Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightസിനിമ എപ്പോഴും...

സിനിമ എപ്പോഴും കൂടെയുണ്ട്

text_fields
bookmark_border
സിനിമ എപ്പോഴും കൂടെയുണ്ട്
cancel

1968ലെ  അവിചാരിതമായൊരു ട്രെയിന്‍ യാത്രയില്‍നിന്നാണ് കോഴിക്കോട്ടുകാരനായ ഇരുപ്പം വീട്ടില്‍ ശശിധരന്‍ എന്ന ഐ.വി. ശശിയുടെ സിനിമാജീവിതം തുടങ്ങുന്നത്. കലാസംവിധായകനായ എസ്. കൊന്നനാട്ടിന്‍െറ സഹായിയായി ചലച്ചിത്രരംഗത്തേക്കുള്ള പ്രവേശം. 1975ല്‍ ഉത്സവം എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം. മലയാളത്തില്‍ മാത്രം നൂറ്റിപതിനഞ്ചിലേറെ സിനിമകള്‍ സംവിധാനം ചെയ്തു. നാലു പതിറ്റാണ്ട് പൂര്‍ത്തിയാകുന്ന ഈ വര്‍ഷം ജെ.സി. ഡാനിയല്‍ പുരസ്കാരം ഐ.വി. ശശിയെ തേടിയത്തെുമ്പോള്‍ മലയാള സിനിമയെ പുതിയ കഥകളും കഥാപാത്രങ്ങളുംകൊണ്ട് വിസ്മയിപ്പിച്ച ഐ.വി. ശശിയെന്ന പ്രതിഭാധനനായ സംവിധായകന് അര്‍ഹതക്കുള്ള അംഗീകാരമാണത്. ജെ.സി. ഡാനിയേല്‍ പുരസ്കാരവേളയില്‍ അദ്ദേഹം ‘മാധ്യമ’ത്തോട് സംസാരിച്ചു:

അവാര്‍ഡ് തീര്‍ച്ചയായും സന്തോഷം തരുന്നു. ഇതിനായി തെരഞ്ഞെടുത്തതിലും നന്ദി രേഖപ്പെടുത്തുന്നു. സിനിമയെ ജീവിതത്തോട് ചേര്‍ത്തുനിര്‍ത്തിയ ഒരാളെന്നനിലയില്‍ ഈ അംഗീകാരം ഞാന്‍ ഹൃദയത്തോട് ചേര്‍ക്കുന്നു.

ആദ്യ സിനിമയുടെ ഓര്‍മ ഈ സമയത്ത് കൗതുകകരമായിരിക്കും. ഉത്സവം ഏറെ പ്രയാസപ്പെട്ടായിരുന്നല്ളോ പൂര്‍ത്തീകരിച്ചത്?
• മുരളി ഫിലിംസിന്‍െറ രാമചന്ദ്രന്‍ ഒരു സിനിമ പരാജയപ്പെട്ട് വലിയ നഷ്ടത്തിലായിരുന്ന സമയമായിരുന്നു. അവിചാരിതമായി എന്‍െറയടുക്കല്‍ വന്ന് ഒരു സിനിമ ചെയ്തുതരണമെന്ന് പറയുകയായിരുന്നു. അങ്ങനെയാണ് ആലപ്പി ഷെറീഫിന്‍െറ തിരക്കഥയില്‍ ഉത്സവം ഉണ്ടാകുന്നത്.  വ്യത്യസ്തനായ നായകന്‍ വേണമെന്ന് ഞങ്ങള്‍ തീരുമാനിച്ചു. കമല്‍ഹാസനെയാണ് ആദ്യം ആലോചിച്ചത്. എന്നാല്‍, കുട്ടിത്തംമാറാത്ത മുഖം കഥാപാത്രത്തിന് തടസ്സമായി തോന്നി. അങ്ങനെയാണ് കെ.പി. ഉമ്മറിനെ നായകനാക്കുന്നത്.  റാണിചന്ദ്രയെ നായികയായും നിശ്ചയിച്ചു.
രാഘവനും ശ്രീവിദ്യയും വിന്‍സെന്‍റുമായിരുന്നു മറ്റു താരങ്ങള്‍. ചിത്രീകരണത്തിനിടക്ക് സാമ്പത്തികപ്രയാസമുണ്ടായി. രാമചന്ദ്രന്‍െറ കോഴിക്കോട്ടെ തിയറ്റര്‍ വിറ്റു. ആ പണംകൊണ്ടാണ് സിനിമ പൂര്‍ത്തിയാക്കിയത്. അപ്പോഴും ഡബ്ബിങ്ങിനും പ്രിന്‍െറടുക്കാനും പണമില്ല. വിതരണത്തിനുവേണ്ടി പലരെയും സമീപിച്ചു. അവരൊന്നും ഏറ്റെടുക്കാന്‍ തയാറായില്ല. പുതിയ ഒരാളെ അവര്‍ക്ക് അത്ര വിശ്വാസമായില്ല എന്നുതോന്നുന്നു. ഒടുവില്‍ കലാനിലയം കൃഷ്ണന്‍ നായരാണ് സഹായിച്ചത്. അദ്ദേഹം തന്ന അഡ്വാന്‍സുകൊണ്ട് ഡബ്ബിങ് പൂര്‍ത്തിയാക്കി. സിനിമയുടെ ആറു പ്രിന്‍റുകളുമായി പ്രദര്‍ശനം തുടങ്ങി. ആദ്യ ഒന്നുരണ്ട് ദിവസങ്ങളില്‍ പ്രതികരണം മോശമായെങ്കിലും പിന്നീട് പ്രേക്ഷകരുടെ ഒഴുക്കായി. പടം നന്നായി വിജയിച്ചു. പിന്നീട് തിരക്കിന്‍െറ നാളുകളായി.

എം.ടി^ ഐ.വി. ശശി കൂട്ടുകെട്ടില്‍ 11 ചിത്രങ്ങളാണ് പുറത്തിറങ്ങിയത്. എം.ടിയോടൊത്തുള്ള സിനിമയുടെ അനുഭവം?
• ഒരു കമേഴ്സ്യല്‍ ഡയറക്ടര്‍ എന്ന നിലയില്‍ സിനിമയില്‍ നില്‍ക്കുമ്പോള്‍ എം. ടിയെപ്പോലെയുള്ള ഒരാളെ സമീപിക്കാന്‍ എനിക്ക് പേടിയോ ബഹുമാനമോ ഒക്കെയായിരുന്നു. ആ സമയത്താണ് എം.ഡി. ജോര്‍ജ് എന്ന നിര്‍മാതാവ് എന്നോട് പറയുന്നത് എം.ടിയുടെ തിരക്കഥയില്‍ ഒരു സിനിമ ചെയ്യണമെന്ന്.  ഞാന്‍ അപ്പോള്‍ ചെയ്തുകൊണ്ടിരുന്ന പടങ്ങളുടെ ഡേറ്റുകളില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തി. 25 ദിവസം എം.ടി പടത്തിനായി മാറ്റിവെച്ചു. അതായിരുന്നു തൃഷ്ണ. പിന്നീട് അക്ഷരങ്ങള്‍, അടിയൊഴുക്കുകള്‍, ആള്‍ക്കൂട്ടത്തില്‍ തനിയെ മുതല്‍ മിഥ്യ വരെ.

എപ്പോഴും പുതിയ ആളുകളെ കണ്ടത്തെുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത സംവിധായകനാണ് താങ്കള്‍. അക്കാലത്തെ ന്യൂ ജനറേഷന്‍ സിനിമയുടെ വക്താവ്...
• പരീക്ഷണങ്ങള്‍ എപ്പോഴും എനിക്ക് ഇഷ്ടമായിരുന്നു. ആദ്യ സിനിമ തന്നെ ഒരു പരീക്ഷണമായിരുന്നല്ളോ. ശ്രീവിദ്യ മാത്രമായിരുന്നു അറിയപ്പെട്ട ഒരു അഭിനേതാവ്. സോമന്‍, റാണിചന്ദ്ര എല്ലാവരും തുടക്കക്കാരായിരുന്നു. പ്രേംനസീറൊക്കെ കത്തിനില്‍ക്കുന്ന സമയമാണത് എന്നുകൂടി ഓര്‍ക്കണം.  രതീഷ്, ജയന്‍, മമ്മൂട്ടി, സോമന്‍ തുടങ്ങി പലരെയും സിനിമയുടെ മുന്നിലത്തെിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പത്മരാജന്‍, ലോഹിതദാസ്, രഞ്ജിത്ത് തുടങ്ങിയ എഴുത്തുകാരുടെ വരവിനും എന്‍െറ സിനിമകള്‍ കാരണമായതില്‍ സന്തോഷമുണ്ട്. കഥയുടെ കാര്യം പറഞ്ഞാല്‍, കഥ കേള്‍ക്കല്‍ എന്‍െറ ഹോബിയായിരുന്നു. പുതിയ എഴുത്തുകാര്‍ ആരു വന്ന് കഥ പറഞ്ഞാലും ഞാന്‍ കേള്‍ക്കുമായിരുന്നു. ഷൂട്ടിങ് ഇല്ലാത്ത സമയങ്ങളിലെ എന്‍െറ തയാറെടുപ്പിന്‍െറ ഭാഗമായിരുന്നു അതെല്ലാം. ഒരാള്‍ കഥ പറഞ്ഞുതുടങ്ങുമ്പോഴേ അറിയാം അതിനകത്ത് സിനിമ ഉണ്ടോ എന്ന്. സിനിമക്ക് സാധ്യതയുണ്ടോ എന്നറിയാന്‍ ത്രെഡ് കേട്ടാല്‍ മതി. ലോഹിതദാസ് എന്നോട് മൃഗയയുടെ കഥ പറഞ്ഞത് ഇത്രമാത്രമായിരുന്നു- പുലിയിറങ്ങുന്നൊരു ഗ്രാമം. പുലിയെ പിടിക്കാന്‍ ഒരു വേട്ടക്കാരന്‍ വരുന്നു. അവന്‍ പുലിയേക്കാള്‍ വലിയ പ്രശ്നമായി മാറുന്നു.

സിനിമയില്‍ ഇടക്ക് ഇടവേളയുണ്ടായല്ളോ. ആരോഗ്യപ്രശ്നങ്ങള്‍ കാരണം...
• അക്കാലത്ത് ഞാന്‍ താമസിക്കുന്ന ഹോട്ടലില്‍ മൂന്നോ നാലോ സംഘം സിനിമാക്കാര്‍ ഉണ്ടാകും. ഷെറീഫും ജോണ്‍പോളുമെല്ലാം വിവിധ ചിത്രങ്ങളുടെ എഴുത്തുജോലികളിലാകും. സംഗീതസംവിധായകര്‍ വേറൊരു മുറിയിലുണ്ടാകും.
അന്ന് ഹൈദരാബാദില്‍ ചിത്രീകരിച്ചാലേ സിനിമക്ക് സബ്സിഡി കിട്ടുമായിരുന്നുള്ളൂ. മദ്രാസിലും ഹൈദരാബാദിലുമായി ചിത്രീകരണം. പകല്‍ ഷൂട്ടിങ് കഴിഞ്ഞ് ചെന്നൈയിലേക്ക് പോകും. ആ സമയത്ത് മാത്രമായിരുന്നു ഉറക്കം. സിനിമ മാത്രമേ മനസ്സിലുണ്ടായിരുന്നുള്ളൂ. അതിനിടയില്‍ ആരോഗ്യമൊന്നും നോക്കിയില്ല. അഞ്ചു വര്‍ഷം മുമ്പാണ് ശരിക്കും രോഗം കീഴടക്കിയത്. ഡോക്ടര്‍മാര്‍ ഒരു വര്‍ഷം മാത്രം എനിക്ക് ആയുസ്സ് വിധിച്ചു. പക്ഷേ, സീമയുടെ കരുതലും പ്രാര്‍ഥനയും എന്നെ വീണ്ടെടുത്തു.

എപ്പോഴും സിനിമ മാത്രം മനസ്സിലുള്ള ഒരാള്‍ക്ക് സിനിമയില്ലാതെ പറ്റില്ലല്ളോ.
• അത്... സിനിമ എപ്പോഴും എന്നോടൊപ്പമുണ്ട്. മോഹന്‍ലാലിനെ നായകനാക്കി പുതിയൊരു ചിത്രത്തിന്‍െറ ചര്‍ച്ചയിലാണ്. ഇപ്പോള്‍ ജെ.സി. ഡാനിയേല്‍ പുരസ്കാരം ആ സിനിമക്കുകൂടി കൂടുതല്‍ ഊര്‍ജം തരുന്നു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story