മസ്ജിദുല്‍ അഖ്സയും ഫലസ്തീനിലെ പുതിയ പ്രശ്നങ്ങളും
text_fieldsഏഴു പതിറ്റാണ്ട് പൂര്‍ത്തിയാക്കിയ യു.എന്‍ പൊതുസഭാ വാര്‍ഷികത്തിന്‍െറ ഭാഗമായി സംഘടിപ്പിച്ച ഉച്ചകോടിക്കിടെ വൈകിക്കിട്ടിയ ആദരമെന്നോണം ഫലസ്തീന്‍ പതാക ഉയര്‍ന്നതിന്‍െറ ആഘോഷം ഒരാഴ്ച കൊണ്ട് അവസാനിച്ച മട്ടാണ്. ഫലസ്തീന്‍ പ്രശ്നത്തിന്‍െറയും മണ്ണിന്‍െറയും ഹൃദയമായി കണക്കാക്കുന്ന മസ്ജിദുല്‍ അഖ്സയെ ചൊല്ലി ദിവസങ്ങള്‍ക്കിടെ ഇരുവിഭാഗങ്ങളിലുമായി നിരവധി പേര്‍ കൊല്ലപ്പെട്ടതു മാത്രമല്ല പ്രശ്നം. രണ്ടു പതിറ്റാണ്ടുമുമ്പ് യാസിര്‍ അറഫാത്തും ഇസ്ഹാഖ് റാബീനും ഒപ്പുവെച്ച ഓസ്ലോ കരാര്‍ ഇനിയൊരു തിരിച്ചുവരവ് സാധ്യമല്ലാത്തവിധം പിച്ചിച്ചീന്തപ്പെട്ടുവെന്ന് ബോധ്യംവന്നവര്‍ വീണ്ടും തെരുവില്‍ പരിഹാരം തേടാന്‍ ഇറങ്ങിയത് മേഖലയെ ഒരിക്കല്‍കൂടി തീരാസംഘര്‍ഷങ്ങളിലേക്ക് തള്ളിയിടുകയാണ്.
ലോക മുസ്ലിംകള്‍ കൂടുതല്‍ ആദരിക്കുന്ന മൂന്നാമത്തെ മസ്ജിദായ അല്‍അഖ്സക്കുമേല്‍ ജൂത തീവ്ര വലതുപക്ഷം അവകാശവാദം ഉന്നയിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. എന്നാല്‍, ജൂതമതനേതൃത്വം മുന്‍കൈയെടുത്ത് മസ്ജിദിലെ ആരാധന മുസ്ലിംകള്‍ക്കു മാത്രമായി നിജപ്പെടുത്തണമെന്ന് പ്രഖ്യാപിച്ചതിനാല്‍ ഇസ്രായേലില്‍നിന്നും പുറത്തുനിന്നുമുള്ള മറ്റു വിഭാഗങ്ങള്‍ ഇവിടെ സന്ദര്‍ശനം മാത്രം നടത്തി മടങ്ങുന്നതാണ് പതിവുകാഴ്ച. വെസ്റ്റ്ബാങ്കില്‍ രാജ്യാന്തര മാനദണ്ഡങ്ങള്‍ ലംഘിച്ച് കുത്തനെ ഉയര്‍ന്നുകൊണ്ടിരിക്കുന്ന ജൂത കുടിയേറ്റകേന്ദ്രങ്ങളില്‍ പുതുതായി എത്തിയ തീവ്രവാദികളാണ് ഏറ്റവുമൊടുവിലെ സംഘര്‍ഷങ്ങള്‍ക്ക് യഥാര്‍ഥ കാരണക്കാര്‍. മസ്ജിദുല്‍ അഖ്സയില്‍ സന്ദര്‍ശനം മാത്രം പോരെന്നും ജൂത വിശുദ്ധഗ്രന്ഥങ്ങളില്‍ പരാമര്‍ശിക്കുന്ന രണ്ടു ദേവാലയങ്ങളുടെ ഭാഗമായതിനാല്‍ ആരാധന അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഇവര്‍ മസ്ജിദ് കോമ്പൗണ്ടില്‍ നിരന്തരം പ്രകടനവും ആക്രമണവും നടത്തിയത് വിശ്വാസികളെ പ്രകോപിപ്പിക്കുക സ്വാഭാവികം. ഇവര്‍ക്ക് പിന്തുണയുമായി ബിന്യമിന്‍ നെതന്യാഹു സര്‍ക്കാറിലെ ഹൗസിങ് മന്ത്രി യുറി ഏരിയല്‍, ഇസ്രായേല്‍ പാര്‍ലമെന്‍റ് അംഗം മോശെ ഫെയ്ഗ്ലിന്‍, മിറി റെഗേവ് എന്നിവര്‍കൂടി എത്തിയതോടെ മേഖല വീണ്ടും സംഘര്‍ഷത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു.
അഞ്ച് ഫലസ്തീനികളും നാല് ഇസ്രായേലികളുമാണ് ദിവസങ്ങള്‍ക്കിടെ പകയുടെയും ശത്രുതയുടെയും ഇരകളായി വീണത്. ഇതില്‍ പകുതി പേര്‍ ജറൂസലം പഴയ പട്ടണത്തിലും അവശേഷിച്ചവര്‍ വെസ്റ്റ്ബാങ്കിലുമാണ്. നിരന്തരം വെറുപ്പ് പ്രസംഗിക്കുകയും മസ്ജിദുല്‍ അഖ്സ തകര്‍ത്ത് മൂന്നാം ജൂതദേവാലയം പണിയണമെന്ന് ആഹ്വാനംചെയ്തു നടക്കുകയും ചെയ്യുന്ന വലതുപക്ഷ നേതാവും അമേരിക്കന്‍ വംശജനുമായ യെഹൂദ ഗ്ളിക് ജറൂസലമില്‍ ഓരോ തവണയും വന്നുമടങ്ങുമ്പോള്‍ ഉണര്‍ത്തിവിട്ട ശത്രുതയുടെ തുടര്‍ച്ചയായിരുന്നു ദിവസങ്ങള്‍ക്കുമുമ്പ് ഇയാള്‍ക്കെതിരായ വെടിവെപ്പില്‍ കലാശിച്ചത്. ഒടുവില്‍ ഒരു പാര്‍ലമെന്‍റംഗവും അവിടെ പോകരുതെന്ന് ബിന്യമിന്‍ നെതന്യാഹു സഹപ്രവര്‍ത്തകര്‍ക്ക് തീട്ടൂരം നല്‍കിയിട്ടുണ്ടെങ്കിലും തീവ്ര വലതുപക്ഷത്തെ അംഗങ്ങള്‍ ഇത് എത്രകണ്ട് അംഗീകരിക്കുമെന്ന് കാത്തിരുന്ന് കാണണം.
1917 നവംബറില്‍ ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ബാല്‍ഫര്‍ പ്രഭു നടത്തിയ പ്രഖ്യാപനത്തോടെ ഒൗദ്യോഗികമായി നാന്ദികുറിച്ച കൊടിയവഞ്ചന ഒരു നൂറ്റാണ്ടിനരികെ നില്‍ക്കുമ്പോള്‍ ഫലസ്തീനികള്‍ക്ക് പ്രതീക്ഷ തീരെയില്ല. കഴിഞ്ഞ ദിവസം യു.എന്നില്‍ നടത്തിയ പ്രഭാഷണത്തില്‍ ഫലസ്തീന്‍ പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസ് പറഞ്ഞതും അതാണ്. 22 വര്‍ഷം പൂര്‍ണമായി അംഗീകരിച്ച ഓസ്ലോ കരാര്‍ പാലിക്കാന്‍ ഇനിയും തന്‍െറ രാജ്യം കടപ്പെട്ടിട്ടില്ളെന്നായിരുന്നു പ്രഖ്യാപനം. ഓസ്ലോ കരാര്‍ തിരിച്ചുനല്‍കിയ ഭൂമിയിലൊക്കെയും പുതിയ കുടിയേറ്റത്തിന്‍െറ സമവാക്യങ്ങള്‍ എഴുന്നള്ളിക്കുകയാണ് ഇസ്രായേല്‍. വെസ്റ്റ്ബാങ്കില്‍ മാത്രം ഒന്നര പതിറ്റാണ്ടിനിടെ കുടിയേറ്റക്കാരുടെ ജനസംഖ്യ രണ്ടര ലക്ഷത്തില്‍നിന്ന് ഏഴര ലക്ഷമായാണ് വര്‍ധിച്ചത്. ജറൂസലമിലും സമാനമായി കുടിയൊഴിപ്പിക്കലിന്‍െറ ഭീകരത വര്‍ധിച്ചു. ആയിരത്തിലേറെ വര്‍ഷം പഴക്കമുള്ള മുസ്ലിം ശ്മശാനം പൊളിച്ചടുക്കി അതിനുമേല്‍ ഹോട്ടലുള്‍പ്പെടെ പണിതത് അടുത്തിടെയാണ്. തീവ്രവാദികളുടേതെന്ന പേരില്‍ കഴിഞ്ഞ ദിവസവും നിരവധി മുസ്ലിം വീടുകളും ഇവിടെ ഇസ്രായേല്‍ സൈന്യം പൊളിച്ചടുക്കി. മസ്ജിദുല്‍ അഖ്സയിലും ജറൂസലമിലെ നാലു ഭാഗങ്ങളിലുമായി സുരക്ഷയുടെ പേരില്‍ ആയിരക്കണക്കിന് പൊലീസ്, സൈനികര്‍ തമ്പടിച്ചത് സാധാരണ ജീവിതം നരകതുല്യമാക്കിയതു വേറെ കാര്യം. പട്ടണത്തിനു മുകളില്‍ 24 മണിക്കൂര്‍ നിരീക്ഷണവുമായി സൈനിക ഹെലികോപ്ടറുകളും പറക്കുന്നുണ്ട്.
ഇനിയൊരിക്കലും ഒന്നിക്കാനാകാത്ത വിധം ശത്രുതയുടെ തുരുത്തിലായ രണ്ടു സമൂഹങ്ങള്‍ക്കിടയില്‍ രഞ്ജിപ്പിന്‍െറ വഴി എങ്ങനെ തുറന്നെടുക്കുമെന്ന വലിയ ആശങ്ക ആഗോള സമൂഹത്തെയും തുറിച്ചുനോക്കുന്നുണ്ട്. നിരന്തരം പ്രശ്്നങ്ങള്‍ സൃഷ്ടിക്കുന്ന തീവ്ര വലതുപക്ഷത്തിന്‍െറ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ് പലപ്പോഴായി ഇസ്രായേല്‍ സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരുന്നത്. മസ്ജിദുല്‍ അഖ്സ തകര്‍ക്കണമെന്ന് വാദിക്കുന്ന ടെമ്പ്ള്‍ മൗണ്ട് ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന സ്ഥാപനത്തിന് സര്‍ക്കാര്‍ സഹായമായി നല്‍കിയത് ഒരു ലക്ഷം ഡോളറാണ്.
ഏതു നിമിഷവും മസ്ജിദ് തകര്‍ക്കപ്പെട്ടേക്കുമെന്ന ഭീതി പൊതുവായി പ്രദേശത്തെ മുസ്ലിംകള്‍ക്കിടയിലുണ്ട്. ഇത് പരിഹരിക്കപ്പെടാന്‍ ഇനിയും സര്‍ക്കാര്‍ ഭാഗത്തുനിന്ന് ശ്രമങ്ങളുണ്ടായിട്ടില്ല. ഒന്നര പതിറ്റാണ്ടുമുമ്പ് ഏരിയല്‍ ഷാരോണ്‍ നടത്തിയ മസ്ജിദുല്‍ അഖ്സ സന്ദര്‍ശനമാണ് രണ്ടാം ഇന്‍തിഫാദയിലേക്ക് നയിച്ചത്. ഫലസ്തീന്‍ ജനതയുടെ 70 ശതമാനവും യുവാക്കളാണെന്നതിനാല്‍ ഇത്തരം പ്രശ്നങ്ങള്‍ അവര്‍ക്കിടയില്‍ ഉണ്ടാക്കുന്ന ആശങ്ക സ്വാഭാവികമാണ്. ഇതു പരിഹരിക്കപ്പെടാന്‍ ആഗോള തലത്തില്‍ ഇടപെടല്‍ അനിവാര്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
