Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightമുദ്രാവാക്യം വിളി...

മുദ്രാവാക്യം വിളി രാജ്യദ്രോഹമാകുമ്പോൾ

text_fields
bookmark_border
മുദ്രാവാക്യം വിളി രാജ്യദ്രോഹമാകുമ്പോൾ
cancel

ഇക്കഴിഞ്ഞ ദിവസം മാവോവാദി നേതാവ് രൂപേഷിനെ ഒരു കേസിൽ മഞ്ചേരി സെഷൻസ് കോടതിയിൽ ഹാജരാക്കുകയുണ്ടായി. മാവോവാദി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കേസ് തന്നെയാണ്. കനത്ത പൊലീസ് ബന്തവസ്സിൽ തണ്ടർബോൾട്ട് എന്ന പേരിൽ പ്രത്യേക കമാൻഡോകളുടെ സൂക്ഷ്മനിരീക്ഷണത്തിലാണ് പൊലീസ് വാനിൽ രൂപേഷിനെ കൊണ്ടുവന്നത്. വാഹനത്തിൽനിന്ന് ഇറങ്ങിയപാടെ ആകാശത്തേക്ക് മുഷ്ടിചുരുട്ടി പതിവുശൈലിയിൽ മുദ്രാവാക്യം വിളിയാരംഭിച്ചു. പെട്ടെന്നാണ് കാണികളിൽനിന്ന് നാലു ചെറുപ്പക്കാർ രൂപേഷിന് അഭിവാദ്യമർപ്പിച്ച് മുദ്രാവാക്യം വിളിച്ചത്. തൽക്ഷണംതന്നെ പൊലീസ് ചാടിവീണ് ആ ചെറുപ്പക്കാരെ സിനിമാ സ്റ്റൈലിൽ പിടികൂടി. യു.എ.പി.എ അഥവാ ‘നിയമവിരുദ്ധ പ്രവർത്തന നിരോധ നിയമം’ എന്ന ഭീകരനിയമത്തിെൻറ കുരുക്കുതന്നെയാണ് മുദ്രാവാക്യം വിളിച്ച ചെറുപ്പക്കാരുടെമേൽ വീണത്. തമിഴ്നാട്ടിൽ ജയലളിതയെ വിമർശിച്ച് പാട്ടുപാടിയ നാടൻപാട്ട് കലാകാരനും രാജ്യദ്രോഹക്കുറ്റത്തിെൻറ പേരിലാണ് അറസ്റ്റ് ചെയ്ത് തുറങ്കിലടക്കപ്പെട്ടത്.

1948ലെ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ പ്രഖ്യാപനത്തിന് 67 വർഷത്തിനുശേഷം നമ്മുടെ രാജ്യത്തെ മനുഷ്യാവകാശ ധ്വംസകരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഭരണകൂടം തന്നെ നിലകൊള്ളുന്ന സ്ഥിതിവിശേഷമാണ് രാജ്യത്തുള്ളത് എന്നതിന് ഉദാഹരണങ്ങളാണ് മേൽ സൂചിപ്പിച്ചത്. 1957ൽ നെഹ്റു സർക്കാർ കൊണ്ടുവന്ന പ്രത്യേക നിയമമായ അഫ്സ്പ, പിന്നീട് ടാഡ, പോട്ട തുടങ്ങിയ നിരവധി കരിനിയമങ്ങൾ രാജ്യത്ത് ഭീകരപ്രവർത്തനങ്ങളെ നേരിടാൻ എന്നരൂപത്തിൽ നിലവിൽവന്നു. അതിൽ ഏറ്റവും കൂടുതൽ അനവസരത്തിൽ ഉപയോഗിക്കപ്പെടുന്നതാണ് യു.എ.പി.എ അഥവാ നിയമവിരുദ്ധ പ്രവർത്തന നിരോധ നിയമം. സാമൂഹിക പ്രവർത്തകർ, പരിസ്ഥിതി പ്രവർത്തകർ, ആരോഗ്യ പ്രവർത്തകർ, ആദിവാസി–ദലിത് മേഖലയിൽ പ്രവർത്തിക്കുന്നവർ എന്നിവരെയൊക്കെ രാജ്യദ്രോഹക്കുറ്റം ചുമത്തി അഴിക്കുള്ളിലാക്കുന്ന ഭരണകൂട ഭീകരത നടമാടുന്ന ഒരു സാഹചര്യത്തിൽ മനുഷ്യാവകാശത്തെക്കുറിച്ചുള്ള അടിസ്ഥാനപരമായ ചോദ്യങ്ങൾ ഉയരുന്നു. അന്തർദേശീയ മനുഷ്യാവകാശ പ്രഖ്യാപനം അംഗീകരിച്ച് നടപ്പാക്കാൻ ബാധ്യസ്ഥരായ ഭരണകൂടം തന്നെ മനുഷ്യാവകാശ ധ്വംസനത്തിന് മുൻകൈയെടുക്കുമ്പോൾ ഓർമ വരുന്നത് യൂറോപ്യൻ ഹ്യൂമൻ റൈറ്റ്സ് ഫോറം ഇന്ത്യൻ ഭരണകൂടത്തെക്കുറിച്ച് പറഞ്ഞതാണ്. ‘ഇന്ത്യയിലെ മനുഷ്യാവകാശ കമീഷനുകൾ സർക്കാറിനുവേണ്ടി വേശ്യാവൃത്തി ചെയ്യുകയാണ്’. അന്തർദേശീയ മനുഷ്യാവകാശ പ്രഖ്യാപനത്തിെൻറ ചുവടുപിടിച്ച് രൂപവത്കരിച്ച മനുഷ്യാവകാശ കമീഷനുകൾ കേവലം നോട്ടീസുകൾ അയച്ച് സർക്കാറിന് പാദസേവ ചെയ്യുകയാണ്. സംസ്ഥാന മനുഷ്യാവകാശ കമീഷൻ ജസ്റ്റിസ് ജെ.ബി. കോശി ഇക്കഴിഞ്ഞ ദിവസം ബിജു രമേശിന്, അഡ്വ. സന്തോഷ് കുമാറിനുണ്ടായ മാനഹാനിയുടെ പേരിൽ നോട്ടീസയച്ച വാർത്ത മനുഷ്യാവകാശ കമീഷനുകൾ ഇന്ന് എത്തിപ്പെട്ട പരിഹാസ്യമായ അവസ്ഥയെ അടയാളപ്പെടുത്തുന്നു.

ജനകീയ സമരങ്ങളെ അടിച്ചമർത്താനും അതിെൻറ പ്രവർത്തകരെ അഴിക്കുള്ളിലടക്കാനും കരിനിയമങ്ങളും ഇന്ത്യൻ ശിക്ഷാനിയമവും ദുരുപയോഗപ്പെടുത്തുന്നതിെൻറ ധാരാളം ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാനാകും. നിർബന്ധിത വാക്സിനേഷെൻറ പൊള്ളത്തരങ്ങൾ വെളിച്ചത്തുകൊണ്ടുവന്ന വയനാട്ടിലെ ഡോ. ഹരി, പരിസ്ഥിതി പ്രവർത്തകരായ ശ്യാം ബാലകൃഷ്ണൻ, അഭിഭാഷകനും മനുഷ്യാവകാശ പ്രവർത്തകനുമായ അഡ്വ. തുഷാർ നിർമൽ സാരഥി, ജയിസൺ സി. കൂപ്പർ മുതൽ കഴിഞ്ഞ നവംബർ 16ന് കണ്ണൂർ പൊലീസ് യു.എ.പി.എ പ്രകാരം അറസ്റ്റ് ചെയ്ത തസ്നീം എന്ന യുവാവ് ഉൾപ്പെടെ ഭരണകൂട ഭീകരനിയമങ്ങൾ ഉപയോഗിച്ച് വേട്ടയാടപ്പെട്ടവരിൽ ചിലർ മാത്രമാണ്.

ലോകമെമ്പാടും ദരിദ്രരുടെ എണ്ണം വർധിക്കുകയാണ്. ഐ.എം.എഫ്, വേൾഡ് ബാങ്ക്, ഡബ്ല്യു.ടി.ഒ തുടങ്ങിയ സംഘടനകൾ വികസിത രാജ്യങ്ങളുടെ ഒത്താശയോടെ നടപ്പാക്കിവരുന്ന സാമ്പത്തിക നയങ്ങളുടെ ഫലമായി ഇന്ത്യ ഉൾപ്പെടെ രാജ്യങ്ങളിൽ ദിനംപ്രതി കൂടുതൽ കൂടുതൽ പേർ കടക്കെണിയിലും ദാരിദ്യ്രത്തിലും അകപ്പെടുന്നു. ദരിദ്രരെ ഇല്ലായ്മചെയ്ത് ദാരിദ്യ്രം ഇല്ലായ്മചെയ്യുക എന്നതാണ് മേൽപറഞ്ഞ ആഗോള സംഘടനകളുടെ ലക്ഷ്യം. ഗ്രീൻലൻഡുകാരനായ പെൻറിലിംഗോള എന്ന പിന്തിരിപ്പൻ സോഷ്യോളജിസ്റ്റ് പറയുന്നത് ലോകത്തുള്ള ഏകദേശം 700 കോടി ജനസംഖ്യയിൽ കേവലം 200 കോടി ജനങ്ങൾക്ക് മാത്രമേ ലോകത്ത് ജീവിക്കാൻ സാഹചര്യവും അർഹതയുമുള്ളൂ എന്നാണ്. അതിനാൽ ബാക്കിവരുന്ന 500 കോടി ജനങ്ങൾക്ക് ലോകത്ത് സ്ഥാനമില്ല എന്നുമാണ്. ലോകത്തെ വിഭവങ്ങളിൽ 75 ശതമാനവും കൈയടക്കി ഉപയോഗിക്കുന്ന 25 ശതമാനം വരുന്ന വികസിത രാജ്യങ്ങളും മേൽപറഞ്ഞ രീതിയിലുള്ള പിന്തിരിപ്പൻ നിലപാടുകളാണ് ഉന്നയിക്കുന്നത്. ഇതിനൊക്കെ ചുവടുപിടിച്ച് ഇന്ത്യയെ ഒറ്റുകൊടുക്കുന്ന, അതുവഴി ദരിദ്രരെ കൂടുതൽ ദരിദ്രരാക്കുന്ന മാലിന്യ നിർമാർജനക്കാരാണ് ഇന്ന് രാജ്യം ഭരിക്കുന്നത്. ദലിതർ, ന്യൂനപക്ഷം തുടങ്ങിയ പാർശ്വവത്കരിക്കപ്പെട്ടവരുടെ അവസ്ഥ ഗുരുതരമായി തുടരുകയാണ്. വൻകിട സാമ്പത്തിക കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്കും നികുതിവെട്ടിപ്പുകാർക്കും പൂഴ്ത്തിവെപ്പുകാർക്കും എല്ലാ ആനുകൂല്യങ്ങളും കൊടുക്കുമ്പോൾ ജനകീയ പ്രശ്നങ്ങളിൽ ഇടപെടുന്നവരെ വേട്ടയാടുന്ന കൊടിയ മനുഷ്യാവകാശ ധ്വംസനം ഇവിടെ നടമാടുകയാണ്.

ജനകീയ പ്രശ്നങ്ങളിൽ ഇടപെടുന്നവരെ സംശയത്തോടെ വേട്ടയാടുന്ന ഭരണകൂടം പക്ഷേ, മുമ്പ് പറഞ്ഞ വൻകിട കോർപറേറ്റ് സാമ്പത്തിക കുറ്റവാളികളെ സൗകര്യപൂർവം വിസ്മരിക്കുകയോ അവർക്ക് കുടപിടിക്കുകയോ ചെയ്യുന്നു. ഭക്ഷണം ഒരു മനുഷ്യാവകാശമാണെന്ന് പി.യു.സി.എൽ കേസിൽ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, സർക്കാർ ഈ വിധിയെ കണ്ടില്ലെന്നു നടിക്കുകയാണ്. ആദിവാസി മേഖലയിലും മറ്റ് പിന്നാക്ക മേഖലകളിലും നടക്കുന്ന പട്ടിണിമരണങ്ങളെ ആരോഗ്യവകുപ്പുപോലും അപഹസിക്കുകയാണ്. ഭക്ഷണത്തിെൻറ കുറവുകൊണ്ടല്ല, മറിച്ച് പോഷകാഹാരത്തിെൻറ കുറവാണെന്നാണ് പട്ടിണിമരണങ്ങൾക്ക് നൽകുന്ന ഔദ്യോഗിക ഭാഷ്യം. 1948ലെ മനുഷ്യാവകാശ പ്രഖ്യാപനങ്ങളിൽ ജാതീയതയെക്കുറിച്ച് പരാമർശിച്ചിട്ടില്ല. പകരം ഉപയോഗിച്ചിരിക്കുന്ന പദം Religion (മതം) എന്നാണ്. സത്യത്തിൽ ഇന്ത്യൻ സാഹചര്യങ്ങളിൽ നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങൾക്ക് മുഖ്യഹേതു ഇവിടെ നടമാടുന്ന ജാതീയതയാണെന്ന വസ്തുത, കൊട്ടിഘോഷിക്കപ്പെടുന്ന മനുഷ്യാവകാശ പ്രഖ്യാപനത്തിെൻറ പ്രധാന പോരായ്മയാണെന്ന് കാണാം. ഇന്ത്യൻ ഭരണകൂടവും ജാതീയതയുടെ കരാളതകൾ വേണ്ടത്ര രീതിയിൽ പരിഗണിച്ചിട്ടില്ല.

ജനകീയ പൊലീസ്, ജനമൈത്രി പൊലീസ് എന്നിങ്ങനെയുള്ള ഓമനപ്പേരുകൾ എന്തുതന്നെ വിളിച്ചാലും പൊലീസ് ഇന്നും പൊലീസ് തന്നെ. ലോക്കപ്പ് പീഡനവും മരണവും നിർബാധം തുടരുകയാണ്. ജില്ല തോറുമുള്ള പൊലീസ് കംപ്ലയിൻറ് അതോറിറ്റി മുമ്പാകെയെത്തുന്ന പൊലീസിനെതിരെയുള്ള പരാതികൾ പറയുന്നതും മനുഷ്യാവകാശ ലംഘനങ്ങളുടെ തുടർക്കഥതന്നെ. ബംഗളൂരു സ്ഫോടനക്കേസിലെ 24ാം പ്രതി മുഹമ്മദ് ഷമീറിെൻറ സഹോദരൻ മുഹമ്മദ് ഹഫീസിനെ ഇക്കഴിഞ്ഞ നവംബർ 16ന് കണ്ണൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. അതുപോലെ കണ്ണൂർ സ്വദേശിയായ തസ്നീം കാരണമില്ലാതെ അറസ്റ്റ് ചെയ്യപ്പെട്ട് യു.എ.പി.എ ചുമത്തി ഇപ്പോൾ റിമാൻഡിലാണ്. ഈ അറസ്റ്റുകളിലൊക്കെ സി.കെ. ബസു വേഴ്സസ് സ്റ്റേറ്റ് ഓഫ് വെസ്റ്റ് ബംഗാൾ കേസിൽ സുപ്രീംകോടതി നിർദേശിച്ച മാനദണ്ഡങ്ങൾ ലംഘിക്കപ്പെട്ടിരിക്കുകയാണ്.

നാഷനൽ ക്രൈം റെക്കോഡ്സ് ബ്യൂറോ ഈയിടെ പുറത്തുവിട്ട കണക്കുകളും വളരെ പ്രസക്തമാണ്. ആളുകളിൽ മതസ്പർധ ഉണ്ടാക്കുന്നു എന്നതിനുള്ള ഐ.പി.സി 153 (എ) പ്രകാരം 2014ൽ രാജ്യത്ത് അറസ്റ്റിലായ 643 പേരിൽ 90 പേരും കേരളത്തിൽനിന്നുള്ളവരാണ്. സമാനമായ ഐ.പി.സി 124 (എ) പ്രകാരം രാജ്യത്ത് അറസ്റ്റിലായ 11 പേരിൽ അഞ്ചുപേരും കേരളത്തിലുള്ളവരാണ്. ദേശദ്രോഹക്കുറ്റങ്ങളായ ഐ.പി.സി 121, 121 (എ), 123 തുടങ്ങിയ വകുപ്പുകളിലായി 2014ൽ 166 പേർ രാജ്യത്തൊട്ടാകെ അറസ്റ്റിലായതിൽ 67 പേർ മേഘാലയയിൽ നിന്നുള്ളവരും 56 പേർ അസമിൽനിന്നുള്ളവരുമാണ്. സാമൂഹിക, രാഷ്ട്രീയപ്രബുദ്ധമായ കേരളത്തിൽ നടക്കുന്ന മുന്നേറ്റങ്ങളെ ഭരണകൂടം കൈകാര്യംചെയ്യുന്ന രീതിയാണ് ഇവിടെ തെളിയുന്നത്. അതുപോലെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ജനകീയ സമരങ്ങളെയും കരിനിയമങ്ങൾകൊണ്ട് നേരിടുന്നതും ഈ കണക്കുകൊണ്ട് വെളിപ്പെടുന്നു. വിദേശിയായ ജോഹന്നാസ് ഒരു കൂട്ടായ്മയിൽ പങ്കെടുത്തതിെൻറ പേരിലാണ് യു.എ.പി.എ ചുമത്തി അറസ്റ്റിലായത്. അതുപോലെ തിരുവനന്തപുരത്ത് സിനിമാശാലയിൽ സിനിമയിൽ ദേശീയഗാനം പാടുന്ന രംഗത്ത് എഴുന്നേറ്റുനിൽക്കാത്തതിെൻറ പേരിൽ യുവാവ് യു.എ.പി.എ ചുമത്തപ്പെട്ട് അറസ്റ്റിലായി.

പോസ്റ്റർ ഒട്ടിച്ചാലും മുദ്രാവാക്യം വിളിച്ചാലും പാട്ടുപാടിയാലും പുസ്തകം വായിച്ചാലുമൊക്കെ ദേശദ്രോഹം ആരോപിക്കപ്പെട്ട് ഏതൊരാളും ജയിലിലാകുന്ന അടിയന്തരാവസ്ഥയെ വെല്ലുന്ന ഭീകരാന്തരീക്ഷം ഇന്ന് നിലനിൽക്കുന്നു. മഞ്ചേരിയിൽ മുദ്രാവാക്യം വിളിച്ചതിന് അറസ്റ്റിലായ യുവാക്കൾക്ക് ദിവസങ്ങൾക്കകം തന്നെ കോടതി ജാമ്യം കൊടുത്തു.അവരിൽ ചുമത്തപ്പെട്ട യു.എ.പി.എ വകുപ്പുകൾ നിലനിൽക്കില്ലെന്ന് പ്രഥമദൃഷ്ട്യാ കോടതിക്ക് ബോധ്യമായിരിക്കുന്നു. ഒരു കോടതി വിവേചനാധികാരം വിവേചനത്തോടെ ഉപയോഗിച്ചുവെന്ന് കരുതി ഈ ആനുകൂല്യം എന്നും എപ്പോഴും എവിടെയും പ്രതീക്ഷിക്കുക വയ്യ. എന്തൊക്കെയായാലും ഇന്ത്യൻ സാഹചര്യത്തിൽ മനുഷ്യാവകാശത്തെക്കുറിച്ചുള്ള ആലോചനകൾ പുതുവഴിയിൽ നീങ്ങേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ശ്രദ്ധിക്കുക, പരസ്യമായി ബീഡിവലിക്കുന്നവനും യു.എ.പി.എ പരിധിയിൽ.
പി.യു.സി.എൽ സംസ്ഥാന കമ്മിറ്റി ജനറൽ
സെക്രട്ടറിയാണ് ലേഖകൻ
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:human rights daymaoist rupesh
Next Story