ഹര്‍ത്താല്‍ നിയന്ത്രണ ബില്ലും മലയാളിയും
text_fieldsആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മുന്നോട്ടുവെച്ച ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ എന്ന ആശയം വര്‍ത്തമാന കേരളപശ്ചാത്തലത്തില്‍ ആഴത്തില്‍ ചര്‍ച്ച നടക്കേണ്ടതും പൊതുജനാഭിപ്രായം സ്വരൂപിച്ച് കുറ്റമറ്റതാക്കേണ്ടതും വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെ ക്രിയാത്മകമായ കൂടിയാലോചനകള്‍ക്കുശേഷം ദ്രുതഗതിയില്‍ തീരുമാനമെടുക്കേണ്ടതുമാണ്. ഗോഡ്സ് ഓണ്‍ കണ്ട്രി, ഹര്ത്താല്സ് ഓണ്‍ പീപ്പ്ള് (ദൈവത്തിന്‍െറ സ്വന്തം നാട്, ഹര്‍ത്താലിന്‍െറ സ്വന്തം ജനങ്ങള്‍) എന്ന തലക്കെട്ടില്‍ 2013 ഡിസംബറില്‍ ദ ഹിന്ദു ദിനപത്രത്തില്‍ സി.വി. സുകുമാരന്‍ എഴുതിയ ലേഖനം മലയാളിയുടെ ഹര്ത്താല്പ്രിയത്തെ പച്ചയായി വരച്ചുകാട്ടിയത് ഏറെ ചര്‍ച്ചയായിരുന്നു.
ഒരു പ്രത്യേക ആവശ്യം നേടിയെടുക്കുന്നതിനായി കടകളും വെയര്‍ഹൗസുകളും അടച്ചിടുന്നതിനെയാണ് ‘ഹര്‍ത്താല്‍’ എന്ന ഗുജറാത്തിപദം അര്‍ഥമാക്കുന്നത്. മഹാത്മാഗാന്ധിയാണ് ഇങ്ങനെ ഒരു സമരരീതി ലോകത്തിന് പരിചയപ്പെടുത്തുന്നത്. 1906ല്‍ അദ്ദേഹം ദക്ഷിണാഫ്രിക്കയില്‍ അഭിഭാഷകനായി ജോലിചെയ്യുന്ന സമയത്താണ് ലോകത്തിലെതന്നെ ആദ്യ ഹര്‍ത്താലിന് കളമൊരുങ്ങുന്നത്. പിന്നീട് ഇന്ത്യയിലേക്ക് ഗാന്ധിജി മടങ്ങിവന്നപ്പോള്‍ ഹര്‍ത്താലിനെയും കൂടെ കൂട്ടി. അത് പശ്ചിമേഷ്യന്‍ രാജ്യങ്ങളിലേക്ക് പടര്‍ന്നു. ലോകത്ത് ഹര്‍ത്താല്‍ ഉണ്ടാവുന്ന രാജ്യങ്ങള്‍ ഇന്ത്യക്ക് പുറമേ പാകിസ്താനും ബംഗ്ളാദേശും ശ്രീലങ്കയും മലേഷ്യയും മാത്രമാണെന്നത് ഏറെ ശ്രദ്ധേയമാണ്.
ഗാന്ധിജി ഹര്‍ത്താലിന് ആഹ്വാനംചെയ്തപ്പോള്‍ കൂടെ സത്യഗ്രഹവും അഹിംസയുമുണ്ടായിരുന്നു. ഇന്നത്തെ ഹര്‍ത്താലുകള്‍ രാഷ്ട്രീയ അത്യാഗ്രഹികളുടെ ഹിംസതാണ്ഡവങ്ങളുടെ കൂത്തരങ്ങാവുന്ന ഭീതിപ്പെടുത്തുന്ന കാഴ്ചകളാണ്. വര്‍ഷാവര്‍ഷം ഹര്ത്താല്ദിനങ്ങളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധനവും നാശനഷ്ടങ്ങളുടെ കണക്കുകളിലുണ്ടാവുന്ന ക്രമാതീതമായ വര്‍ധനവും ഭരണകൂടത്തെ ആശങ്കപ്പെടുത്തേണ്ടതല്ളേ. പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യത്തെക്കാള്‍ വിലകൊടുക്കേണ്ടത് സഞ്ചാരസ്വാതന്ത്ര്യം ആണെന്നതില്‍ ആര്‍ക്കാണ് സംശയം. വിദ്യാഭ്യാസ ബന്ദുകള്‍ക്കും പഠിപ്പുമുടക്കിയുള്ള സമരങ്ങള്‍ക്കും പകരം വിദ്യാര്‍ഥി രാഷ്ട്രീയ നേതാക്കള്‍ പുതിയ സമരരീതികള്‍ കണ്ടത്തേണ്ട സമയവും അതിക്രമിച്ചിരിക്കുന്നു. എല്ലാം നഷ്ടപ്പെടുത്തി ചെറുതൊന്നു നേടിയെടുക്കാതെ ഒന്നും നഷ്ടപ്പെടാതെ ആവശ്യങ്ങള്‍ നേടിയെടുക്കാനുള്ള ക്രിയാത്മക പ്രതിഷേധങ്ങള്‍ക്കാണ് കാലം കാതോര്‍ക്കുന്നത്.
സമരങ്ങളും പ്രതിഷേധങ്ങളും ജനാധിപത്യരാജ്യത്ത് എത്രമാത്രം പ്രസക്തമാണോ അതുപോലെതന്നെ പ്രസക്തമാണ് മനുഷ്യന്‍െറ സ്വാതന്ത്ര്യവും. ഹര്‍ത്താലുകള്‍ രാജ്യത്തിന്‍െറ സമ്പദ്ഘടനക്കുണ്ടാക്കുന്ന ഭീമമായ നഷ്ടം എങ്ങനെയാണ് നികത്താന്‍ കഴിയുക. ഏറ്റവും അവസാനമായി നടന്ന ഹര്ത്താല്കൊണ്ട് നമ്മുടെ രാജ്യത്തിന്‍െറ സമ്പദ്വ്യവസ്ഥക്ക് നഷ്ടം വന്നത് 25,000 കോടി രൂപയാണത്രെ. പുതിയ ഹര്‍ത്താല്‍ നിയന്ത്രണ ആക്ട് പ്രകാരം മാധ്യമങ്ങള്‍ മുഖേനയുള്ള മൂന്നു ദിവസത്തെ അറിയിപ്പുകൂടാതെ ഹര്‍ത്താല്‍ പ്രഖ്യാപിക്കാനോ ഹര്‍ത്താലിന് പ്രേരിപ്പിക്കാനോ പാടുള്ളതല്ല എന്നിരിക്കെ മിന്നല്പണിമുടക്കുകള്ക്ക് അറുതിയാകും.
അത്യാസന്നനിലയില്‍ കിടക്കുന്ന രോഗിക്ക് ചികിത്സ നിഷേധിച്ച് ഡോക്ടര്‍മാര്‍ പ്രതിഷേധിക്കുന്ന പ്രബുദ്ധമായ നാട്ടില്‍ സമരാഭാസങ്ങള്‍ക്ക് ക്രിയാത്മകമായി നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള തീരുമാനം ശ്ളാഘനീയമാണ്. ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ നിലവില്‍വരുന്നതോടെ കേരളത്തിലെ നിലവിലെ രീതിക്ക് തെല്ളൊരാശ്വാസം വരുമെന്നതില്‍ രണ്ടഭിപ്രായമില്ല. എങ്കിലും, കേരളത്തിന്‍െറ നെഗറ്റിവ് രാഷ്ട്രീയത്തിന്‍െറ ചന്തയില്‍ ഹര്‍ത്താല്‍ നിയന്ത്രണ ആക്ട് എങ്ങനെ നടപ്പാവും എന്നത് കണ്ടറിയേണ്ടിയിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
