Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightമുഴങ്ങട്ടെ, ഹല്ലാ...

മുഴങ്ങട്ടെ, ഹല്ലാ ബോല്‍

text_fields
bookmark_border

കഴിഞ്ഞയാഴ്ച, ന്യൂഡല്‍ഹിയില്‍നിന്നും അല്‍പംമാറി മാണ്ഡീഹൗസിലെ യു.ജി.സി ആസ്ഥാന കെട്ടിടത്തിനുമുന്നില്‍ സംസ്ഥാനത്തിന്‍െറ നാനാഭാഗത്തുനിന്നുമുള്ള വിദ്യാര്‍ഥികള്‍ യു.ജി.സിയുടെ കോലം കത്തിച്ചു. രാജ്യത്തെ ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഉന്നത വിദ്യാഭ്യാസമോഹത്തിന് കനത്ത ആഘാതമേല്‍പ്പിക്കുന്ന, സെന്‍ട്രല്‍ യൂനിവേഴ്സിറ്റികളിലെ നോണ്‍നെറ്റ് ഫെലോഷിപ്പുകള്‍ നിര്‍ത്തലാക്കാനുള്ള യു.ജി.സി തീരുമാനത്തില്‍ പ്രതിഷേധിച്ചായിരുന്നു ഇത്. നിലവില്‍ സെന്‍ട്രല്‍ യൂനിവേഴ്സിറ്റികളില്‍ എം.ഫില്‍, പിഎച്ച്.ഡി വിദ്യാര്‍ഥികള്‍ക്ക് നല്‍കിവരുന്ന 5000, 8000 ഫെലോഷിപ് 8000, 12,000 രൂപയാക്കി ഉയര്‍ത്തണമെന്ന ആവശ്യം ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഫെലോഷിപ്പ് തന്നെ എടുത്തുകളയാനുള്ള തീരുമാനം വന്നത്. ഏറ്റവും കൗതുകകരം ഫെലോഷിപ് ഉയര്‍ത്തുന്നതിനുവേണ്ടി രൂപവത്കരിച്ച കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ് ഫെലോഷിപ് നിര്‍ത്തലാക്കാന്‍ യു.ജി.സി തീരുമാനിച്ചത് എന്നതാണ്. ഇതിനെ തുടര്‍ന്നാണ് ഒക്ടോബര്‍ ഏഴിന്  ജവഹര്‍ലാല്‍ നെഹ്റു യൂനിവേഴ്സിറ്റി, ഡല്‍ഹി ജാമിഅ മില്ലിയ, ഡല്‍ഹി യൂനിവേഴ്സിറ്റി എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ യു.ജി.സി ആസ്ഥാന കെട്ടിടത്തിനുമുന്നില്‍ പ്രതിഷേധവുമായി തമ്പടിച്ചത്. തികച്ചും സമാധാനപരമായി മുദ്രാവാക്യം വിളിച്ചും വിപ്ളവഗാനങ്ങള്‍ പാടിയും  പ്രതിഷേധിച്ച വിദ്യാര്‍ഥികളെ ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് പൊലീസ് അറസ്റ്റുചെയ്ത് ഹരിയാന ബോര്‍ഡറിലെ ബല്‍സാവ പൊലീസ് സ്റ്റേഷനിലേക്ക് നീക്കിയതോടെ പ്രതിഷേധം കൂടുതല്‍ ശക്തമായി. എന്നാല്‍, മുന്‍തീരുമാനത്തില്‍ മാറ്റമില്ളെന്നും ഇതുമായി ബന്ധപ്പെട്ട നോട്ടിഫിക്കേഷന്‍ മാനവവിഭവശേഷി മന്ത്രാലയത്തിലേക്ക് അയക്കുന്നത് ഒരാഴ്ച വൈകിക്കുന്നത് മാത്രമാണ് ചെയ്യാന്‍ സാധ്യമാവുന്ന ഏക കാര്യം എന്ന് വിദ്യാര്‍ഥി പ്രതിനിധികളെ അറിയിക്കുകയാണ് ചെയ്തത്. അടുത്ത പ്രവൃത്തി ദിനത്തില്‍ യു.ജി.സി ചെയര്‍മാനുമായി വിദ്യാര്‍ഥികളുടെ പ്രതിനിധിസംഘം ചര്‍ച്ച നടത്തും എന്നതായിരുന്നു ഓള്‍ പാര്‍ട്ടി മീറ്റിങ്ങിന്‍െറ തീരുമാനം. ഇതിനെ മറികടന്ന് ഡല്‍ഹിയിലെ ഇതര യൂനിവേഴ്സിറ്റികളിലെ എ.ബി.വി.പി നേതാക്കള്‍ അതിനുമുമ്പ് തന്നെ കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിയുമായി നടത്തിയ ചര്‍ച്ചയില്‍ മെറിറ്റും സാമ്പത്തികവും മറ്റുചില മാനദണ്ഡങ്ങളും അടിസ്ഥാനമാക്കി (മറ്റു മാനദണ്ഡങ്ങള്‍ എന്താണെന്ന് പറയുന്നില്ല) നോണ്‍നെറ്റ് സ്കോളര്‍ഷിപ് പുനരാരംഭിക്കാന്‍ തീരുമാനമായതായി അറിയിച്ചു. അതത് യൂനിവേഴ്സിറ്റികള്‍ നടത്തുന്ന പ്രവേശ പരീക്ഷയും അഭിമുഖവും കഴിഞ്ഞ് കടുപ്പമേറിയ തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെയാണ് ഓരോ വിദ്യാര്‍ഥിയും എം.ഫില്‍, പിഎച്ച്.ഡി കോഴ്സുകളില്‍ ചേരുന്നത്. ഇതില്‍ കവിഞ്ഞ മറ്റെന്ത് മെറിറ്റാണ് ഓരോ ഗവേഷക വിദ്യാര്‍ഥിക്കും ഫെലോഷിപ് നല്‍കാന്‍ പരിഗണിക്കപ്പെടേണ്ടത്?
ഫെബ്രുവരി 23ന് ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി സഭയില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി നടത്തിയ പ്രസംഗത്തില്‍ വിദ്യാഭ്യാസമാണ് ഏറ്റവും മുന്‍ഗണന കൊടുക്കേണ്ട മേഖലയെന്ന് ഊന്നിപ്പറഞ്ഞിരുന്നു. സഭയില്‍ ഇത് ശരിവെച്ച ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി മാര്‍ച്ച് അഞ്ചിന് അവതരിപ്പിച്ച ധനകാര്യ ബജറ്റ് ഇന്ത്യയിലെ വിദ്യാഭ്യാസ മേഖലക്ക് ആശാവഹമായി ഒന്നും മുന്നോട്ടുവെച്ചില്ല എന്നുമാത്രമല്ല, നിലവിലുള്ള പദ്ധതികളുടെ ഫണ്ട് ഗണ്യമായി വെട്ടിക്കുറക്കുകയും ചെയ്തു. ബജറ്റില്‍ വിദ്യാഭ്യാസ മേഖലക്കായി ആകെ നീക്കിവെച്ചിരിക്കുന്ന തുക 69,075 കോടി രൂപയാണ്; രാജ്യത്തിന്‍െറ മൊത്തം ജി.ഡി.പിയുടെ 3.3 ശതമാനം. 2014-15 ബജറ്റ് എസ്റ്റിമേറ്റില്‍നിന്നും എസ്.എസ്. എക്ക് അനുവദിച്ച തുകയില്‍നിന്നും 28.5 ശതമാനത്തിന്‍െറയും കുട്ടികള്‍ക്കിടയിലെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനായുള്ള മിഡ്ഡേമീല്‍ പദ്ധതിയില്‍നിന്നും 41 ശതമാനവും ഫണ്ടാണ് വെട്ടിക്കുറച്ചിരിക്കുന്നത്. സെക്കന്‍ഡറി വിദ്യാഭ്യാസത്തിന്‍െറ നിലവാരം ഉയര്‍ത്തുന്നതിനായി 2009ല്‍ തുടങ്ങിവെച്ച രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന് 2014നെക്കാള്‍ 57 ശതമാനത്തിന്‍െറ ഫണ്ട് അനുവദിക്കുന്നതിനായി  മാനവവിഭവശേഷി മന്ത്രാലയം രൂപംകൊടുത്ത രാഷ്ട്രീയ ഉംരതാര്‍ ശിക്ഷാ അഭിയാന്‍ 47 ശതമാനത്തിന്‍െറ ഫണ്ട് വെട്ടിക്കുറക്കലിനിരയായി. ഇത്തരത്തില്‍ യു.പി.എ സര്‍ക്കാറിന്‍െറ കാലഘട്ടത്തില്‍ കേന്ദ്രസര്‍ക്കാറിന്‍െറ പൂര്‍ണ പങ്കാളിത്തത്തില്‍ വിദ്യാഭ്യാസ അവകാശനിയമം 2009 നടപ്പാക്കാന്‍ തുടങ്ങിവെച്ച പദ്ധതികളുടെ വിഹിതം വെട്ടിക്കുറക്കുക, സബ്സിഡികള്‍ ഇല്ലാതാക്കുക എന്ന എന്‍.ഡി.എ സര്‍ക്കാറിന്‍െറ നയത്തിന്‍െറ അവസാനത്തെ ഉദാഹരണമായിട്ടാണ് നോണ്‍നെറ്റ് ഫെലോഷിപ്പുകള്‍ നിര്‍ത്തലാക്കാനുള്ള യു.ജി.സിയുടെ നീക്കത്തെ കാണേണ്ടത്.
ഒരു വ്യക്തിയുടെ മസ്തിഷ്കത്തെ ഒരു പ്രത്യേക പ്രത്യയശാസ്ത്രത്തിന് അടിമയാക്കുന്നതിനുള്ള ഏറ്റവും എളുപ്പമേറിയ വഴികളാണ് മാര്‍ക്കറ്റും വിദ്യാഭ്യാസവും. ഇതില്‍തന്നെ ഏറ്റവും സുഗമമായി പ്രത്യയശാസ്ത്രം സന്നിവേശിപ്പിക്കപ്പെടുന്നത് വിദ്യാഭ്യാസത്തിലൂടെയാണ്. ചെറിയ പ്രായത്തില്‍തന്നെ പൗരന്‍െറ ചിന്താധാരയുടെ നിയന്ത്രണം എളുപ്പം കൈയടക്കാം എന്നതാണ് ഭരണകൂടം വിദ്യാഭ്യാസത്തിലൂടെ പ്രചരിപ്പിക്കപ്പെടുന്ന പ്രത്യയശാസ്ത്രത്തിന്‍െറ മേന്മയും ശക്തിയുമായി കാണുന്നത്. ഇത് നന്നായി അറിയുന്നവരാണ് ഇപ്പോള്‍ രാഷ്ട്രത്തിന്‍െറ ഭരണചക്രം തിരിക്കുന്നത്. ഇതൊക്കെ വ്യക്തമായി അറിയാവുന്നതുകൊണ്ടാണല്ളോ സ്വാതന്ത്ര്യത്തിനുവേണ്ടി തോളോടുതോള്‍ ചേര്‍ന്ന് ജാതിമതഭേദമെന്യേ ഭാരതമക്കള്‍ പോരാടിയിരുന്ന കാലഘട്ടത്തില്‍ കാക്കിട്രൗസറുമിട്ട് തലങ്ങും വിലങ്ങും നടന്നവനൊക്കെ പട്ടും വളയും നല്‍കി ചരിത്രത്തിലില്ലാത്ത സിംഹാസനങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ സംഘപരിവാരം പെടാപാടുപെടുന്നത്. പാഠപുസ്തകങ്ങള്‍ തിരുത്തിയെഴുതുക, ചരിത്രത്തെ വളച്ചൊടിക്കുക തുടങ്ങിയ കലാപരിപാടികള്‍ക്ക് പുറമെയാണ് ഉന്നത വിദ്യാഭ്യാസ സബ്സിഡികള്‍, ഫണ്ട് തുടങ്ങിയവ വെട്ടിച്ചുരുക്കുന്ന നികൃഷ്ട നടപടികളും.
നോണ്‍നെറ്റ് സ്കോളര്‍ഷിപ്പുകള്‍ ഒഴിവാക്കുന്നത് അതിനെക്കുറിച്ച് കിട്ടിയ പരാതികളെ തുടര്‍ന്നാണ് എന്നാണ് യു.ജി.സി ചെയര്‍മാന്‍ വേദ് പ്രകാശ് പറയുന്നത്. പാവപ്പെട്ടവന്‍െറ മക്കള്‍ക്ക് ഉന്നതവിദ്യാഭ്യാസമെന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതില്‍ ഒരു കൈത്താങ്ങ് കിട്ടുന്നതില്‍ ആര്‍ക്കാണിത്ര പരാതി? ഉന്നത വിദ്യാഭ്യാസരംഗത്തെ സബ്സിഡികള്‍ ഒഴിവാക്കുന്നതിനു പിന്നിലെ സത്യം മറ്റൊന്നാണ്. കോര്‍പറേറ്റ് തിമിംഗലങ്ങള്‍ പൊതുവിദ്യാഭ്യാസരംഗത്തെ പാടെ വിഴുങ്ങാന്‍ തയാറായി വരുമ്പോള്‍ അവര്‍ക്ക് ലെവല്‍ പ്ളെയിങ് ഗ്രൗണ്ട് ഒരുക്കിക്കൊടുക്കേണ്ടത് സര്‍ക്കാറിന്‍െറ പ്രതിബദ്ധതയാണല്ളോ.
ഉന്നത വിദ്യാഭ്യാസ രംഗത്തെ ബഹുസ്വരത നശിപ്പിച്ച് എല്ലാ യൂനിവേഴ്സിറ്റികളെയും ഒരൊറ്റ നിയമത്തിന്‍െറ കീഴിലാക്കാന്‍ രൂപവത്കരിച്ച സെന്‍ട്രല്‍ യൂനിവേഴ്സിറ്റി ബില്‍ ആണ് മറ്റൊരു ഭീഷണി. ഓരോ യൂനിവേഴ്സിറ്റികള്‍ക്ക് രൂപവത്കരണത്തിനു പിന്നിലും  സാമൂഹിക രാഷ്ട്രീയ ലക്ഷ്യങ്ങളും കാരണങ്ങളും ഉണ്ട്. ഉദാഹരണത്തിന് ബനാറസ് ഹിന്ദു യൂനിവേഴ്സിറ്റി 1915 ആക്ട്. നാഷനല്‍ മൂവ്മെന്‍റുമായി ഇഴപിരിയാനാകാത്ത ബന്ധമുണ്ടതിന്. ഡല്‍ഹി യൂനിയന്‍ ആക്ട് 1922, ഇതിനാവട്ടെ ഡല്‍ഹിയിലെ ഒരു വലിയ ഏകീകൃത കോളജ് ശൃംഖല സൃഷ്ടിച്ചെടുക്കുക എന്ന ലക്ഷ്യമുണ്ടായിരുന്നു. ഇത്തരത്തിലുള്ള സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളുമായി അഭേദ്യമായ ബന്ധം പുലര്‍ത്തിക്കൊണ്ടുവരുന്ന ഓരോ യൂനിവേഴ്സിറ്റികളെയും ഒരൊറ്റ നിയമത്തിനുകീഴില്‍കൊണ്ടുവരുക എന്നത് ശുദ്ധ അസംബന്ധമാണ്. അങ്ങനെ കൊണ്ടുവരുന്നത് ഓരോ യൂനിവേഴ്സിറ്റിയുടെയും ബഹുസ്വരത നശിപ്പിച്ച് അക്കാദമിക് ശവപ്പറമ്പുകളാക്കുമെന്നത് തീര്‍ച്ചയാണ്. അധ്യാപകരെയും മറ്റ് യൂനിവേഴ്സിറ്റി ജീവനക്കാരെയും എപ്പോള്‍ വേണമെങ്കിലും എവിടേക്കും സ്ഥലംമാറ്റാം എന്ന ‘സൗകര്യവും’ അധികൃതര്‍ക്ക് ഇതിലൂടെ ലഭിക്കും. ക്രമേണ യൂനിവേഴ്സിറ്റി സ്റ്റേറ്റിന്‍െറ ആവശ്യാര്‍ഥം വിജ്ഞാനം നിര്‍മിച്ചുകൊടുക്കുന്ന ഫാക്ടറികളായി അധ$പതിക്കും.
ഈ വിധേനയെല്ലാം വിദ്യാഭ്യാസത്തെ കശാപ്പുചെയ്യുന്ന കരിനിയമങ്ങളും ദീര്‍ഘവീക്ഷണം അന്യംവന്ന നടപടികളും മാനവിക വിഷയങ്ങള്‍ക്കാണ് ഏറ്റവുമധികം ആഘാതമേല്‍പിക്കുന്നത്. ഇതിനുപിന്നില്‍ തികച്ചും ആസൂത്രിതമായ ഒരു നീക്കംതന്നെയുണ്ട്.  ജാതിവെറിയും മതഭ്രാന്തും മസ്തിഷ്കത്തിലുള്ളവര്‍ ദലിതനെ ചെറ്റയിലിട്ട് ചുട്ടുകൊല്ലുകയും മാട്ടിറച്ചി സൂക്ഷിച്ചതിന് മനുഷ്യനെ തല്ലിക്കൊല്ലുകയും ചെയ്യുന്ന പുതിയ ഇന്ത്യയെ  മാറ്റിയെടുക്കാന്‍  നിലവാരമുള്ള വിദ്യാഭ്യാസംകൊണ്ടുമാത്രമേ സാധിക്കൂ. അതിനാല്‍, വിദ്യാഭ്യാസരംഗത്തെ തകിടംമറിക്കാനുള്ള ഒരു ചെറുവിരലനക്കത്തിനെതിരായാല്‍പോലും ശബ്ദമുയര്‍ത്താതിരിക്കാന്‍ നമുക്കാവില്ല.അവകാശങ്ങള്‍ ഹനിക്കപ്പെടുമ്പോള്‍ പ്രതിഷേധത്തിന്‍െറ ‘ഹല്ലാ ബോല്‍’ മുഴങ്ങട്ടെ!

(ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു യൂനിവേഴ്സിറ്റി ഭാഷാശാസ്ത്ര ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയാണ് ലേഖകന്‍)

Show Full Article
TAGS:ugc net 
Next Story