അറിയപ്പെടുന്ന ചരിത്രകാലത്തെല്ലാം ഭക്ഷണം വര്‍ണ, വംശീയ ആധിപത്യത്തിന്‍െറ ഉപകരണമായിരുന്നു ഈ ഉപഭൂഖണ്ഡത്തില്‍. അതുകൂടി വ്യക്തമായി തിരിച്ചറിഞ്ഞുകൊണ്ട് രൂപപ്പെടുത്തിയതായിരുന്നു അംബേദ്കറുടെ രാഷ്ട്രീയം. ഗോമാംസ വിരോധത്തിന്‍െറ സവര്‍ണചരിത്രം അതിന്‍െറ കേന്ദ്രവിഷയമാണ്. അര്‍ധമനസ്സോടെ ഗാന്ധി ഗോമാംസ നിരോധത്തെ എതിര്‍ത്തു. പക്ഷേ, അത് ഹിന്ദുക്കളുടെ ഇതര മതക്കാരോടുള്ള ഒൗദാര്യമായി അദ്ദേഹം കണ്ടു. കൂടാതെ, പാകിസ്താനില്‍ അപ്പോള്‍ അമ്പലം വിലക്കിയാലോയെന്ന് വ്യാകുലപ്പെട്ട് അദ്ദേഹം തന്‍െറ നിലപാടിന്‍െറ ഉള്ളറ തുറന്നുകാട്ടി. അംബേദ്കര്‍ ഇത് പ്രാഥമികമായും മതേതരത്വത്തിന്‍െറ പ്രശ്നമല്ളെന്നും ഹിന്ദുമതത്തിനുള്ളിലെ ജാത്യാധിപത്യത്തിന്െറയും വര്ണാധിപത്യത്തിന്െറയുംകൂടി ചരിത്രവും വര്‍ത്തമാനവുമാണെന്നും തിരിച്ചറിഞ്ഞു. ആ ചരിത്രബോധത്തിന്‍െറയും രാഷ്ട്രീയത്തിന്‍െറയും മാനങ്ങള്‍ വിസ്മരിച്ചുകൊണ്ട് ഈ വിഷയം ചര്‍ച്ചചെയ്യാന്‍ കഴിയില്ളെന്നതാണ് യാഥാര്‍ഥ്യം .
ബീഫ് ഫെസ്റ്റിവല്‍ ആദ്യം ആരംഭിച്ചത് കേരളത്തിലെ കലാലയങ്ങളിലല്ല. ഉസ്മാനിയ അടക്കമുള്ള ഹൈദരാബാദിലെ സര്‍വകലാശാലകളിലെ ഹോസ്റ്റല്‍ ഭക്ഷണത്തില്‍ ബീഫ്കൂടി ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ദലിത് വിദ്യാര്‍ഥി സംഘടനകളാണ് ഈ സമരരൂപം ആവിഷ്കരിച്ചതും വിലക്കുകളെ വെല്ലുവിളിച്ചുകൊണ്ട് ആഘോഷിച്ചു തുടങ്ങിയതും. ഇന്ത്യയില്‍, വിശേഷിച്ച് കേരളത്തില്‍, കോളജ് ഹോസ്റ്റലുകളിലും മറ്റും മാംസാഹാരം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ മുന്‍കാലങ്ങളില്‍ സമ്മര്‍ദം ചെലുത്തിയിട്ടുണ്ട്. ഭക്ഷണത്തിന്‍െറ വൈവിധ്യത്തെക്കുറിച്ചും പോഷകമൂല്യത്തെക്കുറിച്ചുമൊക്കെയുള്ള ആകുലതകളായിരുന്നു ആ സമരങ്ങളുടെ പിന്നില്‍. ആ സാഹചര്യമല്ല ഹൈദരാബാദിലെ ദലിത് വിദ്യാര്‍ഥികളെ ബീഫ് ഉത്സവങ്ങളിലേക്ക് നിര്‍ബന്ധിച്ചത്. അവരുടെ കാളയിറച്ചിപ്പൂരങ്ങള് ഇന്ത്യയിലെ ചരിത്രപരമായ ഹൈന്ദവവത്കരണ ശ്രമങ്ങള്‍ക്കെതിരെയുള്ള ശക്തമായ ദലിത്നിലപാടുകളുടെ തുടര്‍ച്ച കൂടിയായാണ് വിഭാവനം ചെയ്യപ്പെട്ടത്. സ്വാഭാവികമായും സംഘ്പരിവാറും അവരുടെ വിദ്യാര്‍ഥിസംഘടനയായ എ.ബി.വി.പിയും ഈ ആഘോഷങ്ങള്‍ നടത്തുന്നത് തടയാനും അലങ്കോലപ്പെടുത്താനും ശ്രമിക്കുകയും ചെയ്തിട്ടുണ്ട്.
മഹാരാഷ്ട്രയിലെ ഗോവധനിരോധത്തിനെതിരെ പ്രതിഷേധവുമായി ഹൈദരാബാദ് സര്‍വകലാശാലയിലെ അംബേദ്കര്‍ വിദ്യാര്‍ഥി അസോസിയേഷന് കാളയിറച്ചിയുത്സവം നടത്തിയിരുന്നു. ഈ സമരത്തിന്‍െറ രാഷ്ട്രീയമൂല്യം മനസ്സിലാക്കിയ ഡി.വൈ.എഫ്.ഐയും രാജ്യവ്യാപകമായി ബീഫ് ഫെസ്റ്റിവലുകള്‍ നടത്താന്‍ ആഹ്വാനംചെയ്യുകയും ചിലയിടങ്ങളിലത് നടത്തുകയും ചെയ്തു. ഇപ്പോള്‍ ദാദ്രിയിലെ കൊലപാതകത്തോടുള്ള പ്രതിഷേധസൂചകമായി എസ്.എഫ്.ഐയും ഈ ദലിത് വിദ്യാര്‍ഥിത്വ സമരരൂപം സ്വീകരിച്ചുകൊണ്ട് കേരളത്തിലെ കാമ്പസുകളില്‍ കാളയിറച്ചിപ്പൂരങ്ങള് സംഘടിപ്പിക്കുകയാണ്. ഭക്ഷണസ്വാതന്ത്ര്യത്തിന്െറമാത്രം സന്ദേശത്തിലേക്കു ബീഫ് ഫെസ്റ്റിവലുകളെ പരിമിതപ്പെടുത്താന്‍ കഴിയില്ല. നവഹൈന്ദവ ഫാഷിസത്തിന്‍െറ ഗോമാംസ രാഷ്ട്രീയത്തിലെ സുവ്യക്തമായ ദലിത്-മുസ്ലിം വിരുദ്ധത ‘ആഹാരസ്വാതന്ത്ര്യ’ മുദ്രാവാക്യത്തിനുപിന്നില്‍ മറഞ്ഞുപോകേണ്ടതല്ല. ദലിത്-മുസ്ലിം അപരനിര്മിതിയിലെ ഏറ്റവുംകടുത്ത ഹിന്ദുത്വ ആയുധമാണ് ഇന്ന് ഗോമാംസ നിരോധം.
അയിത്തവും കാളയിറച്ചിയും തമ്മിലുള്ള ബന്ധത്തെ അതിന്‍െറ ചരിത്രരാഷ്ട്രീയ പശ്ചാതലത്തില്‍ അംബേദ്കര്‍ സവിസ്തരം അപഗ്രഥിക്കുന്നുണ്ട്. ബ്രാഹ്മണരടക്കമുള്ളവരുടെ ഗോമാംസ ഭക്ഷണശീലത്തെക്കുറിച്ച് അംബേദ്കര്‍ എഴുതുന്നതിനും വളരെ മുമ്പുതന്നെ ചരിത്രകാരനും സാമൂഹിക പരിഷ്കര്‍ത്താവുമായിരുന്ന രാജേന്ദ്രലാല്‍ മിത്രയുടെ ‘ബീഫ് ഇന്‍ എന്‍ഷ്യന്റ് ഇന്ത്യ’ എന്ന പഠനം 1872ല്‍ ജേണല്‍ ഓഫ് ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഗോമാംസഭക്ഷണത്തിന്െറ ചരിത്രത്തെക്കുറിച്ച് ഇന്ന് പ്രചാരത്തിലുള്ള ഉദ്ധരണികള്‍ പലതും രാജേന്ദ്രലാല്‍ മിത്ര വേദങ്ങളും ബ്രാഹ്മണങ്ങളും ഉപനിഷത്തുകളും സൂത്രങ്ങളും മനുസ്മൃതിയും പുരാണങ്ങളും ഉപപുരാണങ്ങളുമെല്ലാം പരിശോധിച്ച് കണ്ടത്തെിയതാണ്. വേദസംസ്കൃത വ്യാഖ്യാനത്തെ സംബന്ധിച്ച മുട്ടാപ്പോക്ക് വാദങ്ങളെ മുന്‍കൂര്‍ റദ്ദുചെയ്തുകൊണ്ട് മാംസഭക്ഷണത്തെക്കുറിച്ചുള്ള വിശദമായ വിവരണങ്ങള്‍ അദ്ദേഹം പൗരാണിക ഗ്രന്ഥങ്ങളില്‍നിന്ന് നേരിട്ട് ഉദ്ധരിക്കുന്നു. യജ്ഞങ്ങള്ക്കുശേഷം ഓരോ മൃഗത്തിന്‍െറയും ആന്തരികാവയവങ്ങളടക്കം സാമൂഹിക/ജാതി ശ്രേണീഘടന അനുസരിച്ച് ആര്‍ക്കൊക്കെ വിതരണംചെയ്യുന്നുവെന്നും ഇതിനെക്കുറിച്ചുള്ള വിവരണങ്ങള്‍ വേദങ്ങള്‍ മുതല്‍ ഏതൊക്കെ കൃതികളില്‍ ലഭ്യമാണെന്നും മിത്ര ഉദ്ധരണികളോടെ വിശദീകരിക്കുന്നുണ്ട്. വെറുതെ ബ്രിട്ടീഷ് ഓറിയന്റലിസ്റ്റ് വ്യാഖ്യാനങ്ങളെ ആശ്രയിച്ചുവെന്ന് അദ്ദേഹത്തെ തള്ളിക്കളയാനാവില്ല. ഇന്ത്യയിലെ ഗോമാംസഭക്ഷണപാരമ്പര്യത്തെക്കുറിച്ച് ഡി.എന്‍. ത്സാ എഴുതിയ രണ്ടു പുസ്തകങ്ങളടക്കം (Holy Cow: Beef in Indian Dietary Traditions, 2002; Myth of the Holy Cow, 2009) ഈ വിഷയവുമായി ബന്ധമുള്ള പില്‍ക്കാലപഠനങ്ങള്‍ക്ക് പ്രചോദനമായിട്ടുള്ളത് മിത്രയുടെ ലേഖനമാണെന്നു പറയാം. വെടിത്തിരയില്‍ മൃഗക്കൊഴുപ്പ് ഉപയോഗിക്കുന്നത് 1857ലെ ബ്രിട്ടീഷ് വിരുദ്ധ കലാപത്തില്‍ പങ്കെടുക്കാന്‍ ഹിന്ദുശിപായിമാര് കാരണമാക്കിയെന്നും അതില്‍ പ്രകോപിതരായി ബ്രിട്ടീഷ് പണ്ഡിതന്മാരും അവരുടെ ഇന്ത്യന്‍ അനുയായികളും വേദങ്ങളും മറ്റും ദുര്യാഖ്യാനം ചെയ്താണ് തെറ്റായ ഒരു ഗോമാംസചരിത്രം സൃഷ്ടിച്ചതെന്നുമാണ് സംഘ്പരിവാറിന്‍െറ ഇതിനുള്ള സ്ഥിരം മറുപടി. വസ്തുതാപരമായി നിലനില്‍ക്കുന്നതല്ല ഈ വാദമെന്ന് മിത്രയുടെ പഠനത്തില്‍ നിന്നുതന്നെ വ്യക്തമാവുന്നതാണ്.
മിത്രയുടെ ലേഖനത്തിന്‍െറ ഒടുവില്‍, യജ്ഞങ്ങള്‍ക്കും മൃഗബലിക്കുമെതിരെ ബുദ്ധിസം ഉയര്‍ത്തിയ വെല്ലുവിളികളാണ് ബ്രാഹ്മണമതത്തെ മാംസവിരുദ്ധതയിലേക്ക് നയിക്കുന്നതെന്നു സൂചിപ്പിക്കുന്നുണ്ട്. ഈ വാദം രാഷ്ട്രീയമായി അംബേദ്കര്‍ കൂടുതല്‍ വികസിപ്പിക്കുന്നു. വേദ ഇതിഹാസങ്ങളിലെ ഗോമാംസപരാമര്ശങ്ങള് സത്യമാണെങ്കിലും ചരിത്രത്തിന്‍െറ ഒരുഘട്ടത്തില്‍ ബുദ്ധമതവുമായുള്ള ധൈഷണികസംഘര്ഷത്തിന്െറ പശ്ചാത്തലത്തില്‍ ഹിന്ദുമതത്തിലെ മുഖ്യധാര, മാംസഭക്ഷണത്തെ പൊതുവെയും ഗോമാംസാഹാരശീലത്തെ വിശേഷിച്ചും വര്ജിക്കാന് തീരുമാനിക്കുകയും അതുള്‍ക്കൊള്ളാന്‍ തയാറാവാത്തവരെ അസ്പൃശ്യരാക്കുകയും ചെയ്യുന്നുണ്ടെന്ന് അംബേദ്കര്‍ പറയുന്നു. ഈ പരിവര്‍ത്തനത്തിനുശേഷമുള്ള ഹിന്ദുത്വവിരുദ്ധരാഷ്ട്രീയം ഗോമാംസഭോജനത്തെക്കുറിച്ച് പഴയ ഗ്രന്ഥങ്ങളില്‍നിന്നുള്ള ഉദ്ധരണികള്കൊണ്ടുമാത്രം രൂപപ്പെടുത്താനാവില്ളെന്ന സന്ദേശമാണ് അംബേദ്കര്‍ നല്‍കിയത്. ആ വിച്ഛേദത്തിനു അദ്ദേഹം ഊന്നല്നല്കി. ബുദ്ധമതം മൃഗബലിയെയും മറ്റും എതിര്‍ത്തിരുന്നെങ്കിലും മാംസാഹാരം നിഷിദ്ധമായി കരുതിയിരുന്നില്ല. ബുദ്ധമതത്തിന് മൃഗഹിംസയോടുള്ള വിപ്രതിപത്തിയെ കവച്ചുവെക്കുന്ന ഒരു പ്രത്യയശാസ്ത്രമായും അയിത്തം നിലനിര്‍ത്താനുള്ള ഉപകരണമായും കണ്ടുകൊണ്ട് പശുവിനെ വിശുദ്ധ മതബിംബമാക്കുകയാണ് നവബ്രാഹ്മണ്യം ചെയ്തത്.
ത്രൈവര്‍ണിക ഹിന്ദുക്കളില്‍ എക്കാലത്തും മാംസഭുക്കുകള്‍ കാളയിറച്ചി ഭക്ഷിക്കുന്നവരടക്കമുണ്ടായിരുന്നു. എന്നാല്‍, ഇതിന്‍െറ അനുഷ്ഠാനപരമായ അശുദ്ധിയെ അവരും ചോദ്യംചെയ്തിരുന്നില്ല. അതുകൊണ്ടുതന്നെ കാളയിറച്ചിപ്പൂരങ്ങള് കേവലം ആഹാരസ്വാതന്ത്ര്യത്തിന്െറയും മതേതരനൈതികതയുടെയും മാത്രം പ്രശ്നമല്ല. അത് കീഴാളന്യൂനപക്ഷ സ്വത്വാധിഷ്ഠിതമായ പ്രതിരോധരൂപംകൂടിയാണ്. പശുവിനെ വിശുദ്ധമൃഗമായി പ്രഖ്യാപിച്ചു നടത്തിയ സാംസ്കാരികരാഷ്ട്രീയ അധിനിവേശത്തോടുള്ള വെല്ലുവിളിയാണ്. അംബേദ്കര്‍ ഉന്നയിച്ച രാഷ്ട്രീയപ്രശ്നത്തിന്െറ ഒരു പ്രായോഗികരൂപത്തെക്കൂടിയാണ് ബീഫ് ഫെസ്റ്റിവലുകള്‍ പ്രതിനിധാനം ചെയ്യുന്നത്. നവഹൈന്ദവ ഫാഷിസത്തെ അത് ഇത്രകണ്ടു പ്രകോപിപ്പിക്കുന്നതിനുള്ള കാരണവും മറ്റൊന്നല്ല.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Oct 2015 7:28 AM GMT Updated On
date_range 2015-10-13T12:58:42+05:30ഇറച്ചിപ്പൂരങ്ങളും മാറുന്ന രാഷ്ട്രീയവും
text_fieldsNext Story