Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightനമുക്കു വേണ്ടത്...

നമുക്കു വേണ്ടത് വേറിട്ട ഭക്ഷണശീലം

text_fields
bookmark_border
നമുക്കു വേണ്ടത് വേറിട്ട ഭക്ഷണശീലം
cancel

പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ കുട്ടികളെന്നോ മുതിര്‍ന്നവരെന്നോ സ്ത്രീയെന്നോ പുരുഷനെന്നോ പാശ്ചാത്യനെന്നോ പൗരസ്ത്യനെന്നോ ഒരുവ്യത്യാസവും ഇല്ലാതെ എല്ലാസീമകളെയും ലംഘിച്ച് മനുഷ്യരാശിയുടെ ഒരു പേടിസ്വപ്നമായി ജൈത്രയാത്ര തുടരുകയാണ് പ്രമേഹമെന്ന പ്രതിനായകന്‍. ലോകത്താകമാനം 38.2 കോടി പ്രമേഹരോഗികളാണുള്ളത്. അതായത്, ഭൂമിയില്‍ വസിക്കുന്നവരില്‍ പ്രായപൂര്‍ത്തിയായവരില്‍ ഒമ്പതുപേരില്‍ ഒരാളെന്ന കണക്കില്‍ പ്രമേഹരോഗമുള്ളവരുണ്ട്. പ്രതിവര്‍ഷം 15 ലക്ഷത്തോളം പേരാണ് ലോകമെമ്പാടുമായി പ്രമേഹ രോഗംമൂലം മരിക്കുന്നത്. പൂര്‍ണമായി ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയാത്ത  ഈരോഗം ആരംഭം മുതല്‍ ശ്രദ്ധിച്ച് ചികിത്സിക്കുകയാണെങ്കില്‍ രോഗിക്ക് ഒരു സാധാരണ ജീവിതം നയിക്കാന്‍ കഴിയും എന്നുള്ളതാണ് ആശ്വാസകരമായ വസ്തുത. അതിനേക്കാളേറെ പ്രാധാന്യംനല്‍കേണ്ടത് പ്രമേഹരോഗ പ്രതിരോധത്തിനാണ്. പുതുതായുണ്ടാകുന്ന പ്രമേഹക്കാരില്‍  70 ശതമാനം പേരും ശ്രദ്ധിക്കുകയാണെങ്കില്‍ പ്രമേഹം തടയാനോ അല്ളെങ്കില്‍ തള്ളിനീക്കാനോ സാധിക്കും എന്നതാണ് പ്രമേഹത്തിനായുള്ള സാര്‍വദേശീയ സംഘടനയായ ഐ.ഡി.എഫ് (ഇന്‍റര്‍നാഷനല്‍ ഡയബറ്റ്സ് ഫെഡറേഷന്‍) മുന്നോട്ടുവെക്കുന്ന വാദഗതി.

ലോക രാഷ്ട്രങ്ങള്‍ പ്രമേഹ പ്രതിരോധ പരിപാടികള്‍ ആരംഭിക്കുകയും  നടപ്പാക്കുകയും ചെയ്യുകയാണെങ്കില്‍ ആരോഗ്യ പരിപാലനത്തിനായി വിനിയോഗിക്കേണ്ടിവരുന്ന തുകയുടെ 11 ശതമാനത്തോളം ലാഭിക്കാം എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. പ്രമേഹ പ്രതിരോധ പരിപാടികള്‍ ക്രിയാത്മകമായി നടപ്പാക്കാന്‍ കഴിഞ്ഞാല്‍ പ്രതിവര്‍ഷം 370 കോടി രൂപയോളം രാജ്യത്തിന് ലാഭിക്കാന്‍ കഴിയും എന്നതാണ് വസ്തുത. എന്നാല്‍, ഇന്ത്യയില്‍ സാംക്രമിക രോഗപ്രതിരോധ പരിപാടികളൊഴിച്ച് പ്രമേഹം പോലുള്ള ജീവിതശൈലീ രോഗ പ്രതിരോധ പരിപാടികള്‍ ഇപ്പോഴും ശൈശവദശയിലാണ്. രാജ്യത്തുടനീളം സമഗ്രമായ ആരോഗ്യ ബോധവത്്കരണ പരിപാടികളും അതോടൊപ്പം സുശക്തമായ ഭക്ഷ്യസുരക്ഷാനിയമവും നാട്ടില്‍ നടപ്പാക്കിയാല്‍ മാത്രമേ ജീവിതശൈലീരോഗങ്ങളെ വരുതിയിലാക്കാന്‍ കഴിയൂ. പ്രമേഹ ബോധവത്കരണത്തിന്‍െറ  ആവശ്യകത മനസ്സിലാക്കി ലോകമെമ്പാടും ആ സന്ദേശമത്തെിക്കാനായി ഇന്‍റര്‍നാഷനല്‍ ഡയബറ്റിക് ഫെഡറേഷനും ലോകാരോഗ്യ സംഘടനയും യുനൈറ്റഡ്  നാഷന്‍സും സംയുക്തമായി എല്ലാവര്‍ഷവും നവംബര്‍ 14 ലോക പ്രമേഹദിനമായി 1991 മുതല്‍ ആചരിച്ചുപോരുന്നു. നൂറില്‍പരം ലോകരാഷ്ട്രങ്ങള്‍ പങ്കെടുക്കുന്ന ഈ ബോധവത്കരണ പരിപാടിക്ക് വര്‍ഷംതോറും പ്രാധാന്യം ഏറിവരുന്നു.

പ്രമേഹരോഗ ചികിത്സാരംഗത്തെ ഏറ്റവും സുപ്രധാന കണ്ടുപിടിത്തം എന്ന് വിശേഷിപ്പിക്കാവുന്ന ഇന്‍സുലിന്‍െറ കണ്ടുപിടിത്തത്തിന്‍െറ സൂത്രധാരനായ സര്‍ ഫ്രെഡറിക് ബാന്‍റിങ്ങിന്‍െറ ജന്മദിനമാണ് നവംബര്‍ 14. ‘ആരോഗ്യദായകമായ ഭക്ഷണം’ അതാണ് ഈ വര്‍ഷത്തെ പ്രചാരണസന്ദേശം. പിഞ്ചുകുഞ്ഞുങ്ങളടക്കം ഏവര്‍ക്കും ഇഷ്ടഭോജനമായി രാജ്യത്തുടനീളം നമ്മുടെയൊക്കെ തീന്‍മേശയില്‍ ദശാബ്ദങ്ങളോളം സ്ഥാനംപിടിച്ചിരുന്ന മാഗി ന്യൂഡ്ല്‍സില്‍ മോണോ സോഡിയം ഗ്ളൂട്ടാമേറ്റിന്‍െറയും ഈയത്തിന്‍െറയും അളവ് അനുവദനീയമായതിലും കൂടുതലായതിനാല്‍ അതിന് രാജ്യവ്യാപകമായി വിലക്ക് ഏര്‍പ്പെടുത്തി. എന്നാല്‍, ബോംബെ ഹൈകോടതിയുടെ പിന്‍ബലത്തില്‍ അത് വീണ്ടും വിപണിയിലേക്ക് എത്തുകയായി. കേരളത്തില്‍ വില്‍ക്കപ്പെടുന്ന വെളിച്ചെണ്ണയില്‍ വ്യാപകമായി മായം കലര്‍ന്നിട്ടുണ്ടെന്ന പരാതിയില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ ഒമ്പത് ബ്രാന്‍റുകളില്‍ മായം കണ്ടത്തെുകയും അതിന്‍െറ തുടര്‍ വിപണനം സംസ്ഥാന സര്‍ക്കാര്‍ നിരോധിക്കുകയും ചെയ്തു. പിഴ രണ്ടുലക്ഷം വരെ ഈടാക്കാം. നിരോധിച്ച ബ്രാന്‍റുകള്‍ വിപണിയില്‍ കണ്ടാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കുക.

മായംകലര്‍ത്തി എന്ന പരിശോധനാഫലത്തിന്‍െറ അടിസ്ഥാനത്തില്‍ നിറപറ എന്ന കമ്പനിയുടെ നിത്യോപയോഗ സാധനങ്ങളായ മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞള്‍പ്പൊടി എന്നീ ഉല്‍പന്നങ്ങള്‍ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ഭക്ഷ്യസുരക്ഷാ കമീഷണര്‍ ടി.വി. അനുപമ വില്‍പന നടത്താന്‍ പാടില്ളെന്നെടുത്ത തീരുമാനം ഹൈകോടതി കഴിഞ്ഞദിവസം റദ്ദാക്കി. ഈയടുത്തകാലത്ത് പത്രമാധ്യമങ്ങളില്‍ വളരെ പ്രാധാന്യത്തോടെ  വന്ന വാര്‍ത്തകളാണിവ. പൊതുജനം തികച്ചും നിസ്സഹായരാകുന്ന അവസ്ഥ. ആരെയാണ് നമ്മള്‍ വിശ്വസിക്കേണ്ടത്?
ഉപ്പുതൊട്ട് കര്‍പ്പൂരം വരെ എല്ലാറ്റിലും മായം ചേര്‍ക്കപ്പെടുന്നു. അല്‍പലാഭം നോക്കി ആരോ ചെയ്യുന്ന ഈ ദുഷ്പ്രവൃത്തികളുടെ അന്തരഫലം അനുഭവിക്കേണ്ടത് നിഷ്കളങ്കരായ പാവം ജനം. ഭക്ഷ്യവിഷ ബാധ മുതല്‍ ദശാബ്ദങ്ങള്‍ക്ക് ശേഷമുണ്ടാകാവുന്ന ആരോഗ്യപ്രശ്നങ്ങള്‍ക്കുവരെ ഇവ കാരണമാകാം. ഒരു രാജ്യത്തിലെ എല്ലാ പൗരന്മാര്‍ക്കും ആവശ്യമായതോതില്‍ സുരക്ഷിതവും ആരോഗ്യദായകവുമായ ഭക്ഷ്യവസ്തുക്കള്‍ ലഭ്യമാക്കേണ്ട ചുമതല ആ രാജ്യത്തിലെ സര്‍ക്കാറുകളുടെ ധാര്‍മിക കടമയും കര്‍ത്തവ്യവുമാണ്. ഇവിടെയാണ് ഭക്ഷ്യസുരക്ഷാ നിയമത്തിന്‍െറ പ്രാധാന്യം.

സുശക്തവും അയവില്ലാത്തതുമായ നിയമനിര്‍മാണത്തിലൂടെ മാത്രമേ ഇന്ത്യപോലുള്ള ഒരു രാജ്യത്തില്‍ ഭക്ഷ്യസുരക്ഷ നടപ്പാക്കാന്‍ കഴിയൂ. കൈയൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്ന രീതിയിലാണ് പലപ്പോഴും കാര്യങ്ങളുടെ പോക്ക്. അതിര്‍ത്തിയില്‍ ശത്രുപാളയത്തില്‍ കണ്ണുംനട്ട് രാജ്യരക്ഷക്കായി നിലകൊള്ളുന്ന പട്ടാളക്കാരുടെ ജാഗ്രത ഭക്ഷ്യവസ്തുക്കളില്‍ മായംചേര്‍ക്കുന്നതിനെതിരെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കുണ്ടാകണം. കാരണം, രണ്ടും ആത്യന്തികമായി രാജ്യത്തിലെ ജനങ്ങളുടെ ജീവന് ഭീഷണിയാണ്. വിമാനത്താവളങ്ങളില്‍ സുരക്ഷാസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയപോലെ രാജ്യവ്യാപകമായി സൈന്യത്തിന്‍െറയും സംസ്ഥാന പൊലീസിന്‍െറയും നീതിന്യായ വകുപ്പിന്‍െറയും ആരോഗ്യവകുപ്പിന്‍െറയും സംയുക്തമായ ഒരു സംവിധാനം വേണം ഭക്ഷ്യസുരക്ഷ സംരക്ഷിക്കുന്നതിന്. എങ്കില്‍ മാത്രമേ, രാജ്യവ്യാപകമായി ഈ സംവിധാനം ശക്തിപ്രാപിക്കൂ. ഇന്ന് ഇന്ത്യയില്‍ എന്ത് ഭക്ഷ്യവസ്തുവും ആര്‍ക്കും വില്‍ക്കാം എന്ന സ്ഥിതിയാണ്. മായംചേര്‍ത്തവ, പഴകിയവ, ഭക്ഷ്യയോഗ്യമല്ലാത്തവ, ആരോഗ്യദായകമല്ലാത്തവ, ഇവയെല്ലാംതന്നെ നമ്മുടെ വിപണികളില്‍ ഇന്ന് സുലഭമാണ്. ഭക്ഷ്യയോഗ്യമല്ലാത്തവ, പൊതുവിപണിയില്‍നിന്ന് ഒരു ദാക്ഷിണ്യവും കൂടാതെ പിന്‍വലിക്കണം.

പുറത്തുനിന്ന് നമ്മുടെ കുട്ടികള്‍ ഇന്ന് കഴിക്കുന്ന ഒട്ടുമിക്ക ഭക്ഷണപദാര്‍ഥങ്ങളും അനാരോഗ്യം പ്രദാനംചെയ്യുന്നവ മാത്രമാണ്. ഒരു പോഷക മൂല്യവുമില്ലാത്ത, മധുരം, എണ്ണ, ഉപ്പ് ഇവയുടെ അതിപ്രസരമുള്ള  ആഹാരസാധനങ്ങളായ ബര്‍ഗര്‍, സാന്‍ഡ്വിച്ച്, പിസ, ഐസ്ക്രീമുകള്‍, കേക്കുകള്‍, മധുരപാനീയങ്ങള്‍, എണ്ണയില്‍ വറുത്തവ ഇവയെല്ലാംതന്നെ ഭാവിയില്‍ പൊണ്ണത്തടിക്കും പ്രമേഹത്തിനും ഹൃദ്രോഗത്തിനും കാരണമാകും. ഇത്തരം ആഹാരസാധനങ്ങള്‍ വില്‍ക്കുമ്പോള്‍ അവയിലടങ്ങിരിക്കുന്ന ഊര്‍ജം, ചേരുവകളുടെ അളവ് മുതലായവ കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. ചിലയാളുകള്‍ക്ക് ചില ഭക്ഷ്യവസ്തുക്കള്‍ അലര്‍ജിയുണ്ടാക്കും. ഇത്തരം കാര്യങ്ങള്‍ വായിച്ചു മനസ്സിലാക്കി ഭക്ഷ്യവസ്തുക്കള്‍ വാങ്ങിക്കാന്‍ വേണ്ടിയാണത്. ഇവിടെയാണ് ഭക്ഷ്യവസ്തുക്കളപ്പറ്റിയുള്ള ബോധവത്കരണ പരിപാടികളുടെ പ്രസക്തി.
കുട്ടികളുടെയും മുതിര്‍ന്നവരുടേയും വളര്‍ച്ചക്കും ആരോഗ്യപരിപാലനത്തിനും അത്യന്താപേക്ഷിതമായ ഘടകങ്ങളാണ് നല്ല പച്ചക്കറികളും പയറുവര്‍ഗങ്ങളും.

അരി, ഗോതമ്പ്, ചോളം, കിഴങ്ങുവര്‍ഗങ്ങള്‍ ഇവയുടെ ഉപയോഗം മലയാളികള്‍ കുറക്കാന്‍ സമയമായി. ഈ പറഞ്ഞവയെല്ലാം ദഹനശേഷം ഗ്ളൂക്കോസ് ആയിമാറുകയാണ് ചെയ്യുന്നത്. ദിവസവും മൂന്ന് നേരവും പച്ചക്കറികളും ഫലവര്‍ഗങ്ങളും ആഹാരത്തില്‍  ഉള്‍പ്പെടുത്തുക.
കുട്ടികളില്‍ ആഹാരശീലം വളര്‍ത്തുന്നത് നമ്മള്‍ തന്നെയാണ്. അതിനാല്‍, കുട്ടിക്കാലം മുതല്‍ പോഷകഗുണമുള്ള ആഹാരങ്ങള്‍ കൊടുത്ത് ശീലിപ്പിക്കുക.

ആഹാര സാധനങ്ങളുടെ രുചിയും നിറവും മണവും മാത്രമാകരുത് അവ തെരഞ്ഞെടുക്കുന്നതിന്‍െറ മാനദണ്ഡം. മറിച്ച്, അതിലടങ്ങിയിരിക്കുന്ന ഊര്‍ജം (കലോറി), ഉപ്പ് (സോഡിയം), കൊഴുപ്പ്, ട്രാന്‍സ്ഫാറ്റ് ഇവയുടെ അളവ്, പോഷകാഹാരങ്ങളുടെ അളവ്, രുചികൂട്ടാനായി ഉപയോഗിക്കുന്ന മോണോ സോഡിയം ഗ്ളൂട്ടാമേറ്റ്, അതിലടങ്ങിയിരിക്കുന്ന മറ്റ് ഘടകങ്ങളുടെ സാന്നിധ്യം...അങ്ങനെ പല കാര്യങ്ങള്‍ കണക്കിലെടുത്ത് മാത്രമായിരിക്കണം ഇവ വാങ്ങിക്കേണ്ടത്. ആ അറിവ് കുട്ടിക്കാലം മുതല്‍ നമ്മള്‍ അവര്‍ക്ക് പകര്‍ന്നുകൊടുക്കണം.
ഇത് നാളെയുടെ പൗരന്മാരുടെ ജീവിതാരോഗ്യത്തിന്‍െറ അടിത്തറ പാകും; നിസ്സംശയം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:diabetics day
Next Story