Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightവിശുദ്ധരാക്കപ്പെടുന്ന...

വിശുദ്ധരാക്കപ്പെടുന്ന പ്രതികള്‍

text_fields
bookmark_border
വിശുദ്ധരാക്കപ്പെടുന്ന പ്രതികള്‍
cancel

ഡല്‍ഹിയില്‍ നടന്ന കൂട്ടബലാത്സംഗത്തിനുശേഷം മലയാളത്തില്‍ രൂപപ്പെട്ട ഒരു സമസ്ത പദം ‘കുട്ടിക്കുറ്റവാളി’ എന്നതായിരുന്നു. കുറ്റവാളി ശബ്ദത്തിന്‍െറ വിശേഷണമായിട്ടാണ് ‘കുട്ടി’ വന്നത്. എന്തുകൊണ്ട് കുറ്റവാളിയായ കുട്ടി എന്ന അര്‍ഥത്തില്‍ ‘കുറ്റവാളിക്കുട്ടി’ എന്നായില്ല അതെന്നത് ആലോചിക്കേണ്ടതാണ്. ഇത്കേവലം ഭാഷാപ്രശ്നമെന്ന നിലക്കല്ല ഇവിടെ ഉന്നയിച്ചത്. ഭാഷയും ഭാഷയിലെ പ്രയോഗങ്ങളും രൂപപ്പെടുന്നത് ജീവിതസാഹചര്യങ്ങളിലും നിലപാടുകളിലും നിന്നാണ്.
ഡല്‍ഹി ബലാത്സംഗ കേസിലെ ഏറ്റവും ക്രൂരനായ പ്രതി 18 വയസ്്സ തികയാത്ത (18 വയസ്സ് തികയാന്‍ ഏതാനും മാസങ്ങള്‍മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ!) ഒരുത്തനായിരുന്നു. അവനാണ് ബലാത്സംഗത്തിനുശേഷം തളര്‍ന്നുവീണ അവളുടെ ശരീരത്തില്‍ ബസിന്‍െറ ലിവര്‍ കുത്തിക്കയറ്റി ആഹ്ളാദിച്ചത്. അവന്‍െറ മനസ്സോ പ്രവൃത്തിയോ ഒരു കുട്ടിയുടേതായിരുന്നില്ല എന്നു വ്യക്തം.
കുട്ടികളെ ശിക്ഷിക്കണമെന്നോ ‘കുറ്റവാളി’കളെ തൂക്കിക്കൊന്ന് നീതി നടപ്പാക്കണമെന്നോ ആഗ്രഹിക്കുന്നില്ളെങ്കിലും ചിലത് സൂചിപ്പിക്കാതിരിക്കാന്‍ സാധ്യമല്ല. കുട്ടികള്‍ കുറ്റവാളികളായാല്‍ എങ്ങനെ കൈകാര്യംചെയ്യണമെന്ന ചര്‍ച്ച ഇത്ര ഗൗരവത്തില്‍ ഉയര്‍ന്നുവരുന്നത് ഡല്‍ഹി ബലാത്സംഗത്തിനുശേഷം പൗരസമൂഹത്തിലുണ്ടായ ആശങ്കകള്‍ കാരണമാണ്.
കുട്ടികള്‍ക്കിടയില്‍ മോഷണംതുടങ്ങിയ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്നതിനെപ്പറ്റിയുള്ള റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. 16-18 വയസ്സ് പ്രായക്കാരാണത്രെ അവരിലേറെയും. താഴ്ന്ന വരുമാനക്കാരായ രക്ഷിതാക്കളുടെ കുട്ടികളാണ് കുറ്റവാളികളില്‍ ഏറിയപങ്കുമെന്നും കണ്ടത്തെിയിട്ടുണ്ട്. മോഷണവും കവര്‍ച്ചയും പോലുള്ള കുറ്റങ്ങള്‍ക്ക് ദാരിദ്ര്യം ഒരു ന്യായീകരണമാകാം. പക്ഷേ, ബലാത്സംഗത്തിനോ? അതുകൊണ്ടുതന്നെ ‘കുറ്റങ്ങള്‍’ മുതിര്‍ന്നവരെ സംബന്ധിച്ചെന്നപോലെ കുട്ടികളെ സംബന്ധിച്ചും ഒരേയൊരു സാമാന്യവിഭാഗമല്ലതന്നെ. ഈയൊരു പരിഗണന വെച്ചുകൊണ്ടാകണമല്ളോ ഡല്‍ഹി സംഭവത്തിനുശേഷം ബാലനീതി ബില്ലില്‍ ഭേദഗതി വരുത്തുന്നതിനെപ്പറ്റി ഇന്ത്യന്‍ പാര്‍ലമെന്‍റ് ചര്‍ച്ചചെയ്യുന്നതും ഭേദഗതികള്‍ പാസാക്കുന്നതും. ഭേദഗതി നിയമം കരുണയുള്ളതാണെന്ന് ബില്ലവതരിപ്പിച്ചുകൊണ്ട് മേനക ഗാന്ധി പറയുന്നു. പക്ഷേ, കരുണവേണ്ടത് ബില്ലിനോടാണോ ഇരയോടാണോ എന്നതാണ് പ്രശ്നം. ഏത് കുറ്റം ചെയ്താലും ഏഴുവര്‍ഷംവരെയാണ് കഠിനതടവ്. അതായത് കവര്‍ച്ച, കൊലപാതകം, മാനഭംഗം എന്നിവയെ ഒറ്റ നുകത്തില്‍കെട്ടിയാണ് പരിഗണിച്ചിട്ടുള്ളത്. കവര്‍ച്ചയില്‍നിന്നും കൊലപാതകത്തില്‍നിന്നും വ്യത്യസ്തമായ കുറ്റമാണ് ബലാത്സംഗം എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. വിശദമാക്കാം. ശരീരത്തിന്‍െറ ശുദ്ധാശുദ്ധികളല്ല വിഷയം. അകരുണവും ഏകപക്ഷീയവുമായ ഹിംസയാണ് ബലാത്സംഗം. ഒരാള്‍ ആണാണ് മറ്റേയാള്‍ തനിക്കൊത്ത ആണല്ല എന്നതുകൊണ്ടുമാത്രം പ്രയോഗിക്കപ്പെടുന്ന ഒരധികാരമാണ് ബലാത്സംഗം. മറ്റേയാള്‍ പെണ്ണോ ട്രാന്‍സ്ജെന്‍ഡറോ ആയിരിക്കാം, അല്ളെങ്കില്‍ ദുര്‍ബലനായ ഒരാണ്‍കുട്ടിയുമാകാം. തന്നേക്കാള്‍ ശക്തികുറഞ്ഞയാളാണ് എന്നതുകൊണ്ടു മാത്രം പ്രയോഗിക്കപ്പെടുന്ന ബലാത്സംഗമെന്ന ഹിംസ ഒരു ‘കുട്ടി’ക്ക് ചെയ്യാന്‍കഴിയുന്ന കുറ്റമല്ല. ഏകാധിപതിയായ ഒരു മുതിര്‍ന്ന ഭരണാധികാരിയെപ്പോലെ പെരുമാറുന്നയാള്‍ ഒൗദ്യോഗിക രേഖകളില്‍ ‘കുട്ടി’ തന്നെ ആയിരുന്നാലും അവന്‍ പരമാവധി ശിക്ഷക്ക് വിധേയനാവേണ്ടതുണ്ട്. അടിയോ ചവിട്ടോ കൊലപാതകമോ പോലെയല്ല അത്. അതിനൊക്കെ പ്രകോപനങ്ങളുണ്ടാകാം. മാനഭംഗമാകട്ടെ ഒരു മനുഷ്യശരീരത്തെ കേവല വസ്തുവായിക്കരുതി അധികാരം പ്രയോഗിക്കാമെന്ന മറ്റൊരു മനുഷ്യന്‍െറ ധാര്‍ഷ്ട്യമാണ്. പൗരുഷവും കായികക്ഷമതയും നല്‍കുന്ന ആത്മവിശ്വാസം ഏറ്റവും ഋണാത്മകമായ രീതിയില്‍ അസാമൂഹികമായി പ്രയോഗിക്കലാണ്.
ഇവിടെ ബലാത്സംഗം ചെയ്യപ്പെടുന്ന ആളുടെ ‘മാനഹാനി’ കന്യകാത്വം, പാതിവ്രത്യം, മാതൃത്വം, ചാരിത്ര്യം എന്നീ ശാരീരികാവസ്ഥകളുമായല്ല ബന്ധപ്പെടുന്നത്. അയാളുടെ വ്യക്തിത്വം നിരസിക്കപ്പെടലും പൗരത്വം നിരാകരിക്കപ്പെടലുമാണത്. ‘മാനഹാനിയാല്‍ ഒഴിയാത്താര്‍ത്തി മനുഷ്യനേ വരൂ’ എന്നാശാന്‍. ശരീരത്തിന്‍െറ അശുദ്ധിയല്ല ഈ ആര്‍ത്തിക്ക് കാരണം. ഈ ‘മാനഹാനി’യാകട്ടെ വ്യക്തിപരവും ശരീരപരവും എന്നതിനേക്കാള്‍ സാമൂഹികവും സാംസ്കാരികവുമാണ്. അതുകൊണ്ടാണ് ഡെറ്റോളൊഴിച്ച് ഇത്രയധികം കഴുകിയിട്ടും അതിന്‍െറ പിടച്ചിലുകള്‍ സമൂഹശരീരത്തില്‍ നിലക്കാതിരിക്കുന്നത്.
പറഞ്ഞുവന്നത് ഇത്രയേ ഉള്ളൂ- ബലാത്സംഗത്തെ മറ്റു ‘കുറ്റ’ങ്ങള്‍ നിര്‍വചിക്കുന്നമട്ടില്‍ നിര്‍വചിക്കാന്‍ സാധ്യമല്ല. ഒരു ജനാധിപത്യ സംവിധാനത്തില്‍ ഒരാളുടെ വ്യക്തിത്വത്തോടും പൗരത്വത്തോടും ചെയ്യാവുന്ന ഏറ്റവും ക്രൂരമായ അവഹേളനമാണ് ബലാത്സംഗം. സ്ത്രീശരീരത്തിന്‍െറ ‘വിശുദ്ധി’യെക്കുറിച്ചുള്ള പാവനചിന്തകള്‍ ഇവിടെ തീര്‍ത്തും അപ്രസക്തമാണ്. ഏറെ രസകരമായത് ഈ വിശുദ്ധി ചിന്തക്കാരാണ് മിക്കപ്പോഴും ബലാത്സംഗ പ്രതികളെ രക്ഷപ്പെടുത്താന്‍ വിളറിപിടിച്ചോടുന്നത് എന്നതാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ മാനഭംഗം ചെയ്യപ്പെടുമ്പോള്‍ ബാലനീതിനിയമം (ജെ.ജെ ആക്ട്) അവരുടെ രക്ഷക്കത്തൊറില്ല. എന്നാല്‍, ‘പ്രായപൂര്‍ത്തിയാകാത്ത’ ആണ്‍കുട്ടികള്‍ ബലാത്സംഗം ചെയ്താല്‍ ഇതേ നിയമം അവരുടെ രക്ഷക്കത്തെുന്നുവെന്നത് നീതി നിര്‍വഹണത്തിലെ ആണ്‍കോയ്മാ പ്രഭാവത്തെ വിളംബരം ചെയ്യുന്നു. സൂര്യനെല്ലി പെണ്‍കുട്ടി 16 വയസ്സ് തികഞ്ഞ് മൂന്നുമാസം കഴിഞ്ഞിരിക്കുന്നുവെന്ന സാങ്കേതിക ന്യായമുന്നയിച്ച് നീതിനിഷേധിച്ച സംഭവം നമുക്കറിയാം.
ഇപ്പോള്‍ പാസാക്കിയെടുക്കുന്ന ബാലനീതി നിയമഭേദഗതിയെ ആ നിലക്കുകൂടിസമീപിക്കേണ്ടതുണ്ട് എന്ന് ഞാന്‍ കരുതുന്നു. ബലാത്സംഗവീരന്‍/കൊലയാളി കൗമാരക്കാരനായാല്‍പോലും അയാള്‍ ഈ നിയമത്തിന്‍െറ ആനുകൂല്യം അനുഭവിക്കാന്‍ യോഗ്യനല്ല. ഡല്‍ഹി പെണ്‍കുട്ടിയെ അതിക്രൂരമായി ബലാത്സംഗം ചെയ്യുമ്പോള്‍ 18 വയസ്സ് പൂര്‍ത്തിയായിരുന്നില്ല എന്ന സാങ്കേതിക ന്യായംപറഞ്ഞ് മൂന്നുവര്‍ഷത്തെ തടവിനുശേഷം വിട്ടയക്കപ്പെട്ട ‘കുട്ടിക്കുറ്റവാളി’ ഉയര്‍ത്തുന്ന സാമൂഹികവും സാംസ്കാരികവുമായ വെല്ലുവിളികള്‍ അവഗണിക്കാനാവില്ല. അയാള്‍ ഈ കുറ്റം ആവര്‍ത്തിക്കില്ളെന്ന് ഉറപ്പുവരുത്താന്‍ ഒരു ഭരണകൂട സംവിധാനത്തിനും സാധ്യമല്ലായിരിക്കാം. സര്‍ക്കാര്‍ നല്‍കിയ 10,000 രൂപയോ തയ്യല്‍ മെഷീനോ അവനെ രക്ഷിക്കുമെന്നതിന് ഒരുറപ്പുമില്ലതാനും. അപകടകാരിയെന്ന് സമൂഹം കരുതുന്ന ഒരുവന്‍െറ പ്രത്യക്ഷ സാന്നിധ്യം ഉണ്ടാക്കാവുന്ന വൈകാരിക അരക്ഷിതത്വം അഭിസംബോധന ചെയ്യണമെങ്കില്‍ ലോക്സഭയും രാജ്യസഭയും അതിനര്‍ഹമായിരിക്കണം. അതായത് ഇത്തരം കുറ്റം ആരോപിക്കപ്പെട്ടവര്‍ സഭകളുടെ ചുക്കാന്‍ പിടിക്കുന്നവരാകരുത്. അത്തരം സഭകള്‍ക്ക് ഇങ്ങനെയൊരു നിയമം പാസാക്കാന്‍ കഴിയും. പക്ഷേ, ബലാത്സംഗം ചെയപ്പെട്ട പെണ്‍കുട്ടികള്‍ക്ക് നീതി ഉറപ്പുവരുത്താനാകില്ളെന്നതിന് ഉദാഹരണമാണ് ബാലനീതി നിയമഭേദഗതി. കൗമാരചാപല്യങ്ങളാല്‍ സംഭവിച്ച ചാഞ്ചല്യമോ അബദ്ധമോ ആയി ബലാത്സംഗത്തെ കരുതാന്‍ സാധ്യമല്ല. അതിനാല്‍ ബലാത്സംഗ നിയമം വേറത്തെന്നെ  ഉണ്ടാകേണ്ടതുണ്ട്. പൊതുനിയമത്തിലോ ബാലനീതി നിയമത്തിലോ ബലാത്സംഗത്തിന് വിധേയപ്പെട്ടവര്‍ക്കല്ല, ബലാത്സംഗം ചെയ്തവര്‍ക്കാണ് ആനുകൂല്യം ലഭിക്കുന്നതായി കാണുന്നത്. കേരളത്തിലെ സ്ത്രീപീഡന കേസുകള്‍ക്ക് എന്തു സംഭവിച്ചുവെന്ന് അന്വേഷിച്ചാല്‍തന്നെ ഇത് വ്യക്തമാവും.
നിയമങ്ങളുണ്ടാകുന്നത് നീതി നടപ്പാക്കാനാണ്. നിയമങ്ങള്‍ നിയമങ്ങള്‍ക്കുവേണ്ടിയുണ്ടാക്കുന്ന സമൂഹവും സഭകളും രാഷ്ട്രത്തോടുള്ള കടമകള്‍ മറന്നവരാണ്. ഒരു ജനാധിപത്യ സര്‍ക്കാറിന് യോജിക്കുന്ന മട്ടില്‍ ‘ബലാത്സംഗ’ത്തെ സവിശേഷമായി പരിഗണിച്ചുകൊണ്ടുള്ള ഭേദഗതികളാണ് ബാലനീതി നിയമത്തില്‍ വരേണ്ടത്. 16, 18, 15 എന്നിങ്ങനെ സാങ്കേതിക വയസ്സുകളല്ല അതിന് നിയാമകമാകേണ്ടത്.


(സാമൂഹിക പ്രവര്‍ത്തകയും അധ്യാപികയുമാണ് ലേഖിക)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:juvenile justice bill
Next Story