Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഓര്‍ക്കുക, ഞങ്ങളും...

ഓര്‍ക്കുക, ഞങ്ങളും ഇന്ത്യയിലുണ്ട്

text_fields
bookmark_border
ഓര്‍ക്കുക, ഞങ്ങളും ഇന്ത്യയിലുണ്ട്
cancel

ആരുടെയും ആഹ്വാനം കേട്ടിട്ടല്ല, ആരുടെയും നിര്‍ദേശം അനുസരിച്ചല്ല, സ്വന്തം മനസ്സാക്ഷിയുടെ മാത്രം വിളികേട്ടാണ്, എത്രയോ പ്രതിഭാശാലികളായ എഴുത്തുകാര്‍ ഒന്നിനുപിറകെ ഒന്നായി സ്വന്തമായ വിധത്തില്‍, പ്രതികരിക്കാന്‍ ഇപ്പോള്‍ ധീരരായിരിക്കുന്നത്. പൊടുന്നനെ പൊട്ടിപ്പുറപ്പെട്ട എഴുത്തുകാരുടെ പ്രതിഷേധം, സാംസ്കാരികമന്ത്രി മുതല്‍ മുഴുവന്‍ ഫാഷിസ്റ്റ് സൂക്ഷിപ്പുകാരെയും പരിഭ്രാന്തമാക്കിയിരിക്കുന്നു. അതുവഴി പ്രതിഷേധത്തിന്‍െറ ആദ്യ ദൗത്യംതന്നെയാണ് പൂര്‍ത്തീകരിക്കപ്പെട്ടിരിക്കുന്നത്. അധികാരത്തിന്‍െറ സര്‍വ കടന്നാക്രമണ സംവിധാനങ്ങളെയും വെല്ലുവിളിച്ചുകൊണ്ട്, നിസ്സഹായരായ മനുഷ്യര്‍ക്ക് പ്രതിരോധം തീര്‍ക്കാനാവുമെന്ന്, വികാരഭീകരതകള്‍ ഇളകിയാടുന്ന ഇരുട്ടിലും, തെളിയിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു. നയന്‍താര സെഗാള്‍ മുതല്‍ സച്ചിദാനന്ദന്‍ വരെയുള്ള നിരവധി പ്രതിഭാശാലികള്‍ പങ്കുവെച്ചത് ധീരമായ പ്രബുദ്ധതയാണ്. മരവിച്ച മൗനത്തിനുമുകളില്‍ പ്രതിഷേധ കനലുകള്‍ അവയുടെ  പൊരികള്‍ ചിതറി, കത്തിജ്ജ്വലിക്കാനാരംഭിച്ചിരിക്കുന്നു. അങ്ങനെ സംഭവിച്ചിട്ടില്ലായിരുന്നെങ്കില്‍ കല്‍ബുര്‍ഗി മുതല്‍ മുഹമ്മദ് അഖ്ലാഖ് വരെയുള്ളവര്‍, ബാക്കിവെച്ച മരണാനന്തര സന്ദേശങ്ങള്‍ക്ക് സമരോത്സുകമായ രണ്ടാം ജീവിതത്തിലേക്ക്, ഇത്ര പെട്ടെന്ന് പ്രവേശിക്കാനാവുമായിരുന്നില്ല. ആവിഷ്കാരം എന്നത് എഴുത്തില്‍ മാത്രമായി ഒതുങ്ങുന്നില്ളെന്നും, അത് ജീവിതം മുഴുവനാണെന്നും മനസ്സിലാവുമ്പോഴാണ്, കല്‍ബുര്‍ഗിയും മുഹമ്മദ് അഖ്ലാഖും ഒന്നാവുന്നത്.

രണ്ടുപേരും കൊല്ലപ്പെട്ടു എന്നതിനപ്പുറം, രണ്ട് കൊലയും ഫാഷിസ്റ്റ് കാര്യപരിപാടിക്കനുസരിച്ച് കൃത്യമായി നിര്‍വഹിക്കപ്പെട്ടതാണെന്ന് തിരിച്ചറിയുമ്പോഴാണ്, അപലപിക്കപ്പെടേണ്ട മറ്റെല്ലാ കൊലകളില്‍നിന്നും ഇവ മൗലികമായും വേര്‍പെട്ടു നില്‍ക്കുന്നത്. ഇന്ന് ഇന്ത്യയില്‍ നടക്കുന്ന ഭീകരതകള്‍ വിവരിക്കാന്‍ ബാബരി മുതല്‍ ദാദ്രിവരെ എന്നതിനേക്കാള്‍ കൃത്യം മഹാത്മാ ഗാന്ധി മുതല്‍ കല്‍ബുര്‍ഗി വരെ എന്ന തലക്കെട്ടാണ്.
ഗാന്ധിജി വധിക്കപ്പെടുക മാത്രമല്ല, വധിക്കപ്പെട്ടശേഷം ‘കൊലയാളികളും’ അവരുടെ പ്രത്യയശാസ്ത്രങ്ങളും നിരന്തരം പ്രശംസിക്കപ്പെടുകയാണുണ്ടായതെന്നുള്ളതും നടുക്കം വര്‍ധിപ്പിക്കുന്നു. മഹാത്മാ ഗാന്ധി കൊല്ലപ്പെട്ടപ്പോള്‍ മധുരപലഹാരവിതരണം നിര്‍വഹിച്ച് ആനന്ദനൃത്തം ചെയ്തവരുടെ, പിന്മുറക്കാരുടെ നേതൃത്വത്തിലാണ്, അനന്തമൂര്‍ത്തിയുടെയും മരണം ആഘോഷിച്ചതെന്നുള്ളത് യാദൃച്ഛികമായിരുന്നില്ല. മോദി ജയിച്ചാല്‍ ഞാന്‍ ഇന്ത്യ വിടുമെന്ന് പറഞ്ഞതിന്‍െറ മാത്രം പേരിലായിരുന്നു, അനന്തമൂര്‍ത്തി പീഡിപ്പിക്കപ്പെട്ടതെന്നുള്ള പരമാര്‍ഥം, അന്ന് പലരും വേണ്ടവിധം തിരിച്ചറിയാതെപോവുകയാണുണ്ടായത്. എന്നാല്‍, ഫാഷിസ്റ്റ് കണക്കുപുസ്തകത്തില്‍ എഴുതപ്പെട്ട ഒരു പേരായിരുന്നു അനന്തമൂര്‍ത്തി എന്നുള്ളത് പുറത്തുചാടിയത്, കല്‍ബുര്‍ഗിവധം നടന്നുകഴിഞ്ഞപ്പോഴാണ്. സംഘ്പരിവാര്‍ഫാഷിസത്തിന്‍െറ അഖിലലോക സംഘമായ വിശ്വഹിന്ദു പരിഷത്തിന്‍െറ സായുധസേന ‘ബജ്റംഗ്ദള്‍’ എന്ന സമാന്തര സൈന്യമാണ്, അനന്തമൂര്‍ത്തിയുടെ മരണം ആഘോഷിച്ച നിന്ദ്യമായ നിലപാട് ആവര്‍ത്തിക്കുംവിധം, കല്‍ബുര്‍ഗിവധവും ആഘോഷിച്ചത്.

ഭൂവിത്ഷെട്ടിയുടെ ഗരുഡ ട്വിറ്റര്‍ അക്കൗണ്ടിലാണ്, ജനാധിപത്യത്തെ ഇരുളിലാഴ്ത്തുന്ന ആ കൊലവിളി, ഒരു പ്രസ്താവനയായി ആദ്യം പ്രത്യക്ഷപ്പെട്ടത്. ഇന്ത്യ മുഴുവന്‍ ആദരിക്കുന്ന അനന്തമൂര്‍ത്തിയെയും നരേന്ദ്ര ദാബോല്‍കറെയും ഗോവിന്ദ് പന്‍സാരെയെയും അപകീര്‍ത്തിപ്പെടുത്തിയതിനു ശേഷം കല്‍ബുര്‍ഗിയെ കൊന്നതിനെ ന്യായീകരിക്കുകയും അടുത്ത ഇര കെ.എസ്. ഭഗവാന്‍ ആണ് എന്ന് മുന്നറിയിപ്പ് നല്‍കുകയുമാണ് ആ ബജ്റംഗ്ദള്‍ നേതാവ് ചെയ്തത്. സംഘ്പരിവാര്‍ ബ്രാന്‍ഡ് ഹിന്ദുമതത്തെ വിമര്‍ശിക്കുന്നവരെ കാത്തിരിക്കുന്നത് കല്‍ബുര്‍ഗിക്കടക്കം നേരിട്ട പട്ടികളുടേതുപോലുള്ള അന്ത്യമാണെന്നാണ് ഭൂവിത്ഷെട്ടി ലോകത്തോട് പ്രഖ്യാപിച്ചത്. കല്‍ബുര്‍ഗിയുടെ ജീവന്‍ അവസാനിപ്പിച്ചതോടെ അദ്ദേഹം ആവിഷ്കരിച്ച ആശയങ്ങളും ബാക്കിവെച്ച സ്വപ്നങ്ങളും അവസാനിച്ചുപോവുമെന്ന ഫാഷിസത്തിന്‍െറ പൊള്ള പ്രതീക്ഷകളെയാണ് ഇന്ത്യന്‍ എഴുത്തുകാര്‍ ഇന്ന് നിവര്‍ന്നുനിന്ന് വെല്ലുവിളിച്ചുകൊണ്ടിരിക്കുന്നത്. കേന്ദ്ര സാഹിത്യ അക്കാദമിയും കേന്ദ്ര സാംസ്കാരിക മന്ത്രിയും നിരന്തര പ്രതികരണം നിര്‍വഹിക്കുന്ന നമ്മുടെ പ്രധാനമന്ത്രിയും  ജനാധിപത്യത്തിന്‍െറ നിലവിളികള്‍ക്കും ഫാഷിസത്തിന്‍െറ കൊലവിളികള്‍ക്കുമിടയില്‍ എവിടെ നിന്നു എന്നാണ് അവര്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ചോദിക്കുന്നത്.

ഇരകളുടെ നിലവിളികള്‍ക്കും വേട്ടക്കാരുടെ കൊലവിളികള്‍ക്കും ഇടയില്‍ ഇനിയുമിനിയും നടുങ്ങിനില്‍ക്കാന്‍ ആവാതെവന്നപ്പോഴുള്ള മതനിരപേക്ഷ മനസ്സിന്‍െറ നിവര്‍ന്നു നില്‍ക്കാനുള്ള സമരോത്സുകമായ ശ്രമങ്ങളെയാണ് പുരസ്കാര തിരസ്കാരവും രാജിയും പ്രതിഷേധപ്രസ്താവനകളും പങ്കുവെക്കുന്നത്. നരേന്ദ്ര ദാബോല്‍കര്‍ കൊല്ലപ്പെട്ട അന്നുതന്നെ വേണ്ടിയിരുന്നു നിങ്ങളുടെ പ്രതിഷേധമെന്നും, അതെന്താണ് വൈകിപ്പോയതെന്നും ഫാഷിസ്റ്റുകള്‍ ചോദിക്കുമ്പോള്‍ അതിന്‍െറ ഒരര്‍ഥം കൊല ഞങ്ങള്‍ നിര്‍വഹിക്കും, പ്രതിഷേധിക്കാനുള്ള തീയതിയും ഞങ്ങള്‍ തീരുമാനിക്കും എന്ന അഹന്തയാണ്. അതേ അഹന്തയാണ് സാംസ്കാരിക മന്ത്രിയും ആവര്‍ത്തിച്ചിരിക്കുന്നത്. ഇന്ത്യയില്‍ നടന്നുകഴിഞ്ഞ സമാനതകളില്ലാത്ത ക്രൂരതകളോടും, അതിനെ പരോക്ഷമായി പിന്തുണക്കുന്ന ഭരണകൂടാധികാരത്തിന്‍െറ, ‘കുക്രൂരത’കളോടും പ്രതിഷേധിക്കുന്ന എഴുത്തുകാരോട്, സാംസ്കാരികമന്ത്രി പറഞ്ഞിരിക്കുന്നതിന്‍െറ പൊരുള്‍ അങ്ങനെയെങ്കില്‍ നിങ്ങളിനി എഴുതേണ്ട എന്നാണ്. എന്നാല്‍, ഇന്ത്യയുടെ പ്രസിഡന്‍റ് ഇവിടെ നമ്മുടെ ഇന്ത്യയില്‍ മുമ്പെങ്ങുമില്ലാത്തവിധം അസഹിഷ്ണുത തേര്‍വാഴ്ച തുടരുന്നതില്‍ ആശങ്കപ്പെടാനിടയായതൊന്നും നമ്മുടെ സാംസ്കാരികമന്ത്രിക്ക് ഒരസ്വസ്ഥതയും ഉണ്ടാക്കുന്നില്ല.
ഫാഷിസ്റ്റുകള്‍ അഴിച്ചുവിട്ട അസഹിഷ്ണുതയുടെ വേട്ടനായ്ക്കള്‍, ജനാധിപത്യത്തിന്‍െറ മൂല്യങ്ങള്‍ ഓരോന്നായി കടിച്ചുകുടയുമ്പോള്‍ പ്രധാനമന്ത്രിക്കാകെ പറയാനുണ്ടായത്, ഹിന്ദുക്കളും മുസ്ലിംകളും പരസ്പരം പോരടിക്കരുതെന്ന് മാത്രമാണ്.

സ്വന്തം വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന മുഹമ്മദ് അഖ്ലാഖ് എന്ന ദാദ്രിയിലെ പാവം മനുഷ്യന്‍ ആരോട് പോരടിക്കാന്‍ പോയിട്ടാണ് കൊലചെയ്യപ്പെട്ടതെന്ന് പറയാനുള്ള ധീരതയാണ് ഫാഷിസ്റ്റുകള്‍ പ്രകടിപ്പിക്കേണ്ടത്. എത്രയോ കാലത്തെ നിരന്തര പ്രവര്‍ത്തനത്തിലൂടെ മേല്‍ക്കോയ്മാ പ്രത്യയശാസ്ത്രം സമര്‍ഥമായി വികസിപ്പിച്ചെടുത്ത സമവാക്യവ്യവസായത്തിന്‍െറ ലാഭവിഹിതമാണ് ഒരു ജനസമൂഹത്തിന്‍െറ ജീവിതമാകെ അരക്ഷിതത്വത്തിലും അപകടത്തിലും പെട്ട ഒരു സന്ദര്‍ഭത്തിലും പ്രധാനമന്ത്രി കൈപ്പറ്റുന്നത്. ചെന്നായ്ക്കും ആട്ടിന്‍കുട്ടിക്കുമിടയില്‍നിന്ന് നിഷ്പക്ഷതയെക്കുറിച്ച് ട്യൂഷന്‍ എടുക്കാന്‍ പറ്റിയ സമയമല്ല ഇതെന്നെങ്കിലും അദ്ദേഹത്തിന് മനസ്സിലാക്കി ക്കൊടുക്കാന്‍ ഇപ്പോഴത്തെ ഇന്ത്യന്‍ അവസ്ഥയില്‍ ആശങ്ക പ്രകടിപ്പിച്ച സംഘ്പരിവാറിന്‍െറ മുതിര്‍ന്ന നേതാവ് അദ്വാനിക്കെങ്കിലും കഴിയണം. സംഗീതപ്രതിഭ ഗുലാം അലിക്ക് പാടാന്‍ കഴിയാത്തൊരിന്ത്യയില്‍, മുഹമ്മദ് അഖ്ലാഖിനും മുഹ്സിന്‍ ശൈഖിനും ജീവിക്കാന്‍ കഴിയാത്തൊരിന്ത്യയില്‍, കല്‍ബുര്‍ഗിമാര്‍ കൊല്ലപ്പെടുന്നൊരിന്ത്യയില്‍, ഡോ. എം.എം. ബഷീറും കെ.എസ്. ഭഗവാനും ശ്രീദേവി എസ്. കര്‍ത്തയുമടക്കമുള്ള നിരവധി പ്രതിഭകളുടെ ജനാധിപത്യ അവകാശം കാന്‍സലാക്കാനുള്ള ശ്രമം കരുത്താര്‍ജിക്കുന്നൊരു സമയത്ത്, ഒരു രാഷ്ട്രത്തിന്‍െറ ഭരണാധികാരി, ഞാനീ നാട്ടുകാരനേയല്ളെന്ന മട്ടില്‍ അഭിപ്രായപ്രകടനങ്ങള്‍ നിര്‍വഹിക്കുന്നതിനേക്കാള്‍ എത്രയോ ഭേദം അദ്ദേഹത്തിന്‍െറ ആ പഴയ ക്രൂരമൗനംതന്നെയായിരുന്നു.

ഇന്ത്യ-പാക് വിഭജനത്തിന്‍െറ വേദനയെ ഇരട്ടിപ്പിച്ചുകൊണ്ട് വര്‍ഗീയ കലാപങ്ങള്‍ നടന്നപ്പോള്‍, സര്‍ക്കാര്‍ സംവിധാനം കലാപങ്ങളില്‍ പീഡിതരായവരെ വേണ്ടവിധം സംരക്ഷിക്കുന്നില്ളെന്ന ആത്മവേദനയില്‍ നീറിയപ്പോള്‍, 1948 ജനുവരി 12 മുതല്‍, മഹാത്മാ ഗാന്ധി മരണംവരെ നിരാഹാരസമരം നടത്താന്‍ തീരുമാനിച്ചപ്പോള്‍, അന്നതിനോട് പട്ടേല്‍ പ്രതികരിച്ചത്, ഗാന്ധിജിയുടെ സമരത്തിന് ഒരടിസ്ഥാനവുമില്ളെന്ന പ്രകോപന പ്രസ്താവനയോടെയായിരുന്നു. പട്ടേലിന് അന്ന് എല്ലാ അധികാരങ്ങളുമുണ്ടായിരുന്നു. എന്നാല്‍, അന്ന് ഒരധികാരവുമില്ലാത്ത മഹാത്മാ ഗാന്ധി, സ്വന്തം നൈതികതയില്‍ നിവര്‍ന്നുനിന്ന്, പൊട്ടിത്തെറിച്ചു. അദ്ദേഹം പറഞ്ഞു: ‘ഞാന്‍ ചൈനയിലൊന്നുമല്ല, ഡല്‍ഹിയില്‍തന്നെയാണുള്ളത്. എന്‍െറ കണ്ണും കാതും നഷ്ടപ്പെട്ടിട്ടൊന്നുമില്ല.’ ഒരുപക്ഷേ, സ്വന്തം കാലത്തിന്‍െറ കണ്ണും കാതും നാവും മനസ്സാക്ഷിയുമാവേണ്ട നമ്മുടെ എഴുത്തുകാരും, വ്യത്യസ്ത തരത്തിലുള്ള പ്രതിഷേധത്തിലൂടെയും പ്രതികരണത്തിലൂടെയും, പറയാതെ പറയുന്നത് അന്ന് ഗാന്ധി പറഞ്ഞ അതേ കാര്യമാണ്. നിങ്ങള്‍ മാത്രമല്ല, ഞങ്ങളും ഇന്ത്യയിലുണ്ട്, നാളെയും ഉണ്ടാവും എന്ന ഗംഭീരമായ ഉള്ളടക്കമാണ് പ്രതിഷേധങ്ങളില്‍ തിളക്കുന്നത്.

Show Full Article
TAGS:
Next Story