Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightപശുരാഷ്ട്രീയം...

പശുരാഷ്ട്രീയം വിളിച്ചുപറയുന്നത്

text_fields
bookmark_border
പശുരാഷ്ട്രീയം വിളിച്ചുപറയുന്നത്
cancel

പശുവും കിടാവും കോണ്‍ഗ്രസിന്‍െറ തെരഞ്ഞെടുപ്പ് ചിഹ്നമായിരുന്ന കാലത്ത് പശു തീര്‍ത്തും ഒരു മതേതര മൃഗമായിരുന്നു. നെഹ്റുവിന്‍െറ കാലഘട്ടത്തില്‍ ഇരട്ടക്കാളയെ കോണ്‍ഗ്രസ് കൊണ്ടുനടന്നപ്പോഴും അവക്ക് മതപരമായ പാവനത കല്‍പിച്ചിരുന്നില്ല. എന്നാല്‍, മാട്ടിറച്ചി തിന്നുവെന്ന കുറ്റമാരോപിച്ച് ഹിന്ദുത്വവാദികള്‍ തല്ലിക്കൊന്ന മുഹമ്മദ് അഖ്ലാഖിന്‍െറ രക്തസാക്ഷ്യം ഉയര്‍ത്തുന്ന മതേതര സംവാദങ്ങള്‍ക്കിടയില്‍ മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് സീനിയര്‍ ജനറല്‍ സെക്രട്ടറിയുമായ ദിഗ്വിജയ് സിങ് മുന്നോട്ടുവെച്ച ഒരവകാശവാദം പശുരാഷ്ട്രീയത്തിലടങ്ങിയ കാപട്യത്തിന്‍െറ മറ അനാവൃതമാക്കുന്നു. ഗോവധനിരോധ വിഷയത്തില്‍ ബി.ജെ.പിയെക്കാള്‍ ആത്മാര്‍ഥത കോണ്‍ഗ്രസിനാണെന്നും 24 സംസ്ഥാനങ്ങളില്‍ ഇന്ന് നിലനില്‍ക്കുന്ന ഗോസംരക്ഷണനിയമം തങ്ങളുടെ ഭരണകാലത്ത് കൊണ്ടുവന്നതാണെന്നും സിങ് ആവേശപൂര്‍വം വാദിക്കുകയുണ്ടായി. രാജ്യത്താകമാനം ഗോവധം നിരോധിക്കണമെന്ന് 1934ല്‍തന്നെ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി ആവശ്യപ്പെട്ടിരുന്നുവത്രെ. അതുകൊണ്ട്, ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിയമം കൊണ്ടുവരുകയാണെങ്കില്‍ അതിനെ പിന്തുണക്കുന്ന കാര്യം പാര്‍ട്ടി ആലോചിക്കുമെന്നും ദിഗ്വിജയ് സിങ് പറയുന്നു.  
ഇറച്ചി തിന്നതിന്‍െറ പേരില്‍ ഒരു മനുഷ്യനെ പച്ചക്ക് തല്ലിക്കൊന്ന ഇന്ത്യന്‍ വര്‍ത്തമാനകാല അവസ്ഥയെക്കുറിച്ചുള്ള ഉത്കണ്ഠ പങ്കുവെക്കുന്നതിനു പകരം, പശുരാഷ്ട്രീയം ഹിന്ദുത്വക്ക് മാത്രം അര്‍ഹതപ്പെട്ടതല്ളെന്ന കോണ്‍ഗ്രസ് നേതാവിന്‍െറ  വാദമുഖം ബഹുസ്വരതയില്‍ വിശ്വസിക്കുന്നവരെ അലോസരപ്പെടുത്താതിരിക്കില്ല. പശുവിനെ ദൈവമായി കാണുന്നവര്‍ക്ക് അതാവാം. കേവലമൊരു മൃഗമായികണ്ട് അറുത്തുതിന്നുന്നവര്‍ക്ക് അതിനും അവകാശം വകവെച്ചുകൊടുക്കുമ്പോഴാണ് ഭരണഘടനയുടെ മുന്നില്‍ മതങ്ങള്‍ക്ക് തുല്യപരിഗണന കൈവരുന്നത്. സുപ്രീംകോടതി മുന്‍ ജഡ്ജി മാര്‍കണ്ഡേയ കട്ജുവിനെപ്പോലെ, പശു മറ്റേതൊരു മൃഗത്തെയുംപോലെ ഒരു മൃഗം മാത്രമാണെന്നും അതിനു ദൈവമാകാന്‍ സാധിക്കില്ളെന്നും വിശ്വസിക്കുന്ന കോടിക്കണക്കിന് ഹിന്ദുക്കളുണ്ട് ഇവിടെ. അവര്‍ക്ക് അവരുടെ വിശ്വാസമനുസരിച്ച്  പശുമാംസം കഴിക്കാന്‍ പൂര്‍ണസ്വാതന്ത്ര്യം നല്‍കുമ്പോഴാണ് രാഷ്ട്രശില്‍പികള്‍ സ്വപ്നംകണ്ട മതേതരത്വം യാഥാര്‍ഥ്യമാകുന്നത്. സെക്കുലറിസത്തിന്‍െറ നിര്‍വചനം വിശദീകരിക്കുന്നിടത്ത് പ്രശസ്ത ചരിത്രകാരി റൊമില ഥാപ്പര്‍ അടിവരയിടുന്ന ഒരു വശമുണ്ട്: മതങ്ങളുടെ സഹവര്‍ത്തിത്വംകൊണ്ട് മാത്രം ഒരു സമൂഹം മതേതരമാകുന്നില്ല. മതങ്ങള്‍ക്ക് തുല്യപദവി അംഗീകരിച്ചുകൊടുക്കുമ്പോഴാണ് സെക്കുലര്‍ സൊസൈറ്റി രൂപം കൊള്ളുന്നത്.
15 കോടി മനുഷ്യരുടെ ജീവിതതാളം തെറ്റിക്കുന്ന ഭീകരാവസ്ഥയിലേക്ക് ഗോവധത്തിനെതിരെ ഇന്ന് അരങ്ങേറുന്ന കാമ്പയിനിന്‍െറ പിന്നില്‍ പശുവിനോടുള്ള സ്നേഹമല്ല, മറിച്ച് സഹജീവികളായ മുസ്ലിം-ക്രിസ്ത്യന്‍ , ദലിത് വിഭാഗങ്ങളോടുള്ള വിദ്വേഷമാണ് പ്രേരകമായി വര്‍ത്തിക്കുന്നത്. മുസ്ലിം, ബ്രിട്ടീഷ് ഭരണകാലഘട്ടത്തോടെ യവനികക്ക് പിന്നിലേക്ക് തിരോഭവിച്ച ബ്രാഹ്മണമൂല്യങ്ങളും അതുയര്‍ത്തിപ്പിടിക്കുന്ന വര്‍ണ-ധര്‍മ വ്യവസ്ഥയും മോദിയുഗം തീര്‍ത്ത അനുകൂല കാലാവസ്ഥയില്‍  പ്രതികാരബുദ്ധിയോടെ തിരിച്ചുവരുന്നതിന്‍െറ കോലാഹലങ്ങളാണ് ഇന്ന് കേള്‍ക്കുന്നത്. പശുവിനെ ആധാരമാക്കിയുള്ള ഒരു സമ്പദ് വ്യവസ്ഥയും ബ്രാഹ്മണ്യം സര്‍വാധിപത്യം പുലര്‍ത്തിയ രാഷ്ട്രീയക്രമവും  പുനരുജ്ജീവിപ്പിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങള്‍ ഇനിയും സ്ഫോടനാത്മക അന്തരീക്ഷം സൃഷ്ടിച്ചുകൂടായ്കയില്ല. അത്തരം ശ്രമങ്ങള്‍ക്ക് വകഭേദങ്ങളുണ്ടാവാം എന്നതിന്‍െറ തെളിവാണ് ഗുജറാത്തില്‍ സംവരണത്തിനെതിരെ ഹാര്‍ദിക് പട്ടേല്‍ തുടങ്ങിവെച്ച പട്ടേല്‍പ്രക്ഷോഭവും കേരളത്തില്‍ വെള്ളാപ്പള്ളി നടേശന്‍ മുഖേന ഉത്തരേന്ത്യന്‍ സംഘ്നേതൃത്വം നടപ്പാക്കാന്‍ ശ്രമിക്കുന്ന കീഴാളരാഷ്ട്രീയ അട്ടിമറിയും. മുഹമ്മദ് അഖ്ലാഖിന്‍െറ ബലിദാനത്തെ ഒറ്റപ്പെട്ട സംഭവമായി കാണുന്നത് ഹിന്ദുത്വയെന്ന മഹാപ്രഹേളികയെ രാഷ്ട്രീയത്തിന്‍െറ ഇടുങ്ങിയ കോണിലൂടെമാത്രം വീക്ഷിക്കുന്നതുകൊണ്ടാണ്.
ഗോസംരക്ഷണ കാര്യത്തില്‍ ഹിന്ദുത്വശക്തികള്‍ അനുവര്‍ത്തിക്കുന്ന കപട സമീപനങ്ങളെ ‘ന്യൂയോര്‍ക് ടൈംസ്’  ഈയിടെ കണക്കിനു കളിയാക്കുകയുണ്ടായി, ‘ഇന്ത്യയിലെ പശുഭ്രാന്ത്’ എന്ന അവലോകനകുറിപ്പിലൂടെ (മാര്‍ച്ച് 25, 2015 ). ബ്രസീല്‍ കഴിഞ്ഞാല്‍ ഏറ്റവുംകൂടുതല്‍ ബീഫ് കയറ്റുമതി ചെയ്യുന്ന ഇന്ത്യയില്‍ ഗോവധനിരോധം കര്‍ക്കശമാക്കാന്‍ ബി.ജെ.പി ഭരിക്കുന്ന മഹാരാഷ്ട്രയും ഹരിയാനയുമൊക്കെ പുതിയ നിയമം കൊണ്ടുവന്ന പശ്ചാത്തലത്തിലായിരുന്നു ആ അവലോകനം. 2014ലെ പൊതുതെരഞ്ഞെടുപ്പിന്‍െറ പ്രചാരണവേളയില്‍ ‘പീതവിപ്ളവത്തിന്‍െറ’ (ബീഫ് കയറ്റുമതി ) പേരില്‍ യു.പി.എ സര്‍ക്കാറിനെ നരേന്ദ്ര മോദി കണക്കിനു കശക്കുകയുണ്ടായി. എന്നാല്‍, മോദി അധികാരത്തിലേറി ഒരുവര്‍ഷംകൊണ്ട് ബീഫ് കയറ്റുമതിയില്‍ 17 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയതത്രെ. യു.പിയില്‍മാത്രം പുതിയ 80 അറവുശാലകള്‍ സ്ഥാപിക്കുകയുണ്ടായത്രെ. ‘മോദി കോ മത്ദാന്‍, ഗായി കോ ജീവന്‍ ദാന്‍ ’ (മോദിക്കു വോട്ട് ചെയ്യൂ; പശുവിനു ജീവന്‍ നല്‍കൂ) എന്നായിരുന്നു തെരഞ്ഞെടുപ്പ് വേളയില്‍ കേട്ട മുദ്രാവാക്യം. എന്നാല്‍, മോദി അധികാരത്തിലേറിയശേഷം ലക്ഷക്കണക്കിനു ഗോക്കള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത് വന്‍കിട ഇറച്ചികയറ്റുമതിക്കാരെ സഹായിക്കാനുള്ള ആവേശത്തിനിടയിലാണ്. എന്തുകൊണ്ട് ഇറച്ചികയറ്റുമതി നിരോധത്തിനു കേന്ദ്രസര്‍ക്കാര്‍ തയാറാവുന്നില്ളെന്ന ചോദ്യത്തിനു ഒരുത്തരമേയുള്ളൂ. ഈ രംഗത്തെ 90 ശതമാനം ബിസിനസുകാരും മോദിക്കും സംഘ്പരിവാറിനും വേണ്ടപ്പെട്ട ആളുകളാണ്. പ്രതിവര്‍ഷം രണ്ടുദശലക്ഷം മെട്രിക് ടണ്‍ ഇറച്ചി കയറ്റുമതിചെയ്യുമ്പോള്‍ (2012^13വര്‍ഷത്തില്‍ 1.89 ദശലക്ഷം ടണ്‍ ) 450 കോടി ഡോളറാണ് വന്‍കിട മുതലാളിമാരുടെ കീശയിലത്തെുന്നത്. ആധുനിക അറവുശാലകളും ബഹുരാഷ്ട്ര വിതരണ ശൃംഖലയുമുള്ള ഈരംഗത്തെ വന്‍കിടക്കാരുടെ മുഖംമൂടി എടുത്തുമാറ്റി പരിശോധിച്ചാല്‍ നിങ്ങള്‍ ഞെട്ടും. ഗള്‍ഫ് രാജ്യങ്ങളിലേക്കടക്കം ബീഫ് കയറ്റുമതിചെയ്യുന്ന അല്‍ കബീര്‍ എന്ന ബ്രാന്‍ഡിന്‍െറ അമരക്കാരന്‍ അതുല്‍ സുബ്ബര്‍വാലയാണ്. അറേബ്യന്‍ എക്സ്പോര്‍ട്ടിന്‍െറ ഉടമയുടെ പേര് ദീപക് തിജോറി. അജയ് സൂദിന്‍െറ കമ്പനിയുടെ പേരാണ് അല്‍ നൂര്‍ എക്സ്പോര്‍ട്ട്. ബീഫ്, തുകല്‍ , എല്ല് വ്യവസായങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള മറ്റു പേരുകള്‍ ശ്രദ്ധിക്കുക: മഹേഷ് ജഗ്ദാല ആന്‍ഡ് കമ്പനി, സുജാത ബോണ്‍സ് (എം.കെ. ദിയോറയാണ് ഉടമ ), ദോദ് ഇന്‍ഡസ്ട്രീസ്, ഫൈന്‍ എക്സ്പോര്‍ട്ട്സ്, ബൗണ്ടി ഫേഷന്‍ എക്സ്പോര്‍ട്ട്സ്, കലിയ ഇന്‍റര്‍നാഷനല്‍. ഇവയെല്ലാം ഭൂരിപക്ഷസമുദായ അംഗങ്ങളുടേതാണ്. അല്‍ കബീര്‍ ജപ്പാനിലത്തെുമ്പോള്‍ സമുറായി എന്നപേരിലും ബ്രിട്ടനില്‍ ‘ഫാല്‍ക്കണ്‍ ഫുഡ്സ്’ എന്ന ബ്രാന്‍ഡിലും ദുബൈയില്‍ ത്വയ്യിബാത്തുല്‍ ഇമാറത്ത് എന്ന പേരിലുമാണ് അറിയപ്പെടുന്നത്. തബര്‍റുക്, കാസ്കേഡ്, കോറല്‍ റീഫ് തുടങ്ങിയ ബ്രാന്‍ഡുകളും ഇവരുടേതാണ്. ഇറച്ചി ബിസിനസില്‍നിന്നുള്ള വലിയൊരുതുക രാജ്യത്ത് ഭീകരവാദം വളര്‍ത്താനുപയോഗിക്കുന്നതായി ആരോപിച്ചത് കേന്ദ്രമന്ത്രി മേനക ഗാന്ധിയാണ്.
മൃഗക്കടത്തിനു നേതൃത്വം നല്‍കുന്നതും നിരോധം മറികടന്ന് നിയമവിരുദ്ധ മാര്‍ഗത്തിലൂടെ ഗോസന്തതികളെ അറവുശാലകളിലത്തെിക്കുന്നതും വി.എച്ച്.പി അടക്കമുള്ള ഗോസംരക്ഷകരാണെന്ന രഹസ്യം അങ്ങാടിപ്പാട്ടാണ്. അതുകൊണ്ടുതന്നെയാണ് ഏറ്റവുംകൂടുതല്‍ ആധുനിക അറവുശാലകള്‍ ഹിന്ദുഭൂരിപക്ഷ പ്രദേശങ്ങളില്‍, വിശിഷ്യ ഹിന്ദുത്വ കേന്ദ്രങ്ങളില്‍ ഇടംപിടിച്ചിരിക്കുന്നത്. ആര്‍.എസ്.എസ് ആസ്ഥാനമായ നാഗ്പൂരിലെ അറവുശാലകളില്‍ പ്രതിദിനം 1500-2000 മാടുകളെ വകവരുത്തുന്നുണ്ട്. മഹാരാഷ്ട്രയിലെതന്നെ മുംബൈ, മാലേഗാവ്, ഒൗറംഗബാദ്, ജലഗാവ്, നന്ദുര്‍ബാര്‍, സോലാപൂര്‍ എന്നിവിടങ്ങളിലായി ദിവസവും 20,000ത്തിലേറെ മാടുകളുടെ കഥ കഴിക്കുന്നുണ്ട്. ഏഷ്യയിലെ ഏറ്റവുംവലിയ അറവുശാലയുള്ളത് മുംബൈയിലെ ദിയോനാറിലാണ്. ഹിന്ദുത്വയുടെ പരീക്ഷണശാലയും ‘മാതൃകാ സംസ്ഥാന’വുമായ ഗുജറാത്ത് അറവുശാലയുടെ കാര്യത്തില്‍ ആദ്യത്തെ 10 സംസ്ഥാനങ്ങളോടൊപ്പമാണ്. നരേന്ദ്ര മോദി സംസ്ഥാനം ഭരിച്ചിരുന്ന 10 കൊല്ലത്തിനിടയില്‍ ഇറച്ചിയുല്‍പാദനം ഇരട്ടിയായതായി ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്സ് ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ കണക്ക് വെളിപ്പെടുത്തുന്നു. 2001-02 വര്‍ഷത്തില്‍ 10,600 ടണ്‍ ഇറച്ചി കയറ്റുമതിചെയ്ത സ്ഥാനത്ത്, 2010-11 കാലത്ത് 20,101 ടണ്ണായി ഉയര്‍ന്നത് മോദിയുടെ കൃപാശിസ്സുകളോടെയാണ്. ആ കാലയളവില്‍ ദേശീയോല്‍പാദനം 18,59,430 ടണ്ണില്‍നിന്നും 48,69,000 ടണ്ണായി ഉയര്‍ന്നു. 163 ശതമാനം വര്‍ധന.  കുതിപ്പ് തുടരുകയാണിന്ന്.
 പശുവിനോടുള്ള സ്നേഹമോ ഭക്തിയോ ഒന്നുമല്ല, മുസ്ലിംകളാദി ന്യൂനപക്ഷങ്ങളോടുള്ള വിദ്വേഷം ഊതിക്കത്തിച്ച് ഹൈന്ദവസ്വത്വവിചാരം വിജ്രംഭിപ്പിക്കുകയെന്ന അജണ്ടയാണ് ഗോരാഷ്ട്രീയത്തിന്‍െറ ആത്യന്തികലക്ഷ്യം. അമേരിക്കയിലെ വലിയൊരു ഹിന്ദുസമൂഹത്തെ അഭിസംബോധന ചെയ്യവേ സ്വാമി വിവേകാനന്ദന്‍ പറഞ്ഞു: കേട്ടാല്‍ നിങ്ങള്‍ അദ്ഭുതപ്പെടും പഴയ ആചാരപ്രകാരം ഗോമാംസം കഴിക്കാത്തവന്‍ നല്ല ഹിന്ദുവല്ല. വിശേഷദിനങ്ങളില്‍ ഒരു കാളയെ അറുത്ത് അതിന്‍െറ ഇറച്ചി തിന്നണമെന്നാണ് ശാസന’. ഹിന്ദുത്വ ആചാര്യന്‍ വി.ഡി. സവര്‍ക്കര്‍ ഗോഹത്യ പാപമായി ഗണിച്ചിരുന്നില്ളെന്നു മാത്രമല്ല, ഉപയോഗശൂന്യമായ ഗോക്കളെ അറുത്തുകഴിക്കലാണ് അഭികാമ്യമെന്നാണ് പഠിപ്പിച്ചത്. പിന്നെ, എന്നുമുതല്‍ക്കാണ് ഇമ്മട്ടില്‍ ‘പശുഭ്രാന്ത്’ മൂര്‍ച്ഛിച്ചതെന്ന് അന്വേഷിച്ചാല്‍, രാമക്ഷേത്ര വിഷയത്തിന്‍െറ വശീകരണശേഷി നഷ്ടപ്പെട്ട ചുറ്റുപാടില്‍ വര്‍ഗീയ ചേരിതിരിവിനുള്ള ഫലപ്രദമായ ഉപാധിയായി ലവ് ജിഹാദിനോടൊപ്പം ഗോഹത്യയും ഉയര്‍ത്തിപ്പിടിച്ചപ്പോഴാണെന്ന് കാണാം.

Show Full Article
TAGS:
Next Story