Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഹിമാലയം...

ഹിമാലയം വിറങ്ങലിക്കുമ്പോള്‍

text_fields
bookmark_border
ഹിമാലയം വിറങ്ങലിക്കുമ്പോള്‍
cancel

നേപ്പാള്‍ ഹിമാലയസാനുക്കള്‍ക്കിടയില്‍ അകപ്പെട്ടുപോയ ഒരു ചെറുരാഷ്ട്രമാണ്. ഭൂമിയില്‍ പകുതി എത്തിച്ചേരാനൊക്കാത്ത മലകളാണ്. ലോകത്തിലെ ഏറ്റവും പൊക്കമേറിയ 14 കൊടുമുടികളും ഇവിടെയാണത്രെ! ബാക്കിയുള്ള നിരന്ന ഭൂമിയാകെ നെല്ലും ചോളവും മറ്റും കൃഷിചെയ്താണ് ഗ്രാമീണജനത ജീവിക്കുന്നത്. കഠിനജീവിതം. കാഠ്മണ്ഡു തുടങ്ങി രണ്ടുമൂന്ന് നഗരങ്ങള്‍ മാത്രമാണ് വ്യത്യസ്ത കാഴ്ചകള്‍ സമ്മാനിക്കുന്നത്. രാജ്യത്തിന്‍െറ മുഖ്യസമ്പത്ത് ആ കുറിയ മനുഷ്യരുടെ അധ്വാനശേഷിയാണ്. ലോകമെമ്പാടും ചിതറി അവര്‍ രക്തവും വിയര്‍പ്പും വിറ്റ് കാശുണ്ടാക്കി മാതൃരാജ്യത്തേക്ക് കൈമാറുന്നു. രണ്ടാമത് സജീവമായ വിനോദസഞ്ചാര മേഖലയും. പൈതൃകത്തെയും ഹിമാലയന്‍മലകളെയും ഒരേപോലെ വിപണിയിലത്തെിക്കുന്നു. അത് അവരുടെ കാര്യം.

നമ്മുടെ വീടുകള്‍ക്ക് അവര്‍ കാവല്‍നിന്നുതുടങ്ങിയിട്ട് ആറേഴ് ദശാബ്ദങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ഓര്‍മയില്ളേ, ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റിലെ ഗൂര്‍ഖയെ? മോഹന്‍ലാല്‍ അനശ്വരമാക്കിയ ആ കഥാപാത്രം. തൊഴില്‍ തേടിവന്ന്, കമ്പിളിവസ്ത്രങ്ങള്‍ തെരുവീഥികളില്‍ വിറ്റുനടന്ന ഇവരില്‍ പലരും തിരിച്ചുപോയതേയില്ല. ഇവിടെ സംബന്ധംകൂടി സ്ഥിരവാസമുറപ്പിച്ചു. ഇത് നമ്മുടെ വര്‍ത്തമാനകാലം. യോദ്ധയിലെ പൊന്നോമനക്കുഞ്ഞിനെ എത്ര ഹൃദയപൂര്‍വമായാണ് മലയാളികള്‍ സ്വീകരിച്ചത്! ഈ സല്‍ക്കഥക്ക് ആകെ അപവാദം മയക്കുമരുന്ന് കച്ചവടത്തിനും സെക്സിനും വേണ്ടി ഉപയോഗിക്കപ്പെടുന്ന നേപ്പാളി യുവത്വം മാത്രമാണ്. കൊളംബിയ എന്ന ലാറ്റിനമേരിക്കന്‍ രാജ്യം കഴിഞ്ഞാല്‍  ഏറ്റവും വ്യാപകമായി ലഹരിവസ്തുക്കളുടെ കച്ചവടപാതകള്‍ ആരംഭിക്കുന്നത് ഇവിടെനിന്നാണ്. ഇന്ത്യന്‍നഗരങ്ങളില്‍ നിശാനൃത്തശാലകളിലെ താരങ്ങളും ഇവര്‍തന്നെ!

ഈ ചൂഷണലോകത്ത് വില്ലന്‍സ്ഥാനത്തുനില്‍ക്കുന്നത് നമ്മളാണ്, ഭാരതീയര്‍. എന്നിട്ട് ലോക യുദ്ധകാലം മുതല്‍ക്കേ ശൗര്യത്തിന്‍െറ പേരില്‍ റജിമെന്‍റുകള്‍ ഉണ്ടാക്കി മുന്‍നിരയില്‍ നിര്‍ത്തി അവരെ കുരുതിക്ക് കൊടുക്കുകയും ചെയ്തു. എന്നിട്ടും ഇന്ത്യയെ അവര്‍ വെറുത്തില്ല. എല്ലാ കച്ചവടക്കരാറുകളും വാണിജ്യവിഭവങ്ങളും കൈയടക്കിവാണു. പെട്ടെന്നാണ് ഓര്‍ക്കാപ്പുറത്ത് അവിടെ ഭൂമി വല്ലാതെ കുലുങ്ങിയത്! നാശനഷ്ടങ്ങളുടെ കൂമ്പാരമായി  ഈ കൊച്ചുനേപ്പാള്‍. പതിനായിരത്തിലേറെ മരണങ്ങള്‍, ലക്ഷക്കണക്കിന് വീടുകള്‍ നിലംപൊത്തി, വാര്‍ത്താവിനിമയ ബന്ധങ്ങളില്ലാതായി, റോഡുകള്‍ തകര്‍ന്നു. അപ്പോഴാണ് അദ്ഭുതാവഹമായ ഒരുകാര്യം ലോകം ദര്‍ശിച്ചത്! സഹായധനം ക്രമമില്ലാതെ അങ്ങോട്ടേക്ക് ഒഴുകിയപ്പോള്‍ നിയന്ത്രണങ്ങള്‍ പാലിച്ച് അവര്‍ മാതൃക കാട്ടി. ഇന്ത്യക്കാരുടെ മുഖത്തിനുനേരെ വാതിലുകള്‍ കൊട്ടിയടക്കപ്പെട്ടു. പകരം, ചൈനക്കാരെ അവര്‍ സ്വീകരിച്ചുതുടങ്ങി.

ഇത്തവണ ഞാന്‍ അവിടെ പറന്നിറങ്ങിയപ്പോള്‍ സ്ഥിതിയാകെ മാറിയിരിക്കുന്നു. വിറങ്ങലിക്കുന്ന ഒരുജനത ഇപ്പോള്‍ വളരെ സജീവമായിരിക്കുന്നു. കാഠ്മണ്ഡുവിലെ തെരുവീഥികളിലാകെ കെട്ടിടാവശിഷ്ടങ്ങളുടെ മഹാകൂനകള്‍ അവശേഷിക്കുമ്പോള്‍തന്നെ പുനര്‍നിര്‍മാണത്തിന്‍െറ വേഗത വര്‍ധിച്ചിരിക്കുന്നു. ചിരിക്കുന്ന മുഖങ്ങള്‍ വീണ്ടും തെരുവീഥികളില്‍ നിറയുന്നു. ജീവിതം അവര്‍ തിരിച്ചുപിടിച്ചുതുടങ്ങിയിരിക്കുന്നു. എന്നിട്ടും ഇന്ത്യക്കാരന്‍ എന്നനിലയില്‍ പൊതുസ്ഥലത്ത് നില്‍ക്കാനാവാത്ത അവസ്ഥ സംജാതമായിരിക്കുന്നു. ഇന്ത്യക്കെതിരായ ജനരോഷം നഗരത്തില്‍ എമ്പാടും പരക്കുകയാണ്, മാധ്യമങ്ങള്‍ നമ്മെ പിച്ചിച്ചീന്തിയെറിയുന്നു.

ഭാരതത്തിന്‍െറ സര്‍ക്കാര്‍ ആ പാവം രാഷ്ട്രത്തിന്‍െറ കഴുത്ത് ഞെരിക്കുകയാണ്. അതിര്‍ത്തികളിലാകെ അപ്രഖ്യാപിത ഉപരോധം. ഇന്ത്യയില്‍നിന്ന് ഒന്നും അങ്ങോട്ടേക്കത്തെുന്നില്ല. പെട്രോള്‍, ഡീസല്‍, അവശ്യസാധനങ്ങള്‍ ഇവയൊന്നും. ജനങ്ങള്‍ നെട്ടോട്ടമോടുന്ന കാഴ്ച സഹിക്കാനാവില്ല. പെട്രോള്‍പമ്പുകളുടെ മുന്നില്‍ കിലോമീറ്ററുകള്‍ നീളുന്ന വണ്ടികളുടെ നിരയാണ്. അവശ്യസാധനങ്ങള്‍ക്ക് ക്ഷാമം. ജനജീവിതം സ്തംഭിച്ചിരിക്കുന്നു. ഞാനറിയുന്നത്, ഈ ഉപരോധം തുടരുകയാണെങ്കില്‍ രണ്ടാഴ്ചക്കുള്ളില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ അനിശ്ചിതമായി അടക്കുമെന്നാണ്. ആശുപത്രികളില്‍നിന്ന് രോഗികളെ ഒഴിപ്പിച്ചുതുടങ്ങിയിരിക്കുന്നു. ആകെ അരക്ഷിതാവസ്ഥ. എല്ലാത്തിനും കാരണം ഭാരതത്തിന്‍െറ ക്രൂരമായ നിലപാടുകള്‍. നമ്മുടെ നാട്ടിലെ പവര്‍കട്ടുപോലെ ഇതും അപ്രഖ്യാപിതമാണ്. ആരോ നമ്മുടെ ബഹുമാന്യയായ വിദേശകാര്യമന്ത്രിയോട് ചോദിച്ചപ്പോള്‍ കിട്ടിയ ഉത്തരമെന്തെന്നോ? അത് നേപ്പാളികളോടുതന്നെ ചോദിക്കണമെന്ന്.

കാര്യം കുശാലായി! ഒരു വന്‍ രാഷ്ട്രം ഒരു കുഞ്ഞന്‍ രാജ്യത്തോട് ചെയ്യുന്ന ഈ കൊടുംപാതകത്തിന്‍െറ പൊരുള്‍ കേള്‍ക്കേണ്ടേ? ഭരണസൗകര്യത്തിനുവേണ്ടി രാജ്യത്തെ പല സോണുകളായി തരംതിരിക്കുകയാണ്. നെടുകെ ഏഴുവരകള്‍. ഏഴു നിര്‍വഹണപ്രദേശങ്ങള്‍. അവര്‍ക്കിതാണ് വേണ്ടത്. ഇന്ത്യക്ക് പല രാഷ്ട്രീയ ഉദ്ദേശ്യങ്ങളുണ്ട്. ഈ വരകള്‍ കുറുകെ ആവണം എന്ന് നിര്‍ബന്ധിക്കുന്നതിന്‍െറ പിറകില്‍ അവിടെ കുടിയേറിയിരിക്കുന്ന തെക്കന്‍ ബിഹാറികളുടെ കഠിന സമ്മര്‍ദമാണത്രെ! അങ്ങനെയെങ്കില്‍ ഭാവിയില്‍ ആദ്യം സ്വയംഭരണ പ്രദേശമായും പിന്നെ ഒരിന്ത്യന്‍ സംസ്ഥാനമായും മാറുമല്ളോ. നിര്‍ണായകമായ ചോദ്യം അവശേഷിക്കുന്നു. ഒരു രാജ്യത്തിന്‍െറ അടിസ്ഥാന സ്വാതന്ത്ര്യം ചോദ്യംചെയ്യപ്പെടുകയാണ്. ആ രാജ്യത്തിന് വേണ്ടതെന്തെന്ന് പൗരന്മാരും ഭരണകൂടവുമല്ളേ തീരുമാനിക്കേണ്ടത്? ഇന്ത്യന്‍ ദൃശ്യ-വാര്‍ത്താമാധ്യമങ്ങള്‍ ഇതെന്തുകൊണ്ട് പൊതുജനസമക്ഷം അവതരിപ്പിക്കുന്നില്ല എന്നതും എന്നെ അമ്പരപ്പിക്കുന്നു.

കഴുകന്മാര്‍ രേഖകള്‍ക്കപ്പുറം ആര്‍ത്തിയോടെ കാത്തിരിക്കുന്നത് ഞാന്‍ കാണുന്നുണ്ട്. പണ്ട് ശ്രീലങ്കയില്‍ പോയപ്പോള്‍ ഞാനവരെ കണ്ടപ്പോള്‍ വിശ്വസിക്കാന്‍ തയാറായില്ല. ഈയിടെ ആ രാജ്യം സന്ദര്‍ശിച്ചപ്പോള്‍ സത്യം വെളിവായി. തുറമുഖം തൊട്ട് വിനോദസഞ്ചാര മേഖല വരെ ചൈന പിടിച്ചെടുത്തിരിക്കുന്നു. അതേപോലെ നേപ്പാള്‍ അവരുടെ വിഹാരരംഗമാകാന്‍ ഇന്ത്യ കളമൊരുക്കുകയാണ്. തെക്ക് ശ്രീലങ്കയും വടക്ക് നേപ്പാളുമാണ് അതിര്‍ത്തി പങ്കിടുന്നതെന്ന് ഏത് നയതന്ത്രജ്ഞനോടാണ് പറയേണ്ടത്? അറിയില്ല. നേപ്പാളിന്‍െറ ഞരക്കങ്ങള്‍ക്ക് കാതോര്‍ക്കാതിരിക്കുക.

Show Full Article
TAGS:
Next Story