Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightതദ്ദേശ...

തദ്ദേശ തെരഞ്ഞെടുപ്പിന്‍െറ സൗദി പരീക്ഷണങ്ങള്‍

text_fields
bookmark_border
തദ്ദേശ തെരഞ്ഞെടുപ്പിന്‍െറ സൗദി പരീക്ഷണങ്ങള്‍
cancel

കേരളത്തിലേതു പോലെ ജ്വരമായിട്ടില്ളെങ്കിലും തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിന്‍െറ ആവേശത്തിലാണ് സൗദി അറേബ്യയും. ആവേശം നഗരത്തിലോ നാട്ടിന്‍പുറങ്ങളിലോ പടര്‍ന്നു കയറിയിട്ടൊന്നുമില്ല. നഗരങ്ങളിലെ വലുതും ചെറുതുമായ ഹോര്‍ഡിങ്ങുകളില്‍ തെരഞ്ഞെടുപ്പില്‍ ഭാഗഭാക്കാകാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള സര്‍ക്കാര്‍ പരസ്യങ്ങള്‍. വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാനും നാമനിര്‍ദേശം സമര്‍പ്പിക്കാനുമായി നിശ്ചയിക്കപ്പെട്ട കേന്ദ്രങ്ങളില്‍ ചിലതിനു മുന്നിലെ ബോര്‍ഡുകള്‍ എന്നിവയിലൊതുങ്ങുന്നു ജനത്തിനു മുന്നിലെ തെരഞ്ഞെടുപ്പ് കാഴ്ചകള്‍. എന്നാല്‍ ആക്ടിവിസ്റ്റുകള്‍, മാധ്യമപ്രവര്‍ത്തകര്‍, കോളമിസ്റ്റുകള്‍ തുടങ്ങി സമൂഹത്തിന്‍െറ മേല്‍പാളിയില്‍ തെരഞ്ഞെടുപ്പ് ചര്‍ച്ച സജീവമാണ്. വോട്ടാവേശത്തേക്കാളേറെ പാര്‍ലമെന്‍ററി ജനാധിപത്യത്തിന്‍െറ പേറ്റുനോവിന്‍െറ ചൂടും പുകയുമാണ് ഈ ചര്‍ച്ചകളില്‍. ‘ബലദിയ്യാത്’ എന്ന തദ്ദേശ ഭരണസ്ഥാപനങ്ങളിലേക്ക് 2005 ല്‍ ആരംഭിച്ച ജനാധിപത്യരീതിയിലുള്ള തെരഞ്ഞെടുപ്പ് 2011ലെ രണ്ടാം പക്കവും കഴിഞ്ഞ് ഈ വര്‍ഷം ഡിസംബറില്‍ മൂന്നാം വട്ടത്തിലേക്ക് കടക്കുകയാണ്. ജനാധിപത്യത്തിലേക്ക് പിച്ചവെക്കുമ്പോഴുള്ള ബാലാരിഷ്ടതകള്‍ ഈ നാള്‍വഴികളില്‍ ഉടനീളം കാണാം. അവകാശം വാങ്ങുന്നവര്‍ക്ക് ആവേശം കൂടുന്തോറും അത് നല്‍കുന്നവരുടെ ആധിയും ആശങ്കയും ഏറുന്ന കൗതുകക്കാഴ്ചകളാണ് അതൊക്കെയും. എങ്കിലും ഓരോ തെരഞ്ഞെടുപ്പ് കഴിയുന്തോറും ജനാധിപത്യപരീക്ഷണത്തിന്‍െറ ഭൂമിക വിപുലപ്പെട്ടു വരുകയാണ്.

മൂന്നാമത്തെ തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിലത്തെുമ്പോള്‍ പ്രായം, ലിംഗം, പ്രതിനിധികളുടെ ആകെ അനുപാതം, മണ്ഡലങ്ങളുടെ എണ്ണം എന്നിവ മുതല്‍ അധികാരമണ്ഡലത്തിന്‍െറ വരെ പരിധി വിശാലമാക്കി. പ്രായം 21 ല്‍ നിന്ന് 18 ആയി കുറച്ചു. 2014 ജനുവരിയില്‍ പരേതനായ അബ്ദുല്ല രാജാവ് സ്ത്രീകള്‍ക്ക് മത്സരിക്കാനുള്ള അവകാശവുമുണ്ടെന്ന് തീട്ടൂരമിറക്കി. നേരത്തേ പകുതി അംഗങ്ങളെ തെരഞ്ഞെടുക്കുകയും ബാക്കി പാതി നാമനിര്‍ദേശവുമായിരുന്നു. ഇത്തവണ അതും കടന്നു തെരഞ്ഞെടുക്കേണ്ട അംഗങ്ങളുടെ എണ്ണം മൂന്നില്‍ രണ്ടാക്കി ഉയര്‍ത്തി. ആകെയുള്ള 284 സ്ഥാപനങ്ങളിലേക്കുള്ള 3159 അംഗങ്ങളില്‍ 2106 പേരാണ് തെരഞ്ഞെടുപ്പിലൂടെ തദ്ദേശ സഭകളിലത്തെുക. 1053 പേര്‍ നേരിട്ട് നാമനിര്‍ദേശം ചെയ്യപ്പെടും. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സാമ്പത്തിക, വിദ്യാഭ്യാസ കാര്യങ്ങളില്‍ കൂടുതല്‍ അധികാരം നല്‍കി. നയപരമായ തീരുമാനമൊഴിച്ചാല്‍ വികസനപദ്ധതികളുടെ നിര്‍വഹണം തദ്ദേശസ്ഥാപനങ്ങളുടെ കീഴിലാക്കി. താഴത്തേട്ടില്‍ പൗരന്മാരുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന വിഷയങ്ങളില്‍ ഇടപെടാനുള്ള അവസരം ഉപയോഗപ്പെടുത്തുകയെന്ന ആഹ്വാനമാണ് തെരഞ്ഞെടുപ്പ് പങ്കാളിത്തത്തെ പ്രോത്സാഹിപ്പിക്കാനായി സര്‍ക്കാര്‍ ഉയര്‍ത്തിപ്പിടിക്കുന്നതു തന്നെ. താഴത്തേട്ടില്‍ തെരഞ്ഞെടുപ്പ് ചലനങ്ങള്‍ ഇനിയും വേണ്ടത്ര എത്തിയിട്ടില്ളെങ്കിലും കഴിഞ്ഞ രണ്ടു അനുഭവങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ പാര്‍ലമെന്‍ററി ജനാധിപത്യം സംബന്ധിച്ച അവബോധത്തില്‍ വളര്‍ച്ചയാണ് പ്രകടമാകുന്നതെന്ന്് മാധ്യമങ്ങളും ആക്ടിവിസ്റ്റുകളും നിരീക്ഷിക്കുന്നു. രാജ്യത്തിന്‍െറ ഓരോ ദിക്കിലെയും തെരഞ്ഞെടുപ്പ് പുരോഗതിയെക്കുറിച്ച് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന വാര്‍ത്തകള്‍ പറയുന്നതും പാര്‍ലമെന്‍ററി ജനാധിപത്യത്തോടുള്ള പ്രതികരണത്തിന്‍െറ ഗ്രാഫ് ക്രമാനുഗതികമായി ഉയരുന്നുവെന്നാണ്.

ഡിസംബര്‍ 12 ന് നടക്കുന്ന തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടിക രണ്ടു ഘട്ടങ്ങളിലായി പ്രസിദ്ധീകരിച്ചു. പതിനേഴര ലക്ഷത്തിലേറെ വോട്ടര്‍മാരാണ് ഇത്തവണ പട്ടികയിലുള്ളത്. 2005 ലെ 7.91ലക്ഷത്തില്‍നിന്നാണ് ഈ വര്‍ധന. പ്രായപരിധി 21 ല്‍ നിന്ന് 18 ആക്കി കുറച്ചത് യുവജനപ്രാതിനിധ്യം വര്‍ധിപ്പിക്കാനുതകിയിട്ടുണ്ട്. സ്ത്രീകള്‍ക്ക് മത്സരിക്കാനുള്ള അവകാശം ലഭിച്ച ആദ്യ തെരഞ്ഞെടുപ്പില്‍ അവരുടെ മുന്നേറ്റവും പ്രകടമായി. നഗരപ്രദേശങ്ങളിലും സാമൂഹികമാധ്യമങ്ങളിലും സജീവമായ ‘ബലദി’ പോലുള്ള വനിത എന്‍.ജി.ഒകള്‍ വനിത കാമ്പസുകളും സ്ത്രീ കൂട്ടായ്മകളും കേന്ദ്രീകരിച്ച് സജീവമായ ബോധവത്കരണപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. അതിന്‍െറ ഫലം തന്നെയാവണം, നാമനിര്‍ദേശം സമര്‍പ്പിച്ച 7,600 പേരില്‍ 1066 വനിത സ്ഥാനാര്‍ഥികളുണ്ട്. എഴുത്തും വായനയും അറിയുക എന്ന പഴയ നിബന്ധന തിരുത്തി സെക്കന്‍ഡറി വിദ്യാഭ്യാസമെങ്കിലും സ്ഥാനാര്‍ഥിക്ക് നിഷ്കര്‍ഷിക്കുന്നതാണ് പുതിയ ചട്ടം. രണ്ടു മാസം കഴിഞ്ഞ് അന്തിമപട്ടിക പുറത്തിറങ്ങുമ്പോഴേ സ്ഥാനാര്‍ഥിചിത്രം വ്യക്തമാകുകയുള്ളൂ.

തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്‍െറ മുന്നനുഭവങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊള്ളാനുള്ള ഭരണകൂടത്തിന്‍െറ ശ്രമം ഇത്തവണ അധികാര പരിധികള്‍ വിപുലപ്പെടുത്തിയതിലും പ്രകടമാണ്. നഗരാസൂത്രണം, വികസനപ്രവര്‍ത്തനങ്ങള്‍, നിക്ഷേപപദ്ധതികള്‍, വിവിധ സേവനവൃത്തികള്‍, അറ്റകുറ്റപ്പണികള്‍ തുടങ്ങി പ്രാദേശികവികസനവുമായി ബന്ധപ്പെട്ട ഏതാണ്ടെല്ലാ അധികാരവും നിശ്ചിത മാനദണ്ഡങ്ങളനുസരിച്ച് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വകവെച്ചുകൊടുക്കുന്ന പരിഷ്കരണമാണ് സൗദി ഗവണ്‍മെന്‍റ് വരുത്തിയിരിക്കുന്നത്. അഴിമതിയും സ്വജനപക്ഷപാതവും ബാധിക്കാതിരിക്കാനുള്ള നിയമങ്ങളും ചട്ടങ്ങളും തെരഞ്ഞെടുപ്പ് നടപടിക്രമത്തിന്‍െറ ഭാഗമായി എഴുതിച്ചേര്‍ത്തിട്ടുണ്ട്. നിലവില്‍ ഏതെങ്കിലും തരത്തില്‍ സര്‍ക്കാര്‍ പദ്ധതികളുടെ നടത്തിപ്പുകാരായവര്‍ക്ക് മത്സരിക്കാന്‍ വിലക്കേര്‍പ്പെടുത്തിയത് ഇതിന്‍െറ ഭാഗമാണ്. സഭയുടെ മൂന്നിലൊന്നു പേരുടെ നാമനിര്‍ദേശമുണ്ടെങ്കിലും തദ്ദേശീയമായ വികസന, ക്ഷേമപ്രവര്‍ത്തനങ്ങള്‍ ജനപ്രതിനിധികള്‍ക്കു മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുമെന്നാണ് ഗവണ്‍മെന്‍റ് പറയുന്നത്. ഇതു പരമ്പരാഗത ഭരണരീതിയിലെ കാര്യമായൊരു പൊളിച്ചെഴുത്താണെന്ന് നിരീക്ഷകരും പറയുന്നു. പ്രവൃത്തിപഥത്തില്‍ ഇത് എങ്ങനെ പുലരുമെന്നാണ് അവരെല്ലാം കാത്തിരിക്കുന്നത്.

അടുത്തമാസം 29 മുതല്‍ ഡിസംബര്‍ 11 അര്‍ധരാത്രി വരെയുള്ള സമയമാണ് പ്രചാരണത്തിന് നിശ്ചയിച്ചിരിക്കുന്നത്. അതിനും മന്ത്രാലയത്തിനു കീഴില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി രൂപവത്കരിച്ച എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ലൈസന്‍സും നിയന്ത്രണവുമുണ്ട്. പ്രചാരണത്തിനുള്ള ഓഫിസ്, മാധ്യമകാമ്പയിന്‍, പ്രഭാഷണങ്ങളും സെമിനാറുകളും എന്നീ ഇനങ്ങളില്‍ എ, ബി, സി ഇനങ്ങളിലുള്ള ലൈസന്‍സുകളാണ് നല്‍കുന്നത്. അതിന് നിശ്ചിത ഫീസുമുണ്ട്. സ്ഥാനാര്‍ഥികളുടെ ഫോട്ടോകളും വ്യക്തിമാഹാത്മ്യങ്ങളും ഉയര്‍ത്തിപ്പിടിച്ചുള്ളതോ അപരനെ കടന്നു വിമര്‍ശിക്കുന്നതോ ആയിത്തീരാന്‍ പാടുള്ളതല്ല പരിപാടികളൊന്നും. മാധ്യമങ്ങളില്‍ പോലും ഇത്തരത്തില്‍ പ്രത്യക്ഷപ്പെടുന്നതിന് സ്ഥാനാര്‍ഥി അയോഗ്യനാക്കപ്പെടും. സര്‍ക്കാറിന്‍െറ പൂര്‍ണനിയന്ത്രണത്തില്‍ ഒതുങ്ങിയ ഈ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ പ്രയാസങ്ങളും പ്രതിസന്ധികളും ഇടക്കിടെ കടന്നുവരുന്നുമുണ്ട്. അതില്‍ പെട്ടതാണ് വനിത സ്ഥാനാര്‍ഥികള്‍ക്ക് ചുമത്തിയിട്ടുള്ള നിബന്ധനകള്‍.
മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന വനിത സ്ഥാനാര്‍ഥികള്‍ പുരുഷ വോട്ടര്‍മാരെ നേരിട്ട് സമീപിക്കാന്‍ പാടില്ളെന്നും അവര്‍ക്ക് പുരുഷ സഹായികളെയോ സ്വകാര്യ പരസ്യകമ്പനികളെയോ ഇതിനായി ഉപയോഗപ്പെടുത്താമെന്നുമാണ് പരമോന്നത തെരഞ്ഞെടുപ്പ് സമിതി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ഇത്തരത്തില്‍ പുരുഷന്മാരുമായി ഇടകലരുന്ന പ്രവര്‍ത്തനം നിയമലംഘനമായി കാണും.

വനിതകളുടെ സ്ഥാനാര്‍ഥിത്വത്തിന്‍െറ ആവേശത്തില്‍ തെരഞ്ഞെടുപ്പ് രംഗത്തേക്ക് കടന്നുവന്നവരില്‍ ഇത് വലിയ നിരാശയുളവാക്കിയതായി മുഖ്യധാരാ മാധ്യമങ്ങള്‍ പറയുന്നു. വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ട് അഭ്യര്‍ഥിക്കാന്‍ സ്ഥാനാര്‍ഥിക്ക് അവകാശമില്ളെങ്കില്‍ പിന്നെ വോട്ടെടുപ്പിനെന്തു പ്രസക്തിയെന്നാണ് സ്ഥാനാര്‍ഥിയായ നസീമ അസ്സആദയുടെ ചോദ്യം. ഈ തീരുമാനം തെരഞ്ഞെടുപ്പിലെ വനിതാപങ്കാളിത്തത്തിന് വിപരീതഫലമാണുളവാക്കുകയെന്നാണ് വനിതകളുടെ പൊതുവായ അഭിപ്രായം. പല എഴുത്തുകാരും സാംസ്കാരികപ്രവര്‍ത്തകരും ഇതിനെതിരെ പ്രതികരിച്ചിട്ടുണ്ട്. ആളില്ലാത്തിടങ്ങളില്‍ സ്ത്രീപുരുഷന്മാര്‍ തനിച്ചിരിക്കുന്നതും പൊതുമണ്ഡലത്തില്‍ ജനങ്ങള്‍ക്കിടയില്‍ അവര്‍ പ്രവര്‍ത്തിക്കുന്നതും രണ്ടായി കാണണമെന്ന് സൗദി അറേബ്യയിലെ സ്ത്രീ - പുരുഷ ബന്ധ മര്യാദകളെ മാനിക്കുന്നവര്‍ തന്നെ ഉയര്‍ത്തിക്കാട്ടുന്നു. ഏതായാലും സ്ത്രീകളുടെ വിദ്യാഭ്യാസം, യാത്ര, കേസ് നടത്തിപ്പ് തുടങ്ങിയ മുഴുവിഷയങ്ങളിലും സ്വന്തക്കാരന്‍ പുരുഷന്‍െറ (മഹ്റം) സാന്നിധ്യം വേണമെന്ന് നിഷ്കര്‍ഷിക്കുന്ന പൊതുനിയമം നിലവിലിരിക്കെ ഈ ഉപാധിയില്‍ ഇളവ് അനുവദിക്കപ്പെടുമോ എന്നു കാത്തിരുന്നു കാണണം.

പ്രമുഖ സൗദി കോളമിസ്റ്റ് അഹ്മദ് അല്‍ ഹര്‍ബി ചൂണ്ടിക്കാട്ടിയതു പോലെ സ്വയം നിയന്ത്രിത ചട്ടക്കൂടുകളുടെ കണിശതക്കുള്ളില്‍ കഴിയുന്ന ഒരു സമൂഹത്തില്‍ പാര്‍ലമെന്‍ററി ജനാധിപത്യത്തെ പരീക്ഷിക്കുന്ന സാഹസികതയാണ് ഈ തെരഞ്ഞെടുപ്പ്. അതില്‍ പ്രകടമാകുന്ന ബാലാരിഷ്ടതയായി വേണം ഇത്തരം പുഷ്-പുള്‍ അഭ്യാസങ്ങളെ കാണാന്‍. അതിനെയൊക്കെ അതിജീവിച്ച് ഈ പരീക്ഷണം മുന്നോട്ടുപോകുമെന്നു തന്നെയാണ് രാജ്യത്തെ പുരോഗമനേഛുക്കളുടെ ശുഭാപ്തി. തെരഞ്ഞെടുപ്പ് ഓരോന്നു കഴിയുന്തോറും ജനാധിപത്യപ്രക്രിയയിലേക്ക് കാറ്റും വെളിച്ചവും കൂടുതലായി കടന്നുവരുന്നത് അവര്‍ എടുത്തുകാട്ടുമ്പോള്‍ ആ വിശ്വാസം തന്നെ എല്ലാം എന്നു പറയാതെ വയ്യ.

Show Full Article
TAGS:
Next Story