Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightപേടിപ്പെടുത്തുന്നു, ഈ...

പേടിപ്പെടുത്തുന്നു, ഈ മൗനം

text_fields
bookmark_border
പേടിപ്പെടുത്തുന്നു, ഈ മൗനം
cancel

ദേശീയ, അന്തര്‍ദേശീയ സംഭവങ്ങളുടെ നേരെ കണ്ണും കാതും തുറന്നുവെച്ചവരാണ് പൊതുവെ മലയാളികള്‍. അവയുടെ നേരെയുള്ള പ്രതികരണത്തിലും മറ്റു പല സമൂഹങ്ങളെക്കാളും മുന്നിലാണ്. സംഭവം മുസ്ലിംകളുടെ ഭാഗത്തുനിന്നുണ്ടാകുന്ന അബദ്ധങ്ങളോ അനര്‍ഥങ്ങളോ ആണെങ്കില്‍ പ്രതികരണം അതിശക്തവും രൂക്ഷവുമായിരിക്കും. പത്രങ്ങളിലും ചാനലുകളിലും ആഴ്ചകളോളം ചര്‍ച്ചകളും സംവാദങ്ങളും നടക്കും. ലോകത്തിന്‍െറ ഏതെങ്കിലും ഭാഗത്ത് അറബിപ്പേരുള്ള ആരെങ്കിലും എന്തെങ്കിലും അതിക്രമം പ്രവര്‍ത്തിച്ചാല്‍ ഇവിടത്തെ മുസ്ലിം സംഘടനകളും നേതാക്കളും അതിനെ ആക്ഷേപിക്കുകയും ക്ഷമാപണ ശൈലിയില്‍ അതിനോട് പ്രതികരിക്കുകയും വേണം. ഇല്ളെങ്കില്‍ അവര്‍ സംശയിക്കപ്പെടുകയും പ്രതിസ്ഥാനത്ത് നിര്‍ത്തപ്പെടുകയും ചെയ്യും. മലാലയെ താലിബാന്‍കാര്‍ ആക്രമിച്ചതിനെ സംബന്ധിച്ച് കഴിഞ്ഞദിവസംപോലും ഒരു പത്രപ്രവര്‍ത്തകന്‍ ഈ ലേഖകനോട് ചോദിക്കുകയുണ്ടായി.

അടുത്തകാലംവരെയും ഇന്ത്യയിലെ സംഘ്പരിവാര്‍ ശക്തികളുടെയും അവരോടു ചേര്‍ന്നുനില്‍ക്കുന്ന മതമേധാവികളുടെയും ഭാഗത്തുനിന്നുണ്ടാകുന്ന അത്യാചാരങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും നേരെ ചില സാംസ്കാരിക നായകന്മാരും മാധ്യമപ്രവര്‍ത്തകരും ശക്തമായിത്തന്നെ പ്രതികരിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ അത്തരം പ്രതികരണങ്ങളും പ്രതിഷേധങ്ങളും ഏറെ ദുര്‍ബലമായിരിക്കുന്നു; എതിര്‍ശബ്ദം വല്ലാതെ നേര്‍ത്തിരിക്കുന്നു. ഫാഷിസ്റ്റ് ശക്തികളോടുള്ള ഭയത്തോടൊപ്പം കേരളീയ പൊതുബോധത്തില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റവും ഇതിനുകാരണമായേക്കാം. ഏതായാലും ഈ പ്രതികരണ വന്ധ്യതയും മൗനവും അതീവഭീകരംതന്നെ.

ഉത്തര്‍പ്രദേശിലെ ബിസാര ഗ്രാമത്തിനടുത്ത ദാദ്രിയില്‍ മാട്ടിറച്ചി വീട്ടില്‍ സൂക്ഷിക്കുകയും ഭക്ഷിക്കുകയും ചെയ്തുവെന്നാരോപിച്ച് സംഘ്പരിവാര്‍ ശക്തികള്‍ മുഹമ്മദ് അഖ്ലാഖ് എന്ന 50കാരനെ ഇഷ്ടികകൊണ്ട് അടിച്ചും ഇടിച്ചും കൊന്നു. അദ്ദേഹത്തിന്‍െറ മകന്‍ 22കാരന്‍ ദാനിഷിനെ മാരകമായി പരിക്കേല്‍പിച്ചു. മകളെ ബലാത്സംഗം ചെയ്യാന്‍ ഒരുമ്പെടുകയും ചെയ്തു. വീട്ടില്‍ മാട്ടിറച്ചി സൂക്ഷിച്ചിട്ടുണ്ടെന്ന് തൊട്ടടുത്ത ക്ഷേത്രത്തില്‍നിന്ന് വിളിച്ചുപറയുന്നത് കേട്ട് പ്രകോപിതരായ വര്‍ഗീയ ഫാഷിസ്റ്റുകളാണ് ഈ ക്രൂരകൃത്യം കാണിച്ചത്. നൂറോളം പേര്‍ രാത്രി 10 മണിക്ക് വീടുവളഞ്ഞാണ് അഖ്ലാഖിനെ തല്ലിക്കൊന്നത്. തങ്ങള്‍ മാട്ടിറച്ചി ഭക്ഷിച്ചിട്ടില്ളെന്നും വീട്ടില്‍ അത് സൂക്ഷിച്ചിട്ടില്ളെന്നും അഖ്ലാഖിന്‍െറ കുടുംബം വ്യക്തമാക്കി. ബലിപെരുന്നാളിനോടനുബന്ധിച്ച് ബന്ധുക്കള്‍ നല്‍കിയ ആട്ടിറച്ചിയാണ് ഫ്രിഡ്ജിലുണ്ടായിരുന്നത്. ബിസാര ഗ്രാമം യുദ്ധക്കളമാക്കി മാറ്റാനും വര്‍ഗീയ ശക്തികള്‍ക്ക് സാധിച്ചു. 70ലധികം മുസ്ലിം കുടുംബങ്ങള്‍ അവിടം വിട്ടുപോകാന്‍ നിര്‍ബന്ധിതമായി. നാടുവിട്ടുപോകുന്നവരുടെ വീടും സമ്പത്തും സ്വന്തമാക്കാമെന്ന വാഗ്ദാനം നല്‍കിയാണ് സംഘ്പരിവാര്‍ ശക്തികള്‍ അക്രമികളെ സംഘടിപ്പിച്ചത്. ഈ കൊടും ക്രൂരത കേരളീയ പൊതുമണ്ഡലത്തില്‍ കാര്യമായി ചര്‍ച്ചചെയ്യപ്പെട്ടതേയില്ല. ‘കഴിച്ചത് പശുമാംസമല്ലാതിരിക്കെ ഉപ്പയെ മടക്കിത്തരുമോ’ എന്ന മകളുടെ ദയനീയമായ ചോദ്യംപോലും പറയത്തക്ക പ്രതികരണം സൃഷ്ടിച്ചില്ല. ഭീകരമായ ഈ മൗനം വരാനിരിക്കുന്ന വന്‍ വിപത്തിന്‍െറ സൂചനയത്രെ.

എ.പി.ജെ അബ്ദുല്‍കലാമിന്‍െറ അവസാനപുസ്തകത്തിന്‍െറ മലയാള പരിഭാഷ ‘കാലാതീതം’ തയാറാക്കിയത് ശ്രീദേവി എസ്. കര്‍ത്തയാണ്. പുസ്തക പ്രസാധകരായ കറന്‍റ് ബുക്സ് ശ്രീദേവിയോട് പ്രകാശന പരിപാടിയില്‍നിന്ന് വിട്ടുനില്‍ക്കാന്‍ അവരുടെ കൂട്ടുകാരന്‍ വഴി ആവശ്യപ്പെട്ടു. അബ്ദുല്‍കലാമിന്‍െറ ഗുരു പ്രമുഖ സ്വാമിജിയുടെ പ്രതിനിധി ബ്രഹ്മവിഹാരിദാസ്  പ്രധാന അതിഥിയായതിനാല്‍ സ്ത്രീകളുള്ള വേദിയില്‍ അദ്ദേഹം വരില്ല എന്നതാണ് ഇതിനുകാരണമായി പറഞ്ഞത്. സ്വാമി ഇരിക്കുന്ന വേദിയുടെ മുന്നിലുള്ള മൂന്നുവരി സീറ്റുകളില്‍ അദ്ദേഹത്തിന്‍െറ പുരുഷ അനുയായികള്‍ മാത്രമേ ഇരിക്കാവൂ എന്നും ഗുജറാത്ത് ആസ്ഥാനമായുള്ള സ്വാമി നാരായണ്‍ സന്യാസ് സന്‍സ്ഥാന്‍ നിഷ്കര്‍ഷിക്കുകയുണ്ടായി.
വിവര്‍ത്തകതന്നെ പറഞ്ഞപോലെ എഴുത്തുകാരെ പോറ്റുകയും എഴുത്തുകാരാല്‍ പോറ്റപ്പെടുകയും ചെയ്യുന്ന ഒരു പ്രസാധക സ്ഥാപനത്തിന് ഇത്രയും അശ്ളീലമായ ഒരാവശ്യത്തെ നിരസിക്കാനുള്ള ചങ്കുറപ്പ് ഇല്ലാതെപോയി.

ക്ഷമാപണം നടത്താനുള്ള സാമാന്യ മര്യാദപോലും പ്രസാധനാലയം കാണിച്ചില്ളെന്നും വിവര്‍ത്തക ശ്രീദേവി പരിതപിക്കുന്നു. സംഭവദിവസം പുസ്തക പ്രകാശന വേദിയില്‍ വന്‍ പ്രതിഷേധമുണ്ടായി. സ്ത്രീകള്‍ മുന്‍നിരകളിലെ കസേരകളില്‍ കയറിയിരുന്ന് മുദ്രാവാക്യം വിളിച്ചു. പുസ്തകം ഏറ്റുവാങ്ങാനത്തെിയ സാറാജോസഫിനെതിരെ ഗോബാക്ക് വിളിച്ചു. എം.ടി. വാസുദേവന്‍ നായര്‍ പരിപാടിയില്‍നിന്ന് വിട്ടുനിന്നെങ്കിലും സംഭവത്തെ സംബന്ധിച്ച് ഒന്നും പ്രതികരിച്ചില്ല. സ്ത്രീവിരുദ്ധവും അങ്ങേയറ്റം പ്രതിലോമപരവുമായ ഹീനവൃത്തി നടന്നിട്ടും അതിവിടത്തെ മാധ്യമലോകത്തോ സാംസ്കാരിക രംഗത്തോ കാര്യമായ പ്രതികരണമൊന്നുമുണ്ടാക്കിയില്ല. ഇന്ത്യയില്‍ വളര്‍ന്നുവരുന്ന സാംസ്കാരിക ഫാഷിസത്തെ അംഗീകരിക്കുന്നവരായി നമ്മുടെ മുതിര്‍ന്ന എഴുത്തുകാര്‍ മാറിയിരിക്കുന്നതായി ബാലചന്ദ്രന്‍ വടക്കേടത്ത് പരിതപിക്കുന്നു.

എന്നാല്‍, ഏതെങ്കിലും ഇസ്ലാമിക പണ്ഡിതന്‍െറയോ മുസ്ലിം സംഘടനയുടെയോ സ്ഥാപനത്തിന്‍െറയോ ഭാഗത്തുനിന്നാണ് ഇത്തരമൊരു സമീപനമുണ്ടാകുന്നതെങ്കില്‍ അതിവിടെ ഉണ്ടാക്കിയേക്കാവുന്ന ബഹളവും പുകിലും സങ്കല്‍പിക്കാവുന്നതേയുള്ളൂ. കേരളീയ സമൂഹം കടുത്ത സാമുദായിക ധ്രുവീകരണത്തിനും വിവേചന ഭീകരതക്കും വിധേയമായിക്കൊണ്ടിരിക്കുന്നുവെന്നാണിത് വ്യക്തമാക്കുന്നത്.
കര്‍ണാടകത്തിലെ പ്രമുഖ സാഹിത്യകാരനും കന്നട സര്‍വകലാശാല മുന്‍ വൈസ്ചാന്‍സലറും 20ലധികം ഗ്രന്ഥങ്ങളുടെ കര്‍ത്താവും കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ മല്ളേഷപ്പ എം. കല്‍ബുര്‍ഗിയെ കഴിഞ്ഞ ആഗസ്റ്റ് 30ന് തീവ്രഹിന്ദുത്വ വാദികള്‍ വെടിവെച്ചുകൊന്നു. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ സംസാരിച്ചതിനും എഴുതിയതിനുമാണ് വര്‍ഗീയ ഫാഷിസ്റ്റുകള്‍ അദ്ദേഹത്തെ ധാര്‍വാഡിലെ കല്യാണ്‍ നഗറിലുള്ള വീട്ടില്‍ കുടുംബത്തോടൊപ്പം പ്രാതല്‍ കഴിച്ചുകൊണ്ടിരിക്കെ ക്രൂരമായി കൊലപ്പെടുത്തിയത്.

മഹാരാഷ്ട്രയില്‍ നരേന്ദ്ര ദാഭോല്‍ക്കര്‍ക്കും ഗോവിന്ദ പന്‍സാരെക്കും സമാനമായ വിധി തന്നെയാണ്  ഫാഷിസ്റ്റുകള്‍ നല്‍കിയത്.  കല്‍ബുര്‍ഗിയുടെ മരണത്തെ തുടര്‍ന്ന് അത് ട്വിറ്ററിലൂടെ ആഘോഷിച്ച തീവ്രഹിന്ദുത്വ വാദി ബുവിത്ത് ഷെട്ടി ഇങ്ങനെ കുറിച്ചു: ‘അന്ന് യു.ആര്‍. അനന്തമൂര്‍ത്തി, ഇപ്പോള്‍ എം.എം. കല്‍ബുര്‍ഗി, അടുത്തത് കെ.എസ്. ഭഗവാന്‍.’ ‘മാതോരുഭാഗന്‍’ എന്ന നോവല്‍ എഴുതിയതിന്‍െറ പേരില്‍ തമിഴ്നാട്ടിലെ പെരുമാള്‍ മുരുഗനെതിരെ ഹിന്ദുത്വ ഭീകരര്‍ വധഭീഷണി മുഴക്കി. അദ്ദേഹത്തിനു സംരക്ഷണം നല്‍കുന്നതിനുപകരം ഭരണകൂടം ആക്രമണകാരികളുടെ പക്ഷം ചേര്‍ന്ന് പുസ്തകം പിന്‍വലിക്കാന്‍ നിര്‍ബന്ധിക്കുകയാണുണ്ടായത്. അതേതുടര്‍ന്ന് 2015 ജനുവരി 14ന് പെരുമാള്‍ മുരുഗന്‍ എഴുത്തിന്‍െറ മരണം പ്രഖ്യാപിച്ചു.

ഇങ്ങനെയൊക്കെയായിട്ടും ഭരണകൂടം നിസ്സംഗത പുലര്‍ത്തുകയാണ്. അഭിപ്രായസ്വാതന്ത്ര്യം നേരിടുന്ന കടുത്ത വെല്ലുവിളിയില്‍ പ്രതിഷേധിച്ചും അഭിപ്രായപ്രകടനത്തിന്‍െറ പേരില്‍ കൊല്ലപ്പെട്ടവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും പ്രമുഖ എഴുത്തുകാരി നയന്‍താര സെഗാളും ലളിതകലാ അക്കാദമി മുന്‍ചെയര്‍മാനും പ്രമുഖ ഹിന്ദി കവിയുമായ അശോക് വാജ്പേയിയും തങ്ങളുടെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ തിരിച്ചുനല്‍കാന്‍ തീരുമാനിച്ചിരിക്കുന്നു.  കര്‍ണാടകയിലെ ആറു പ്രമുഖ എഴുത്തുകാരും തങ്ങളുടെ പുരസ്കാരങ്ങള്‍ തിരിച്ചുനല്‍കി. എന്നിട്ടും കേരളത്തിന്‍െറ പൊതുമണ്ഡലത്തിലും സാംസ്കാരിക രംഗത്തും ഇതൊന്നും കാര്യമായ ചലനമൊന്നും സൃഷ്ടിച്ചില്ല.

 നമ്മുടെ നാട്ടിലെ എഴുത്തുകാര്‍ ഇവ്വിധം വര്‍ഗീയ ഫാഷിസ്റ്റുകളുടെ കൊലക്കത്തിക്കും വെടിയുണ്ടക്കും ഇരയായിട്ടും വധഭീഷണികള്‍ക്ക് നിരന്തരം വിധേയമായിട്ടും അതിവിടെ വേണ്ടവിധം ചര്‍ച്ചചെയ്യപ്പെടുകയോ പ്രതികരണങ്ങളുണ്ടാക്കുകയോ ചെയ്യുന്നില്ല. സല്‍മാന്‍ റുഷ്ദിയുടെയും തസ്ലീമ നസ്റീന്‍െറയും കാര്യത്തിലുണ്ടായ പ്രതിഷേധങ്ങളുടെയും ബഹളങ്ങളുടെയും നേരിയ ഒരംശംപോലും ഹിന്ദുത്വ ഭീകര ഹിംസക്കെതിരെ ഉയര്‍ന്നുവരുന്നില്ളെന്നത് ആര്‍ക്കും നിഷേധിക്കാനാവില്ല. കേരളീയ പൊതുമണ്ഡലത്തിലും മാധ്യമ മേഖലയിലും സാംസ്കാരിക രംഗത്തും കാണപ്പെടുന്ന ഈ പ്രതികരണ വന്ധ്യത ഫാഷിസത്തെ പേടിച്ചാണെങ്കിലും വിവേചന ഭീകരതയാലാണെങ്കിലും ഭീതിജന്യംതന്നെ. ഏതായാലും ഈ മൗനം വരാനിരിക്കുന്ന വന്‍ വിപത്തുകളെ സംബന്ധിച്ച മുന്നറിയിപ്പാകാതിരിക്കട്ടെയെന്ന് നമുക്ക് ആശിക്കാം.

Show Full Article
TAGS:
Next Story