Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഎഴുത്തുകാരന്‍െറ ദൗത്യം

എഴുത്തുകാരന്‍െറ ദൗത്യം

text_fields
bookmark_border

ഇന്ത്യാരാജ്യം നേരിടുന്ന ഭീഷണമായ അസഹിഷ്ണുതക്കെതിരെ എഴുത്തുകാരും കലാകാരന്മാരും ചരിത്രകാരന്മാരും ശാസ്ത്രജ്ഞരുമെല്ലാം ഉയര്‍ത്തിയ പ്രതിഷേധം ശക്തമായ പ്രതിരോധമാണെന്നതില്‍ തര്‍ക്കമില്ല. ബുദ്ധിജീവികളുടെ ഇത്തരം ഇടപെടലുകള്‍ ചരിത്രപരമായ ആവര്‍ത്തനമാണ്; അനിവാര്യതയുമാണ്. പക്ഷേ, പ്രതിഷേധം പ്രഥമഘട്ടമാണ്. സര്‍ഗാത്മക പ്രയത്നമാണ് പ്രധാനം. സമൂഹത്തില്‍ പരിവര്‍ത്തനം ഉണ്ടാക്കാനും സമൂഹ വിമോചനത്തിനും  സാധ്യമാവുക അതുവഴിയാണ്. ചരിത്രം പറഞ്ഞുതരുന്ന വിപ്ളവചോദനകളുടെ കഥകള്‍ അമ്മട്ടിലാണല്ളോ.
യൂറോപ്യന്‍ നവോത്ഥാനത്തിന്‍െറ തുടക്കം ഒരുപിടി ആളുകളുടെ സര്‍ഗപ്രയത്നത്തില്‍നിന്നായിരുന്നു. അതുപിന്നെ ഒരു ആന്ദോളനമായി മാറി. മര്‍ദക-ചൂഷക ഭരണകൂടത്തിനും പിഴച്ച പള്ളിമേധാവികള്‍ക്കുമെതിരെ പ്രതിഷേധവും അമര്‍ഷവും ബുദ്ധിജീവികളിലും സാധാരണക്കാരിലും ശക്തമായിരുന്നു. ബുദ്ധിജീവികള്‍ പക്ഷേ, പിന്നെയും തങ്ങളുടെ പ്രയത്നങ്ങളിലൂടെ മുന്നോട്ടുപോയി. അവര്‍ ഉയര്‍ത്തിയ മാനവിക വാദമാണ് തുടര്‍ന്ന് ശക്തിപ്രാപിച്ചത്.
അസഹിഷ്ണുതതന്നെയായിരുന്നു യൂറോപ്പിന്‍െറയും പ്രശ്നം. യഥാര്‍ഥ ക്രിസ്തുമതത്തിന് വിരുദ്ധമായി പാപ്പായിസം സൃഷ്ടിച്ച അസഹിഷ്ണുത ഭീകരമായിരുന്നു. മര്‍ദനങ്ങളുടെയും പീഡനങ്ങളുടെയും വധശിക്ഷകളുടെയും യുഗമായിരുന്നു അത്. വിദ്രോഹകരവും പ്രതിലോമപരവുമായ പൗരോഹിത്യ വാഴ്ചക്കും അത്യാചാരങ്ങള്‍ക്കുമെതിരെ ആര്‍ക്കും ഉരിയാടാനാകുമായിരുന്നില്ല. അപ്പോഴും സര്‍ഗപ്രയത്നത്തിലൂടെ ഉയര്‍ന്നുനിന്ന മനുഷ്യസ്നേഹികളുണ്ട്. അവരില്‍ പലര്‍ക്കും തങ്ങളുടെ ജീവന്‍തന്നെ നല്‍കേണ്ടിവന്നു. എങ്കിലും ഗലീലിയോ, മാര്‍ട്ടിന്‍ ലൂഥര്‍, കാല്‍വിങ് പോലുള്ളവര്‍ ഉയര്‍ത്തിയ സ്വതന്ത്രവും ശാസ്ത്രീയവുമായ ആശയങ്ങള്‍തന്നെ വിജയിച്ചു.
മാനവികത, സര്‍ഗാത്മകത, ആവിഷ്കാരം എന്നിവയിലേക്കുള്ള പരിവര്‍ത്തനമായിരുന്നുവല്ളോ ഇറ്റാലിയന്‍ നവോത്ഥാനം. യൂറോപ്പിലാകെ നവോത്ഥാനത്തിന് വിത്തുപാകിയതും ഈ പരിവര്‍ത്തനമാണ്. ഇവിടെയും ബുദ്ധിജീവികളാണ് രണ്ടും കല്‍പിച്ച് പ്രയത്നിച്ചത്. ലാറ്റിന്‍ ഭാഷക്ക് പകരം, ആദ്യമായി ഇറ്റാലിയന്‍ ഭാഷയില്‍ മൈക്കേല്‍ സ്കോട്ട് കവിത എഴുതി.  അറബ് ചിന്തകന്‍ ഇബ്നു റുശ്ദ് (അവറോസ്) അരിസ്റ്റോട്ടലിന്‍െറ കാവ്യമീമാംസയെ വ്യാഖ്യാനിച്ചെഴുതിയ അറബ് കൃതി ഇറ്റാലിയന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തു. ഇത് അറിവിന്‍െറയും ആവിഷ്കാരത്തിന്‍െറയും ചിന്താസ്വാതന്ത്ര്യത്തിന്‍െറയും പ്രഥമ നവോത്ഥാനമായി പരിഗണിക്കപ്പെടുന്നു.
നാടുവാഴി പ്രഭുത്വത്തിന്‍െറ തേര്‍വാഴ്ചയില്‍നിന്ന് ജനാധിപത്യത്തിലേക്കും അന്ധവിശ്വാസങ്ങളില്‍നിന്ന് പുരോഗമന ചിന്തയിലേക്കും പൗരോഹിത്യ പാരതന്ത്ര്യങ്ങളില്‍നിന്ന് സ്വാതന്ത്ര്യത്തിലേക്കും എത്തിച്ച ഫ്രഞ്ച് വിപ്ളവത്തിന്‍െറ പ്രചോദനം വോള്‍ടയറിന്‍െറയും റൂസോയുടെയും രചനകളായിരുന്നുവല്ളോ. ഇവര്‍ തങ്ങളുടെ കൃതികളിലൂടെ ഫ്രഞ്ച് ജനതയുടെ  ഹൃദയം കവര്‍ന്നു. അങ്ങനെയാണ് സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്ന മുദ്രാവാക്യമുയര്‍ത്തി ജനം വിപ്ളവത്തിനിറങ്ങിയത്.
ഇന്ത്യന്‍ നവോത്ഥാനത്തിന്‍െറ ആദ്യ പ്രമുഖ നേതാവ് രാജാറാം മോഹന്‍റോയ് 1821ല്‍ ബംഗാള്‍ ഭാഷയില്‍ ‘സംബാദ് കൗമുദി’, 1822ല്‍ പേര്‍ഷ്യന്‍ ഭാഷയില്‍ ‘ഉല്‍ അക്ബര്‍’ എന്നീ പത്രങ്ങള്‍ പ്രസിദ്ധീകരിച്ചാണ് ജനങ്ങളെ ഉദ്ബുദ്ധരാക്കിയത്. ജാതി വ്യവസ്ഥ, വിഗ്രഹാരാധന, സതി, ശൈശവ വിവാഹം തുടങ്ങിയവക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത സമരമാണ് അദ്ദേഹം നടത്തിയത്. പത്രപ്രവര്‍ത്തനവും ഗ്രന്ഥരചനയും വഴിയായിരുന്നു ഇത്. സ്വാതന്ത്ര്യത്തിന്‍െറ പ്രവാചകനായി വിശേഷിപ്പിക്കപ്പെടുന്ന മഹാകവി രവീന്ദ്രനാഥ ടാഗോര്‍ തന്‍െറ സാര്‍വലൗകികത പ്രചരിപ്പിച്ചത് കാവ്യങ്ങളിലൂടെയാണ്. ഇന്ത്യയുടെ  ദേശീയ ഗാനത്തിന്‍െറ കര്‍ത്താവായ ഇദ്ദേഹം നോവല്‍, നാടകം, കവിത, പ്രബന്ധം എന്നിവയിലൂടെ ജാതിമത ഭേദമില്ലാത്ത, സാര്‍വദേശീയതയുമായി ഏറ്റുമുട്ടാത്ത രാജ്യസ്നേഹത്തിന് ആഹ്വാനംചെയ്തു. പാരതന്ത്ര്യത്തില്‍ പ്രതിഷേധിച്ച് ലാഹോര്‍ ഗവ. കോളജില്‍നിന്ന് തത്ത്വശാസ്ത്രത്തിന്‍െറയും ഇംഗ്ളീഷ് സാഹിത്യത്തിന്‍െറയും അധ്യാപനജോലി രാജിവെച്ച ഡോ. അല്ലാമാ ഇഖ്ബാല്‍ സ്വതന്ത്രമായി സര്‍ഗപ്രയത്നം നടത്തി. അലീഗഢ് മുസ്ലിം സര്‍വകലാശാല  ഫിലോസഫി ചെയറും ലാഹോര്‍ ഗവ. കോളജ് ഹിസ്റ്ററി ചെയറും ഓഫര്‍ ചെയ്തിട്ടും സര്‍ഗാത്മക പ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ ജോലി വിലങ്ങാണെന്നതിനാല്‍ അദ്ദേഹം നിരസിക്കുകയായിരുന്നു. എന്നിട്ടദ്ദേഹം സ്വാതന്ത്ര്യം, ജനാധിപത്യം, ദേശസ്നേഹം, ഹിന്ദു-മുസ്ലിം മൈത്രി എന്നിവക്കായി തന്‍െറ മൂര്‍ച്ചയേറിയ തൂലിക ചലിപ്പിച്ചു. തന്‍െറ സര്‍ഗാത്മക പ്രവര്‍ത്തനത്തിന് തടസ്സമാകുമെന്നതിനാല്‍, ജാമിഅ മില്ലിയയുടെ പ്രഥമ വി.സി സ്ഥാനത്തേക്കുള്ള ക്ഷണവും ഇഖ്ബാല്‍ നിരസിക്കുകയായിരുന്നു.
ഇവ്വിധം നിരവധി പ്രതിഭകള്‍ തൂലിക പടവാളാക്കിയതിന്‍ഫലമാണ് കോളനി വാഴ്ചയില്‍നിന്ന് രാജ്യത്തെ വിമോചിപ്പിക്കാന്‍ ജനങ്ങള്‍ ദൃഢനിശ്ചയം ചെയ്തത്.
കേരളീയ നവോത്ഥാന ശില്‍പികളില്‍ പ്രമുഖരായ ശ്രീനാരായണ ഗുരുവും വക്കം അബ്ദുല്‍ ഖാദര്‍ മൗലവിയും തങ്ങളുടെ സാമൂഹികാന്തരീക്ഷത്തില്‍ അസംതൃപ്തരും കടുത്ത പ്രതിഷേധമുള്ളവരുമായിരുന്നു. വ്യവസ്ഥിതി മാറ്റത്തിന് ഇവര്‍ സര്‍ഗാത്മകമായി കഠിനാധ്വാനം ചെയ്തു. ജാതി ഉച്ചനീചത്വം മൂര്‍ധന്യത്തിലായിരുന്നു അന്ന്. ജനങ്ങളില്‍ വലിയൊരു വിഭാഗം തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരും ദൃഷ്ടിയില്‍  പെട്ടുകൂടാത്തവരുമായി ഗണിക്കപ്പെട്ടു. ഇവര്‍ക്ക് വഴിനടക്കാന്‍ അനുവാദമില്ല. ക്ഷേത്രങ്ങളില്‍ പ്രവേശിച്ചുകൂടാ. ഇവരിലെ സ്ത്രീകള്‍ക്ക് മാറ് മറക്കണമെങ്കില്‍, ആഭരണം അണിയണമെങ്കില്‍ പ്രത്യേകം നികുതിയടച്ച് ജാതിമേധാവികളില്‍നിന്ന് അനുവാദം വാങ്ങണമായിരുന്നു. സാമ്പത്തിക അസമത്വം, അന്ധവിശ്വാസം, അനാചാരം, അജ്ഞത ഇവയൊക്കെ സമൂഹത്തില്‍ കൊടുമ്പിരിക്കൊണ്ടിരുന്നു അന്ന്. ഇവയോടുള്ള പ്രതിഷേധമായാണ്  നാരായണ ഗുരു സവര്‍ണ ശിവപ്രതിഷ്ഠക്ക് പകരം അവര്‍ണ ശിവപ്രതിഷ്ഠ നടത്തിയത്. മാനവികതക്കായി അദ്ദേഹം നിരവധി രചനകള്‍ നടത്തി.
സാമൂഹിക പരിവര്‍ത്തനത്തിന്, ബഹുഭാഷാ പണ്ഡിതനായ വക്കം അബ്ദുല്‍ ഖാദര്‍ മൗലവി അക്ഷീണം തൂലിക ചലിപ്പിച്ചു. മാത്രമല്ല, പത്രപ്രവര്‍ത്തനത്തില്‍ പ്രത്യേകം ശ്രദ്ധയൂന്നുകയും ചെയ്തു. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ അനീതികള്‍ക്കെതിരെ പൊരുതാന്‍ ‘സ്വദേശാഭിമാനി’ പത്രവും മുസ്ലിം സമുദായത്തിന്‍െറ സമുദ്ധാരണത്തിന് ‘മുസ്ലിം ദീപിക’യും പ്രസിദ്ധീകരിച്ചാണ് അദ്ദേഹം കടമ നിറവേറ്റിയത്.
ബഹുസ്വരതയാല്‍ വൈവിധ്യമാര്‍ന്ന ഇന്ത്യാ മഹാരാജ്യം ഫാഷിസത്തിന്‍െറ കടുത്ത അസഹിഷ്ണുതാ ഭീഷണി നേരിടുകയാണ്. ഈ സന്ദര്‍ഭത്തില്‍ പ്രതിഷേധം കൊണ്ടുമാത്രം എഴുത്തുകാരുടെയും കലാകാരന്മാരുടെയുമൊക്കെ സാമൂഹിക പ്രതിബദ്ധത പൂര്‍ത്തീകരിക്കപ്പെടുന്നില്ല. അവര്‍ സര്‍ഗപ്രയത്നങ്ങള്‍ക്ക്, ശക്തമായ ആവിഷ്കാരങ്ങള്‍ക്ക് തുനിയണം. മാനവികതയുടെ വിത്ത് വിതക്കാന്‍ ബുദ്ധിജീവികള്‍ക്കേ കഴിയൂ. അതിനെ പോഷിപ്പിക്കാനും ജാഗ്രതയോടെ പരിരക്ഷിക്കാനും അവര്‍ക്കുതന്നെയാണാവുക.

Show Full Article
TAGS:article 
Next Story