Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightസര്‍വം ഇലക്ഷന്‍ മയം

സര്‍വം ഇലക്ഷന്‍ മയം

text_fields
bookmark_border
സര്‍വം ഇലക്ഷന്‍ മയം
cancel

അരുവിക്കര കടന്ന ആവേശത്തില്‍ യു.ഡി.എഫ്. അടിത്തട്ടിലെ ചോരാത്ത കരുത്തും വികസന നേട്ടങ്ങളുമായി എല്‍.ഡി.എഫ്. ലോക്സഭയിലെയും നെയ്യാറ്റിന്‍കര, അരുവിക്കര ഉപതെരഞ്ഞെടുപ്പുകളിലെയും പ്രകടനമികവില്‍ അതിമോഹവുമായി ബി.ജെ.പിയും. ജനകീയ പ്രശ്നങ്ങളുയര്‍ത്തി നിരവധി ചെറുപാര്‍ട്ടികളും. വീറും വാശിയും നിറഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് പോരിനാണ് തലസ്ഥാനം ഒരുങ്ങുന്നത്. എന്ത് വിലകൊടുത്തും വിജയമുറപ്പിക്കാന്‍ പ്രധാനപാര്‍ട്ടികള്‍ തന്ത്രങ്ങള്‍ മെനയുന്നു. ജാതി, മതം, രാഷ്ട്രീയം ഒക്കെ തരാതരം ചേര്‍ത്ത് സ്ഥാനാര്‍ഥിപ്പട്ടികയും.
ജില്ലാ പഞ്ചായത്തില്‍ 26 ഡിവിഷന്‍, 11 ബ്ളോക്, 73 ഗ്രാമപഞ്ചായത്ത്, നാല് നിയമസഭാ മണ്ഡലങ്ങളുടെ വലുപ്പവും 100 വാര്‍ഡുമുള്ള തിരുവനന്തപുരം കോര്‍പറേഷന്‍. നെയ്യാറ്റിന്‍കര, നെടുമങ്ങാട്, ആറ്റിങ്ങല്‍, വര്‍ക്കല മുനിസിപ്പാലിറ്റികള്‍ -ഇവയാണ് ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങള്‍. എല്ലായിടത്തുമായി 25.90 ലക്ഷം വോട്ടര്‍മാരും.

എന്തിനും ഏതിനും രാഷ്ട്രീയ നിറവും തെരഞ്ഞെടുപ്പിന്‍െറ മണവും വന്നുകഴിഞ്ഞു. എല്ലാവരും ഉദ്ഘാടനത്തിരക്കിലായിരുന്നു കഴിഞ്ഞ നാളുകളില്‍. പലയിടത്തും പ്രതിഷേധവും തമ്മില്‍ത്തല്ലും. കിളിമാനൂരിന് സമീപത്തെ പോങ്ങനാട് ഹൈസ്കൂള്‍ കെട്ടിട ഉദ്ഘാടനം ഉദാഹരണം. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ഉദ്ഘാടകനാവണമെന്ന് ഇടതുപക്ഷം. മുഖ്യമന്ത്രിയോ വിദ്യാഭ്യാസമന്ത്രിയോ വേണമെന്ന് യു.ഡി.എഫും. സംഘാടകര്‍ വി.എസിനെ ക്ഷണിച്ചു. വി.എസ് വന്നപ്പോള്‍ ഹര്‍ത്താല്‍ നടത്തുന്നതുവരെ എത്തി കാര്യങ്ങള്‍. യു.ഡി.എഫിന് ഭരണമുള്ളിടത്ത് മന്ത്രിമാരെയും മുഖ്യമന്ത്രിയെയും ഇറക്കിയാണ് കളി.

ഇടതുമുന്നണിക്ക് ജീവന്മരണ പോരാട്ടമാണിത്. കഴിഞ്ഞ തവണ ഏറെ നഷ്ടം വന്നു അവര്‍ക്ക്. ജില്ലാ പഞ്ചായത്തും രണ്ട് നഗരസഭകളും ഏതാനും ബ്ളോക്കുകളും നഷ്ടപ്പെട്ടു. ഗ്രാമപഞ്ചായത്തുകളിലും യു.ഡി.എഫ് മുന്നിലായി. കോര്‍പറേഷനില്‍ കഷ്ടിച്ച് കടന്നുകൂടിയെന്നുമാത്രം. നഷ്ടപ്പെട്ടത് തിരിച്ചുപിടിക്കാനും ഉള്ളത് നിലനിര്‍ത്താനും ഏറെ പണിപ്പെടേണ്ടി വരുമെന്നറിയാവുന്ന ഇടതിന്‍െറ നീക്കം കരുതലോടെ. പുതുമുഖങ്ങളെ ഇറക്കിയും പ്രവര്‍ത്തനമികവ് ഉയര്‍ത്തിയും വിജയിക്കാമെന്ന കണക്കുകൂട്ടലാണ് അവര്‍ക്ക്. മുമ്പ് ആര്‍.എസ്.പിക്കുണ്ടായിരുന്നതിന്‍െറ വിഹിതം സി.പി.ഐ ചോദിക്കുന്നുണ്ടെങ്കിലും യു.ഡി.എഫില്‍നിന്ന് വരുന്നവര്‍ക്ക് അത് വേണമെന്നാണ് സി.പി.എം മറുപടി. കോര്‍പറേഷനില്‍ 80 ശതമാനവും പുതുമുഖങ്ങളാവും. സിറ്റിങ് കൗണ്‍സിലര്‍മാരില്‍ 20 ശതമാനമേ രംഗത്തുണ്ടാകൂ. മേയര്‍ കെ. ചന്ദ്രിക പിന്മാറ്റം പ്രഖ്യാപിച്ചു കഴിഞ്ഞു. യുവജന, വിദ്യാര്‍ഥി നേതാക്കളെയും പരിചിത നേതാക്കളെയും പൊതുസമ്മതരേയും രംഗത്തിറക്കും. സി. ജയന്‍ബാബു, കെ.സി. വിക്രമന്‍, കരമന ഹരി എന്നീ പേരുകളാണ് ആദ്യഘട്ടത്തില്‍ മേയര്‍ സ്ഥാനത്തേക്ക് ഉയരുന്നത്. ഇടത് കോട്ടകളിലെ ബി.ജെ.പി വെല്ലുവിളി സി.പി.എം തള്ളുന്നു. ബി.ജെ.പി കരുത്ത് നേടിയ സ്ഥലങ്ങള്‍ യു.ഡി.എഫ് വിജയിക്കുന്നവയാണെന്നും അവര്‍ അവകാശപ്പെടുന്നു.

നേട്ടം ആവര്‍ത്തിച്ച് കോര്‍പറേഷന്‍കൂടി പിടിക്കാനാകുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. അരുവിക്കരയുടെ ആവേശത്തില്‍ വിജയം ഉറപ്പെന്ന പ്രതീക്ഷയാണ് അവര്‍ക്ക്. കോണ്‍ഗ്രസില്‍ ഗ്രൂപ് യുദ്ധമാണെങ്കിലും ഘടകകക്ഷികള്‍ തമ്മില്‍ വലിയ പ്രശ്നങ്ങളില്ല. ആര്‍.എസ്.പിക്ക് ജില്ലാ പഞ്ചായത്തിലടക്കം സീറ്റ് നല്‍കേണ്ടി വരും. മുന്നണി വിട്ടെങ്കിലും ജെ.എസ്.എസ്, സി.എം.പി, പിള്ള ഗ്രൂപ് എന്നിവയിലെ ഒരുവിഭാഗം യു.ഡി.എഫിനൊപ്പമുണ്ട്. അവര്‍ക്കും പരിഗണന നല്‍കണം. ബി.ജെ.പിയുടെ ഭീഷണി ഇടതിന് മാത്രമെന്നാണ് കോണ്‍ഗ്രസ് കണക്കെങ്കിലും ചിലയിടങ്ങളില്‍ അവരേയും ബാധിക്കും. വിഴിഞ്ഞം പദ്ധതിയായിരിക്കും യു.ഡി.എഫിന്‍െറ തുറുപ്പുചീട്ട്. വിഴിഞ്ഞത്തിന്‍െറ പേരില്‍ ഇടഞ്ഞുനിന്ന ലത്തീന്‍സഭയെ 475 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് നിശ്ശബ്ദരാക്കി.

ബി.ജെ.പി വലിയ കുതിപ്പാണ് പ്രതീക്ഷിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്ത് വന്ന തിരുവനന്തപുരം മണ്ഡലത്തിന്‍െറ പ്രദേശങ്ങളില്‍ ഏറെ നേട്ടം സ്വപ്നം കാണുന്നു. നാല് നിയമസഭാ മണ്ഡല പരിധിയില്‍ അന്ന് ബി.ജെ.പി മുന്നിലത്തെിയിരുന്നു. നെയ്യാറ്റിന്‍കര, അരുവിക്കര ഉപതെരഞ്ഞെടുപ്പുകളിലും നേട്ടമുണ്ടാക്കിയ അതേ തന്ത്രമാണ് ബി.ജെ.പി പയറ്റുക. കോര്‍പറേഷന്‍ ഭരണം പിടിക്കുമെന്നും ആറ് സീറ്റ്  60 ആക്കും എന്നുമാണ് മുദ്രാവാക്യം. ഒ.രാജഗോപാലിന്‍െറ പേര് വരെയാണ് മേയര്‍ സ്ഥാനത്തേക്ക് ഉയര്‍ത്തുന്നത്. എസ്.എന്‍.ഡി.പി, എന്‍.എസ്.എസ്, പട്ടിക ജാതി, പിന്നാക്ക സമുദായ സംഘടനകളിലെ സ്വാധീനം എന്നിവയിലെല്ലാം വലിയ പ്രതീക്ഷകളാണ് അവര്‍ക്ക്.

മാലിന്യം, തെരുവുവിളക്ക്, തെരുവുനായ തുടങ്ങിയവയാകും കോര്‍പറേഷനിലെ ചര്‍ച്ചാവിഷയം. വിളപ്പില്‍ശാലയുടെ കാര്യത്തിലെ ഗ്രീന്‍ട്രൈബ്യൂണല്‍ വിധിയും പ്രചാരണായുധമാകും. പത്തോളം പുരസ്കാര നേട്ടം നഗരസഭ ഉയര്‍ത്തുന്നു. കഴക്കൂട്ടം മുനിസിപ്പാലിറ്റിയാക്കാന്‍ തീരുമാനിച്ചതും അനുബന്ധ വിവാദവും സജീവ ചര്‍ച്ചയാണ്. യു.ഡി.എഫ് ഭരിക്കുന്ന ജില്ലാ പഞ്ചായത്തില്‍ പ്രസിഡന്‍റുസ്ഥാനം വെച്ചുമാറുന്നതിന്‍െറ പേരില്‍, വികസന ഫണ്ട് അനുവദിക്കുന്നതിന്‍െറ പേരില്‍ അടക്കം കോണ്‍ഗ്രസില്‍ ഗ്രൂപ് പോരുണ്ടായിരുന്നു. വൈസ് പ്രസിഡന്‍റുസ്ഥാനം ഒഴിയാതിരിക്കാന്‍ ജനതാദളിന്‍െറ സമ്മര്‍ദം. ഭരണപക്ഷത്തെ തമ്മിലടിയിലും പ്രതിപക്ഷത്തിന് വലുതായൊന്നും ചെയ്യാനായില്ല. ഇക്കുറി ഭരണം തിരിച്ചുപിടിക്കുമെന്നാണ് അവകാശവാദം. ഇപ്പോഴത്തെ സാഹചര്യത്തില്‍ നിലനിര്‍ത്താനാകുമെന്ന പ്രതീക്ഷയുണ്ട് യു.ഡി.എഫിന്. പ്രധാന മുന്നണികളിലൊന്നും ജില്ലാ പഞ്ചായത്തിലെ സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ മുന്നോട്ടുപോയിട്ടില്ല.

Show Full Article
TAGS:
Next Story