Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഇറ്റാലിയൻ കള്ളനും...

ഇറ്റാലിയൻ കള്ളനും വിശുദ്ധനും

text_fields
bookmark_border
ഇറ്റാലിയൻ കള്ളനും വിശുദ്ധനും
cancel

പാലാക്കാരൻ മാണിച്ചായനും ഇറ്റലിക്കാരൻ ഡാരിയോ ഫോയും തമ്മിൽ എന്ത് ബന്ധം?
പ്രത്യക്ഷത്തിൽ ഒന്നുമില്ലെന്ന് സമ്മതിക്കണം. ഡാരിയോ ഫോക്ക് മാത്രമല്ല, വലിയ നാടകകൃത്തും ഹാസ്യസാമ്രാട്ടുമായിരുന്ന അദ്ദേഹത്തിെൻറ കഥാപാത്രങ്ങൾക്കും മാണിയുമായി ഒരു സാദൃശ്യവുമില്ല. ഒന്നുകൂടി തെളിച്ചുപറഞ്ഞാൽ, ക്വാറി മുതലാളിമാരുടെയോ ബാർ കുത്തകകളുടെയോ പണക്കിഴിയിലേക്ക് വിരല് നീളുകപോലുള്ള ‘ട്രാജിക് ഫ്ലോ’യോടുകൂടിയ ഒരു ദുരന്തനായകനെയും ഫോയുടെ ലോകത്ത് നമുക്ക് കണ്ടുമുട്ടാനാവില്ല. പക്ഷേ, മാന്യമായി തൊഴിൽചെയ്ത് കുടുംബം പുലർത്തുന്നതിൽ ആനന്ദംകണ്ടെത്തുന്ന ദൈവഭക്തനും കത്തോലിക്കാ വിശ്വാസിയുമായ ഒരു തസ്കരെൻറ കഥ ഫോ ഒരു നാടകത്തിൽ ആവിഷ്കരിക്കുന്നുണ്ട്. ‘ദ വേർച്വസ് ബേർഗ്ളർ’ അഥവാ ‘സദ്വൃത്തനായ തസ്കരൻ’ എന്നാണ് ആ കോമഡിയുടെ ശീർഷകം.

ഭാര്യയെ അങ്ങേയറ്റം സ്നേഹിക്കുകയും അതിലേറെ ഭയപ്പെടുകയുംചെയ്ത ടിയാൻ കൃത്യനിർവഹണത്തിനായി കണ്ണിൽ കണ്ട ഏതുവീട്ടിലും കയറിച്ചെല്ലുന്ന ‘ടൈപ്പായി’രുന്നില്ല. ഭേദനത്തിനുദ്ദേശിക്കുന്ന വീടിനെയും വീട്ടുകാരെയുംകുറിച്ച്  നന്നായി പഠിക്കും. തറവാട്ടുകാരുടെയും പ്രശസ്തരുടെയും വീടുകളിൽമാത്രമാണ് കക്ഷിക്ക് താൽപര്യം. അവധിക്കാലത്ത് അവർ സ്വദേശത്തില്ലെന്ന് ഉറപ്പുവരുത്തിയാണ് ഇഷ്ടൻ സാഹസത്തിന് മുതിരുക. സദ്വൃത്തനായ ആ കള്ളൻ പക്ഷേ, ഒരിക്കൽ വലയിൽവീഴുന്നു. വിധിദോഷം എന്നല്ലാതെ എന്തുപറയാൻ? അതൊരു നഗരസഭാ കൗൺസിലറുടെ വീടായിരുന്നു. ഭാര്യയെ വിദേശത്തേക്ക് യാത്രയാക്കുമ്പോൾ, വീട്ടിലൊറ്റക്ക് താമസിക്കാൻ മനസ്സുവരാത്തതിനാൽ താൻ അമ്മയുടെകൂടെയാവും തങ്ങുകയെന്ന് അയാൾ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. ആ വിവരത്തിെൻറ അടിസ്ഥാനത്തിലാണ് സദ്വൃത്തൻ ആ വീട്ടിലേക്ക് അതിക്രമിച്ചുകയറിയത്. പക്ഷേ, അന്ന് രാത്രി ചില സ്വകാര്യ ഇടപാടുകൾക്കായി വീട്ടുടമ മറ്റൊരു യുവതിയുമായി അവിടെയെത്തി. സംഗതി കൈവിടാൻ കാരണമായത് ഗൃഹനാഥെൻറ ആളെപ്പറ്റിക്കുന്ന ഈ നടപടിയായിരുന്നു.

കോഴക്കേസിൽ മാണിച്ചായനെ കുടുക്കിയത് ബിജു രമേശിെൻറ ഡ്രൈവറുടെ മൊബൈലായിരുന്നെങ്കിൽ, മുനിസിപ്പൽ കൗൺസിലറുടെ ലാൻഡ്ഫോണാണ് ‘സദ്വൃത്തന്’ കെണിയായി ഭവിച്ചത്. ഭേദനത്തിനുപോകുന്ന വീട്ടിലെ ഫോൺനമ്പർ ശേഖരിക്കുന്നതിൽ ആൾ പ്രത്യേക നിഷ്ഠപുലർത്തിയിരുന്നു. റിസ്ക്കിയായ ജോലിക്കിടെ, സ്വഭവനത്തിൽ ആശങ്കയോടെ കാത്തിരിക്കുന്ന നല്ലപാതിയുമായി ഫോണിൽ ശൃംഗരിക്കുകയും അയാളുടെ ശീലമായിരുന്നു. ദുശ്ശകുനം നിറഞ്ഞ ആ ദിവസം സംഭവിച്ചതും അതായിരുന്നു. ഭാര്യക്കുനൽകിയ നമ്പറിൽ അവൾ വിളിച്ചു. സല്ലാപത്തിനിടെ വന്നകാര്യം ടിയാൻ മറന്നു. ഗൃഹനാഥൻ മറ്റൊരു പെൺപിറന്നവളുമായി അവിടെയെത്തിയപ്പോൾ ആകെ ബഹളവും കശപിശയുമായി.

കൗൺസിലറുടെ ഭാര്യ ഇതിനിടെ മറ്റൊരു വേല ഒപ്പിച്ചിരുന്നു. ഭർത്താവ് ‘അമ്മ’യുടെ വീട്ടിലാണെന്ന ഉറപ്പിൽ വിദേശത്തേക്കെന്നുപറഞ്ഞ് പുറപ്പെട്ട അവർ, നഗരത്തിലൊന്ന് ചുമ്മാ കറങ്ങി സ്വവസതിയിലേക്ക് തിരിച്ചു. നേരത്തെ പറഞ്ഞുറച്ച കാമുകെൻറ വരവും പ്രതീക്ഷിച്ചായിരുന്നു അവരുടെ ആഗമനം.
ഭാര്യ വീടണഞ്ഞതോടെ എന്തുചെയ്യണമെന്നറിയാതെ കൗൺസിലർ ഒരു നിമിഷം ശങ്കിച്ചു; പക്ഷേ, അയാളുടെ സൃഗാലബുദ്ധി പൊടുന്നനെ ഉണർന്നു. സ്വകാമുകിയും മോഷ്ടാവും പുതുതായി വിവാഹിതരായ തെൻറ സുഹൃത്തുക്കളാണെന്ന് അയാൾ ഒരുവിധം ഭാര്യയെ പറഞ്ഞ് ബോധിപ്പിച്ചു.
പക്ഷേ, വിചാരിച്ചതിലും വലിയൊരു പൊല്ലാപ്പ് ഉടനുണ്ടായി. താൻ ഫോൺ ചെയ്തപ്പോൾ പശ്ചാത്തലത്തിൽ മറ്റൊരു തരുണീനാദം കേട്ടതിൽ ക്ഷുഭിതയായ ‘സദ്വൃത്ത’െൻറ സഹധർമിണി അവിടെയെത്തി. നാളിതുവരെ തെൻറ ഭർത്താവ് നല്ലവനായ ഒരു മോഷ്ടാവാണെന്നാണ് അവൾ കരുതിയത്. അയാൾ പരസ്ത്രീ ബന്ധമുള്ള ഒരു വിടനെങ്കിൽ  അവളെങ്ങനെ ക്ഷമിക്കും?
(ഫോയുടെ നാടകത്തിൽ തുടർന്നുനടക്കുന്നത് ഏതാണ്ട് നമ്മുടെ യു.ഡി.എഫിൽ നടക്കുന്നതുപോലുള്ള ഗുലുമാലുകളാണ്. ആരാ കള്ളൻ? ആരെങ്കിലും കട്ടോ? കട്ടവൻ അകത്തോ പുറത്തോ? എന്നൊന്നും മനസ്സിലാക്കാനാവാത്ത അവസ്ഥ.)
അപ്പോഴാണ് കൗൺസിലർ പുതിയൊരു ഉപായം കണ്ടെത്തിയത്. അയാൾ ഭാര്യയോടു പറഞ്ഞു: ദൈവഭക്തനായ ഈ നല്ല മനുഷ്യൻ ബൈബിളിൽ പറഞ്ഞതുപോലുള്ള ഒന്നിലധികം ഭാര്യമാരുള്ള ഒരു യഥാർഥ സത്യക്രിസ്ത്യാനിയാണ്.

കള്ളനെത്തേടി പൊലീസുകൂടി എത്തിയാലുള്ള പുകിലെന്താകുമെന്നോർത്തപ്പോൾ കൗൺസിലർക്ക് ആധിയായി. അയാൾ വിലപിടിപ്പുള്ള പല സാധനങ്ങളുമെടുത്ത് മോഷ്ടാവിെൻറ കൈയിൽവെച്ചു. ഇതെല്ലാം നിങ്ങൾക്കുള്ള എെൻറ ഉപഹാരങ്ങളാണ്. നേരം ഏറെ വൈകുംമുമ്പ് വീടണയുന്നതായിരിക്കും നിങ്ങൾക്ക് നല്ലത്. പക്ഷേ, കള്ളൻ നമ്മുടെ മന്ത്രിമാരെപ്പോലെ വല്ലവരുംതരുന്ന എന്തും സ്വീകരിക്കുന്ന പ്രകൃതക്കാരനായിരുന്നില്ല. അധ്വാനിക്കാതെ കിട്ടുന്ന ഔദാര്യം സ്വീകരിക്കുക തെൻറ തൊഴിലിന് ചേർന്നതല്ലെന്ന് അയാൾ കൗൺസിലറുടെ മുഖത്തുനോക്കി പറയുന്നു. ആ ഇറ്റാലിയൻ സത്യക്രിസ്ത്യാനിയെവിടെ? നമ്മുടെ മാണിച്ചായൻ എവിടെ?

ബാർ മുതലാളിമാർ പിരിച്ചുകൊണ്ടുവന്ന കാശ് താൻ കൈകൊണ്ട് തൊടില്ലെന്ന് മാണിച്ചായൻ പറഞ്ഞിരുന്നെങ്കിൽ ഇക്കണ്ട പൊല്ലാപ്പ് വല്ലതുമുണ്ടാവുമായിരുന്നോ? മാണിയേക്കാൾ ബുദ്ധികുറഞ്ഞ മന്ത്രിമാർപോലും ഈവക കാര്യങ്ങൾക്ക് ഏജൻറുമാരെ ഏർപ്പാടാക്കുകയല്ലേ പതിവ്?  കേരള കോൺഗ്രസിൽ അങ്ങനെ വിശ്വസിച്ചേൽപിക്കാൻ കൊള്ളാവുന്ന ആരുമില്ലെന്ന് ദോഷൈകദൃക്കുകൾ പറഞ്ഞേക്കാം. തോമസ് ഉണ്ണിയാടനെപ്പോലുള്ളവരുടെ സ്നേഹത്തിെൻറ തീവ്രത അറിയാത്തവരാണ് ഇക്കൂട്ടർ!

ഒരുവേള നിയമംമാത്രം ശ്രദ്ധിച്ച് പഠിക്കുകയും സാഹിത്യവും കവിതയുമെല്ലാം അവഗണിക്കുകയും ചെയ്തതാണ് മാണിക്കുപറ്റിയ അമളി.
നടേ പറഞ്ഞ ഡാരിയോ ഫോവിെൻറതന്നെ ‘ഒരാൾ നഗ്നനായിരുന്നു; അപരന് വാലുണ്ടായിരുന്നു’ എന്ന നാടകം വായിച്ചിരുന്നെങ്കിൽ  ഇത്തരം ഗതികിട്ടാ സന്ദർഭങ്ങളിൽ എന്തുചെയ്യണമെന്ന് മാണിക്ക് മനസ്സിലാകുമായിരുന്നു.

നാടകത്തിലെ നായക കഥാപാത്രം മാണിയെപ്പോലെത്തന്നെ പദവികൊണ്ട് ഉന്നതനാണ്: ഒരു അംബാസഡർ. ടിയാെൻറ സ്വന്തം ഭാഷയിൽ ‘ദൈവം തമ്പുരാൻ മനുഷ്യരിൽ നിക്ഷേപിച്ച ഏറ്റവും ഉന്നതമായ സ്നേഹമെന്ന വികാരമാണ് അയാളുടെ ദൗർബല്യം’. മാണിയെപ്പോലെ (അ) വിശുദ്ധസ്നേഹത്തിെൻറ പരിധി അദ്ദേഹം സ്വന്തം പുത്രകളത്രാദികളിലേക്ക് പരിമിതപ്പെടുത്തിയിരുന്നില്ല. സ്വന്തം ഭാര്യയെപ്പോലെ മറ്റുള്ളവരുടെ ഭാര്യമാരെയും അയാൾ സ്നേഹിച്ചു.

ഒരു രാത്രി അയൽക്കാരിയെ അവളുടെ കിടപ്പറയിൽക്കയറി പ്രണയിച്ചുകൊണ്ടിരിക്കുമ്പോഴാണ് വാതിലിൽ ആരോ മുട്ടുന്ന ശബ്ദം കേൾക്കുന്നത്. അയാളുടനെ ബാൽക്കണിയിലെ പൈപ്പിലൂടെ ഈർന്നിറങ്ങി. റോഡിലെത്തിയപ്പോഴാണ് കൈയിലെ 18 കാരറ്റ് വാച്ചല്ലാതെ താൻ മറ്റൊന്നും  ധരിച്ചിട്ടില്ലെന്ന ‘നഗ്ന’സത്യം അയാൾ തിരിച്ചറിയുന്നത്. ടിയാൻ ഉടനെ തൊട്ടടുത്തുകണ്ട ചവറ്റുവണ്ടിയിലേക്ക് ഒരൊറ്റച്ചാട്ടം. സാമാന്യം വലിയ ആ ഉന്തുവണ്ടിയിൽ അരക്കുതാഴെയുള്ള അയാളുടെ നയതന്ത്രശരീരം സുരക്ഷിതം. വേണമെങ്കിൽ കുനിഞ്ഞിരുന്ന് മൂടി വലിച്ചുപിടിച്ചാൽ വഴിയേ പോകുന്നവർ ആ ‘കുന്ത്രാണ്ടത്തി’ൽ അയാളുടെ സാന്നിധ്യംപോലും അറിയില്ല. ദുസ്സഹമായ നാറ്റം സ്വയം സഹിക്കേണ്ടിവരുമെന്ന് മാത്രം.


പക്ഷേ, എന്തുചെയ്യാൻ? ആ ഉന്തുവണ്ടിയുടെ ചുമതല പ്ലാറ്റോ കൃതികളുമായിപ്പോലും സല്ലപിച്ച ഒരരകിറുക്കനായിരുന്നു. കൈയിലെ വിലപിടിപ്പുള്ള വാച്ച് തരാം. പകരം തൂപ്പുകാരെൻറ യൂനിഫോം തനിക്ക് തരുമോ? ദയനീയമായി ആ അംബാസഡർ അയാളോട് കെഞ്ചിനോക്കി. പക്ഷേ, പ്ലാറ്റോ തലക്കുപിടിച്ച തൂപ്പുകാരൻ പറഞ്ഞു: നാം കാണുന്നതൊന്നും യഥാർഥമല്ല; അഥവാ, എല്ലാം മറ്റേതോ ഒന്നിെൻറ നിഴലാണ്; അതിനാൽ നഗ്നത കാര്യമാക്കാനില്ല. പക്ഷേ, നടുറോഡിൽ സ്വന്തം വസ്ത്രമുരിഞ്ഞ് അംബാസഡർക്കുനൽകി ഈ സിദ്ധാന്തം പ്രയോഗവത്കരിക്കാൻ തൂപ്പുകാരൻ തയാറായില്ല. സദാചാര പൊലീസിനെ പേടിച്ചോടുന്ന ഒരു വേശ്യകൂടി രംഗത്തുവരുന്നതോടെ നാടകം അതിെൻറ ക്ലൈമാക്സിലെത്തുന്നു. തന്നെ പൊലീസുകാരിൽനിന്ന് രക്ഷിക്കണമെന്ന് ആ ‘പാരമ്പര്യത്തൊഴിലാളി’ തൂപ്പുകാരനോട് കേഴുന്നു. അംബാസഡറോടൊത്ത് ഇവളെക്കൂടി തെൻറ ചവറ്റുവണ്ടിയിലിട്ട് വല്ലേടത്തും ഉന്തിത്തള്ളിയാലോയെന്ന് ഒരുനിമിഷം ആ പാവം തൂപ്പുകാരൻ ആലോചിക്കുന്നു.

പൊലീസെന്ന് കേട്ടപ്പോൾ അംബാസഡർക്കും പേടിയായി. ടെലിവിഷനിൽ സദാ കാണാറുള്ള തെൻറ മുഖം വല്ല തെണ്ടി പൊലീസുകാരനും തിരിച്ചറിഞ്ഞാൽ...
അയാൾ ചവറ്റുകൂനയിൽനിന്ന് കിട്ടിയ വലിയൊരു വടിയെടുത്ത് തോണികുത്തുന്നതുപോലെ ഉന്തുവണ്ടി തുഴയാൻ തുടങ്ങുന്നു; അംബാസഡറുടെ നഗ്നമായ അർധകായംമാത്രം പ്രദർശിപ്പിച്ച് ഫോ നാടകത്തിന് കർട്ടനിടുന്നു. മാണിയിൽനിന്ന് എത്ര വ്യത്യസ്തനാണ് ഈ അംബാസഡർ? ഉടുതുണിയില്ലെങ്കിൽ എവിടെപ്പോയി ഒളിക്കണമെന്ന് അയാൾക്ക് കൃത്യമായ അറിവുണ്ടായിരുന്നു. ഒരുവേള മാണിമാത്രമല്ല കുറ്റക്കാരൻ; നമ്മളെല്ലാവരുമാണ്. നമ്മുടെ നാട്ടിലെങ്ങാനുമാണ് നഗ്നനായ ഒരു അംബാസഡർ ദേഹത്തെ ഇങ്ങനെ ചവറ്റുവണ്ടിയിൽനിന്ന് കിട്ടിയതെങ്കിൽ തിരുവനന്തപുരം മുതൽ പാലാ വരെ എത്ര സ്വീകരണ മാമാങ്കങ്ങൾ നാം അയാൾക്കായി സംഘടിപ്പിക്കും?

Show Full Article
TAGS:theft 
Next Story