Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഅസഹിഷ്ണുത...

അസഹിഷ്ണുത തോൽക്കുന്നു, പ്രതിപക്ഷത്ത് മനോവീര്യം

text_fields
bookmark_border

ബിഹാറിലെ ഫലം അസഹിഷ്ണുതയുടെ തോൽവിയാണ്. 2019ലെ പൊതുതെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദി നയിക്കുന്ന ബി.ജെ.പിയെ എങ്ങനെ നേരിടുമെന്ന അനിശ്ചിതത്വത്തിൽനിന്ന പ്രതിപക്ഷനിരക്ക് കിട്ടിയ മനോവീര്യമാണ്. 17 മാസമായി ദേശീയ രാഷ്ട്രീയം നിയന്ത്രിക്കുന്ന നരേന്ദ്ര മോദി–അമിത്ഷാ–അരുൺജെയ്റ്റ്ലിമാർക്കുള്ള കടിഞ്ഞാൺ ആണ്. അടിച്ചമർത്തലിനെതിരെ ബി.ജെ.പിയിലും എൻ.ഡി.എ സഖ്യത്തിനുമുള്ളിൽ നിലനിൽക്കുന്ന അമർഷം വിപുലപ്പെടുന്നതിെൻറ തുടക്കമാണ്. സമാധാനവും സഹിഷ്ണുതയും സഹാനുഭൂതിയും വികസനവും നിലനിന്നുകാണാനും പുരോഗതിക്ക് കൊതിക്കുകയുംചെയ്യുന്ന, ഇന്ത്യയിലെവിടെയുമുള്ള ആം ആദ്മിക്ക് സമാശ്വാസമാണ്.

ബിഹാറിൽ മഹാസഖ്യം ജയിച്ചതു കൊണ്ട് 2019 വരെ ദേശീയ രാഷ്ട്രീയത്തിലെ അധികാര സമവാക്യങ്ങളിൽ ഒരുമാറ്റവും പ്രതീക്ഷിക്കേണ്ട. അത് നരേന്ദ്ര മോദിയിൽ കേന്ദ്രീകരിച്ചുതന്നെ നിൽക്കും. ബിഹാറിലാണെങ്കിൽ, അപ്രതീക്ഷിതമായി ഏറ്റവുംവലിയ ഒറ്റക്കക്ഷിയായി മാറിയ ആർ.ജെ.ഡിയുടെ നേതാവ് ലാലുപ്രസാദ് പിൻസീറ്റ് ഡ്രൈവിങ് നടത്തി മുഖ്യമന്ത്രി നിതീഷ്കുമാറിനെ പ്രയാസപ്പെടുത്താനുള്ള സാധ്യത നിലനിൽക്കുന്നുമുണ്ട്. മഹാസഖ്യത്തിെൻറ അഞ്ചുവർഷത്തെ ഭരണകാലാവധി അതുകൊണ്ടുതന്നെ സുഗമമാകണമെന്നില്ല. പക്ഷേ, ബിഹാറിനെക്കുറിച്ച ഇത്തരം പൊതുവായ ചില്ലറ ആശങ്കകളല്ല, ബിഹാർഫലം ദേശീയ രാഷ്ട്രീയത്തിൽ മോദിക്കും കൂട്ടർക്കും നൽകുന്നത്.

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയെ നയിച്ച് അരവിന്ദ് കെജ്രിവാൾ അതിന് തുടക്കമിട്ടപ്പോൾ സൂക്ഷിച്ച നിസ്സാരഭാവം ഇനി പറ്റില്ല. നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുഖ്യമന്ത്രി സ്ഥാനാർഥി ഉണ്ടെങ്കിലും ഇല്ലെങ്കിലും വോട്ടർമാരിൽ കമ്പംകയറ്റാൻ ദേശീയതലത്തിലുള്ള നായക ഉരുവാണ് മോദിയെന്ന മായിക പ്രതിച്ഛായ മാഞ്ഞു. പ്രാദേശിക സമവാക്യങ്ങൾക്കും കക്ഷികൾക്കും സാഹചര്യങ്ങൾക്കും മീതെയല്ല മോദിയുടെ സ്ഥാനമെന്ന് വന്നു. ബി.ജെ.പിക്കുള്ളിലും ദേശീയ–സംസ്ഥാനതലങ്ങളിലും മോദിയുടെ മേധാവിത്വത്തിനേറ്റ ഈ ഇടിവ് ഇനിയുള്ള രാഷ്ട്രീയത്തിൽ പ്രധാനമാണ്. ബിഹാറിൽ 32 സ്റ്റേജുകളിൽ മോദിയെ കയറ്റിയപ്പോൾ വെച്ചുപുലർത്തിയ ആത്മവിശ്വാസം ഇനിയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പിക്കും മോദിക്കുതന്നെയും കൊണ്ടുനടക്കുക വയ്യ. ഫലത്തിൽ ഇടർച്ചയുടെ തുടക്കം.

ബിഹാറിൽ മുട്ടുകുത്തിച്ച പ്രതിയോഗിയെ ഫോണിൽ വിളിച്ച് ആശംസ അറിയിച്ചതിന് തൊട്ടുപിന്നാലെ, ബിഹാറിലെ ഫലം സർക്കാറിെൻറ വികസന അജണ്ടക്ക് തടസ്സമാവില്ലെന്ന് നരേന്ദ്ര മോദി ട്വീറ്റ് ചെയ്തിട്ടുണ്ട്. പക്ഷേ, 2024 വരെയുള്ള ഭരണത്തിന് 10 കൊല്ലം മുമ്പേ അജണ്ട നിശ്ചയിച്ചുനീങ്ങുന്ന നരേന്ദ്രമോദിക്കും അദ്ദേഹത്തെ താങ്ങുന്ന കോർപറേറ്റ്–രാഷ്ട്രീയലോകത്തിനും ഇതുവരെയുണ്ടായിരുന്ന അമിതധൈര്യം അവസാനിച്ചു. ബിഹാർ ഫലം വരുന്നതോടെ രാജ്യസഭയിൽ നില മെച്ചപ്പെടുത്താം, ദുർബലമായ പ്രതിപക്ഷത്തെ നോക്കുകുത്തിയാക്കി കോർപറേറ്റ് സൗഹൃദ പരിഷ്കരണ അജണ്ടകൾ മുന്നോട്ടുനീക്കാം തുടങ്ങിയ പ്രതീക്ഷകളാണ് അസ്തമിച്ചത്. ഇന്ത്യയിൽ മെച്ചപ്പെട്ട നിക്ഷേപാന്തരീക്ഷം മോദി ഒരുക്കുമെന്ന് പ്രതീക്ഷിച്ച കോർപറേറ്റ് ലോകത്തിനും പിഴച്ചു.
ഒലിച്ചുപോയ വർഷകാല സമ്മേളനത്തിലെന്നപോലെ, പാർലമെൻറിെൻറ ശീതകാല സമ്മേളനത്തിലും ഭരണ–പ്രതിപക്ഷ ഏറ്റുമുട്ടലിനുള്ള വിഷയങ്ങൾ ഇതിനകംതന്നെ ഉയർന്നുവന്നിട്ടുണ്ട്. സർക്കാറിനെ നേരിടാൻ പ്രതിപക്ഷത്തിന് ആവേശംകൂടുമ്പോൾ, ഇപ്പോഴത്തെ നിലപാടുകളിൽ തിരുത്തലുകൾക്ക് മോദിയും സംഘവും നിർബന്ധിക്കപ്പെടും. പ്രതിപക്ഷവുമായി പാർലമെൻറിലും പുറത്തും ഏറ്റുമുട്ടുന്ന ഇന്നത്തെരീതി വിട്ട് സമവായത്തിെൻറയും സഹകരണത്തിെൻറയും വഴിതേടാൻ മോദി സർക്കാർ നിർബന്ധിതമാണ്. ഏതൊരു സർക്കാറിനും പ്രതിച്ഛായ സൃഷ്ടിക്കാനും ഭരണത്തിന് ദിശനൽകാനും ആദ്യത്തെ രണ്ടുവർഷങ്ങൾ നിർണായകമാണെങ്കിൽ, അവസരങ്ങൾ മിക്കവാറും നഷ്ടപ്പെടുത്തിയ മോദി സർക്കാറും ബി.ജെ.പിയും ദുരഭിമാനങ്ങൾക്കിടയിൽ അതിന് തയാറാവുമോ എന്നത് കാത്തിരുന്നുകാണേണ്ട കാര്യം.

ലോക്സഭയിൽ കേവല ഭൂരിപക്ഷം കിട്ടിയിട്ടും വികസനകേന്ദ്രീകൃതമായ ഭരണത്തിൽ കേന്ദ്രീകരിക്കാൻ മോദി സർക്കാറിന് കഴിയാത്തത് സ്വന്തം കൃതാനർഥങ്ങൾ കൊണ്ടാണ്. കോൺഗ്രസ് നയിച്ച സർക്കാറിെൻറ അഴിമതിയും കെടുകാര്യസ്ഥതയും ചൂണ്ടിക്കാട്ടി, വികസനത്തിെൻറ പേരുപറഞ്ഞാണ് നരേന്ദ്രമോദി യുവാക്കൾ അടക്കമുള്ളവരെ കൊതിപ്പിച്ച് അധികാരത്തിൽ വന്നത്. എന്നാൽ 17 മാസം പിന്നിട്ടതിനിടയിൽ തട്ടുപൊളിപ്പൻ പ്രസംഗങ്ങൾക്കും പ്രഖ്യാപനങ്ങൾക്കുമപ്പുറം, സാധാരണ ജനങ്ങൾക്ക് ഉതകുന്ന ക്ഷേമനടപടികളൊന്നുംതന്നെ പുതിയ സർക്കാറിെൻറ ഭാഗത്തുനിന്നുണ്ടായിട്ടില്ല. പുതിയ ജീവിതഭാരങ്ങളും കുരുക്കുകളുമാണ് സംഭാവനയെന്നതിന് ട്രെയിൻ ചാർജ് വർധന, ഇന്ധനവില മുതൽ ആധാർവരെ ഉദാഹരണങ്ങൾ എമ്പാടുമുണ്ട്.

അവിടവും വിട്ട്, വികസനം കൊതിച്ചവർക്ക് മുന്നിൽ ഘർവാപസി, പശു, സംവരണം എന്നിങ്ങനെ സമാധാനവും നഷ്ടപ്പെടുത്തുന്ന വിഷയങ്ങൾ കുമിയുന്നതിനിടയിലാണ് ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് കടന്നുവന്നത്. സാധ്വി പ്രാചിയും യോഗി ആദിത്യനാഥും മുതൽ ആർ.എസ്.എസ് നേതാവ് മോഹൻ ഭാഗവത് വരെ എടുത്തിട്ട വിവാദങ്ങൾ ഹൈന്ദവ വോട്ടുകളല്ല, സ്വൈര്യവും സൗഹാർദവും കൊതിക്കുന്നവരുടെ വോട്ടുകളാണ് ഒന്നിപ്പിച്ചതെന്നാണ് ഇന്ന് ബി.ജെ.പി തിരിച്ചറിയുന്നത്. അസഹിഷ്ണുത കൊണ്ട് കലക്കിയ സാമൂഹിക അന്തരീക്ഷത്തിൽനിന്ന്, വിശ്വാസ്യത തിരിച്ചുപിടിക്കുകയെന്ന വലിയ പ്രതിസന്ധിയാണ് മോദി നേരിടുന്നത്. ഈ രാഷ്ട്രീയക്കളം യഥാർഥത്തിൽ പ്രതിപക്ഷനിരക്ക് ഭാവിയിലേക്ക് വലിയ അവസരങ്ങൾ തുറന്നുവെക്കുകയും ചെയ്തിരിക്കുന്നു. കലുഷിതമായി മാറിയിരിക്കുന്ന അന്തരീക്ഷം പ്രതിപക്ഷത്തെ യോജിച്ച നീക്കങ്ങൾക്കും സമവായങ്ങൾക്കും നിർബന്ധിക്കുന്നുമുണ്ട്.  
കോൺഗ്രസിൽനിന്ന് ഭിന്നമായി, പ്രാദേശികകക്ഷികൾ ശക്തരായ സംസ്ഥാനങ്ങളിൽ മോദി ജാലത്തിെൻറ മായികക്കരുത്ത് ഏൽക്കുന്നില്ലെന്നാണ് ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് മാസങ്ങൾക്കകം തന്നെ ദൃശ്യമായ പ്രവണത. യു.പിയിലും ബിഹാറിലും നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ, ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ മോദിക്കമ്പം കണ്ടില്ല. ഏഴ് ലോക്സഭാ സീറ്റും വെട്ടിപ്പിടിച്ച ഡൽഹിയിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്ന് സീറ്റിലേക്കാണ് ബി.ജെ.പി ഒതുങ്ങിപ്പോയത്. ബിഹാറിലെ 40ൽ 31 സീറ്റും പിടിച്ച എൻ.ഡി.എ സഖ്യത്തെ നാലിൽ മൂന്നുവരുന്ന ഭൂരിപക്ഷത്തോടെയാണ് ഇപ്പോൾ കരുത്തരായ പ്രാദേശിക കക്ഷികൾ തറപറ്റിച്ചത്. അടുത്തവർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചിമബംഗാളിൽ, മമതാ ബാനർജിയുടെ കരുത്തിനോട് ഏറ്റുമുട്ടാൻ മോദിക്ക് കഴിയില്ലെന്നാണ് ബിഹാർ നൽകുന്ന മുന്നറിയിപ്പ്. തമിഴ്നാട്ടിലെയും കേരളത്തിലെയും കാര്യം പറയാനില്ല. 2017ൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കേണ്ട യു.പി വർഗീയതയുടെ പരീക്ഷണശാലയാക്കി ബി.ജെ.പി മാറ്റുമ്പോഴും, ലോക്സഭാ തെരഞ്ഞെടുപ്പിൽനിന്ന് ഭിന്നമായ കാഴ്ചയായിരുന്നു അടുത്തയിടെ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിലേത്. ഒറ്റ സീറ്റും കിട്ടാത്ത മായാവതിയുടെ ബി.എസ്.പി കരുത്തോടെ തിരിച്ചെത്തുകയും, മോദിയുടെ മണ്ഡലമായ വാരാണസിയിൽപോലും ബി.ജെ.പി മൂക്കുകുത്തുകയും ചെയ്തു.

പക്ഷേ, ദേശീയതലത്തിലേക്ക് വരുമ്പോൾ, കോൺഗ്രസ് ശോഷിച്ചതും സംഘടിത പ്രതിപക്ഷമില്ലാത്തതുമാണ് മോദിയുടെയും ബി.ജെ.പിയുടെയും കരുത്തായി മാറുന്നത്. ജനതാ പരിവാർ പാർട്ടികളുടെ ലയനത്തിെൻറ കൊട്ടുകുരവകൾക്കിടയിൽവന്ന ബിഹാർ തെരഞ്ഞെടുപ്പിൽ സംഭവിച്ചതെന്താണ്? ജനതാദൾ (യു), ആർ.ജെ.ഡി, കോൺഗ്രസ് എന്നിവർ മാത്രമായി മഹാസഖ്യം മാറി. മതനിരപേക്ഷ ചേരിയിൽപെട്ടവരെന്ന് അവകാശപ്പെടുന്ന മുലായംസിങ്ങിെൻറ സമാജ്വാദി പാർട്ടി, ശരത്പവാറിെൻറ എൻ.സി.പി, ഇടതുപാർട്ടികൾ എന്നിവ പൊതുശത്രുവിനെ നേരിടാനല്ല, സ്വന്തം കരുത്ത് തെളിയിക്കാനാണ് പിടിവാശി കാണിച്ചത്. ന്യൂനപക്ഷങ്ങൾ നിർണായകമായി കണ്ട തെരഞ്ഞെടുപ്പിൽ സ്വന്തം പാർട്ടിയുടെ സാധ്യതകൾ പരീക്ഷിച്ച് മുസ്ലിം വോട്ട് നാമമാത്രമായെങ്കിലും ചിതറിക്കാനാണ് അസദുദ്ദീൻ ഉവൈസിയുടെ എ.ഐ.എം.ഐ.എം പണിയെടുത്തത്. നിർണായകവേളയിൽ പൊതുലക്ഷ്യമല്ല, ഈഗോയാണ് അവരെ ഭരിച്ചത്.
ഇതൊക്കെയായിട്ടും വിഭാഗീയ രാഷ്ട്രീയം തറപറ്റിയതാണ് ബിഹാറിലെ നന്മ. ഇന്ദിര ഗാന്ധിയുടെ അടിയന്തരാവസ്ഥക്കെതിരായ ചെറുത്തുനിൽപുകൾക്ക് തുടക്കവും ആവേശവും പകർന്ന സോഷ്യലിസ്റ്റ് മണ്ണാണ് ബിഹാർ. അസഹിഷ്ണുതയുടെയും സ്വേച്ഛാധിപത്യത്തിെൻറയും രീതികൾ പിന്തുടരുന്ന മോദി സർക്കാറിന് ഇപ്പോൾ തക്ക തിരിച്ചടി കിട്ടുന്നതും ഈ മണ്ണിൽ നിന്നുതന്നെ. നിലവിലെ ഭരണത്തിനെതിരായ വിശാല പ്രതിപക്ഷഐക്യത്തിെൻറ തുടക്കവും ആവേശവുമായി ബിഹാർ മാറുമോ എന്നതാണ് തെരഞ്ഞെടുപ്പുഫലം ഉയർത്തുന്ന കാതലായ ചോദ്യം. പ്രതിപക്ഷനേതാവ് ഉണ്ടാകാൻപോലും സീറ്റെണ്ണമില്ലാത്ത ഗതികെട്ട അവസ്ഥ തിരുത്തിക്കൊണ്ടാണ് ആദ്യം ഡൽഹിയിൽനിന്ന് അരവിന്ദ് കെജ്രിവാളും ഇപ്പോൾ ബിഹാറിൽനിന്ന് മഹാസഖ്യവും പ്രതിപക്ഷനിരക്ക് പുതിയ പ്രതീക്ഷകളുടെ കരുത്തുനൽകുന്നത്. ചിതറിനിൽക്കുന്ന പ്രതിപക്ഷത്തെ ഒരുചരടിൽ കോർത്തെടുക്കാൻ ബിഹാർ ഫലം ഉപകരിക്കുമെന്ന് കോൺഗ്രസ് കരുതുന്നുണ്ട്. നിതീഷിനെ മുന്നിൽനിർത്തി പ്രതിപക്ഷ ബദൽ കെട്ടിപ്പടുക്കാനുള്ള സാധ്യതയും ബിഹാർ ഫലം നൽകുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bhar election
Next Story