Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഉന്നതശീർഷൻ

ഉന്നതശീർഷൻ

text_fields
bookmark_border
ഉന്നതശീർഷൻ
cancel

ഉത്തമാംഗം ശിരസ്സാണോ ശരീരമാണോ എന്ന ദാർശനികമായ ചോദ്യം ഉന്നയിക്കുന്ന നാടകമാണ് ‘ഹയവദന.’ കഥാസരിത് സാഗരത്തിലെ ദേവദത്തെൻറയും കപിലെൻറയും കഥയാണത്. ആ ഉത്തമസുഹൃത്തുക്കൾക്കിടയിൽ പ്രശ്നങ്ങൾ ഉടലെടുക്കുന്നത് ദേവദത്തൻ പദ്മിനിയെ വിവാഹം കഴിച്ചതോടെയാണ്. പദ്മിനിയും സുമുഖനായ കപിലനും തമ്മിൽ അവിഹിതബന്ധമുണ്ടെന്ന് സംശയിച്ച് ദേവദത്തൻ സ്വയം ശിരച്ഛേദം നടത്തുന്നു. ആ മരണത്തിെൻറ പേരിൽ തന്നിൽ കുറ്റം ചുമത്തപ്പെടുമെന്നു പേടിച്ച് കപിലനും തെൻറ തല വെട്ടുന്നു. രണ്ടുപേരുടെയും തല ശരീരത്തോടു കൂട്ടിച്ചേർക്കാൻ പദ്മിനിയെ കാളീദേവി സഹായിക്കുന്നു. കാളിയുടെ നിർദേശങ്ങൾക്കിടെ ആശയക്കുഴപ്പത്തിലായ പദ്മിനി ഭർത്താവിെൻറയും കാമുകെൻറയും ശിരസ്സും ശരീരങ്ങളും പരസ്പരം മാറ്റി യോജിപ്പിക്കുന്നു. അപ്പോൾ ആരാണ് ഭർത്താവ്? ഭർത്താവിെൻറ ശരീരമുള്ളവനോ, ശിരസ്സുള്ളവനോ? മനുഷ്യെൻറ ഉത്തമാവയവം ശിരസ്സാണ് എന്ന സങ്കൽപനമാണ് ഈ നാടകം മുന്നോട്ടുവെക്കുന്നത്. സമകാലിക ഇന്ത്യയിലും ഈ ദാർശനിക ഭാവനക്ക് പ്രസക്തിയുണ്ട്. ആൾപ്പാർപ്പില്ലാത്ത ശരീരങ്ങൾ ആക്രമണോത്സുകമായി മാറുന്ന അസഹിഷ്ണുതയുടെ ആഘോഷങ്ങളാണ് നാടു നിറയെ. അതിനെതിരെ പ്രതികരിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്നത് തലക്കകത്ത് ആൾത്താമസമുള്ള കുറച്ചുപേർ മാത്രം. എഴുത്തുകാരും ചിന്തകരും കവികളും രാജ്യം നേരിടുന്ന നിശ്ശബ്ദ അടിയന്തരാവസ്ഥക്കെതിരെ വാക്കുകൊണ്ടും നാക്കുകൊണ്ടും പൊരുതുന്നു. അക്കൂട്ടത്തിൽ ഉയർന്നുകേൾക്കുന്ന ശബ്ദങ്ങളിലൊന്നാണ് ‘ഹയവദന’യുടെ കർത്താവായ ഗിരീഷ് രഘുനാഥ് കർണാട്. തെൻറ ഉത്തമാംഗമായ ശിരസ്സുയർത്തിപ്പിടിച്ചുകൊണ്ട് നിർഭയം ശബ്ദിക്കുന്ന കർണാട് ആണ് കന്നടനാട്ടിലെ അസഹിഷ്ണുതയുടെ ഏറ്റവും പുതിയ ഇര. കൽബുർഗിയുടെ ഗതിയായിരിക്കും കർണാടിന് എന്ന് ഭീഷണി വന്നതിനെ തുടർന്ന് പൊലീസ് സുരക്ഷാസംവിധാനങ്ങൾ ശക്തിപ്പെടുത്തിക്കഴിഞ്ഞു. ജ്ഞാനപീഠം കിട്ടിയ ഒരു എഴുത്തുകാരൻ നിറതോക്കുകളുടെ സംരക്ഷണയിൽ കഴിയേണ്ടിവരുന്നു എന്നത് അദ്ദേഹത്തിെൻറ വാക്കുകളുടെ ശക്തിയെയും തീക്ഷ്ണതയെയുമാണ് കാണിക്കുന്നത്.

സമകാലിക ഇന്ത്യൻ ധിഷണാരംഗത്തെ അതുല്യവ്യക്തിത്വം. എഴുപത്തേഴിലും കർമനിരതൻ. ഫാഷിസത്തിനെതിരായ നിലക്കാത്ത ശബ്ദം. മതേതരനിലപാടുകളുടെയും ഫാഷിസ്റ്റ് വിരുദ്ധതയുടെയും മുന്നണിപ്പോരാളിയായിരുന്ന യു.ആർ. അനന്തമൂർത്തിക്ക് സമശീർഷനായ കന്നടക്കാരൻ. അനന്തമൂർത്തിയെപ്പോലെ അക്കാദമിക് രംഗത്തും സാഹിത്യത്തിലും മാത്രമല്ല കർണാടിെൻറ ധിഷണയും കലയും കഴിവും വ്യാപരിക്കുന്നത്. ഒരു വശത്തിരുന്ന് ആഴവും മാനവുമുള്ള നാടകങ്ങളെഴുതും. ചിലപ്പോൾ സമാന്തര സിനിമകൾ സംവിധാനം ചെയ്യും. മറ്റു ചിലപ്പോൾ രാഷ്ട്രീയ നിലപാടുകൾ പ്രഖ്യാപിക്കുന്ന പ്രസംഗവേദിയിലെ ഉറച്ച ശബ്ദമാവും. എന്നുവെച്ച് ബുദ്ധിജീവികൾക്കു മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ല തെൻറ കഴിവുകൾ. സാധാരണക്കാരൻ കാണുന്ന മുഖ്യധാരാ സിനിമകളിൽ വില്ലൻവേഷത്തിലോ സ്വഭാവനടനായോ കർണാടിനെ കാണാം. മോഹൻലാലിെൻറ ‘ദ പ്രിൻസി’ലും പ്രഭുദേവയുടെ ‘കാതലനി’ലും സൽമാൻ ഖാെൻറ ‘ഏക് ഥാ ടൈഗറി’ലുമൊക്കെ അപാരമായ സ്ക്രീൻ പ്രസൻസോടെ നിറഞ്ഞുനിൽക്കുന്ന അഭിനേതാവ്. അങ്ങനെ ഇന്ത്യൻ കലയുടെയും സാഹിത്യത്തിെൻറയും സിനിമയുടെയും വർത്തമാനത്തിൽ സജീവസാന്നിധ്യമായ ഒരാൾ രാഷ്ട്രീയ നിലപാടുകൾ തുറന്നുപ്രഖ്യാപിക്കുമ്പോൾ അതിന് ജനസമ്മതി കൂടും. അതാണ് ഫാഷിസ്റ്റുകൾ ഭയക്കുന്നത്. അതുകൊണ്ടാണ് ബംഗളൂരു കെംപഗൗഡ വിമാനത്താവളത്തിെൻറ പേരുമാറ്റി ടിപ്പുസുൽത്താെൻറ പേരു നൽകണമെന്ന് പറഞ്ഞ കർണാടിന് കൽബുർഗിയുടെ വിധിയായിരിക്കുമെന്ന് കൊലവിളി വന്നത്.

ബഹുസ്വരതക്കും ആശയപ്രകാശനസ്വാതന്ത്ര്യത്തിനും വേണ്ടി എന്നും വാദിച്ചിട്ടുണ്ട്. ബാബരി മസ്ജിദ് തകർത്തതിനെതിരെ പൊതുവേദികളിൽ ആഞ്ഞടിച്ചിരുന്നു. അതേതുടർന്നാണ് ഹുബ്ലിയിലെ ഒന്നരയേക്കർ വരുന്ന ഈദ്ഗാഹ് മൈതാനത്തിെൻറ കൈവശാവകാശത്തെ സംബന്ധിച്ച് ഹിന്ദുത്വവാദികൾ തർക്കങ്ങളുമായി വന്നത്. ഈ വിഷയത്തിൽ ഹിന്ദുവർഗീയവാദികൾക്കെതിരെ ഗിരീഷ് കർണാട് ശക്തമായ നിലപാടു സ്വീകരിച്ചു. അന്നു മുതൽ മതതീവ്രവാദികളുടെ കണ്ണിലെ കരടാണ്. 2012ൽ മുംബൈയിലെ ടാറ്റാ സാഹിത്യോത്സവത്തിൽ അറിയപ്പെടുന്ന മുസ്ലിംവിരുദ്ധനായ നോവലിസ്റ്റ് വി.എസ്. നയ്പാളിനെതിരെ അദ്ദേഹം തുറന്നടിച്ചു. സാഹിത്യോത്സവത്തിൽ സമഗ്രസംഭാവനക്കുള്ള പുരസ്കാരം നൽകാൻ മാത്രം നയ്പാളിന് എന്തു യോഗ്യതയാണുള്ളതെന്ന് കർണാട് ചോദിച്ചു. നരേന്ദ്ര മോദി പ്രധാനമന്ത്രിയായാൽ ആ ഇന്ത്യയിൽ ജീവിക്കാൻ തനിക്ക് താൽപര്യമില്ലെന്ന അനന്തമൂർത്തിയുടെ നിലപാടിനൊപ്പമായിരുന്നു കർണാട്. അന്നും ഹിന്ദുത്വവാദികളുടെ ഭീഷണിയുണ്ടായി.
ജന്മംകൊണ്ട് കർണാടകക്കാരനല്ല.  സാരസ്വത ബ്രാഹ്മണ കൊങ്കിണി കുടുംബത്തിൽ റാവു സാഹിബിെൻറയും കൃഷ്ണബായിയുടെയും മകനായി 1938 മേയ് 19ന് മഹാരാഷ്ട്രയിലെ മാതേറാനിലാണ് ജനിച്ചത്. മറാത്തിയിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. പതിനാലാം വയസ്സിൽ കർണാടകയിലെ ധാർവാറിലേക്ക് താമസം മാറ്റി. കർണാടക സർവകലാശാലയിൽനിന്ന് ഗണിതത്തിൽ ബിരുദം. 1958ൽ ലണ്ടനിലേക്കു തിരിച്ചു. ഓക്സ്ഫഡ് സർവകലാശാലയിൽനിന്ന് ഫിലോസഫിയിലും രാഷ്ട്രമീമാംസയിലും ബിരുദാനന്തര ബിരുദം. ഏഴുവർഷം ചെന്നൈയിലെ ഓക്സ്ഫഡ് യൂനിവേഴ്സിറ്റി പ്രസിൽ ജോലിചെയ്തു. അവിടെനിന്ന് ജീവിതസഖിയെ കണ്ടെത്തി. പിന്നീട് മുഴുവൻസമയ എഴുത്തിനായി ജോലി രാജിവെച്ചു. 1987–88 കാലത്ത് ഷികാഗോ സർവകലാശാലയിൽ വിസിറ്റിങ് പ്രഫസർ ആയിരുന്നു. പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിെൻറ ഡയറക്ടറും സംഗീത നാടക അക്കാദമി ചെയർമാനുമായിരുന്നിട്ടുണ്ട്. ജ്ഞാനപീഠവും പത്മഭൂഷണും പത്മശ്രീയും സാഹിത്യ അക്കാദമി അവാർഡും സംഗീത നാടക അക്കാദമി അവാർഡും കാളിദാസ സമ്മാനും കാലിഫോർണിയ സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റും ഉൾപ്പെടെ തേടിയെത്തിയ അംഗീകാരങ്ങൾക്ക് കണക്കില്ല.

1970ൽ അനന്തമൂർത്തിയുടെ നോവലിനെ ആസ്പദമാക്കി പട്ടാഭിരാമ റെഡ്ഡി സംവിധാനംചെയ്ത ‘സംസ്കാര’യിലൂടെയാണ് തിരക്കഥാകൃത്തായും നടനായും രംഗപ്രവേശം ചെയ്യുന്നത്. 1971ൽ പുറത്തിറങ്ങിയ ‘വംശവൃക്ഷ’ ആദ്യ സംവിധാന സംരംഭം. അത് മികച്ച സംവിധായകനുള്ള ദേശീയ അവാർഡിന് അർഹനാക്കി. കാട്, ചെലൂവി തുടങ്ങിയ കന്നട ചിത്രങ്ങൾ ദേശീയതലത്തിൽ അംഗീകരിക്കപ്പെട്ടു. ഹിന്ദിയിൽ ഉത്സവ്, ഗോധുലി തുടങ്ങിയ ചിത്രങ്ങൾ സംവിധാനംചെയ്തു. നൂറോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നാഗമണ്ഡല, ഹയവദന, യയാതി, തുഗ്ലക് തുടങ്ങി ഇരുപതോളം നാടകഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചു. എ.പി.ജെ അബ്ദുൽ കലാമിെൻറ ‘അഗ്നിച്ചിറകുകൾ’ ഓഡിയോ ബുക് ആയി പുറത്തിറക്കിയപ്പോൾ അതിൽ കലാമിന് ശബ്ദം നൽകി. ഡോ. സരസ്വതി ഗണപതിയാണ് ഭാര്യ. രണ്ടു മക്കൾ.

Show Full Article
TAGS:article 
Next Story