദ്ധനുമാണ്. ഒബ്സര്‍വര്‍ റിസര്‍ച് ഫൗണ്ടേഷന്‍ എന്ന ഗവേഷണസ്ഥാപനത്തിന്‍െറ ചെയര്‍പേഴ്സനാണിപ്പോള്‍. സാദാ സംഘികളെപ്പോലെയല്ല, ലേശം വായനയുള്ള കൂട്ടത്തിലാണ്. മുന്‍ പാക് വിദേശമന്ത്രി ഖുര്‍ശിദ് മഹ്മൂദ് കസൂരി ‘പരുന്തുമല്ല, പ്രാവുമല്ല’എന്ന പുസ്തകമെഴുതിയെന്നു കേട്ടപ്പോള്‍ വിളിച്ചുവരുത്തിയത് ശുദ്ധഗതിക്കാരനായതുകൊണ്ടാണ്. സംഘികള്‍ ആയുധമെടുത്ത് ആശയങ്ങളെ നേരിടുന്ന കാലത്താണ് ഒരാള്‍ പാകിസ്താന്‍കാരന്‍െറ കിത്താബ് പ്രകാശിപ്പിക്കുന്നത്. കസൂരിയുടെ ആശയങ്ങളോടു യോജിപ്പുണ്ടായിട്ടല്ല. ആശയങ്ങളുടെയും സംവാദങ്ങളുടെയും ആദാനപ്രദാനങ്ങളിലൂടെയാണ്, വെടിയുണ്ടകളിലൂടെയല്ല നല്ല ഇന്ത്യയും നല്ല പാകിസ്താനും പുലരുക എന്നൊക്കെ ചിന്തിച്ചുപോയതുകൊണ്ടാണ്. ആ ചിന്തക്ക് കിട്ടേണ്ടതു കിട്ടി.
യൗവനത്തില്‍ മാര്‍ക്സിസ്റ്റായും പിന്നീട് ഹിന്ദുത്വവാദിയായും നടന്ന ആളെ അവസരവാദി എന്ന് എഴുതിത്തള്ളാനെളുപ്പമാണ്. പക്ഷേ, അന്ന് കൂടെ നടന്ന ഇടതര്‍പോലും കുല്‍കര്‍ണിയെക്കുറിച്ച് ഒരക്ഷരം മോശംപറയില്ല. അതാണ് പ്രകൃതം. ഇടതുധാരയിലെ മുന്‍ സുഹൃത്തുക്കളുമായി ഇപ്പോഴുമുണ്ട് നല്ല ബന്ധം. അതുകൊണ്ടാണ് കരിഓയില്‍പ്രയോഗം നടന്നപ്പോള്‍ കമ്യൂണിസ്റ്റുകാര്‍ മുതല്‍ അദ്വാനിവരെ, രാഷ്ട്രീയത്തിന്‍െറ രണ്ടറ്റത്തുമുള്ളവര്‍ പിന്തുണയുമായി വന്നത്.
ജന്മംകൊണ്ട് കര്‍ണാടകക്കാരനാണ്. ബല്‍ഗാം ജില്ലയിലെ അത്താണി എന്ന നഗരത്തില്‍ ജനനം. ജാദവ്ജി ആനന്ദ്ജി ഹൈസ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം. പിന്നീട് മുംബൈ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ ഉപരിപഠനം. ഐ.ഐ.ടിയില്‍ പഠിക്കുന്ന കാലത്ത് എസ്.എഫ്.ഐ കളിച്ചുനടക്കുമായിരുന്നു. പിന്നീട് ട്രേഡ് യൂനിയന്‍ പ്രവര്‍ത്തകനായി. എണ്‍പതുകളില്‍ ആര്‍.കെ. കരഞ്ചിയ ബ്ളിറ്റ്സ് എന്ന ഇടതുചായ്വുള്ള പ്രസിദ്ധീകരണത്തിലെ കോളമെഴുതാന്‍ വിളിച്ചു. ‘ദ ലാസ്റ്റ് പേജ്’ എന്ന ജനപ്രിയ പംക്തി അതുവരെ കൈകാര്യംചെയ്തിരുന്നത് കെ.എ. അബ്ബാസായിരുന്നു. ടീസ്റ്റ സെറ്റല്‍വാദിനും ഭര്‍ത്താവ് ജാവേദ് ആനന്ദിനുമൊപ്പം വര്‍ഗീയശക്തികള്‍ക്കെതിരെ പോസ്റ്ററൊട്ടിച്ച് നടക്കുന്ന പതിവുണ്ടായിരുന്നു അന്ന്. പക്ഷേ, മാര്‍ക്സിസത്തില്‍ വൈകാതെ നിരാശനായി. ഇന്ത്യയുടെ വിവിധങ്ങളായ പ്രശ്നങ്ങള്‍ക്ക് മാര്‍ക്സിസം പരിഹാരമല്ളെന്ന കണ്ടത്തെലില്‍ ചെന്നുപെട്ടത് ഹിന്ദുത്വവാദത്തിന്‍െറ പാളയത്തില്‍. രാമജന്മഭൂമി മുന്നേറ്റം നടന്ന കാലത്ത് കുല്‍കര്‍ണി ബ്ളിറ്റ്സിന്‍െറ എക്സിക്യൂട്ടിവ് എഡിറ്ററാണ്. കമ്യൂണിസത്തിന്‍െറ ഹിന്ദുത്വവിരുദ്ധ മതേതരവാദത്തില്‍ കരഞ്ചിയക്കും അമര്‍ഷമുണ്ടായിരുന്നു. കരഞ്ചിയയുടെ പുതിയ അനുഭാവം പത്രത്തില്‍ പ്രതിഫലിപ്പിക്കാന്‍ നിയുക്തനായത് കുല്‍കര്‍ണി. അങ്ങനെ ഡെപ്യൂട്ടി എഡിറ്റര്‍ പി. സായ്നാഥിന്‍െറ കസേരയില്‍ കയറിയിരുന്നു. ഇടതുചായ്വുള്ള ബ്ളിറ്റ്സിനെ കാവിക്കുറിയണിയിക്കുന്നതില്‍ കുല്‍കര്‍ണി വിജയിച്ചു. അതോടെ കരഞ്ചിയ ഹാപ്പിയായി.
രാമക്ഷേത്രരാഷ്ട്രീയത്തില്‍ ആകൃഷ്ടനായി അതിന്‍െറ യോഗ്യതകള്‍ കാട്ടി അച്ചുനിരത്തുന്ന പണിയെടുത്തുകൊണ്ടിരിക്കെ അദ്വാനി ഒരു വാര്‍ത്താസമ്മേളനത്തില്‍ കുല്‍കര്‍ണിയുടെ എഴുത്തിനെ വാതോരാതെ പ്രശംസിച്ചു. പിന്നെ അദ്വാനിയുടെ സന്തതസഹചാരിയായി മാറാന്‍ ഏറെക്കാലം വേണ്ടിവന്നില്ല. രാവും പകലും രാമജന്മഭൂമിയുടെ പ്രചാരകനായതിനാല്‍ ഊണും ഉറക്കവും അദ്വാനിയുടെ രഥത്തില്‍തന്നെയായിരുന്നു. സോറി, രഥമല്ല, ആഡംബരവാഹനം. 1996ല്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. അല്‍പസ്വല്‍പം അക്ഷരാഭ്യാസമുള്ളതുകൊണ്ട് ‘ഇന്ത്യ തിളങ്ങുന്നു’ എന്ന പ്രചാരണത്തിന്‍െറ ചുമതലയാണ് കിട്ടിയത്. വാജ്പേയി പ്രധാനമന്ത്രിയായപ്പോള്‍ പ്രസംഗങ്ങള്‍ എഴുതിക്കൊടുത്തു. 2009ല്‍ ബി.ജെ.പിയില്‍നിന്ന് രാജിവെച്ചു. അദ്വാനി നയിച്ച തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പരാജയപ്പെട്ടതോടെ ബി.ജെ.പിയില്‍ കുല്‍കര്‍ണിക്ക് ചെയ്യാനൊന്നുമില്ലാതായി. പാര്‍ട്ടിയുടെ നിര്‍ണായകതീരുമാനങ്ങളില്‍ ആര്‍.എസ്.എസിന്‍െറ ഇടപെടല്‍ കുല്‍കര്‍ണിയെ ചൊടിപ്പിച്ചിരുന്നു. 2012ല്‍ ബി.ജെ.പിയുടെ മുഴുവന്‍സമയ പ്രവര്‍ത്തകനായി ഒരിക്കല്‍കൂടി പാര്‍ട്ടിയിലേക്ക്. നിതിന്‍ ഗഡ്കരി അധ്യക്ഷനായപ്പോള്‍ ഉപദേഷ്ടാവായി.
2008ല്‍ വിശ്വാസ വോട്ടെടുപ്പ് വേളയില്‍ യു.പി.എ സര്‍ക്കാറിനെ പിന്തുണക്കാന്‍ മൂന്ന് ബി.ജെ.പി എം.പിമാരെ പണം നല്‍കി സ്വാധീനിച്ചു എന്ന കേസില്‍ ഉള്‍പ്പെട്ടിരുന്നു. മൂന്നു ബി.ജെ.പി എം.പിമാര്‍ക്ക് വോട്ടെടുപ്പില്‍നിന്നു വിട്ടുനില്‍ക്കാന്‍ ഒരു കോടി നല്‍കിയെന്നായിരുന്നു ആരോപണം. 2011ല്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്യപ്പെട്ടു. നവംബറില്‍ ജാമ്യത്തിലിറങ്ങി. പിന്നീട് ഡല്‍ഹി കോടതി കുറ്റമുക്തനാക്കി. ഇന്ത്യ-പാക് ബന്ധം മെച്ചപ്പെടണമെന്ന് ആഗ്രഹിക്കുന്നയാളാണ്. ജിന്നയെ പൈശാചികവത്കരിക്കുന്നതിനെതിരെ നിലപാടുള്ളയാള്‍. സമാധാനത്തിന്‍െറ ഏജന്‍റാണെന്ന് സ്വയം വിശേഷിപ്പിക്കുന്നു; കസബിന് സമാനന്‍ എന്ന് ശിവസേനയും.
l

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story