ശ്രീനാരായണ ഗുരുവിന്‍െറ ദര്‍ശനങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്യുകയും സംഘികളുമായി കൂട്ടുകൂടാന്‍ വെമ്പല്‍കൊള്ളുകയും ചെയ്യുന്ന വെള്ളാപ്പള്ളി നടേശനും മകനും തെറ്റിധാരണാജനകമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയും, എന്നെ കണക്കിന് ചീത്ത പറയുകയും ചെയ്യുക തൊഴിലാക്കിയിരിക്കുകയാണല്ളോ. ഞാന്‍ ഉന്നയിച്ച ഗുരുതരമായ കാര്യങ്ങള്‍ക്കൊന്നിനും യുക്തിസഹമായോ, ജനങ്ങള്‍ക്ക് ബോധ്യംവരുന്ന രീതിയിലോ മറുപടി പറയാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല.
ഞാന്‍ നടേശനോട് കുറെ ദിവസങ്ങളായി ചോദിച്ചുകൊണ്ടിരിക്കുന്നത് എസ്.എന്‍. ട്രസ്റ്റിന്‍െറയും എസ്.എന്‍.ഡി.പിയുടെയും കീഴിലുള്ള കോളജുകളിലും സ്കൂളുകളിലും നടത്തിയ നിയമനങ്ങള്‍ക്കും പ്രവേശത്തിനും വാങ്ങിയ കോഴപ്പണത്തെക്കുറിച്ചാണ്. ഒന്ന്, കോടികളുടെ കോഴപ്പണം വാങ്ങി ജനങ്ങളെ കൊള്ളയടിച്ചു എന്ന കുറ്റം. രണ്ട്, അങ്ങനെ വാങ്ങിയ പണം കണക്കില്‍ കൊള്ളിക്കാതെ കള്ളപ്പണമാക്കി കടത്തി; ഇതിലൂടെ സര്‍ക്കാറിനെയും വഞ്ചിച്ചു. ഇതേപ്പറ്റി മറുപടി പറയണമെന്നാണ് ഞാന്‍ ആവശ്യപ്പെട്ടത്. കോഴപ്പണം എത്ര കോടിയുണ്ട് എന്നതു സംബന്ധിച്ച് ഒരു പക്ഷേ, തര്‍ക്കമുണ്ടാകാം. ഞാന്‍ പറഞ്ഞ കണക്ക് തെറ്റിയിട്ടുണ്ടെങ്കില്‍ കൃത്യമായ കണക്ക് നടേശന്‍ പറഞ്ഞാല്‍ മതി. അത് നിക്ഷേപിച്ചിരിക്കുന്നത് സ്വിസ് ബാങ്കിലല്ളെങ്കില്‍ മറ്റെവിടെയാണെന്ന കാര്യവും അദ്ദേഹം തന്നെ വെളിപ്പെടുത്തട്ടെ.
നാട്ടുകാരോട് എസ്.എന്‍. ട്രസ്റ്റിന്‍െറയും എസ്.എന്‍.ഡി.പി യോഗത്തിന്‍െറയും കണക്ക് ബോധിപ്പിക്കേണ്ട കാര്യമില്ല എന്നാണ് നടേശന്‍ പറയുന്നത്. ഞാന്‍ ചോദിച്ചത് എസ്.എന്‍. ട്രസ്റ്റിന്‍െറയും എസ്.എന്‍.ഡി.പി യോഗത്തിന്‍െറയും കണക്കിനെപ്പറ്റിയല്ല. ഈ രണ്ട് സ്ഥാപനങ്ങളുടെയും കീഴിലുള്ള സ്കൂളുകളിലും കോളജുകളിലും നടത്തുന്ന നിയമനങ്ങള്‍ക്കും വിദ്യാര്‍ഥി പ്രവേശത്തിനും വാങ്ങുന്ന കോഴയെപ്പറ്റിയാണ്. ആ പണം കണക്കില്‍ വകയിരുത്തിയിട്ടുണ്ടോ? അതിന് നിയമവിധേയമായ നികുതി നല്‍കിയിട്ടുണ്ടോ? നികുതി നല്‍കിയിട്ടില്ളെങ്കില്‍ അത് കള്ളപ്പണമായി കണക്കാക്കേണ്ടിവരും. കള്ളപ്പണം കൈയില്‍ സൂക്ഷിച്ചാലും, വിദേശത്തേക്ക് കടത്തിയാലും അത് കുറ്റകരവുമാണ്.
1996 മുതല്‍ 2013 വരെ എസ്.എന്‍. ട്രസ്റ്റിന്‍െറ കീഴിലുള്ള കോളജുകളില്‍ ജോലി നല്‍കിയ വകയില്‍ വാങ്ങിയ കോഴയുടെ കണക്ക് ഇവിടെ രേഖപ്പെടുത്താം. ഈ കാലയളവില്‍ കേരള സര്‍വകലാശാലയില്‍ 645 ഉം കാലിക്കറ്റ് സര്‍വകലാശാലയില്‍ 167 ഉം കണ്ണൂര്‍ സര്‍വകലാശാലയില്‍ 92 ഉം അധ്യാപക നിയമനം നടത്തിയിട്ടുണ്ട്. മൊത്തം 904. ഒരാളില്‍നിന്ന് ശരാശരി 20 ലക്ഷം രൂപ വീതം വാങ്ങിയാല്‍ത്തന്നെ 180 കോടിയിലേറെ രൂപ വരും കോഴപ്പണം. മറ്റു സ്ഥാപനങ്ങളിലും സ്കൂളുകളിലും നിയമനത്തിനും പ്രവേശത്തിനും വാങ്ങിയിട്ടുള്ള കോഴ ഇതിനു പുറമേയാണ്. അതുകൂടി കൂട്ടിയാല്‍ കോഴയുടെ കണക്ക് നൂറുകണക്കിനു കോടികളാകും. എന്നാല്‍, ട്രസ്റ്റിന്‍െറ വരവുചെലവ് കണക്കില്‍ ഓരോ വര്‍ഷവും നിയമനങ്ങള്‍ക്കും പ്രവേശങ്ങള്‍ക്കും സംഭാവനയായി ലഭിച്ചിരിക്കുന്നത് അഞ്ചും ആറും ലക്ഷം മാത്രമാണെന്നാണ്.
എസ്.എന്‍ സ്ഥാപനങ്ങളില്‍നിന്ന് 2014 ല്‍ ലെക്ചറര്‍മാരുടെ നൂറ് ഒഴിവുകളാണ് റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളത്. ഇപ്പോഴത്തെ നിലവാരം ഒരു പോസ്റ്റിന് 40 ലക്ഷമാണ്. അങ്ങനെയെങ്കില്‍ ഈയിനത്തില്‍ വരുന്നത് 80 കോടിയായിരിക്കും. ഇതിന്‍െറ നല്ളൊരു പങ്ക് ഇപ്പോള്‍ത്തന്നെ അഡ്വാന്‍സായി വാങ്ങിയിട്ടുമുണ്ട്. ഇക്കാര്യങ്ങളെല്ലാം അറിയാന്‍ കേരളത്തിലെ ഏതൊരു പൗരനും അവകാശമുണ്ട്. കാരണം, കോഴ വാങ്ങി നിയമനം നടത്തിക്കഴിഞ്ഞാല്‍, അവര്‍ക്കെല്ലാം ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കുന്നത് സര്‍ക്കാരാണ്. പൊതുജനങ്ങളുടെ പണമാണത്. സ്വകാര്യസ്കൂളുകളിലും കോളജുകളിലും അധ്യാപകര്‍ക്കും മറ്റും സര്‍ക്കാര്‍ നേരിട്ട് ശമ്പളം നല്‍കുന്ന സംവിധാനമുണ്ടായത് 1957ലും ’67 ലും ഇ.എം.എസിന്‍െറ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് സര്‍ക്കാറിന്‍െറ കാലത്തായിരുന്നുവെന്നത് നടേശനും മറ്റും ഓര്‍ക്കുന്നത് നല്ലതാണ്. അങ്ങനെ വിദ്യകൊണ്ട് പ്രബുദ്ധരാവുക എന്ന ശ്രീനാരായണ ഗുരുവിന്‍െറ സന്ദേശം സാര്‍ഥകമാക്കിയത് കമ്യൂണിസ്റ്റ് ഗവണ്‍മെന്‍റായിരുന്നു. ഇതുകൊണ്ടാണ് കോഴക്കണക്ക് ജനങ്ങളോട് തുറന്നുപറയണമെന്ന് ആവശ്യപ്പെട്ടത്.
എസ്.എന്‍. ട്രസ്റ്റിന്‍െറയും എസ്.എന്‍.ഡി.പി യോഗത്തിന്‍െറയും കണക്കുകള്‍ ഈ സംഘടനകളുടെ സമ്മേളനങ്ങളില്‍ അവതരിപ്പിക്കുന്നതിനെപ്പറ്റി നടേശന്‍ വാചാലനാകുന്നുണ്ടല്ളോ. എങ്ങനെയാണ് അവിടെ കണക്ക് അവതരിപ്പിക്കുന്നതെന്ന് ഞാന്‍ പറയണോ? അധ്യക്ഷ വേദിയിലിരിക്കുന്നയാള്‍ കണക്ക് അവതരിപ്പിക്കാന്‍ നടേശനെ വിളിക്കും. നടേശന്‍ കണക്കുകള്‍ വായിച്ചുതുടങ്ങുമ്പോള്‍ത്തന്നെ ബോര്‍ഡംഗങ്ങള്‍ സദസ്സില്‍നിന്ന് വിളിച്ചു പറയും: ‘ജനറല്‍ സെക്രട്ടറി എല്ലാം വായിക്കേണ്ട കാര്യമില്ല. ഞങ്ങള്‍ പാസാക്കിയിരിക്കുന്നു.’ ഉടന്‍ വരും വമ്പിച്ച കരഘോഷം. അതോടെ കണക്കവതരണം പൂര്‍ത്തിയായി.
ആരൊക്കെയാണ് കണക്ക് വായിച്ചു തുടങ്ങുമ്പോള്‍ത്തന്നെ കൈയടിച്ചു പാസാക്കുന്നത്? ഭൂരിപക്ഷംപേരും നടേശന്‍െറ കുടുംബക്ഷേമ യോഗക്കാര്‍ തന്നെ. യോഗത്തിന്‍െറയും എസ്.എന്‍. ട്രസ്റ്റിന്‍െറയും ജനറല്‍ സെക്രട്ടറി നടേശന്‍. എസ്.എന്‍ ട്രസ്റ്റ് മെഡിക്കല്‍ മിഷന്‍ ചെയര്‍മാനും നടേശന്‍ തന്നെ. യോഗം വൈസ് പ്രസിഡന്‍റ് നടേശന്‍െറ മകന്‍ തുഷാര്‍. എസ്.എന്‍ യൂത്ത് മൂവ്മെന്‍റ് ചെയര്‍മാനും തുഷാര്‍ തന്നെ. എസ്.എന്‍.ഡി.പി യോഗത്തിന് യു.ഡി.എഫ് സര്‍ക്കാര്‍ നല്‍കിയ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മെംബര്‍ സ്ഥാനവും മകന്‍ തുഷാറിനാണ്. യോഗം പ്രസിഡന്‍റ് നടേശന്‍െറ ബന്ധു ഡോ. സോമന്‍. എസ്.എന്‍. ട്രസ്റ്റ് ബോര്‍ഡ് മെംബര്‍ നടേശന്‍െറ ഭാര്യ പ്രീതി നടേശന്‍. എസ്.എന്‍. ട്രസ്റ്റ് ഡയറക്ടര്‍മാരുടെ കൂട്ടത്തിലുള്ളത് ആശാ തുഷാര്‍ (നടേശന്‍െറ മരുമകള്‍), വന്ദന ശ്രീകുമാര്‍ (നടേശന്‍െറ മകള്‍) എന്നിവരാണ്.
എസ്.എന്‍. ട്രസ്റ്റ് ട്രഷറര്‍ ഡോ. ജയദേവന്‍ നടേശന്‍െറ അളിയനാണ്. ഇതേ ജയദേവന്‍ തന്നെയാണ് എസ്.എന്‍ മെഡിക്കല്‍ മിഷന്‍ സെക്രട്ടറിയും. നടേശന്‍െറ മകള്‍ വന്ദന ശ്രീകുമാര്‍ എസ്.എന്‍.ഡി.പി യോഗം ഡയറക്ടര്‍ ബോര്‍ഡ് മെംബറായുമുണ്ട്. നടേശന്‍െറ മകന്‍ തുഷാര്‍, അനന്തരവന്‍ ആര്‍.കെ. ദാസ്, മകന്‍െറ ഭാര്യാപിതാവ് അശോകപ്പണിക്കര്‍, അളിയന്‍ നടരാജന്‍ എന്നിവര്‍ എസ്.എന്‍ ട്രസ്റ്റ് എക്സിക്യൂട്ടിവ് അംഗങ്ങളായുമുണ്ട്. എങ്ങനെയുണ്ട് എസ്.എന്‍. ട്രസ്റ്റിന്‍െറയും യോഗത്തിന്‍െറയും ഭരണസമിതിയുടെ ഘടന? ഇതുകൊണ്ടാണ് ഇത് നടേശ പരിപാലന യോഗമാണെന്നും, നടേശ കുടുംബക്ഷേമയോഗമാണെന്നുമൊക്കെ ഞാന്‍ പറയുന്നത്. ഇങ്ങനെ കുടുംബക്കാര്‍ പാസാക്കുന്ന കണക്കാണ് മുകളില്‍ പറഞ്ഞത്.
ഡിസംബറില്‍ നടേശനും കൂട്ടരും രാഷ്ട്രീയപാര്‍ട്ടി രൂപവത്കരിക്കുമെന്നു പറയുന്നുണ്ട്. ആ പാര്‍ട്ടി ഉണ്ടായാല്‍ അതിന്‍െറ ഘടനയും ഏതാണ്ട് ഇതുപോലിരിക്കും. പ്രസിഡന്‍റ് അല്ളെങ്കില്‍ സെക്രട്ടറി നടേശനല്ലാതെ മറ്റാരുമാവില്ല. വൈസ് പ്രസിഡന്‍റ് സ്ഥാനം മകന്‍ തുഷാറിനായിരിക്കും. ട്രഷററായി സ്വന്തം അളിയന്‍ തന്നെ വരും. എക്സിക്യൂട്ടിവ് കമ്മിറ്റിയിലേക്ക് മകളും മകന്‍െറ ഭാര്യാപിതാവും അനന്തരവനുമൊക്കെ ഉണ്ടാകും. പാര്‍ട്ടിയുടെ വനിതാ സംഘം പ്രസിഡന്‍റായി നടേശന്‍െറ ഭാര്യ പ്രീതിയെയും പരിഗണിക്കും. അപ്പോഴും ‘കോരനു കുമ്പിളില്‍ കഞ്ഞി’ എന്നു പറയുന്നതുപോലെയാകും സാധാരണ എസ്.എന്‍.ഡി.പി പ്രവര്‍ത്തകരുടെ ഗതി.
ഞാന്‍ തെരുവില്‍ കിടക്കുന്നയാളാണെന്നുപറഞ്ഞാണ് നടേശന്‍ ആശ്വസിക്കുന്നത്. അങ്ങനെയെങ്കിലും നടേശന്‍ ആശ്വാസം കണ്ടത്തെുന്നത് നല്ലതാണ്. അദ്ദേഹം മണിമാളികയില്‍ വാഴുന്നയാളാണെന്ന് എല്ലാവര്‍ക്കും അറിയാം. നാരായണ ഗുരു തെരുവുകളും കാടും മലയുമൊക്കെ താണ്ടി നടന്നാണ് മഹത്തായ ദര്‍ശനങ്ങള്‍ പ്രചരിപ്പിച്ചതെന്നു നടേശന്‍ മറക്കരുത്. തെരുവുകളുമായി ബന്ധപ്പെട്ടവരെ നിന്ദിക്കുമ്പോള്‍ അവിടെയും ഗുരുനിന്ദയുണ്ടെന്ന് വിസ്മരിച്ചുകൂടാ. പിന്നെ, ഞങ്ങളൊക്കെ തെരുവിലും പാടത്തും പറമ്പിലുമൊക്കെ കിടക്കുകയും പ്രകടനങ്ങള്‍ നടത്തുകയും പോരാടുകയും പൊലീസിന്‍െറയും പട്ടാളത്തിന്‍െറയുമൊക്കെ അടിയും ഇടിയും ഏറ്റുവാങ്ങുകയും ചെയ്തതിന്‍െറയെല്ലാം ഫലമായാണ് നടേശനും മറ്റും നെഞ്ചുവിരിച്ച് നില്‍ക്കാനും വായില്‍ തോന്നുന്നതു പോലെ ഓരോന്നു പറയാനും കഴിയുന്നത് എന്ന കാര്യവും മറക്കരുത്.