Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightവികസനത്തിന് നിയമം...

വികസനത്തിന് നിയമം തടസ്സമാകുമ്പോൾ

text_fields
bookmark_border
വികസനത്തിന് നിയമം തടസ്സമാകുമ്പോൾ
cancel

അഡ്വക്കറ്റ് ജനറൽ അഥവാ എ.ജി എങ്ങനെയായിരിക്കണം എന്നതിെൻറ ഉത്തമമാതൃകയാണ് കേരളത്തിലെ എ.ജിയെന്നുപറയാൻ ഒരു മടിയും ഉണ്ടാകേണ്ടതില്ല. സർക്കാറിെൻറ നയങ്ങൾ നടപ്പാക്കുമ്പോൾ ഉണ്ടാകാവുന്ന എല്ലാ നിയമതടസ്സങ്ങളും മറികടക്കാൻ സഹായിക്കുക, നിയമോപദേശം നൽകുക എന്നതാണല്ലോ ആ പദവിയിലിരിക്കുന്ന ഒരാളുടെ കടമ. കേരളം ഇപ്പോൾ ഭരിക്കുന്ന സർക്കാറിന് ഏറ്റവും അനുയോജ്യനായ വ്യക്തിതന്നെ ഇപ്പോഴത്തെ എ.ജി. ജനങ്ങൾക്കു മുഴുവനും അവരുടെ വരുംതലമുറകൾക്കും അവകാശപ്പെട്ട പൊതു–പ്രകൃതിവിഭവങ്ങൾ കിട്ടാവുന്ന വിലയ്ക്ക് പരമാവധിവേഗത്തിൽ വിറ്റ് ആ കൊള്ളമുതലിെൻറ പങ്കുപറ്റുകയെന്നതാണല്ലോ സർക്കാർനയം. അതിന് ഏതു നിയമം തടസ്സംനിന്നാലും അതു മറികടക്കാൻ സർക്കാറിന് സഹായകമാകേണ്ടതാണല്ലോ ഇദ്ദേഹത്തിെൻറ പ്രവർത്തനം. സത്യത്തിൽ നാട്ടിലെ പലനിയമങ്ങളും ചട്ടങ്ങളും (അഴിമതി) വികസനത്തിന് പ്രതിബന്ധങ്ങളാണ്. ഒപ്പം ഹൈകോടതി, സുപ്രീംകോടതി, ദേശീയ ഹരിത ട്രൈബ്യൂണൽ മുതലായ സ്ഥാപനങ്ങളും. ഈ നിയമങ്ങളേയും നീതിന്യായ സ്ഥാപനങ്ങളേയും പൂർണമായും അവഗണിച്ചുകൊണ്ടുപോലും തീരുമാനങ്ങളെടുക്കാൻ ഉപദേശിക്കുന്ന എ.ജി നാട്ടിനൊരഭിമാനം തന്നെയാണ്!  അത് വളരെ ഉയർന്ന ഭരണഘടനാ സ്ഥാപനമായതിനാൽ  സാധാരണ നിയമനടപടികളിൽനിന്ന് സംരക്ഷണം ലഭിക്കുകയും ചെയ്യും.

ഇത്തരത്തിൽ നൽകുന്ന ഉപദേശങ്ങൾക്കനുസരിച്ച് സർക്കാർ ഇറക്കുന്ന ഉത്തരവുകൾ പലതും നിയമവിരുദ്ധമെന്നുകണ്ട് കോടതികൾ ചവറ്റുകുട്ടയിലെറിഞ്ഞേക്കാം(പലതും ഇതിനകം എറിഞ്ഞിട്ടുണ്ട്). പക്ഷേ, അതിലൊന്നും ഒരു ജാള്യവും ഇദ്ദേഹത്തിനില്ല. ഒട്ടുംനിരാശയുമില്ല. തെൻറ പ്രവർത്തനങ്ങൾ തുടർന്നും നടത്തും. അതിെൻറ പിന്നിൽ ഇദ്ദേഹത്തിെൻറയോ സർക്കാറിെൻറയോ നിശ്ചയദാർഢ്യം കാണാം. എന്നാൽ, ഒരു ഉത്തരവിറക്കി അത് റദ്ദാക്കുന്ന ചെറിയ കാലഘട്ടത്തിനിടയിൽ വലിയതോതിൽ കൊള്ളകൾ നടന്നിരിക്കും. ഈ പ്രക്രിയയുടെ ഏറ്റവുംപുതിയ ഉദാഹരണമാണ് നവംബർ 11ന് റവന്യൂവകുപ്പ് ഇറക്കിയ ഉത്തരവ്. ക്വാറിമേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഈ വർഷം സെപ്റ്റംബർ ഒമ്പതിന് മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിെൻറ തുടർച്ചയാണത്. സംസ്ഥാനത്തെ വിവിധ ഭൂപതിവുചട്ടങ്ങൾ (1960) സ്വകാര്യവനം (ഏറ്റെടുക്കലും പതിച്ചുനൽകലും) നിയമം 1971 തുടങ്ങി ഇക്കാലമത്രയും പുറപ്പെടുവിച്ച എല്ലാ ചട്ടങ്ങളും നിയമങ്ങളും ഫലത്തിൽ ഉത്തരവ് അസാധുവാക്കുന്നു.  കൃഷിക്കും വീടുവെക്കാനും മറ്റുമായി സ്വകാര്യവ്യക്തികൾക്ക് സർക്കാർ പതിച്ചുനൽകിയിട്ടുള്ള ഭൂമിയിൽ പ്രവർത്തിക്കുന്നതോ പ്രവർത്തിച്ചിരുന്നതോ (കോടതിവിധിയും ജനകീയസമരങ്ങളും വനംവകുപ്പ്, റവന്യൂവകുപ്പ് ഉദ്യോഗസ്ഥരുടെ നടപടികളുംമൂലം നിർത്തിവെക്കേണ്ടിവന്നതോ) ആയ എല്ലാ പാറമടകൾക്കും യഥേഷ്ടം ഖനനം നടത്താനുള്ള അനുമതി നൽകാൻ റവന്യൂവകുപ്പിന് അധികാരം നൽകുന്നതാണ് ഈ ഉത്തരവ്.

പശ്ചിമഘട്ടത്തിന്‍െറ നല്ളൊരുഭാഗം ഇല്ലാതാകാന്‍. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ കര്‍ഷകരുടെ മറവില്‍ നടത്തിയ സമരങ്ങളുടെയും ആക്രമണങ്ങളുടെയും പിന്നില്‍ ആരായിരുന്നുവെന്ന് സംശയിച്ച ചിലരെങ്കിലുമുണ്ട്. ഇനിയതുവേണ്ട; വനഭൂമിയില്‍പോലും ഖനനംനടത്താമെന്ന് ഉത്തരവിറക്കുന്നവര്‍ക്ക് ഗാഡ്ഗിലെന്തിന്?

കേരളഭൂമി പതിച്ചുനൽകൽ നിയമത്തിെൻറ എട്ടാം വകുപ്പനുസരിച്ച് സ്വകാര്യവ്യക്തികൾക്ക് ഭൂമി പതിച്ചുനൽകുന്നത് കൃഷിക്കും വീടുവെക്കാനും മാത്രമാണ്. ഖനനംപോയിട്ട് മേൽമണ്ണിനും താഴേക്ക് മാറ്റംവരുത്താൻ അവകാശം നൽകാത്ത ഒന്നാണത്. അത്തരത്തിൽ ദുരുപയോഗംചെയ്താൽ പട്ടയം റദ്ദാക്കി സർക്കാറിലേക്ക് ഭൂമി ഏറ്റെടുക്കാം. ഇതുപോലെതന്നെ സ്വകാര്യവനഭൂമി ഏറ്റെടുത്തപ്പോൾ പരിമിതമായ കാർഷികാവശ്യങ്ങൾക്കായി കുറച്ചുഭൂമി സ്വകാര്യവ്യക്തികൾക്ക് നൽകിയിരുന്നു. ഈ ഭൂമി നിയമപ്രകാരം ‘വനഭൂമി’തന്നെയാണ്. മറ്റേതെങ്കിലും ആവശ്യത്തിന് അത് ഉപയോഗിക്കണമെങ്കിൽ കേന്ദ്ര വനംപരിസ്ഥിതിവകുപ്പിെൻറ അനുമതിവേണമെന്ന് 1980ലെ വന സംരക്ഷണനിയമം പറയുന്നു. കേരളത്തിെൻറ പലഭാഗത്തും ഇത്തരം ഭൂമികൾ ലഭിച്ച കർഷകരിൽനിന്ന് ക്വാറിമാഫിയ ഭൂമി വിലകൊടുത്തുവാങ്ങി ഖനന–ഭൗമശാസ്ത്രവകുപ്പിനേയും മലിനീകരണ നിയന്ത്രണബോർഡിനേയും തദ്ദേശഭരണക്കാരെയും പണത്തിൽ മുക്കിക്കിടത്തി അനുമതികൾ വാങ്ങി ഖനനം നടത്തിവന്നിരുന്നു. എന്നാൽ, ഈ ഖനനം ഭൂപതിവുചട്ടങ്ങളുടെയും വനസംരക്ഷണ നിയമത്തിേൻറയും ലംഘനമാണെന്നുകണ്ട് ഹൈകോടതിയും ഹരിതട്രൈബ്യൂണലും സുപ്രീംകോടതിയും അനുമതികൾ റദ്ദാക്കിയിട്ടുണ്ട്. തിരുവനന്തപുരത്തെ മുക്കൂന്നി മലയിലും മലപ്പുറത്തെ എടവണ്ണയിലെ ചാത്തല്ലൂരിലും നിലമ്പൂരിലുമടക്കം നിരവധിയിടങ്ങളിൽ ഈയവസ്ഥയുണ്ടായി.

ഇത്തരം ‘മാഫിയയെ പരിത്രാണനം’ ചെയ്യേണ്ട ചുമതലയുള്ള അവതാരമായി മുഖ്യമന്ത്രി മാറുകയും അതിന് സഹായംചെയ്യാൻ എ.ജിയോട് ആവശ്യപ്പെടുകയും ചെയ്തു. ഇതുസംബന്ധിച്ച് വളരെനീണ്ട ഒരു നിയമോപദേശം അദ്ദേഹം നൽകി. നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും ഭേദഗതിചെയ്യാതെ ഈ പ്രതിസന്ധി മറികടക്കാനാവില്ല. എന്നാൽ, ഭൂപതിവ്–വനംനിയമങ്ങൾ ഭേദഗതിയൊന്നും ഇന്നത്തെ അവസ്ഥയിൽ സാധ്യമല്ല. അപ്പോൾ ഏകവഴി സർക്കാർ ഉത്തരവിലൂടെ നിയമങ്ങളെ അസാധുവാക്കുകയാണ്. സർക്കാറിെൻറ ഏതുതരം ഉത്തരവുകളും നിലവിലുള്ള നിയമങ്ങളുടെ അന്തസ്സത്തക്ക് വിരുദ്ധമാകരുതെന്നാണ് നിയമം. പക്ഷേ, ഇവിടെ അതെല്ലാം കാറ്റിൽ പറത്തുന്നു. ‘പൊതുതാൽപര്യം’ എന്ന ഒറ്റക്കാരണം പറഞ്ഞാണ് ഈ കടുംകൈ ന്യായീകരിക്കുന്നത്. എന്താണ് ‘പൊതുതാൽപര്യം’? കേരളത്തിെൻറ പൊതു–പ്രകൃതിസമ്പത്തുകൾ കൊള്ളയടിക്കാൻ വെമ്പൽപൂണ്ടുകൊണ്ട് പണം വാരിയെറിയുന്ന മാഫിയയുടെ ‘താൽപര്യമോ’ പൊതുതാൽപര്യം?

2012 ഫെബ്രുവരിയിൽ ദീപക്കുമാർകേസിൽ സുപ്രീംകോടതി നടത്തിയ ചരിത്രപരമായ വിധിപ്രഖ്യാപനം മുതലാണ് ക്വാറിമാഫിയ കുഴപ്പത്തിലായത്. അഞ്ചുഹെക്ടറിൽ താഴെയുള്ള ക്വാറികൾക്കും മുൻകൂർ പരിസ്ഥിതി അനുമതി വേണമെന്നായിരുന്നു ആ വിധി. അതുമറികടക്കാൻ എന്തെല്ലാം അഭ്യാസങ്ങളാണ് ഈസർക്കാർ നടത്തിയതെന്ന് പറഞ്ഞാൽതീരില്ല. ഒരു വർഷത്തേക്ക് നിലവിലുള്ള അനുമതിനീട്ടൽ, ഒരു ഹെക്ടറിൽ താഴെയുള്ളവർക്ക് അനുമതി വേണ്ടെന്നുവെക്കൽ, ഖനനചട്ടത്തിലെ 12ാം ഖണ്ഡികയെ ദുർവ്യാഖ്യാനം ചെയ്യൽ തുടങ്ങിയ ശ്രമങ്ങളെല്ലാം കോടതിയും ഹരിതട്രൈബ്യൂണലും പരാജയപ്പെടുത്തി. ഇനി വളയംതന്നെ ഇല്ലാതെ ചാടലാണ് വഴിയെന്ന സ്ഥിതിയായി.

പലകേസുകളിൽ സർക്കാറിനുവേണ്ടി ഇതേ അഡ്വക്കറ്റ് ജനറലിെൻറ ഉപദേശപ്രകാരം ചീഫ് സെക്രട്ടറിതന്നെ ഹൈകോടതിയിൽ നൽകിയ സത്യവാങ്മൂലമുണ്ട്. പതിച്ചുനൽകിയ ഭൂമിയിലെ എല്ലാ ഖനനങ്ങളും ഉടൻ നിർത്തിവെക്കുമെന്നാണതിൽ പറഞ്ഞിരിക്കുന്നത്. ‘വലതുകൈ ചെയ്യുന്നത് ഇടതുകൈ അറിയരുത്’ എന്നാണല്ലോ ബൈബ്ൾ വചനം. ചീഫ് സെക്രട്ടറി നൽകിയ സത്യവാങ്മൂലം ലംഘിച്ച് ഉത്തരവിറക്കിയാൽ എന്തുപ്രശ്നം, അല്ലേ?
ഈ ഉത്തരവിന് പീറക്കടലാസിെൻറ വിലപോലുമില്ല. പക്ഷേ, അതു റദ്ദാക്കാൻ കോടതിയെ സമീപിക്കാൻ ഉണ്ടാകുന്ന കാലതാമസം മതി, പശ്ചിമഘട്ടത്തിെൻറ നല്ലൊരുഭാഗം ഇല്ലാതാകാൻ. ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിനെതിരെ കർഷകരുടെ മറവിൽ നടത്തിയ സമരങ്ങളുടെയും ആക്രമണങ്ങളുടെയും പിന്നിൽ ആരായിരുന്നുവെന്ന് സംശയിച്ച ചിലരെങ്കിലുമുണ്ട്. ഇനിയതുവേണ്ട; വനഭൂമിയിൽപോലും ഖനനംനടത്താമെന്ന് ഉത്തരവിറക്കുന്നവർക്ക് ഗാഡ്ഗിലെന്തിന്?
പ്രതിപക്ഷവും ഒന്നും മിണ്ടുന്നില്ല. കാരണം ഖനനം എല്ലാവർക്കും വികസനമല്ലേ? പതിവുപോലെ ടി.എൻ. പ്രതാപെൻറ എതിർപ്പുകേട്ടു, വി.ടി. ബൽറാമും വന്നേക്കാം. പക്ഷേ, പശ്ചിമഘട്ടം സംരക്ഷിക്കാൻ ഇതൊന്നും പോരല്ലോ.

Show Full Article
TAGS:cr neelakandan gadkil report western ghats kerala quarry 
Next Story