Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightസംവാദാത്മകമായ...

സംവാദാത്മകമായ ഫാഷിസ്​റ്റ് വിരുദ്ധ മനുഷ്യസംഗമം

text_fields
bookmark_border
സംവാദാത്മകമായ ഫാഷിസ്​റ്റ് വിരുദ്ധ മനുഷ്യസംഗമം
cancel

ഫാഷിസത്തിനെതിരെ ഇന്നും നാളെയും കൊച്ചിയിൽ നടക്കുന്ന മനുഷ്യസംഗമം വളരെ പ്രസക്തമായ സംവാദങ്ങൾക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. പത്രങ്ങളോ ചാനലുകളോ കാര്യമായി ഇടപെട്ടിട്ടില്ലെങ്കിലും സമൂഹമാധ്യമങ്ങളിൽ ശക്തമായ ആശയസമരം തുടരുകയാണ്. ഫാഷിസ്റ്റുകളും ഫാഷിസ്റ്റ്വിരുദ്ധരും തമ്മിലല്ല, ഫാഷിസത്തിനെതിരായി എടുക്കേണ്ട സമീപനത്തെ ചൊല്ലിയാണ് സംവാദം രൂക്ഷമായിരിക്കുന്നത്. അതേതുടർന്ന് പലരും തങ്ങളുടെ നിലപാടുകൾ പുന$പരിശോധിക്കാനും തിരുത്താനും തയാറായി എന്നതാണ് അതിനേക്കാൾ പ്രധാനം. ചില നിലപാടുകൾക്കെതിരെ വിമർശമുന്നയിച്ചവരിൽ ഒരു വിഭാഗത്തിെൻറ നേതൃത്വത്തിൽ നാളെ കോഴിക്കോട് അമാനവസംഗമമെന്ന പേരിൽ മറ്റൊരു ഫാഷിസ്റ്റ്വിരുദ്ധ കൂട്ടായ്മയും നടക്കുന്നു. വാസ്തവത്തിൽ കേരളത്തിലെ മുഖ്യധാരയിലേക്കു കടന്നുവരേണ്ട സംവാദങ്ങളാണ് സമൂഹമാധ്യമങ്ങളിൽ മാത്രമായി ഒതുങ്ങുന്നത്.

ഫാഷിസത്തിനെതിരായ പോരാട്ടത്തിൽ അതിെൻറ പ്രധാന ഇരകളായ മുസ്ലിം വിഭാഗങ്ങളിൽനിന്നുള്ള സംഘടനാപ്രതിനിധികളെ പങ്കെടുപ്പിക്കുന്നില്ല, യു.ഡി.എഫ് നേതാക്കളെ അവഗണിക്കുന്നു, വൈവിധ്യങ്ങളേയും സ്വത്വങ്ങളേയും ലിംഗപദവികളേയും ഒഴിവാക്കി മനുഷ്യനെന്ന ഏകസംജ്ഞയിൽ എല്ലാവരേയും ഉൾക്കൊള്ളിക്കാൻ ശ്രമിക്കുന്നു എന്നീ വിമർശങ്ങളാണ് സംഗമത്തിനെതിരെ പൊതുവിലുയർന്നിട്ടുള്ളത്. തമിഴ് എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ മീന കന്തസാമിയാണ് തെൻറ ഫേസ്ബുക് പോസ്റ്റിലൂടെ മുസ്ലിം വിഭാഗങ്ങളെ, അവരുടെ സ്വത്വം നിലനിർത്തി  ഒഴിവാക്കിയുള്ള ഫാഷിസ്റ്റ് വിരുദ്ധ സംഗമം അർഥശൂന്യമാണെന്നു പ്രഖ്യാപിച്ചത്. തുടർന്ന് നിരവധി പേർ ഈ വാദം ഏറ്റെടുക്കുകയും സംഘാടകർ മറുപടിയുമായി മുന്നോട്ടുവരുകയും ചെയ്തു. അങ്ങനെയാണ് സോഷ്യൽ മീഡിയ അടുത്തകാലത്തു നടന്ന ഏറ്റവും ശ്രദ്ധേയമായ ആശയസമരത്തിനു വേദിയായത്.

‘ഫാഷിസത്തിെൻറ കൊടിയടയാളമായ സ്വസ്തിക കടമെടുത്ത വർഗീയ പ്രസ്ഥാനത്തിെൻറ നേതൃത്വത്തിൽ നാടിെൻറ നവോത്ഥാന പാരമ്പര്യങ്ങൾ കുഴിച്ചുമൂടുന്നതിനും വർഗീയമായി വിഭജിക്കുന്നതിനും കൊണ്ടുപിടിച്ച ശ്രമങ്ങൾ നടന്നുവരികയാണ്. കോർപറേറ്റ് മുതലാളിത്തമായി വികസിച്ച സവർണ ജന്മിത്വത്തിന് അതിെൻറ താൽപര്യങ്ങൾ സംരക്ഷിക്കാൻ അത്തരമൊരു പ്രസ്ഥാനത്തെ കൊണ്ടുവരേണ്ടതുണ്ടായിരുന്നു. ഗാന്ധിഘാതകരായ ആർ.എസ്.എസ് ഇന്ന് പശു ആരാധന, മതാന്തര പ്രണയബന്ധങ്ങൾ, പ്രാദേശിക ഉത്സവങ്ങൾ, സംവരണത്തെക്കുറിച്ചുള്ള ഭിന്ന വീക്ഷണങ്ങൾ തുടങ്ങിയവ മുതലാക്കി മതാധിഷ്ഠിത രാഷ്ട്രീയത്തെ ബലപ്പെടുത്താൻ ശ്രമിക്കുകയാണ്. ബാബരി മസ്ജിദ് പൊളിച്ചതിലൂടെ തുടക്കം കുറിക്കപ്പെട്ട ഈ നീക്കത്തിലൂടെ ഇന്ത്യാ വിഭജന കാലത്തിന് സമാനമായ സംഘർഷങ്ങളിലേക്ക് നാടിനെ നയിക്കുകയാണവർ. ഇതിലൂടെ പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങളെ നിർവീര്യമാക്കാമെന്നും അവർ കണക്കുകൂട്ടുന്നു. മതനിരപേക്ഷ രാഷ്ട്രീയത്തെയും ജനാധിപത്യ ഭരണസംവിധാനത്തെയും ശാസ്ത്ര വിജ്ഞാനത്തെയും  തൂത്തെറിഞ്ഞ് സൈനിക മതാധിഷ്ഠിത ഭരണവും അന്ധവിശ്വാസങ്ങളും സങ്കുചിത ദേശീയതയും  സ്ഥാപിച്ചെടുക്കാൻ ആസൂത്രിത ശ്രമങ്ങൾ നടക്കുന്നു.’

എന്നു തുടങ്ങുന്ന ക്ഷണക്കത്തായിരുന്നു സംഘാടകരായ എറണാകുളത്തെ ഏതാനും മനുഷ്യാവകാശ പ്രവർത്തകർ സംഗമത്തിനായുള്ള ആദ്യത്തെ ആലോചനായോഗത്തിൽ തയാറാക്കിയത്. രാജ്യം നേരിടുന്ന ഹൈന്ദവ ഫാഷിസത്തിനെതിരെ വ്യത്യസ്ത നിലപാടുകളെടുക്കുന്നവരുടേയും ഇരകളുടേയുമെല്ലാം ഒരു സംഗമമായിരുന്നു വിഭാവനം ചെയ്യപ്പെട്ടത്. എന്നാൽ, സ്വാഗതസംഘത്തിൽ പങ്കെടുത്ത ഡി.വൈ.എഫ്.ഐ മുതലുള്ള ഇടതുപക്ഷ സംഘടനകളുടേയും യുക്തിവാദി സംഘം പോലുള്ള പ്രസ്ഥാനങ്ങളുടേയും ബാങ്ക് എംപ്ലോയീസ് സംഘടനകളുടേയും ഇടപെടലാണ് സംഗമത്തിെൻറ ലക്ഷ്യങ്ങളിൽ മാറ്റം വരുത്തിയതെന്നാണ് വിമർശമുയർന്നത്. വേട്ടക്കാരേയും ഇരകളേയും ഒരുപോലെ കാണുന്ന യാന്ത്രിക നിലപാടിലൂന്നിയ, മുഖ്യമായും  ഇടതുപക്ഷ ആഭിമുഖ്യമുള്ള പരിപാടിയായി സംഗമം മാറിയത് അങ്ങനെയാണെന്നാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്. നിലവിലെ സാഹചര്യം വസ്തുനിഷ്ഠമായി മനസ്സിലാക്കാതെ എല്ലാ മതങ്ങളും അപകടമാണെന്ന നിയോ ലിബറൽ മതേതര ചിന്താഗതിയാണോ,  ഹൈന്ദവഫാഷിസ്റ്റുകളെ എതിർക്കുമ്പോൾ മുസ്ലിം രാഷ്ട്രീയ ഗ്രൂപ്പുകളുമായി ഐക്യപ്പെടുന്നത് തെറ്റായ സന്ദേശം നൽകുമെന്ന ആശങ്കയോടെ അവരെ ഒഴിവാക്കിയതിനു കാരണമെന്നായിരുന്നു കന്തസാമിയുടെ ചോദ്യം. ഇരകൾക്ക് അതേക്കുറിച്ച് തുറന്നു പറയാനും ഫാഷിസ്റ്റ്വിരുദ്ധ മുന്നണിയിൽ അണിനിരക്കാനും അവസരം നിഷേധിച്ച്, അവർക്കായി മറ്റുള്ളവർ സംസാരിക്കുന്നതിൽ എന്തർഥമാണുള്ളതെന്നും അതുവഴി ഹിന്ദുത്വവാദികളുടെ നിലപാടുകളെ പിന്തുണക്കുകയാണ് സംഘാടകർ ചെയ്യുന്നതെന്നും അവർ ആരോപിച്ചു.

കന്തസാമിയുടെ നിലപാട്  വൈറലായതോടെ നിരവധി വ്യക്തികളും സംഘടനകളും ഐക്യദാർഢ്യം പ്രകടിപ്പിച്ചു. മറുവശത്ത് നിരവധി പേർ കന്തസാമിക്കെതിരേയും രംഗത്തെത്തി. തുടർന്ന് സംഘാടകരും മറുപടിയുമായി രംഗത്തെത്തി. പ്രഫസറുടെ കൈവെട്ടിയ മതമൗലികവാദത്തെ ഫാഷിസമായിത്തന്നെയേ കണക്കാക്കാനാകൂ എന്നായിരുന്നു അവരുടെ പ്രധാനവാദം. ഒരു മത വർഗീയതയെ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് മറ്റു മത വർഗീയതകൾ വളരുന്നത്. ആ അർഥത്തിൽ മതവർഗീയ ശക്തികൾ പരസ്പരം സഹായം ചെയ്യുന്നുണ്ട്. ഒരു ഭാഗത്ത് സംഘപരിവാർ ഫാഷിസത്തിെൻറ ഇസ്ലാം മത വിശ്വാസികളായ ഇരകളെ ചൂണ്ടിക്കാണിച്ചുകൊണ്ട് സമുദായം അനുഭവിക്കുന്ന ന്യൂനപക്ഷ പീഡനങ്ങൾ മാത്രം ഹൈലൈറ്റ് ചെയ്ത് സമൂഹത്തിൽ വ്യാപകമായി തെറ്റിദ്ധാരണ പരത്തുകയും മറുഭാഗത്ത് പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗത്തിെൻറ ഒടുക്കത്തെ അത്താണിയാണ് എന്ന് മേനി പറയലും അല്ലാതെ ഫലത്തിൽ ഇവരെക്കൊണ്ട് മുസ്ലിം ജനവിഭാഗത്തിന് വലിയ നേട്ടങ്ങൾ ഒന്നും ഉണ്ടായിട്ടില്ല.. ഈ സ്ഥിതിവിശേഷത്തിൽ ഇവർ എങ്ങനെയാണ് രാജ്യത്തെ ഫാഷിസ്റ്റ് ശക്തികൾക്കെതിരെ അടരാനിറങ്ങുന്നതെന്നായിരുന്നു സംഘാടകരുടെ പ്രധാന ചോദ്യം. എല്ലാ തരത്തിലുള്ള ഫാഷിസത്തിനുമെതിരായ സംഗമമാണെങ്കിൽ 51 വെട്ടു വെട്ടുകയും അതിനെ ന്യായീകരിക്കുകയും ചെയ്തവരെ എങ്ങനെയാണ് ഉൾക്കൊള്ളാൻ കഴിയുക എന്ന ചോദ്യവും ഉയർന്നു. അതല്ല, സമകാലിക ഭയാനക യാഥാർഥ്യമായ ഹൈന്ദവ ഫാഷിസത്തിനെതിരാണെങ്കിൽ പ്രധാന ഇരകളെ ഒഴിവാക്കുന്നതെങ്ങനെ?

സംഗമത്തിൽ മനുഷ്യരായി പങ്കെടുക്കുക എന്ന പ്രചാരണവും വിമർശവിധേയമായി. ‘മനുഷ്യൻ’ എന്ന പ്രയോഗം ആളുകളുടെ സ്വത്വത്തെയും വ്യത്യസ്തതകളെയും നിരാകരിക്കുന്നു  എന്നായിരുന്നു മുഖ്യവിമർശം. ദലിതനേയും  ആദിവാസിയേയും സ്ത്രീയേയും മറ്റും ലിംഗവിഭാഗങ്ങളേയും മുസ്ലിമിനേയുമെല്ലാം മനുഷ്യനെന്ന കേവല സംജ്ഞയിലേക്ക് ഒതുക്കുന്നതു ശരിയല്ല എന്നും തങ്ങൾ ദലിതരും സ്ത്രീകളുമൊക്കെയായിത്തന്നെ സംഗമത്തിൽ പങ്കെടുക്കുമെന്നും പലരും പ്രഖ്യാപിച്ചു. ദലിത് ആക്ടിവിസ്റ്റുകളും എഴുത്തുകാരുമായ സണ്ണി കപിക്കാടും രേഖാ രാജുമൊക്കെ ഇക്കാര്യം ഫേസ് ബുക് പോസ്റ്റിലൂടെ തന്നെ പ്രഖ്യാപിച്ചു. പടിഞ്ഞാറിൽ ഉദയം ചെയ്ത വെളുത്ത കത്തോലിക്ക യൂറോപ്യൻ പുരുഷനെ പ്രതിനിധാനം ചെയ്യുന്ന ഹ്യൂമനല്ല, സമൂഹത്തിെൻറ അടിത്തട്ടിൽനിന്നുള്ള നിരവധി പോരാട്ടങ്ങളിലൂടെ രൂപപ്പെട്ട കേരളത്തിലെ മനുഷ്യനെന്ന് സംഘാടകരിൽ ചിലർ മറുപടി പറഞ്ഞെങ്കിലും അവരിൽതന്നെ പലരും ഈ വിമർശം അംഗീകരിക്കാൻ തയാറായി. എന്തായാലും ദലിത്, ആദിവാസി, വിമത ലൈംഗിക വിഭാഗങ്ങളിൽപെട്ട പലരും തങ്ങളുടെ സ്വത്വം ഉയർത്തിപ്പിടിച്ചുതന്നെ സംഗമത്തിൽ പങ്കെടുക്കുന്നു. അത്തരമൊരു സാഹചര്യം പ്രധാന ഇരകളായ മുസ്ലിം വിഭാഗങ്ങൾക്ക് പക്ഷേ ലഭിച്ചിട്ടില്ല. എങ്കിൽ കൂടി ഇനിയും തുറന്ന ചർച്ചക്ക് തങ്ങൾ തയാറാണെന്ന് സംഘാടകരിൽ പലരും തുറന്നു പറഞ്ഞു.

എം.എ. ബേബി, കാനം രാജേന്ദ്രൻ, എം.ബി. രാജേഷ്, വി.എസ്. സുനിൽകുമാർ, ചന്ദ്രൻ പിള്ള, രാജാജി മാത്യു തോമസ് തുടങ്ങി നിരവധി വ്യവസ്ഥാപിത ഇടതുപക്ഷ നേതാക്കളും എം.എൽ–മാവോയിസ്റ്റ് അനുഭാവമുള്ളവരും ആർ. എം.പിക്കാരും സംഗമത്തിൽ പങ്കെടുക്കുമ്പോൾ യു.ഡി.എഫിൽനിന്ന് ഷാനി മോൾ ഉസ്മാനെ മാത്രം പങ്കെടുപ്പിക്കുന്നതിെൻറ അജണ്ടയും ചോദ്യം ചെയ്യപ്പെട്ടു. വി.എം. സുധീരൻ, വി.ടി. ബൽറാം, സി.പി. ജോൺ, എം.കെ. മുനീർ, എം.പി. വീരേന്ദ്രകുമാർ, എൻ.കെ. പ്രേമചന്ദ്രൻ തുടങ്ങിയവരൊന്നും സംഗമത്തിൽ പങ്കെടുക്കുന്നില്ല എന്നതുതന്നെ അതിെൻറ വിഭാഗീയത വെളിവാക്കുന്നു എന്നാണ് വിമർശം. ഫാഷിസത്തിനെതിരായ ഐക്യപ്പെട്ട മുന്നേറ്റത്തെ ഈ സമീപനം ദുർബലമാക്കുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.

അതിനിടയിലാണ് ഫാഷിസത്തിനെതിരെ അമാനവസംഗമം എന്ന പേരിൽ കോഴിക്കോട് മാനാഞ്ചിറയിൽ മറ്റൊരു കൂട്ടായ്മ നടക്കുന്നത്. ഇരകളുടെ സ്വത്വത്തെ നിഷേധിക്കുന്ന ഫാഷിസ്റ്റ് വിരുദ്ധസംഗമം അതിെൻറ ലക്ഷ്യത്തിലെത്തില്ല എന്ന വിമർശത്തോടെയാണ് അമാനവസംഗമം സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ പറയുന്നു. ഗ്രോ വാസു, പയ്യന്നൂരിൽ പലതവണ ആക്രമിക്കപ്പെട്ട ഓട്ടോ ഡ്രൈവർ ചിത്രലേഖ, കെ.എം. വേണുഗോപാൽ തുടങ്ങിയവരെല്ലാം ഈ പരിപാടിയിൽ പങ്കെടുക്കുന്നു. സംഘാടകരിൽ പലരും തങ്ങളുടെ നിലപാട് പുന$പരിശോധിക്കാൻ തയാറായി എന്നതാണ് പുതിയ ഫേസ് ബുക് പോസ്റ്റുകളിൽനിന്ന് വ്യക്തമാകുന്നത്. ഫാഷിസത്തിനെതിരെ എന്ന പൊതുവായ പ്രയോഗത്തിനു പകരം സവർണ ഫാഷിസ്റ്റ് രാഷ്ട്രീയാധികാരത്തിനെതിരെ എന്ന പ്രയോഗമാണ് കാണുന്നത്. മാത്രമല്ല, പലതിലും ദലിതരേയും മുസ്ലിംകളെയും ഇരകളാക്കുന്ന സവർണ ഫാഷിസ്റ്റ് രാഷ്ട്രീയാധികാരം എന്നുതന്നെ കാണുന്നു.  ജനാധിപത്യപരമായ സംവാദം എങ്ങനെ ക്രിയാത്മകവും രാഷ്ട്രീയവുമായി മാറുമെന്നതിനു മികച്ച ഉദാഹരണമായിരിക്കുന്നു സോഷ്യൽ മീഡിയയിലെ ഈ ഇടപെടൽ. 

Show Full Article
TAGS:anti terror meeting 
Next Story