Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഐ.എസ് മോഡലും...

ഐ.എസ് മോഡലും തുനീഷ്യന്‍ മോഡലും

text_fields
bookmark_border
ഐ.എസ് മോഡലും തുനീഷ്യന്‍ മോഡലും
cancel

‘ഏറ്റവും സുപ്രധാനമായ മത്സരം ഇനിമുതല്‍ ഐ.എസ് മോഡലും തുനീഷ്യന്‍ മോഡലും തമ്മിലാണ്’ -ഈ ആഴ്ച ന്യൂയോര്‍ക്കില്‍ സന്ദര്‍ശനത്തിനത്തെിയ റാഷിദുല്‍ ഗന്നൂശി പറഞ്ഞു. ‘മത്സരം ഇസ്ലാമും പടിഞ്ഞാറും തമ്മിലല്ല; ഐ.എസും ഞങ്ങളും തമ്മിലാണ്’.  തുനീഷ്യന്‍ ബുദ്ധിജീവിയായ ഗന്നൂശി അവിടത്തെ ഇസ്ലാമിസ്റ്റ് പാര്‍ട്ടിയായ ‘അന്നഹ്ദ’യുടെ നേതാവാണ്. തുനീഷ്യയില്‍ സ്വതന്ത്രമായി നടന്ന പ്രഥമ തെരഞ്ഞെടുപ്പില്‍ വിജയിച്ചിട്ടും രാഷ്ട്രീയ പ്രതിയോഗികളുമായി  സമവായത്തിലത്തെിയ പാര്‍ട്ടിയാണ് അന്നഹ്ദ. അവര്‍ അധികാരം ഉപേക്ഷിക്കുകയും തുനീഷ്യയെ അറബ് വസന്തത്തിന്‍െറ ഏക വിജയ മാതൃകയാക്കാന്‍ സഹായിക്കുകയും ചെയ്തു. ലോകത്തെങ്ങുമുള്ള സായുധ ഇസ്ലാമിനെതിരെയുള്ള പോരാട്ടത്തില്‍ തന്‍െറ കൊച്ചു രാഷ്ട്രത്തിന്‍െറ നിര്‍ണായക പ്രാധാന്യം എന്താണെന്ന് അദ്ദേഹം വിശദീകരിക്കുകയുണ്ടായി.

ഐ.എസിനെ യഥാര്‍ഥത്തില്‍ പരാജയപ്പെടുത്താനുള്ള ഒരേയൊരുവഴി ലോകത്തുടനീളമുള്ള  മുസ്ലിം യുവജനലക്ഷങ്ങള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട ഒരു ഉല്‍പന്നം വാഗ്ദാനം ചെയ്യുകയാണെന്ന് അദ്ദേഹം പറയുന്നു. ‘യുവജനം ഐസിസിനെ ഇഷ്ടപ്പെടുന്നില്ല. എത്ര ലക്ഷങ്ങളാണ് അവരുടെ അധീശഭൂമിയില്‍നിന്ന്  ഓടി രക്ഷപ്പെടുന്നതെന്ന് നോക്കുക. അതേസമയം, നിലവിലുള്ള ഭീകര ഭരണകൂടവും അവര്‍ക്ക് ഒട്ടും സ്വീകാര്യമല്ല’ -ഗന്നൂശി പറയുന്നു. മെച്ചപ്പെട്ട ഉല്‍പന്നം കറകളഞ്ഞ ജനാധിപത്യത്തിലധിഷ്ഠിതവും മനുഷ്യാവകാശങ്ങള്‍ മാനിക്കുന്നതുമായിരിക്കണമെന്ന് അദ്ദേഹം വിശദീകരിക്കുന്നു. ഒപ്പംതന്നെ ഇസ്ലാമിനും അതിന്‍െറ ചില രാഷ്ട്രീയ മൂല്യങ്ങള്‍ക്കും സ്ഥാനം നല്‍കുകയും വേണം. ‘തുനീഷ്യയില്‍ ഞങ്ങള്‍ ഒരു ബദല്‍മാതൃകയുടെ നിര്‍മാണത്തിലാണ്’ -അദ്ദേഹം അഭിമാനപൂര്‍വം പറഞ്ഞു.
ഐ.എസ് എന്ന പേരിലറിയപ്പെടുന്ന ഇസ്ലാമിക് സ്റ്റേറ്റിലേക്ക് പലായനം ചെയ്തത്തെുന്ന ആയിരക്കണക്കിന് യുവാക്കള്‍, 50കളിലും 60കളിലും മാര്‍ക്സിസ്റ്റ് ഗറിലകളായിമാറിയ അസംതൃപ്ത യുവ തീപ്പൊരികളെപ്പോലെയാണെന്നാണ് ഗന്നൂശിയുടെ കാഴ്ചപ്പാട്. ‘നിലനില്‍ക്കുന്ന വ്യവസ്ഥിതിക്കെതിരെ അക്രമാസക്ത പ്രതിഷേധത്തിന് ഒരു ആദര്‍ശം തേടുന്നവരാണ് അവരില്‍ ചിലര്‍. അതില്‍ അദ്ഭുതമൊന്നുമില്ല,  അതിന് മതത്തിന്‍െറ ഒരു കുപ്പായമണിയിച്ചിരിക്കയാണെന്നേയുള്ളൂ’ -അദ്ദേഹം പറഞ്ഞു.

എങ്ങനെയാണ് ഈ ഭീകരവാദികള്‍ ഉണ്ടായതെന്ന് അദ്ദേഹം വിശദീകരിക്കുന്നു: ‘മധ്യപൗരസ്ത്യ ദേശങ്ങളിലുടനീളം ദശകങ്ങളായി ഏകാധിപതികള്‍ ഇസ്ലാമിനെ അടിച്ചൊതുക്കുകയായിരുന്നു. എല്ലാ വിധത്തിലുള്ള ഇസ്ലാമിക വിദ്യാഭ്യാസവും വിലക്കപ്പെട്ടതായിരുന്നു തുനീഷ്യയില്‍. സ്ത്രീകളെ പര്‍ദ ധരിക്കാന്‍ അനുവദിച്ചിരുന്നില്ല.  ഇസ്ലാമില്‍ എന്തെങ്കിലും  താല്‍പര്യം പ്രകടിപ്പിക്കുകയാണെങ്കില്‍ ആളുകള്‍ പീഡിപ്പിക്കപ്പെടുമായിരുന്നു. ഈ നയങ്ങളാണ് നാമിന്ന് അഭിമുഖീകരിക്കുന്ന ഭീകരവാദി തലമുറയുടെ രൂപത്തിലുള്ള പ്രത്യാഘാതത്തിന് ഇടയാക്കിയിരിക്കുന്നത്’.

തുനീഷ്യയുടെ വിജയം ചിലപ്പോള്‍ എടുത്തുപറയാറുള്ളതുപോലുള്ള കേവലമൊരു യക്ഷിക്കഥയല്ല. ഇസ്ലാമിക നിയമത്തിന് പ്രാബല്യം നല്‍കാന്‍ ഇസ്ലാമിസ്റ്റുകള്‍ മുന്നോട്ടുവരുകയുണ്ടായി. അക്കാര്യത്തില്‍ രാജിയാകാന്‍ അവര്‍ മടിച്ചു. ഒരു പൊട്ടിത്തെറിയുണ്ടാകുമെന്ന് ആശങ്കിച്ചപ്പോഴാണ് അവര്‍ അധികാരമൊഴിഞ്ഞത്. പഴയ ഭരണകൂടത്തിന്‍െറ കാവലാളുകള്‍ ശക്തമായി തിരിച്ചുവന്നിരുന്നു. സാമ്പത്തികാവസ്ഥയുടെ സമ്മര്‍ദഫലമായി രാജ്യം തകര്‍ച്ചയിലേക്ക് നീങ്ങുകയായിരുന്നു.
ജനാധിപത്യത്തിലേക്കുള്ള മിക്ക പരിവര്‍ത്തനങ്ങളും തിക്തമായ പോരാട്ടങ്ങളുടെ അടയാളം പതിഞ്ഞവയാണ്. ദക്ഷിണ കൊറിയയിലും തായ്വാനിലും ചിലിയിലുമൊന്നും സൗഹാര്‍ദപൂര്‍വമായല്ല ജനാധിപത്യം വന്നിട്ടുള്ളത്. ഏകാധിപതികള്‍ ശക്തമായി ചെറുത്തുനിന്നിട്ടുണ്ട്. കലാപങ്ങളുണ്ടായി, കൂട്ട അറസ്റ്റുകളും തെരുവ് അക്രമങ്ങളും അരങ്ങേറി. സമാധാനപൂര്‍വമായ ജനാധിപത്യ പരിവര്‍ത്തനങ്ങളെ സംബന്ധിച്ച് ഭൂതകാലാവലോകനത്തില്‍ മാത്രമേ ആര്‍ക്കും ശാന്തമായി സംസാരിക്കാന്‍ സാധിക്കൂ.

തുനീഷ്യക്ക് വ്യതിരിക്തമായ ചില നേട്ടങ്ങളുണ്ടായിട്ടുണ്ട്. ടെക്നോക്രാറ്റായ തുനീഷ്യന്‍ പ്രധാനമന്ത്രി ഹബീബ് അസ്വീദുമായുള്ള സംഭാഷണത്തില്‍ രാജ്യംനേടിയ വിജയത്തെക്കുറിച്ച് ഞാന്‍ അന്വേഷിച്ചു. മൂവായിരത്തോളം കൊല്ലമായി പുരാതനമായ കാര്‍ത്തീജ്  കാലംമുതല്‍ തുനീഷ്യ ഒരു രാഷ്ട്രീയ അസ്തിത്വമായി നിലനില്‍ക്കുന്നുണ്ടെന്നാണ് ഒന്നാമതായി അദ്ദേഹം ചൂണ്ടിക്കാണിച്ച യാഥാര്‍ഥ്യം. തുനീഷ്യ ഏതാണ്ട് പൂര്‍ണമായും സുന്നിയാണെന്നതാണ് രണ്ടാമതായി  അദ്ദേഹം പറഞ്ഞത്. അതിനാല്‍ ഒരു നൂറ്റാണ്ടിലും കുറഞ്ഞ കാലത്തിനുള്ളില്‍ ആധുനിക ദേശരാഷ്ട്രങ്ങളായി മാറിയ ഇറാഖ്, സിറിയ, ലിബിയ തുടങ്ങിയ നാടുകളില്‍ പിളര്‍പ്പു സൃഷ്ടിച്ച വിഭാഗീയ -ഗോത്രഭിന്നതകള്‍ തുനീഷ്യയിലുണ്ടായിരുന്നില്ല. സ്വാതന്ത്ര്യത്തിന്‍െറ മുമ്പത്തെ ആദ്യ നേതാവായ ഹബീബ് ബുറഖീബയുടെ കീഴില്‍ തുനീഷ്യ ശക്തമായ രാഷ്ട്രീയ ഭരണനിര്‍വഹണ സ്ഥാപനങ്ങള്‍ കെട്ടിപ്പടുത്തതാണ് മൂന്നാമതായി അദ്ദേഹത്തിന് പറയാനുണ്ടായ വസ്തുത. എന്നാല്‍, മറ്റൊരു സുപ്രധാന നേട്ടത്തെക്കുറിച്ചാണ് ഗന്നൂശിക്ക് പറയാനുണ്ടായിരുന്നത്.  ബുറഖീബ സൈന്യത്തിന് നിയന്ത്രണങ്ങള്‍ ചുമത്തി രാഷ്ട്രീയ മുക്തമാക്കി എന്നതായിരുന്നു അത്.  ഈജിപ്ഷ്യന്‍ സേന അധികാരം തിരിച്ചുപിടിച്ചതിനെപ്പറ്റിയും ജനാധിപത്യത്തെ പുറത്താക്കിയതിനെക്കുറിച്ചും ഗന്നൂശി ഇങ്ങനെ പറഞ്ഞു: ‘ഈജിപ്തില്‍ സൈന്യത്തിന് സ്വന്തമായൊരു രാജ്യമുണ്ട്; തുനീഷ്യയിലാകട്ടെ രാജ്യത്തിനാണ് സ്വന്തം സേനയുള്ളത്’.

ഘടനാപരവും ചരിത്രപരവുമായ ഈ നേട്ടങ്ങള്‍ക്കെല്ലാമൊപ്പം വിവേകപൂര്‍വമായ രാഷ്ട്രീയനേതൃത്വത്തെ തുനീഷ്യ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. തന്‍െറ പാര്‍ട്ടി എന്തുകൊണ്ട് ഇതര പാര്‍ട്ടികളുമായി സമരസപ്പെട്ടുവെന്നതിന് ഗന്നൂശി നല്‍കുന്ന വിശദീകരണം ഇതാണ്: ‘പഴയ കാവല്‍ നേതാക്കള്‍ക്ക് തെരഞ്ഞെടുപ്പില്‍ പരാജയം സംഭവിച്ചിട്ടുണ്ടാകാം.  എങ്കിലും, വളരെ ശക്തമാണ് ഇപ്പോഴുമവര്‍. രാജ്യത്തിലെ വരേണ്യവര്‍ഗമാണവര്‍. അതിനാല്‍ അവരുമായി ഞങ്ങള്‍ക്ക് ഇടപാടുകള്‍ നടത്തേണ്ടതുണ്ട്. നിങ്ങള്‍ക്കൊരു സമ്പൂര്‍ണവിജയം സാധിച്ചെന്നുവരില്ല. അപ്പോള്‍ സമവായമായിരിക്കണം ലക്ഷ്യം. ഭദ്രമായ ഒരു ജനാധിപത്യ സംവിധാനത്തില്‍ നിങ്ങള്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ചിലപ്പോള്‍ നിങ്ങളുടെ അഭീഷ്ടംപോലെ എന്തുംചെയ്യാന്‍ സാധിക്കും. എന്നാല്‍, ഇളംപ്രായത്തിലുള്ള ഒരു ജനാധിപത്യത്തില്‍ നമുക്ക് സമവായവും ഒത്തുതീര്‍പ്പുമൊക്കെ വേണ്ടിവരും. ഞങ്ങള്‍ക്ക് അധികാരം നഷ്ടപ്പെട്ടുവെന്നത് ശരിതന്നെ. പക്ഷേ,  അതിലൂടെ ഞങ്ങള്‍ക്ക് തുനീഷ്യയെ നേടാന്‍കഴിഞ്ഞു’ -ഗന്നൂശി പറഞ്ഞു. അറബ് വസന്തത്തെക്കുറിച്ച് ഗന്നൂശി ഇപ്പോഴും ശുഭപ്രതീക്ഷയിലാണ്. ‘ഭീകര ഭരണത്തിന്‍െറ പഴയ നാളുകളിലേക്ക് ജനം ഇനി തിരിച്ചുപോകില്ല. ഫ്രഞ്ച് വിപ്ളവം പോലെ അറബ് വസന്തവും അക്രമാസക്ത പ്രതികരണങ്ങളും വിധ്വംസകത്വവും  ഉല്‍പാദിപ്പിച്ചിട്ടുണ്ട്. എങ്കിലും, മുസ്ലിംലോകത്ത് നിലനില്‍ക്കുന്ന രാജാധിപത്യങ്ങളെയും ഏകാധിപത്യങ്ങളെയും ക്രമത്തില്‍ അത് മാറ്റിയെടുക്കുകതന്നെ ചെയ്യും’ -ഗന്നൂശി പറഞ്ഞു.

(കടപ്പാട്: വാഷിങ്ടണ്‍ പോസ്റ്റ്, വിവര്‍ത്തനം: വി.എ. കബീര്‍)

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fareed sakaria
Next Story