Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightജനിതകപരീക്ഷണങ്ങളുടെ...

ജനിതകപരീക്ഷണങ്ങളുടെ വര്‍ത്തമാനങ്ങള്‍

text_fields
bookmark_border
ജനിതകപരീക്ഷണങ്ങളുടെ വര്‍ത്തമാനങ്ങള്‍
cancel


ജനിതക എന്‍ജിനീയറിങ് എന്ന ശാസ്ത്രശാഖയുടെ വളര്‍ച്ച സാധാരണക്കാരുടെ ഭാവനകള്‍ക്കും അപ്പുറമാണ്. അഞ്ചു പതിറ്റാണ്ടിനിടെ ഈ മേഖലയില്‍ ഗവേഷകലോകം കൈവരിച്ച നേട്ടങ്ങള്‍ അത്രയേറെയുണ്ട്. കൃഷി, വ്യവസായം, വൈദ്യശാസ്ത്രം, ബയോ ആര്‍ട്ട് തുടങ്ങി നിരവധി മേഖലകളില്‍ ഇന്ന് ജനിതക സാങ്കേതികവിദ്യയുടെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ട്. മനുഷ്യനുള്‍പ്പെടെയുള്ള ജീവജാലങ്ങളുടെ വളര്‍ച്ചയും വികാസവും സ്വഭാവവും പെരുമാറ്റവുമെല്ലാം നിശ്ചയിക്കുന്നത് ഓരോ കോശമര്‍മത്തിലും ഒളിഞ്ഞിരിക്കുന്ന ഡി.എന്‍.എയില്‍ അടങ്ങിയിരിക്കുന്ന കോഡുകളാണ്.  മറ്റൊരര്‍ഥത്തില്‍, ഒരാളുടെ ജനിതക വിവരങ്ങളാണ് ഡി.എന്‍.എയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഈ വിവരങ്ങളില്‍ മാറ്റംവരുത്തി ജീവികളെ (സസ്യങ്ങളെയും) പുതിയ ഉപയോഗങ്ങള്‍ക്ക് സജ്ജമാക്കുന്ന പ്രക്രിയയാണ് ജനിതക എന്‍ജിനീയറിങ് എന്നതുകൊണ്ട് സാമാന്യമായി അര്‍ഥമാക്കുന്നത്.  1970കളില്‍, ജനിതക സാങ്കേതിക വിദ്യയിലൂടെ ‘പുതിയ’ ബാക്ടീരിയകളെയും എലിയെയുമെല്ലാം ‘സൃഷ്ടിച്ചിട്ടുണ്ട്’.  1986ല്‍ മിന്നാമിനുങ്ങിന്‍െറ ജീന്‍ പുകയിലയുടെ വിത്തുകോശത്തില്‍ സന്നിവേശിപ്പിച്ച് തിളങ്ങുന്ന പുകയില സൃഷ്ടിച്ച സംഭവത്തോടെയാണ് ഈ ശാസ്ത്രശാഖ ജനപ്രിയ ശാസ്ത്രരംഗത്ത് വലിയ ചര്‍ച്ചയായത്.
ഡി.എന്‍.എയെ ആവശ്യമായ സ്ഥലത്തുവെച്ച് മുറിക്കുകയും ആവശ്യമായ ക്രോമസോമുകളില്‍ കൂട്ടിച്ചേര്‍ക്കുകയുമാണ് ജനിതക എന്‍ജിനീയറിങ്ങിന്‍െറ മര്‍മം. ഇതിലൂടെ നാം പുതിയ ജനിതകോഡുകള്‍ ഉണ്ടാക്കുന്നു. ജീനോം എഡിറ്റിങ് എന്ന് ഇതിനെ വിളിക്കാം. ഒരര്‍ഥത്തില്‍, ‘പുതിയ ജീവജാലങ്ങളെ’ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. ജനിതകമാറ്റം വരുത്തിയ വിളകള്‍ നമുക്ക് ലഭിച്ചുതുടങ്ങുന്നത് അങ്ങനെയാണ്. ജീനോം എഡിറ്റിങ്ങിന്‍െറ മറ്റൊരു പ്രധാനമേഖല വൈദ്യശാസ്ത്രമാണ്. കേടായ കോശങ്ങളെ (വിപുലമായ അര്‍ഥത്തില്‍ അവയവങ്ങളെ) ജീനോം എഡിറ്റിങ്ങിലൂടെ മാറ്റി ആരോഗ്യമുള്ളവയെ കൂട്ടിച്ചേര്‍ക്കാനുള്ള സാധ്യത ഈ സാങ്കേതികവിദ്യ നമുക്ക് തുറന്നുതരുന്നുണ്ട്. അര്‍ബുദമുള്‍പ്പെടെയുള്ള ഗുരുതരമായ രോഗങ്ങളെ ചെറുക്കാനും ഇതുവഴി സാധിക്കും. അതുകൊണ്ടുതന്നെ, വൈദ്യശാസ്ത്രസംബന്ധിയായി നടത്തുന്ന ജീനോം എഡിറ്റിങ് പരീക്ഷണങ്ങള്‍ക്ക് വലിയ പ്രസക്തിയുണ്ട്.  ബ്രിട്ടനില്‍ ജീനോം എഡിറ്റിങ്ങുമായി ബന്ധപ്പെട്ട് ഇപ്പോള്‍ വലിയ ചര്‍ച്ച നടക്കുകയാണ്. മനുഷ്യനിലെ ജീനോം എഡിറ്റിങ്ങാണ് ചര്‍ച്ചയുടെ ഫോക്കല്‍പോയന്‍റ്. വിശേഷിച്ചും , മനുഷ്യ ഭ്രൂണകോശത്തിലെ ജനിതകവിവരങ്ങള്‍ മാറ്റുന്നതിനെക്കുറിച്ച്. മനുഷ്യ ജീനോം എഡിറ്റിങ് സംബന്ധിച്ച് രാജ്യത്ത് നിലനില്‍ക്കുന്ന നിയന്ത്രണങ്ങള്‍ എടുത്തുകളയണമെന്നാവശ്യപ്പെട്ട്് ബ്രിട്ടനില്‍ വൈദ്യശാസ്ത്ര ഗവേഷണങ്ങള്‍ക്ക് ഫണ്ട് നല്‍കുന്ന സ്ഥാപനങ്ങള്‍ രംഗത്തുവന്നതോടെയാണ് ചര്‍ച്ച തുടങ്ങുന്നതെന്നു പറയാം. രോഗപ്രതിരോധ ഗവേഷണങ്ങളില്‍ ഇത്തരം പരീക്ഷണങ്ങള്‍ അത്യന്താപേക്ഷിതമാണെന്നാണ് ഇവരുടെ പക്ഷം.
മരുന്നുപരീക്ഷണത്തിനും മറ്റുമായി ഇപ്പോള്‍ തന്നെ ബ്രിട്ടനില്‍ ഭ്രൂണങ്ങളുടെ ജീനോം എഡിറ്റിങ് അനുവദിക്കുന്നുണ്ട്. അതിന് ഹ്യൂമന്‍ ഫെര്‍ട്ടിലൈസേഷന്‍ ആന്‍ഡ് എംബ്രിയോളജി അതോറിറ്റിയുടെ (എച്ച്.എഫ്.ഇ.എ) അനുമതിവേണം. പരീക്ഷണത്തിനൊടുവില്‍ ജനിതകമാറ്റം വരുത്തിയ ഭ്രൂണം 14 ദിവസം കഴിഞ്ഞാല്‍ നശിപ്പിക്കണമെന്നാണ് നിയമം. ഈ നിയമത്തിന്‍െറ പരിധിയില്‍നിന്ന് ബ്രിട്ടനില്‍ നിരവധി ഗവേഷണസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കാര്യങ്ങള്‍ അവിടെ അവസാനിപ്പിക്കരുതെന്നും ലബോറട്ടറികള്‍ക്കപ്പുറമുള്ള വിപുലമായ പരീക്ഷണത്തിന് അനുവാദം നല്‍കണമെന്നുമാണ് ഫണ്ടിങ് ഏജന്‍സികള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇവിടെയാണ് ഈ പരീക്ഷണത്തിന്‍െറ നൈതികതയുമായി (എത്തിക്സ്) ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉയര്‍ന്നുവരുന്നത്.
മറ്റു കോശങ്ങളിലേതില്‍നിന്ന് വ്യത്യസ്തമായ ഫലമാണ് ഭ്രൂണകോശങ്ങളിലെ ജീനോം എഡിറ്റിങ് നല്‍കുന്നത്. ഒരാള്‍ക്ക് അര്‍ബുദത്തിന്‍െറ ലക്ഷണങ്ങളുണ്ടെന്ന് കരുതുക. അര്‍ബുദത്തെ പ്രതിരോധിക്കാന്‍ ശരീരകോശങ്ങളെ സജ്ജമാക്കുന്ന രീതിയിലുള്ള ജീനോം എഡിറ്റിങ്ങാണ് അയാളില്‍ നടത്തുക. ഇതുപോലെ എയ്ഡ്സിന്‍െറ കാര്യത്തിലാണെങ്കില്‍, എച്ച്.ഐ.വി വൈറസിനെ പ്രതിരോധിക്കാനുള്ള ശേഷി രോഗിയില്‍ ജനിപ്പിക്കും.  ഇവിടെയെല്ലാം ജീനോം എഡിറ്റിങ് എന്ന പ്രക്രിയ ഒരാളില്‍ തുടങ്ങി അയാളില്‍തന്നെ അവസാനിക്കുന്നു. എന്നാല്‍, ഭ്രൂണകോശങ്ങളുടെ കാര്യം അങ്ങനെയല്ല. ഭ്രൂണകോശത്തില്‍ വരുത്തുന്ന ചെറിയമാറ്റം ആ ജീവിയെ മൊത്തത്തില്‍ ബാധിക്കുന്നുണ്ട്. എന്നല്ല, ഈ ഒരാളില്‍ തന്നെ അവസാനിക്കണമെന്നുമില്ല; തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടാം. ദമ്പതികളില്‍ ഒരാള്‍ക്ക് ജനിതകസംബന്ധിയായി പ്രശ്നമുണ്ടെന്ന് കരുതുക. അവരിലുണ്ടാകുന്ന സന്താനങ്ങള്‍ക്കും ഈ പ്രശ്നമുണ്ടാകാനുള്ള സാധ്യതയുണ്ട്. ഇവിടെയാണ് ഒരാള്‍ ഭ്രൂണകോശ ജീനോം എഡിറ്റിങ്ങിന് തയാറാവുക. ഈ എഡിറ്റിങ്ങിന്‍െറ അനന്തരഫലം എന്നുപറയുന്നത് പുതിയ സവിശേഷതകളോടെയുള്ള മറ്റൊരു തലമുറയാണ്. ഈ സവിശേഷതകള്‍ അടുത്ത തലമുറക്കും ലഭിക്കും. അഥവാ, തന്‍െറ ഭാവിതലമുറക്ക് ജനിതകപരമായി ഉണ്ടായിരിക്കേണ്ട സവിശേഷതകള്‍ മുന്‍കൂട്ടി നിശ്ചയിച്ച് ഒരാള്‍ക്ക് ഭ്രൂണകോശ ജീനോം എഡിറ്റിങ് നടത്താം. അങ്ങനെ ‘ഡിസൈനര്‍ ബേബി’കളെ ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് ‘സൃഷ്ടിക്കാ’നാകും. ഇതിനെ നൈതികമായി ന്യായീകരിക്കാനാകുമോ എന്നതാണ് പ്രശ്നം.
ഭ്രൂണകോശ ജീനോം എഡിറ്റിങ്ങിനെ അപകടകരമായ രീതിയിലും ഉപയോഗപ്പെടുത്താം. കഴിഞ്ഞ ഏപ്രിലില്‍ ചൈനയില്‍ നടത്തിയ പരീക്ഷണം ഇതാണ് തെളിയിക്കുന്നത്. അവിടെ, ഭ്രൂണകോശത്തില്‍ രക്തസംബന്ധിയായ രോഗത്തിന് കാരണമാക്കുന്ന ഒരുജീന്‍ സന്നിവേശിപ്പിച്ച് ജീനോം എഡിറ്റിങ് നടത്തുകയുണ്ടായി. ഇവിടെ, ഈ സാങ്കേതികവിദ്യവഴി ഒരു രോഗിയെ സൃഷ്ടിക്കുകയാണ്. ജൈവായുധങ്ങളുടെ സാധ്യതയിലേക്കാണ് ഇത് സൂചന നല്‍കുന്നത്. ചൈനയിലെ ഈ സംഭവത്തോടെ, ലോകത്തിന്‍െറ വിവിധഭാഗങ്ങളില്‍നിന്ന് ഭ്രൂണകോശ ജീനോം എഡിറ്റിങ്ങിന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന ആവശ്യം ഉയര്‍ന്നു. ജീനോം എഡിറ്റിങ് സംബന്ധിച്ച് പൊതുവായ ഒരു നിയമം കൊണ്ടുവരണമെന്നും അതുവരെ എല്ലാ ഗവേഷണങ്ങളും നിര്‍ത്തിവെക്കണമെന്നും എഡ്വാര്‍ഡ് ലാന്‍വറെപ്പോലുള്ള ശാസ്ത്രജ്ഞര്‍ ആവശ്യപ്പെടുകയുണ്ടായി. ബ്രിട്ടനെപോലെയല്ല, അമേരിക്കയിലെ കാര്യങ്ങള്‍. അവിടെ, ഇത്തരം പരീക്ഷണങ്ങള്‍ക്ക് നിയമപരമായ ഒരു നിയന്ത്രണവുമില്ല. അതുകൊണ്ടുതന്നെ അവര്‍ക്ക് എപ്പോള്‍വേണമെങ്കിലും ഒരു ഡിസൈനര്‍ ബേബിയെ സൃഷ്ടിക്കാം. എങ്കിലും, അവര്‍ നേരത്തേ സൂചിപ്പിച്ച നൈതിക ചോദ്യങ്ങളെ കൃത്യമായി അഭിസംബോധ ചെയ്യുന്നുണ്ട്. അമേരിക്കയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് സ്വീകരിച്ച സമീപനമാണ് ഏറ്റവും പക്വമായതെന്ന് തോന്നുന്നു. ജീനോം എഡിറ്റിങ് വഴി വൈദ്യശാസ്ത്രലോകത്ത് വലിയ മാറ്റങ്ങള്‍തന്നെ കൊണ്ടുവരാന്‍ സാധിക്കും. അതുപോലെതന്നെ അതിന് വലിയ ദോഷഫലങ്ങളുമുണ്ട്. അതുകൊണ്ട് ഇവക്ക് രണ്ടിനുമിടയില്‍ കൃത്യമായ ഒരു രേഖയുണ്ടാക്കുകയാണ് വേണ്ടത്. ആ നിയന്ത്രണരേഖ ഒരിക്കലും ലംഘിക്കപ്പെട്ടുകൂട.

(ഗാര്‍ഡിയന്‍ പത്രത്തിന്‍െറ ശാസ്ത്രകാര്യ ലേഖകനാണ് ഇയാന്‍ സാംപിള്‍)

Show Full Article
TAGS:
Next Story