Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightസാര്‍ഥകമാകട്ടെ,...

സാര്‍ഥകമാകട്ടെ, ജീവിതത്തിന്‍െറ സായംകാലം

text_fields
bookmark_border

ശൈശവവും ബാല്യവും യൗവനവും കടന്ന് ഒരാള്‍ വാര്‍ധക്യത്തിലത്തെുമ്പോള്‍ യഥാര്‍ഥത്തില്‍ ജീവിതത്തിന്‍െറ മുന്നോട്ടുള്ള പ്രയാണം നിലച്ച് ഒരു തിരിച്ചുനടത്തത്തിനൊരുങ്ങുകയാണ്. അതുകൊണ്ടാണ് വാര്‍ധക്യത്തെ ‘രണ്ടാം ശൈശവം’ എന്ന് കളിയാക്കിപ്പറയുന്നത്. യൗവനം അവസാനിക്കുന്നതോടെ ഒരാള്‍ രോഗങ്ങളുടെയും അവശതകളുടെയും അകമ്പടിയോടെ ജീവിത സായാഹ്നത്തിലേക്ക് പ്രവേശിക്കുകയാണ്. യഥാര്‍ഥത്തില്‍ കുടുംബാംഗങ്ങളോടൊപ്പം സന്തോഷപ്രദമായ വിശ്രമജീവിതം നയിക്കേണ്ട കാലമാണിത്. എന്നാല്‍, ഇതിനുപകരം അവഗണനയുടെയും ഒറ്റപ്പെടലിന്‍െറയും അവശതയുടെയും  ഭീതിപ്പെടുത്തുന്ന അവസ്ഥയെ അനുഭവിച്ചുതീര്‍ക്കുകയാണ്  ഇന്ന് നമ്മുടെ വാര്‍ധക്യം.
വയോജനങ്ങളുടെ ദേശീയ ശരാശരി  8.5 ശതമാനം മാത്രമാകുമ്പോള്‍ കേരളത്തിലത് 1.3 ശതമാനമാണ്. വ്യക്തികളുടെ ആയുര്‍ദൈര്‍ഘ്യം കേരളത്തില്‍ വളരെ ഉയര്‍ന്ന നിരക്കിലായതുകൊണ്ടാണിത്. ഇതിനെല്ലാം പുറമെയാണ് കേരളത്തില്‍ ജീവിതശൈലീരോഗങ്ങളുടെ ആധിക്യം. അതുകൊണ്ടുതന്നെ വൃദ്ധജനങ്ങളുടെ പ്രശ്നം ഏറ്റവും രൂക്ഷമായി അഭിമുഖീകരിക്കാനിരിക്കുന്നത് നമ്മുടെ സംസ്ഥാനമാണ്.
കേരളത്തില്‍ 60 വയസ്സ് തികഞ്ഞവരില്‍ 70 ശതമാനം പേരും പ്രമേഹം, രക്തസമ്മര്‍ദം, കൊളസ്ട്രോള്‍ തുടങ്ങിയ ജീവിതശൈലീരോഗങ്ങളുടെയും വാര്‍ധക്യത്തിന്‍െറ സ്വാഭാവിക പ്രശ്നങ്ങളായ മറ്റനവധി രോഗങ്ങളുടെയും പിടിയിലാണ്. കൂടാതെ, ഇക്കൂട്ടത്തില്‍ അധികപേരും വിഷാദരോഗംപോലുള്ള മാനസികപ്രശ്നങ്ങളും അനുഭവിക്കുന്നുണ്ട്. ശാരീരിക രോഗങ്ങളും അവശതയും ഒറ്റപ്പെടലും അവഗണനയും സ്വയംനിര്‍ണയാവകാശം നഷ്ടപ്പെടലുമാണ് ഇക്കൂട്ടരെ മാനസിക പ്രശ്നങ്ങളിലേക്ക് തള്ളിവിടുന്നത്.
നമ്മുടെ സംസ്ഥാനത്തെ വൃദ്ധജനങ്ങളെ പൊതുവെ രണ്ടുതരത്തില്‍ നോക്കിക്കാണാമെന്ന് തോന്നുന്നു. വിദ്യാസമ്പന്നരും സാമ്പത്തികമായി സുരക്ഷിതരും അതേസമയം, കുടുംബാംഗങ്ങളില്‍ നിന്ന് സ്നേഹവും പരിചരണവും ലഭിക്കാത്തവരുമാണ് ഇതില്‍ ഒരു വിഭാഗം. മറുവിഭാഗമാകട്ടെ കുടുംബത്തിന്‍െറ സംരക്ഷണം ലഭിക്കുമ്പോള്‍തന്നെ സമ്പാദ്യങ്ങളൊന്നുമില്ലാത്തതിന്‍െറ പേരില്‍ നിത്യജീവിതം മുന്നോട്ടുകൊണ്ടുപോകാനോ തന്‍െറ രോഗങ്ങള്‍ക്ക് അത്യാവശ്യ ചികിത്സകള്‍പോലും നടത്താനോ കഴിയാത്തവരും.
വരേണ്യവര്‍ഗത്തില്‍പ്പെട്ടവരില്‍ ഭൂരിഭാഗത്തിനും ഒന്നോ രണ്ടോ മക്കള്‍ മാത്രവും അവര്‍ വിദേശരാജ്യങ്ങളിലോ ദൂരദിക്കുകളിലോ ജോലിയാവശ്യാര്‍ഥം കുടിയേറി പാര്‍ക്കുന്നവരോ ആകുന്നതോടെ ജീവിതത്തിന്‍െറ അവസാനകാലം ഏതെങ്കിലും ഹോംനഴ്സ്, ഡ്രൈവര്‍, വേലക്കാര്‍ മുതലായവരുടെയും സംരക്ഷണയിലാകുന്നു.
ജീവിതത്തിന്‍െറ വലിയൊരു കാലഘട്ടം  കുടുംബത്തിനും സമൂഹത്തിനും വേണ്ടി കഷ്ടപ്പെട്ടശേഷം  രോഗങ്ങള്‍മൂലവും വാര്‍ധക്യത്തിന്‍െറ അവശതകള്‍മൂലവും പരസഹായം ആവശ്യമായിവരുന്ന സമയത്ത് സ്നേഹിക്കാനും സഹായിക്കാനും ആരുമില്ലാതായിത്തീരുന്ന അവസ്ഥ ആര്‍ക്കും ഉള്‍ക്കൊള്ളാനാവാത്തതാണ്. ചിലര്‍ അവഗണനയുടെ ദുരിതംപേറി വൃദ്ധസദനങ്ങളില്‍ അഭയംപ്രാപിക്കുമ്പോള്‍ മറ്റുചിലര്‍ എല്ലാവിധ സുഖസൗകര്യങ്ങളോടും കൂടെ വീടുകളിലെ സ്വകാര്യമുറികളിലെ പാരതന്ത്ര്യങ്ങളില്‍ ഒതുങ്ങുന്നു. ഈ രണ്ടവസ്ഥയും ഇവര്‍ക്ക് സമ്മാനിക്കുന്നത് മനോവേദനയും വിഷാദവുമാണ്. എല്ലാവരും നാളെ ഈ അവസ്ഥയിലത്തെിപ്പെടുമെന്നും ഇപ്പോള്‍ മുതിര്‍ന്ന തലമുറയോട് കാണിക്കുന്ന സ്നേഹവും ആദരവും പരിഗണനയും കണ്ടുപഠിച്ചാണ് അടുത്ത തലമുറ തങ്ങളോട് പെരുമാറേണ്ടതെന്നുമുള്ള സത്യം  പലപ്പോഴും നാം മറന്നുപോവുകയാണ്.
വയോജനങ്ങള്‍ക്കു വേണ്ടത് ആദരവാണെന്നും അവഗണനയല്ളെന്നുമുള്ള ബോധം ചെറുപ്രായത്തിലേ ഒരു വ്യക്തിയില്‍ വളര്‍ത്തിയെടുക്കണം. അതിനനുസരിച്ചുള്ള പാഠഭാഗങ്ങള്‍ സിലബസുകളില്‍ ഉള്‍പ്പെടുത്തണം. സമൂഹത്തിന്‍െറ നന്മയുടെ അളവുകോല്‍ ആ സമൂഹം വയോജനങ്ങളെ എങ്ങനെ ആരോഗ്യകരമായി പരിരക്ഷിക്കുന്നു എന്നുള്ളതാണ്. ഈ പരിചരണം ഒരു കടം വീട്ടലല്ല, മറിച്ച് ഒരു കടമയാണെന്നോര്‍ക്കണം.
മുതിര്‍ന്നവരില്ലാതെ ഒരു കുടുംബം സത്യത്തില്‍ പൂര്‍ണമാകുന്നില്ല. ഒരു മുത്തച്ഛനോ മുത്തശ്ശിയോ അറിയാതെതന്നെ ആ കുടുംബത്തിലെ ധാര്‍മികതയുടെ കാവലാളാവുകയാണ്. അല്ളെങ്കില്‍ വളരുന്ന തലമുറക്ക് നേര്‍വഴി കാണിക്കുന്ന വഴിവിളക്കുകളാവുകയാണ്. സ്നേഹിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുമ്പോള്‍ സത്യത്തില്‍ വാര്‍ധക്യം പൂത്തുലയുകയാണ്. ഈ അവസ്ഥയില്‍ വാര്‍ധക്യം അതിന്‍െറ പരാധീനതകളെ അതിജീവിച്ച് സമൂഹത്തിന് നേര്‍വഴി കാണിക്കാനും യുവതലമുറകളെ പക്വതയുടെ പാഠങ്ങള്‍ പറഞ്ഞുകൊടുക്കാനും ശക്തിപ്രാപിക്കും. ജീവിത സായാഹ്നം വിശ്രമത്തിനുള്ള കാലമാണെന്ന ചിന്തമാറ്റി കര്‍മോത്സുകരാവാനുള്ളതാണെന്ന് തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുമ്പോഴാണ് വാര്‍ധക്യം സാര്‍ഥകമാകുന്നത്. ഇതിന് സാമ്പത്തികഭദ്രതയുള്ളവരും ആരോഗ്യമുള്ളവരുമായ വൃദ്ധജനങ്ങള്‍ കൂട്ടായ്മകളുണ്ടാക്കി സമൂഹത്തിലെ അവശത അനുഭവിക്കുന്ന വൃദ്ധര്‍ക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടേണ്ടതുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story