Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഗ്രന്ഥശാലാ പ്രസ്ഥാനം...

ഗ്രന്ഥശാലാ പ്രസ്ഥാനം സപ്തതി ആഘോഷിക്കുമ്പോള്‍

text_fields
bookmark_border
ഗ്രന്ഥശാലാ പ്രസ്ഥാനം സപ്തതി ആഘോഷിക്കുമ്പോള്‍
cancel



കേരളത്തിലെ ഏറ്റവും വലിയ സംഘടിത സാംസ്കാരിക പ്രസ്ഥാനമായ കേരള ഗ്രന്ഥശാലാ സംഘം 70  പിന്നിട്ടിരിക്കുന്നു. 1945 സെപ്റ്റംബര്‍ 14ന് അമ്പലപ്പുഴ പി.കെ മെമ്മോറിയല്‍ ഗ്രന്ഥശാലയില്‍ ചേര്‍ന്ന അഖില തിരുവിതാംകൂര്‍ ഗ്രന്ഥശാല സമ്മേളനമാണ് അഖില തിരുവിതാംകൂര്‍ ഗ്രന്ഥശാലാസംഘത്തിന് രൂപംനല്‍കിയത്. അതാണ് പിന്നീട് ഗ്രന്ഥശാലാ സംഘമായും കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലായും പരിണമിച്ചത്. ഈ പ്രസ്ഥാനത്തിന്‍െറ  ചരിത്രം ചെറുതായൊന്നു വിവരിക്കാം.
തിരുവിതാംകൂര്‍ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്‍െറ ചരിത്രം സ്വാതി തിരുനാളിലൂടെയാണ് ആരംഭിക്കുന്നത്. ഇന്ത്യയിലെതന്നെ ആദ്യത്തെ പൊതുജനഗ്രന്ഥശാലയായി കണക്കാക്കുന്ന തിരുവനന്തപുരം പബ്ളിക് ലൈബ്രറി 1936ല്‍ അദ്ദേഹമാണ് സ്ഥാപിച്ചത്. എന്നാല്‍, ഒരു കാലത്തും അതിനൊരു ജനകീയ സ്വഭാവം കൈവന്നിരുന്നില്ല. 1894ല്‍ വഞ്ചിയൂരിലെ കുന്നുംപുറത്ത് സ്ഥാപിതമായ സുഗുണപോഷിണിയാണ് പൊതുജനങ്ങളാല്‍ സ്ഥാപിതമായ ആദ്യത്തെ ഗ്രന്ഥശാല. തുടര്‍ന്ന് നെയ്യാറ്റിന്‍കര ജ്ഞാനപ്രദായിനി ഗ്രന്ഥശാല, ചെങ്ങന്നൂര്‍ മുരുകന്‍കാവില്‍ ശങ്കരവിലാസം ഗ്രന്ഥശാല, കീഴ്ക്കര വൈ.എം.സി.എ ഗ്രന്ഥശാല, തിരുവനന്തപുരം ശ്രീചിത്തിര തിരുനാള്‍ ഗ്രന്ഥശാല, ഓച്ചിറ രാജാരാജവര്‍മ ഗ്രന്ഥശാല, കണ്ടിയൂര്‍ വിജ്ഞാനപ്രദായിനി ഗ്രന്ഥശാല, കാരാപ്പുഴ ഭാരതീവിലാസം ഗ്രന്ഥശാല തുടങ്ങി 1945 ആയപ്പോഴേക്കും 160ലധികം ലൈബ്രറികള്‍ തിരുവിതാംകൂറില്‍ രൂപംകൊണ്ടു. ഈ ലൈബ്രറികളെ കൂട്ടിയോജിപ്പിക്കാനുള്ള പരിശ്രമങ്ങളുമുണ്ടായി.  1945 സെപ്റ്റംബര്‍ 14ന് അമ്പലപ്പുഴ പി.കെ മെമ്മോറിയല്‍ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ സാഹിത്യപഞ്ചാനനന്‍ തിയറ്ററില്‍ നടന്ന സമ്മേളനം അഖില തിരുവിതാംകൂര്‍ ഗ്രന്ഥശാലാ സമ്മേളനത്തിന് രൂപംനല്‍കി. നീലംപേരൂര്‍കാരനായ പുതുവായില്‍ നാരായണപണിക്കര്‍ എന്ന പി.എന്‍. പണിക്കര്‍ അമ്പലപ്പുഴ കിഴക്കേനടയിലുള്ള പ്രൈമറി സ്കൂളില്‍ അധ്യാപകനായി വരുകയും അദ്ദേഹം പി.കെ മെമ്മോറിയല്‍ ഗ്രന്ഥശാലയുടെ നേതൃത്വം ഏറ്റെടുത്ത് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കാലഘട്ടത്തിലാണ് ഈ സമ്മേളനം ചേര്‍ന്നതും  പ്രസ്ഥാനം രൂപവത്കരിച്ചതും.  കേവലം 47 ഗ്രന്ഥശാലകള്‍ മാത്രം പങ്കെടുത്ത അഖില തിരുവിതാംകൂര്‍ ഗ്രന്ഥശാലാ സമ്മേളനം ഉദ്ഘാടനം ചെയ്തത്  സര്‍ സി.പി ആയിരുന്നു. ഉത്തരവാദപ്രക്ഷോഭണം കത്തിനില്‍ക്കുന്ന ഒരു കാലഘട്ടത്തില്‍ ഏകാധിപത്യപ്രവണത പ്രകടമാക്കുന്ന ഒരു ഭരണാധികാരിയെക്കൊണ്ട് സമ്മേളനം ഉദ്ഘാടനം ചെയ്യിക്കുന്നതില്‍ ആത്മാഭിമാനമുള്ള ഗ്രന്ഥശാലാ പ്രവര്‍ത്തകര്‍ അമര്‍ഷമുള്ളവരായിരുന്നു.
കൊച്ചി സംസ്ഥാനത്തെ ഭരണാധികാരികള്‍ ഗ്രാമങ്ങള്‍തോറും ഗ്രന്ഥശാലകള്‍ സ്ഥാപിക്കുന്നതിന് മുന്‍കൈ എടുത്തു. എം.ആര്‍.കെ.സി, ഡോ. എ.ആര്‍. മേനോന്‍ എന്നിവരുടെ നേതൃത്വത്തില്‍ രൂപംകൊണ്ട ഗ്രാമീണ ഗ്രന്ഥശാലകള്‍ ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തോടും നവോത്ഥാന ആശയങ്ങളോടും സമരസപ്പെട്ടുകൊണ്ടാണ് പ്രവര്‍ത്തിച്ചതെന്ന് കാണാം. 1949ല്‍ തിരു-കൊച്ചി സംസ്ഥാനം രൂപവത്കരിക്കപ്പെട്ടതോടെ ഈ സംസ്ഥാനങ്ങളിലെ ജനതയെ മാനസികമായി ഐക്യപ്പെടുത്താനുള്ള കടമ ഗ്രന്ഥശാലാ പ്രസ്ഥാനമാണ് ഏറ്റെടുത്തത്. 1949ല്‍തന്നെ തിരു-കൊച്ചി ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് രൂപംനല്‍കുകയും പറവൂര്‍ ടി.കെ. നാരായണപിള്ള പ്രസിഡന്‍റും പി.എന്‍. പണിക്കര്‍ സെക്രട്ടറിയുമായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് ഒരു ആസ്ഥാനം അനിവാര്യമാണെന്ന് ബോധ്യപ്പെട്ട അവര്‍ അന്നത്തെ തിരു-കൊച്ചി മുഖ്യമന്ത്രിയായ സി. കേശവനെ സമീപിച്ചു. പട്ടം തുളസി ഹില്‍ ബംഗ്ളാവ് മുഖ്യമന്ത്രി ഈ സാംസ്കാരിക പ്രസ്ഥാനത്തിന് അനുവദിച്ചു. പിന്നീടത് കന്‍േറാണ്‍മെന്‍റ് ഹൗസിലേക്കും തുടര്‍ന്ന് പാളയത്തേക്കും മാറ്റി. കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്‍െറ ആസ്ഥാനം പ്രവര്‍ത്തിച്ചുവന്നത് പാളയത്തെ തിരുവനന്തപുരം പബ്ളിക് ലൈബ്രറിയോട് ചേര്‍ന്ന കെട്ടിടത്തിലായിരുന്നു. നിര്‍ഭാഗ്യവശാല്‍ 70ാം വാര്‍ഷികം ആചരിക്കുമ്പോള്‍ കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന് സ്വന്തമായി ഒരു ആസ്ഥാനമന്ദിരം ഇല്ലാത്ത പ്രസ്ഥാനമായി മാറേണ്ടിവന്നിരിക്കുന്നു. സ്വന്തമായുണ്ടായിരുന്ന ആസ്ഥാന മന്ദിരത്തില്‍നിന്ന് വാടകക്കെട്ടിടത്തിലേക്ക് ചേക്കേറേണ്ടിവന്ന ഗതികേടിന് ഉത്തരവാദിത്തം തീര്‍ച്ചയായും സംസ്ഥാന ഭരണാധികാരികള്‍ക്കെന്നപോലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തെ നയിക്കുന്നവര്‍ക്കുമുണ്ട്.
സംഘബോധത്തിന്‍െറ ചൈതന്യരൂപങ്ങളെന്നനിലയിലാണ് മലബാറില്‍ ഗ്രന്ഥശാലകള്‍ രൂപംകൊണ്ടത്. ഇതിന് ഭരണകൂടങ്ങളോ ഏതെങ്കിലും ഏജന്‍സികളോ സാമ്പത്തികമായ ഒരു സഹായവും ചെയ്തിരുന്നില്ല. ദേശീയ പ്രസ്ഥാനത്തിന്‍െറ ഭാഗമായി ഒട്ടേറെ ഗ്രന്ഥശാലകള്‍ അവിടെ ഉയര്‍ന്നുവന്നു. കെ.പി.സി.സി സെക്രട്ടറിയായിരുന്ന ഇ.എം.എസ് ഗ്രാമപ്രദേശങ്ങളില്‍ ഗ്രന്ഥശാലകള്‍ രൂപവത്കരിക്കുന്നതിന് മുന്നിട്ടിറങ്ങാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആഹ്വാനംചെയ്തു. കെ. ദാമോദരനെപ്പോലെയുള്ളവരും സജീവമായി ഇറങ്ങി. നവോത്ഥാന പ്രസ്ഥാനത്തിന്‍െറ ഭാഗമായി വിശേഷിച്ചും ശ്രീനാരായണ ഗുരു, വാഗ്ഭടാനന്ദന്‍ എന്നിവരുടെ സ്വാധീനത്താല്‍ ഏറെ ഗ്രന്ഥശാലകള്‍ രൂപംകൊണ്ടു. സംഘടനകൊണ്ട് ശക്തരാകാനും വായനകൊണ്ട് പ്രബുദ്ധരാകാനുമുള്ള ഗുരുവിന്‍െറ ആഹ്വാനം മലബാറില്‍ ഗ്രന്ഥശാലകള്‍ രൂപവത്കരിച്ചുകൊണ്ടാണ് യുവാക്കള്‍ സ്വീകരിച്ചത്.
1937 ജൂണ്‍ 11ന് മലബാറില്‍ ഒരു സംഘടിത ഗ്രന്ഥശാലാ പ്രസ്ഥാനമുണ്ടായി. അഖില മലബാര്‍ വായനശാലാ സംഘം എന്ന് പേരിട്ട സംഘടനയുടെ രൂപവത്കരണവേളയില്‍ 150ഓളം ഗ്രന്ഥശാലകളില്‍നിന്നായി മുന്നൂറോളം പ്രതിനിധികള്‍ പങ്കെടുത്തു. കെ. ദാമോദരന്‍ കണ്‍വീനറായ മലബാര്‍ ഗ്രന്ഥശാലാ സംഘം പിന്നീട് 1943ല്‍ കേരളത്തിലെ മുഴുവന്‍ ഗ്രന്ഥശാലാ പ്രവര്‍ത്തകരെയും ചേര്‍ത്ത്  കേരള ഗ്രന്ഥാലയ സംഘത്തിന് രൂപംനല്‍കി. 1943 ഡിസംബര്‍ ഒന്നിന് കേരള ഗ്രന്ഥാലയ സംഘം രജിസ്റ്റര്‍ ചെയ്തു. തിരുവിതാംകൂറിലെയും കൊച്ചിയിലെയും ഗ്രന്ഥശാലാ നേതാക്കന്മാര്‍ ഉള്‍പ്പെട്ടതായിരുന്നു കേരള ഗ്രന്ഥാലയ സംഘത്തിന്‍െറ ഭരണസമിതി. പ്രഫ. എസ്. ഗുപ്തന്‍ നായര്‍, കുട്ടനാട് രാമകൃഷ്ണപിള്ള, ഡോ. ഗോദവര്‍മ എന്നിവര്‍ തിരുവിതാംകൂറിനെയും പനമ്പിള്ളി ഗോവിന്ദമേനോന്‍, പ്രഫ. ജോസഫ് മുണ്ടശ്ശേരി  എന്നിവര്‍ കൊച്ചിയെയും പ്രതിനിധാനംചെയ്ത് ആ ഭരണസമിതിയില്‍ അംഗങ്ങളായി. എന്നിട്ടും എന്തിനാണ് 1945 സെപ്റ്റംബര്‍  14ന് തിരുവിതാംകൂറിന് മാത്രമായി ഒരു ഗ്രന്ഥശാലാ പ്രസ്ഥാനം രൂപവത്കരിക്കുന്നത് എന്ന ചോദ്യം ചിലരെങ്കിലും അക്കാലത്തുതന്നെ ഉയര്‍ത്തിയിരുന്നു. കേരളത്തിന് പൊതുവായുണ്ടായ കേരള ഗ്രന്ഥാലയ സംഘത്തെയല്ളേ  ഇന്നത്തെ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്‍െറ പൂര്‍വരൂപമായി കാണേണ്ടത് എന്ന ചോദ്യവും ബാക്കിനില്‍ക്കുന്നുണ്ട്.
1989 ഫെബ്രുവരി 23ന് കേരള നിയമസഭ  പാസാക്കിയ കേരള പബ്ളിക് ലൈബ്രറീസ് ആക്ട് (കേരള ഗ്രന്ഥശാലാ സംഘം) പ്രകാരമാണ് ഇന്നത്തെ കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ പ്രവര്‍ത്തിക്കുന്നത്.  ഈ നിയമത്തിന്‍െറ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടത്തി ഒന്നാം ലൈബ്രറി കൗണ്‍സില്‍ അധികാരത്തിലത്തൊന്‍ ഏതാണ്ട് അഞ്ചുവര്‍ഷത്തോളമെടുത്തു.  1994 ഏപ്രില്‍ 27നാണ്  കവി കടമ്മനിട്ട പ്രസിഡന്‍റും പത്രപ്രവര്‍ത്തകനായ ഐ.വി. ദാസ് സെക്രട്ടറിയുമായ ഭരണസമിതി അധികാരമേറ്റെടുത്തത്. ഗ്രന്ഥശാലാ പ്രവര്‍ത്തനരംഗത്ത് തികഞ്ഞ ജാഗ്രതയും സാംസ്കാരിക രംഗത്ത് ഏറെ ഉണര്‍വും സൃഷ്ടിക്കുന്നതായിരുന്നു അവരുടെ നേതൃത്വം. എന്നാല്‍, പിന്നീട് വന്ന ഭരണസമിതികള്‍ക്ക് അവര്‍ സൃഷ്ടിച്ച സാംസ്കാരിക തെളിച്ചം നിലനിര്‍ത്താന്‍ കഴിഞ്ഞില്ല എന്ന പരിമിതി ചൂണ്ടിക്കാട്ടേണ്ടതുണ്ട്.  
ബജറ്റുകള്‍ തയാറാക്കലും അത് ചെലവഴിക്കലും അതിന്‍െറ ഭാഗമായി മാത്രം സംഘടിപ്പിക്കുന്ന പരിപാടികളും എന്ന നിലയിലേക്ക് ഗ്രന്ഥശാലാ പ്രസ്ഥാനം ഇന്ന് പരിമിതപ്പെട്ടു. നിസ്വാര്‍ഥരായ ലൈബ്രേറിയന്മാരുടെ സ്ഥാനത്ത് ഓണറേറിയം പറ്റുന്ന ഉദ്യോഗസ്ഥര്‍ എന്ന തരത്തിലേക്ക് അവര്‍ ചുരുങ്ങി. 7500ലധികം ഗ്രന്ഥശാലകള്‍ ഇതിനകം അഫിലിയേഷന്‍ നേടിയിട്ടുണ്ടെങ്കിലും അവയിലധികവും നിര്‍ജീവമാണ്.
അയിത്തവും അനാചാരങ്ങളും അന്ധവിശ്വാസങ്ങളും മറ്റു സാമൂഹിക തിന്മകളുംകൊണ്ട് മലീമസമായിരുന്ന കേരളത്തിന്‍െറ സാമൂഹിക വ്യവസ്ഥയെ സാംസ്കാരികമായി ശുദ്ധീകരിച്ചെടുത്തതും നവോത്ഥാനമൂല്യങ്ങള്‍ക്ക് തെളിച്ചം പകരുന്ന  ഇടങ്ങളായി വര്‍ത്തിച്ചതും കേരളത്തിലെ ഗ്രന്ഥശാലകളായിരുന്നു. എന്നാല്‍, പ്രസ്ഥാനത്തിന് 70 വയസ്സ് പിന്നിടുമ്പോള്‍, നാം ആട്ടിയകറ്റിയ എല്ലാ തമോശക്തികളും നമ്മുടെ ജീവിതപരിസരങ്ങളില്‍ പിടിമുറുക്കുകയാണ്. കൂടുതല്‍ കരുത്തുറ്റ സാംസ്കാരിക ഇടപെടല്‍ ഇന്നത്തെ പൊതുസമൂഹം കൊതിക്കുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story