മഹത്തായ വഞ്ചന
text_fields
‘മലയാള നിയമം അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കും’ -മുഖ്യമന്ത്രി (2015 നവംബര്‍ ഒന്ന്)
ഈ വര്‍ഷത്തെ കേരളപ്പിറവി ആഘോഷവുമായി ബന്ധപ്പെട്ട് നാളെ മലയാള പത്രത്തില്‍ വരാനിടയുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവനയാണ് മുകളില്‍ കൊടുത്തത്. 2013ലും 2014ലും ഇതേ പ്രസ്താവനയുണ്ടായിരുന്നു. മുഖ്യമന്ത്രി വാക്കു മാറ്റി എന്ന് ആരും പറയില്ല!
കള്ളച്ചുരിക തീര്‍ക്കുന്ന കൊല്ലപ്പണിയാണ് സെക്രട്ടേറിയറ്റില്‍ നടക്കുന്നത് എന്ന് ഒ.എന്‍.വി പറഞ്ഞത് 2011ലെ മലയാളം ഒന്നാംഭാഷാ ഉത്തരവിന് നേരെയുണ്ടായ സര്‍ക്കാറിന്‍െറ സമീപനം മുന്‍നിര്‍ത്തിയാണ്. അതുപോലെയോ അതിനെക്കാളേറെയോ വലിയ വഞ്ചനയാണ് ഇപ്പോള്‍ സെക്രട്ടേറിയറ്റില്‍നിന്ന് മലയാളനിയമത്തിന് നേരെയുണ്ടായിരിക്കുന്നത്. ഒന്നാംഭാഷാ ഉത്തരവ് ഫലപ്രദമായി നടപ്പിലാക്കണമെങ്കില്‍ അതിന് നിയമപരമായ പിന്‍ബലമുണ്ടായിരിക്കണമെന്ന തിരിച്ചറിവിലാണ് സമഗ്ര മലയാളനിയമം വേണം എന്ന കാഴ്ചപ്പാട് മുന്നോട്ടുവെക്കപ്പെട്ടത്. മലയാളത്തില്‍ പഠിച്ചിറങ്ങുന്ന ഒരു വിദ്യാര്‍ഥിക്ക് കേരളത്തില്‍ തുല്യനീതി ലഭിക്കണമെന്നുള്ളതും കേരളത്തിലെ ഭരണ, കോടതി മേഖലകളില്‍ മലയാളം ഉപയോഗിക്കപ്പെടണമെന്നുള്ളതുമാണ് മലയാള നിയമത്തിന്‍െറ കാതല്‍. തൊട്ടടുത്ത നിയമസഭാ സമ്മേളനത്തില്‍ അത് അവതരിപ്പിക്കുമെന്നതായിരുന്നു ധാരണ. അത് നടക്കാതെ പോയപ്പോഴാണ് 2013 മാര്‍ച്ചില്‍ കെ.പി.രാമനുണ്ണിയുടെ നേതൃത്വത്തില്‍ അതിനായി നിരാഹാരസമരം നടന്നത്. അടുത്ത നിയമസഭാസമ്മേളനത്തില്‍ നിയമം അവതരിപ്പിക്കുമെന്നാണ് സമരമവസാനിപ്പിക്കാനായി അന്ന് രേഖാമൂലം നല്‍കിയ ഉറപ്പ്. അനേകം നിയമസഭാസമ്മേളനങ്ങള്‍ ഇതിനകം നടന്നുകഴിഞ്ഞു. ഓരോ ഘട്ടത്തിലും ബില്ലവതരണം മാറ്റി വെക്കപ്പെടുകയായിരുന്നു.
ലോകത്തെ ആദ്യത്തെ മുപ്പത് ഭാഷകളില്‍ മൂന്നിലൊന്നും ഇന്ത്യന്‍ ഭാഷകളാണ്. അതില്‍ത്തന്നെ ഏറ്റവും കൂടുതല്‍ ശതമാനം ജനങ്ങള്‍ ഉപയോഗിക്കുന്ന സംസ്ഥാന ഒൗദ്യോഗിക ഭാഷയാണ് മലയാളം. ഗ്രീക്ക് ഉള്‍പ്പെടെ പല യൂറോപ്യന്‍ ഭാഷകളെക്കാളും ആളുകള്‍ മാതൃഭാഷയായി ഉപയോഗിക്കുന്ന, ലോകഭാഷകളില്‍ ഇരുപത്തിയാറാം സ്ഥാനത്തു നില്‍ക്കുന്ന മലയാളം ജാതി, മതഭേദമില്ലാതെ കേരളത്തിലെ 97 ശതമാനത്തിന്‍െറയും മാതൃഭാഷയാണ്. കര്‍ണാടകയില്‍ കന്നട 65 ശതമാനത്തിന്‍െറയും ആന്ധ്ര-തെലങ്കാനയില്‍ തെലുങ്ക് 83 ശതമാനത്തന്‍െറയും തമിഴ്നാട്ടില്‍ തമിഴ് 90 ശതമാനത്തിന്‍െറയും മാത്രം മാതൃഭാഷയാണ്. മലയാളത്തെക്കാള്‍ കുറഞ്ഞ ശതമാനം ആളുകള്‍ മാത്രം ഉപയോഗിക്കുന്നതെങ്കിലും ഈ സംസ്ഥാനങ്ങള്‍ ഭരണത്തിലും കോടതിയിലും വിദ്യാഭ്യാസമേഖലയിലുമെല്ലാം തങ്ങളുടെ ഭാഷയെ ശരിയായി അംഗീകരിച്ച ശേഷമാണ് ജനമനസ്സില്‍ ശ്രേഷ്ഠഭാഷാപദവിക്ക് അര്‍ഹത നേടിയത്.
എന്നാല്‍, ശ്രേഷ്ഠഭാഷാപദവി എന്ന മുഖംമൂടി ധരിപ്പിച്ച മലയാളത്തിന് യഥാര്‍ഥത്തില്‍ ഇപ്പോള്‍ മുഖമില്ല. സംസ്ഥാനങ്ങളിലെ ഒൗദ്യോഗികഭാഷകളില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ അവഗണിക്കപ്പെടുന്ന ഭാഷ മലയാളമാണെന്നതിന് ഒറ്റ ഉദാഹരണം നോക്കിയാല്‍ മതി. ഐ.എ.എസ്, ഐ.പി.എസ് പരീക്ഷകളുള്‍പ്പെടുന്ന അഖിലേന്ത്യാ സിവില്‍ സര്‍വീസ് പരീക്ഷകളെല്ലാം മലയാളമുള്‍പ്പെടെയുള്ള ഇന്ത്യന്‍ ഭാഷകളിലെഴുതാന്‍ 1968 മുതല്‍ കേന്ദ്ര അനുമതിയുണ്ട്. എന്നാല്‍, അതു കഴിഞ്ഞ് അമ്പതു വര്‍ഷത്തോളമായിട്ടും ഈ ഐ.എ.എസുകാര്‍ക്ക് കീഴില്‍ വരുന്ന സെക്രട്ടേറിയറ്റ് അസിസ്റ്റന്‍റുമാരെ തെരഞ്ഞെടുക്കാനുള്ള പരീക്ഷയുടെ മാധ്യമം കേരളത്തില്‍ ഇപ്പോഴും ഇംഗ്ളീഷ് മാത്രമാണ്. ഭരണഭാഷ മലയാളമായ കേരളത്തിലെ സര്‍വകലാശാലകളില്‍ അസിസ്റ്റന്‍റുമാരെ തെരഞ്ഞെടുക്കുന്ന പരീക്ഷയും ഇംഗ്ളീഷില്‍ മാത്രമാണ് നടത്തുന്നത്. എന്തിന്, കേരളത്തിന്‍െറ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറില്‍ പത്താം ക്ളാസ് യോഗ്യതയുള്ള പ്യൂണ്‍ തസ്തികയിലേക്കുള്ള പരീക്ഷയുടെ മാധ്യമവും ഇംഗ്ളീഷ് മാത്രമാണ്. പന്ത്രണ്ടാം ക്ളാസുവരെ ഇംഗ്ളീഷും മലയാളവും പഠനമാധ്യമമായി അംഗീകരിച്ചിട്ടുണ്ടെങ്കിലും മെഡിക്കല്‍, എന്‍ജിനീയറിങ് പ്രവേശ പരീക്ഷകള്‍ ഇംഗ്ളീഷ് മാധ്യമത്തില്‍ മാത്രമാണ് നടത്തുന്നത്. ഇതല്ല 1956 നവംബര്‍ ഒന്നിന് കേരളത്തോടൊപ്പം പിറവി കൊണ്ട മറ്റു സംസ്ഥാനങ്ങളിലെ സ്ഥിതി.
എന്താണ് ഇതിന്‍െറയൊക്കെ അര്‍ഥം? പാവപ്പെട്ടവരെ ഭരണ, ഉദ്യോഗതലങ്ങളില്‍നിന്ന് അകറ്റി നിര്‍ത്തുക എന്ന ഗൂഢാലോചന ഇന്ത്യയില്‍ ഏറ്റവും ശക്തമായി നടക്കുന്ന സംസ്ഥാനമാണ് കേരളം എന്നുള്ളതുതന്നെ. സമഗ്ര മലയാളനിയമം വന്നാല്‍ പൊതുവിദ്യാലയത്തില്‍ പഠിക്കുന്ന പാവപ്പെട്ടവര്‍ക്കും മലയാളത്തില്‍ പരീക്ഷകളെഴുതാന്‍ കഴിയും. അത് തടയുക എന്നതാണ് മലയാളനിയമം അട്ടിമറിക്കുന്നതിന്‍െറ പിന്നിലെ ഉദ്ദേശ്യം. ഈ നയത്തിലെ ജനവിരുദ്ധതയും മനുഷ്യാവകാശ വിരുദ്ധതയും കേരളത്തിലെ രാഷ്ട്രീയപ്പാര്‍ട്ടികളോ പാവപ്പെട്ടവര്‍ക്കു വേണ്ടി 24 മണിക്കൂറും സംസാരിക്കുന്ന കേരളത്തിലെ ദൃശ്യമാധ്യമങ്ങളോ മനസ്സിലാക്കിയിട്ടില്ല. അധികാരം പാവപ്പെട്ടവരുമായി പങ്കിടാന്‍ തങ്ങള്‍ തയാറില്ളെന്നാണ് രാഷ്ട്രീയ നേതൃത്വവും ഉദ്യോഗസ്ഥവര്‍ഗവും മലയാളനിയമം അട്ടിമറിക്കുന്നതിലൂടെ പ്രഖ്യാപിച്ചിരിക്കുന്നത്.
മലയാള നിയമത്തെ അട്ടിമറിക്കുക മാത്രമല്ല ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന്നത്. ഗൂഗ്ള്‍ വിവര്‍ത്തനമുള്‍പ്പെടെ വന്നുകഴിഞ്ഞ ഈ കാലത്ത് ലോകത്തിലെ ഏതു വിജ്ഞാനവും മലയാളത്തില്‍ അപ്പപ്പോള്‍ ലഭിക്കുമെന്നായിട്ടുണ്ട്. ആ നിലയില്‍ വമ്പിച്ച ഒരു കുതിപ്പ് ഭരണ, പഠന, കോടതി കാര്യത്തിലെല്ലാം മലയാളത്തിലുണ്ടാകേണ്ടതായിരുന്നു. ഇംഗ്ളീഷിനു മാത്രമായി ഇനി ലോകഭാഷാപദവിയില്ളെന്നും വരാനിരിക്കുന്നത് ബഹുഭാഷാലോകമാണ് എന്നും വ്യക്തമായിക്കഴിഞ്ഞു. ഏതുഭാഷയിലൂടെയും ലോകത്തിലെ ഏതുഭാഷക്കാരനുമായും വിനിമയം നടത്താന്‍ കഴിയുന്ന മട്ടില്‍ ഭാഷാസാങ്കേതികത വികസിച്ചിരിക്കുന്നു. പുതിയ അവസരമുപയോഗിച്ച് ഈ നിലയില്‍ ഇതര സംസ്ഥാനങ്ങള്‍ മാതൃഭാഷാ പരിപോഷണത്തില്‍ മുന്നേറുന്നു. എന്നാല്‍, ഈ ജനാധിപത്യവത്കരണത്തെ അംഗീകരിക്കാന്‍ തയാറാകാത്ത രാഷ്ട്രീയ, ഉദ്യോഗസ്ഥവര്‍ഗം ഇവിടെ മാതൃഭാഷാനുകൂല നടപടികളെ അട്ടിമറിക്കുന്നു. ശ്രേഷ്ഠഭാഷ എന്ന തിരശ്ശീലക്കുള്ളില്‍ അരങ്ങേറിയത് യഥാര്‍ഥത്തില്‍ മലയാളത്തെ ഇല്ലാതാക്കാനുള്ള ആസൂത്രിത പദ്ധതികളാണ്. ഒന്നാംഭാഷാ ഉത്തരവ് അട്ടിമറിച്ചതിനോടൊപ്പം ഈ സര്‍ക്കാറിന്‍െറ കാലത്തു നടന്ന മറ്റു ‘മലയാളപോഷണ പരിപാടികള്‍’ നോക്കുക!
1. കേരളത്തിലെ ടെക്നിക്കല്‍ സ്കൂളുകളിലെ പഠനമാധ്യമം മലയാളത്തില്‍നിന്ന് ഇംഗ്ളീഷിലേക്ക് മാറി.
2. ഒന്നു മുതല്‍ നാലുവരെ ക്ളാസുകളില്‍ ഇംഗ്ളീഷ് മീഡിയത്തിനു വേണ്ടിയുള്ള പാഠപുസ്തകങ്ങള്‍ നിര്‍മിക്കുക വഴി പൊതുവിദ്യാലയങ്ങളിലെ പഠനമാധ്യമം ഇംഗ്ളീഷാണെന്ന് എസ്.സി.ഇ.ആര്‍.ടി അസന്ദിഗ്ധമായി പ്രഖ്യാപിച്ചു.
3. ഒരു മാസം മുമ്പുതന്നെ എസ്.എസ്. എല്‍.സിയുടെ ഫലം പുറത്തുവന്നിട്ടും സി.ബി.എസ്.ഇ ഇംഗ്ളീഷ് മീഡിയം ലോബിക്കു വേണ്ടി പ്രവേശം വൈകിപ്പിക്കുന്ന പരിപാടി ആരംഭിച്ചു. മെഡിക്കല്‍, എന്‍ജിനീയറിങ് പ്രവേശമാണ് ഇത്തരത്തില്‍ വൈകിയിരുന്നതെങ്കില്‍ കേരളത്തില്‍ മാസങ്ങള്‍ നീളുന്ന ദൃശ്യമാധ്യമ ചര്‍ച്ചാ കോലാഹലങ്ങള്‍ നടക്കുമായിരുന്നു.
4. ഭരണഭാഷാവലോകനത്തിനുള്ള ഒൗദ്യോഗിക ഭാഷാസമിതികള്‍ പിരിച്ചുവിട്ടു.
5. ഇ-ഗവേണന്‍സിലൂടെയും അക്ഷയകേന്ദ്രങ്ങളിലൂടെയും ഭരണഭാഷയായി ഇംഗ്ളീഷിനെ തിരിച്ചുകൊണ്ടുവന്നു. പഞ്ചായത്ത് ഭരണമുള്‍പ്പെടെ ഇംഗ്ളീഷിലേക്ക് മാറ്റി. അങ്ങനെ വിദേശഭാഷയില്‍ പഞ്ചായത്തീരാജ് നടപ്പിലാക്കി. ഇംഗ്ളീഷില്‍ സംസാരിക്കുന്ന, ‘കോട്ടും സൂട്ടുമിട്ട ഗ്രാമസ്വരാജ്’ ഉണ്ടാക്കി.
മലയാളമാധ്യമത്തില്‍ പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥിക്ക് ഇംഗ്ളീഷ് മാധ്യമത്തില്‍ പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥിക്കു തുല്യമായ അവസരസമത്വം നല്‍കാത്തതില്‍ ഒരു മനുഷ്യാവകാശ കമീഷനും പരാതിയില്ല. മലയാളത്തില്‍ പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥിക്കു മുമ്പില്‍ വാതില്‍ കൊട്ടിയടക്കുക, അതേ സമയം മലയാളമാധ്യമത്തോട് രക്ഷിതാക്കള്‍ക്ക് താല്‍പര്യമില്ളെന്ന് പറഞ്ഞു നടക്കുക. ഇതാണ് ഇന്ന് കേരളത്തിലെ രാഷ്ട്രീയ സമൂഹത്തിലും പൊതുസമൂഹത്തിലും സംഭവിക്കുന്നത്. ഇംഗ്ളീഷ് മാധ്യമത്തില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് തുല്യമായ അവസരം കേരളത്തിലെങ്കിലും മലയാള മാധ്യമത്തില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ഉണ്ട് എന്ന് നിയമപരമായി ഉറപ്പിക്കൂ. അപ്പോള്‍ കാണാം, മലയാളമാധ്യമത്തില്‍ കുട്ടികള്‍ കൂടുതല്‍ പ്രവേശിക്കുന്നത്.
പുറത്തുപോകുമ്പോള്‍ ഇംഗ്ളീഷാണ് വേണ്ടതെന്നും അതുകൊണ്ട് ഇംഗ്ളീഷ് മാധ്യമത്തില്‍ തന്നെ പഠിക്കണം എന്നുമാണ് മലയാളമാധ്യമത്തിനെതിരെ ഉന്നയിക്കപ്പെടാറുള്ള വാദം. ഇംഗ്ളീഷ് ഒരു വിഷയമായി പഠിക്കലും ഇംഗ്ളീഷ് മാധ്യമത്തില്‍ പഠിക്കലും രണ്ടു കാര്യമാണ്. അറബിയോ സംസ്കൃതമോ പഠിക്കാന്‍ ആരും ആ മാധ്യമത്തില്‍ പഠിക്കേണ്ടതില്ല. അതുതന്നെയാണ് ഇംഗ്ളീഷിന്‍െറ കാര്യവും. പുറത്തെ രാജ്യങ്ങളിലെല്ലാം ഇംഗ്ളീഷല്ല മാധ്യമം എന്ന വസ്തുത ആരും പരിഗണിക്കുന്നില്ല. ഇനി ചെല്ലുന്നിടത്തെ മാധ്യമത്തിലാണ് ഇപ്പോഴേ പഠിക്കേണ്ടത് എന്നാണ് വാദമെങ്കില്‍ കേരളത്തില്‍ വരുന്ന 30 ലക്ഷം ഇതര സംസ്ഥാനത്തൊഴിലാളികളുടെ കാര്യമോ? അവര്‍ മലയാളമാധ്യമത്തില്‍ പഠിച്ചാണോ ഇവിടെ വരുന്നത്? മലയാളം ഒരു വിഷയം കൂടിയായി പഠിക്കാതെതന്നെ ഇവിടെ നേരെ വന്ന് അവര്‍ അന്തസ്സായി അവരുടെ ജോലി ചെയ്യുന്നു. ഫ്രിഡ്ജോ ടി.വിയോ നന്നാക്കാന്‍ കൊടുക്കേണ്ടി വരുമ്പോള്‍ അയാള്‍ക്കറിയാത്ത ഭാഷയില്‍ പഠിച്ചയാളെയല്ല, അറിയുന്ന ഭാഷയില്‍ പഠിച്ചയാളെയാണ് നാം ഏല്‍പിക്കുക. ഇതേ പോലെ മാതൃഭാഷയില്‍ പഠിച്ചിറങ്ങുന്ന മലയാളിക്കും എവിടെച്ചെന്നാലും തൊഴിലില്‍ വൈദഗ്ധ്യമുണ്ടോ എന്നാണ് അവരും നോക്കുക. മനസ്സില്‍ തട്ടി ഒരു വിഷയം പഠിക്കുന്നത് അയാളുടെ മാതൃഭാഷയിലാണെന്ന് നമുക്കറിയാം. പക്ഷേ, മലയാളത്തിന്‍െറ കാര്യം വരുമ്പോള്‍ മലയാളിക്ക് ഇരട്ടത്താപ്പാണ്. ഇംഗ്ളീഷ് എന്ന ഒരു ഭാഷക്കു വേണ്ടി മറ്റെല്ലാ വിഷയങ്ങളും മനസ്സില്‍ത്തട്ടാതെ, തെറ്റായ രീതിയില്‍ പഠിപ്പിക്കുകയാണ് ഇംഗ്ളീഷ്മാധ്യമ വിദ്യാലയങ്ങളില്‍.
കെ.സേതുരാമന്‍െറ ‘മലയാളത്തിന്‍െറ ഭാവി’ എന്ന പുസ്തകം എങ്ങനെ മാതൃഭാഷ പഠനമാധ്യമമായി ഉപയോഗിക്കാത്ത സമൂഹങ്ങള്‍ ആഗോളാടിസ്ഥാനത്തില്‍ത്തന്നെ വികസനത്തില്‍ പിന്തള്ളപ്പെടുന്നു എന്ന് തെളിയിക്കുന്നുണ്ട്. അന്തര്‍ദേശീയ നിലവാരത്തിലേക്കുള്ള വഴി മാതൃഭാഷയിലൂടെയാണ്. സ്വന്തം നാടിനെ ആഴത്തില്‍ പഠിച്ചുകൊണ്ടാണ് എല്ലാ നാടുകളെയും മനസ്സിലാക്കുന്നതിനുള്ള അറിവുപകരണങ്ങള്‍ കുട്ടിയില്‍ സമഗ്രമായി വികസിക്കുന്നത്. തൊട്ടടുത്തുള്ള പരിസ്ഥിതികളില്‍ നിന്നാരംഭിക്കുന്ന, പഞ്ചേന്ദ്രിയങ്ങള്‍ക്കും മാതൃഭാഷക്കും അംഗീകാരമുള്ള അയല്‍പക്ക വിദ്യാലയങ്ങളാണ് ശരിയായ അര്‍ഥത്തിലുള്ള അന്തര്‍ദേശീയ വിദ്യാലയങ്ങള്‍. ഇപ്പോള്‍ ഇന്‍റര്‍നാഷനല്‍ എന്ന ബോര്‍ഡ് തൂക്കി, നാട്ടിലാകെ മുളച്ചുവരുന്ന, മലയാളത്തിന് ഭ്രഷ്ടുള്ള വിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടിക്ക് സ്വന്തം നാടും ഇവിടത്തെ മനുഷ്യരുമായുള്ള ജൈവബന്ധവും നഷ്ടപ്പെടുന്നു. അതുവഴി എല്ലാ നാടുകളും മനസ്സിലാക്കാനുള്ള കഴിവും അനുഭവശേഷിയും നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. അവ പൊള്ളവിദ്യാലയങ്ങളാണ്.
കേരളത്തിനുവേണ്ട വസ്തുക്കള്‍ ഉല്‍പാദിപ്പിക്കാന്‍ നമ്മുടെ വികസനഭാവന കേരളത്തെ മുന്‍നിര്‍ത്തിയാകണം. മലയാളത്തില്‍ ചിന്തിച്ചാലേ അത് സംഭവിക്കൂ. കേരളത്തിലെ തൊഴിലാളിക്കു വേണ്ട തെങ്ങുകയറ്റ യന്ത്രം നിര്‍മിക്കുന്നതിന് ഇംഗ്ളീഷില്‍ ചിന്തിച്ചാല്‍ പോര. ലക്ഷം രൂപ മുതലിറക്കി നടീല്‍, കൊയ്ത്തുമെതി യന്ത്രങ്ങളുണ്ടാക്കണമോ വയല്‍ നികത്തി ആയിരം കോടികള്‍ മുടക്കി പുറത്തേക്കുള്ള കയറ്റുമതി മാത്രം ലക്ഷ്യമാക്കി എജു സിറ്റി ഉണ്ടാക്കണമോ എന്നതില്‍ രണ്ടു തരം വികസനസങ്കല്‍പങ്ങള്‍ മാത്രമല്ല, വികസനത്തെയും ഭാഷയെയും ബന്ധിപ്പിക്കുന്ന രണ്ടു വീക്ഷണവുമുണ്ട്. മലയാളം നമ്മുടെ വികസനത്തിന്‍െറയും സ്വാശ്രയത്വത്തിന്‍െറയും നമ്മുടെ പരിസ്ഥിതിയുടെയും ഭാഷയാണ്.
ചുരുക്കത്തില്‍, അധികാരത്തെ താഴത്തെട്ടിലേക്കത്തെുന്നതിനെ തടയുക, അധികാരത്തിന്‍െറ രീതികള്‍ ജനങ്ങളില്‍നിന്ന് മറച്ചുപിടിക്കുക, കേരളത്തിനു പറ്റിയ വികസന രീതിയെ അട്ടിമറിച്ച് യൂറോപ്യനോ അമേരിക്കനോ ആയ താല്‍പര്യങ്ങളെ സംരക്ഷിക്കുന്ന വികസന രീതി അടിച്ചേല്‍പിക്കുക, നമ്മുടെ അടിസ്ഥാന ഉല്‍പാദന മേഖലയെ തകിടം മറിക്കുക- ഈ അജണ്ടയാണ് മന്ത്രിതലത്തിലും ഉദ്യോഗസ്ഥ തലത്തിലും മലയാള നിയമം അട്ടിമറിക്കുന്നതിലൂടെ ഭരണവര്‍ഗം ലക്ഷ്യമിടുന്നത്.
സ്വന്തം ജനതയെ ഭാഷാപരമായി വഞ്ചിച്ചുകൊണ്ടും മറ്റൊരു ഭാഷയെ ആ സ്ഥാനത്ത് ജനതക്കുമേല്‍ അടിച്ചേല്‍പിച്ചുകൊണ്ടുമാണ് ഇന്ന് അധികാരം സ്വയം സുരക്ഷിതരായിരിക്കുന്നതും സ്വയം മഹത്ത്വപദവി ആര്‍ജിച്ചിരിക്കുന്നതും. മാതൃഭാഷയെ ഇല്ലാതാക്കിക്കൊണ്ട് അടിസ്ഥാന ജനവിഭാഗത്തെ അധികാരത്തില്‍നിന്നകറ്റുന്ന, മന്ത്രിതലത്തിലും ഉദ്യോഗസ്ഥതലത്തിലും നടക്കുന്ന നാടകങ്ങളെ തുറന്നുകാണിക്കുന്ന വമ്പിച്ച ഒരു ജനകീയ മുന്നേറ്റത്തിലൂടെ മാത്രമേ മലയാളത്തെയും കേരളപ്പിറവിയെയും കേരളജനതക്ക് തിരിച്ചുപിടിക്കാന്‍ കഴിയൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.