Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightമ്യാന്മറിന്‍െറ...

മ്യാന്മറിന്‍െറ ജനാധിപത്യ ഭാവി

text_fields
bookmark_border
മ്യാന്മറിന്‍െറ ജനാധിപത്യ ഭാവി
cancel

ഞായറാഴ്ചയാണ് മ്യാന്മറില്‍ പൊതുതെരഞ്ഞെടുപ്പ്. 25 വര്‍ഷത്തിനു ശേഷമാണ് അവിടെ പൊതുതെരഞ്ഞെടുപ്പ് നടക്കുന്നത്. കാര്യങ്ങള്‍ സുതാര്യമായി നടക്കുകയാണെങ്കില്‍ 1990നുശേഷം മ്യാന്മറില്‍ സ്വതന്ത്രവും നീതിപൂര്‍വകവുമായി നടത്തപ്പെടുന്ന ആദ്യത്തെ തെരഞ്ഞെടുപ്പായിരിക്കുമിത്. 1990ലെ തെരഞ്ഞെടുപ്പില്‍ ഓങ്സാന്‍ സൂചി നയിച്ച നാഷനല്‍ ലീഗ് ഫോര്‍ ഡെമോക്രസിക്ക് (എന്‍.എല്‍ .ഡി) ഭൂരിപക്ഷം ലഭിച്ചത് അംഗീകരിക്കാതിരുന്ന പട്ടാള ജുണ്ട ഓങ് സാന്‍ സൂചിയെ വീട്ടുതടങ്കലിലാക്കി. 2010ല്‍ നടത്തിയ തെരഞ്ഞെടുപ്പ് പ്രഹസനം കഴിഞ്ഞ് ഒരാഴ്ചക്കുശേഷമാണ് 21 വര്‍ഷത്തെ തടങ്കലില്‍ നിന്ന് സൂചി മോചിതയായത്.
ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. കഴിഞ്ഞതവണത്തെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്ന സൂചിയുടെ എന്‍.എല്‍.ഡി ഇത്തവണ മത്സരിക്കുന്നു എന്നതുകൂടാതെ മറ്റു നിരവധി പാര്‍ട്ടികള്‍ മത്സരരംഗത്തുണ്ട് എന്നതാണ് ഒരു സവിശേഷത. പാര്‍ലമെന്‍റിന്‍െറ ഉപരിസഭയിലേക്കും അധോസഭയിലേക്കും സംസ്ഥാനങ്ങളിലും മേഖലാ അസംബ്ളികളിലേക്കുമടക്കം ആകെ 1142 സീറ്റുകളിലേക്കാണ് ഇലക്ഷന്‍ നടക്കുന്നത്. 25 ശതമാനം സീറ്റുകള്‍ സൈന്യത്തിന് സംവരണം ചെയ്യപ്പെട്ടിട്ടുണ്ട്. 90 പാര്‍ട്ടികളില്‍നിന്നായി ആറായിരത്തോളം സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. മൂന്നു കോടിയോളം വോട്ടര്‍മാര്‍ ഇക്കുറി രാജ്യത്തിന്‍െറ രാഷ്ട്രീയഭാവി നിശ്ചയിക്കും.
2008ലാണ് മ്യാന്മറിന് സൈന്യത്തിന് അമിതാധികാരമുള്ള തരത്തിലുള്ള ഭരണഘടനാ ഭേദഗതി ഹിതപരിശോധനയിലൂടെ പാസാവുന്നത്. മ്യാന്മറിന്‍െറ ഇറാവദ്ദി പ്രദേശത്ത് നര്‍ഗീസ് കൊടുങ്കാറ്റ് നാശംവിതച്ച് ഒരാഴ്ച കഴിഞ്ഞ് നടന്ന റഫറണ്ടത്തില്‍ ജന പങ്കാളിത്തം വളരെ കുറവായിരുന്നു. പ്രസ്തുത ഭേദഗതിപ്രകാരം 2010 നവംബറില്‍ നടന്ന പൊതു തെരഞ്ഞെടുപ്പ്, സൈന്യത്തിന്‍െറ പിന്തുണയുള്ള യൂനിയന്‍ സോളിഡാരിറ്റി ആന്‍ഡ് ഡെവലപ്മെന്‍റ് പാര്‍ട്ടി (യു.എസ്.ഡി.പി) വോട്ടര്‍ പട്ടികയിലെ കൃത്രിമം നടത്തിയെന്നും തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ സൈന്യം അമിതമായി ഇടപെടുന്നുവെന്നും ആരോപിച്ച് സൂചിയുടെ പാര്‍ട്ടി ബഹിഷ്കരിച്ചിരുന്നു. അന്താരാഷ്ട്ര സമൂഹമൊന്നടങ്കം തെരഞ്ഞെടുപ്പ് പ്രക്രിയയെ തള്ളിപ്പറഞ്ഞു. പക്ഷേ, 2012ല്‍ നടന്ന ബൈ ഇലക്ഷനില്‍ മത്സരിച്ച എന്‍.എല്‍.ഡി 45ല്‍ 43 സീറ്റുനേടി ശക്തിതെളിയിക്കുകയും കവ്ഹ്മു മണ്ഡലത്തില്‍നിന്ന് സൂചി വിജയിക്കുകയും ചെയ്തു.
മുന്‍കാലത്തെ അപേക്ഷിച്ച് മ്യാന്മര്‍ ജനാധിപത്യത്തിന്‍െറ ശുദ്ധവായു ശ്വസിച്ചുതുടങ്ങിയിരിക്കുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ പ്രസിഡന്‍റ് തൈന്‍ സൈന്‍ പല പരിഷ്കാരങ്ങളും നടപ്പാക്കി. നാളെ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുപോലും ആ പരിഷ്കരണത്തിന്‍െറ ഭാഗമാണെന്നുപറയാം. അന്താരാഷ്ട്രസമൂഹം മ്യാന്മറിലേക്ക് നോക്കിക്കൊണ്ടിരിക്കുകയാണ്. നിരവധി രാജ്യങ്ങളില്‍നിന്ന് തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ മ്യാന്മറില്‍ എത്തിയിട്ടുണ്ട്. കഴിഞ്ഞതവണത്തെ തെരഞ്ഞെടുപ്പിന്‍െറ സമയത്ത് ഒരൊറ്റ അന്താരാഷ്ട്ര നിരീക്ഷകനെയും സൈന്യം രാജ്യത്ത് പ്രവേശിക്കാന്‍ അനുവദിക്കുകയുണ്ടായിട്ടില്ല എന്നറിയുമ്പോഴെ മ്യാന്മറിലെ മാറ്റം എന്തെന്ന് മനസ്സിലാവൂ. എന്നിരുന്നാലും, തെരഞ്ഞെടുപ്പില്‍ കൃത്രിമത്വം കാണിക്കാനും കള്ളവോട്ടിങ്ങിനും സാധ്യതയുണ്ടെന്ന് സൂചി മുമ്പേ പറഞ്ഞുവെച്ചിട്ടുണ്ട്.
അരനൂറ്റാണ്ടുകാലത്തെ സൈനിക ഏകാധിപത്യത്തിനുശേഷം നടക്കുന്ന തെരഞ്ഞെടുപ്പിലെ എറ്റവുംവലിയ ഭീഷണി രാജ്യത്ത് നിലവിലുള്ള തീവ്ര ബുദ്ധിസ്റ്റ് ദേശീയവാദമാണ്. ബുദ്ധിസ്റ്റ് തീവ്ര ദേശീയവാദി സന്യാസി അഷിന്‍ വിരാതുവിന്‍െറ 10 മില്യണ്‍ അംഗങ്ങളുണ്ടെന്ന് പറയുന്ന 'മാ-ബാ-താ'യുടെ (ഓര്‍ഗനൈസേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് നാഷനാലിറ്റി ആന്‍ഡ് റിലീജ്യന്‍) പിന്തുണ നിലവിലെ യു.എന്‍.ഡി.പി ഭരണകൂടത്തിനാണ്. വിരാതുവിന്‍െറ പിന്തുണ ലഭിക്കുന്നതിനായി പ്രസിഡന്‍റ് തൈന്‍ സൈന്‍ രാജ്യത്തെ ബുദ്ധസ്ത്രീകള്‍ക്കും ന്യൂനപക്ഷമായ മുസ്ലിം സമൂഹത്തിനും എതിരായി പല വകുപ്പുകളും ഉള്‍ക്കൊള്ളുന്ന ദേശീയത, മതസംരക്ഷണ നിയമത്തില്‍ ഒപ്പുവെക്കുകയുണ്ടായി. തുടര്‍ന്ന് ഒക്ടോബര്‍ ആദ്യവാരത്തില്‍ യാംഗോനില്‍ മാ-ബാ-തായുടെ നേതൃത്വത്തില്‍ നടന്ന വമ്പിച്ച റാലിയില്‍ എന്‍.എല്‍.ഡിയെ മുസ്ലിം പാര്‍ട്ടിയെന്ന് വിളിച്ച് കടന്നാക്രമിച്ച വിരാതു, തെരഞ്ഞെടുപ്പില്‍ എന്‍.എല്‍.ഡി ജയിച്ച് സര്‍ക്കാര്‍ രൂപവത്കരിച്ചാല്‍ ഇപ്പോള്‍ പാസാക്കിയിട്ടുള്ള ദേശീയത, മതസംരക്ഷണ നിയമം ഭേദഗതിവരുത്താനോ എടുത്തുകളയാന്‍ തുനിയുകയോ ചെയ്താല്‍ തങ്ങളെ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. തീവ്ര ദേശീയവാദികളുടെ സമ്മര്‍ദ്ദംകാരണം എന്‍.എല്‍.ഡിയുടെ സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഒരൊറ്റ മുസ്ലിം മതവിഭാഗക്കാരനുമില്ല. ഭരണപക്ഷത്തിന്‍െറ ലിസ്റ്റും തഥൈവ.
പുതുതായി പാസാക്കിയ നിയമം ബുദ്ധിസത്തെ സംരക്ഷിക്കാന്‍ അനിവാര്യമാണെന്ന് വ്യക്തമാക്കുന്ന വിരാതുവിന്‍െറ അനുയായികള്‍ മുസ്ലിംകള്‍ക്കെതിരെ കടുത്ത പ്രചാരണങ്ങളാണ് അഴിച്ചുവിടുന്നത്. മൃഗങ്ങളെ അറുക്കുന്നത് മുസ്ലിംകളെ രക്തവുമായി പരിചിതരാക്കുന്നുവെന്നും ബുദ്ധമതക്കാരായ സ്ത്രീകളെ വിവാഹംകഴിച്ച് മതംമാറ്റാന്‍ മുസ്ലിം യുവാക്കള്‍ക്ക് പണം നല്‍കുന്നു എന്നൊക്കെ പറയുന്ന വിരാതു പല മുസ്ലിം ആചാരങ്ങളും നിരോധിക്കുന്നതടക്കം കൂടുതല്‍ കടുത്ത നിയമങ്ങള്‍ പാസാക്കാന്‍ ഭരണകൂടത്തിനുമേല്‍ സമ്മര്‍ദം ചെലുത്തുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ജനുവരിയില്‍ രാജ്യത്തത്തെിയ യു.എന്‍ പ്രതിനിധിയെ വേശ്യയെന്നും മസ്ജിദുകളെ ശത്രുക്കളുടെ 'ആര്‍മി ബേസ്' എന്നൊക്കെ വിശേഷിപ്പിച്ചിട്ടുള്ള വിരാതു മുസ്ലിം കടകളെയും വ്യാപാരികളെയും ബഹിഷ്കരിക്കാനും വിവിധ മതവിശ്വാസികള്‍ തമ്മിലുള്ള വിവാഹം നിര്‍ത്തലാക്കാനും ആഹ്വാനം ചെയ്തതും വാര്‍ത്തയായിരുന്നു.
മ്യാന്മറില്‍ പുരോഹിതര്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നതിന് ഭരണഘടനാപരമായി വിലക്കുണ്ടെങ്കിലും വിരാതുവിനും സംഘത്തിനും അതൊന്നും ബാധകമല്ല. എന്‍.എല്‍.ഡിയെയും സൂചിയെയും അവര്‍ നിരന്തരം ഭര്‍സിച്ചുവരുന്നു. ഇതിനെതിരെ സൂചിയുടെ പാര്‍ട്ടി തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കിയിട്ടുണ്ടെങ്കിലും ഒരു പ്രതികരണവുമില്ല. ലോകരാജ്യങ്ങള്‍ ഏറെ വിമര്‍ശിച്ചിട്ടുള്ള മ്യാന്മറിലെ പൗരത്വനിയമം ഉപയോഗിച്ച് മുസ്ലിം സ്ഥാനാര്‍ഥികളെ മത്സരിക്കുന്നതില്‍ അയോഗ്യത കല്‍പ്പിച്ച കമീഷന്‍ എട്ടു ലക്ഷത്തോളം വരുന്ന റോഹിങ്ക്യന്‍ മുസ്ലിംകള്‍ക്ക് വോട്ടവകാശം നിഷേധിച്ചിരിക്കുകയാണ്. കഴിഞ്ഞതവണത്തെ തെരഞ്ഞെടുപ്പില്‍ ഭരണകൂടം നല്‍കിയ 'വൈറ്റ് കാര്‍ഡ്' എന്നറിയപ്പെടുന്ന താല്‍ക്കാലിക പൗരത്വരേഖകള്‍ ഉപയോഗിച്ച് റോഹിങ്ക്യകള്‍ വോട്ടുചെയ്തിരുന്നു. ഇക്കുറി ആ പ്രിവിലേജും അവര്‍ക്കില്ല.
ചൈനയോട് ചേര്‍ന്നുകിടക്കുന്ന മ്യാന്മറിന്‍െറ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വിമതശല്യം ഇലക്ഷന്‍ പ്രക്രിയക്ക് വലിയ ഭീഷണിയാണ്. ചെറുതും വലുതുമായി നാല്‍പതോളം വിമതഗ്രൂപ്പുകളുള്ള മ്യാന്മറിലെ പല സംസ്ഥാനങ്ങളുടെയും നിയന്ത്രണം ഈ ഗ്രൂപ്പുകള്‍ക്കാണ്. കഴിഞ്ഞമാസം, കരേന്‍ നാഷനല്‍ യൂനിയനടക്കം എട്ടോളം ഗ്രൂപ്പുകള്‍ ഭരണകൂടവുമായി വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പുവെക്കുകയുണ്ടായി. അതേസമയം, രാജ്യത്തെ ഏറ്റവുംവലിയ വിമതസംഘമായ യുനൈറ്റഡ് വാര്‍ സ്റ്റേറ്റ് ആര്‍മി, ഒപ്പുവെക്കാത്ത മറ്റു 11 ഗ്രൂപ്പുകളുടെ യോഗംവിളിച്ചത് തെരഞ്ഞെടുപ്പില്‍ എത്രകണ്ട് പ്രതിഫലിക്കുമെന്ന് കണ്ടറിയണം.
2012ലും കഴിഞ്ഞ മേയ് മാസത്തിലും വിരാതുവിന്‍െറ അനുയായികള്‍ രാജ്യത്തെ പ്രധാന സംസ്ഥാനമായ രഖൈനിലെ റോഹിങ്ക്യന്‍ മുസ്ലിംകള്‍ക്കെതിരെ വംശീയ ആക്രമണങ്ങള്‍ നടത്തിയിരുന്നു. ഇതിനെതിരായുള്ള സൂചിയുടെ മൗനം ലോകവ്യാപകമായി വിമര്‍ശം ക്ഷണിച്ചുവരുത്തുകയുണ്ടായി. രാജ്യത്തെ മുസ്ലിംകളെ വംശഹത്യ നടത്താന്‍ മ്യാന്മര്‍ ഭരണകൂടം നടത്തുന്ന നീക്കങ്ങളെ പറ്റിയുള്ള ഒൗദ്യോഗികരേഖകള്‍ അല്‍ ജസീറ ഈയിടെ പുറത്തുകൊണ്ടുവന്നിരുന്നു. ഒരു ജനാധിപത്യ മനുഷ്യാവകാശ പോരാളിയുടെ വേഷംമാറ്റി രാഷ്ട്രീയനേതാവിന്‍െറ കുപ്പായമെടുത്തണിഞ്ഞ സൂചി, വംശീയതക്കെതിരെ കുറ്റകരമായ മൗനം തുടരുകതന്നെയാണ്. മാ-ബാ- തായുടെ സ്വാധീനം വര്‍ധിച്ചുവരുന്ന മ്യാന്മറില്‍ സൂചിയുടെ എന്‍.എല്‍.ഡിക്ക് ജയിക്കാന്‍ മൊത്തം മൂന്നില്‍രണ്ട് അതായത്, 67 ശതമാനം സീറ്റെങ്കിലും ലഭിക്കേണ്ടതുണ്ട്. 44 ശതമാനം വോട്ടര്‍മാരുള്ള ബര്‍മീസ് വംശജര്‍ വസിക്കുന്ന ഇടങ്ങളില്‍ സൂചിയുടെ പാര്‍ട്ടിയുടെ പ്രകടനമനുസരിച്ചായിരിക്കും മ്യാന്മറിന്‍െറ രാഷ്ട്രീയഭാവി. വംശീയ ന്യൂനപക്ഷങ്ങള്‍ വസിക്കുന്ന ഇടങ്ങളില്‍ 1990ലും 2012ലും സൂചിയുടെ വ്യക്തിപ്രഭാവം ഒന്നുകൊണ്ടുമാത്രം വിജയിച്ച എന്‍.എല്‍.ഡിയുടെയും സൂചിയുടെയും ജനപ്രീതി ഇപ്പോള്‍ കുത്തനെ കുറഞ്ഞിരിക്കുന്നു. ന്യൂനപക്ഷസംഘടനകള്‍ ഈ മേഖലകളില്‍ സ്വന്തം സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നതിനാല്‍തന്നെ വംശീയ ന്യൂനപക്ഷങ്ങള്‍ എന്‍.എല്‍.ഡിയെ കുറിച്ച് ഇക്കുറി മാറിച്ചിന്തിച്ചാല്‍ അദ്ഭുതപ്പെടാനില്ല.
എന്‍.എല്‍.ഡി ജയിച്ചാല്‍തന്നെയും സൂചിക്ക് പ്രസിഡന്‍റാവാന്‍ നിയമതടസ്സങ്ങളുണ്ട്. വിദേശപൗരന്മാരെ വിവാഹം കഴിച്ചവര്‍ക്കോ വിദേശബന്ധുക്കള്‍ ഉള്ളവര്‍ക്കോ പ്രസിഡന്‍റ് ആകാനാവില്ളെന്ന് നിലവിലുള്ള നിയമം സൂചിയെ ഉന്നമിട്ടുള്ളതാണെന്ന് വ്യക്തം (സൂചിയുടെ ഭര്‍ത്താവ് പരേതനായ മിഖായേല്‍ ഏരിസ് ബ്രിട്ടീഷുകാരനാണ്. മക്കളായ അലക്സാണ്ടറിനും കിമിനും ബ്രിട്ടീഷ് പാസ്പോര്‍ട്ടാണുള്ളത്). ബുദ്ധിസ്റ്റ് തീവ്ര ദേശീയവാദികള്‍ക്ക് പട്ടാളത്തിലും ഭരണകൂടത്തിലും വലിയ സ്വാധീനമുള്ളതിനാല്‍തന്നെ സൂചി ജയിച്ചാല്‍പോലും തെരഞ്ഞെടുപ്പുഫലം പട്ടാളഭരണത്തില്‍നിന്ന് വംശീയ ജനാധിപത്യത്തിലേക്കുള്ള മാറ്റം മാത്രമാകാനാണ് സാധ്യത.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:myanmar electionaung san suu kyi
Next Story