Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightശാസ്​ത്രീയമാക്കണം...

ശാസ്​ത്രീയമാക്കണം നികുതിഘടനകൾ

text_fields
bookmark_border
ശാസ്​ത്രീയമാക്കണം നികുതിഘടനകൾ
cancel

രാജ്യപുരോഗതി തടസ്സപ്പെടുത്തുന്ന  വലിയ സാമ്പത്തികമോഷണമാണ് നികുതിവെട്ടിപ്പ്. കാരണം വികസനക്ഷേമ പ്രവർത്തനങ്ങൾക്ക് പണം സ്വരൂപിക്കാനുള്ള സാമ്പത്തികസ്രോതസ്സുകളാണ് വിവിധയിനം നികുതികൾ. അതുകൊണ്ട് കൃത്യമായി നികുതി അടക്കേണ്ടത് പരമപ്രധാനമായ പൗരധർമങ്ങളിൽ ഒന്നാണ്. കൃത്യമായി നികുതി പിരിക്കേണ്ടത് സർക്കാർസംവിധാനങ്ങളുടെ പ്രധാന ഉത്തരവാദിത്തവും. നിലവിലുള്ള അശാസ്ത്രീയമായ നികുതിഘടനകൾ വ്യാപകമായ നികുതിവെട്ടിപ്പിന് പ്രേരകമാവുന്നുണ്ട്. നികുതിവെട്ടിച്ച് ലാഭമുണ്ടാക്കാൻ വ്യാപാരികളെയും നികുതിനൽകാതെ പണം ലാഭിക്കാൻ ഉപഭോക്താക്കളെയും പ്രേരിപ്പിക്കുന്നതും അശാസ്ത്രീയമായ നികുതിവ്യവസ്ഥകൾതന്നെ. നികുതിവെട്ടിപ്പിനിരയാകാത്ത ഒരു മേഖലയും രാജ്യത്തില്ല എന്നുതന്നെ പറയാം.
ഞാൻ പ്രവർത്തിക്കുന്ന ആഭരണ വ്യാപാരമേഖലയുടെ കാര്യം നോക്കുക.

കോടിക്കണക്കിന് രൂപയാണ് ഈ മേഖലയിലെ നികുതിവെട്ടിപ്പുമൂലം സർക്കാറിന് നഷ്ടമാവുന്നത്. ഔദ്യോഗിക ഏജൻസികളുടെ കണക്കനുസരിച്ച് ഏകദേശം 5000 മെട്രിക് ടൺ സ്വർണമാണ് ഇന്ത്യയിലെ വാർഷിക ഇറക്കുമതി. ഇതിൽ 900 മെട്രിക് ടൺ മാത്രമാണ് ഔദ്യോഗികമായി കണക്കുകളിൽപെടുത്തി ഇറക്കുമതിചെയ്യുന്നത്. ബാക്കി 4100 മെട്രിക് ടൺ ഇന്ത്യയിലെത്തുന്നത് അനധികൃത മാർഗത്തിലാണ്. കസ്റ്റംസ് ഡ്യൂട്ടി ഇനത്തിൽ 1,21,770 കോടി രൂപയും ആദായനികുതി ഇനത്തിൽ 6642 കോടി രൂപയുമാണ് ഇതുമൂലം നഷ്ടമാവുന്നത്. ഇത്രയും ഭീമമായതുക നിരന്തരമായി പൊതുഖജനാവിൽനിന്ന് കൊള്ളയടിക്കപ്പെടുന്നതിന് പ്രധാനകാരണം നമ്മുടെ അശാസ്ത്രീയ നികുതിഘടനകളാണ്. ആഭരണവ്യാപാരത്തിൽ കേരളത്തിൽ നിലവിലുള്ള വാറ്റുനിരക്ക് അഞ്ചു ശതമാനമാണ്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് നാലിരട്ടി കൂടുതൽ. എന്നാൽ, സ്വമേധയാ കോമ്പൗണ്ടിങ് സമ്പ്രദായം സ്വീകരിക്കുന്ന വ്യാപാരികൾ ഉപഭോക്താക്കളിൽനിന്ന് 1.15 ശതമാനം മുതൽ 1.25 ശതമാനംവരെ നികുതി ഈടാക്കിയാൽ മതിയെന്നും ഈ നിയമം വ്യവസ്ഥ ചെയ്യുന്നു.

ഒരു ബദൽമാർഗം എന്നനിലയിൽ ഇത് ഒറ്റനോട്ടത്തിൽ ആകർഷകമായി തോന്നാം. എന്നാൽ, ഇതിൽ ഒരു കെണിയുണ്ട്. കോമ്പൗണ്ടിങ് സമ്പ്രദായപ്രകാരം കുറഞ്ഞനിരക്കിൽ ഉപഭോക്താക്കളിൽനിന്ന് നികുതി ഈടാക്കിയ വ്യാപാരികൾ പക്ഷേ, സർക്കാറിൽ അടക്കേണ്ടത് മുൻവർഷം അടച്ച നികുതിയുടെ 115 മുതൽ 125 ശതമാനംവരെ തുകയാണ്. എല്ലാവർക്കും വ്യാപാരത്തിലുണ്ടാവുന്ന വർധന മുൻകൂർ വകയിരുത്തിയാണ് ഈ ശതമാനം നിശ്ചയിച്ചിട്ടുള്ളത്. വിൽപനയിൽ വർഷംതോറും വർധനവുണ്ടായേക്കാം എന്നൊരൂഹത്തിെൻറ പുറത്താണ് ഇത്തരം ഒരു നികുതിസമ്പ്രദായം ഏർപ്പെടുത്തിയിരിക്കുന്നത് എന്നറിയുമ്പോഴാണ് ഇതിെൻറ അശാസ്ത്രീയതയും അപ്രായോഗികതയും മനസ്സിലാവുക.

ഉപഭോക്താവിൽനിന്ന് പിരിച്ചെടുത്ത നികുതിയും സർക്കാറിലേക്ക് അടക്കേണ്ട നികുതിയും തമ്മിലുള്ള അന്തരം സ്വാഭാവികമായും സ്ഥാപനങ്ങളെ നഷ്ടത്തിലേക്ക് നയിക്കും. കോമ്പൗണ്ടിങ് സമ്പ്രദായത്തിെൻറ അശാസ്ത്രീയത, ഒരു വ്യാപാരമേഖലയെ തളർത്തുന്നതിന് ഉദാഹരണമാണിത്. ഇതിെൻറ പരിണി തഫലമെന്നോണം നല്ലൊരുശതമാനം കച്ചവടവും അനധികൃത മാർഗങ്ങളിലേക്ക് തിരിയുന്നതാണ് ഇത്തരം പാഴ്നിയമങ്ങളുടെ ദൂഷ്യഫലം. ഇന്ത്യയിൽ സ്വർണ ഉപഭോഗത്തിൽ മുന്നിൽനിൽക്കുന്ന സംസ്ഥാനമാണ് കേരളം. എന്നാൽ, ഇവിടത്തെ നികുതിഘടനയുടെ ഫലമായി 80 ശതമാനത്തോളം വ്യാപാരം അനധികൃതമായി മാറിയിരിക്കുന്നു. ഔദ്യോഗിക ഏജൻസികളുടെ പഠനമനുസരിച്ച് 1,13,400 കോടി രൂപയാണ് കേരളത്തിലെ സ്വർണവ്യാപാര രംഗത്തെ മൊത്തം വാർഷിക വിറ്റുവരവ്. ഇതിൽ ഔദ്യോഗികമായ കണക്കുകളിൽപെടുത്തിയിരിക്കുന്നത് വെറും 34,020 കോടി യാണ്. ബാക്കി 79,380 കോടി രൂപയുടെ വ്യാപാരം നടക്കുന്നത് അനധികൃതമേഖലയിലാണ്.

നിരവധിതവണ സംസ്ഥാനസർക്കാറിെൻറ ശ്രദ്ധയിൽ വിഷയത്തിെൻറ ഗൗരവം അവതരിപ്പിച്ചിട്ടും നിയമവിധേയമായി ഈ രംഗത്ത് പ്രവർത്തിക്കുന്നവരുടെ ആകുലതകൾ ചെവിക്കൊള്ളാൻ സർക്കാറും ഉദ്യോഗസ്ഥസംവിധാനങ്ങളും തയാറാവുന്നില്ല. കണക്കുകൾ നികുതിവകുപ്പിെൻറ ഓൺലൈൻ സംവിധാനവുമായി ലിങ്ക്ചെയ്ത് സുതാര്യമാക്കാൻ തയാറാണെന്ന് അറിയിച്ച് പലതവണ നിവേദനങ്ങൾ നൽകിയിരുന്നു. ക്രിയാത്മകമായ ഒരു പ്രതികരണവും ഭരണ സംവിധാനത്തിൽ നിന്ന് ഉണ്ടായില്ല. മറിച്ച്, വിലക്കുറവും വിൽപനമാന്ദ്യവും കണക്കിലെടുക്കാതെ ഓരോവർഷവും കോമ്പൗണ്ടിങ് നിരക്കുകൾ വർധിപ്പിച്ചുകൊണ്ടിരിക്കുകയാണ് അധികൃതർ. കണക്കിൽ കാണിക്കാതെ വ്യാപാരം നടത്തുന്ന സ്ഥാപനങ്ങളെ നികുതി കൃത്യമായി അടക്കാൻ പ്രോത്സാഹിപ്പിക്കണമെങ്കിൽ നികുതിഘടനയിൽ കാലോചിതമായ പരിഷ്കാരങ്ങൾ വരുത്തിയേതീരൂ.

എം.പി. അഹമ്മദ് (ചെയർമാൻ, മലബാർ ഗ്രൂപ് ഓഫ് കമ്പനീസ്)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tax
Next Story