Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഗോമാംസവും ഹിന്ദു...

ഗോമാംസവും ഹിന്ദു വര്‍ഗീയതയും

text_fields
bookmark_border
ഗോമാംസവും ഹിന്ദു വര്‍ഗീയതയും
cancel

ബീഫ് കഴിച്ചെന്നാരോപിച്ച് യു. പിയില്‍ മുസ്ലിം ഗൃഹനാഥനെ തല്ലിക്കൊന്ന ഫാഷിസ്റ്റ് കിരാതത്വം, ഭാരതീയ ഗോമാംസ വിരോധത്തിന്‍െറ പ്രത്യയശാസ്ത്രപരമായ അടിത്തറകളില്‍നിന്നുതന്നെയാണ് ജന്മംകൊള്ളുന്നത്. പശുവിറച്ചി വിരോധത്തെ ഭാരതത്തിന്‍െറ സനാതന ഭാവമായി വലിച്ചുനീട്ടി അവതരിപ്പിക്കാനുള്ള പരിശ്രമങ്ങളുണ്ടായത് കൊളോണിയല്‍ കാലഘട്ടത്തിലാണ്. ഇന്ത്യന്‍ മുസ്ലിംകള്‍, പശുവിനെ ദൈവമായി കണക്കാക്കാത്തതിനാലും പശുവിറച്ചി തിന്നുന്നതിനാലും ഭാരതീയത പൂര്‍ണമാകാത്ത ദേശവിരോധികളാണെന്ന പ്രചാരണത്തിന് ബ്രിട്ടീഷ് ഭാരതം സാക്ഷിയായിട്ടുണ്ട്. ഹിന്ദുത്വ വാദികള്‍ക്ക് മുസ്ലിംവിരോധം ആളിക്കത്തിക്കാനുള്ള മാധ്യമമാണ് എക്കാലത്തും ഗോമാംസവിരുദ്ധമായ കോലാഹലങ്ങള്‍.

പശുവിനെ വര്‍ഗീയതയുടെ ആയുധമാക്കി പരിവര്‍ത്തിപ്പിക്കുന്നതില്‍ ഏറ്റവും വലിയ പങ്കുവഹിച്ച കൊളോണിയല്‍കാല ഹിന്ദു പരിഷ്കര്‍ത്താവ് സ്വാമി ദയാനന്ദ സരസ്വതിയാണ്. പശുവിനെ മുസ്ലിംകളില്‍നിന്ന് ‘സംരക്ഷിക്കാനുള്ള’ ആഹ്വാനവുമായി പഞ്ചാബില്‍ കുക സിഖ് വിഭാഗം 1870കളില്‍ ആരംഭിച്ച പശുരക്ഷാ പ്രസ്ഥാനം തുറന്നിട്ട സാധ്യതകളെ മൂലധനമാക്കിക്കൊണ്ട്, 1882ലാണ് ദയാനന്ദന്‍ ‘ഗോരക്ഷിണി സഭ’ എന്ന സംഘടന സ്ഥാപിക്കുന്നത്.  ആര്യസമാജത്തിന്‍െറ പ്രവര്‍ത്തകര്‍ സ്വാഭാവികമായും എല്ലാ പ്രദേശങ്ങളിലും ഗോരക്ഷിണി സഭകള്‍ ആരംഭിച്ച് ‘മുസ്ലിം കത്തി’യില്‍നിന്ന് പശുവിനെ രക്ഷിക്കുന്ന കാവല്‍ഭടന്മാരായി അവതരിച്ചു. ഗോരക്ഷിണി സഭകളുടെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ സാധാരണക്കാരായ ഹിന്ദു വിശ്വാസികളെ വര്‍ഗീയോന്മത്തരാക്കുകയും കലാപങ്ങള്‍ക്ക് നിമിത്തമാവുകയും ചെയ്തു. 1880കളില്‍ ഇവ്വിഷയകമായുണ്ടായ സാമുദായിക അസ്വസ്ഥതകളില്‍ ഇടപെട്ടുകൊണ്ട് വടക്കുപടിഞ്ഞാറന്‍ ഇന്ത്യന്‍ പ്രവിശ്യകളുടെ ബ്രിട്ടീഷ് ഹൈകോടതി പശു മതചിഹ്നമല്ളെന്നും ഗോവധം മതനിന്ദയായി പ്രഖ്യാപിക്കാനാകില്ളെന്നും 1888ല്‍ വിധി പ്രസ്താവിച്ചു. ഹൈകോടതിവിധിയെ സംഘര്‍ഷം ഇരട്ടിപ്പിക്കാനുള്ള പ്രതിഷേധോപകരണമാക്കി മാറ്റിയെടുക്കുകയാണ് ഗോരക്ഷിണി സഭകള്‍ ചെയ്തത്.

1893ല്‍ അഅ്സംഗഢിലെ മൗവിലുണ്ടായ വര്‍ഗീയ ലഹളയായിരുന്നു ഗോരക്ഷിണി സഭകള്‍ ഇളക്കിവിട്ട ആദ്യകാല കലാപങ്ങളില്‍ ഏറ്റവും കുപ്രസിദ്ധമായത്. കലാപത്തെ ബ്രിട്ടീഷ് സര്‍ക്കാര്‍ ശക്തമായി അമര്‍ച്ചചെയ്തതിനെ തുടര്‍ന്ന് സഭകള്‍ പലയിടങ്ങളിലും പിരിച്ചുവിടേണ്ടിവന്നെങ്കിലും വിഷലിപ്തമായ ആശയങ്ങള്‍ അന്തരീക്ഷത്തില്‍തന്നെ നിലനിന്നു. 1910നുശേഷം അവക്ക് വീണ്ടും തീപിടിച്ചു. അങ്ങനെയാണ് അയോധ്യയിലും ശാഹാബാദിലുമെല്ലാം കലാപങ്ങളുണ്ടായത്. ബലിപെരുന്നാളിന് സാധുക്കള്‍ക്ക് മാംസം നല്‍കാന്‍വേണ്ടി കാലികളെ അറുക്കുന്നത് ഹിന്ദുക്കളെ അപമാനിക്കുന്നതിന് തുല്യമാണെന്നും ബലിപെരുന്നാളറവുകള്‍ തടയണമെന്നും അഅ്സംഗഢ് മേഖലയിലെ ഗോരക്ഷിണി സഭയുടെ നേതാക്കള്‍ ആഹ്വാനം ചെയ്തു. സഭയുടെ പ്രവര്‍ത്തകര്‍ ശാരീരികമായിത്തന്നെ ‘തടയലിന്’ മുന്‍കൈയെടുക്കണമെന്നായിരുന്നു പ്രഭാഷകരുടെയെല്ലാം ആഹ്വാനം. ഇതേതുടര്‍ന്ന് മുസ്ലിം കര്‍ഷകരില്‍നിന്നും കശാപ്പുജോലിക്കാരില്‍നിന്നുമെല്ലാം ഗുണ്ടാ സ്റ്റൈലില്‍ പശുക്കളെ തട്ടിയെടുക്കല്‍ പതിവായി. ബലിപെരുന്നാളിന്, അറവ് തടയാന്‍ വലിയ ആള്‍ക്കൂട്ടങ്ങള്‍ തെരുവുകളില്‍ സംഘടിച്ചത്തെി. മുസ്ലിംകളുടെ സ്വത്തുക്കള്‍ കൊള്ളചെയ്യുകയും കാലികളെ തട്ടിയെടുക്കുകയും കൃഷിയിടങ്ങള്‍ നശിപ്പിക്കുകയും ചെയ്തു.  ആറ് മുസ്ലിംകളെ കലാപകാരികള്‍ അടിച്ചുകൊന്നു. അപ്പോഴും അവര്‍ പശുവിനോട് തങ്ങള്‍ പുലര്‍ത്തുന്ന അഹിംസയുടെ മഹത്ത്വത്തില്‍ പുളകംകൊള്ളുന്നവരായിരുന്നു!
പശുക്കളെ ‘സംശയാസ്പദമായ’ സാഹചര്യത്തില്‍ കണ്ടാല്‍ ഉടമസ്ഥനെ വിചാരണചെയ്യാനും ശിക്ഷ വിധിക്കാനുമെല്ലാം വ്യവസ്ഥകളുണ്ടാക്കി സഭകള്‍ സമാന്തര കോടതികളായി മാറി നിയമവാഴ്ചയെ ഗോരക്ഷിണി സഭ നിരന്തരമായി വെല്ലുവിളിച്ചു. പാണ്ടകുണ്ഠ ഗ്രാമത്തില്‍ മുസ്ലിമിന് കാളയെ വിറ്റതിന്‍െറ പേരില്‍ ലക്ഷ്മണന്‍ എന്ന ഹിന്ദു കര്‍ഷകനെ സഭ ഊരുവിലക്കിയതും ജനക്കൂട്ടം അദ്ദേഹത്തിന്‍െറ വീട് തകര്‍ത്തതും കാളയെ തിരിച്ചുകൊണ്ടുവന്നില്ളെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതുമെല്ലാം ചരിത്രം. ഗോപൂജാ വികാരം ഹിന്ദുവിന് നിര്‍ബന്ധമാക്കി സമുദായത്തെ പുനര്‍നിര്‍വചിക്കുകയാണ് ഗോരക്ഷിണി സഭകള്‍ അടിസ്ഥാനപരമായി ചെയ്തത്. പശുവിന്‍െറ പേരില്‍ മുസ്ലിമിനോട് പിണങ്ങാത്തവര്‍ക്ക് ഹിന്ദുസമാജത്തില്‍ പൗരത്വം നിഷേധിക്കുകയും അതുവഴി ആരാണ് ഹിന്ദു എന്ന ചോദ്യത്തിന്‍െറ ഉത്തരംതന്നെ മാറ്റിയെഴുതുകയും ചെയ്തു എന്നതാണ് ദയാനന്ദ ശിഷ്യന്മാര്‍ ഇന്ത്യന്‍ വര്‍ഗീയതയുടെ ചരിത്രത്തില്‍ നടത്തിയ ശ്രദ്ധേയമായ ഇടപെടലുകളില്‍ ഒന്ന്.
ഗോരക്ഷിണി സഭയോട് കൂറുകാണിക്കാത്തവരും സഭക്ക് സംഭാവന നല്‍കാത്തവരും നല്ല ഹിന്ദുക്കളല്ല എന്ന് വരുത്തിത്തീര്‍ക്കാന്‍ സഭാപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു.സമുദായനിര്‍മിതിയില്‍ ഉപ്പുചേര്‍ക്കാന്‍ പശുസ്നേഹവും മുസ്ലിംവിദ്വേഷവും തന്നെ ഉപയോഗിക്കാന്‍ കാണിച്ച ഷോവിനിസ്റ്റ് ആസൂത്രണപാടവമാണ് സഭാചരിത്രത്തില്‍ മുഴുവന്‍ ഭീകരമായി തെളിഞ്ഞുനില്‍ക്കുന്നത്. മുസ്ലിംകള്‍ക്കെതിരില്‍ ‘ദൈവ’ത്തിനുവേണ്ടി (പശു) പോരാടുന്നുവെന്ന പ്രതീതി സൃഷ്ടിച്ചവര്‍, ‘വിശുദ്ധ യുദ്ധ’ത്തിലെ വിജയമായി കലാപങ്ങളിലെ മുസ്ലിംവേട്ടയെ ചിത്രീകരിച്ചു. മുസ്ലിംകളെ ഭയപ്പെടുത്തി അവരില്‍നിന്ന് അറവുനിര്‍ത്താനുള്ള കരാര്‍പത്രങ്ങള്‍ ‘ഇഖ്റാര്‍ നാമ’ എന്ന പേരില്‍ ഗോരക്ഷിണി സഭകള്‍ എഴുതിവാങ്ങി.

ഗോരക്തത്തിന്‍െറ പേരില്‍ ഉറഞ്ഞുതുള്ളി മനുഷ്യരുടെ ചുടുരക്തം നിരത്തിലൊഴുക്കി മുടിയഴിച്ചുതുള്ളിയ വര്‍ഗീയ കൂട്ടായ്മകളുടെ പ്രചാരണസാമഗ്രികള്‍ പ്രസരിപ്പിച്ച ആശയങ്ങള്‍ വഴിയാണ് ഇന്ന് ശരാശരി സവര്‍ണ ഹിന്ദുവിനെ ഭരിച്ചുകൊണ്ടിരിക്കുന്ന ബീഫ് വിരോധം ജന്മംകൊണ്ടത് എന്നു മനസ്സിലാക്കുമ്പോഴാണ് ഗോമാംസവര്‍ജനത്തെ നമ്മുടെ ദേശീയതയായി നിര്‍ണയിക്കാനുള്ള ശ്രമം എന്തുമാത്രം അപകടകരമാണെന്ന് മനസ്സിലാവുക. ഹിന്ദുക്കളെ ഇളക്കിവിടാന്‍വേണ്ടി ഗോരക്ഷിണി സഭകള്‍ ഗോമാതാ പരികല്‍പനയെ പൊലിപ്പിച്ചവതരിപ്പിച്ചിരുന്നില്ളെങ്കില്‍ ആധുനിക ഇന്ത്യയില്‍ ഇത്ര കനത്ത ബീഫ് വിരോധമുണ്ടാകുമായിരുന്നില്ളെന്ന് തീര്‍ച്ചയാണ്. എല്ലാ മനുഷ്യരും പശുവിന്‍െറ പാല്‍ കുടിക്കുന്നതിനാല്‍ പശു ലോകത്തിന്‍െറ മാതാവാണെന്നും ഗോവധം മാതൃവധത്തിന് തുല്യമാണെന്നും 1880കളിലും തൊണ്ണൂറുകളിലുമായി ഇറങ്ങിയ അസംഖ്യം സഭാലേഖനങ്ങള്‍ വാദിച്ചു. പശുവിനെ അറുക്കുന്നതിനുചുറ്റും വിവിധ ജാതികളില്‍പെട്ട ഹിന്ദുക്കള്‍ ചേര്‍ന്നുനിന്ന് കണ്ണീര്‍ പൊഴിക്കുന്നതുപോലുള്ള ചിത്രങ്ങള്‍ അച്ചടിച്ചതിനുപിന്നിലെ വര്‍ഗീയലക്ഷ്യങ്ങള്‍ വളരെ പ്രകടമായിരുന്നു.
ഓരോ ഗ്രാമത്തിലെയും ഹിന്ദു പൗരപ്രമുഖരുടെ മേല്‍വിലാസത്തിലേക്ക്  മുസ്ലിംകള്‍ക്കെതിരെ ജാഗരൂകരായിരിക്കേണ്ടതിന്‍െറ ‘ആവശ്യകത’ വിവരിക്കുന്ന കത്തുകള്‍ (പാട്ടിയകള്‍) അയക്കുന്നതായിരുന്നു ഇവരുടെ മറ്റൊരു പ്രവര്‍ത്തന രീതി. വര്‍ഗീയവിഷം അക്ഷരങ്ങള്‍ക്കുമേല്‍ തിടംവെച്ചുനിന്നിരുന്ന ഇത്തരം കത്തുകളിലൊന്ന് ഇപ്രകാരമാണ്: ‘ഹിന്ദുക്കള്‍ക്ക് മുന്നില്‍ മറ്റൊരു വഴിയുമില്ല. പശുവറവുമായി ബന്ധപ്പെട്ട് ഹിന്ദുക്കള്‍ക്കും മുസ്ലിംകള്‍ക്കുമിടയില്‍ ശത്രുതയുണ്ടെന്ന് നിങ്ങള്‍ക്കറിയാം... (ബലിപെരുന്നാളിന് ചില ഗ്രാമങ്ങളില്‍ നടക്കുന്ന അറവ്) ഹിന്ദുക്കള്‍ക്ക് വലിയ അപമാനമാണ് വരുത്തിയിരിക്കുന്നത്; ജീവിതം ഒരു ശാപമായിത്തീരാന്‍ മാത്രമുള്ള അപമാനം! അതിനാല്‍, നിങ്ങള്‍ മുസല്‍മാന്മാരുടെ വീടുകള്‍ കൊള്ളയടിക്കണം, മുസല്‍മാന്മാരെ കൊല്ലണം, ഗ്രാമത്തില്‍ അഞ്ച് കത്തുകള്‍ വിതരണം ചെയ്യുകയും വേണം. നിങ്ങള്‍ കത്ത് വിതരണം ചെയ്യുകയും (മുസല്‍മാന്മാരെ) കക്കുകയും കൊല്ലുകയും ചെയ്യുന്നില്ളെങ്കില്‍, നിങ്ങളുടെ മകളോടുപോയി ശരീരബന്ധം പുലര്‍ത്തിക്കൊള്ളുക. തീര്‍ച്ചയായും, ഇതിനൊന്നും (മുസ്ലിംകള്‍ക്കെതിരായ അതിക്രമങ്ങള്‍) മുതിരാതിരിക്കുന്നതിനേക്കാള്‍ നല്ലത് നിങ്ങളുടെ അമ്മയെ ഒരു മുസല്‍മാന് വിവാഹം ചെയ്തുകൊടുക്കലാണ്.’

യു.പിയില്‍ സംഭവിച്ച കാട്ടാളത്തത്തില്‍ നടുങ്ങുമ്പോള്‍തന്നെയും അത്തരം സംഭവങ്ങള്‍തന്നെയാണ് ഗോമാംസത്തിനെതിരെയുള്ള പ്രോപഗണ്ട വഴി ഫാഷിസം എക്കാലത്തും ലക്ഷ്യമാക്കിയതെന്നുകൂടി മനസ്സിലാക്കിയിട്ടില്ളെങ്കില്‍ ഒരു അപവാദമായോ വ്യതിയാനമായോ അഖ്ലാഖിന്‍െറ കൊലപാതകത്തെ നാം തെറ്റിദ്ധരിക്കാനിടയുണ്ട്. അത്, നമ്മുടെ ഫാഷിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തെ ദുര്‍ബലപ്പെടുത്തുക മാത്രമേ ചെയ്യൂ.  

Show Full Article
TAGS:
Next Story