രാഷ്ട്രപിതാവിന്‍െറ സന്തതസഹചാരിയും പ്രൈവറ്റ് സെക്രട്ടറിയുമായിരുന്ന വെങ്കട്ടരാമന് കല്യാണിന്‍െറ ഓര്‍മകള്‍ തെളിനീരുപോലെ ഒഴുകിയിറങ്ങി. 1943ല്‍ ഗാന്ധിജിയോടൊപ്പം തുടങ്ങിയ ജീവിതത്തില്‍നിന്ന് പഠിച്ച നല്ലപാഠങ്ങളാണ് കര്‍മനിരതയുടെ രഹസ്യമെന്ന് ചെന്നൈ തേനാംപെട്ടിലെ സരസ്വതി എന്ക്ളേവിന്െറ പടിമുറ്റം മുതല്‍ സാക്ഷിയാണ്. കോണ്‍ക്രീറ്റ് കെട്ടിടത്തിന്‍െറ മുറ്റം മുതല്‍ മട്ടുപ്പാവുവരെ പ്രകൃതിരമണീയമായ ആശ്രമ അന്തരീക്ഷമാണ്. വീടിനകം ഗാന്ധിദര്ശനങ്ങളാല് അലംകൃതവും. ഭാര്യയുടെ മരണശേഷം തനിച്ച് താമസിക്കുന്ന കല്യാണം ലഘുഭക്ഷണപ്രിയനാണ്. ആവശ്യമുള്ള ഭക്ഷണം മാത്രം പരസഹായമില്ലാതെ പാകം ചെയ്ത് കഴിക്കും. ശാന്തമായി സംസാരിച്ചുതുടങ്ങിയ കല്യാണം സമകാലിക സംഭവങ്ങളിലേക്ക് എത്തിയപ്പോള്‍ പൊട്ടിത്തെറിച്ചു.
ഗോദ്സെയുടെ വെടിയേറ്റ് മഹാത്മാവ് ജീവന് വെടിയുന്നതിന് സാക്ഷിയാണ് കല്യാണം. ഗാന്ധിക്ക് നേരെ പാഞ്ഞ വെടിയുണ്ടകള്‍ ഇഞ്ചുകളുടെ വ്യത്യാസത്തിനാണ് കല്യാണത്തെ കടന്നുപോയത്. ഉന്നംതെറ്റി അവ ഏല്ക്കാന് സാധ്യതയുണ്ടായിരുന്നെങ്കില്‍ രണ്ട് കൈയും ഉയര്‍ത്തി അത് സ്വീകരിക്കുമായിരുന്നു. ആ മഹാത്മാവിന്‍െറ ജീവന് പകരംകൊടുക്കാന്‍ രാജ്യത്തെ താനുള്‍പ്പെടെ കോടാനുകോടി ജനം തയാറായിരുന്നു. എന്നാല്‍, അവര്‍ക്ക് ഗാന്ധിജിയെ മാത്രം മതിയായിരുന്നു. സ്വാതന്ത്ര്യപ്പുലരിയിലേക്ക് രാജ്യത്തെ കൈപിടിച്ചുയര്‍ത്താന്‍ ഗാന്ധിയോടൊപ്പം അനുഭവിച്ച യാതനകള്‍ ഓര്‍ത്തെടുത്ത കല്യാണം പറഞ്ഞുതുടങ്ങിയതുതന്നെ രാജ്യത്തെ രക്ഷിക്കാന്‍ ബ്രിട്ടീഷുകാര്‍ മടങ്ങിവരട്ടെയെന്ന്.
അവസാന നാളുകളില്‍ ഗാന്ധി തീര്‍ത്തും നിരാശനായിരുന്നു. അധികാരത്തിന്‍െറയും മതഭ്രാന്തിന്‍െറയും മത്തു തലയില്പിടിച്ചവര് മഹാത്മാക്കളെ മറന്ന് ആവോളം മോന്താന് തുടങ്ങി. ഭരണാധികാരികള്‍ ഇന്ന് രാജ്യത്തേക്ക് മടങ്ങിവരുന്നത് അപൂര്‍വമായി മാത്രമായി. സ്വാതന്ത്ര്യത്തിന് ശേഷം തൊഴില്‍വകുപ്പ് മന്ത്രിയായി ചുമതലയേറ്റ ജഗജീവന്റാം ജനീവയില്‍ തൊഴിലാളികളുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പുറപ്പെടുന്നതിന് മുമ്പ് ഗാന്ധിജിയുടെ അനുഗ്രഹം വാങ്ങാനത്തെി. കരം ഗ്രഹിച്ച് റാം വിഷയം പറയുന്നതിനിടെ കൈ പിന്‍വലിച്ച് ഗാന്ധി അസ്വസ്ഥത പ്രകടിപ്പിച്ചു. ജനങ്ങളെ സേവിക്കേണ്ടത് രാജ്യത്തുനിന്നാകണമെന്ന് റാമിനെ ഉപദേശിച്ചു. അനുഗ്രഹവും നല്‍കിയില്ല.
ജനാധിപത്യം ഏകാധിപത്യത്തിന് വഴിമാറുന്നെങ്കില്‍ ബ്രിട്ടീഷ് ഭരണം തിരിച്ചുവരുന്നതാണ് നല്ലത്. അവരുടെ ഭരണം ഇതിനെക്കാള്‍ എത്രയോ മെച്ചമായിരുന്നു. പാര്‍ട്ടികള്‍ മാറിമാറി വരുന്നതല്ലാതെ എങ്ങും മാറ്റം കാണുന്നില്ല. സ്വച്ഛ് ഭാരതിന് എന്തെങ്കിലും നിഗൂഢ അര്‍ഥമുണ്ടോ എന്ന് സംശയിക്കത്തക്ക കാരണങ്ങളുണ്ട്. എല്ലാ മതങ്ങളും ദൈവങ്ങളും തുല്യരാണെന്ന് ഗാന്ധിജിയുടെ പ്രഭാഷണങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. എന്നാല്‍, ഗോദ്സെക്ക് ക്ഷേത്രം പണിയുന്ന കാലത്താണ് നാം ജീവിക്കുന്നത്. സുതാര്യമായി ജീവിതം നയിക്കുന്ന നേതാക്കളില്ല. എല്ലാവരും ഒരുതരത്തില്‍ അല്ളെങ്കില്‍ മറ്റൊരുതരത്തില്‍ കള്ളന്മാരാണ്.
രാജ്യത്ത് ഇന്നാര്‍ക്കും ഗാന്ധിജിയെ വേണ്ട. പുസ്തകത്താളുകളും വിദേശികളുമാണ് ഗാന്ധിദര്‍ശനം പിന്പറ്റുന്നവര്. ഗാന്ധിജിയുടെ സത്യസന്ധത ആര്‍ക്കും ഒരിക്കലും ചോദ്യം ചെയ്യാനാകില്ല. മഹാത്മാവ് ജീവന് വെടിഞ്ഞത് സത്യത്തിനുവേണ്ടിയാണ്. സ്വാതന്ത്ര്യം രുചിച്ച രാജ്യത്തിലെ പീഡിതര്‍ക്കുവേണ്ടി മറ്റൊരു സ്വാതന്ത്ര്യസമരം ഗാന്ധിജി ജീവിച്ചിരുന്നെങ്കില്‍ നയിച്ചേനേ. ഇത് മുന്നില്‍കണ്ടവരാണ് അദ്ദേഹത്തെ അവസാനിപ്പിച്ചത്. അദ്ദേഹത്തിന്‍െറ നാലുമക്കളും സാധാരണക്കാരായാണ് ജീവിതം നയിച്ചത്. അവരെ ഉയര്‍ന്ന പദവികളിലത്തെിക്കാന് അദ്ദേഹം മെനക്കെട്ടില്ല. ഇന്ന് ഗാന്ധിയുടെ പേരിട്ട് ചിലര്‍ രാഷ്ട്രീയം കൈപ്പിടിയില്‍ ഒതുക്കാന്‍ ശ്രമിക്കുന്നു.
രാജകീയ ജീവിതത്തില്‍നിന്നാണ് യുവാവായ കല്യാണം ഗാന്ധിയുടെ ആശ്രമത്തിലേക്ക് എത്തുന്നത്. സേവാഗ്രാമിലേക്ക് പറഞ്ഞയച്ചത് തന്‍െറ ഓഫിസ് മേധാവിയായ ബ്രിട്ടീഷുകാരനാണ്. ഇതിനായി രണ്ടു മാസത്തെ അവധിയും അനുവദിച്ചു. 250 രൂപ ശമ്പളം ഉണ്ടായിരുന്ന ഈ യുവാവ് അമ്പത് രൂപക്കാണ് ഗാന്ധിയുടെ സഹായിയാകുന്നത്. മഹാദേവ് ദേശായിക്കും പ്യാരെലാലിനും ശേഷം ഗാന്ധിയുടെ സെക്രട്ടറിപദവിയും അലങ്കരിച്ചു. കുട്ടികളെപോലെ സംസാരിക്കുകയും കുട്ടികളെപോലെ വൃത്തിയില്ലാതെ എഴുതുകയും ചെയ്ത മഹാത്മാവിന് കല്യാണത്തിന്‍െറ കൈയക്ഷരം നന്നേ പിടിച്ചു.
1922 ആഗസ്റ്റ് 15ന് ഷിംലയിലെ ഫാഗ്ലിയില്‍ ജനിച്ചു. രണ്ട് സഹോദരിമാരുടെ ഏക സഹോദരന്. ഏജീസ് ഓഫിസ് ജീവനക്കാരിയായ സരസ്വതിയെ വിവാഹം കഴിച്ചതോടെയാണ് കല്യാണം ചെന്നൈയില്‍ ജീവിതം തുടങ്ങുന്നത്. ഭാര്യ മരണപ്പെട്ടു. രണ്ട് പെണ്മക്കളില് മൂത്തയാള്‍ മാലിനി പുട്ടപര്‍ത്തി സത്യസായി ബാബയുടെ ആശ്രമത്തിലാണ്. രണ്ടാമത്തെയാള്‍ നളിനി ചെന്നൈയില്‍തന്നെയുണ്ട്. ഹരിജനക്ഷേമ വകുപ്പില്‍ ഡയറക്ടറായാണ് കല്യാണം ഒൗദ്യോഗിക ജീവിതം അവസാനിപ്പിച്ചത്.
(തയാറാക്കിയത്: എ.എം. അഹമ്മദ് ഷാ)
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Oct 2015 7:20 AM GMT Updated On
date_range 2015-10-02T12:50:35+05:30ഇങ്ങനെയെങ്കില്‍ ബ്രിട്ടീഷുകാര്‍ തിരിച്ചുവരട്ടെ
text_fieldsNext Story