Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഡിഫ്തീരിയയും ലോഫ്ളറും ...

ഡിഫ്തീരിയയും ലോഫ്ളറും പിന്നെ ഞാനും

text_fields
bookmark_border
ഡിഫ്തീരിയയും ലോഫ്ളറും പിന്നെ ഞാനും
cancel

ഞാന്‍ എന്നെ സ്വയം നിങ്ങള്‍ക്ക് പരിചയപ്പെടുത്തട്ടെ! ഞാന്‍ ‘ലോഫ്ളര്‍’ കുടുംബത്തില്‍ പിറന്നവന്‍. വ്യക്തമായി പറഞ്ഞാല്‍ 2-6 മൈക്രോമീറ്റര്‍ നീളവും 0.5 മീറ്റര്‍ വ്യാസവുമുള്ള ഒരു സൂക്ഷ്മാണു. ഉന്നതകുലജാതനായ ബാക്ടീരിയ. സ്രഷ്ടാവ് എനിക്ക് ഉഗ്രസംഹാരശേഷി നല്‍കിയാണ് ഭൂമിയിലേക്കയച്ചത്. ലോഫ്ളര്‍ തറവാട്ടില്‍ പിറന്ന ഞങ്ങള്‍ക്ക് ഇരകളെ ആക്രമിച്ച് തൊണ്ടയില്‍ പാടയും വീക്കവുമുണ്ടാക്കി വെള്ളമിറക്കാനോ ശ്വസിക്കാനോ സാധിക്കാതെ ഹൃദയം, ശ്വാസകോശം, നാഡീവ്യൂഹം എന്നീ അവയവങ്ങളെ കീഴ്പ്പെടുത്തി, ഇരയെ ഇഞ്ചിഞ്ചായി കൊല്ലാനുള്ള കഴിവുണ്ട്. ഈ കഴിവില്‍ ഞങ്ങള്‍ക്ക് സ്വല്‍പം സ്വകാര്യ അഹങ്കാരമൊക്കെയുണ്ട്, കേട്ടോ!
വൈദ്യശാസ്ത്രലോകത്തെ കാരണവന്മാരൊക്കെ ഞങ്ങളുണ്ടാക്കുന്ന രോഗത്തെ ‘ഡിഫ്തീരിയ’ എന്നാണ് വിശേഷിപ്പിക്കുന്നത്. ‘തൊണ്ടമുള്ള്’ എന്ന് കേട്ടാല്‍ സാധാരണക്കാര്‍ക്ക് മനസ്സിലാകും. 1880കളില്‍ ഞങ്ങളുടെ വംശത്തിന്‍െറ സാന്നിധ്യം കണ്ടുപിടിച്ച ക്ളെബ്സ്, ലോഫ്ളര്‍ എന്നീ ശാസ്ത്രജ്ഞന്മാരാണ് ഞങ്ങളുടെ തലതൊട്ടപ്പന്മാര്‍.
16,17 നൂറ്റാണ്ടുകളില്‍ എന്‍െറ പൂര്‍വികര്‍ സ്പെയിന്‍, ഇംഗ്ളണ്ട് തുടങ്ങിയ രാജ്യങ്ങളില്‍ പടയോട്ടം നടത്തി വന്‍ നാശമല്ളേ വിതച്ചത്? 19ാം നൂറ്റാണ്ടുവരെ ഞങ്ങള്‍ക്കെതിരെ പ്രതിരോധമൊന്നുമില്ലാതെ ശാസ്ത്രലോകം ഇരുട്ടില്‍ തപ്പിയെങ്കിലും 1920കളില്‍ ഞങ്ങളെ തുരത്താന്‍ മനുഷ്യര്‍ വാക്സിന്‍ നിര്‍മിച്ചുതുടങ്ങി. പത്തിയൊക്കെ താഴ്ത്തി പിന്നീടുള്ള കുറെ നൂറ്റാണ്ടുകള്‍ അടങ്ങിയൊതുങ്ങി കഴിഞ്ഞെങ്കിലും രോഗപ്രതിരോധച്ചട്ടയില്‍ വിള്ളലുകളുള്ള രാജ്യങ്ങള്‍ തേടിപ്പിടിച്ച് ഞങ്ങള്‍ ഇരകളെ കണ്ടത്തൊറുണ്ട്. ഈ 21ാം നൂറ്റാണ്ടിലും റഷ്യ, ഹെയ്തി, ഇന്ത്യ  എന്തിനേറെ 2015ല്‍ അങ്ങ് സ്പെയിനില്‍വരെ ഞങ്ങള്‍ ഇരകളെ കണ്ടത്തെി.
എനിക്ക് ലോകത്ത് വസിക്കാന്‍ ഏറ്റവും ഇഷ്ടമുള്ളയിടം ഏതെന്നോ? ദൈവത്തിന്‍െറ സ്വന്തംനാടായ കേരളംതന്നെ! കേരളത്തില്‍ ഞങ്ങള്‍ ഇപ്പോള്‍ വേരുറപ്പിച്ചിരിക്കുന്നത് മലപ്പുറത്താണ്. ഞങ്ങള്‍ക്ക് ജീവിക്കാനും ഇരതേടാനും  പറ്റിയ കാലാവസ്ഥയും സാമൂഹിക പശ്ചാത്തലവുമൊക്കെ വേണ്ടുവോളമുണ്ടിവിടെ. ഇരകളെ തേടി അങ്ങോളമിങ്ങോളം അലയണ്ട. ഈ ദേശത്തിന്‍െറ ചില ഭാഗങ്ങളിലൊക്കെ തീരെ കുത്തിവെപ്പെടുക്കാത്ത കുഞ്ഞുമുകുളങ്ങള്‍! പണ്ടൊക്കെ ഞങ്ങള്‍ 3-5 വയസ്സുകാരെ തിരഞ്ഞുപിടിച്ചായിരുന്നു ആക്രമണം. അപ്പോള്‍ അതാ, ഞങ്ങളുടെ കഞ്ഞിയില്‍ പാറ്റയിട്ടുംകൊണ്ട് കുറെ ബുദ്ധിജീവികള്‍ വന്‍ശക്തിയുള്ള ഒരു മിസൈല്‍ വികസിപ്പിച്ചെടുത്തു. ഡി.പി.ടി എന്ന കുത്തിവെപ്പ്. ഈ വാക്സിന്‍ മിസൈലിന്‍െറ ശക്തിയില്‍ ഇരകളെ ആക്രമിക്കാന്‍ തുനിഞ്ഞ എന്‍െറ പൂര്‍വികര്‍ കത്തിച്ചാമ്പലായി.
ഇരകളില്‍ ‘ഡിഫ്തീരിയ’  ഉണ്ടാക്കാന്‍ ഞങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന ടോക്സിന്‍ എന്ന മാരകവസ്തുവിനെ വീര്യംകുറച്ച് വികസിപ്പിച്ച് ടോക്സോയ്ഡ്  രൂപത്തില്‍ ഞങ്ങള്‍ക്കെതിരത്തെന്നെ പ്രയോഗിച്ചു, കശ്മലന്മാര്‍. അങ്ങനെ 1920 കളില്‍ തുടങ്ങി ഞങ്ങളുടെ ശനിദശ. ലോകത്താകമാനം ഞങ്ങളുടെ കുടുംബത്തിന്‍െറ ശക്തി ക്ഷയിച്ചു.
എന്നാല്‍, സംഗതിയുടെ കിടപ്പ് മാറി കേട്ടോ? ഇപ്പോള്‍ ഞങ്ങള്‍ക്ക് ശുക്രദശയാണ്.  കഴിഞ്ഞ 10 കൊല്ലങ്ങളായി ഇരകള്‍ക്ക് ഒരു പഞ്ഞവുമില്ല. ഡിഫ്തീരിയക്കെതിരെ കുത്തിവെപ്പെടുക്കാത്ത 10 മുതല്‍ 12 വയസ്സുവരെയുള്ള ബാലികാ ബാലന്മാരാണ് ഞങ്ങളുടെ ഉന്നം.
ശക്തികേന്ദ്രങ്ങളില്‍ ഞങ്ങള്‍ സസുഖം വാഴുന്നതെങ്ങനെയെന്നറിയണ്ടേ? അജ്ഞതക്കും മിഥ്യാധാരണകള്‍ക്കും ദുഷ്പ്രചാരണങ്ങള്‍ക്കും അടിമപ്പെട്ട്, തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് കുത്തിവെപ്പ് എടുക്കാന്‍ മടിയുള്ള കുറച്ച് മാതാപിതാക്കള്‍ ചുറ്റുമുണ്ടെങ്കില്‍ എവിടെയും കാര്യങ്ങള്‍ വളരെ എളുപ്പം. കുഞ്ഞുങ്ങള്‍ക്ക് വാക്സിന്‍ നല്‍കുന്നത് ഒരു പ്രത്യേക സമുദായത്തിന്‍െറ പ്രജനനശേഷി നഷ്ടപ്പെടുത്താനുള്ള അടവാണെന്നും പാര്‍ശ്വഫലങ്ങള്‍ ഏറെയാണെന്നുമുള്ള മട്ടിലുള്ള പ്രചാരണങ്ങള്‍ കേട്ടാല്‍ ആഹ്ളാദിക്കാതിരിക്കുന്നതെങ്ങനെ?  ഇതിന് ചുക്കാന്‍പിടിക്കുന്ന കക്ഷികളെ എനിക്ക് ആശ്ളേഷിക്കാന്‍ കൊതിയാകുന്നു. ശത്രുപക്ഷത്തുനിന്നും ഞങ്ങള്‍ക്ക് ഇടക്കിടെ ഒൗദാര്യങ്ങള്‍ കിട്ടാറുണ്ട് കേട്ടോ. ഉദാഹരണമായി, കേന്ദ്ര സര്‍ക്കാറിന്‍െറ പിടിപ്പുകേടുകൊണ്ട് 2008ല്‍ ഉണ്ടായ ഡി.പി.ടി വാക്സിന്‍ ക്ഷാമത്തിലൂടെ ഞങ്ങള്‍ ഏറെ കരുത്താര്‍ജിച്ചു. ചില ഡോക്ടര്‍മാരുടെയും സംഘടനകളുടെയും സഹായവും ഒരിക്കലും വിസ്മരിക്കാവുന്നതല്ല. 2010ല്‍ പെന്‍റാവാലന്‍റ് വാക്സിന്‍ കുത്തിവെപ്പുമൂലം, കുഞ്ഞുങ്ങള്‍ മരിച്ചു എന്ന ആക്ഷേപം ഉയര്‍ന്നപ്പോള്‍, ശാസ്ത്രീയപഠനങ്ങളുടെയും അന്വേഷണങ്ങളുടെയും ഫലം കാത്തുനില്‍ക്കാതെ, ശാസ്ത്രലോകത്ത് ചര്‍ച്ചചെയ്യപ്പെടേണ്ടതായ വിഷയം പത്രമാധ്യമങ്ങളിലും മറ്റും പരസ്യപ്പെടുത്തി, ജനങ്ങളില്‍ അകാരണഭീതി വളര്‍ത്തി, കുത്തിവെപ്പില്‍നിന്നും അകറ്റി, ഞങ്ങള്‍ക്കുവേണ്ടി അവര്‍ നന്നായി അധ്വാനിച്ചു.
ഞങ്ങള്‍ക്കും പോളിയോ അണുവിനുവേണ്ടിയും ഫീസൊന്നും കൂടാതെ അഡ്വര്‍ടൈസ്മെന്‍റ് നടത്തുന്ന മാധ്യമങ്ങളോടും കടപ്പാട് ഏറെയുണ്ട് ഞങ്ങള്‍ക്ക്. വാക്സിനുകള്‍ക്കെതിരായ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കാനും ആന്‍റിവാക്സിന്‍ ലോബിയിലെ ഡോക്ടര്‍മാരെയും മറ്റും സ്ഥിരം ലേഖകരാക്കാനുമുള്ള ഇവരുടെ നയം ഞങ്ങള്‍ക്ക് ഇതുവരെ ഏറെ ഗുണം ചെയ്തിട്ടുണ്ട്. ഇനിയും ചെയ്തുതരുമെന്നും വിശ്വസിക്കുന്നു.
കുടുംബത്തിന്‍െറ ക്ഷേമത്തിനുവേണ്ടി മണലാരണ്യത്തില്‍ അധ്വാനിക്കുന്ന ബാപ്പമാരോടും നന്ദി പറഞ്ഞോട്ടെ ഞാന്‍.  പല ഉമ്മമാരും ആരോഗ്യപ്രവര്‍ത്തകരോട് പറയുന്നതുകേട്ട് ആഹ്ളാദിക്കാറുണ്ട് ഞങ്ങള്‍... ‘ബാപ്പ ഗള്‍ഫില്‍നിന്ന് ഫോണ്‍ വിളിച്ചുപറഞ്ഞു, ‘ഓന് കുത്തിവെപ്പ്’ കൊടുക്കണ്ടാണ്.
ഞങ്ങളെ ഉന്മൂലനംചെയ്യാന്‍ ‘മിഷന്‍ ഇന്ദ്രധനുഷ്’ എന്ന മിസൈല്‍കൊണ്ടോ മറ്റോ ആരോഗ്യപ്രവര്‍ത്തകര്‍ ഈയിടെ മലപ്പുറത്ത് യജ്ഞം നടത്തിയെന്നു കേട്ടു. അവിടെ രണ്ടുവയസ്സില്‍ താഴെയുള്ള പ്രതിരോധ കുത്തിവെപ്പുകളെടുക്കാത്ത 17000 കുഞ്ഞുങ്ങളില്‍ 11,000 കുഞ്ഞുങ്ങളെ തേടിപ്പിടിച്ച് കുത്തിവെപ്പ് നല്‍കി എന്നാണ് ആരോഗ്യവകുപ്പിന്‍െറ അവകാശവാദം.
എന്നാലെന്താ, അഞ്ചുവയസ്സില്‍ താഴെ കുത്തിവെപ്പെടുക്കാത്ത അനേകം കുഞ്ഞുങ്ങള്‍ ഇപ്പോഴുമുണ്ടല്ളോ ഇവിടെ. ഞങ്ങള്‍ക്ക് മുന്നേറാന്‍ അനുകൂല സാഹചര്യങ്ങള്‍ പലതുണ്ടിവിടെ. ആധുനിക മനുഷ്യന്‍െറ അജ്ഞതയും അഹങ്കാരവും മുതലെടുത്തുകൊണ്ടും ആധുനിക വൈദ്യശാസ്ത്രത്തിന്‍െറ വെല്ലുവിളികളെ സധൈര്യം നേരിട്ടുകൊണ്ടും ഞങ്ങള്‍ വിജയഗാഥ രചിച്ചുകൊണ്ടിരിക്കുന്നു.
(ഇടുക്കിയിലെ ഗവ. മെഡിക്കല്‍ കോളജ് കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം അസോസിയേറ്റ് പ്രഫസറാണ് ലേഖിക)

Show Full Article
TAGS:
Next Story