Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightവെള്ളാപ്പള്ളി...

വെള്ളാപ്പള്ളി നടേശന്‍റെ ഹിന്ദുത്വരാഷ്ട്രീയം

text_fields
bookmark_border
വെള്ളാപ്പള്ളി നടേശന്‍റെ ഹിന്ദുത്വരാഷ്ട്രീയം
cancel

ഒടുവിൽ വെള്ളാപ്പള്ളി നടേശൻ, നമ്പൂതിരി മുതൽ നായാടിവരെയുള്ള ഭൂരിപക്ഷസമുദായങ്ങൾക്കുവേണ്ടിയുള്ള (ഹിന്ദു) രാഷ്ട്രീയം കണ്ടെത്തിയിരിക്കുന്നു. ന്യൂനപക്ഷവിരോധത്തേയും മറികടന്നുകൊണ്ടുള്ള മുസ്ലിംകളോടുള്ള ശത്രുത എന്ന ഇത്തരമൊരു രാഷ്ട്രീയത്തിന് സൈദ്ധാന്തികവ്യാഖ്യാനം നൽകിയത് ജാതിയുന്മൂലനം (അനിഹിലേഷൻ ഓഫ് കാസ്റ്റ്) എന്ന വിശ്രുതകൃതിയിലൂടെ ഡോ. ബി.ആർ. അംബേദ്കറാണ്. അദ്ദേഹത്തിെൻറ അഭിപ്രായത്തിൽ ഹൈന്ദവസമൂഹം എന്നതൊരു മിഥ്യയാണ്. ചരിത്രത്തിലൊരിക്കലും ഹിന്ദുസമൂഹം നിലനിന്നിരുന്നില്ല; മറിച്ച്, നിലനിന്നത് ജാതികളുടെ സമാഹാരമാണ്. അത്യാചാരങ്ങളും അന്ധവിശ്വാസങ്ങളും ശുദ്ധാശുദ്ധ സങ്കൽപങ്ങളും സഹോദരപ്പോരുകളും ജന്മവാസനയായുള്ള ഈ ജാതിസമൂഹത്തിെൻറ മതബോധം ഗോത്രസമുദായത്തിെൻറതാണ്. തന്മൂലം സമത്വം, സാഹോദര്യം എന്നീ മൂല്യങ്ങളുടെ അടിസ്ഥാനത്തിലുള്ള ഏകോപനം സാധ്യമല്ല. അംബേദ്കറിെൻറ വാക്കുകളിൽ ‘ഓരോ ജാതിക്കാരും അവരവരുടെ അസ്തിത്വത്തെപ്പറ്റി ബോധവാന്മാരായിരുന്നു. ജാതികൾ ഒരു ഫെഡറേഷൻ രൂപവത്കരിക്കുകപോലും ചെയ്യുന്നില്ല. ഒരു ഹിന്ദു–മുസ്ലിം ലഹളയുടെ ഘട്ടത്തിലല്ലാതെ ഒരു ജാതിക്ക് മറ്റു ജാതികളുമായി ബന്ധമുണ്ടെന്ന് തോന്നലേയില്ല’. വെള്ളാപ്പള്ളി നടേശനുമുമ്പ്, ഈ യാഥാർഥ്യത്തെ സ്ഥാപനവത്കരിച്ചാണ് 1925ൽ ഡോ. ഹെഡ്ഗേവാർ സംഘ്പരിവാറിെൻറ മാതൃസംഘടനയായ രാഷ്ട്രീയ സ്വയം സേവക് സംഘം (ആർ.എസ്.എസ്) രൂപവത്കരിക്കുന്നത്. അക്കാലത്ത് മുസ്ലിംകളെ പ്രതിസ്ഥാനത്ത് നിർത്താനായി ചൂണ്ടിക്കാണിച്ചത് 1921ലെ മലബാർകലാപത്തിലെ ഹിന്ദുക്കൾക്കെതിരായ അതിക്രമങ്ങളായിരുന്നുവെന്ന് ഡി.ആർ. ഗോയൽ തുറന്നുകാട്ടിയിട്ടുണ്ട്. അന്നത്തെ പ്രാദേശികാനുഭവത്തെ ദേശീയമായി വികസിപ്പിക്കാൻ ആർ.എസ്.എസിന് സഹായകമായത്, ഇന്ത്യാവിഭജനവും തുടർന്നുണ്ടായ ഹിന്ദു–മുസ്ലിം ലഹളകളും പാകിസ്താൻ രൂപവത്കരണവുമാണ്. ചരിത്രത്തിലെ മുറിവായിമാറിയ ആ സംഭവങ്ങളുടെ ഉത്തരവാദിത്തം ഏകപക്ഷീയമായി മുസ്ലിംകൾക്കുമേൽ ആരോപിക്കുന്നതിനാലാണ്, എതിരാളികളോട് പാകിസ്താനിലേക്കുപോകാൻ സംഘ്പരിവാർ ആവശ്യപ്പെടുന്നത്.
എസ്.എൻ.ഡി.പി
1903ൽ രൂപവത്കരിക്കപ്പെട്ട എസ്.എൻ.ഡി.പി പ്രസ്ഥാനം, ശ്രീനാരായണഗുരുവിെൻറ ആദർശങ്ങൾ അംഗീകരിച്ചോ മതേതരമായോ, പിൽക്കാലത്ത് മന്നത്ത് പത്മനാഭെൻറ വാക്കുകളിൽ ജനിച്ച ഈഴവരെല്ലാം കമ്യൂണിസ്റ്റുകാരായതുകൊണ്ടോ അല്ല ഹിന്ദുത്വത്തിെൻറ മുന്നണിപ്പടയാകാതിരുന്നത്; മറിച്ച് സംഘ്പരിവാറിേൻറതിൽനിന്ന് വ്യത്യസ്തമായൊരു ഹിന്ദുത്വം ഉൾക്കൊണ്ടിരുന്നതിനാലാണ്. സംഘടന രൂപവത്കരിക്കപ്പെടുന്നത്, ഹിന്ദുസന്യാസിയായ വിവേകാനന്ദെൻറ ഉപദേശത്തിൽനിന്നായിരുന്നതിനാൽ ആ കടപ്പാട് നിലനിർത്തിയത് മുഖപത്രത്തിന് വിവേകോദയം എന്നപേര് നൽകിക്കൊണ്ടായിരുന്നു. എസ്.എൻ.ഡി.പിയുടെ ആദ്യത്തെ ജനറൽ സെക്രട്ടറിയായിരുന്ന കുമാരനാശാൻ, അംബേദ്കർ ചൂണ്ടിക്കാട്ടുന്ന മുസ്ലിംവിരോധത്തിെൻറ വക്താവായിരുന്നു. അതുകൊണ്ടാണദ്ദേഹം ദുരവസ്ഥ എന്ന കൃതിയിൽ ‘ക്രൂര മുഹമ്മദർ പിന്തുണ ഹൈന്ദവ/ച്ചോരയിൽ ചോന്നെഴും’ എന്നെഴുതിയത്. പിന്നീടദ്ദേഹം ചിന്താവിഷ്ടയായ സീതയിൽ സ്വന്തം മാനിഫെസ്റ്റോ പ്രഖ്യാപിക്കുന്നതിപ്രകാരമാണ്: ‘ഇതിഹാസപുരാണ സൽക്കഥാ/ ശ്രുതിയാൽ ജീവിത ഭൂ നമ്പിവർ /ചിതമായരുളുന്നൂ ചേതനാ/ലതയിൽ പുഷ്പഫലങ്ങളാർക്കുമേ’. എസ്.എൻ.ഡി.പി പ്രസ്ഥാനം ആന്തരികവത്കരിച്ച ഈ ഹിന്ദുത്വം പ്രകടമാകാതിരുന്നത്, ഈഴവസമുദായത്തിലുടനീളം സഹോദരൻ അയ്യപ്പൻ, മിതവാദി സി. കൃഷ്ണൻ, സി.വി. കുഞ്ഞുരാമൻ എന്നിവരിലൂടെ രൂപംകൊണ്ട മതവിരുദ്ധവും മതാത്മകവുമായ ആശയസംഘർഷങ്ങൾ നിലനിന്നിരുന്നതിനാലാണ്.

മറ്റൊരു കാരണം ചരിത്രപാഠങ്ങളാണ്. അസാധ്യമെന്ന് കരുതിയ മാറ്റങ്ങളുടെ ഈർജമായത് ശ്രീനാരായണ ഗുരുവായിരുന്നു. അദ്ദേഹം ഈഴവരുൾപ്പെടുന്ന കീഴാളസമുദായങ്ങളുടെ പരിഷ്കർത്താവായല്ല, മറിച്ച് കേരളീയ സമുദായത്തിെൻറ പ്രതിനിധാനമായാണ് രംഗപ്രവേശം ചെയ്തത്. ഇക്കാര്യം അദ്ദേഹംതന്നെ വ്യക്തമാക്കുന്നത് ഇപ്രകാരമാണ്: ‘നാം ജാതിമതഭേദങ്ങൾ വിട്ടിട്ട് ഇപ്പോൾ ഏതാനും സംവത്സരങ്ങൾ കഴിഞ്ഞിരിക്കുന്നു. എന്നിട്ടും ചില പ്രത്യേകവർഗക്കാർ നമ്മെ അവരുടെ വർഗത്തിൽപെട്ടതായി വിചാരിച്ചും പ്രവർത്തിച്ചും വരുന്നതായും...’ ജാതിക്കും മതത്തിനും അതീതമായ ഈ ദാർശനികവ്യക്തിത്വം നിലനിന്നപ്പോൾതന്നെയാണ് സമകാലികരായ അയ്യങ്കാളി, പൊയ്കയിൽ അപ്പച്ചൻ, കരുവാരക്കുണ്ട് കണ്ടൻ കുമാരൻ എന്നിവർ സമുദായനേതൃത്വങ്ങളായി മാറിയത്. ഇവരാരുംതന്നെ ശ്രീനാരായണ ഗുരുവിെൻറ നിഴലായിരുന്നില്ല. എങ്കിലും, ഒരു ചരിത്രഘട്ടത്തിെൻറ വിധികർത്താക്കളായി മാറാൻകഴിഞ്ഞത് കൃഷി, വ്യവസായം, വിദ്യാഭ്യാസം, രാഷ്ട്രീയപ്രാതിനിധ്യം എന്നിവക്കുവേണ്ടി വാദിക്കാൻ കഴിഞ്ഞതിനാലാണ്. നവോത്ഥാനത്തിെൻറ ഈ വെളിച്ചമുൾക്കൊണ്ടതിനാലാണ് എസ്.എൻ.ഡി.പിക്ക് ഈഴവരുടെ പ്രതിനിധാനമാകാൻ കഴിഞ്ഞത്.
മണ്ഡൽ കമീഷൻ
ദേശീയരാഷ്ട്രീയത്തിൽ പ്രക്ഷുബ്ധമായൊരവസ്ഥ സൃഷ്ടിച്ചത്, വി.പി. സിങ് മണ്ഡൽ കമീഷൻ റിപ്പോർട്ട് നടപ്പാക്കാനെടുത്ത തീരുമാനമാണ്. അന്ന്, എസ്.എൻ.ഡി.പിയുടെ ജനറൽ സെക്രട്ടറി എം.കെ. രാഘവനായിരുന്നു. അദ്ദേഹം മണ്ഡൽ കമീഷൻ റിപ്പോർട്ട് നടപ്പാക്കാനുള്ള പ്രക്ഷോഭത്തിൽ അണിചേർന്നത് ദലിത്–പിന്നാക്ക–ന്യൂനപക്ഷഐക്യം എന്ന മുദ്രാവാക്യമുയർത്തിക്കൊണ്ടായിരുന്നു. ഇതിെൻറ ഭാഗമായാണ് ‘രാമൻ ഞങ്ങളുടെ ദൈവമല്ല’ എന്ന പ്രഖ്യാപനത്തിലൂടെ അദ്ദേഹം സവർണ/സംഘ്പരിവാർ രാഷ്ട്രീയത്തെ നിഷേധിച്ചത്. ഇപ്രകാരം നടന്ന സമരങ്ങളിലൂടെയാണ് പിന്നാക്കസമുദായത്തിന് 27 ശതമാനം സംവരണം ലഭിച്ചത്. ഈ നേട്ടം വിളഞ്ഞുകിടന്ന തോട്ടത്തിലേക്കാണ് വെള്ളാപ്പള്ളി നടേശൻ ജനറൽ സെക്രട്ടറിയായെത്തുന്നത്. നടേശൻ സ്ഥാനാരോഹണം ചെയ്തതോടെ ആദ്യം ചെയ്തത് ദലിത്–പിന്നാക്ക–ന്യൂനപക്ഷ ഐക്യം എന്ന സങ്കൽപത്തെ തള്ളിക്കളയുകയായിരുന്നു. ഇതിനായി അദ്ദേഹം പറഞ്ഞത് ഈഴവർ ഒരു ജാതിയാണെന്നും (1927ൽ ശ്രീനാരായണ ഗുരുവാണ് ഈഴവർ ജാതിയല്ല, സമുദായമാണെന്ന് പറഞ്ഞത്) ജാതി പറയണമെന്നുമാണ്. ഇതോടൊപ്പം ഇനിമേലിൽ എസ്.എൻ.ഡി.പി ദലിതരുടെ താൽപര്യങ്ങൾക്കുവേണ്ടി നിലകൊള്ളുകയില്ലെന്നും അദ്ദേഹം പ്രസ്താവിച്ചു (വെള്ളാപ്പള്ളി നടേശെൻറ പ്രസ്താവനക്കെതിരെ നാളിതുവരെയുള്ള എസ്.എൻ.ഡി.പിയുടെ ചരിത്രത്തിൽ ആ പ്രസ്ഥാനം ദലിതർക്കുവേണ്ടി നിലകൊണ്ടിട്ടില്ലെന്നും ദലിതർ സ്വന്തംനിലയിൽ അവരുടെ താൽപര്യങ്ങൾ സംരക്ഷിക്കുകയായിരുന്നുവെന്നും ചൂണ്ടിക്കാണിച്ചുകൊണ്ട് മാധ്യമം ആഴ്ചപ്പതിപ്പിൽ ഞാൻ എഴുതിയിരുന്നു). എങ്കിലും, പിന്നീട് അദ്ദേഹം നടത്തിയ സംഘടനാഭ്യാസങ്ങളിലൂടെ (ആഭാസങ്ങൾ) നായരീഴവ സഖ്യവും കേരള പുലയർ മഹാസഭയും (ടി.വി. ബാബുവിഭാഗം) 38ഓളം പട്ടികജാതി–വർഗ സംഘടനകളെ ചേർത്ത് കേരളാ പീപ്ൾസ് ഫ്രണ്ടുമുണ്ടാക്കി. ഇതിെൻറയൊക്കെ ഫലമായി ഇടുക്കി ജില്ലയിൽ 25 ഏക്കർ മുരുകൻ മലയും സ്കൂളുകളും കോളജുകളും ലഭിച്ചതോടെ ഒപ്പംനിന്നവരെയദ്ദേഹം ചവിട്ടി പുറത്താക്കുകയായിരുന്നു.

വെള്ളാപ്പള്ളി നടേശൻ നയിച്ച സമത്വ മുന്നേറ്റയാത്രയുടെ സമാപനവേളയിൽ ഭാരത് ധർമ ജനസേന എന്ന പുതിയ പാർട്ടിയുടെ പിറവിയും പ്രഖ്യാപിക്കപ്പെട്ടു. പുതിയ കരുനീക്കങ്ങളിലൂടെ വെള്ളാപ്പള്ളി ലക്ഷ്യമിടുന്നത് എന്താണ്? ഹിന്ദു ഏകീകരണ വാദത്തിലൂടെ സമുദായത്തിൽ സ്വന്തം രാഷ്ട്രീയമേധാവിത്വം ഉന്നമിടുന്ന അദ്ദേഹം സംഘ്പരിവാറിെൻറ കലാപ അജണ്ടകളെയാണ് ഇപ്പോൾ കൂട്ടുപിടിച്ചിരിക്കുന്നത്

 

പിന്നീട് സംഘടനക്കുള്ളിൽ ഗോകുലം ഗോപാലനുമായി നടത്തിയ വഴക്കിലൂടെ അതികായനായി മാറിയതോടെയാണ് ഈഴവരെ ഒരു മതാത്മക സമൂഹമാക്കാനുള്ള യജ്ഞം ആരംഭിക്കുന്നത്. ഈ മഹായജ്ഞത്തിെൻറ ആദ്യപടി ഗുരുമന്ദിരങ്ങളെ, ശ്രീനാരായണ ഗുരുവിനെ ദൈവമാക്കിയുള്ള ക്ഷേത്രങ്ങളും അനുയായികളെ പ്രാർഥനാ സംഘങ്ങളാക്കുകയുമായിരുന്നു. ഹിന്ദുക്ഷേത്രങ്ങളിൽനിന്ന് ഭിന്നമല്ലാത്ത ആചാരാനുഷ്ഠാനങ്ങളിലൂടെ വിശ്വാസികൾ ഹൈന്ദവവത്കരിക്കപ്പെട്ടപ്പോൾ കുഴിച്ചുമൂടപ്പെട്ടത് ഗുരുവിെൻറ ആദർശങ്ങളാണ്. അതുകൊണ്ടാണ് സമത്വമുന്നേറ്റ യാത്രയുടെ ഉദ്ഘാടനവേദിയെ ഹിന്ദു/ബ്രാഹ്മണ സന്യാസിമാരെക്കൊണ്ട് നിറക്കാൻ കഴിഞ്ഞത്. ഈ സന്യാസിവര്യന്മാരുടെ വിശുദ്ധഗ്രന്ഥങ്ങളുൾക്കൊള്ളുന്ന ചാതുർവർണ്യ മൂല്യങ്ങളിലൂടെയായിരിക്കും ഹിന്ദുസമുദായത്തിലെ ശ്രേണിബദ്ധമായ ജാതിഘടനയിലേക്ക് ഈഴവർ തിരിച്ചുനടക്കേണ്ടിവരുന്നത്.
സാമ്പത്തിക സാമൂഹിക അന്തരങ്ങൾ
ഇതോടൊപ്പം ഈഴവസമുദായത്തിനുമേൽ അധീശത്വമുറപ്പിക്കാനായി ആവിഷ്കരിച്ച സാമ്പത്തികപദ്ധതിയാണ് മൈക്രോ ഫിനാൻസ്. പൊതുമുതലിെൻറ കാര്യനിർവഹണം, എസ്.എൻ.ഡി.പിയിലൂടെ വെള്ളാപ്പള്ളി നടേശെൻറ നിയന്ത്രണത്തിലായതോടെ അദ്ദേഹത്തോടുള്ള വിധേയത്വമാണ് രൂപം കൊണ്ടത്. ഇപ്രകാരം മതാത്മകമായും സാമ്പത്തികമായും ഈഴവസമുദായത്തിനുള്ളിൽ കരുത്തുനേടിയ വെള്ളാപ്പള്ളിക്ക് ഹിന്ദു സമുദായത്തിനുമേലുള്ള രാഷ്ട്രീയമേധാവിത്വം സ്ഥാപനവത്കരിക്കാനാണ് നമ്പൂതിരി മുതൽ നായാടിവരെയുള്ള ഭൂരിപക്ഷസമുദായങ്ങളുടെ ഹിന്ദുവായുള്ള ഏകീകരണം എന്ന വാദമുയർത്തിയിരിക്കുന്നത്. ഇത്തരമൊരൈക്യം സ്വപ്നം കാണുമ്പോൾ ഹിന്ദു വെള്ളം കേറാത്ത അറകളായി തിരിച്ചിട്ടുള്ള ജാതികളാണെന്നും സാമ്പത്തിക–സാമൂഹിക–രാഷ്ട്രീയാവകാശങ്ങളിൽ ജാതികൾ മേൽകീഴ് ബന്ധമാണ് പുലർത്തുന്നതെന്നുമുള്ള നേർക്കാഴ്ചയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ഈഴവർക്കിന്നുള്ള സമ്പത്ത്, അധികാരം, പദവി, സ്ഥാപനങ്ങൾ എന്നിവ പുലയർക്കുണ്ടോ? രാഷ്ട്രീയ സമ്മർദശക്തിയുണ്ടോ? ഇത്തരമൊരു യാഥാർഥ്യം നിലനിൽക്കുമ്പോൾ സാമുദായിക സമത്വമെന്ന സങ്കൽപത്തിനുവേണ്ടിയുള്ള രാഷ്ട്രീയ വീക്ഷണമല്ല മുന്നോട്ടുവെച്ചിരിക്കുന്നത്; മറിച്ച്, സംഘ്പരിവാറിെൻറ അജണ്ടയായ മത–ജാതി കലാപങ്ങളാണ്. ഇതിനടിവരയിടുന്നതാണ് ഭൂരിപക്ഷ–ന്യൂനപക്ഷവാദം. കേരളത്തിലെ ന്യൂനപക്ഷങ്ങളായ മുസ്ലിം–ക്രിസ്ത്യൻ സമുദായങ്ങൾ ഏകാത്മകമാണോ? അവർ സാമൂഹിക വിഭജനങ്ങൾക്കതീതരാണോ? ഉദാഹരണത്തിന് ക്രൈസ്തവസമുദായത്തെ പരിശോധിക്കുക.

ജനസംഖ്യയിലെ ഗണ്യമായൊരുവിഭാഗം ദലിത് ക്രൈസ്തവർ, ലത്തീൻ ക്രിസ്ത്യാനികൾ എന്നിങ്ങനെ വിഭജിതരും സാമൂഹിക–രാഷ്ട്രീയ അവകാശങ്ങളിലും വിഭവപങ്കാളിത്തത്തിലും തുല്യതയുള്ളവരുമല്ല. മുസ്ലിം സമുദായത്തിെൻറയും സ്ഥിതി ഭിന്നമല്ല. ഈ വിഭാഗങ്ങളിലെ ദരിദ്രജനതകളെ കണക്കിലെടുക്കേണ്ടതില്ലേ? മറിച്ച് സമ്പന്നർക്കെതിരെ മാത്രമാണ് നിലപാടെങ്കിൽ ഹിന്ദുസമൂഹത്തിലെ സമ്പന്നർക്കും ബാധകമായിരിക്കുകയില്ലേ? ഇത്തരം കാര്യങ്ങൾ കണക്കിലെടുക്കാതിരിക്കുന്നതിനാലാണ് വെള്ളാപ്പള്ളി നടേശെൻറ രാഷ്ട്രീയം സൂക്ഷ്മവായനയിൽ ഡോ. ബി.ആർ. അംബേദ്കർ ചൂണ്ടിക്കാണിച്ച മുസ്ലിംഹിംസയിലേക്ക് മുഖം തിരിച്ചുനിൽക്കുന്ന ഹിറ്റ്ലറുടെ പ്രത്യയശാസ്ത്രമാകുന്നത്. ഈ ചരിത്രപാഠമുൾക്കൊള്ളാൻ ഈഴവസമുദായത്തിന് കഴിഞ്ഞില്ലെങ്കിൽ എസ്.എൻ.ഡി.പി പ്രസ്ഥാനത്തിെൻറ തകർച്ച അനിവാര്യമായിരിക്കും. പുറത്തുനിന്നുള്ള വെല്ലുവിളികളെക്കാൾ അകത്ത് രൂപംകൊള്ളുന്ന ആന്തരിക ശൈഥില്യങ്ങളായിരിക്കും പ്രസ്ഥാനത്തെ തകർക്കുകയെന്നത് നമ്പൂതിരി  മുതൽ നായാടിവരെയുള്ള സമുദായങ്ങളെ പ്രതിനിധാനംചെയ്യുന്ന പ്രസ്ഥാനങ്ങൾ മറക്കാതിരിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vellappally party
Next Story