Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_right‘സർഫാസി’ ഇരകൾ...

‘സർഫാസി’ ഇരകൾ പോരാടുമ്പോൾ

text_fields
bookmark_border

ജീവിതം വഴിമുട്ടിയ മനുഷ്യർ സാധ്യമായ എല്ലാ മാർഗത്തിലൂടെയും ചെറുത്തുനിൽക്കാൻ ശ്രമിക്കും. അത്തരം ചെറുത്തുനിൽപാണ് കേരളത്തിലെ ‘സർഫാസി’ ഇരകൾ തദ്ദേശീയ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുന്നതിലൂടെ നടത്തുന്നതും. ബാങ്ക്–ബ്ലേഡ് സ്ഥാപനങ്ങൾ കിടപ്പാടം ജപ്തി ചെയ്ത് തെരുവിലിറക്കിയവർക്കു മുന്നിൽ സമരം മാത്രമാണ് ശേഷിക്കുന്ന ഏക മാർഗം. ആഗസ്റ്റ് 10 മുതൽ എറണാകുളം കലക്ടറേറ്റിനു മുന്നിൽ ആരംഭിച്ച കണ്ണുകെട്ടി സമരം 85 ദിനങ്ങൾ പിന്നിട്ടിരിക്കുന്നു. കഴിഞ്ഞയാഴ്ച തിരുവനന്തപുരം സെക്രട്ടേറിയറ്റിനു മുന്നിൽ  നടത്തിയ ധർണക്കുനേരെ പൊലീസ് ലാത്തിചാർജ് അഴിച്ചുവിട്ടു. എറണാകുളത്ത് കണ്ണുകെട്ടി സമരവേദിയിൽ അവർ നിരാഹാര സമരവും ആരംഭിച്ചു. ഒരുപക്ഷേ, കേരളത്തിൽ അധികം വൈകാതെ വായ്പ എടുത്ത പലരും ഈ സമരത്തിൽ കണ്ണിചേരേണ്ടിവരും എന്നതാണ് യാഥാർഥ്യം. കേരളത്തിലെ നല്ല പങ്ക് ജനങ്ങളും ഒരുവിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ വായ്പ എടുത്തവരാണ്. മിക്കപ്പോഴും കിടപ്പാടം തന്നെയായിരിക്കും ഈട് വസ്തു. എന്നാൽ, ബാങ്കിങ് മേഖലയിൽ സർഫാസി നിയമം ശക്തമായി നടപ്പാക്കാൻ തുടങ്ങിയത് വായ്പ എടുത്ത പലർക്കും അറിയില്ല. വായ്പ എടുക്കുന്നവരോട് നിയമത്തെയും അപകടകരമായ ചതിക്കുഴികളെയുംപറ്റി ബാങ്ക് പറഞ്ഞു നൽകുകയുമില്ല.

കോടതിയുടെയോ മറ്റു സംവിധാനങ്ങളുടെയോ സഹകരണം ആവശ്യമില്ലാതെ ബാങ്കുകൾക്ക് നേരിട്ട് കിടപ്പാടം ജപ്തി ചെയ്യാവുന്ന നിയമത്തിെൻറയും വ്യവസ്ഥയുടെയും കുരുക്കിലാണ്  നമ്മളെല്ലാം. ബാങ്കുകൾക്ക് അതിന് പരമാധികാരം നൽകുന്ന സെക്യൂരിറ്റൈസേഷൻ ആൻഡ് റീ കൺസ്ട്രക്ഷൻ ഓഫ് ഫിനാൻഷ്യൽ അസറ്റ് ആൻഡ് എൻഫോഴ്സ്മെൻറ് ഓഫ് സെക്യൂരിറ്റി ഇൻററസ്റ്റ് ആക്ട് (SARFAESI ACT)   2002 ൽ  വാജ്പേയി സർക്കാറാണ് കൊണ്ടുവന്നത്. കൊള്ളയും ചൂഷണവും മൂല്യവ്യവസ്ഥയാക്കിയ ആഗോള ധനവിപണിക്ക് അനുസൃതമായിട്ടാണ് നിയമം പടച്ചുണ്ടാക്കിയത്.
വായ്പ തിരിച്ചടക്കുന്നതിൽ മൂന്നു ഗഡുക്കൾ തുടർച്ചയായി വീഴ്ചവരുത്തിയാൽ ഈടായി നൽകിയ വസ്തു ബാങ്കിന് നേരിട്ടു പിടിച്ചെടുക്കാനും വിൽക്കാനും നിയമം അധികാരം നൽകുന്നു. ഈട് വസ്തു പിടിച്ചെടുക്കാൻ കോടതി ഉത്തരവ് വേണ്ട. വായ്പാ വസ്തുവിൽ നോട്ടീസ് പതിച്ച് ബാങ്കിന് ഏറ്റെടുക്കാം. ഒരു ലക്ഷത്തിൽ താഴെയുള്ള, വസ്തുഈട് നൽകാത്ത വായ്പക്കു മാത്രമാണ് നിയമം ബാധകമല്ലാത്തത്. തിരിച്ചടക്കേണ്ട തുക എടുത്ത വായ്പയുടെ ഇരുപതു ശതമാനത്തിൽ താഴെയാണെങ്കിലും നിയമം ബാധകമാകില്ല. മുമ്പ് കോടതി മുഖേനയേ ജപ്തിയും ഏറ്റെടുക്കലും സാധ്യമാകുമായിരുന്നുള്ളൂ. അതിലൂടെ സാധാരണക്കാരുടെ നീതി കുറെയെങ്കിലും ഉറപ്പിക്കാമായിരുന്നു. ഇവിടെ കോടതിയും നീതിന്യായവുമെല്ലാം കടം നൽകിയ സ്ഥാപനം മാത്രമാണ്.

ബാങ്ക് മാനേജർമാർക്ക് സൂക്ഷ്മപരിശോധനയില്ലാതെ വൻതുക വായ്പ നൽകാനും നിയമം അനുവദിക്കുന്നുണ്ട്. ഒരു ലക്ഷം രൂപയോ മൂന്നു ഗഡ് തിരിച്ചടവോ കുടിശ്ശികയാകുന്നവർക്ക് നേരെ വായ്പാ കാലവധി പരിഗണിക്കാതെ കടം നിഷ്ക്രിയ ആസ്തിയായി (നോൺ പെർഫോമിങ് അസ്സറ്റ്) പ്രഖ്യാപിച്ച് നടപടിയെടുക്കാൻ സർഫാസി നിയമം ബാങ്കുകൾക്ക് അധികാരം നൽകുന്നു.
കൃഷി ഭൂമിക്ക് ജപ്തി ബാധകമല്ലെന്ന്  വ്യവസ്ഥയുണ്ടെങ്കിലും അത് ബാങ്കുകൾ പലപ്പോഴും പരിഗണിക്കാറില്ല. കൃഷി ഭൂമി ജപ്തി ചെയ്യരുതെന്നും കിടപ്പാടം ജപ്തി ചെയ്യാം എന്നു പറയുന്നതിലെ വൈരുധ്യവും ചോദ്യം ചെയ്യപ്പെടേണ്ടതാണ്. ജനങ്ങളുടെ കിടപ്പാടം നഷ്ടപ്പെടുമ്പോൾ സർഫാസി കേന്ദ്ര നിയമമാണെന്നുപറഞ്ഞ് കൈകഴുകുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്.  എന്നാൽ, തട്ടിപ്പ് നടത്തുന്ന സംഘങ്ങളെ അമർച്ച ചെയ്യാനും ജനത്തിന് അവരുടെ കിടപ്പാടം ഉറപ്പാക്കാനും സർക്കാറിനു തന്നെയാണ് ബാധ്യത.

വായ്പക്കാരനിൽനിന്ന് ഏറ്റെടുത്ത ഈടുവസ്തു  ലേലത്തിൽ വിൽക്കുക മാത്രമല്ല, നിഷ്ക്രിയ ആസ്തിയായി പ്രഖ്യാപിച്ച സ്വത്തുക്കൾ വാങ്ങിച്ചെടുക്കാൻ അസ്റ്റ് റീ കൺസ്ട്രക്ഷൻ കമ്പനിക്ക് (എ.ആർ.സി) രൂപംകൊടുക്കാനും നിയമത്തിൽ വ്യവസ്ഥയുണ്ട്. ശരിക്കും ഗുണ്ടാ സംഘത്തിന് തുല്യമാണ് എ.ആർ.സികളുടെ പ്രവർത്തനം. അവർ സ്വന്തം നിലക്കുതന്നെ കിടപ്പാടത്തിൽനിന്ന് വായ്പയെടുത്തയാളെ ഒഴിപ്പിക്കും. നിയമത്തിൽ വ്യവസ്ഥയില്ലെങ്കിലും ശാരീരിക ആക്രമണവും നടത്തും.

സർഫാസി നിയമമനുസരിച്ച് രൂപവത്കരിക്കപ്പെട്ട, റിസർവ് ബാങ്ക് അംഗീകാരമുള്ള  14 അസറ്റ് റികൺസ്ട്രക്ഷൻ കമ്പനികൾ (എ.ആർ.സി) രാജ്യത്തുണ്ട്. റിലയൻസിേൻറതാണ് ഇതിൽ പ്രമുഖം. ഇതിൽ 10 എണ്ണത്തിെൻറയും ആസ്ഥാനം മുംബൈയാണ്. മൂന്നെണ്ണം ഡൽഹിയിലും ഒന്ന് ഹൈദരാബാദിലുമായി പ്രവർത്തിക്കുന്നു. സർഫാസി നിയമം ഇപ്പോൾ മണപ്പുറം, മുത്തൂറ്റ് പോലുള്ള ബാങ്കിങ്ങേതര ധനകാര്യ സ്ഥാപനങ്ങൾക്കും (എൻ.ബി.എഫ്.സി)/ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾക്കും ഉപയോഗിക്കാൻ അനുമതി നൽകിയിട്ടുണ്ട് കേന്ദ്രസർക്കാർ. ഇതിെൻറ പ്രത്യാഘാതം നിസ്സാരമായിരിക്കില്ല.
വായ്പകൾ തിരിച്ചടക്കാത്തതുമൂലം ബാങ്കുകളുടെ കിട്ടാക്കടം അല്ലെങ്കിൽ നിഷ്ക്രിയ ആസ്തി വർധിക്കുന്നു എന്നതാണ് സർഫാസി നിയമം കൊണ്ടുവരാൻ പറഞ്ഞ ഒരു ന്യായീകരണം. കിട്ടാക്കടം പെരുകുന്നു എന്ന യാഥാർഥ്യത്തിന് സാധാരണക്കാരല്ല ഉത്തരവാദികൾ. 2015 ആഗസ്റ്റിലെ കണക്കു പ്രകാരം ബാങ്കുകളുടെ കിട്ടാക്കടം ആറുലക്ഷം കോടിയാണ്. പൊതുമേഖലാ ബാങ്കുകളിൽ കെട്ടിക്കിടക്കുന്ന കോടികളുടെ കിട്ടാക്കടത്തിൽ ഭൂരിഭാഗവും വൻകിട കോർപറേറ്റുകളുടേതാണ് എന്നതാണ് യാഥാർത്ഥ്യം. 24 പൊതുമേഖലാ ബാങ്കുകളിൽ 406 അക്കൗണ്ടുകളിലെ മാത്രം കിട്ടാക്കടം 70,300 കോടിയാണ്. വിജയ് മല്യയുടെ കിങ് ഫിഷർ എയർലൈൻസിെൻറ 2,673 കോടിയും ഇതിൽ വരും.  ബാങ്ക് ഓഫ് മഹാരാഷ്ട്ര കോർപറേറ്റുകൾക്ക് ചട്ടവിരുദ്ധമായി ആനുകൂല്യങ്ങൾ നൽകിയത് റിസർവ് ബാങ്കിെൻറ ശ്രദ്ധയിലെത്തിച്ച യൂനിയൻ നേതാവ് തുൾ ജാർപുർകാറിനെ ബാങ്ക് പിരിച്ചുവിടുകയായിരുന്നു. ബാങ്കിലെ നിക്ഷേപകരിൽ ലക്ഷക്കണക്കിൽ ചെറുകിട കർഷകരും തൊഴിലാളികളുമുണ്ട്. അവരുടെ ചെലവിലാണ് വിജയ് മല്യയുടെ കമ്പനിയുടെ ഭാഗമായ, 40 കോടി ബാങ്കിന് നൽകാനുള്ള കമ്പനിക്ക് 150 കോടിയുടെ വായ്പ നൽകിയത്.  

സർഫാസി നിയമപ്രകാരം കിടപ്പാടം ജപ്തി ചെയ്യപ്പെട്ടാൽ ഇരക്ക് സിവിൽ കോടതിയെ സമീപിക്കാനാവില്ല. നിയമത്തിലെ 34ാം വകുപ്പ് കടക്കെണിയിൽ പെട്ടവരെ സിവിൽ കോടതിയെ സമീപിക്കുന്നത് വിലക്കുന്നു.  പകരം ഡെബ്റ്റ് റിക്കവറി ട്രൈബ്യൂണലിനെ (ഡി.ആർ.ടി) വേണം സമീപിക്കാൻ. ഡി.ആർ.ടിയിൽ നിന്ന് കടാശ്വാസമോ കടപരിഹാരമോ ലഭിക്കില്ല.  ഇത് യഥാർഥത്തിൽ ബാങ്കുകൾക്കുവേണ്ടി കടക്കെണിയിലായവരുടെ സ്വത്തുവകകൾ നീതിന്യായ വിചാരണ കൂടാതെ പിടിച്ചുകൊടുക്കാനുള്ള സംവിധാനമാണ്. കേരളത്തിലെയും ലക്ഷ ദ്വീപിലെയും കടക്കെണിയിൽ വീണവർക്ക് ഒരൊറ്റ ഡി.ആർ.ടിയേയുള്ളൂ അത് എറണാകുളം പനമ്പിള്ളി നഗറിലാണ് പ്രവർത്തിക്കുന്നത്. ഇവിടെയാകട്ടെ ഭീമമായ ഫീസ് കെട്ടിവെക്കണം. പിടിച്ചെടുത്തു കൊടുക്കൽ എന്നാണ് റിക്കവറി എന്നതിെൻറ ഒരർഥം.  എന്തുകൊണ്ട്  കടം പരിഹാരം, സമാശ്വാസം എന്നിങ്ങനെ അർഥതലമുള്ള ട്രൈബ്യണൽ സ്ഥാപിക്കപ്പെട്ടില്ലെന്ന്  ആലോചിക്കണം.

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ (എസ്.ബി.ടി) വിദ്യാഭ്യാസ വായ്പകളിലെ കിട്ടാക്കടം റിലയൻസ് എ.ആർ.സിക്ക് വിറ്റതായ വാർത്തകൾ ഈ വർഷം ജൂണിൽ പുറത്തുവന്നതോടെയാണ് സർഫാസി നിയമത്തെയും എ.ആർ.സികളെയും പറ്റി കേരളം ചർച്ച ചെയ്തു തുടങ്ങിയത്. നാല് ലക്ഷവും അതിൽ താഴെയുമുള്ള  8658 വിദ്യാഭ്യാസ വായ്പകളാണ് റിലയൻസിന് എസ്.ബി.ടി. വിറ്റത്. 130.57 കോടിക്കാണ് എസ്.ബി.ടി വായ്പകൾ റിലയൻസിന് വിറ്റത്.

റിലയൻസ് ഈ കച്ചവടത്തിൽ പ്രതീക്ഷിക്കുന്നത് 260 കോടി ലാഭമാണ്. ഇനിയുള്ള ഇടപാടുകൾ റിലയൻസ് കമ്പനിയുമായി നടത്തണമെന്നു കാണിച്ച് ബാങ്ക് ഇടപാടുകാർക്ക് കത്തയച്ചിട്ടുണ്ട്. റിലയൻസിന് നേരിട്ട ് തന്നെ ഈ വായ്പകളിൽ ഈടുവെച്ച വസ്തു പിടിച്ചെടുക്കും.  6764 വായ്പകളിൽ 5000ത്തിലെങ്കിലും കിടപ്പാടം ജപ്തി ചെയ്യപ്പെടും. ഇത് സൃഷ്ടിക്കാൻ പോകുന്ന സാമൂഹിക പ്രത്യാഘാതം ചെറുതല്ല.  ഒരു വിദ്യാർഥിക്ക് ആവശ്യമായ പഠന സംവിധാനം ഉറപ്പാക്കുക എന്നത് പ്രാഥമികമായും സർക്കാറിെൻറ ഉത്തരവാദിത്തമാണ്. വിദ്യാഭ്യാസം കച്ചവടവത്കരിക്കപ്പെട്ടതോടെ ബിസിനസ് മേഖലയിലേക്ക് കടന്നുവന്ന സ്ഥാപനങ്ങളെ നിലനിർത്തേണ്ടതും സർക്കാറിെൻറ ബാധ്യതായി. അതിെൻറ തുടർച്ചയിലാണ് വിദ്യാഭ്യാസ വായ്പകൾ വ്യാപകമാകുന്നതും ഇരകൾ സൃഷ്ടിക്കപ്പെടുന്നതും.

ബ്ലേഡ്–ലോൺ മാഫിയയുടെ പിടിയിലാണ് കേരളത്തിലെ ഒട്ടുമിക്ക ഗ്രാമങ്ങളും നഗരങ്ങളും. രോഗം, മരണം, വിവാഹം, വീടുവെക്കൽ, വിദ്യാഭ്യസം, തൊഴിൽ തുടങ്ങിയ അടിയന്തരാവശ്യങ്ങൾക്കാണ് സാധാരണക്കാർ വായ്പ എടുക്കുന്നത്. എന്നാൽ,സാധാരണക്കാർക്കും ഈടുവെക്കാൻ ഒന്നുമില്ലാത്തവർക്കും ബാങ്കുകൾ വായ്പ നൽകില്ല.  അല്ലെങ്കിൽ, നിരവധി വ്യവസ്ഥകൾ അടിച്ചേൽപിക്കും. മിക്കപ്പോഴും മൂന്നും നാലും സെൻറിൽ കഴിയുന്നവർക്ക് ഒന്നും ചെയ്യാനാവില്ല.  പിന്നെ എളുപ്പം സമീപിക്കാവുന്നത് ബ്ലേഡ് പലിശ സംഘങ്ങളയാണ്. ഒരിക്കൽ ബ്ലേഡ് സംഘത്തിെൻറ പിടിയിൽ അമർന്നാൽ രക്ഷപ്പെടൽ പാടാണ്.

ആധാരം നൽകിയാൽ ബാങ്കുകളിൽ നിന്ന് വായ്പ ശരിയാക്കി നൽകാമെന്ന് വാഗ്ദാനം ചെയ്യുന്ന സംഘങ്ങൾ ഗ്രാമങ്ങളിൽ സജീവമാണ്. കടത്തിലിരിക്കുന്ന വസ്തു വീണ്ടെടുത്ത് വായ്പ എടുക്കാൻ സഹായിക്കുമെന്ന് ബോർഡ് വെച്ചാണ് തട്ടിപ്പ്. വായ്പ എടുക്കാനായി വസ്തുവിെൻറ പ്രമാണം ആവശ്യപ്പെടും. അത് ഈടുവെച്ച് ഉടമയറിയാതെ, ഉടമയുടെ പേരിൽ വൻ തുക കൈക്കലാക്കും. ഒടുവിൽ സർഫാസി നിയമപ്രകാരം വീട് ജപ്തി ചെയ്യപ്പെടുമ്പോഴാണ് പലരും വിവരം അറിയുക.  പുതുവൈപ്പിലെ വൃദ്ധയായ ചന്ദ്രമതിയമ്മയുടെ ആറ് സെൻറിെൻറ ആധാരം വാങ്ങി 20 ലക്ഷം തട്ടിപ്പു നടത്തിയയാൾ  മറ്റ് ഏഴു ദലിത് കുടുംബങ്ങളെകൂടി ഇത്തരത്തിൽ ചതിയിൽപെടുത്തിയിരുന്നു. ഇതിൽ മൂന്നു പേരുടെ കിടപ്പാടം ജപ്തി ചെയ്യപ്പെട്ടു. വല്ലാർപാടം പനമ്പുകാട് മേഖലയിൽ മാത്രം 11 ദലിത് കുടുംബങ്ങൾ തട്ടിപ്പിനിരയായി. കാക്കനാട്, വൈപ്പിൻ, ഇരുമ്പനം തുടങ്ങിയ മേഖലകളിലെ  22 കുടുംബങ്ങളും വഞ്ചനക്കിരയായി. ബാങ്ക് ജീവനക്കാരനായ ദിലീപ് അടക്കം ചിലർ ആത്മഹത്യചെയ്തു.

കേരളത്തിൽ വായ്പാതട്ടിപ്പു സംഘങ്ങളും ബ്ലേഡ്മാഫിയയും സജീവമാവുകയും സർഫാസി നിയമം ഉപയോഗിക്കപ്പെടുകയും ചെയ്തതോടെയാണ് ഇരകൾ മറ്റൊരു സാധ്യതയില്ലാതെ സമരത്തിലേക്ക് നീങ്ങുന്നത്. സർഫാസി നിയമത്തിനെതിരെ ഒരുപക്ഷേ, രാജ്യത്തുതന്നെ ആദ്യമായി ഉയരുന്ന ശബ്ദമാകും ഇത്. കെ.കെ. മണി ചെയർമാനായ ‘സർഫാസി ബാങ്ക് ജപ്തി വഞ്ചനക്കെതിരായ സമര സമിതി’യും പി.ജെ. മാനുവൽ നേതൃത്വം നൽകുന്ന ‘ബാങ്ക്–ബ്ലേഡ് ജപ്തി വിരുദ്ധ സമിതി’യും സംയുക്തമായാണ് സമരം സംഘടിപ്പിക്കുന്നത്. പ്രചാരണങ്ങൾ, ധർണ, മാർച്ചുകൾ എന്നിങ്ങനെ വിവിധ ഘട്ടങ്ങളിലൂടെയാണ് കണ്ണുകെട്ടി സമരത്തിലെത്തിയത്.  

സർഫാസി നിയമം പിൻവലിക്കണമെന്നതാണ് സമരക്കാരുടെ ആത്യന്തിക മുദ്രാവാക്യം. എന്നാൽ, അടിയന്തര ആവശ്യമായി ഉന്നയിക്കുന്നത് തട്ടിപ്പിനിരയായവരെ കടബാധ്യതയിൽനിന്ന് ഒഴിവാക്കി കിടപ്പാടവും പ്രമാണങ്ങളും തിരികെ നൽകുക, ലോൺ മാഫിയക്ക് ശിക്ഷ ഉറപ്പാക്കുകയും അവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുകയും ചെയ്യുക, വായ്പാ തട്ടിപ്പ് നടത്തിയ കേസുകളിൽ സർഫാസി നിയമം പ്രയോഗിക്കാതിരിക്കുക,  സർഫാസി ജപ്തി നടപടിക്ക് മൊറട്ടോറിയം പ്രഖ്യാപിക്കുക, പട്ടികജാതി–വർഗ കമീഷൻ ശിപർശ നടപ്പാക്കുക, തട്ടിപ്പുകൾ സ്വതന്ത്ര ഏജൻസികൾ അന്വേഷിക്കുക തുടങ്ങിയവയാണ്.  അതിനേക്കാൾ കിടപ്പാടം ജപ്തി ചെയ്യരുതെന്ന് ശക്തമായി വാദിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sarfasi
Next Story