Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ബഹുസ്വരതയുടെ തത്ത്വശാസ്ത്രം അവര്‍ പഠിക്കട്ടെ
cancel

ബഹുമാനപ്പെട്ട പ്രധാനമന്ത്രീ,
ഈ കത്ത് താങ്കള്‍ക്കു മാത്രമായുള്ളതാണ്്; സാംസ്കാരികമന്ത്രി ഡോ. മഹേഷ് ശര്‍മക്കുള്ളതല്ല. നമ്മുടെ സംസ്കാരത്തെക്കുറിച്ച ചില കാഴ്ചപ്പാടുകള്‍ പൊതുവില്‍ അങ്ങയുടെ ശ്രദ്ധയില്‍പെടുത്തുന്നതിനാണ് ഈ എഴുത്ത്. നമ്മുടെ രാജ്യത്തെ ഗ്രസിച്ചു കഴിഞ്ഞ ചില പ്രശ്നങ്ങളുടെ കേന്ദ്രമായി മാറിയ സാഹിത്യ അക്കാദമിയെക്കുറിച്ച് ഇവിടെ ഉന്നയിക്കാനുദ്ദേശിക്കുന്ന കാര്യങ്ങളില്‍ കൃത്യമായ പരിഹാരം നിര്‍ദേശിക്കാന്‍ താങ്കള്‍ക്കുമാത്രമാണ് കഴിയുകയെന്ന് ഞാന്‍ ഉറച്ചുവിശ്വസിച്ചുകൊള്ളട്ടെ.

സര്‍, താങ്കള്‍ക്കറിയാവുന്നതുപോലെ, 1952ല്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു പ്രമേയത്തിലൂടെയാണ് സാഹിത്യ അക്കാദമിക്ക് രൂപംനല്‍കിയത്. ’54 മാര്‍ച്ച് 12ന് അതിന്‍െറ ഒൗദ്യോഗിക ഉദ്ഘാടനവും നടന്നു. സര്‍ക്കാര്‍ നിയോഗിച്ച അതിന്‍െറ ആദ്യ സമിതിയില്‍ പ്രഗല്ഭരായ പണ്ഡിതരും സാഹിത്യകാരുമായിരുന്നു ഉണ്ടായിരുന്നത്. നെഹ്റു, ഡോ. എസ്. രാധാകൃഷ്ണന്‍, സി. രാജഗോപാലാചാരി, മൗലാനാ അബുല്‍ കലാം ആസാദ്, കെ.എം. മുന്‍ഷി, കെ.എം. പണിക്കര്‍, ഹുമയൂണ്‍ കബീര്‍, മഹാദേവി വര്‍മ, സാക്കിര്‍ ഹുസൈന്‍ തുടങ്ങിയവരൊക്കെയായിരുന്നു ആ സമിതിയില്‍.

പ്രധാനമന്ത്രി നെഹ്റു തന്നെയായിരുന്നു അക്കാദമിയുടെ ആദ്യ പ്രസിഡന്‍റും. അക്കാദമിയുടെ സ്വതന്ത്രമായ അസ്തിത്വത്തെക്കുറിച്ച് അദ്ദേഹം അന്നുതന്നെ ഇങ്ങനെ വിളംബരം ചെയ്തു: അക്കാദമി അധ്യക്ഷന്‍ എന്ന നിലയില്‍ ഞാന്‍ തുറന്നുപറയുന്നു, എന്‍െറ പ്രവര്‍ത്തനങ്ങളില്‍ ഞാനാകുന്ന പ്രധാനമന്ത്രി ഇടപെടുന്നത് എനിക്ക് ഇഷ്ടമല്ല.’ അക്കാദമി ആവശ്യപ്പെടുന്ന ഈ സ്വാതന്ത്ര്യം ഇന്നുവരെ നിലനിന്നിരുന്നുവെന്നാണ് ഞാന്‍ ഇത്രയും കാലം വിചാരിച്ചത്. എന്നാല്‍, എന്‍െറ ധാരണ പൂര്‍ണമായും തെറ്റായിരുന്നുവെന്ന് ഞാന്‍ തിരിച്ചറിയുന്നു. കഴിഞ്ഞയാഴ്ചകളില്‍ മാധ്യമങ്ങളിലും നവമാധ്യമങ്ങളിലും വന്ന ചര്‍ച്ചകളിലേക്ക് വിശദമായി കടക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ, സാഹിത്യ അക്കാദമിയുടെ നട്ടെല്ലില്ലായ്മക്കെതിരെ പ്രതിഷേധിച്ചവര്‍ രാജ്യത്തെ പ്രധാന എഴുത്തുകാരും ബുദ്ധിജീവികളുമാണ്. നയന്‍താര സെഗാള്‍, അശോക് വാജ്പേയി, ശശിദേശ് പാണ്ഡെ, സാറാ ജോസഫ്, ഉദയ് പ്രകാശ് തുടങ്ങിയവരൊക്കെ അക്കൂട്ടത്തിലുണ്ട്. ദീര്‍ഘകാലം അക്കാദമി സെക്രട്ടറിപദത്തിലിരുന്ന കെ. സച്ചിദാനന്ദനുമുണ്ട് അക്കൂട്ടത്തില്‍. ഇവരൊക്കെയുള്ള അക്കാദമിതന്നെയാണ് വിമതസ്വരങ്ങളെ അടിച്ചമര്‍ത്തുന്നതിനെതിരെ ശബ്ദിക്കാതിരിക്കുന്നത്.

കഴിഞ്ഞ ഏതാനും മാസങ്ങളായി, രാജ്യത്തിന്‍െറ ബഹുസ്വരതയെ തുരങ്കംവെക്കുംവിധമുള്ള അതിപ്രകോപനപരമായ കമന്‍റുകള്‍ ചില തീവ്ര ചിന്താഗതിക്കാരില്‍നിന്നും നാം കേള്‍ക്കുന്നുണ്ട്. ദിനാനന്ത് ബാത്രയുടെയും സനാതന്‍ സനസ്തയുടേയുമെല്ലാം പ്രത്യയശാസ്ത്രങ്ങള്‍ ഇവിടെ വിശദമായി പറയുന്നില്ല. പക്ഷേ, ഇവരുടെയൊക്കെ മണ്ഡലങ്ങളെയെല്ലാം പ്രതിനിധാനംചെയ്യുന്നത് ആരൊക്കെയാണ്? എം.പിമാരായ സ്വാമി ആദിത്യനാഥ്, സാക്ഷി മഹാരാജ്, മന്ത്രിമാരായ ഗിരിരാജ് സിങ്, നിരഞ്ജന്‍ ജ്യോതി തുടങ്ങിയവരൊക്കെയല്ളേ ഇവരുടെ പ്രതിനിധികള്‍? ഒരുപക്ഷേ, തീര്‍ത്തും ‘ഗ്രാമീണ’ ജീവിതം നയിക്കുന്നതുകൊണ്ടായിരിക്കാം അവര്‍ ഇങ്ങനെയൊക്കെ സംസാരിക്കുന്നത്. ഇവരില്‍നിന്ന്, ചാതുര്യമുള്ള വാക്കുകളൊന്നും പ്രതീക്ഷിച്ചുകൂടല്ളോ.

പക്ഷേ, സാംസ്കാരികമന്ത്രിയുടെ കാര്യം അങ്ങനെ തള്ളിക്കളയാനാകില്ല. പോയവാരം ഒരുപിടി വിവാദ പരാമര്‍ശങ്ങളാണ് അദ്ദേഹത്തിന്‍െറ ഭാഗത്തുനിന്നുമുണ്ടായത്. ‘പാശ്ചാത്യവത്കരിക്കപ്പെട്ട പൊതുയിടങ്ങളെല്ലാം ഞങ്ങള്‍ തുടച്ചുനീക്കുകയും അവിടെ ഭാരതീയ സംസ്കാരം തിരിച്ചുകൊണ്ടുവരുകയും ചെയ്യും. മുന്‍വര്‍ഷങ്ങളില്‍ നമ്മുടെ സംസ്കാരവും സാംസ്കാരിക സ്ഥാപനങ്ങളുമെല്ലാം മലിനമാക്കപ്പെട്ടതെങ്ങനെയെന്ന് ചരിത്രം നമുക്ക് പറഞ്ഞുതരുന്നുണ്ട്’ -അത്തരമൊരു പരാമര്‍ശം ഇങ്ങനെയായിരുന്നു. ഏതൊരു സാംസ്കാരിക പൈതൃകത്തെക്കുറിച്ചാണ് മന്ത്രി ശര്‍മ ഇങ്ങനെ പറയുന്നത്? ദാദ്രി സംഭവം കേവലം തെറ്റിദ്ധാരണയുടെ പുറത്തായിരുന്നുവെന്നാണ് അദ്ദേഹത്തിന്‍െറ മറ്റൊരു പ്രസ്താവന. എന്തിനെക്കുറിച്ചായിരുന്നു ആ തെറ്റിദ്ധാരണ? ഹിന്ദുത്വത്തെക്കുറിച്ചായിരുന്നോ? ഹിന്ദുമതത്തെക്കുറിച്ച ഒരു സുപ്രധാന കാഴ്ചപ്പാടെന്താണെന്നുവെച്ചാല്‍, അത് വിധിയില്‍ വിശ്വസിക്കുന്നില്ളെന്നതാണ്. കുളത്തിലെ വെള്ളംപോലെയാണ് ദൈവമെന്ന് ശ്രീരാമകൃഷ്ണ പരമഹംസന്‍ പറഞ്ഞിട്ടുണ്ട്.

വിവിധ വിഭാഗക്കാര്‍ ആ കുളത്തില്‍നിന്ന് ജലമെടുക്കുന്നു, എന്നാല്‍, പല പേരുകളും വിളിക്കുന്നു. ഹിന്ദുയിസം എന്നത് കേവലം ആചാരങ്ങളല്ല, അത് ഒരു ജീവിതരീതിയാണ്. സാമാന്യമായി അതിനെ ധര്‍മം എന്നു വിളിക്കാം. അതിന്‍െറ ശക്തി ഇല്ലാതാക്കാന്‍ ഒരാള്‍ക്കും കഴിയില്ല. പിന്നെയെന്തിന് ഈ മതം തകര്‍ക്കുന്നുവെന്ന് ഭയപ്പെടണം? വൈവിധ്യത്തെ അംഗീകരിച്ചതുകൊണ്ടാണ് ഈ മതം നൂറ്റാണ്ടുകളെ അതിജീവിച്ചത്. പക്ഷേ, ഇപ്പോള്‍ ചില തീവ്രചിന്താഗതിക്കാര്‍ രംഗം പിടിച്ചെടുക്കുകയും ഈ മതത്തെ വ്യാഖ്യാനിക്കുകയും ചെയ്യുന്നു. അവരാണ് ഇത്തരം ഭയം ഉല്‍പാദിപ്പിക്കുന്നത്. അവരാണ് ജനങ്ങള്‍ക്കിടയില്‍ വിഭാഗീയത സൃഷ്ടിച്ചതും. സാഹിത്യ അക്കാദമിയെ മൗനിയാക്കിയതിനു പിന്നിലും ഭയംതന്നെയായിരിക്കാം. 15 ലക്ഷം ചെലവാക്കി അടിയന്തര യോഗം വിളിക്കാനാകില്ളെന്നാണ് അക്കാദമി അധ്യക്ഷന്‍ പറഞ്ഞത്. ആശയ, ആവിഷ്കാര സ്വാതന്ത്ര്യത്തെ പിന്തുണക്കാന്‍ ഇത്രയും തുക ആവശ്യമുണ്ടോ?

സര്‍, സാഹിത്യ അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ട മഹദ്വ്യക്തികളില്‍ പലരും ഹിന്ദുമതത്തിലും നമ്മുടെ സംസ്കാരത്തിലും ചരിത്രത്തിലുമെല്ലാം പ്രാഗല്ഭ്യമുള്ളവരായിരുന്നു. അക്കൂട്ടത്തിലെ അഞ്ചുപേരെ മാത്രം ഇവിടെ പരാമര്‍ശിക്കാം: ഡോ. രാധാകൃഷ്ണന്‍, രാജാജി, കെ.എം. മുന്‍ഷി, കെ.എം. പണിക്കര്‍, സുനീതി ചാറ്റര്‍ജി. നമ്മുടെ രാജ്യത്തിന്‍െറ ബഹുസ്വരതയുടെ തത്ത്വശാസ്ത്രം എന്തെന്നറിയാന്‍ ഇവരുടെ പുസ്തകങ്ങള്‍ വായിക്കണമെന്ന് താങ്കള്‍ ഹിന്ദുത്വവാദികളായ നേതാക്കളോടൊന്ന് പറയണം.

നമ്മുടെ ദേശീയപതാകക്ക് ഒറ്റ നിറം മതിയെന്ന അഭിപ്രായം ഈയിടെയായി ഉയര്‍ന്നുവരുന്നു. അതിലെ ഓരോ നിറവും ഓരോ മതത്തെയാണ് സൂചിപ്പിക്കുന്നതെന്ന തെറ്റായ ധാരണയാണ് ഈ അഭിപ്രായത്തിനു പിന്നില്‍, പ്രത്യേകിച്ചും അതിലെ പച്ചനിറം. നമ്മുടെ സര്‍ക്കാറിന്‍െറ വിശദീകരണം എടുത്തുചേര്‍ക്കുന്നത് നന്നായിരിക്കും: പതാകയില്‍ മുകളിലെ  കാവിനിറം ധൈര്യത്തെയും ശക്തിയെയുമാണ് സൂചിപ്പിക്കുന്നത്. വെള്ളനിറം സമാധാനമാണ്. പച്ചനിറം സമൃദ്ധിയും വളര്‍ച്ചയുമൊക്കെയാണ് കാണിക്കുന്നത്. എല്ലാവരെയും ബഹുമാനിക്കാനും സ്നേഹിക്കാനുമാണ് എന്നിലെ ഹിന്ദുയിസം ഈയുള്ളവനെ പഠിപ്പിച്ചത്. എല്ലാവരും സന്തോഷത്തോടെയിരിക്കണമെന്നാണ് അതിന്‍െറ അടിസ്ഥാനം, ഏതെങ്കിലും ഒരു വിഭാഗമല്ല. 2014ല്‍ താങ്കളുടെ പാര്‍ട്ടിയെ പിന്തുണച്ച രാജ്യത്തെ മൂന്നിലൊന്ന് ജനങ്ങള്‍ക്കു മാത്രം എന്നുമല്ല. അതുകൊണ്ട് സര്‍, സമൂഹത്തിന്‍െറ വലിയൊരു ഭാഗത്തുനിന്നുമുള്ള ശബ്ദം കേള്‍ക്കാന്‍ താങ്കള്‍ തയാറാകണം. ഈ സമയത്ത് താങ്കള്‍ക്കു മാത്രമാണ് എന്തെങ്കിലും ചെയ്യാനാവുക. അക്കാദമിയെ സംബന്ധിച്ചാണെങ്കില്‍, അതിന് നഷ്ടപ്പെട്ട ഖ്യാതി ഒരിക്കലും തിരിച്ചുപിടിക്കാനായെന്നുവരില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story