Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightവിവരായുധത്തിന്‍െറ ദശകം

വിവരായുധത്തിന്‍െറ ദശകം

text_fields
bookmark_border
വിവരായുധത്തിന്‍െറ ദശകം
cancel

പൗരനെ ഇന്ത്യന്‍ ജനാധിപത്യത്തിന്‍െറ വിധികര്‍ത്താവാക്കി മാറ്റിയ വിവരാവകാശനിയമത്തിന് നാളെ ഒരു പതിറ്റാണ്ട് തികയുന്നു. അറിയാനുള്ള അവകാശ നിയമങ്ങളില്‍ ലോകത്തിലെതന്നെ മുന്‍പന്തിയിലുള്ള നിയമമാണ് ഇന്ത്യയിലേത്. ഈ നിയമം, നമ്മുടെ ഭരണസംവിധാനത്തില്‍ നടത്തിയ മാറ്റങ്ങള്‍ എന്തൊക്കെയായിരുന്നു?

 ഇന്ന് ഇന്ത്യയില്‍ ജീവിക്കുന്ന ജനങ്ങളെ നമുക്ക് രണ്ടു ഗണത്തില്‍ പെടുത്താവുന്നതാണ്. വിവരാവകാശനിയമം ഉപയോഗിച്ചവരും അല്ലാത്തവരും. വിവരാവകാശനിയമവും ഭരണപരിഷ്കാരവും ഒരു നാണയത്തിന്‍െറ രണ്ടു വശങ്ങളാണ്. നമ്മുടെ ഭരണസംവിധാനത്തെ അപ്പാടെ മാറ്റിമറിച്ച സുതാര്യതയുടെ പത്ത് വര്‍ഷങ്ങള്‍ കടന്നുപോകുമ്പോള്‍, ഈ നിയമത്തെ പ്രതിരോധിക്കാനും ഇല്ലായ്മ ചെയ്യാനും നടത്തിയ ശ്രമങ്ങളുടെയും കഥകള്‍ വിവരാവകാശ നിയമപ്രകാരം പുറത്തുവന്നിട്ടുണ്ട്. ദേശീയരാഷ്ട്രീയ കക്ഷികളെ വിവരാവകാശനിയമത്തിന്‍െറ പരിധിയില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് കേന്ദ്ര വിവരാവകാശ കമീഷന്‍ 2013 ജൂണ്‍ മൂന്നിന് പുറപ്പെടുവിച്ച ഉത്തരവ് ഇതുവരെയും നടപ്പിലായിട്ടില്ല. ഈ ഉത്തരവിനെ മറികടക്കുന്നതിനായി ആ വര്‍ഷം ആഗസ്റ്റ് 12ന് ലോക്സഭയില്‍ യു.പി.എ സര്‍ക്കാര്‍ ബില്ല് അവതരിപ്പിച്ചുവെങ്കിലും അത് പാസാക്കാന്‍ കഴിഞ്ഞില്ല. സഹകരണമേഖലയെ വിവരാവകാശനിയമത്തിന്‍െറ പരിധിയില്‍നിന്ന് പുറത്താക്കികൊണ്ട് ജസ്റ്റിസ് കെ.എസ്. രാധാകൃഷ്ണന്‍ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചിന്‍െറ വിധി, ഈ നിയമത്തെ  പരിമിതപ്പെടുത്തുന്നതില്‍ ജുഡീഷ്യറി നടത്തിയ ഇടപെടലിന് ഉദാഹരണമാണ്. ഉദ്യോഗസ്ഥന്‍െറ സര്‍വിസ് സംബന്ധമായ രേഖകള്‍ മറ്റൊരാള്‍ ചോദിച്ചാല്‍ അത് മൂന്നാംകക്ഷി വിവരമാണെന്നും അതിലെ പൊതുതാല്‍പര്യം ബോധ്യപ്പെട്ടാല്‍ മാത്രമേ വിവരം നല്‍കേണ്ടതുള്ളൂ എന്നും വ്യക്തമാക്കി 2012 ഒക്ടോബര്‍ മൂന്നിന് മറ്റൊരു സുപ്രീംകോടതി ബെഞ്ച് പുറപ്പെടുവിച്ച വിധി ബ്യൂറോക്രസിയില്‍ നിലനിന്നുപോരുന്ന അഴിമതിയെ അനാവരണം ചെയ്യുന്നതിന് വിവരാവകാശനിയമം ഉപയോഗിക്കാനുള്ള പൗരന്‍െറ  അവകാശത്തിന് കനത്ത തിരിച്ചടിയാണ് ജുഡീഷ്യറി നല്‍കിയത്.

അതേസമയം, കാബിനറ്റ് രേഖകള്‍ ലഭിക്കാനുള്ള അവകാശം പൗരന് ഉറപ്പുവരുത്തിയ വിധിന്യായം, പി.പി.പി പദ്ധതികള്‍ നിയമത്തിന്‍െറ പരിധിയില്‍ കൊണ്ടുവന്നത്, പരീക്ഷാ ഉത്തരക്കടലാസുകള്‍ പരിശോധിക്കാനുള്ള അവകാശം തുടങ്ങി പൗരാവകാശങ്ങള്‍ക്ക് രജതരേഖകള്‍തീര്‍ത്ത ചരിത്രപരമായ നിരവധി വിധിന്യായങ്ങളും ഇക്കാലത്ത് ഉണ്ടായി. പുതിയ  ജനാധിപത്യസംസ്കാരത്തിന് തുടക്കമിടാനും ഇതിലൂടെ സാധിച്ചു. 2ജി സ്പെക്ട്രം, ആദര്‍ശ് ഫ്ളാറ്റ് കുംഭകോണം, ദേശീയ ഗെയിംസ് തുടങ്ങി പാറ്റൂര്‍ ഫ്ളാറ്റ് വരെയുള്ള അഴിമതിക്കഥകള്‍ പുറത്തുവരുന്നത് വിവരാവകാശനിയമം എന്ന ആയുധം പ്രയോഗിച്ചതുവഴിയായിരുന്നു. വിവരാവകാശനിയമത്തിന്  ജനപക്ഷമുഖം നല്‍കിയ നാഴികക്കല്ലായ വിധിന്യായങ്ങളും വെളിപ്പെടുത്തലുകളും ആണ് ഇവിടെ വിശദീകരിക്കുന്നത്.

പാഴായ ബജറ്റും മെഡിക്കല്‍ കോളജും
2009^2010-ലെ റെയില്‍വേ ബജറ്റ് അവതരിപ്പിച്ചുകൊണ്ടാണ് മന്ത്രി മമത ബാനര്‍ജി ഇന്ത്യയിലെ വിവിധഭാഗങ്ങളില്‍ റെയില്‍വേയുടെ മേല്‍നോട്ടത്തില്‍ മെഡിക്കല്‍ കോളജുകള്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചത്. കേരളത്തിലുള്‍പ്പെടെ 17 സംസ്ഥാനങ്ങളില്‍ മെഡിക്കല്‍ കോളജ് ആരംഭിക്കുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍, വര്‍ഷം ആറു കഴിഞ്ഞെങ്കിലും പദ്ധതി നടപ്പിലായില്ല. അതിനുള്ള പഠനത്തിനായിമാത്രം 29.41 ലക്ഷം രൂപ ചെലവഴിക്കുകയും പിന്നീട് പദ്ധതി റെയില്‍വേ ഉപേക്ഷിക്കുകയും ചെയ്തു. പദ്ധതി റെയില്‍വേ ഉപേക്ഷിച്ചെന്ന് ഹ്യൂമന്‍ റൈറ്റ്സ് ഡിഫന്‍സ് ഫോറത്തിന് ലഭിച്ച വിവരാവകാശരേഖ വ്യക്തമാക്കുന്നു. കേരളത്തില്‍ സ്ഥാപിക്കാന്‍ കഴിയാത്തതിനു കാരണം മതിയായ സ്ഥലം ലഭ്യമാകാത്തതെന്ന് റെയില്‍വേ മന്ത്രി. പി.പി.പി മോഡലില്‍ റെയില്‍വേ മെഡിക്കല്‍ കോളജ് തുടങ്ങാന്‍ അനുവദിക്കാനാവില്ളെന്ന് രേഖാമൂലം മെഡിക്കല്‍ കൗണ്‍സിലും വ്യക്തമാക്കി.

എം.എല്‍.എമാരുടെ ചികിത്സാ വിവരം
കേരള നിയമസഭാംഗങ്ങള്‍ സ്വകാര്യ സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രികളില്‍ ചികിത്സ നടത്തിയതിന് സംസ്ഥാന സര്‍ക്കാര്‍ കോടികള്‍ ചെലവഴിച്ചുവെന്ന വിവരം വിവരാവകാശനിയമപ്രകാരം ഈ ലേഖകന്  ലഭിച്ച മറുപടിയിലൂടെയാണ് പുറത്തുവന്നത്. സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളിലും എം.എല്‍.എമാര്‍ക്കും അവരുടെ കുടുംബത്തിനും സൗജന്യ ചികിത്സ ലഭ്യമാക്കണം എന്ന വ്യവസ്ഥ നിലനില്‍ക്കെയാണ് സാമാജികരുടെ ഈ ധൂര്‍ത്ത്. 13ാം നിയമസഭയുടെ കാലത്ത് ഏറ്റവും കൂടുതല്‍ തുക ചികിത്സായിനത്തില്‍ സര്‍ക്കാര്‍ നല്‍കിയത് തോമസ് ചാണ്ടി എം.എല്‍.എക്കാണ്. രണ്ടു കോടിയോളം രൂപ (1,91,14,366 രൂപ). അതില്‍ അമേരിക്കയില്‍ ചികിത്സ നടത്തിയതിന് മാത്രം 1,74,92,984 രൂപ ചെലവായി.

മദ്യപിച്ചത്തെിയ പൈലറ്റുമാര്‍
രാജ്യത്തെ വിമാനയാത്രയിലെ സുരക്ഷാ വീഴ്ചയെ സംബന്ധിച്ച് സുപ്രധാനമായ വിവരമാണ് ആര്‍.ടി.ഐ നിയമപ്രകാരം പുറത്തുവന്നത്. അഞ്ചരവര്‍ഷത്തിനുള്ളില്‍, മദ്യപിച്ച് വിമാനം പറത്താനത്തെിയ 170 പൈലറ്റുമാര്‍ക്കെതിരെ പുറത്താക്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചുവെന്നായിരുന്നു വിവരാവകാശരേഖ. 2009 മുതല്‍ 2014 നവംബര്‍ മാസംവരെ ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയിലൂടെ വിമാനം പറത്തുന്ന സമയത്ത് പൈലറ്റുമാര്‍ക്ക് ഉയര്‍ന്ന അളവില്‍ ആല്‍ക്കഹോള്‍ കണ്ടത്തെി. അഞ്ചുവര്‍ഷത്തെ കണക്ക് പരിശോധിച്ചാല്‍ ക്രമാനുഗതമായ വര്‍ധനവാണ് മദ്യപിച്ചത്തെിയ പൈലറ്റുമാരുടെ എണ്ണത്തിലുണ്ടായത്. ഗുരുതരമാണിതെന്ന് രേഖകള്‍ വിശകലനം ചെയ്യുമ്പോള്‍ വ്യക്തമാകുന്നു. ഇങ്ങനെയൊക്കെ ആയിട്ടും എട്ടുപേരെ മാത്രമാണ് ഇതുവരെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടത്.  ഈ രേഖകള്‍ നല്‍കിയശേഷം വ്യോമയാന ഡയറക്ടറേറ്റിലെ എയര്‍ സേഫ്റ്റി ഡയറക്ടര്‍ അപേക്ഷകനായ എന്നെ  ഫോണില്‍ വിളിച്ച് ഇത് പ്രസിദ്ധീകരിക്കരുതെന്നും എത്രയും വേഗം തിരിച്ചയക്കണമെന്നും ആവശ്യപ്പെട്ടത് മറ്റൊരു സ്വകാര്യം.  

കൈരളി കപ്പലിന്‍െറ തിരോധാനം
കേരള സര്‍ക്കാറിന്‍െറ  ഉടമസ്ഥതയിലായിരുന്ന കൈരളി കപ്പല്‍ ദുരൂഹസാഹചര്യത്തില്‍ കാണാതായതു സംബന്ധിച്ച രേഖകള്‍ കണ്ടത്തെി അപേക്ഷകനു നല്‍കാന്‍ വിവരാവകാശ കമീഷന്‍ വിധിക്കുകയുണ്ടായി. മര്‍ഗോവ തുറമുഖത്തുനിന്ന് യൂറോപ്പിലെ റോസ്തേക്  തുറമുഖത്തേക്ക് ഇരുമ്പയിരുമായുള്ള യാത്രയില്‍ 1979 ജൂലൈ മൂന്നു മുതലാണ് കപ്പലുമായുള്ള ബന്ധം നഷ്ടപ്പെട്ടത്. 49 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ആരും രക്ഷപ്പെട്ടില്ല. ജീവനക്കാരുടെ പേരുകള്‍ ലഭ്യമാണെങ്കിലും അവരുടെ വിലാസം സംബന്ധിച്ച രേഖകള്‍ ലഭ്യമല്ല എന്നാണ് കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്‍െറ പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ അറിയിച്ചത്. നിരവധി ആളുകള്‍ യാത്ര ചെയ്ത കപ്പലിനെകുറിച്ച് ഒരു രേഖയും ലഭ്യമല്ളെന്ന സര്‍ക്കാര്‍ നിലപാട് ഉത്തരവാദിത്തരാഹിത്യമാണെന്ന് സംസ്ഥാന വിവരാവകാശ കമീഷണര്‍ എം.എന്‍.ഗുണവര്‍ധനന്‍ നിരീക്ഷിച്ചു. സംഭവവുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും കണ്ടത്തെി അപേക്ഷകനായ ഈ ലേഖകന്  നല്‍കാന്‍ കമീഷന്‍ ഉത്തരവിട്ടു.

52 കോടി റോഡ് സുരക്ഷാഫണ്ട് വിനിയോഗിച്ചില്ല
റോഡപകടങ്ങള്‍ സംസ്ഥാനത്ത് ദിനം  പ്രതി കൂടുമ്പോഴും അത് തടയാനായി വകയിരുത്തിയ ഫണ്ടില്‍ 52 കോടി രൂപ ഇതുവരെയും ചെലവഴിച്ചിട്ടില്ളെന്ന വിവരാവകാശരേഖ പുറത്തുവന്നു. 2010 മുതല്‍ ഇതുവരെ സംസ്ഥാന സര്‍ക്കാറില്‍നിന്നും കേരള റോഡ് സുരക്ഷാ അതോറിറ്റിക്ക് അനുവദിച്ച ഇത്രയും തുക ചെലവഴിച്ചില്ളെന്നാണ് അതോറിറ്റിയുടെ മറുപടി.

ശബരി റെയില്‍പാത: കേരളത്തിനു നഷ്ടം
കേരളത്തിലെ മലയോര മേഖലയുടെ സ്വപ്നപദ്ധതിയായ ശബരി റെയില്‍പാത നഷ്ടമാകുന്ന വിവരം പുറത്തുവന്നത് വിവരാവകാശനിയമം വഴി ഈ ലേഖകന്‍ സമര്‍പ്പിച്ച അപേക്ഷയെതുടര്‍ന്നായിരുന്നു. പദ്ധതിയുടെ പകുതി ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കണമെന്ന കേന്ദ്രനിര്‍ദേശം നിരാകരിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ട രഹസ്യതീരുമാനത്തിന്‍െറ കാബിനറ്റ് രേഖകളാണ് വെളിവായത്.    

കര്‍ഷക ആത്മഹത്യ:ഫണ്ട് കേരളം പാഴാക്കി
കൃഷിനാശത്തിലും കടക്കെണിയിലുംപെട്ട് ആത്മഹത്യ ചെയ്യുന്ന കര്‍ഷകരെക്കുറിച്ച് ദേശീയതലത്തില്‍ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ കേരളത്തില്‍ കടക്കെണിയിലായ കര്‍ഷകരെ സഹായിക്കാന്‍ അനുവദിച്ച തുക പാഴാക്കിയെന്ന് വിവരാവകാശരേഖ. 251.32 കോടി രൂപയാണ് സംസ്ഥാനം ചെലവഴിക്കാതെ തിരിച്ചടച്ചത്.  


വേണം, ബോധവത്കരണം
വിവരാവകാശനിയമപ്രകാരം അപേക്ഷ തയാറാക്കി 10രൂപ ഫീസ് നല്‍കി അപേക്ഷിക്കുമ്പോള്‍ മാത്രം വിവരം നല്‍കിയാല്‍പോര, വിവരങ്ങള്‍ സ്വമേധയാതന്നെ സര്‍ക്കാര്‍ ഓഫിസുകള്‍ പ്രസിദ്ധീകരിക്കണമെന്നാണ് നിയമം അനുശാസിക്കുന്നത്. ആര്‍.ടി.ഐ നിയമം നിലവില്‍വന്ന് 120 ദിവസങ്ങള്‍ക്കകം ഓരോ പബ്ളിക് അതോറിറ്റിയും അതിന്‍െറ വിശദാംശങ്ങള്‍ സ്വമേധയാ പ്രസിദ്ധീകരിക്കണമെന്നാണ് നിയമത്തിലെ 4(1)(ബി) വകുപ്പുപറയുന്നത്. ഇതില്‍ പൊതുഅധികാരിയെ സംബന്ധിച്ച 17കാര്യങ്ങള്‍ ഉള്‍പ്പെടുന്നു. വിവരാവകാശനിയമം നിലവില്‍വന്ന് 10 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സര്‍ക്കാര്‍ ഒരു നടപടിയും  സ്വീകരിച്ചിട്ടില്ല. ഒൗദ്യോഗിക വെബ്സൈറ്റിലൂടെ വിവരങ്ങള്‍ പ്രസിദ്ധീകരിക്കണമെന്ന വ്യവസ്ഥ നടപ്പിലാക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ വിവരാവകാശകമീഷന്‍ നടപടി  സ്വീകരിക്കാത്തതും ജനങ്ങള്‍ക്ക് വിവരങ്ങള്‍  അപ്രാപ്യമാകുന്നതിന് കാരണമായി. പൊതുജനങ്ങള്‍ക്ക് പ്രത്യേകിച്ച് ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് ബോധവത്കരണം നല്‍കാന്‍ വിദ്യാഭ്യാസ പരിപാടികള്‍ ആവിഷ്കരിക്കാനാണ് വിവരാവകാശ നിയമം സര്‍ക്കാറിനോടാവശ്യപ്പെടുന്നത്. നിയമത്തെക്കുറിച്ച് ജനങ്ങള്‍ക്കു നല്‍കുന്ന ബോധവത്കരണവും ഉദ്യോഗസ്ഥര്‍ക്കു നല്‍കുന്ന പരിശീലനവും തികച്ചും അപര്യാപ്തമാണ്. വിദ്യാര്‍ഥികളുടെയും ഉദ്യോഗസ്ഥരുടെയും പാഠ്യപദ്ധതിയില്‍ വിവരാവകാശനിയമവും സേവനാവകാശ നിയമവും ഉള്‍പ്പെടുത്തുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story