‘ഹര്‍ത്താല്‍ നിയന്ത്രണബില്‍’ എന്നത് ഒരു പുതുയുഗത്തിന്െറ നാന്ദി എന്ന തലക്കെട്ടില്‍ സംസ്ഥാന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയിട്ട ഫേസ്ബുക് പോസ്റ്റിന് എട്ടു ലക്ഷം ‘ലൈക്ക്’ ലഭിച്ചിരിക്കുന്നുവെന്ന് അദ്ദേഹംതന്നെ പറയുന്നു. ഹര്‍ത്താല്‍ എന്നത് കേരളത്തില്‍ ഇന്ന് നിലനില്‍ക്കുന്ന ഏറ്റവും ശക്തമായ ജനപ്രതിരോധ രീതിയാണ്. എന്നാല്‍, ഏറെ വിമര്‍ശിക്കപ്പെടുന്നതും പരിഹസിക്കപ്പെടുന്നതുമായ ഒരു സമരരീതിയുമാണ്. സമൂഹത്തില്‍ ചെറുതല്ലാത്തവിഭാഗം എല്ലാ ഹര്‍ത്താലുകളേയും ആഹ്ളാദത്തോടെ സ്വാഗതം ചെയ്യുന്നുവെന്ന് പറയുന്നവരുണ്ട്. രാവിലെ മദ്യക്കടയുടെ മുന്നിലെ ക്യൂ വളരെ നീണ്ടതായിരിക്കുമെന്നതും ഹര്‍ത്താലിനോടോ അതിനുന്നയിക്കുന്ന കാരണങ്ങളോടോ തീരെ അനുഭാവമില്ളെങ്കിലും ഒരു ‘ദൈവവിധി’ പോലെ അംഗീകരിക്കേണ്ടിവരുന്നുവെന്നതുമാകാം ഈ നിസ്സംഗതക്കുകാരണം. കൂടാതെ, മലയാളിയുടെ ‘മടി’ സ്വഭാവവുമാകാം.
ഈ ബില്ലില്‍ പറയുന്ന കാര്യങ്ങള്‍ പലവട്ടം ചര്‍ച്ച ചെയ്യപ്പെട്ടവയാണ്. ഒരു പാര്‍ട്ടി അഥവാ പ്രസ്ഥാനം നടത്തുന്ന ഹര്ത്താലിനാല് മറ്റൊരു വിഭാഗത്തിന്‍െറ മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നു-തൊഴില്‍, വ്യാപാരം, നിത്യജീവിതം എല്ലാം തടസ്സപ്പെടുന്നു. പൊതു-സ്വകാര്യ സ്വത്തുക്കള്‍ക്കും നാശമുണ്ടാകുന്നു. മേല്‍ പറഞ്ഞവയൊക്കെ നിയന്ത്രിക്കാന്‍ ഇപ്പോഴുള്ള നിയമങ്ങള്‍തന്നെ മതിയാകുമല്ളോ എന്നതാണ് ഒന്നാമത്തെ വിമര്‍ശം. എങ്കില്‍ പിന്നെ പുതിയൊരു നിയമമെന്തിന്? ഈ നിയമം കര്‍ശനമായി നടപ്പാക്കപ്പെടുമെന്ന ഉറപ്പുണ്ടോ? ഇതൊക്കെ ഹര്ത്താല്വിരുദ്ധര്ക്കുതന്നെ സംശയം ജനിപ്പിക്കുന്ന കാര്യങ്ങളാണ്.
1998ല്‍ സുപ്രീംകോടതി നടത്തിയ വിധിപ്രഖ്യാപനത്തിലൂടെ നാട്ടില്‍നിന്ന് അപ്രത്യക്ഷമായ വാക്കാണ് ‘ബന്ദ്’. സി.പി.എമ്മും ചേംബര്‍ ഓഫ് കോമേഴ്സിലെ ഭരത് കുമാറും മറ്റും തമ്മിലുള്ള കേസില്‍ സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച്, ബന്ദ് ഒരുകാരണവശാലും അനുവദനീയമല്ളെന്ന് പ്രഖ്യാപിച്ചു. സുപ്രീംകോടതി വിധി രാജ്യത്തിന്‍െറ നിയമംതന്നെയാണ്. അതുകൊണ്ടെന്തു ഫലമുണ്ടായി? ‘ബന്ദ്’ ഇല്ലാതായി. പകരം ‘ഹര്‍ത്താല്‍’വന്നു. ഫലത്തില്‍ ഒരു വ്യത്യാസവുമില്ല. ഇനി ഹര്‍ത്താല്‍ മാറ്റി പുതിയ പേരില്‍ ഒരു സമരം വന്നാല്‍ ഈ പുതിയ നിയമം അപ്രസക്തമാകും. മഹാത്മജിയുടെ സമരരൂപമായ ‘നിസ്സഹകരണം’ എന്നപേരില്‍ ഇതു നടത്താം. ‘നിസ്സഹകരണത്തിന് എല്ലാവരുടെയും സഹകരണം’ തേടി സമരമാകാം. ഈ നിയമം നോക്കുകുത്തിയാകും. ഇതെല്ലാമറിഞ്ഞിട്ടും ഈ നിയമത്തിന്‍െറ മഹത്ത്വം വര്‍ണിക്കുന്ന മന്ത്രി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനും കുറെപ്പേരുടെ കൈയടിനേടാനും ശ്രമിക്കുകയല്ളേ?
ഹര്‍ത്താല്‍ നിരോധമില്ല, നിയന്ത്രണം മാത്രം എന്ന് പറയുമ്പോള്‍ എന്താണ് നിയന്ത്രണങ്ങള്‍ എന്നറിയണമല്ളോ. ബലപ്രയോഗം പാടില്ല തുടങ്ങിയവയൊക്കെ നിലവിലുള്ള നിയമംവഴിതന്നെ നിയമവിരുദ്ധമാണ്. പുതുതായി പറയുന്ന ഒരു നിര്‍ദേശം മൂന്നുദിവസത്തെ നോട്ടീസ് എന്നതാണ്. ഇത്തരം മുന്നറിയിപ്പ് എപ്പോഴും സാധ്യമാകുമോ? പലപ്പോഴും (മിക്കപ്പോഴുമല്ല) അടിയന്തര സന്ദര്‍ഭങ്ങളിലാണ് ഹര്‍ത്താല്‍ പ്രഖ്യാപിക്കേണ്ടിവരുക. (അക്രമം, കൊലപാതകം, പൊലീസ് മര്‍ദനം മുതലായവ). ഈ ആഭ്യന്തര മന്ത്രി കെ.പി.സി.സി പ്രസിഡന്റായിരുന്ന കാലത്ത് ടി.പി. ചന്ദ്രശേഖരന് മൃഗീയമായി വധിക്കപ്പെട്ടതിന്‍െറ പിറ്റേന്ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് മറന്നുകാണില്ലല്ളോ. പക്ഷേ, ഈ നിയമംവെച്ച് അത് തെറ്റാണല്ളോ. രാവിലെ ആറിന് മുമ്പും വൈകീട്ട് ആറിനുശേഷവും മാത്രമേ നിയന്ത്രണം ഉള്ളൂവെന്ന് ലേഖനത്തില്‍ പറയുന്നു. അങ്ങനെയെങ്കില്‍ ഇപ്പോള്‍ വ്യാപകമായി നടക്കുന്ന ആറു മുതല്‍ ആറുവരെ ഹര്‍ത്താല്‍ നിയമവിധേയമാണ്. അവിടെ ബലപ്രയോഗമാകാം എന്നാണോ? മൂന്നു ദിവസത്തെ മുന്കൂര്നോട്ടീസ് എന്നതിന്‍െറ പിന്നിലെ ചതി മറ്റൊന്നാണ്.
ഹര്‍ത്താലുകള്‍ ‘ജനജീവിതത്തിന് ആവശ്യമായ വ്യാപാരത്തേയോ പ്രവര്‍ത്തനത്തെയോ ബാധിക്കുന്നതാണെങ്കില്‍’ (മൂന്നുദിവസത്തെ നോട്ടീസ് നല്‍കിയിട്ടുണ്ടെങ്കിലും) അവ നിരോധിക്കാന്‍ സര്‍ക്കാറിന് അനുവാദം നല്‍കുന്നുവെന്ന നിര്‍ദേശമാണ് ഈ ചതി. ‘ജനജീവിതത്തിന്‍െറ ആവശ്യം’ എന്നതിന്‍െറ നിര്‍വചനം വലിച്ചുനീട്ടാവുന്നവയാണ്. ജലം, മീന്‍, ആഹാരം എന്നിവയുടെ വിതരണം എന്ന ഒറ്റ വരിവെച്ച് ഏതു ഹര്‍ത്താലും നിരോധിക്കാനാകും. ആരാണ് ഇതുസംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുക? സര്‍ക്കാര്‍ അഥവാ രാഷ്ട്രീയനേതൃത്വംതന്നെ. ഫലത്തില്‍ തങ്ങള്ക്കെതിരായിവരുന്ന പ്രതിഷേധ ഹര്‍ത്താലുകളെ നിരോധിക്കാന്‍ സര്‍ക്കാറിന് അധികാരം നല്കുന്ന നിയമമാണിത്. ജനാധിപത്യ വിരുദ്ധമാണിത്. എന്നാല്‍, ഏറെ മധുരത്തില്‍ പൊതിഞ്ഞ്, മധ്യവര്‍ഗ ഈഗോയെ സന്തോഷിപ്പിച്ചുകൊണ്ട് നടപ്പാക്കാന്‍ ശ്രമിക്കുന്ന ഒരു കരിനിയമം നിരോധിച്ച നടപടിക്കെതിരെ കോടതിയില്‍പോയാലും രക്ഷയില്ല. ഹര്‍ത്താല്‍ സംബന്ധിച്ച കോടതി സമീപനങ്ങളും ഇതുതന്നെയാണ്. അംഗീകൃത രാഷ്ട്രീയ പാര്ട്ടികള്ക്കപ്പുറത്തുനിന്ന് ശക്തമായ പ്രതിഷേധം ഉയരുന്ന ഇക്കാലത്ത് രാഷ്ട്രീയനേതൃത്വങ്ങള്‍ക്ക് വിവേചനാധികാരം നല്കുന്ന നിയമങ്ങള്‍തന്നെ ജനാധിപത്യ വിരുദ്ധമാകുന്നു.
ഗതികെട്ടവര്‍ സമരരംഗത്തിറങ്ങുന്നത് നിയമം നോക്കിയൊന്നുമല്ളെന്ന് ആര്‍ക്കാണറിയാത്തത്? വഴിതടയലും പിക്കറ്റിങ്ങും മറ്റും നിയമവിരുദ്ധംതന്നെയാണെന്നറിഞ്ഞിട്ടും അതിനവര്‍ തയാറാകുന്നു. കക്ഷിരാഷ്ട്രീയത്തിന്‍െറ അഡ്ജസ്റ്റ്മെന്റ് ഉള്ളതിനാല്‍ ഭരണ-പ്രതിപക്ഷങ്ങള്‍ പരസ്പരം സഹായിച്ച് രക്ഷപ്പെടുത്തും. എന്നാല്‍, ഒരു കക്ഷിയുടെയും പിന്‍ബലമില്ലാതെ നടത്തുന്ന സമരങ്ങള്‍ക്കുനേരെ ഈ നിയമവിരുദ്ധനിയമം പ്രയോഗിക്കപ്പെടും. ഇതാണ് ഹര്‍ത്താല്‍ നിയന്ത്രണ നിയമത്തിന്‍െറ പ്രധാന അപകടം. ‘തെറ്റായി ഹര്‍ത്താല്‍’ ആഹ്വാനംചെയ്താല്‍ ആറുമാസം തടവും 10,000 രൂപവരെ പിഴയും ശിക്ഷ വിധിക്കാന്‍ ഈ നിയമം അനുവദിക്കുന്നു. ആരായിരിക്കും ഇതിന്‍െറ ഇരകളെന്നറിയാന് ഒരു ബുദ്ധിമുട്ടുമില്ല.