ഹൂ ഈസ് അഫ്രൈഡ് ഓഫ് വെള്ളാപ്പള്ളി നടേശൻ?
text_fieldsവെള്ളാപ്പള്ളി നടേശനെ ആരാണ് പേടിക്കുന്നത്, അഥവാ അദ്ദേഹം ആരെയാണ് പേടിപ്പിക്കുന്നത്? നടേശൻ നയിക്കുന്ന സമത്വമുന്നേറ്റ യാത്ര ശംഖുമുഖത്തെത്തുമ്പോൾ ഉയരുന്ന പല ചോദ്യങ്ങളിൽ ഒന്നാണിത്. കാസർകോട്ടുനിന്ന് തിരുവനന്തപുരത്ത് എത്തിയപ്പോൾ താൻ ഏറ്റെടുത്ത ക്വട്ടേഷൻ അത് നൽകിയവർക്ക് പരമാവധി സംതൃപ്തി നൽകുംവിധം ഏറക്കുറെ ഭംഗിയായി അദ്ദേഹം നിർവഹിച്ചുകഴിഞ്ഞു. കേരളത്തിൽ ഒരു സമുദായനേതാവും ഇവ്വിധത്തിൽ ഒരു യാത്ര നടത്തിയിട്ടില്ല. മലബാറിൽ പ്രതീക്ഷിച്ചത്ര ജനക്കൂട്ടം നടേശെൻറ പൊതുയോഗങ്ങളിൽ എത്തിയില്ലെങ്കിലും മധ്യ തിരുവിതാംകൂറിൽ കാലുകുത്തിയപ്പോഴേക്കും സ്ഥിതിമാറി. തൃശൂർ കടക്കുംവരെ മതവും ജാതിയും രാഷ്ട്രീയവുമൊക്കെ കലർത്തിയായിരുന്നു അദ്ദേഹത്തിെൻറ പ്രസംഗങ്ങൾ. വി.എസിെൻറ ആരോപണങ്ങളും അതിനുള്ള മറുപടിയും ഇരുവരും തമ്മിലെ വാക്പയറ്റും തികഞ്ഞ രാഷ്ട്രീയമായിരുന്നെങ്കിൽ തൃശൂർ കടന്നപ്പോൾ അത് പച്ച വർഗീയതയായി പരിണമിച്ചു.
ശ്രീനാരായണീയരുടെ പുണ്യഭൂമിയായ ആലുവയിൽ അദ്വൈതാശ്രമത്തിന് വിളിപ്പാടകലെയാണ് ശ്രീനാരായണീയ പ്രസ്ഥാനത്തിെൻറ സെക്രട്ടറിയായ നടേശൻ മലയാളിയുടെ മന$സാക്ഷിയെ ഞെട്ടിച്ച പ്രസ്താവന നടത്തിയത്. അദ്ദേഹം പിന്നീടത് തിരുത്തുകയോ മയപ്പെടുത്തുകയോ ചെയ്തെങ്കിലും. ഈരോ പേരോ ജാതിയോ മതമോ അറിയാത്ത രണ്ട് ഇതരസംസ്ഥാന തൊഴിലാളികളെ രക്ഷിക്കാൻ മരണത്തിെൻറ മാൻഹോളിലേക്ക് ഇറങ്ങിപ്പോയ കോഴിക്കോട്ടെ ഓട്ടോഡ്രൈവർ നൗഷാദിനെ പരാമർശിച്ചപ്പോൾ നടേശെൻറ മുഖത്തുതെളിഞ്ഞ ചിരിയും പരിഹാസവും അദ്ദേഹത്തിെൻറ അപ്പോഴത്തെ ശരീരഭാഷയും അതുകേട്ട സദസ്സിൽ നിന്നുയർന്ന കൈയടിയും ശരാശരി മലയാളിയെ ഭയപ്പെടുത്തുന്നതാണ്. ഒ. രാജഗോപാലും വി. മുരളീധരനും പിന്നീട് നടേശനെ ന്യായീകരിച്ച് പരസ്യമായി രംഗത്തുവന്നതോടെ അതൊരു വിട്ടുമാറാത്ത നടുക്കമായി മാറുകയും ചെയ്തു.
ഹിന്ദുത്വനിലപാടിൽ ഉറച്ചുനിൽക്കുമ്പോഴും 1980ൽ ബി.ജെ.പിയുടെ കേരളത്തിലെ ആദ്യ അധ്യക്ഷനായിരുന്ന രാജഗോപാലും ഇപ്പോഴത്തെ അധ്യക്ഷനായ മുരളീധരനും അടക്കം കഴിഞ്ഞ മൂന്നരപ്പതിറ്റാണ്ട് മാറിമാറി വന്ന പ്രസിഡൻറുമാർ ഒരു ബഹുസ്വര സമൂഹത്തിലാണ് തങ്ങൾ ജീവിക്കുന്നതെന്ന ഉത്തമ ബോധ്യമുള്ളവരായിരുന്നു. അതുകൊണ്ടാണ് യോഗി ആദിത്യനാഥിനെയോ സാക്ഷി മഹാരാജിനെയോ സാധ്വി പ്രാചിയെയോപോലുള്ള കടുത്ത അസഹിഷ്ണുതാവാദികൾ കേരളത്തിൽ ഇല്ലാതെപോയത്.
എല്ലാവരെയും കടത്തിവെട്ടി ചാമ്പ്യനാകാനുള്ള ശ്രമത്തിലാണ് ഇപ്പോൾ വെള്ളാപ്പള്ളി നടേശൻ. ഉത്തരേന്ത്യയിൽ നടപ്പാക്കി വിജയിച്ച അജണ്ട കേരളത്തിൽ പ്രാവർത്തികമാക്കാൻ ആർ.എസ്.എസ് കണ്ടെത്തിയ സമുദായനേതാവാണ് അദ്ദേഹം. കേരള ബി.ജെ.പിയെ ഇരുളിൽനിർത്തിയാണ് നടേശനുമായി അമിത് ഷാ കരാറുറപ്പിച്ചത്. വെള്ളാപ്പള്ളിയുടെ പിറകെ പോകാനുള്ള കേന്ദ്രനിർദേശം ആദ്യം സ്വീകരിക്കാൻ വിസമ്മതിച്ച കേരളനേതാക്കൾക്ക് പിന്നീടത് അനുസരിക്കേണ്ടിവന്നു. നടേശെൻറ സമത്വമുന്നേറ്റ യാത്രയുമായി സഹകരിക്കേണ്ടെന്ന് തീരുമാനിച്ച ബി.ജെ.പി പിന്നീട് സഹകരിക്കാൻ നിർബന്ധിതമായി. ഉദ്ഘാടനദിവസം വി. മുരളീധരൻ കാസർകോട്ട് എത്തിയതുപോലും മുകളിൽനിന്നുള്ള നിർദേശത്തെ തുടർന്നായിരുന്നു.
ജാതിഭേദവും മതദ്വേഷവും പ്രചരിപ്പിച്ച് ഒരുവിഭാഗത്തെ തന്നോടൊപ്പം നിർത്താനും കേരളത്തിെൻറ സാമൂഹികാന്തരീക്ഷത്തിൽ വർഗീയവിത്തുകൾ വിതക്കാനും നടേശന് വളരെ കുറച്ച് ദിവസങ്ങളെ വേണ്ടിവന്നുള്ളൂ. വിതച്ചത് കൊയ്യാനുള്ള ശ്രമങ്ങളാണ് ഇനി നടക്കാൻപോകുന്നത്. സ്വാഭാവികമായും നേരത്തെ നടേശൻ പ്രഖ്യാപിച്ചതുപോലെ അദ്ദേഹത്തിെൻറ പുതിയ പാർട്ടി ശംഖുമുഖത്ത് പിറന്നുവീഴും
ഹൂ ഈസ് അഫ്രൈഡ് ഓഫ് വെള്ളാപ്പള്ളി നടേശൻ? എന്ന ചോദ്യത്തിെൻറ പ്രസക്തി ഇവിടെയാണ്. കേരളത്തിലെ പ്രമുഖനായ ഒരു ബി.ജെ.പി നേതാവിനോട് ഈ ചോദ്യം ചോദിച്ചപ്പോൾ ഉടനെ മറുപടിവന്നു. സംശയമെന്ത്? ഞങ്ങൾതന്നെ. വി ആർ അഫ്രൈഡ് ഓഫ് വെള്ളാപ്പള്ളി നടേശൻ. ജാതിഭേദവും മതദ്വേഷവും പ്രചരിപ്പിച്ച് ഒരുവിഭാഗത്തെ തന്നോടൊപ്പം നിർത്താനും കേരളത്തിെൻറ സാമൂഹികാന്തരീക്ഷത്തിൽ വർഗീയവിത്തുകൾ വിതക്കാനും നടേശന് വളരെ കുറച്ച് ദിവസങ്ങളെ വേണ്ടിവന്നുള്ളൂ. വിതച്ചത് കൊയ്യാനുള്ള ശ്രമങ്ങളാണ് ഇനി നടക്കാൻപോകുന്നത്. സ്വാഭാവികമായും നേരത്തെ നടേശൻ പ്രഖ്യാപിച്ചതുപോലെ അദ്ദേഹത്തിെൻറ പുതിയ പാർട്ടി ശംഖുമുഖത്ത് പിറന്നുവീഴും. നടേശെൻറ ഭാഷയിൽ നായാടി മുതൽ നമ്പൂതിരിവരെയുള്ളവരുടെ പാർട്ടി. എസ്.എൻ.ഡി.പിയും എസ്.എൻ ട്രസ്റ്റുംപോലെ അതും ഒരു വെള്ളാപ്പള്ളി പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ആയിരിക്കുമെന്ന് ഉറപ്പാണ്. നടേശൻ, ഭാര്യ, മകൻ, മകൾ, മരുമകൻ, മരുമകൾ, അളിയന്മാർ തുടങ്ങി നിലവിലെ ശ്രീനാരായണ സ്ഥാപനങ്ങളുടെ ഡയറക്ടർമാർക്ക് വീതിച്ചുകൊടുത്തശേഷം വല്ല സ്ഥാനങ്ങളും അവശേഷിച്ചാൽ മറ്റുള്ളവർക്ക് കിട്ടിയേക്കാം.
നടേശൻ ഉന്നയിക്കുന്ന ഹിന്ദുത്വം കഴിഞ്ഞകാലമത്രയും തലയിലേറ്റിനടന്നത് ബി.ജെ.പിയാണ്. നടേശൻ കാണിക്കുന്ന അത്ര തീവ്രത കാണിച്ചില്ലെന്നുമാത്രം. ഒടുവിൽ, മണ്ണുംചാരി നിന്നവൻ പെണ്ണുംകൊണ്ട് പോകുമോ എന്ന ആശങ്ക സംസ്ഥാനത്തെ ഓരോ ബി.ജെ.പി നേതാവിനെയും അലട്ടുന്നുണ്ട്. ഡൽഹിയിൽ മോദിയെയും അമിത് ഷായെയും കാണാൻ ഭാര്യയെയും മകനെയും കൂട്ടിപ്പോയ നടേശൻ തിരികെ നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയത് കേരളത്തിലെ ഭാവിമുഖ്യമന്ത്രി ആയിട്ടായിരുന്നു. കല്യാൺ സിങ് യു.പിയിൽ മുഖ്യമന്ത്രി ആയതുപോലെ വെള്ളാപ്പള്ളി നടേശന് കേരളത്തിെൻറ ഭരണചക്രം തിരിക്കാൻ കഴിയുമെന്ന് ആർ.എസ്.എസ് നേതൃത്വം അദ്ദേഹത്തെ പറഞ്ഞ് വിശ്വസിപ്പിച്ചിരിക്കുകയാണ്. ഈ 78ാം വയസ്സിൽ പാർട്ടിയുണ്ടാക്കാൻ നടേശൻ ഇറങ്ങിപ്പുറപ്പെട്ടത് ഇത്തരം വലിയ പ്രതീക്ഷകളുടെ പുറത്താണ്.
വായിൽ സ്വർണക്കരണ്ടിയുമായി ജനിച്ചയാളാണ് നടേശൻമുതലാളി. കണിച്ചുകുളങ്ങരയിലെ കൊടികുത്തിയ ജന്മി വെള്ളാപ്പള്ളി കേശവൻ മുതലാളിയുടെ മകന് എല്ലാമുണ്ടായിട്ടും ഒന്നിെൻറ കുറവ്, രാഷ്ട്രീയാധികാരം. അതിെൻറസുഖം ഒന്നുവേറെതന്നെയാണ്. തെരഞ്ഞെടുപ്പുകാലത്ത് രാഷ്ട്രീയക്കാർ പിന്തുണതേടി വീട്ടുമുറ്റത്ത് വരുമ്പോൾ കിട്ടുന്ന സുഖംപോലെയല്ല അത്. നടേശന് ഇതെന്തിെൻറ കുറവാണ്, ഈ വയസ്സുകാലത്ത് പാർട്ടിയുണ്ടാക്കാൻ എന്ന് കുറ്റപ്പെടുത്തുന്നവരുണ്ട്. ഏതു മുന്നണി വന്നാലും ആര് ഭരിച്ചാലും മുതലാളി ആഗ്രഹിച്ചതൊക്കെ ഇക്കാലമത്രയും കിട്ടിയിട്ടുണ്ട്. സ്കൂൾ, കോളജ്, എൻജിനീയറിങ് കോളജ്, ദേവസ്വം ബോർഡ്, കോർപറേഷൻ എന്ന് തുടങ്ങി റോഡ്, തോട്, പാലം, പാളം കരാറുവരെ. ഇതൊക്കെയാണെങ്കിലും രാഷ്ട്രീയാധികാരം ഒന്നുവേറെതന്നെ. മുന്നിലും പിന്നിലും പൊലീസ് അകമ്പടിയിൽ സ്റ്റേറ്റ് കാറിൽ ചീറിപ്പായുന്നരംഗം നടേശെൻറ മനസ്സിനെ അലട്ടാൻ തുടങ്ങിയിട്ട് കാലമേറെയായി.
രണ്ടുകൊല്ലംമുമ്പ് വിശാല ഹിന്ദുഐക്യത്തിനുവേണ്ടി കുറെ വിയർപ്പൊഴുക്കിയതാണ് നടേശൻ. പെരുന്നയിൽ പോയി നായന്മാരുടെ പോപ്പിനെ കണ്ടു. ‘പോപ്പ്’ കണിച്ചുകുളങ്ങരയിൽപോയി നടേശനെയും കണ്ടു. ഹസ്തദാനം, ആശ്ലേഷം, ഫോട്ടോ സെഷൻ... അങ്ങനെ നായരീഴവസഖ്യം കുറച്ചുകാലം നീണ്ടു. പിന്നീടെപ്പോഴോ വഴിപിരിഞ്ഞു. അന്ന് ദഹിക്കാതെ മനസ്സിൽക്കിടന്ന ഹിന്ദുഐക്യം പതിന്മടങ്ങ് ശക്തിയിൽ പുറത്തുവന്നതാണ് ഇപ്പോൾ കേരളം കണ്ടത്. ഒന്നുറപ്പാണ്... പെരുന്നയിലെ സുകുമാരൻ നായരെപോലെ സമദൂരവുമായി ഇരുന്ന് നേരംകൊല്ലാൻ നടേശനെ കിട്ടില്ല.