Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഇനിയും അവസാനിക്കാത്ത ...

ഇനിയും അവസാനിക്കാത്ത സ്​ഫോടനക്കേസിന്‍റെ പുതിയ എപ്പിസോഡ്

text_fields
bookmark_border
ഇനിയും അവസാനിക്കാത്ത   സ്​ഫോടനക്കേസിന്‍റെ പുതിയ എപ്പിസോഡ്
cancel

ബംഗളൂരു സ്ഫോടനക്കേസ് കേരളത്തിെൻറ പൊതുജീവിതത്തെ പലരീതിയിൽ സ്വാധീനിച്ച ഒന്നാണ്. അബ്ദുന്നാസിർ മഅ്ദനിയുടെ രണ്ടാം ജയിൽവാസത്തിെൻറ പേരിലാണ് മലയാളി ഈ കേസിനെ ഓർമിക്കുന്നത്. ഈ കേസിന് കേരളത്തിലെ മനുഷ്യാവകാശ പ്രവർത്തനങ്ങളുടെ ചരിത്രത്തിൽ വലിയ പദവിയുണ്ട്. അടിയന്തരാവസ്ഥയിലെ ഭരണകൂട അതിക്രമങ്ങൾക്കെതിരായ ആക്ടിവിസത്തിനുശേഷം കേരളത്തിൽ നടന്ന ഏറ്റവും വിപുലവും ജനകീയവുമായ മനുഷ്യാവകാശ പ്രവർത്തനമാണ് ബംഗളൂരു സ്ഫോടനക്കേസിലെ ഭരണകൂട കെട്ടിച്ചമക്കലുകൾക്കെതിരെ നടന്നത്. മുൻ എം.പിയും നിയമപണ്ഡിതനുമായ ഡോ. സെബാസ്റ്റ്യൻ പോൾ ചെയർമാനും ഭാസുരേന്ദ്ര ബാബു, നീലലോഹിതദാസൻ നാടാർ തുടങ്ങിയവർ സഹഭാരവാഹികളുമായി പ്രവർത്തിച്ച ജസ്റ്റിസ് ഫോർ മഅ്ദനി ഫോറം പ്രശ്നത്തെ കേരളത്തിെൻറ പൊതുശ്രദ്ധയിൽ കൊണ്ടുവരുന്നതിന് നിർണായക പങ്കാണ് വഹിച്ചത്. ആദ്യം മറുപക്ഷത്തുനിന്നവരും അറച്ചുനിന്നവരുമായ പലരും ഈ മനുഷ്യാവകാശ കാമ്പയിെൻറ കൂടി ഫലമായി മഅ്ദനിക്കും മറ്റു കുറ്റാരോപിതരായ ആളുകൾക്കും ഒപ്പംനിൽക്കാൻ സന്നദ്ധരായി. സി.പി.എമ്മും മുസ്ലിം ലീഗും പാർട്ടികളെന്ന നിലയിൽത്തന്നെ ഈ വിഷയത്തിൽ പിന്നീട് ശക്തമായി ഇടപെട്ടു. മുഖ്യമന്ത്രി ഉൾപ്പെടെ പ്രമുഖരായ പല കോൺഗ്രസ് നേതാക്കളും  മഅ്ദനിയെ സന്ദർശിച്ചു. അദ്ദേഹത്തെ ആദ്യം ജയിലിലടക്കാൻ ഉപയോഗിച്ച കോയമ്പത്തൂർ സ്ഫോടനക്കേസിൽനിന്ന് വ്യത്യസ്തമായി ബംഗളൂരു സ്ഫോടനക്കേസിലെ മറ്റു കുറ്റാരോപിതർക്കുവേണ്ടിയും കേരളത്തിൽ ശക്തമായ നിയമ–സമര പോരാട്ടങ്ങൾ നടന്നു.

കേസിലെ ഒമ്പതാം പ്രതിയായ പരപ്പനങ്ങാടിയിലെ സകരിയ്യക്കുവേണ്ടി  നാട്ടിലെ ബഹുജന പങ്കാളിത്തത്തോടെ ഫ്രീ സകരിയ്യ ആക്ഷൻ കമ്മിറ്റി ഇപ്പോഴും ശക്തമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. സകരിയ്യയുടെ അന്യായ അറസ്റ്റ് ഇ.ടി. മുഹമ്മദ് ബഷീർ എം.പി പാർലമെൻറിെൻറയും പി.ടി.എ. റഹീം എം.എൽ.എ കേരള നിയമസഭയുടെയും ശ്രദ്ധയിൽപെടുത്തുകയുണ്ടായി. ഫ്രീ സകരിയ്യ ആക്ഷൻ കമ്മിറ്റി ചെയർമാൻ ഷിഫ അഷ്റഫ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. സകരിയ്യയുടെയും മറ്റു പ്രതികളുടെയും കുടുംബങ്ങളും വിഷയത്തിൽ ഇടപെട്ടു. കുറ്റാരോപിതരുടെയും അവകാശം നിഷേധിക്കപ്പെട്ടവരുടെയും കുടുംബങ്ങളുടെ പോരാട്ടങ്ങൾ കേരളത്തിന് വളരെ പുതിയ അനുഭവമല്ല. നന്നേചുരുങ്ങിയത് മലയാളിയുടെ ഓർമയിൽ മറക്കാനാവാത്തതായി ഒരു ഈച്ചരവാര്യരെങ്കിലുമുണ്ട്; അടിയന്തരാവസ്ഥക്കാലത്ത് കക്കയം ക്യാമ്പിൽ പൊലീസ് ഉരുട്ടിക്കൊന്ന രാജൻ എന്ന വിദ്യാർഥിയുടെ പിതാവ്. അദ്ദേഹത്തിെൻറ ആത്മകഥ ഒരച്ഛൻ മകനുവേണ്ടി നടത്തിയ അന്വേഷണത്തിെൻറ ഏടുകൾ വായിക്കുന്ന മലയാളിയുടെ മേശപ്പുറത്തുണ്ട്.

പക്ഷേ, പുതിയ ആഗോള പശ്ചാത്തലത്തിൽ ഭരണകൂട ഭീകരതയുടെ ഇരകളായിക്കൊണ്ടിരിക്കുന്ന മുസ്ലിം സമൂഹം ഇത്തരമൊരു പോരാട്ടത്തിനുള്ള പ്രാപ്തി കൈവരിച്ചിരുന്നില്ല. അവർ മറ്റൊരു രീതിയിലാണ് പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചത്. ഭരണകൂടം ആഗ്രഹിച്ചതും ആവശ്യപ്പെട്ടതുമായ രീതി. ഒരു കുടുംബത്തിൽ ആരെങ്കിലും കുറ്റാരോപിതരായാൽ കുടുംബം അവരെ കൈയൊഴിയുകയും തള്ളിപ്പറയുകയും ചെയ്യുക എന്നതായിരുന്നു അത്. കശ്മീർ ഏറ്റുമുട്ടൽ കേസ് എന്നപേരിൽ അറിയപ്പെടുന്ന സംഭവത്തിൽ അതിർത്തി സൈനികരുമായി ഏറ്റുമുട്ടി കൊലചെയ്യപ്പെട്ടു എന്നുപറയപ്പെടുന്ന കണ്ണൂരിലെ ഫയാസിെൻറ മാതാവിെൻറ നിലപാട് ഇതിെൻറ നല്ല ഉദാഹരണമാണ്. ‘എെൻറ മകൻ രാജ്യദ്രോഹിയാണെങ്കിൽ അവെൻറ മയ്യിത്ത് എനിക്ക് കാണേണ്ട’ –നൊന്തുപെറ്റ മാതാവിെൻറ പേരിൽ പുറത്തുവന്ന പ്രസ്താവന. ഭരണകൂട ഭീകരതക്കനുകൂലമായ നമ്മുടെ പൊതുബോധവും മാധ്യമങ്ങളും ഏറെ ആഘോഷിച്ച പ്രസ്താവനയായിരുന്നു അത്. ഏറെ ദുരൂഹതകൾ ഇന്നും ബാക്കിനിൽക്കുന്ന കേസാണ് കശ്മീർ ഏറ്റുമുട്ടൽ മരണം. അതിൽ അധോരാഷ്ട്ര (deep state) പാദമുഖങ്ങളുടെ സത്യാവസ്ഥ പരിശോധിക്കാനുള്ള ഏറ്റവും നല്ല വഴിയായിരുന്നു ആ മൃതശരീരം.

പൊലീസ് യഥാർഥത്തിൽ ചെയ്തത് കുടുംബത്തെ സമ്മർദത്തിലാക്കി ആ തെളിവ് നശിപ്പിക്കുകയാണ്. പക്ഷേ, ബംഗളൂരു സ്ഫോടനക്കേസിലേക്കെത്തുമ്പോൾ സകരിയ്യയുടെ മാതാവും ശമീറിെൻറയും ശറഫുദ്ദീെൻറയും മനാഫിെൻറയും സഹോദരന്മാരും ബന്ധുക്കളും ഫയാസിെൻറ മാതാവിെൻറ നിസ്സഹായതയെ മറികടന്നു. അവർ മാധ്യമങ്ങളിലും തെരുവിലും തങ്ങളുടെ പ്രിയപ്പെട്ടവർക്കുവേണ്ടി രംഗത്തുവരാൻ തുടങ്ങി. ഭരണകൂട ഭീകരതക്കെതിരെ കേരളത്തിലെ മുസ്ലിം സമൂഹം നേടിയ മാനസിക വിജയമായിരുന്നു ഇത്. ഫയാസിെൻറ മാതാവിൽനിന്ന് സകരിയ്യയുടെ മാതാവിലേക്കുള്ള ദൂരം ഭരണകൂട ഭീകരതയുടെ ഏകപക്ഷീയതയിൽനിന്ന് ജനാധിപത്യപരമായ ചോദ്യംചെയ്യലിലേക്കുള്ള ദൂരമാണ്. ഇത് വെറുതെ രൂപപ്പെട്ടതല്ല. കേരളത്തിൽ നടന്ന ശക്തമായ ഒരു മനുഷ്യാവകാശത്തിെൻറ ഫലമാണ്. സോളിഡാരിറ്റി യൂത്ത് മൂവ്മെൻറ് സംഘടിപ്പിച്ച കരിനിയമ കേസുകളെക്കുറിച്ച ജനകീയ തെളിവെടുപ്പ് ഈ കാമ്പയിനിലെ സുപ്രധാന പരിപാടിയായിരുന്നു. ബംഗളൂരു സ്ഫോടനക്കേസിൽ പ്രതിചേർക്കപ്പെട്ടവരുടെ ധാരാളം കുടുംബങ്ങൾ വേദിയിലും സദസ്സിലുമായി അതിൽ പങ്കെടുത്തിരുന്നു. ഇരകളാക്കപ്പെട്ടവരുടെ കുടുംബങ്ങൾ തമ്മിലുള്ള കൂടിച്ചേരലിനും ഐക്യത്തിനും അത് കളമൊരുക്കി.

ബംഗളൂരു സ്ഫോടനക്കേസിലെ സാക്ഷികൾ കോടതിക്ക് മുന്നിൽ സത്യസന്ധമായി സംസാരിക്കുന്നതിൽ ഈ കുടുംബങ്ങളുടെ പ്രവർത്തനങ്ങൾ പങ്കുവഹിച്ചിട്ടുണ്ടാവണം. കുറ്റാരോപിതർക്കുവേണ്ടി രംഗത്തുവന്ന കുടുംബാംഗങ്ങളെ പ്രതികളാക്കിമാറ്റാനുള്ള ശ്രമങ്ങളാണ് കർണാടക പൊലീസ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്.  27ാം പ്രതിയായ ശറഫുദ്ദീെൻറ അനുജൻ തസ്നീം അറസ്റ്റ് ചെയ്യപ്പെടുന്നതിെൻറ പശ്ചാത്തലമിതാണ്. ജ്യേഷ്ഠെൻറ കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ഓടിനടന്നുകൊണ്ടിരുന്ന ചെറുപ്പക്കാരനായിരുന്നു തസ്നീം. ഈ നീരാളിക്കൈ തസ്നീമിൽ ചെന്നുനിൽക്കുമെന്ന് കരുതാനാവില്ല. ‘ഫയാസിെൻറ മാതാവാകുക’ എന്ന സന്ദേശമാണ് ഈ അറസ്റ്റ്  നൽകുന്നത്. കുടുംബാംഗങ്ങളെ വേട്ടയാടുന്നതിലൂടെ തങ്ങളുടെ സ്വാഭാവിക എതിർശക്തിയെ നിശ്ശബ്ദമാക്കാനാണ് അധോരാഷ്ട്രം ശ്രമിക്കുന്നത്.  ഇത് ബംഗളൂരു സ്ഫോടനക്കേസിെൻറ പുതിയ സംഭവമാണെന്ന് പറയാൻ കഴിയില്ല. മഅ്ദനിക്കേസിെൻറ യാഥാർഥ്യങ്ങൾ അന്വേഷിച്ച കെ.കെ. ഷാഹിനയെ ഇതേരീതിയിൽ തന്നെയാണ് കർണാടക സർക്കാർ കൈകാര്യം ചെയ്തത്. പ്രമുഖയായ ഒരു പത്രപ്രവർത്തക എന്നനിലയിൽ ഷാഹിനക്ക് ചെറിയതോതിലെങ്കിലും മാധ്യമ പരിഗണനയും പൊതുസമൂഹ പിന്തുണയും ലഭിച്ചിരുന്നു. പൊതുസമൂഹത്തിനറിയാത്ത കുറ്റാരോപിതരുടെ ഈ കുടുംബാംഗങ്ങൾക്ക്  അതും പ്രതീക്ഷിക്കാനാവില്ല.

അതുതന്നെയാണ് ഭരണകൂടനീക്കത്തിെൻറ ആത്മവിശ്വാസവും.  സാക്ഷികളെ കൂറുമാറ്റിച്ചു എന്നതാണ് തസ്നീമിനെതിരെ ചാർത്തപ്പെടുന്ന കുറ്റം.  പ്രമുഖ സിനിമ സംവിധായകനും ആക്ടിവിസ്റ്റുമായ കെ.പി. ശശി സംവിധാനം ചെയ്ത ‘ഫാബ്രിക്കേറ്റഡ്’ എന്ന ഡോക്യുമെൻററി സിനിമയിൽ മഅ്ദനി കേസിലെ ജോസ് വർഗീസ് എന്ന  സാക്ഷി കർണാടക പൊലീസിനെതിരെ നിരവധി വസ്തുതകൾ വെളിപ്പെടുത്തുന്നുണ്ട്. അപ്പോൾ തസ്നീമിനെതിരെ മാത്രമല്ല, കെ.പി. ശശിക്കെതിരെയും ഇത്തരമൊരു കേസെടുക്കാൻ കഴിയും. ഇങ്ങനെ മുഴുവൻ മനുഷ്യാവകാശ പ്രവർത്തകരെയും കേസിലകപ്പെടുത്താനുള്ള ശ്രമത്തിെൻറ ഭാഗമാണ് തസ്നീമിെൻറ അറസ്റ്റ്. തസ്നീമിനെ മാപ്പുസാക്ഷിയാക്കി അവെൻറ സഹോദരനുൾപ്പെടെയുള്ള പ്രതികൾക്കെതിരായ കുറ്റം തെളിയിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ഒരു ന്യൂനപക്ഷ സമൂഹം കൈവരിച്ച മനുഷ്യാവകാശ അവബോധത്തെ ഭയപ്പെടുത്തി പിറകോട്ടുകൊണ്ടുപോകാനും ഇല്ലാതാക്കാനുമുള്ള ശ്രമത്തിെൻറ ഭാഗമാണിത്. ഈ ഘട്ടത്തിൽ ഈ കുടുംബങ്ങളുടെ ഒപ്പംനിൽക്കാൻ ജനാധിപത്യത്തിലും മനുഷ്യാവകാശത്തിലും വിശ്വസിക്കുന്ന എല്ലാവർക്കും ബാധ്യതയുണ്ട്.

Show Full Article
TAGS:banglore blast case 
Next Story