ബഹുമുഖമായ വ്യക്തിത്വത്തിെൻറ ഉടമയായിരുന്നു ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ. ഉയർന്ന നിലയിൽ ബിരുദമെടുത്ത ഘട്ടത്തിൽ കോളജ് അധ്യാപകനാകാൻ അദ്ദേഹം മുതിരണമെന്ന് അധ്യാപകരും സുഹൃത്തുക്കളും ഉപദേശിച്ചിരുന്നു. ഇംഗ്ലീഷ് സാഹിത്യത്തിൽ മാത്രമല്ല, യൂറോപ്യൻ സാഹിത്യത്തിലും ഏറെ താൽപര്യം അക്കാലത്ത് അദ്ദേഹം കാണിച്ചിരുന്നു. അതിെൻറ അടിസ്ഥാനത്തിലാണ് കോളജ് അധ്യാപകനാകണമെന്ന ഉപദേശം പലരും നൽകിയത്. പക്ഷേ, പ്രഗല്ഭനായ അഭിഭാഷകൻ എന്ന നിലയിൽ പേരെടുത്തുകഴിഞ്ഞ പിതാവിനോടൊപ്പം അതേ വൃത്തിയിൽ ഏർപ്പെടണമെന്ന തീരുമാനമാണ് അദ്ദേഹം കൈക്കൊണ്ടത്. ലോ കോളജിൽ ചേരാനും ബിരുദമെടുക്കാനും സന്നദ്ധനായത് അതിെൻറ അടിസ്ഥാനത്തിലാണ്.
തന്നെപ്പോലും അതിശയിപ്പിക്കുന്ന രീതിയിലാണ് അഭിഭാഷകനെന്ന നിലയിൽ വിജയം വരിച്ചതെന്ന് വി.ആർ. കൃഷ്ണയ്യർ പലപ്പോഴും പറയുമായിരുന്നു. എങ്കിലും അതിനിടയിൽ പൊതുകാര്യ തൽപരനാകാനുള്ള പ്രേരണയും മനസ്സാക്ഷിയിൽനിന്ന് അദ്ദേഹത്തിന് ലഭിച്ചുവെന്ന് പറയാം. അതിെൻറ പിന്നിൽ നീതി നിഷേധിക്കപ്പെട്ടവരോടുള്ള അനുഭാവമാണെന്ന് ഞാൻ വിചാരിക്കുന്നു. കോടതിയിൽ പോകാൻ നിവൃത്തിയില്ലാത്ത പാവങ്ങൾക്കുവേണ്ടി അദ്ദേഹം സൗജന്യമായി വാദിച്ചു. അക്കാലത്ത് സർക്കാറിെൻറ പീഡനങ്ങൾ ഏറെ അനുഭവിക്കേണ്ടിവന്നത് കമ്യൂണിസ്റ്റുകാരാണ്. നല്ല നാളെ സ്വപ്നംകണ്ട് അവകാശങ്ങൾക്കുവേണ്ടി സംഘടിപ്പിക്കുകയും പോരാടുകയും ചെയ്യാൻ കമ്യൂണിസ്റ്റുകാർ മുതിർന്ന കാലം. അതിനെതിരെ പൊലീസിെൻറയും പ്രമാണിമാരുടെയും ആക്രമണങ്ങളും നടന്നുകൊണ്ടിരുന്നു. പലർക്കും കള്ളക്കേസുകളിൽ കുടുങ്ങേണ്ടതായി വന്നു. അവർക്കുവേണ്ടി സൗജന്യമായി വാദിക്കുക എന്നത് മനുഷ്യനെന്ന നിലയിൽ തെൻറ ചുമതലയാണെന്ന് യുവാവായ കൃഷ്ണയ്യർക്ക് തോന്നി. പലർക്കുവേണ്ടിയും വാദിച്ചിരുന്ന കൂട്ടത്തിൽ എ.കെ.ജിക്കുവേണ്ടിയും വാദിക്കേണ്ടതായി വന്നു. അപ്പോഴാണ് അദ്ദേഹം നോട്ടപ്പുള്ളിയായത്.
അധികം വൈകാതെ കരുതൽ തടങ്കൽ നിയമമനുസരിച്ച് അറസ്റ്റ് ചെയ്യപ്പെട്ടവരുടെ കൂട്ടത്തിൽ അദ്ദേഹവും അകപ്പെട്ടു. ജീവിതം ഈർജസ്വലമായി ആരംഭിച്ച ആ ഘട്ടത്തിൽ ജയിലിൽ കിടക്കുക എന്നത് ക്ലേശകരമായിരുന്നു. വരുമാനം ഇല്ലാതാവുകയെന്നത് ഒന്ന്, ജയിലിൽ മൂട്ടകടിയും കൊതുക് കടിയും അനുഭവിച്ച് നല്ല ഭക്ഷണമില്ലാതെ കഴിയുക എന്നത് മറ്റൊന്ന്. അന്ന് അനുഭവിച്ച ബുദ്ധിമുട്ടുകളെക്കുറിച്ച് അദ്ദേഹം ആവർത്തിച്ച് പറയുമായിരുന്നു. എങ്കിലും ജയിൽവാസമാണ് തന്നെ ജീവിത വീക്ഷണത്തിന് വ്യക്തമായ രൂപം നൽകിയതെന്ന് അദ്ദേഹം ഓർമിക്കുന്നു. അങ്ങനെ ഓർമിക്കുമ്പോൾ ഒരു പൊതുതത്ത്വം അദ്ദേഹം എപ്പോഴും ആവർത്തിച്ചുപോന്നു. നേട്ടങ്ങളല്ല, നഷ്ടങ്ങളാണ് മനുഷ്യനെ വിലയേറിയ ജീവിതപാഠങ്ങൾ പഠിപ്പിക്കുന്നത്.
രാഷ്ട്രീയഗോദയിൽ
തുടർന്ന് ഇടതുപക്ഷ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് ഒരു സഹയാത്രികനെന്ന നിലയിൽ അദ്ദേഹം പങ്കെടുക്കാൻ തുടങ്ങി. അങ്ങനെയാണ് ആദ്യമായി അസംബ്ലി തെരഞ്ഞെടുപ്പിൽ മത്സരിച്ചതും ജയിച്ചതും. അന്ന് മലബാർ പ്രദേശം മദ്രാസ് പ്രവിശ്യയുടെ ഭാഗമായിരുന്നു. മദ്രാസ് അസംബ്ലിയിൽ സി. രാജഗോപാലാചാരിയെപോലുള്ള പ്രഗല്ഭന്മാർ ഉള്ളകാലം. ഇടതുപക്ഷക്കാരനാണെങ്കിലും രാജഗോപാലാചാരിയെപ്പോലുള്ളവരുടെ അഭിനന്ദനത്തിന് പാത്രമാകാൻ വി.ആർ. കൃഷ്ണയ്യർക്ക് എളുപ്പം സാധിച്ചു; അദ്ദേഹം ഏവരാലും ശ്രദ്ധിക്കപ്പെട്ട ഒരു എം.എൽ.എ ആയി മാറി. അതിെൻറ തുടർച്ചയായാണ് കേരളം രൂപം പ്രാപിച്ച ഘട്ടത്തിൽ അദ്ദേഹം ഇടതുപക്ഷ പിന്തുണയോടെ കേരള അസംബ്ലിയിലേക്ക് മത്സരിച്ചതും വിജയിച്ചതും. തുടർന്ന് 1957ലെ കമ്യൂണിസ്റ്റ് മന്ത്രിസഭയിൽ അദ്ദേഹം അംഗമായി. ആഭ്യന്തരം, ജലസേചനം മുതലായ വകുപ്പുകളും അദ്ദേഹമാണ് കൈകാര്യം ചെയ്തത്. സാമാജികനെന്ന നിലയിലും ഭരണാധികാരിയെന്ന നിലയിലും വി.ആർ. കൃഷ്ണയ്യർ കിടയറ്റ പാടവമാണ് കാഴ്ചവെച്ചതെന്ന് ഇ.എം.എസ് തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.
ഭരണാധികാരിയെന്ന നിലക്കും പാവപ്പെട്ടവെൻറ പക്ഷത്താണ് അദ്ദേഹം നിലയുറപ്പിച്ചിരുന്നത്. പൊലീസ് സംഘടനയിൽ ജനക്ഷേമകരമായ വീക്ഷണം വളർത്താൻ അദ്ദേഹം പരമാവധി പരിശ്രമിച്ചു. ആ പരിശ്രമം പിന്നീട് ആരെങ്കിലും തുടർന്നുവോ? നിശ്ചയമില്ല. എന്നാൽ, അദ്ദേഹം ജയിലിൽ വരുത്തിയ പരിഷ്കാരങ്ങൾ പിന്നീട് ആരും തുടർന്നില്ലെന്ന കാര്യം ഉറപ്പാണ്. ജയിലിലെ തടവുകാർക്ക് ഇന്ന് അനുഭവപ്പെടുന്ന ആനുകൂല്യങ്ങൾ വി.ആർ. കൃഷ്ണയ്യർ എന്ന ആഭ്യന്തര മന്ത്രി ഏർപ്പെടുത്തിയതാണ്. പൊലീസ് സംഘടനയിൽ മനുഷ്യോചിതമായ പരിഷ്കാരം വരുത്തുന്നതിനെക്കുറിച്ച് അദ്ദേഹം എഴുതി തയാറാക്കി സമർപ്പിച്ച റിപ്പോർട്ട് ഇനിയും വെളിച്ചം കണ്ടിട്ടില്ല.
ഭരണാധികാരിയെന്ന നിലക്കും പാവപ്പെട്ടവെൻറ പക്ഷത്താണ് അദ്ദേഹം നിലയുറപ്പിച്ചിരുന്നത്. പൊലീസ് സംഘടനയിൽ ജനക്ഷേമകരമായ വീക്ഷണം വളർത്താൻ അദ്ദേഹം പരമാവധി പരിശ്രമിച്ചു. ആ പരിശ്രമം പിന്നീട് ആരെങ്കിലും തുടർന്നുവോ? നിശ്ചയമില്ല. എന്നാൽ, അദ്ദേഹം ജയിലിൽ വരുത്തിയ പരിഷ്കാരങ്ങൾ പിന്നീട് ആരും തുടർന്നില്ലെന്ന കാര്യം ഉറപ്പാണ്. ജയിലിലെ തടവുകാർക്ക് ഇന്ന് അനുഭവപ്പെടുന്ന ആനുകൂല്യങ്ങൾ വി.ആർ. കൃഷ്ണയ്യർ എന്ന ആഭ്യന്തര മന്ത്രി ഏർപ്പെടുത്തിയതാണ്
മന്ത്രിസഭ പിരിച്ചുവിടപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹം ഹൈകോടതി അഭിഭാഷകനായി ജീവിതം ആരംഭിച്ചത്. തൊഴിൽ രംഗത്ത് വിജയിക്കാൻ അദ്ദേഹത്തിന് ഒരു പ്രയാസവും ഉണ്ടായില്ല. കമ്യൂണിസ്റ്റുകാരനാണെന്ന് മുദ്രകുത്തിയതിനാൽ വാടക വീട് കിട്ടാതെ ബുദ്ധിമുട്ടനുഭവിക്കേണ്ടിവന്ന സന്ദർഭംപോലും അദ്ദേഹത്തിനുണ്ടായി. കോൺഗ്രസുകാരായ ചില അഭിഭാഷകരുടെ ശിപാർശ അനുസരിച്ചാണ് അദ്ദേഹത്തിന് വാടക വീട് ലഭിച്ചത്. അതിനകം വിവാഹിതനായ അദ്ദേഹം വാടക വീട്ടിൽ താമസിച്ചുകൊണ്ട് അഭിഭാഷക വൃത്തിയിൽ ഉയരങ്ങൾ കീഴ്പ്പെടുത്തിക്കൊണ്ടിരുന്നു. അക്കാലത്താണ് അദ്ദേഹത്തിന് ഹൈകോടതി ജഡ്ജിയാകാനുള്ള ക്ഷണം ലഭിച്ചത്. ഇ.എം.എസ് അടക്കം പലരും ഉപദേശിച്ചതനുസരിച്ച് വി.ആർ. കൃഷ്ണയ്യർ ഹൈകോടതി ജഡ്ജിയാവുകയും ചെയ്തു. അവിടെയും അദ്ദേഹം അതുല്യനായിരുന്നു. ഒരു വശത്ത് ന്യായാധിപൻ എന്ന നിലയിൽ പ്രകടമാക്കിയ വൈഭവം. മറുവശത്ത് ജനങ്ങളുടെ ന്യായാധിപൻ എന്ന സമീപനം. ഇത് രണ്ടും അദ്ദേഹത്തെ ശ്രദ്ധാകേന്ദ്രമാക്കി. അതിെൻറ ഫലമായി അദ്ദേഹം സുപ്രീംകോടതി ജഡ്ജിയായി ഉയർത്തപ്പെട്ടു. അവിടെയും ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ മാനുഷിക ബോധം കൈവിടാത്ത ന്യായാധിപനായിരുന്നു. അദ്ദേഹമാണ് പരാതിക്കാരുടെ കത്തുകൾ നേരിട്ട് ഫയലിൽ സ്വീകരിച്ച് നടപടികൾ കൈക്കൊള്ളുന്ന സമ്പ്രദായം ആദ്യമായി സുപ്രീംകോടതിയിൽ ആരംഭിച്ചത്. ലോകത്തിൽ ആദ്യമായി അക്കാര്യം പ്രായോഗികമാക്കിയ ജഡ്ജി അദ്ദേഹമാണെന്ന് പറയാം.
‘നിയമം മനുഷ്യനുവേണ്ടി’
പൊതുതാൽപര്യ ഹരജി എന്ന ജനോപകാരപ്രദമായ സമ്പ്രദായം ആദ്യമായി അവതരിപ്പിക്കുന്നതും ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ തന്നെ. അക്കാലത്ത് അദ്ദേഹം ആവർത്തിച്ചുകൊണ്ടിരുന്ന ഒരു ആശയം സ്മരണീയമാണ്: നിയമം മനുഷ്യന് വേണ്ടിയാണ്, മനുഷ്യൻ നിയമത്തിന് വേണ്ടിയുള്ളതല്ല. അതിനെ അടിസ്ഥാനമാക്കി ‘മനുഷ്യ സ്നേഹിയായ ജഡ്ജി’ എന്ന പ്രബന്ധം തന്നെ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്.
അടിയന്തരാവസ്ഥയുടെ ആവിർഭാവത്തിന് കാരണമായി ഭവിച്ചത് ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരുടെ ഒരു വിധിപ്രസ്താവമാണ്. അലഹബാദ് ഹൈകോടതി വിധിയെ തുടർന്ന് ഇന്ദിര ഗാന്ധി അവതരിപ്പിച്ച അപ്പീലിൽ നിരുപാധികമായ സ്റ്റേ വേണം എന്നാണ് ആവശ്യപ്പെട്ടിരുന്നത്. അത് അംഗീകരിക്കാൻ ഭരണകേന്ദ്രങ്ങളിൽ നിന്ന് പല സമ്മർദങ്ങളും അദ്ദേഹത്തിന്മേലുണ്ടായി. പക്ഷേ സോപാധികമായ സ്റ്റേ നൽകാൻ മാത്രമേ സ്വന്തം നീതിബോധം അദ്ദേഹത്തെ പ്രേരിപ്പിച്ചുള്ളൂ. തുടർന്ന് അടിയന്തരാവസ്ഥ പ്രഖ്യാപനം ഉണ്ടാവുകയും ചെയ്തു.
സുപ്രീംകോടതിയിൽ ജോലി നോക്കുന്ന ഘട്ടത്തിലാണ് സഹധർമിണിയുടെ നിര്യാണമുണ്ടായത്. അസഹ്യമായ ദു$ഖം അദ്ദേഹത്തെ താൽക്കാലികമായി തളർത്തുക തന്നെ ചെയ്തു. ഉന്മേഷം വീണ്ടെടുത്തെങ്കിലും ആ ദു$ഖത്തിൽ നിന്ന് അവസാനം വരെ അദ്ദേഹം വിമുക്തനായില്ല. അത്രമാത്രം അഗാധമായ ഹൃദയബന്ധമായിരുന്നു കൃഷ്ണയ്യരും ശാരദ കൃഷ്ണയ്യരും തമ്മിൽ. റിട്ടയർമെൻറിന് ശേഷമാണ് വി.ആർ. കൃഷ്ണയ്യരിൽ നിലീനമായിരുന്ന വിശിഷ്ട ഗുണങ്ങൾ പലതും പ്രകാശിതമാകാൻ തുടങ്ങുന്നത്. സ്വന്തമായ വരുമാനത്തിന് വേണ്ടി കമീഷനുകളിലും മറ്റും അംഗമാകാമായിരുന്നു. അതെല്ലാം വേണ്ടെന്നുവെച്ചു. എന്നിട്ട് ജനകീയ താൽപര്യങ്ങൾക്ക് വേണ്ടി വാദിക്കുന്നതിനും പ്രവർത്തിക്കുന്നതിനും അദ്ദേഹം സ്വയം സമർപ്പിച്ചു. പിന്നീട് അദ്ദേഹം ജനങ്ങളുടെ സമ്പത്തായി തീരുകയും ചെയ്തു. അദ്ദേഹത്തിെൻറ മക്കൾപോലും അദ്ദേഹത്തെ കുറിച്ച് പറയുന്നത് തങ്ങളുടെ പിതാവ് ജനങ്ങളുടെ വകയാണെന്നാണ്.
ആതുര ശുശ്രൂഷ
പലതരം ആതുര ശുശ്രൂഷ പ്രവർത്തനങ്ങളിൽ ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ നിരന്തരം ഏർപ്പെട്ടുകൊണ്ടിരുന്നു. അന്ധരും ബധിരരുമായവർക്ക് അദ്ദേഹത്തിെൻറ സഹായങ്ങൾ ലഭിച്ചുപോന്നു. മന്ദബുദ്ധികളായ കുട്ടികളെ പരിശീലിപ്പിക്കുന്ന കേന്ദ്രങ്ങൾക്ക് അദ്ദേഹത്തിെൻറ പ്രോത്സാഹനം ലഭിച്ചുകൊണ്ടിരുന്നു. കായികരംഗത്തും സാംസ്കാരിക രംഗത്തും അദ്ദേഹം ശ്രദ്ധ പതിപ്പിച്ചു. ചുരുക്കത്തിൽ അദ്ദേഹത്തിെൻറ ശ്രദ്ധ പതിയാത്ത മേഖലകൾ ഒന്നുംതന്നെയില്ലെന്ന് പറയാം. തിരക്കേറിയ ഈ ജീവിതത്തിനിടയിൽ ഗ്രന്ഥരചനയും അദ്ദേഹം നടത്തി. കൃതികൾ 70ൽ അധികം ഉണ്ടെന്നാണ് തോന്നുന്നത്. നിയമ ശാസ്ത്രത്തെകുറിച്ച് ആധികാരികമായി പ്രതിപാദിക്കുന്ന അദ്ദേഹത്തിെൻറ ഗ്രന്ഥങ്ങൾ ഇന്ത്യയിലെന്നപോലെ വിദേശത്തും വിലമതിക്കപ്പെടുന്നു. അദ്ദേഹത്തിെൻറ വിധിപ്രസ്താവങ്ങൾ വിദേശ കോടതികൾക്ക് പോലും മാർഗനിർദേശമായി തീർന്നിട്ടുണ്ട്.
അവസാനകാലത്ത് നിരാശ്രയരായ കാൻസർ രോഗികൾക്ക് ആശ്വാസം നൽകുന്ന കർമങ്ങളിലാണ് വി.ആർ. കൃഷ്ണയ്യർ ഏറെയും ശ്രദ്ധിച്ചിരുന്നത്. അതിന് വേണ്ടി കാൻസർ സർവിസ് സൊസൈറ്റി എന്ന പേരിൽ സംഘടനക്ക് രൂപം നൽകി. ദാരിദ്യ്രത്തിൽ നിപതിച്ച് വിഷമിക്കുന്ന കാൻസർ രോഗികളുടെ കണ്ണീരുകണ്ട് വി.ആർ. കൃഷ്ണയ്യർ പലപ്പോഴും കരഞ്ഞുപോകുന്നത് ഞാൻ കണ്ടിട്ടുണ്ട്.
ആർക്ക് എന്ത് ബുദ്ധിമുട്ടുണ്ടായാലും ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരെ സമീപിക്കാൻ ഒരു പ്രയാസവുമുണ്ടായിരുന്നില്ല. പരാജിതർക്കും ദു$ഖിതർക്കും വേണ്ടി അദ്ദേഹത്തിെൻറ വാതിലുകൾ എപ്പോഴും തുറന്ന് കിടന്നു. നീതി നിഷേധിക്കപ്പെട്ടവർക്ക് വേണ്ടി വാദിക്കാൻ അദ്ദേഹത്തിെൻറ ശബ്ദം എപ്പോഴും ഉയർന്നിരുന്നു. രാഷ്ട്രത്തിെൻറ ആധാരശിലയായ മതേതരത്വത്തിനും സോഷ്യലിസത്തിനും വേണ്ടി അവസാന ശ്വാസംവരെ അദ്ദേഹം വീറോടെ പ്രസംഗിച്ചിരുന്നു.
സാഹിത്യത്തിലും വി.ആർ. കൃഷ്ണയ്യർ തൽപരനായിരുന്നു. എത്രയെത്ര കാവ്യങ്ങളെ കുറിച്ചാണ്, സംഭാഷണ മധ്യേ അദ്ദേഹം പരാമർശിച്ചിട്ടുള്ളതെന്നോർക്കുമ്പോൾ എനിക്ക് അദ്ഭുതം തോന്നുന്നു. ആ കാവ്യ സംസ്കാരമാണ് അദ്ദേഹത്തിെൻറ വിധിപ്രസ്താവങ്ങളെ ചിന്താ ബന്ധുരങ്ങളാക്കി തീർത്തത്. വധശിക്ഷക്കെതിരായി ദൃഢമായ നിലപാട് എടുക്കുന്നതിൽ വി.ആർ. കൃഷ്ണയ്യർ സ്ഥിരമായ ദാർഢ്യമാണ് പുലർത്തിപ്പോന്നത്. അടുത്തിടപഴകുന്നവരുമായി വികാരം തുടിക്കുന്ന ഹൃദയബന്ധമാണ് അദ്ദേഹം സ്ഥാപിച്ചിരുന്നത്. ഞങ്ങളെപ്പോലെ ചുരുക്കം പേർ അതിെൻറ മാധുര്യം നിർലോഭം അനുഭവിച്ചിട്ടുണ്ട്. ജസ്റ്റിസ് രാമകൃഷ്ണനും ഡോ. സി.കെ. രാമചന്ദ്രനും ഞാനും കുറെ വർഷങ്ങളായി അദ്ദേഹത്തിെൻറ ജന്മദിനത്തിൽ പ്രാതൽ കഴിച്ചിരുന്നത് അദ്ദേഹത്തോടൊപ്പമാണ്. ഞങ്ങൾക്കുവേണ്ടി അദ്ദേഹം കാത്തിരിക്കുമായിരുന്നു.
അവസാനത്തെ ജന്മദിനത്തിൽ ഞങ്ങൾ ചെല്ലണമെന്ന് നിർബന്ധപൂർവം ആവശ്യപ്പെട്ടു. ആൾത്തിരക്കൊഴിയുമ്പോൾ വന്നാൽ പോരെ എന്ന് ഞാൻ ചോദിച്ചപ്പോൾ എന്നാൽ, താൻ പ്രാതൽ കഴിക്കാതിരിക്കാം എന്ന മറുപടിയാണുണ്ടായത്. ഉടനെ തന്നെ ഞാൻ ‘സദ്ഗമയ’ യിൽ ഓടിയെത്തുകയും ചെയ്തു. ഇതാ, ഡിസംബർ നാല് വീണ്ടും വന്നുചേർന്നിരിക്കുന്നു. കഴിഞ്ഞ കുറെ വർഷങ്ങളായി എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ ഞങ്ങൾ വി.ആർ. കൃഷ്ണയ്യരോടൊപ്പം വൈകുന്നേരങ്ങളിൽ നടക്കുന്ന ശീലം പതിവുണ്ടായിരുന്നു. ഇന്ന് അവിടെ എത്തുമ്പോൾ ആ വലിയ മനുഷ്യെൻറ അഭാവം ഞങ്ങളെ ശോകാധീനരാക്കുന്നു.