Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഗുരുധര്‍മി

ഗുരുധര്‍മി

text_fields
bookmark_border
ഗുരുധര്‍മി
cancel

ശ്രീനാരായണഗുരുവിന്‍െറ ഷഷ്ടിപൂര്‍ത്തിക്ക് ശിഷ്യനായ കുമാരനാശാന്‍ ഒരു പദ്യം എഴുതുകയുണ്ടായി. ആരായുകിലന്ധത്വമൊഴിച്ചാദിമഹസ്സിന്‍/നേരാംവഴി കാട്ടും ഗുരുവല്ളോ പരദൈവം; ആരാധ്യനതോര്‍ത്തിടുകില്‍ ഞങ്ങള്‍ക്കവിടുന്നാം /നാരായണമൂര്‍ത്തേ, ഗുരു നാരായണമൂര്‍ത്തേ’ എന്നാണ് അതിന്‍െറ ആദ്യവരികള്‍. അമ്പാര്‍ന്നവരുണ്ടോ പരവിജ്ഞാനികളുണ്ടോ, വമ്പാകെ വെടിഞ്ഞുള്ളവരുണ്ടോയിതുപോലെ എന്നൊക്കെ ഗുരുവിനെ നോക്കി വിസ്മയിക്കുന്നുണ്ട് ആശാന്‍. ഇത്രയും ദയയുള്ള, അഹന്ത വെടിഞ്ഞ ജ്ഞാനികള്‍ ഭൂമിയിലുണ്ടോ എന്നാണ് ആശാന്‍െറ സംശയം. അന്ധതയും ഇരുട്ടും ഒഴിച്ച് ആദിതേജസ്സിന്‍െറ നേര്‍വഴി കാട്ടുന്ന നാരായണഗുരുവിനെയാണ് ആശാന്‍ ഗുരുമൂര്‍ത്തിയായി കണ്ടത്. ‘എങ്ങും ജനചിത്തങ്ങളിണക്കി പ്രസരിപ്പൂ മങ്ങാതെ ചിരം നിന്‍ പുകള്‍പോല്‍ ശ്രീഗുരുമൂര്‍ത്തേ’ എന്ന് എസ്.എന്‍.ഡി.പി യോഗത്തിന്‍െറ ആദ്യ ജനറല്‍ സെക്രട്ടറി പാടിയപ്പോള്‍ ഇപ്പോഴത്തെ വൈസ് പ്രസിഡന്‍റ് തുഷാര്‍ വെള്ളാപ്പള്ളി പാടുന്നത് ‘ഞങ്ങള്‍ ഭജിപ്പൂ, നിന്‍ പാവനപാദം എസ്. ഗുരുമൂര്‍ത്തേ’ എന്നാണ്. തെറ്റിദ്ധരിക്കരുത് കേട്ടോ. ആശാന്‍ കവനം ചമച്ച് വണങ്ങിയ ആ ഗുരുമൂര്‍ത്തിയല്ല, ഈ ഗുരുമൂര്‍ത്തി. അതു വേ ഇതു റേ. ഇത് സ്വാമിനാഥന്‍ ഗുരുമൂര്‍ത്തി. എസ്.എന്‍.ഡി.പി യോഗത്തെ സംഘ്പരിവാറിന്‍െറ തൊഴുത്തില്‍ കൊണ്ടുപോയി കെട്ടിക്കാന്‍ തുഷാറിനും പിതാവിനുംവേണ്ടി മാധ്യസ്ഥ്യം വഹിക്കുന്ന കാവിരാഷ്ട്രീയത്തിന്‍െറ ചിന്താസംഭരണി. തിങ്ക് ടാങ്ക്. അപ്പോള്‍ തുഷാര്‍ ഗുരുധര്‍മം ചരിപ്പവന്‍ തന്നെ. ഏതു ഗുരു എന്ന കാര്യത്തിലേ സംശയമുള്ളൂ.
ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ എസ്. ഗുരുമൂര്‍ത്തി സംഘ്പരിവാരത്തിന് ഗുരുവിന്‍െറ നാട്ടില്‍ ചില സാധ്യതകളൊക്കെ കാണുന്നുണ്ട്. അതുകൊണ്ടാണ് കേരളജനസംഖ്യയില്‍ 27 ശതമാനത്തോളം പ്രാതിനിധ്യമുള്ള സമുദായത്തെ കൂടെ നിര്‍ത്താന്‍ ഹിന്ദുമതധര്‍മം പറഞ്ഞ് രാഷ്ട്രീയം കളിക്കുന്ന പരിവാരം തുനിഞ്ഞിറങ്ങിയിരിക്കുന്നത്. ആ നുകത്തിന് കഴുത്തുവെച്ചുകൊടുത്തിരിക്കുകയാണ് തുഷാറും പിതാവും. അതിനാണ് അച്ഛനും മോനും അങ്ങ് ഇന്ദ്രപ്രസ്ഥത്തില്‍ പോയി മോദിയെയും അമിത് ഷായെയും കണ്ടത്. ഒപ്പംനിന്ന് വെളുക്കെ ചിരിച്ച് ഫോട്ടോ എടുക്കുകയും ചെയ്തു.
സംഘ്പരിവാറിനൊപ്പം ചേരുന്നത് ഗുരുദര്‍ശനത്തിന് എതിരാണെന്ന് പലരും പറഞ്ഞിട്ടും തുഷാറിന് അത് തിരിഞ്ഞിട്ടില്ല. ഗുരുവിന്‍െറ മതബോധമല്ല സംഘ്പരിവാറിന്‍െറ മതബോധം എന്ന് തിരിച്ചറിയാനുള്ള ശേഷിയില്ലാത്തത് അത്ര വലിയ തെറ്റൊന്നുമല്ലല്ളോ. നാരായണഗുരു ആരാണെന്നുപോലും തുഷാറിന് വേണ്ടപോലെ അറിയില്ല. അച്ഛന്‍ പറഞ്ഞുകേട്ട ഒരു പേരാണ് അത്. ചരിത്രപുസ്തകം വായിച്ചുള്ള ശീലമില്ല. കാലങ്ങളായി കുടുംബം ബിസിനസുകള്‍ നടത്തിപ്പോരുന്നത് ഈ ഗുരുവിന്‍െറ പേരിലാണ്. മദ്യക്കച്ചവടമായാലും ഇപ്പോഴത്തെ രാഷ്ട്രീയക്കച്ചവടമായാലും നാഴികക്ക് നാല്‍പതുവട്ടം ഈ പേരിങ്ങനെ ഉരുവിട്ടുകൊണ്ടിരിക്കണം എന്നു മാത്രം തുഷാറിന് അറിയാം. സ്കൂള്‍ ക്ളാസിലെ പാഠപുസ്തകങ്ങളെങ്കിലും മറിച്ചുനോക്കിയിരുന്നെങ്കില്‍ താന്‍ നാരായണഗുരുവിനെ ദൈവമായി കണ്ട് ആരാധിക്കുന്നയാളാണ് എന്നു പറയില്ലായിരുന്നു. ആലുവായിലെ സംസ്കൃതപാഠശാലയിലെ കുട്ടികള്‍ക്കുവേണ്ടി ഗുരു എഴുതിയ ‘ദൈവദശക’ത്തില്‍ പറയുന്നത്, അന്നവസ്ത്രാദി മുട്ടാതെ തന്നു രക്ഷിച്ചു ഞങ്ങളെ ധന്യരാക്കുന്ന നീയൊന്നു തന്നെ ഞങ്ങള്‍ക്കു തമ്പുരാന്‍ എന്നാണ്. ആ അര്‍ഥത്തില്‍ നാരായണഗുരു തന്നെ തുഷാറിന് തമ്പുരാന്‍. ആ പേരിലാണല്ളോ അന്നവും വസ്ത്രവും മുട്ടാതെ കിട്ടുന്നത്.
ഗുരുവിന്‍െറ അനുകമ്പാദശകം ഒരാവര്‍ത്തി വായിച്ചിരുന്നെങ്കില്‍ തുഷാര്‍ ഗുരുമൂര്‍ത്തിക്കൊപ്പം ഇരിക്കില്ലായിരുന്നു. മോദിക്കു മുന്നില്‍ മോദമോടെ ഫോട്ടോക്ക് പോസ് ചെയ്യില്ലായിരുന്നു. അമിതമായ ആരാധനയോടെ അമിത് ഷായെ വണങ്ങില്ലായിരുന്നു. അനുകമ്പാദശകത്തില്‍ ഗുരു പറയുന്നുണ്ട്, അന്യരുടെ സുഖത്തിനുവേണ്ടി പ്രവര്‍ത്തിക്കുക എന്ന ആദര്‍ശത്തിന്‍െറ സാക്ഷാത്കാരത്തില്‍ ആത്മസുഖം ദര്‍ശിക്കലാണ് യഥാര്‍ഥ മതബോധം എന്ന്. ശങ്കരാചാര്യരും കൃഷ്ണനും ബുദ്ധനും ക്രിസ്തുവും നബിയും ഇത്തരം ദയാവാരിധികളായിരുന്നുവെന്ന് അനുകമ്പാദശകത്തില്‍ നാരായണഗുരു ഊന്നിപ്പറഞ്ഞിട്ടുണ്ട്.‘സരളാദ്വയഭാഷ്യകാരനാം ഗുരുവോയീയനുകമ്പയാണ്ടവന്‍! പുരുഷാകൃതി പൂണ്ട ദൈവമോ? നരദിവ്യാകൃതിപൂണ്ട ധര്‍മമോ? പരമേശപവിത്രപുത്രനോ? കരുണവാന്‍ നബി മുത്തുരത്നമോ?’ എന്ന് ഗുരുവിന്‍െറ വാക്കുകളില്‍ നമുക്കത് വായിക്കാം. അനുകമ്പയുടെയും പരസേവനത്തിന്‍െറയും സന്ദേശമായ ഈ മതസാരമാണ് ശ്രീനാരായണധര്‍മം എന്നു പറയപ്പെടുന്നത്. അനുകമ്പയും പരസേവനവും പോയിട്ട് മനുഷ്യത്വംപോലുമില്ലാത്ത സംഘ്പരിവാരത്തിനൊപ്പം നില്‍ക്കുന്നത് നാരായണധര്‍മത്തില്‍ വെള്ളംചേര്‍ക്കലല്ല, അതിനെ കുഴിച്ചുമൂടലാണ്. പക്ഷേ, അതൊന്നും തുഷാറിനെയും പിതാവിനെയും ബാധിക്കുന്ന പ്രശ്നങ്ങളല്ല, തങ്ങള്‍ക്ക് എന്തുണ്ട് കിട്ടാന്‍ എന്നന്വേഷിക്കുന്നതു മാത്രമാണ് അവരുടെ ധര്‍മം. അതു കിട്ടുന്നിടത്തേക്ക് പോകും.
എസ്.എന്‍.ഡി.പി യൂത്ത് മൂവ്മെന്‍റിന്‍െറ ചെയര്‍മാനാണ് ഇപ്പോള്‍. കണ്ടാല്‍തന്നെ അറിയാം യൗവനയുക്തമായ ശരീരവും മനസ്സും. ‘എന്‍െറ യുവത്വം എന്‍െറ സമുദായത്തിന്’ എന്നതാണ് മുദ്രാവാക്യം. ഗുരു കേള്‍ക്കണ്ട! അച്ഛന്‍ രണ്ടു പതിറ്റാണ്ടായി യോഗനേതൃത്വത്തിന്‍െറ തലപ്പത്ത്. അടുത്ത ഊഴം തനിക്കാണ്. അതുകൊണ്ട് അച്ഛന്‍ ചെയ്യുന്ന എന്തിനും കൂടെ നില്‍ക്കും. അച്ഛന് കേരളത്തിന്‍െറ മുഖ്യമന്ത്രിയായാല്‍ കൊള്ളാമെന്നുണ്ട്. മകന് കേന്ദ്രത്തില്‍ മന്ത്രിയാകണമെന്നുണ്ട്. അതുകൊണ്ടാണ് കുടുംബസമേതം ഡല്‍ഹിക്ക് പറന്നത്. കുറച്ചുകാലം ദുബൈയിലെ ബിസിനസുകാരനായിരുന്നു. അതിനേക്കാള്‍ ഭേദപ്പെട്ട കച്ചവടം രാഷ്ട്രീയമാണ് എന്നു തിരിച്ചറിഞ്ഞപ്പോഴാണ് നാട്ടില്‍തന്നെ തമ്പടിച്ചുകൂടിയത്. ഹോട്ടല്‍, റിസോര്‍ട്ട് ബിസിനസ് ഇപ്പോഴും ഒരു വഴിക്കു നടക്കുന്നു. കായികവിനോദങ്ങളില്‍ നല്ല കമ്പമുണ്ടായിരുന്ന ആളാണ്. നാഷനല്‍ സ്കൂള്‍സ് മീറ്റില്‍ ജാവലിന്‍ ത്രോയില്‍ തിളക്കമാര്‍ന്ന വിജയം കൊയ്തിട്ടുണ്ട്. രണ്ടര മീറ്റര്‍ നീളമുള്ള കുന്തം ഇപ്പോഴും ചുഴറ്റി എറിയുന്നുണ്ട്. അത്  ശ്രീനാരായണഗുരുവിനു നേരെയാണെന്നു മാത്രം.
ശ്രീ വെള്ളാപ്പള്ളി നടേശന്‍ കോളജ് ഓഫ് എന്‍ജിനീയറിങ്ങിന്‍െറ ചെയര്‍മാനാണ്. ചേര്‍ത്തല ആസ്ഥാനമായ വെള്ളാപ്പള്ളി ഗ്രൂപ് ഓഫ് ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ട്സ് എന്ന സംരംഭത്തിന്‍െറയും ചുമതലക്കാരന്‍. രണ്ടുവര്‍ഷം മുമ്പുവരെ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അംഗമായിരുന്നു. ചെന്നിത്തലക്കെതിരെ വെള്ളാപ്പള്ളി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ ആലപ്പുഴ ഡി.സി.സി പ്രമേയം പാസാക്കി തിരിച്ചടിച്ചപ്പോഴാണ് രാജി നല്‍കിയത്. ഭാര്യ: ആഷ. മകന്‍: ദേവന്‍. മകള്‍: ദേവി.

Show Full Article
TAGS:
Next Story