ജനാധിപത്യത്തിന്‍െറ യശസ്സുയര്‍ത്തി
text_fieldsദേശീയ ന്യായാധിപ നിയമന കമീഷനെ ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ആദ്യമായി സുപ്രീംകോടതിയെ സമീപിച്ച മുന്‍ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ വിശ്വജിത്ത് ഭട്ടാചാര്യ 'മാധ്യമം' പ്രതിനിധി ഹസനുല്‍ ബന്നയുമായി സംസാരിക്കുന്നു
•കമീഷനെ ഭരണഘടനാവിരുദ്ധമാക്കിയ വിധിയോട് എങ്ങനെ പ്രതികരിക്കുന്നു?
ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ ഇന്ദിര ഗാന്ധി നടത്തിയ കുപ്രസിദ്ധമായ രാഷ്ട്രീയ ഇടപെടലിന് അന്ത്യംകുറിച്ച കേശവാനന്ദ ഭാരതി വിധിക്കുശേഷം രാജ്യത്തെ നീതിന്യായ ചരിത്രത്തിന്‍െറ തങ്കലിപികളിലെഴുതേണ്ട രണ്ടാമത്തെ വിധിയാണിത്. ഈ വിധിയിലൂടെ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ യശസ്സല്ല, ഇന്ത്യന്‍ ജനാധിപത്യത്തിന്‍െറ യശസ്സാണ് ലോകത്തോളമുയര്‍ന്നിരിക്കുന്നത്. ഇന്ത്യന്‍ ജനാധിപത്യത്തെ സര്‍ക്കാറുകള്‍ അപകടത്തിലാക്കുന്ന വേളയിലാണ് ജഡ്ജി നിയമനത്തില്‍ രാഷ്ട്രീയ ഇടപെടല്‍ വേണ്ട എന്ന് സുപ്രീംകോടതി പ്രഖ്യാപിച്ചിരിക്കുന്നത്. രാഷ്ട്രീയ നേതാക്കള്‍ ജഡ്ജിമാരെ നിയമിക്കുന്ന തരത്തിലാണ് ദേശീയ നീതിന്യായ നിയമന കമീഷന്‍ നിയമം പാര്‍ലമെന്‍റില്‍ എല്ലാ പാര്‍ട്ടികളും ചേര്‍ന്ന് ഒരുമിച്ച് പാസാക്കിയെടുത്തത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസുമായി കൂടിയാലോചിച്ച് രാഷ്ട്രപതി ജഡ്ജിമാരെ നിയമിക്കുന്ന നിലവിലുള്ള രീതി മാറ്റിയാണിത് അവര്‍ ചെയ്തത്.
ചീഫ് ജസ്റ്റിസിനുള്ള അധികാരം പൂര്‍ണമായും ഇല്ലാതാക്കി അതുപോലും സര്‍ക്കാറിന് കൈമാറുന്ന തരത്തിലാണ് ഇതില്‍ പല വ്യവസ്ഥകളും ഉള്‍ക്കൊള്ളിച്ചത്. കൂടിയാലോചനയില്‍ കാര്യമായ പങ്കുണ്ടായിരുന്ന ചീഫ് ജസ്റ്റിസിനെ കമീഷന്‍ യോഗത്തിന്‍െറ സ്ഥലവും സമയവും തീരുമാനിക്കാന്‍ മാത്രം കഴിയുന്ന ഒരാളാക്കി മാറ്റുകയാണ് നിയമനിര്‍മാണത്തിലൂടെ സര്‍ക്കാര്‍ ചെയ്തത്.
•ആറംഗ സമിതിയില്‍ മൂന്നുപേരും ജഡ്ജിമാരാണെന്നിരിക്കെ സര്‍ക്കാറിന് എങ്ങനെയാണ് ന്യായാധിപ നിയമന കമീഷനില്‍ മേല്‍ക്കൈ ലഭിക്കുക?
ന്യായാധിപ നിയമന കമീഷനില്‍ നിയമമന്ത്രിക്ക് പുറമെയുള്ള രണ്ടംഗങ്ങള്‍ ആരാണെന്ന് തീരുമാനിക്കുന്നത് പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും അടങ്ങുന്ന രാഷ്ട്രീയ നേതൃത്വമാണ്. അതോടെ മൂന്നുപേരുടേത് ജുഡീഷ്യല്‍ നിയമനവും മറ്റു മൂന്നുപേരുടേത് രാഷ്ട്രീയ നിയമനവുമായി മാറും. ഇരുകൂട്ടരുടെയും ബലാബലത്തില്‍ കാര്യങ്ങളത്തെുമ്പോള്‍ ഒരു വ്യവസ്ഥ സന്തുലനം തകര്‍ക്കുന്ന തരത്തില്‍ ഉള്‍പ്പെടുത്തി. രണ്ടംഗങ്ങള്‍ക്കുള്ള വീറ്റോ അധികാരമാണത്. ആറംഗ സമിതി ഏതെങ്കിലുമൊരാളെ ജഡ്ജിയായി നിയമിക്കാന്‍ ചര്‍ച്ചചെയ്യുന്ന വേളയില്‍ കമീഷനിലെ രണ്ടംഗങ്ങള്‍ അയാളെ എതിര്‍ത്താല്‍ ആ പേര് പട്ടികക്ക് പുറത്താകും. മുമ്മൂന്നു പേരെ ബലാബലത്തില്‍ വെച്ചുവെന്ന് അവകാശപ്പെടുന്ന സര്‍ക്കാറാണ് ഇത്തരമൊരു വീറ്റോ അധികാരത്തിലൂടെ തങ്ങള്‍ക്കിഷ്ടപ്പെടാത്തവരെയെല്ലാം വെട്ടിമാറ്റാനുള്ള അവസരമുണ്ടാക്കിയത്.
•കൊളീജിയത്തിലൂടെ ജുഡീഷ്യറിക്ക് മേല്‍ക്കൈ ലഭിച്ചപ്പോഴുണ്ടായ പരാതി പരിഹരിക്കാനുണ്ടാക്കിയ പുതിയ സംവിധാനത്തില്‍ സര്‍ക്കാറിന് മേല്‍ക്കൈ ലഭിക്കുന്നതില്‍ എതിര്‍ക്കാനെന്തിരിക്കുന്നു?
ഇന്ത്യന്‍ ജനാധിപത്യത്തിന്‍െറയും ഭരണഘടനയുടെയും അടിസ്ഥാന തത്ത്വങ്ങള്‍ക്കെതിരാണിത്. സര്‍ക്കാര്‍ യഥാര്‍ഥത്തില്‍ കോടതികളിലെ ഒരു കക്ഷിയാണ്. രാജ്യത്തെ 60 ശതമാനം കേസുകളിലും സര്‍ക്കാര്‍ ഒരു ഭാഗത്ത് കക്ഷിയായിട്ടുണ്ടായിരിക്കും. ആ കക്ഷിയുടെ പ്രതിനിധിയായ നിയമമന്ത്രിയാണ് നിയമന കമീഷനില്‍ അംഗമായിരിക്കുന്നത്. നിയമമന്ത്രിയെന്ന നിലയില്‍ സര്‍ക്കാര്‍ കക്ഷിയായ കേസുകള്‍ കൊണ്ടുനടക്കേണ്ട ബാധ്യത കൂടിയുള്ളയാളാണ് അദ്ദേഹം. നിയമവ്യവഹാരത്തിലെ ഒരു കക്ഷിതന്നെ വിധിപറയുന്ന ജഡ്ജിയെ തീരുമാനിക്കുന്ന വേദിയിലിരുന്നാല്‍ പിന്നെ എങ്ങനെ നീതിന്യായ വ്യവസ്ഥ സ്വതന്ത്രവും നീതിപൂര്‍വകവുമാകും. സര്‍ക്കാറിന്‍െറയും നീതിന്യായ വ്യവസ്ഥയുടെയും താല്‍പര്യങ്ങളുടെ പരസ്യമായ ഏറ്റുമുട്ടലാണ് പിന്നീടവിടെയുണ്ടാവുക.
•ചീഫ് ജസ്റ്റിസിന് ജഡ്ജി നിയമനത്തില്‍ മേല്‍ക്കൈ നല്‍കുന്ന നിലവിലുള്ള കൊളീജിയം സമ്പ്രദായത്തില്‍ നിയമിച്ച ജഡ്ജിമാരെക്കുറിച്ച് പരാതികളും അപവാദങ്ങളും പലതവണ പുറത്തുവന്നതാണല്ളോ. പല നിയമന ശിപാര്‍ശകളും സുപ്രീംകോടതി കൊളീജിയം തള്ളിക്കളഞ്ഞിട്ടുമുണ്ട്. പിന്നെയും ആ രീതിയെ പിന്തുണക്കുന്നത് ശരിയാണോ?
നിലവിലുള്ള കൊളീജിയം സമ്പ്രദായം ആക്ഷേപങ്ങളോ പോരായ്മകളോ ഇല്ലാത്തതാണെന്ന് ആരും പറഞ്ഞിട്ടില്ല. കൊളീജിയം സമ്പ്രദായത്തിനുനേരെ വന്ന വിമര്‍ശം സുപ്രീംകോടതി ഉള്‍ക്കൊള്ളുകയും ചെയ്തിരിക്കുന്നു. അതുകൊണ്ടാണ് ദേശീയ ന്യായാധിപ നിയമന കമീഷന്‍ അസാധുവാക്കിയ വിധിയില്‍ അവസാനിപ്പിക്കാതെ കൊളീജിയം പരിഷ്കരിക്കാനുള്ള നിര്‍ദേശങ്ങള്‍ ക്ഷണിച്ച് പരമോന്നത കോടതി മുന്നോട്ടുപോകുന്നത്. കൊളീജിയം നിലവില്‍ പിന്തുടരുന്ന രീതി അവസാനിപ്പിക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചതുകൊണ്ടാണ് പരിഷ്കാര നിര്‍ദേശങ്ങള്‍ നവംബര്‍ മൂന്നിനകം സമര്‍പ്പിക്കാന്‍ സര്‍ക്കാറിനോടും ബന്ധപ്പെട്ടവരോടുമെല്ലാം ആവശ്യപ്പെട്ടിരിക്കുന്നത്. ആ നിര്‍ദേശങ്ങള്‍ പരിഗണിച്ച് പരാതികള്‍ പരിഹരിച്ച് കൊളീജിയം മുന്നോട്ടുപോകാനാണ് സുപ്രീംകോടതി വിധി. രാജ്യത്ത് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജനാധിപത്യത്തെ കാത്തുസൂക്ഷിക്കാന്‍ ഇതല്ലാതൊരു വിധി പരമോന്നത കോടതിക്ക് നല്‍കാനില്ല.
ജനഹിതത്തിന് എതിര്
അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള
ഇന്ത്യയിലെ മുഴുവന്‍ജനങ്ങളുടെയും അംഗീകാരത്തോടെയാണ് ന്യായാധിപ നിയമന കമീഷന്‍ നിയമം പാസാക്കിയതും നടപ്പാക്കാന്‍ ശ്രമിച്ചതും. ലോക്സഭയും രാജ്യസഭയും 20ഓളം സംസ്ഥാനങ്ങളും അംഗീകരിച്ച നിയമം രാഷ്ട്രപതി ഒപ്പുവെച്ചതുമാണ്. അത് റദ്ദാക്കുകവഴി സുപ്രീംകോടതി നമ്മുടെ ജനഹിതത്തിനെതിരായി നീങ്ങുകയാണ് ചെയ്തതെന്ന് ന്യായമായും കരുതാവുന്നതാണ്. ഇന്ത്യന്‍ ഭരണഘടനയിലെവിടെയും കൊളീജിയം എന്ന ഒരു ജഡ്ജി നിയമനവ്യവസ്ഥയില്ല. ബ്രിട്ടീഷുകാരുടെ കാലംമുതല്‍ എക്സിക്യൂട്ടിവ് നടത്തിവന്ന സമ്പ്രദായം അപഭ്രംശത്തിലേക്ക് വഴുതിവീണപ്പോഴാണ് കോടതി നേരിട്ട് കൊളീജിയം എന്ന സമ്പ്രദായം കൊണ്ടുവന്നത്. അതിനൊരിക്കലും നിയമനിര്‍മാണ സംവിധാനത്തിന്‍െറ അംഗീകാരമുണ്ടായിരുന്നില്ല. കാലക്രമത്തില്‍ കൊളീജിയം നിയമനങ്ങള്‍ കൂടുതല്‍ മോശപ്പെട്ടതും പാടില്ലാത്ത പലതിന്‍െറയും അടിസ്ഥാനത്തില്‍ നടക്കുന്നതുമാണെന്ന് അനുഭവസ്ഥരായ ജഡ്ജിമാര്‍വരെ അഭിപ്രായപ്പെടുകയും ജനങ്ങള്‍ക്ക് ബോധ്യപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് യു.പി.എ സര്‍ക്കാര്‍ ന്യായാധിപ നിയമന കമീഷന്‍ മുന്നോട്ടുവെച്ചത്. ബി.ജെ.പിസര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷം യു.പി.എ മുന്നോട്ടുവെച്ച ഏഴംഗ ന്യായാധിപ കമീഷന് പകരം ആറംഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു നിയമന കമീഷനാണ് പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചത്. മുന്‍ സര്‍ക്കാര്‍ മുന്നോട്ടുവെച്ച ഏഴംഗ നിയമന കമീഷനില്‍ സര്‍ക്കാറിന് മേല്‍ക്കൈയുണ്ടാവുകയും ജുഡീഷ്യറിയുടെ പ്രാതിനിധ്യം കുറഞ്ഞുപോവുകയുംചെയ്തു എന്ന് കണ്ടപ്പോഴാണ് അത് ആറംഗമാക്കി ചുരുക്കി ചീഫ് ജസ്റ്റിസുള്‍പ്പെടെ മൂന്നു ജഡ്ജിമാര്‍ അടങ്ങുന്ന കമീഷനാക്കി അതിനെ മാറ്റിയത്. സര്‍ക്കാറിന്‍െറ പ്രാതിനിധ്യമുള്ള ഒരാള്‍മാത്രമാണ് കമീഷനിലുണ്ടാവുക എന്ന നിലയിലാണ് നിയമം കൊണ്ടുവന്നത്. അവശേഷിക്കുന്ന രണ്ടു പ്രമുഖരെ നിശ്ചയിക്കാന്‍ പ്രധാനമന്ത്രി, ലോക്സഭയിലെ പ്രതിപക്ഷ നേതാവ്, ഇന്ത്യന്‍ ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്ന മൂന്നംഗ കമ്മിറ്റിയാണ് പുതിയ നിയമം മുന്നോട്ടുവെച്ചത്. ചുരുക്കത്തില്‍ ജുഡീഷ്യറിക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടുതന്നെ നിയമമന്ത്രിയെയും സര്‍ക്കാര്‍ വിധേയത്വത്തിലൂടെ അല്ലാതെയുള്ള രണ്ടുപേരെയും ഉള്‍പ്പെടുത്തി വളരെ നിഷ്്പക്ഷവും ശാസ്ത്രീയവുമായ സംവിധാനത്തിനാണ് രൂപംനല്‍കിയത്.
ഇപ്പോള്‍ സുപ്രീംകോടതി അത്തരമൊരു നിയമത്തെ അസാധുവാക്കുകയും അതിനായി നടത്തിയ ഭരണഘടനാഭേദഗതിയെ ഇല്ലാതാക്കുകയും ചെയ്യുകവഴി ഇന്ത്യയില്‍ ജഡ്ജിമാരുടെനിയമനരംഗത്ത് സുതാര്യതക്കും സൂക്ഷ്മതക്കും കോട്ടംവരുത്തി എന്ന് പറയുന്നവരെ പഴിക്കാനാവില്ല. എക്സിക്യൂട്ടിവിനും ലെജിസ്ളേചറിനുമാണ് നയപരമായ കാര്യങ്ങള്‍ നിശ്ചയിക്കാനുള്ള അധികാരം ഭരണഘടന നല്‍കിയിട്ടുള്ളത്. ജനവിധി ശക്തമായി പ്രതിഫലിപ്പിക്കുന്ന നിയമങ്ങളെ മാനിക്കുന്ന സമീപനമാണ് പൊതുവില്‍ പരമോന്നത നീതിപീഠവും മറ്റും സ്വീകരിച്ചുവരാറുള്ളത്. ഇത്തരമൊരു കീഴ്വഴക്കത്തിന്‍െറ അടിവേരുകള്‍ ദുര്‍ബലമാകുന്നുവോ?
ജുഡീഷ്യറി ന്യായാധിപന്മാരുടെ പിന്തുടര്‍ച്ചയായി സ്വയംതീരുമാനിക്കും എന്നനിലയിലേക്ക് കാര്യങ്ങള്‍ പോകുന്നത് ആശങ്കജനകമാണ്. ജഡ്ജിമാരുടെ പ്രായപരിധി, ആനുകൂല്യം തുടങ്ങിയ ചില കാര്യങ്ങളിലെങ്കിലും ഇത്തരത്തിലുള്ള ചില ഉദാഹരണങ്ങള്‍ അടുത്തകാലത്തുണ്ടായിട്ടുണ്ട്. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം പൂര്‍ണമായും നിലനിര്‍ത്തേണ്ടതാവശ്യമാണ്. ഒരു രാജ്യത്തിന്‍െറ വികസനം ഉറപ്പുവരുത്താന്‍ നീതിപീഠങ്ങള്‍ക്കാവുമെന്ന് നമ്മുടെ ഭരണഘടന കരുതുന്നില്ല. ഇപ്പോഴത്തെ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്‍െറ വിധിയെ മാനിക്കുന്നതോടൊപ്പം അതുവഴി പ്രകടമായിട്ടുള്ള ജനഹിതത്തിനെതിരായ നീക്കങ്ങളെയും ന്യായാധിപ നിയമനം കൂടുതല്‍ സുതാര്യമാക്കണമെന്നുള്ള ജനകീയാഭിലാഷത്തെയും ഉറപ്പുവരുത്താന്‍ കേന്ദ്ര ഭരണകൂടം ഉചിതമായ നടപടികള്‍ സ്വീകരിക്കുകയാണ് വേണ്ടത്. ഇതിനായി റദ്ദാക്കപ്പെട്ട നിയമം പാര്‍ലമെന്‍റില്‍ പ്രാതിനിധ്യമുള്ള ഭൂരിപക്ഷം കക്ഷികളും സര്‍വാത്മനാ സഹകരിച്ച് പാസാക്കിയ ഒന്നായതിനാല്‍ ഇക്കാര്യത്തില്‍ ഭരണ^പ്രതിപക്ഷ കക്ഷികളുടെ ഏകോപന അഭിപ്രായം ഉണ്ടാവുന്നത് നന്നായിരിക്കും.
ജനാധിപത്യ മൂല്യങ്ങളെ തിരസ്കരിച്ചു
അഡ്വ. എസ്. സനല്‍കുമാര്‍
ദേശീയ ന്യായാധിപ നിയമന കമീഷന്‍ നിയമവും ഭരണഘടനാഭേദഗതിയും സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഭൂരിപക്ഷ വിധിപ്രകാരം റദ്ദാക്കിയിരിക്കുന്നു. ജസ്റ്റിസ് ജെ. ചെലമേശ്വര്‍ പ്രത്യേക വിധിന്യായത്തിലൂടെ നിയമത്തിന്‍െറ ഭരണഘടനാ സാധുത ശരിവെക്കുകയും ചെയ്തിരിക്കുന്നു. ഇന്ത്യന്‍ പാര്‍ലമെന്‍ററി ജനാധിപത്യത്തിനും നീതിന്യായ പരിഷ്കരണശ്രമങ്ങള്‍ക്കുമേറ്റ കനത്ത തിരിച്ചടിയായിമാത്രമേ ഈ വിധിന്യായത്തെ കാണാന്‍ കഴിയുകയുള്ളൂ. ഭരണഘടനാ നിയമത്തിന്‍െറ വളര്‍ച്ചയുടെ വഴിയിലെ ഞെട്ടിക്കുന്ന പ്രവണതകളുടെ തുടക്കംപോലെ ഇതനുഭവപ്പെടുന്നു.
ജനാധിപത്യ മൂല്യങ്ങളുടെ അന്തസ്സത്ത കാണാന്‍ കഴിയാതെപോയ ഒരു വിധിന്യായമാണ് ദേശീയ ന്യായാധിപ നിയമനസമിതി റദ്ദാക്കിക്കൊണ്ടുള്ള സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന്‍െറ വിധിന്യായം. ഒരു രാജ്യത്തിന്‍െറ പരമോന്നത നിയമനിര്‍മാണസഭ ഏതാണ്ട് ഐകകണ്ഠ്യേന പാസാക്കിയ നിയമം, ആ രാജ്യത്തിലെതന്നെ എല്ലാ സംസ്ഥാനങ്ങളും അംഗീകരിച്ച ഭരണഘടനാഭേദഗതി വളരെ ലാഘവത്തോടെ അസ്ഥിരമാക്കപ്പെട്ടുവെന്നു പറഞ്ഞാല്‍ ജനാധിപത്യത്തിന്‍െറ അന്തസ്സത്തതന്നെ ഇല്ലാതാകുന്നതിനു തുല്യമാണ്. ഭരണഘടനയുടെ ‘അടിസ്ഥാന ശിലാതത്ത്വ’ത്തില്‍ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം ഒരു ഘടകമാണെങ്കില്‍ അതുപോലെതന്നെ പ്രാധാന്യമുള്ള ഘടകമാണ് ‘ജനാധിപത്യമൂല്യങ്ങള്‍’. നിലവിലുള്ള ന്യായാധിപ നിയമനവ്യവസ്ഥ മാറി പുതിയ വ്യവസ്ഥ വരണമെന്ന് രാജ്യത്തെ ജനങ്ങള്‍ ഒന്നടങ്കം ഭരണഘടനാഭേദഗതിയിലൂടെ ആവശ്യപ്പെടുമ്പോള്‍ അത് ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണെന്ന് കണ്ടത്തെുന്ന യുക്തി എത്ര ചിന്തിച്ചിട്ടും മനസ്സിലാകുന്നില്ല. പാര്‍ലമെന്‍റും സംസ്ഥാന നിയമസഭകളും ഒന്നായി പാസാക്കിയെടുത്ത നിയമം എങ്ങനെ ഭരണഘടനാ വിരുദ്ധമാകും?
സൂക്ഷ്മമായി വിശകലനംചെയ്യുമ്പോള്‍ ‘ദേശീയ ന്യായാധിപ നിയമന കമീഷന്‍ നിയമം’ യഥാര്‍ഥത്തില്‍ പാര്‍ലമെന്‍റും ജുഡീഷ്യറിയും തമ്മിലുള്ള അധികാര തര്‍ക്കംതന്നെയാണ്. ഹൈകോടതിയിലേയും സുപ്രീംകോടതിയിലേയും ജഡ്ജിമാരെ നിയമിക്കുന്നതില്‍ ഭരണഘടന വിഭാവനംചെയ്ത രീതിയില്‍നിന്നും കാലാകാലങ്ങളില്‍ വ്യതിചലനം സംഭവിച്ചുകൊണ്ടേയിരുന്നു. രാഷ്ട്രപതി, സുപ്രീംകോടതി ചീഫ് ജസ്റ്റിസുമായി കൂടിയാലോചിച്ച് സുപ്രീംകോടതി ജഡ്ജിമാരെ നിയമിക്കുന്ന വ്യവസ്ഥ ഭരണഘടന വിഭാവനംചെയ്തിരുന്നു. എക്സിക്യൂട്ടിവ് ബലഹീനമായപ്പോള്‍ വിവിധ വിധിന്യായങ്ങളിലൂടെ ആ പ്രക്രിയ ജുഡീഷ്യറിയുടെ അധികാരപരിധിയില്‍ മാത്രമായൊതുക്കി. ‘കൊളീജിയം’ രൂപവത്കരണത്തോടെ, ഗവണ്‍മെന്‍റിന് നിയമനപ്രക്രിയയില്‍ പ്രസക്തിയില്ലാതെയായി. അങ്ങനെ നിയമിക്കപ്പെട്ടവരുടെ വിധിന്യായങ്ങളിലെ പ്രകടമായ ഗുണമില്ലായ്മയും നിയമനത്തിലെ സ്വജനപക്ഷപാതവുമാണ് പുതിയൊരു വ്യവസ്ഥയുടെ ആവശ്യകതയുടെ ചര്‍ച്ചക്ക് തുടക്കംകുറിച്ചത്. പൊതുസമവായത്തിന്‍െറ അടിസ്ഥാനത്തില്‍ ഏതാണ്ട് ഐകകണ്ഠ്യേന പാര്‍ലമെന്‍റ് ദേശീയ ന്യായാധിപ നിയമന കമീഷന്‍ രൂപവത്കരിക്കാനുള്ള ഭരണഘടനാഭേദഗതിയും തുടര്‍നിയമവും പാസാക്കി. ജുഡീഷ്യറി കൈയടക്കിവെച്ച നിയമനാധികാരം ജനങ്ങളുടെ പ്രതിനിധികളുമായി കൂടിയാലോചന പ്രക്രിയയിലൂടെ നടപ്പാക്കണമെന്നുള്ള നിയമത്തിന്‍െറ അന്തസ്സത്ത അംഗീകരിക്കപ്പെടാതെപോയത് തികച്ചും ദൗര്‍ഭാഗ്യകരവും ജനാഭിലാഷത്തിനെതിരുമാണ്.
ദേശീയ ന്യായാധിപ നിയമന കമീഷന്‍ നിയമം തികച്ചും ജനാധിപത്യമായ തുല്യപങ്കാളിത്തമുള്ള നിയമന സംവിധാനമാണ്. സുപ്രീംകോടതി ചീഫ്ജസ്റ്റിസ്, ഏറ്റവും സീനിയറായ രണ്ടു ജഡ്ജിമാര്‍, നിയമമന്ത്രി, രണ്ട് ശ്രേഷ്ഠവ്യക്തികള്‍ എന്നിവരടങ്ങുന്നതാണ് കമീഷന്‍. ഈ രണ്ട് ശ്രേഷ്ഠവ്യക്തികളെ സുപ്രീംകോടതി ചീഫ്ജസ്റ്റിസും പ്രധാനമന്ത്രിയും ലോക്സഭാ പ്രതിപക്ഷനേതാവും ചേര്‍ന്ന് കൂട്ടായി തെരഞ്ഞെടുക്കുന്നവരാണ്. ഇത്രയും സന്തുലിതമായ ഒരു സംവിധാനം എങ്ങനെയാണ് ഭരണഘടനയുടെ അടിസ്ഥാനശിലയെ തകര്‍ക്കുന്നതെന്ന് മനസ്സിലാകുന്നില്ല. ജനാധിപത്യ രാജ്യത്ത് പ്രധാനമന്ത്രിയും പ്രതിപക്ഷനേതാവും ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തില്‍ കൈകടത്തുമെന്ന ന്യായം ഒരു പൗരനും ദഹിക്കുന്ന കാര്യമല്ല. മറിച്ച് നിയമനപ്രക്രിയയില്‍ ജുഡീഷ്യറി വിധിന്യായങ്ങളിലൂടെ നേടിയെടുത്ത അപ്രമാദിത്വം നിലനിര്‍ത്താനുള്ള വരട്ടുതത്ത്വമായി മാത്രമേ കാണാന്‍ കഴിയുന്നുള്ളൂ.
ലോകമെമ്പാടും ആധുനിക ജനാധിപത്യരാജ്യങ്ങളില്‍ പങ്കാളിത്ത പ്രക്രിയയിലൂടെ ജഡ്ജിമാരെ നിയമിക്കുന്ന സമ്പ്രദായമാണ് ഇന്നു നിലനില്‍ക്കുന്നത്.2005ല്‍തന്നെ ഇംഗ്ളണ്ടില്‍ ദേശീയ ന്യായാധിപ നിയമന കമീഷന്‍ നിലവില്‍വന്നു. 12 അംഗ കമീഷനില്‍ ജുഡീഷ്യറിയുടെ അംഗസംഖ്യ കേവലം അഞ്ചുമാത്രമാണ്. പൊതുസമൂഹത്തിന്‍െറ പ്രതിനിധിയാണ് കമീഷന്‍ ചെയര്‍മാന്‍. ഈ മാറ്റം ഉള്‍കൊള്ളാതെ ജുഡീഷ്യറിതന്നെ ന്യായാധിപരെ നിയമിക്കണമെന്ന വ്യവസ്ഥ തുടരണമെന്നുള്ള ഇന്ത്യന്‍ ജുഡീഷ്യറിയുടെ പിടിവാശി നിയമപരിഷ്കരണങ്ങളില്‍ നമ്മെ പിന്നോട്ടടിക്കുകയേയുള്ളൂ.
നിലവിലുള്ള നിയമന സമ്പ്രദായത്തിന്‍െറ ന്യൂനതകള്‍ പരിഹരിക്കുന്നതിനായി നിര്‍ദേശങ്ങളും വാദങ്ങളും സമര്‍പ്പിക്കാന്‍ ബന്ധപ്പെട്ട കക്ഷികളെ സുപ്രീംകോടതി നവംബര്‍ മൂന്നിന് വിളിക്കാന്‍ തീരുമാനിച്ചിരിക്കുന്നുവെന്നത് ഞെട്ടലുളവാക്കുന്നതാണ്. നിയമനിര്‍മാണസഭയെ മറികടന്നുകൊണ്ട് ജുഡീഷ്യറി നിയമം നിര്‍മിക്കുവാനായി തയാറെടുക്കുന്നത് എന്തുകൊണ്ടും അധികാര സന്തുലിതാവസ്ഥയെ ഇല്ലാതാക്കുന്നതാണ്. ജനപ്രതിനിധികള്‍ പാസാക്കിയ നിയമത്തെ അസ്ഥിരപ്പെടുത്തി ജുഡീഷ്യറി നേരിട്ട് നിയമനിര്‍മാണം നടത്തുവാന്‍ തയാറെടുക്കുമ്പോള്‍ ജനാധിപത്യവിശ്വാസികള്‍ എന്തുകൊണ്ടും ഭയപ്പെടേണ്ടതാണ്. ജനപ്രതിനിധികള്‍ തെറ്റുകാരായാല്‍ ജനങ്ങള്‍ക്കവരെ ജനകീയ കോടതിയില്‍ ശിക്ഷിക്കാം. അതേസമയം,തെറ്റുകാരാകുന്ന ന്യായാധിപരെ ശിക്ഷിക്കാന്‍ പാര്‍ലമെന്‍റിനുള്ള അധികാരം ഇന്നും ഒരു മരീചികയാണ്.
സുപ്രീംകോടതിയുടെ ഈ വിധി ഒരുപക്ഷേ, ഒരു ഭരണഘടനാ പ്രതിസന്ധിയിലേക്ക് നയിച്ചേക്കാം. വിധി അംഗീകരിക്കാതെ പാര്‍ലമെന്‍റ് പുതിയനിയമം പാസാക്കാന്‍ തയാറെടുക്കുകയാണെങ്കില്‍ കുറച്ചുനാളത്തേക്കെങ്കിലും ഉന്നത നീതിപീഠങ്ങളിലേക്കുള്ള നിയമനം മരവിപ്പിക്കപ്പെടാം.ഭരണഘടനയുടെ 244ാം അനുച്ഛേദം അനുസരിച്ച് അഡീഷനല്‍ ജഡ്ജിമാരായി നിയമിക്കപ്പെട്ടവരുടെ സ്ഥിരനിയമനത്തിനും അല്‍പകാലത്തേക്കെങ്കിലും തടസ്സം നേരിടാം. എന്തായാലും ഈ യുദ്ധം ഇവിടെ അവസാനിക്കുമെന്ന് കരുതുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
